(PART ‎23) ‏ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ ‎

 

   ഹബീബിനെ ﷺ
          💖പ്രണയിച്ചവൾ💖
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰


           ⛔Part-23⛔

'മോനെ നല്ലൊരാലോചന വന്ന്ക്ക്ണ്, തറവാട്ടാരാണേലോ...ഓളാണേല്‍ കാണാന്‍ മൊഞ്ച്‌നൊട്ടും കൊറവുല്യ... അന്റെ പോലെന്നെ ഡോക്ടറാവാന്‍ പഠിക്കാണ്..ഞമ്മക്ക് ഇതങ്ങട്ട് ഒറപ്പിച്ചാലോ' 

ഫാത്തിഹ് ഹോസ്പിറ്റലിലേക്ക് ഇറങ്ങാന്‍ വേണ്ടി ഷൂ ന്റെ ലൈസ് കെട്ടുമ്പോള്‍ സഫിയാത്ത തന്റെ പതിവ് പല്ലവി തെറ്റിച്ചില്ല. ഇന്നവന് നൈറ്റ് ശിഫ്റ്റാണ്. ഫാത്തിഹിന് രാത്രി കഴിക്കാനുള്ള ഭക്ഷണം ടിഫിനിലാക്കി പിടിച്ചുള്ള സഫിയാത്താന്റെ ആ പറച്ചില് ഒന്ന് കാണേണ്ട കാഴ്ച തന്നെയാണ്. 

'ന്റുമ്മാ...ഞാനിങ്ങളോട് എത്ര തവണ പറഞ്ഞിക്ക്ണ് എന്റെ ഈ ഇന്റേണ്‍ഷിപ്പൊക്കെ ഒന്ന് കഴിഞ്ഞ് ഞാനൊന്ന് സെറ്റിലായിട്ട് മതി എനിക്കുള്ള കല്യാണാലോചനൊക്കെന്ന്' 
ഫാത്തിഹ് കിന്നാരം പറഞ്ഞ് പതുക്കെ ഉമ്മാന്റെ കവിളില്‍ നുള്ളി.

'അന്റെ ഈ കുണ്ടാമണ്ടി ഒക്കെപ്പാടെ കഴിയുമ്പോത്തിനും ഇനിക്കിന്റെ മരോളെ കാണാന്‍ പറ്റ്വാന്നാവോ...!?'

സഫിയാത്തയുടെ മുഖത്ത് പിണക്കത്തിന്റെ പരിഭവം നിറഞ്ഞു.

'അയ്‌നിന്റെ സഫിയക്കുട്ടി എവ്ട്ക്ക് പോവാണ്...പെട്ടിം കെടക്കിം എട്ത്ത് മക്കത്ത്ക്ക് പോവാണോ...'

ഫാത്തിഹ് ഉമ്മാനെ അണച്ച് പിടിച്ച് ചോദിച്ചു. സ്‌നേഹം കൂടുമ്പോൾ അവൻ ഉമ്മാന്റെ പേര് കൂട്ടിവിളിക്കും. ഉപ്പച്ചി ഉമ്മാനെ സ്‌നേഹത്തോടെ അങ്ങനെ വിളിക്ക്ണത് കേട്ടിട്ടാണവനത് പഠിച്ചത്.

'ജ്ജ്‌ന്നെ കളിയാക്കാതെ അന്റെ ഈ മണ്ടിപ്പാച്ചിലൊക്കൊന്ന് വേഗം തീര്‍ക്കാന്‍ നോക്ക്'

സഫിയാത്ത വീണ്ടും തന്റെ ആവശ്യത്തിലേക്ക് തന്നെ മടങ്ങി വന്നു.

'ഇന്‍ ഷാ അല്ലാഹ്....പിന്നേ, ഇനിക്ക് ഒരുപാട് സ്വത്തും പണ്ടും ഉള്ള കുട്ടിനൊന്നും മാണ്ടട്ടോ. നല്ല ദീനും അടുക്കും ഒതുക്കും ഒക്കെ ഉള്ള...ന്റെ സഫിയകുട്ടിനെ നന്നായി നോക്ക്ണ ഒരു സുന്ദരി കുട്ടിനെ മതി'

ഫാത്തിഹിന്റെ ആ സംസാരത്തില്‍ സഫിയാത്ത വീണു.

'ഉം...ഞ്ഞിപ്പം അങ്ങനെ ഒരുകുട്ടിനെ പ്പം ഞാനെവിടെപോയി തപ്പിപിടിക്കാനാ പടച്ചോനേ....'

ഫാത്തിഹ് ഉമ്മാന്റെ മൂര്‍ദ്ധാവില്‍ ഉമ്മവെച്ചിറങ്ങുന്നതിനിടയില്‍ സഫിയാത്ത പിറുപിറുത്തു.

 ഉമ്മയോട് ഇപ്പോൾ വിവാഹം വേണ്ടായെന്ന് പറയുന്നുണ്ടെങ്കിലും കൂട്ടിനൊരാള് വേണമെന്നൊക്കെ ഇടക്ക് തോന്നാറുണ്ട്. സിഗ്നലില്‍ വാഹനം നിർത്തിയപ്പോള്‍ അവന്റെ മനസ്സിലേക്ക് ഉമ്മാന്റെ വിവാഹാന്വേഷണ ചോദ്യങ്ങളോരോന്ന് കടന്നു വന്നു. അവന്റെ മുഖത്തൊരു ശൃംഖാര ഭാവം നിറഞ്ഞു തുളുമ്പി. 

അവിടെയിരുന്നവന്‍ തന്റെ ഭാവിയെ ചിത്രീകരിക്കാന്‍ ശ്രമിച്ചു.

തന്റെ ഭാര്യയെങ്ങനെയുള്ളവളാവണമെന്നും അവന്‍ കിനാകാണാറുണ്ട്. സത്യം പറഞ്ഞാല്‍ കിനാകണ്ടതല്ല. പ്ലസ്ടു മുതലേ തന്റെ ഭാര്യയുടെ സ്വഭാവ ഗുണത്തെ കുറിച്ചുള്ള ഏകദേശ രൂപമൊക്കെ അവന്‍ മനക്കോട്ട കെട്ടിവെച്ചിട്ടുണ്ട്. അതിന് കാരണമുണ്ട്. പത്താംക്ലസ് കഴിഞ്ഞപ്പോള്‍ ഉപ്പച്ചി ഫാറൂഖുസ്താദിന്റെ ദര്‍സില്‍ കൊണ്ട് ചേര്‍ത്തതാണ്. പഠനത്തിലുള്ള മികവും താല്‍പര്യവും കണ്ടത് കൊണ്ടാവാം ഹയര്‍സ്റ്റഡിക്ക് ഉസ്താദ് സയന്‍സ് ഓപ്റ്റ് ചെയ്യാന്‍ പറഞ്ഞു. അങ്ങനെയാണ് പ്ലസ്ടുവിന് ശേഷം ദര്‍സ് നിർത്തി മുഴുസമയ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായത്. 

അന്നൊക്കെ ഉസ്താദ് എന്നും വൈകീട്ട് നബി ﷺ തങ്ങളുടെ സീറ പറയും . അവിടുത്തെ ﷺ ജീവിതവും സ്വഭാവവും ചര്യയും എല്ലാമുണ്ടാവുമതിൽ . ആവശ്യമുള്ളവര്‍ പങ്കെടുത്താല്‍ മതി. ഉസ്താദിന്റെ മറ്റേത് സബ്ഖിന് പങ്കെടുത്തില്ലെങ്കിലും ഫാത്തിഹ് അതില്‍ പങ്കെടുക്കും. പൂര്‍ണ്ണ തത്പരനായി ഇരിക്കുകയും ചെയ്യും. കാരണം മറ്റു സബ്ഖുകളില്‍ കാണുന്ന പോലുള്ള ഗൗരവകാരനായിരുന്നില്ല ഉസ്താദ് അവിടെ.

 റസൂലുള്ളാഹിﷺയെ പറ്റി പറയുമ്പോഴൊക്കെ ഉസ്താദ് ശാന്തമായിട്ട് നിറഞ്ഞൊഴുകുന്ന ഒരു സമുദ്രമാണെന്ന് ഫാത്തിഹിന് തോന്നിയിട്ടുണ്ട്. 

അങ്ങനെയൊരു സബ്ഖിൽ ഉസ്താദ് പറഞ്ഞത് മഹതി ഖദീജാ ബീവി(റ) യെ കുറിച്ചായിരുന്നു. അവരുടെ പ്രൗഢിയും പത്രാസും പറഞ്ഞു കേട്ടപ്പോള്‍ ഫാത്തിഹിന് അത്ഭുതം തോന്നി. അവരെയവൻ മനസ്സില്‍ സങ്കൽപിക്കാൻ ശ്രമിച്ചു. 

ഉസ്താദ് പറഞ്ഞതിന്റെ ചുരുക്കം ഫാത്തിഹ് കാറിലിരുന്നോർത്തു:

മക്കയിലന്ന് മഹതിയെ പോലെ പണക്കാരിയും കുലമഹിമയുമുള്ള മറ്റൊരു സ്ത്രീയുമുണ്ടായിരുന്നില്ല.  അതുകൊണ്ട് തന്നെ അന്ന് മക്കയിലുണ്ടായിരുന്ന പൗരപ്രമുഖരെല്ലാം മഹതിയെ വിവാഹം കഴിച്ചാല്‍ കൊള്ളാമന്ന് ആഗ്രഹമുള്ളവരായിരുന്നു. പക്ഷെ, പണവും പത്രാസും കാണിച്ച് മഹതിയെ മയക്കാന്‍ അന്നാട്ടിലാര്‍ക്കും സാധിച്ചില്ല. അവരോടെല്ലാം മഹതി പറഞ്ഞു ഞാനിനി ഒരു വൈവാഹിക ജീവിതത്തെ കുറിച്ച് ആലോചിക്കുന്നില്ല. എന്റെ മക്കളെ നോക്കിയും ബിസിനസെല്ലാം ഒന്ന് മെച്ചപ്പെടുത്തിയും ജീവിക്കണമെന്നാണാഗ്രഹം.

മഹതി മുമ്പ് രണ്ടു തവണ വിവാഹം ചെയ്തിരുന്നു. അതില്‍ മക്കളുമുണ്ട്. പക്ഷെ, ആ സമയത്ത് അവർ ഭര്‍തൃമതിയായിരുന്നില്ല. അങ്ങനെയിരിക്കെയാണ് മഹതി ഹബീബിﷺനെ കുറിച്ച് കേള്‍ക്കുന്നതും,തന്റെ കച്ചവടസംഘത്തോടൊപ്പം ഹബീബിﷺനെ അയക്കുന്നതും.തുടര്‍ന്ന് ഹബീബിﷺയില്‍ പല പ്രത്യേകതകളും കണ്ട മഹതി അവിടുത്തോടൊപ്പം ഒരു ദാമ്പത്യത്തെ ആഗ്രഹിക്കുകയും തന്റെ ഇംഗിതം ഹബീബ് ﷺയെ അറിയിക്കുകയും ചെയ്തു.അങ്ങനെയാണ് ഒന്നുമില്ലാത്ത അനാഥനായി
വളര്‍ന്ന ഹബീബിനെ ﷺ തന്റെ പ്രിയതമനായി കൂടെ കൂട്ടാന്‍ അവർ തീരുമാനിക്കുന്നത്. 

ഹബീബിനെ ﷺ വിവാഹം കഴിക്കലോട് കൂടെ എന്റെതെല്ലാം നിങ്ങളുടേതാണെന്ന് പറഞ്ഞ് തന്റെ കണ്‍കണ്ട സ്വത്തുക്കളെല്ലാം മഹതി ഹബീബിന് ﷺ തീറെഴുതി കൊടുത്തു. ഒരു ദിവസം കൊണ്ടാണ് അനഥാനയിരുന്ന ഹബീബിﷺയെ മഹതി മക്കയിലെ ഏറ്റവും സമ്പന്നനായ പൗരപ്രമാണിയായി മാറ്റിയത് . 

അതുവരെ ഹബീബിﷺനെ ദരിദ്രനെന്ന് വിളിച്ച് നടന്നവരോട് 'ദേ, ഇപ്പോള്‍ പറയൂ എന്റെ ഭര്‍ത്താവ് ദരിദ്രനാണോന്ന്....' ചോദിച്ച് മുഖമടച്ച് മറുപടി നല്‍കി അവർ.

 പിന്നെ ഹബീബിന്റെ ﷺ കൂടെ എല്ലായിടത്തും മഹതിയായിരുന്നു. ഊണിലും ഉറക്കിലും അവര് ഹബീബിന് ﷺ കൂട്ടിരുന്നിട്ടുണ്ട്. ഹിറാഗുഹയില്‍ ഹബീബ്ﷺ ഏകാന്തവാസമിരിക്കുമ്പോള്‍ ഹബീബിﷺയെ ശ്രുശ്രൂഷിക്കാനായി പലതവണ മഹതി ജബലുന്നൂര്‍ കയറിയിറങ്ങിയിട്ടുണ്ട്. 

'ജബലുന്നൂര്‍ എന്ന് പറയുമ്പോള്‍ നിന്റെ വീടിന്റെ പിറകുവശത്തുള്ള മലയാണെന്ന് കരുതരുത് ഫാത്തിഹ്....'
ഉസ്താദിന്റെ കഥയില്‍  ലയിച്ചിരിക്കുന്ന എന്നെ വിളിച്ച് ചിരിച്ചു കൊണ്ട് ഉസ്താദ് പറഞ്ഞപ്പോള്‍ ഒന്നു ഞെട്ടി. ശേഷം ഉസ്താദ് തുടര്‍ന്നു :

 'ഹജ്ജിന് പോയവരോട് ഇന്നും ചോദിച്ചാലറിയാം....ജബലുന്നൂറ് കയറാനുള്ള പ്രയാസം. മണിക്കൂറുകളോളം കല്ലും മുള്ളും താണ്ടിവേണം അവിടെയെത്തന്‍. ഇന്നും മലകയറുമ്പോൾ അതികായന്മാരായ ആളുകള്‍ വരെ പലയിടത്തും ഇരുന്ന് വിശ്രമിച്ചിട്ടാണത് പൂർത്തിയാക്കാറ്. പുതുതായി ഹിറ ഗുഹയിലേക്കുള്ള യാത്ര അപകടം നിറഞ്ഞതാണെന്ന ഉമ്മുൽ ഖുറാ സര്‍വകലാശാലയിലെ ഹജ്ജ് ഉംറ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തലിനെത്തുടര്‍ന്നു കേബിള്‍ കാര്‍സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 

ഉസ്താദിന്റെ ക്ലാസിന്റെ പ്രത്യേകതകളിലൊന്നാണിത്. പുതിയ കാര്യങ്ങളും കൂടി ഉള്‍ചേര്‍ന്നിരിക്കും. ആനുകാലികങ്ങളും ദിനപത്രങ്ങളും അരിച്ചുപെറുക്കി വായിക്കും ഉസ്താദ്. അതുകൊണ്ട് തന്നെ ലോകവിവരത്തില്‍ ഉസ്താദിനെ വെല്ലാന്‍ അന്നാട്ടില്‍ ഞാന്‍ മറ്റാരെയും കണ്ടിരുന്നില്ല. 

ഫാത്തിഹ് ഖദീജാ ബീവി(റ) യിലേക്ക് തന്നെ തിരിച്ചു വന്നു.

'അഥവാ , തന്റെ അമ്പത്തിയഞ്ചാം വയസ്സില്‍ ഹബീബിﷺന് നുബൂവത്ത് ലഭിക്കുമ്പോഴാണ് മഹതി ആ കണ്ട മലയെല്ലാം ഒരു ദിവസം തന്നെ പലതവണ കയറിയിറങ്ങിയത്. അന്നൊന്നും അവര് ഒരു പരാതിയും പറഞ്ഞില്ല. അവിടുത്തെ ﷺസന്തോഷവും സങ്കടവും സുഖവും ദുഖവും തുടങ്ങി എല്ലാം വികാരങ്ങളും പങ്കുവെച്ചത് മഹതിയോടായിരുന്നു. 

ഖദീജ ബീവി(റ) യടുത്തുണ്ടെങ്കില്‍ ഹബീബ് ﷺക്കുണ്ടായിരുന്ന സന്തോഷമെത്രയായിരുന്നുവെന്നറിയണമെങ്കില്‍ മഹതി മരണപ്പെട്ടതിന് ശേഷം ഹബീബ് ﷺ അവരെ സ്മരിച്ച സംഭവങ്ങള്‍ മാത്രമെടുത്താല്‍ മതിയാവും. 
ഖദീജാ ബീവി(റ) യോടൊപ്പമുള്ള കാലമാണ് അവിടുത്തെﷺ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം. ഈ സമയത്ത് അവിടുന്ന് ﷺ വേറെ വിവാഹം കഴിച്ചിട്ടില്ല. അതിനെക്കാള്‍ പറയാന്‍ നല്ലത് മഹതിയുള്ളപ്പോള്‍ ഹബീബിﷺന് മറ്റൊരു സ്ത്രീയെ കുറിച്ച് ചിന്തിക്കാന്‍ പോലും തോന്നിയിരുന്നില്ലാന്നാണ്.

 പിന്നീട് ഹബീബിﷺയുടെ ജീവിതത്തിലേക്ക് പല മഹതിമാരും കടന്നുവന്നിട്ടുണ്ടെങ്കിലും അവിടുന്ന്ﷺ ഖദീജാബീവി(റ) യെ പോലെയാവരെയാരെയും സ്മരിച്ചിട്ടില്ല . ഹബീബ് ﷺ മഹതിയുടെ സൂഹൃത്തുക്കളെ സന്ദര്‍ശിക്കുകയും അവരെ സല്‍ക്കരിക്കുകയും ചെയ്യുമായിരുന്നു.! 

ആഇശാ ബീവി(റ) യുമായി ബന്ധപ്പെട്ട് ഹബീബ് ﷺക്കുണ്ടായ വളരെ രസകരമായ ഒരു സൗന്ദര്യ പിണക്കമുണ്ട്. എന്താന്നറിയോ നിങ്ങൾക്ക് ....!? 

ഉസ്താദ് ഞങ്ങളോട് കൗതുകത്തോടെ ചോദിച്ചു. ഉസ്താദിന്റെ കഥയില്‍ ലയിച്ചിരിക്കുകയായിരുന്ന ഞങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. 
"ഇല്ല." 

" ഹാ... ന്നാ കേട്ടോളൂ... നബിﷺതങ്ങള്‍ ഒരിക്കല്‍ അഇശാ ബീവിയുടെ മുമ്പില്‍ വെച്ച് ഖദീജാ ബീവിയുടെ മദ്ഹ് പറഞ്ഞു. അഇശാ ബീവിക്ക് അതത്രയങ്ങ് രസിച്ചില്ല. എല്ലാ സ്ത്രീകളുടെയും സഹജമായ സ്വഭാവം ആഇശ ബീവിയും കാണിച്ചു. മഹതി ഹബീബിﷺനോട് പറഞ്ഞു:

" നിങ്ങളുടെ സംസാരം കേട്ടാല്‍ ലോകത്ത് വേറെ പെണ്ണുങ്ങളൊന്നും ഇല്ലാന്ന് തോന്നുമല്ലോ...ഖദീജ വെറുമൊരു വൃദ്ധയായ സ്ത്രീയായിരുന്നില്ലേ...!? അവരെക്കാള്‍ നല്ല ഭാര്യമാരെ അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടില്ലേ...പിന്നെയും എന്തിന് നിങ്ങള് അവരെയിങ്ങനെ6 പറഞ്ഞോണ്ടിരിക്കണം...!? '

എന്നാല്‍ ആഇശാ ബീവി അങ്ങനൊയൊക്കെ ദേഷ്യപ്പെട്ട് ചോദിച്ചിട്ടും ഹബീബ്ﷺ വീണ്ടും അതിന് മറുപടിയായി പറഞ്ഞതും ഖദീജ ബീവിയുടെ മദ്ഹ് തന്നെയായിരുന്നു. അവിടുന്ന് ﷺ പറഞ്ഞു:

"മോളേ...ആഇശാ...ഖദീജയെക്കാള്‍ നല്ലൊരു ഭാര്യയെ എനിക്ക് കിട്ടിയിട്ടില്ലായെന്നത് സത്യമാണ് . കാരണം എല്ലാവരും എന്നെ നിഷേധിച്ചപ്പോള്‍ ഓര് ന്റെ കൂടെ വിശ്വസിച്ചു കൊണ്ട് ഒപ്പമുണ്ടായിരുന്നു. എല്ലാവരും എന്നെ ആട്ടിയോടിക്കുകയും തള്ളിയകറ്റുകയും ചെയ്തപ്പോള്‍ അവരെന്നെ ചേര്‍ത്തുപിടിച്ചിരുന്നു. ഒന്നുമില്ലാതിരുന്ന ഈ മുഹമ്മദിന് അകമഴിഞ്ഞ് സര്‍വ്വതും നല്‍കി സഹായിച്ചതവരായിരുന്നു. അവരില്‍ നിന്നാണ് അല്ലാഹു എനിക്കെന്റെ പ്രിയപ്പെട്ട സന്താനങ്ങളെ നല്‍കിയത്." 
പിന്നെ, ഞാനെങ്ങനെയവരെ സ്മരിക്കാതിരിക്കും എന്നാണ് ഹബീബ്ﷺ ആ പറഞ്ഞതിന്റെ ഉദ്ദേശ്യം ഉസ്താദ് കൂട്ടിച്ചേര്‍ത്തു.
അവസാനം മരണത്തിന് മുമ്പ് ശിഅ്ബ് അബീ ത്വാലിബിലും മഹതി ഹബീബ് ﷺയോപ്പം പട്ടിണി കിടന്നിട്ടുണ്ട്. മഹതി മരിച്ചവര്‍ഷമാണ് ശിഅ്ബ് അബീത്വാലിബിലെ ഭ്രഷ്ടില്‍ നിന്ന് ഹബീബും പ്രിയപ്പെട്ടവരും മോചിതരാവുന്നത്.'
ഇത്രയും പറഞ്ഞു നിറുത്തിയതിന് ശേഷം ഉസ്താദ് പറഞ്ഞു:

 "ഇനിമുതല്‍ നിങ്ങള് ദുആര്‍ക്കുമ്പോ ഖദീജാ ബീവിനെ പോലെ പക്വതയും കുലമഹിമയുമുള്ളപെണ്ണിനെ കിട്ടാന്‍ പടച്ചോനോട് പ്രത്യേകം പറയണംട്ടൊ'
ഫാത്തിഹിന്റെ മനസ്സിലന്നുമുതല്‍ കുടിയിരുത്തപ്പെട്ട സ്വരൂപമാണ് ഖദീജ ബീവിയുടേത്.

പിറകില്‍ നിന്ന് വാഹനങ്ങളുടെ നിർത്താതെയുള്ള ഹോണടികേട്ടപ്പോഴാണ് ഫാറൂഖുസ്താദിന്റെ സബ്ഖില്‍ നിന്ന് ഫാതിഹ് വീണ്ടും ഡ്രൈവിങ് സീറ്റിലേക്ക് വന്നത്. വണ്ടിവേഗം ഹോസ്പിറ്റലിലേക്ക് വിട്ടു. 
Y
***

ഇന്ന് രാത്രി പൊതുവെ ശാന്തമാണെന്ന് അവന് തോന്നി. അല്ലെങ്കിലും ഹോസ്പിറ്റലില്‍ ഡേ ശിഫ്റ്റിനെക്കാളും അവന് സന്തോഷം തോന്നാറ് നൈറ്റ് ശിഫ്റ്റിലാണ്.

കുറച്ച് ഉറക്കഴിക്കണമെങ്കിലും അത്യാഹിത രോഗങ്ങളൊന്നുമില്ലെങ്കില്‍ വല്ല പേഷ്യന്റ്‌സിന്റെയും അടുത്ത് പോയിരുന്ന് അവരുടെ സങ്കടങ്ങള്‍ കേള്‍ക്കും.. അതവന് ഒരുപാട് നല്ല അനുഭവങ്ങൾ നൽകുമായിരുന്നു. കൂടാതെ അവര്‍ക്ക് കേള്‍ക്കാനൊരാളുണ്ടാവുകയെന്നത് എന്ത് സന്തോഷമാണെന്നോ...! പകലിന് പക്ഷെ, സംസാരിക്കാനിത്ര ഭംഗി പോരാ.

അന്ന് പേഷ്യന്‍സിന്റെ ഫസ്റ്റ് വിസിറ്റ് കഴിഞ്ഞതിന് ശേഷം അവന്‍ ഇശാ നിസ്‌കരിക്കാനും മറ്റും നിസ്‌കാര റൂമിലേക്ക് പോയതാണ്. സാധാരണ ഒഴിവു സമയം കിട്ടിയാല്‍ അവിടെയാണിരിക്കാറ്. പകലില്‍ ഇതുപോലെ ഒഴിഞ്ഞ് കിട്ടാറില്ലായെന്നുള്ളതും രാത്രിയുടെ ഒരു പ്രത്യേകതയാണ്. ഭക്ഷണവും നിസ്‌കാരവുമെല്ലാം കഴിഞ്ഞപ്പോള്‍ അവന്‍ വീണ്ടും അവിടെയിരുന്ന് തന്റെ ഭാവി വധുവിനെ കുറിച്ച് സങ്കല്‍പ്പിക്കന്‍ തുടങ്ങി. സമയം ഏകദേശം പന്ത്രണ്ടായിട്ടുണ്ട്. 

പെട്ടെന്നാണ് പുറത്ത് ആള്‍പെരുമാറ്റം കേട്ടത്. ' വേഗം ആ സ്ട്രച്ചറെടുക്കൂ...., ഒരാള്‍ ഡോക്ടറെ വിരവരമറിയിക്കൂ....'
നേഴ്‌സുമാര്‍ ഒരുജീവന്‍ രക്ഷിക്കാനുള്ള പരക്കം പാച്ചിലിലാണ്. ആരോവന്ന് നിസ്‌കാര ഹാളിന്റെ വാതിലില്‍ മുട്ടികൊണ്ടു പറഞ്ഞു.

'സര്‍,ഒരു പേഷ്യന്റ് വന്നിട്ടുണ്ട്. കുറച്ച് ക്രിട്ടിക്കലാണ്. ഡോക്ടര്‍ നിങ്ങളോട് പെട്ടെന്ന് അങ്ങോട്ട് വരാന്‍ പറഞ്ഞു'

ഫാത്തിഹ് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. അത്യാഹിതവിഭാഗത്തിന് നേരെ ഓടി. അവിടെ ഡോക്ടര്‍ രോഗിയെ പരിശോധിക്കുകയാണ്. അവൻ രോഗിയെ നോക്കി. ഒരു സ്ത്രീയാണ്...ചെറുപ്പക്കാരിയാണ്. മുഖം ശരിക്ക് കണ്ടില്ല. "റബ്ബേ... ജീവിച്ച് തുടങ്ങിയിട്ടേയുള്ളൂ... നീ തിരിച്ചു വിളിക്കല്ലേ.." അവൻ മനസ്സില്‍ ആ രോഗിക്കുവേണ്ടി പ്രാർത്ഥിച്ചു. അപ്പോഴേക്കും ഡോക്ടര്‍ തന്റെ പ്രഥമ പരിശോധനക്ക് ശേഷം തിരിഞ്ഞു കൊണ്ട് പറഞ്ഞു:

' ഐ തിങ്ക് ശീ ഹാസ് ഇന്റേണല്‍ ബ്ലീഡിങ്...അതുകൊണ്ട് തന്നെ ബ്ലഡ് ഉള്ളില്‍ ക്ലോട്ട് ആവാന്‍ സാധ്യതയുണ്ട്. പെട്ടെന്ന് തന്നെ ഇവരുടെ പാരന്റ്‌സുമായി സംസാരിച്ചതിന് ശേഷം എൻഡോസ്കോപ്പി ചെയ്യണം. ചിലപ്പോള്‍ സര്‍ജറി തന്നെ വേണ്ടി വരും. ഇവരുടെ ബ്ലഡ് ഗ്രൂപ് ഏതാണെന്ന് ചെക്ക് ചെയ്യൂ...മേബി വീ വാണ്ട് ബ്ലഡ് ടൂ..'

ഡോക്ടര്‍ അവിടെ കൂടിയിരിക്കുന്ന നേഴ്‌സുമാരോടും അവനടങ്ങുന്ന ഇന്റേൺസിനോടും അങ്ങനെ പറഞ്ഞ് പേഷ്യന്റിന്‍റെ പാരന്‍സിനെ കാണാനായി പുറത്തേക്ക് പോയി. 

ഒരു നേഴ്‌സ് പെട്ടെന്ന് തന്നെ അവളുടെ ബ്ലഡ് ടെസ്റ്റു നടത്തി. 

'ഇത് എബി നെഗറ്റീവാണ്....നമ്മുടെ ബ്ലഡ് ബാങ്കിലില്ലാത്തതാണ്....ഇതീv പാതിരാത്രിയിനി എവിടെന്ന് കിട്ടാനാണ്'

'ഡോണ്ട് വറി എബൗട്ടിറ്റ് മൈ ബ്ലഡ് ഗ്രൂപ്പ് ഈസ് എബി നെഗറ്റീവ്, ഞാന്‍ ഡോണേറ്റ് ചെയ്യാം...'

നേഴ്‌സിന്റെ സംസാരം കേട്ടയുടെനെ ഫാത്തിഹ് പറഞ്ഞു. എന്തുകൊണ്ടാണ് താനിത്രപെട്ടെന്ന് എടുത്തു ചാടിയങ്ങനെ പറഞ്ഞതെന്ന് ഫാത്തിഹിന് തന്നെ അത്ഭുതം തോന്നി. കാരണം ജീവിതത്തിലിതിന് മുമ്പ് അവൻ ബ്ലഡ് ഡൊണേറ്റ് ചെയ്തിട്ടില്ല. 

 ഡോക്ടര്‍ പേഷ്യന്റിന്റെ പാരന്‍സിനെ കണ്ടു തിരിച്ചു വന്നു. ഡോക്ടറോടൊപ്പം ചീഫ് നേഴ്‌സുമുണ്ടായിരുന്നു. അവര് രോഗിയുടെ ഡീറ്റേയില്‍സും രോഗത്തെ കുറിച്ച് അതുവരെ ലഭ്യമായ വിവരങ്ങളും ഡോക്ടര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ എഴുതി വെച്ചിരുന്നു.

'പ്ലീസ് എക്‌സപ്ലൈന്‍ ടു ആള്‍'

ഡോക്ടര്‍ അവരോട് എല്ലാവര്‍ക്കും രോഗിയേയും രോഗത്തേയും കുറിച്ച് വിവരിക്കാന്‍ പറഞ്ഞു കൊണ്ട് സര്‍ജറിക്കാവശ്യമായ തയ്യാറെടുപ്പുകള്‍ക്ക് വേണ്ടി പോയി. ചീഫ് നേഴ്സ് തന്റെ ലിസ്റ്റില്‍ നോക്കി രോഗിയുടെ പേര് വായിച്ചു. തുടര്‍ന്ന് :

' രോഗിക്ക് പതിനെട്ടു വയസ്സ് പ്രായമുണ്ട് . ബ്ലഡ് ഗ്രൂപ്പ് എബി നെഗറ്റീവാണ്. പ്രഥമ നോട്ടത്തില്‍ ക്രോണ്‍സ് ഡിസീസാണ്. അതുകൊണ്ടു തന്നെ ഇന്റേണൽ ബ്ലീഡിങ് ഉണ്ടായേക്കാം. കൃത്യമായി രോഗം ഐഡന്റിഫൈ ചെയ്യണമെങ്കിൽ എൻഡോസ് കോപി ചെയ്യേണ്ടതായി വരും.

എബി നെഗറ്റീവ് നമ്മുടെ ബ്ലഡ് ബാങ്കിലില്ലാത്തതിനാൽ തന്നെ ബ്ലഡ് വേണ്ടി വരും. ഫാത്തിഹ് ഡോക്ടർ റെഡിയാണെന്നല്ലേ പറഞ്ഞത്...? 
അവര് എക്സ്പ്ലൈൻ ചെയ്യുന്നതിനിടക്ക് ഫാത്തിഹിനോട് ചോദിച്ചു. 

"യെസ് മാം" 
ഫാത്തിഹിന് പതിവില്ലാത്ത ഉന്മേഷം തോന്നി. 

"ദെൻ ഹറിയപ്" 
ഇതും പറഞ്ഞ് നേഴ്സ് സർജറി റൂമിലേക്ക് ഓടി. 
പേഷ്യന്റിനെ സർജറിക്ക് വേണ്ടി തിയേറ്ററിലേക്ക് മാറ്റി. ഫാത്തിഹ് തന്റെ ബ്ലഡ് ഡൊണേറ്റ് ചെയ്തു. വിജയകരമായി ആ സർജറി കഴിഞ്ഞു. ഫാത്തിഹിന്റെ രക്തം ആ രോഗിയുടെ സിരകളിലോടി. അവന് ആത്മാഭിമാനം തോന്നി. രോഗിയെ റൂമിലേക്ക് മാറ്റി.

****

 പലതവണ പേഷ്യന്റിനെ കാണാൻ ഫാത്തിഹിറങ്ങിയതാണ് പക്ഷേ, ആ സമയത്തെല്ലാം അവിടെ വിസിറ്റേഴ്സുണ്ടായിരുന്നു. ഇപ്പോള്‍ ആരുമില്ലെന്ന് തോന്നുന്നു. തന്റെ ആദ്യ ബ്ലഡ് സ്വീകർത്താവല്ലേ... ഒന്നു കണ്ടു വിഷ് ചെയ്തേക്കാം ... അവൻ അവൾ കിടക്കുന്ന റൂമിലേക്ക് നടന്നു. അകത്ത് ആരോ ഉണ്ട്. അവൻ പതുക്കെ വാതില്‍ തുറന്നു. ഉപ്പയാണെന്ന് തോന്നുന്നു. 
പെട്ടെന്ന് ഒരു പാട്ടിന്റെ ഈരടിയവൻ കേട്ടു... 

_ആസ്മാന്‍ ഖാം സമീന്‍ ഖാം സമാനാ മഹ്മാന്‍.....'_

ഉപ്പച്ചിന്റെ കഥപറച്ചിലവൻ കേട്ടു. കഥയോടും ആ പാട്ടിനോടും അവനും വല്ലാത്ത ഇഷ്ടം തോന്നി അവിടെതന്നെ നിന്നു. ഹബീബി ﷺയെ പറ്റി പറഞ്ഞപ്പോൾ അവളുടെ കണ്ണുകള്‍ തുടക്കുന്ന ഉപ്പച്ചിയെ കണ്ടപ്പോൾ അവനും അറിയാതെ കണ്ണുതുടച്ചു. അവന്റെ കാലൊന്ന് റൂമിന്റെ ഇരുമ്പ് വാതിലിൽ കൊണ്ട് ശബ്ദമുണ്ടായി. അവൾ വാതില്‍ക്കലേക്ക് കണ്ണുമിഴിച്ച് നോക്കി. അവരുടെ കണ്ണുകൾ രണ്ടും പരസ്പരമുടക്കി.! 

( *തുടരും....*) 

😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘



അപ്‌ലോഡ് ചെയ്ത  Full പാർട്ട്‌ ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...

 click here