(PART ‎22) ‏ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ

 

ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ

🔰🔰🔰🔰🔰🔰🔰🔰🔰🔰🔰



           ⛔️Part-22⛔️

നൂറ കണ്ണുകള്‍ പതുക്കെ തുറന്നു. കുത്തുന്ന വെളിച്ചം അവളുടെ കണ്ണുകളിലേക്ക് ഇടിച്ചു കയറാന്‍ തിരക്കു കൂട്ടുന്നുണ്ടായിരുന്നു. അവള്‍ വീണ്ടും കണ്ണുകള്‍ മുറുക്കിയടച്ചു. വീണ്ടും പതുക്കെ തുറക്കാന്‍ ശ്രമം നടത്തി. ഇപ്പോള്‍ അകത്തുകയറാനുള്ള വെളിച്ചത്തിന്റെ തിരക്ക് കുറഞ്ഞിരിക്കുന്നു! .


 തന്റെ ചുറ്റും കൂടി നില്‍ക്കുന്ന ഒരുപാട് നിഴലുകളെ അവള്‍ക്ക് അവ്യക്തമായി കാണാം. നൂറപെട്ടെന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. പക്ഷെ, ആ ശ്രമം വിഫലമാണെന്ന ബോധ്യത്തിലേക്ക് അവള്‍ പെട്ടെന്ന് തന്നെയെത്തി. തനിക്കിതെന്തു പറ്റി....? ആരാണിവരൊക്കെ...? എവിടെയാണ് താന്‍ കിടക്കുന്നത്...? ഉപ്പച്ചിയും ഉമ്മച്ചിയും മോനൂസുമെല്ലാം...എവിടെ...? അവളുടെ  മനസ്സില്‍ നൂറായിരം ചോദ്യങ്ങള്‍ ഉരുണ്ടു കൂടി.


'മോളേ...ഇതാരൊക്കയാ....വന്നതെന്ന് നോക്കിക്കേ....! '


ഉമ്മച്ചിയുടെ ശബ്ദം ഇപ്പോള്‍ അവള്‍ക്ക് വ്യക്തമായി കേള്‍ക്കാം....അവള്‍ തന്റെ കണ്ണുകള്‍ പൂര്‍ണ്ണമായും തുറന്നു. അവളുടെ ഓര്‍മ അവളിലേക്ക് തന്നെ ചേക്കേറി.


ഉപ്പച്ചി, ഉമ്മച്ചി, ഇത്ത, റൂമി, മോനൂസ്, ഫര്‍സാന, ഫൈറൂസ  എല്ലാവരും തന്റെ കട്ടിലിന് ചുറ്റും വട്ടമിട്ട് നില്‍ക്കുന്നു. താന്‍ ആശുപത്രി കിടക്കയിലാണെന്ന് അവള്‍ക്ക് ബോധ്യമായി. അവളുടെ മനസ്സിലേക്ക് ആ രാത്രി ഓടിവന്നു. താന്‍ മരിച്ചിട്ടില്ലായെന്ന സത്യം അവളില്‍ സന്തോഷം നിറച്ചു.  മനസ്സില്‍ റബ്ബിന് സ്തുതികളര്‍പ്പിച്ചു.

എല്ലാവരുടെയും മുഖത്ത് നോക്കി പതുക്കെ ചിരിച്ചു. സംസാരിക്കാനായി ശ്രമം നടത്തിയെങ്കിലും കുറച്ചധിക നേരം സംസാരിക്കാതിരുന്നത് കൊണ്ടാവണം വായ  വിസമ്മതമറിയിച്ചു. 


'മോള് സംസാരിക്കേണ്ട...' 


അവളുടെ ശ്രമം കണ്ടത് കൊണ്ടാവാം ഉപ്പച്ചി തോളില്‍ തട്ടിക്കൊണ്ട് പറഞ്ഞു.

അവള്‍ കണ്ണുകൊണ്ട് ഉപ്പച്ചിയെ നോക്കി ചിരിച്ചു.


'ഡീ...നീയിനി ഇവിടിങ്ങനെ കെടക്കാന്‍ തന്നയാണോ തീരുമാനം.പെട്ടെന്ന് എഴുന്നേറ്റ് കോളേജിലോട്ട് വാട്ടൊ...നീയില്ലാതെ അവിടൊരു രസവുല്ല.'

ഫര്‍സാന തമാശ നിറഞ്ഞ ഗൗരവത്തില്‍ പറഞ്ഞു.


അതുകേട്ട് കൂടിനിന്നെവരെല്ലാരും ചിരിച്ചു. നൂറയും ചിരിച്ചു. അവളോട് സംസാരിക്കണമെന്ന് നൂറയുടെ മനസ്സ് വെമ്പല്‍ കൊണ്ടു. 


' എല്ലാവരും പെട്ടെന്ന് പുറത്തേക്കിറങ്ങണം'

ഡ്യൂട്ടി നേഴ്‌സ് വന്ന് ഗൗരവത്തില്‍ പറഞ്ഞു.


'ഡീ...ന്നാല്‍ ഞങ്ങള് പോയേച്ചും വരാം...കോളേജ് കഴിഞ്ഞ് ഞങ്ങള്‍ വൈകീട്ട് ഇങ്ങോട്ട് തന്നെ എത്തും ഇൻ ഷാ അല്ലാഹ്... '

ഫര്‍സാനയും ഫൈറൂസയും യാത്ര പറഞ്ഞു.


'ഞാനിവിടെ നിന്നോളം നിങ്ങളെല്ലാവരും ഒന്ന് വീട്ടില്‍ പോയി ഫ്രഷായി പോരൂ...' 

ഉപ്പച്ചി ഉമ്മച്ചിയോടും ഇത്താനോടും പറഞ്ഞു. 


'മോളേ...ഉമ്മച്ചിന്റെ കുട്ടിക്ക് ഒരു കുഴപ്പവും ഇല്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അത് പടച്ചോന്‍ നമ്മളെ ഒന്ന് പേടിപ്പിക്കാന്‍ വേണ്ടി പരീക്ഷിച്ചതാണ്...മോള് ഉപ്പച്ചിന്റെ കൂടെ വര്‍ത്താനം പറഞ്ഞിരിക്ക്, ഞങ്ങള്‍ അപ്പോഴേക്കും വീട്ടില്‍ പോയി വരാം...'


നൂറ തന്റെ കണ്ണുകള്‍ കൊണ്ട് രണ്ടു തവണ ഇമവെട്ടി സമ്മതം മൂളി. അങ്ങനെ അവരും യാത്രപറഞ്ഞിറങ്ങി. റൂമില്‍ ഉപ്പച്ചിയും നൂറയും തനിച്ചായി.


ഉപ്പച്ചി കട്ടിലിനടുത്ത് വന്നിരുന്ന് അവളുടെ കയ്യെടുത്ത് തന്റെ കൈവെള്ളയില്‍ വെച്ച് പതുക്കെ തലോടി. നൂറ ഉപ്പച്ചിയെ നോക്കി പതുക്കെ ചിരിച്ചു. ഉപ്പച്ചിയും ചിരിച്ചു. അവര്‍ ഒന്നും മിണ്ടാതെ പരസ്പരം നോക്കി നിന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ഉപ്പച്ചി പതുക്കെ മൂളി.


_ഫറശ് വാലെ തരീ ശൗക്കത്ത് ക്കാ ഉലൂവ് ക്യാ ജാനേ..._

_ഖുസുറുവാ അറശ് പര്‍ ഉഡ്താഹെ പറൈറ തേരാ...._


_ആസ്മാന്‍ ഖാം സമീന്‍ ഖാം സമാനാ മഹ്മാന്‍_

_സ്വാഹിബെ ഖാന ലഖബ് കിസ്‌ക്കാഹെ തേരാ തേരാ...._


ഉപ്പച്ചി അടുത്ത ലൈനും മൂളാനായി ഒരുങ്ങിയപ്പോള്‍ നൂറ തന്റെ കണ്ണുകള്‍ വേഗത്തില്‍ ഒരുപാടു തവണ തുറന്നടച്ചു. 


'എന്തേ.....അര്‍ത്ഥം മനസ്സിലായില്ലേ....!'

ഉപ്പച്ചി ചോദിച്ചു.


അവൾ തന്റെ തല പതുക്കെ ഇടത്തോട്ടും വലത്തോട്ടും ആട്ടി ഇല്ലായെന്ന് പറഞ്ഞു.


ഉപ്പച്ചി അങ്ങനെയാണ്. ഉപ്പച്ചിക്ക് ഒരുപാട് നഅത്തുകളറിയാം...നന്നായി പാടുകയും ചെയ്യും. സാധാരണ ഉപ്പച്ചി വീട്ടിലുള്ള രാത്രികളിൽ  കോലായില്‍ ഉമ്മച്ചി കൊടുത്ത കട്ടന്‍ചായയും ഊതിയൂതി കുടിച്ച് ഉപ്പച്ചിയങ്ങനെ മൂളും. ഉപ്പച്ചി മൂളാൻ തുടങ്ങിയാൽ ഞങ്ങൾ ;മോനൂസും ഞാനും ഉമ്മച്ചിയും ഉപ്പച്ചിയുടെ ചുറ്റുമിരിക്കും. ആ ജല്‍സക്ക് തന്നെ ഒരു പ്രത്യേക ആകര്‍ഷണീയതയാണ്. ഇത്തയുണ്ടെങ്കില്‍ റൂമിയുടെ സ്ഥാനം ഉപ്പച്ചിയുടെ മടിയിലായിരിക്കും. അവന്റെ തലയില്‍ പതുക്കെ വിരലുകളോട്ടി ഷീലയുടെ ചാരുകസേരയില്‍ നീണ്ടു നിവർന്ന് കിടന്ന് ആകാശവും നോക്കി ഉപ്പച്ചിയങ്ങനെ ലയിച്ചു പാടും. 


ഓരോ പാട്ടു പാടി അര്‍ത്ഥം വിശദീകരിക്കും. ശേഷം ആ വരി തന്നെ ഒന്നു കൂടെ ആവര്‍ത്തിക്കും. അന്നേരം ആ അര്‍ത്ഥം ചിന്തിച്ച് എല്ലാവരും അതിനോടൊപ്പം ലയിച്ചിരിക്കും.

ഹ ! എന്തു ഭംഗിയും സൗന്ദര്യത്മകവുമാണെന്നോ ഓരോ വരികള്‍ക്കും. അതൊക്കെ കേള്‍ക്കുമ്പോള്‍ ഉപ്പച്ചിയോട് എന്തോ വല്ലാത്തൊരു ബഹുമാനം തോന്നും. എവിടുന്നാണ് ഉപ്പച്ചിയിതെല്ലാം പഠിച്ചെടുക്കുന്നത്...! 

ഈ ആശുപത്രി കിടക്കയിലും തനിക്കാവശ്യമിതാണ്. മറ്റു ചിന്തകളിലേക്കൊന്നും പോകാതെ ശാന്തമായി ഈ കാവ്യപ്രപഞ്ചത്തില്‍ ലയിച്ചങ്ങനെയിരിക്കുക. അതിനേക്കാള്‍ മഹത്തരമായ ഒരു മരുന്ന് തന്റെ മനസ്സിന് നല്കാന്‍ ഒരുപക്ഷെ ലോകത്ത്g മറ്റൊരു ഡോക്ടര്‍ക്കും കഴിഞ്ഞന്നു വരില്ല. 

നൂറയുടെ മനസ്സ് നിറയെ ഉപ്പച്ചിയും കവിതകളുമാണ്.

 

'അതായത്...' 

ഉപ്പച്ചി അര്‍ത്ഥം പറയാനൊരുങ്ങി

'അഅ്‌ലാ ഹസ്‌റത്തിന്റെ വരികളാണിത്. അവര് ഹബീബിനെ ﷺയെയോര്‍ത്ത് പാടുകയാണ്.'


ഉപ്പച്ചി ആശുപത്രിയിലാണെന്ന കാര്യം മറന്നിരിക്കുന്നുവെന്ന് തോന്നുന്നു. കാരണം അത്രയും ലയിച്ചിരുന്നിട്ടാണ് ഉപ്പച്ചി വിശദീകരിക്കുന്നത്.


'ഭൂമി വാസികള്‍ താങ്കളുടെ ഉന്നതി എന്തറിഞ്ഞു!? 

അല്ലയോ മഹാരാജാ! അങ്ങയുടെ പതാക പാറിക്കളിക്കുന്നത് 

അർശിന്റെ മുകളിലല്ലയോ...! ' 


ഇതാണ് ആദ്യ വരിയുടെ പദാര്‍ത്ഥം. ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്താന്നുവെച്ചാല്‍ നമ്മള്‍ ഭൂമിയിലുള്ളവര് കരുതും ഹബീബ് ﷺ നമ്മോടൊപ്പമുള്ളൊരാളാണെന്ന്....

എന്നിട്ട് ആ അളവുകോല് വെച്ച് നാം അവിടുത്തെﷺ അളക്കാനും ശ്രമിക്കും. എന്നാല്‍ അവിടുത്തെﷺ അധികാര പരിധി ആകാശ ഭൂമിയും വിട്ട് അര്‍ശ് വരെ കടന്നിരിക്കുന്നു. 


മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അല്ലാഹു ഹബീബിﷺന്റെ ഇഷ്ടമാണ് ലോകത്ത് നടപ്പിലാക്കുന്നത് തന്നെ. അത് കൊണ്ടു തന്നെ ഈ ലോകത്തുള്ള സകലതും അവിടുത്തെﷺ ഇംഗിതമാണ്.'


അര്‍ത്ഥം പറഞ്ഞതിന് ശേഷം ഉപ്പച്ചി ഒരു നിമിഷം കണ്ണുകളടച്ച് മൗനിയായിരുന്നു. ശേഷം ആദ്യ വരികള്‍ പതുക്കെ ഒരു തവണ കൂടി പാടി.


_'ഫറശ് വാലെ തരീ ശൗക്കത്ത്.....'_


നൂറയും കണ്ണുകളടച്ച് ആ വരിയോടൊപ്പം ചേര്‍ന്നു.


ശേഷം ഉപ്പച്ചി രണ്ടാമത്തെ വരികള്‍ വിവരിക്കാന്‍ തുടങ്ങി:


'ആകാശമൊരു ഭക്ഷണതളിക, ഭൂമിയൊരു സദ്യാസദസ്സ്, വിരുന്നു കാരനോ കാലാകാലവും. ഇത്രയും പ്രവിശാലമാം ഭവനത്തിന്റെ ഗൃഹനാഥനെന്ന ഓമനപ്പേര് താങ്കള്‍ക്ക്- താങ്കള്‍ക്ക് മാത്രം.'


ആകാശ ഭൂമികളത്രയും ഒരു സല്‍ക്കാര സദസ്സിലെ സുപ്രയായി ചിത്രീകരിച്ച് വിരുന്നുകാരനായി കാലത്തെ സങ്കല്‍പ്പിച്ച് തന്റെ ഭാവനയിലൂടെ ഹബീബിനെ ﷺയെ വര്‍ണിക്കുകയാണ് കവി. അല്ലാഹുവാണ് ഈ പ്രപഞ്ചമാകുന്ന വീടിന്റെ സൃഷ്ടികര്‍ത്താവ് എങ്കിലും അവനിതിനെ സൃഷ്ടിക്കാനുള്ള കാരണം ഹബീബ് ﷺതങ്ങള്‍ തന്നെയാണ്. അപ്പോള്‍ ഈ വീട്ടിലുള്ള എല്ലാവര്‍ക്കും ഭക്ഷണമൂട്ടി ആവശ്യമായതെല്ലാം നല്‍കുന്നത് എന്റെ ഹബീബ് ﷺ അല്ലാതെ മറ്റാരാണെന്നാണ് കവി ചോദിക്കുന്നത്.


_ആസ്മാന്‍ ഖാം സമീന്‍ ഖാം സമാനാ മഹ്മാന്‍.....'_

 

ഉപ്പച്ചി ലയിച്ചിരുന്ന് പാടി, വീണ്ടും കവിതയിലേക്ക് തന്നെ സഞ്ചരിച്ചു കൊണ്ടിരുന്നു.


നൂറയുടെ മനസിലിപ്പോള്‍ നിറയെ മദീനയാണ്. ഒന്ന് വയറ് വേദനിച്ചപ്പോള്‍ താന്‍ ജീവിക്കാന്‍ വേണ്ടി കൊതിച്ചു. മരിക്കല്ലേയെന്ന് ഉള്ളു കൊണ്ട് നിലവിളിച്ചു. അല്ലാഹുവിന്റെ ഖളാഇല്‍ തനിക്ക് സംഭവിക്കേണ്ട കാര്യമായിരുന്നുവിതെന്ന് താന്‍ മറന്നു. അത് സംഭവിച്ച നിമിഷത്തെ മനസ്സുകൊണ്ട് ശപിച്ചു: 'എങ്ങനെ തനിക്കാ വിധിയെ പഴിക്കാന്‍ സാധിച്ചു! . '  മറ്റുള്ളവരില്‍ കുറ്റമാരോപിക്കുന്നതിനേക്കാള്‍ നൂറ സ്വന്തത്തിലാണ് കുറ്റമാരോപിക്കാറ്. ആ പതിവ് അവളിവിടെയും തെറ്റിച്ചില്ല. 


അവള്‍ ഹബീബ് ﷺ തങ്ങളുടെ സഹനത്തെ കുറിച്ചോര്‍ത്തു. 

'ഹബീബായ നബിﷺതങ്ങള്‍ക്ക് അല്ലാഹു സര്‍വ്വതും നല്‍കിയിരുന്നു. എന്ത് വേണമെങ്കിലും അവിടുന്നൊന്ന് മൂളിയിരുന്നെങ്കില്‍ അല്ലാഹുവത് സാധിപ്പിക്കുമായിരുന്നു. ലോകത്തുള്ള സകല കല്ലുകളും സ്വര്‍ണ്ണമാക്കി തന്റെ കാല്‍കീഴില്‍ കൊണ്ടുവരാന്‍ പറഞ്ഞിരുന്നുവെങ്കില്‍ അതിനും സാധിക്കുമായിരുന്നു. പക്ഷെ, അവിടുന്ന് ﷺ ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടു ജീവിച്ചു. ത്വാഇഫില്‍ നിന്ന് കല്ലെറിഞ്ഞു ആട്ടിയപ്പോൾ ആ ശറഫാക്കപ്പെട്ട കാലില്‍ നിന്ന് രക്തമൊഴുകി. ഒന്ന് വിശ്രമിക്കാനായി മരച്ചുവട്ടിലിരുന്ന നബിയോട് ജിബ് രീൽ(അ) വന്ന് ചോദിച്ചുവത്രെ: 

'നബിയേ...ഈ രണ്ട് മലകള്‍ക്കിടയിലിട്ട് ഞാനിവരെ ഞെരിച്ചമര്‍ത്തട്ടെ'

അത്രമേല്‍ സഹിച്ച ഒരാള്‍ ആയിക്കോട്ടെയെന്ന് സമ്മതം മൂളുമെന്ന് കരുതിയെങ്കില്‍ തെറ്റി. കാരുണ്യത്തിന്റെ കടലായ ഹബീബോര് ﷺ വേണ്ടാന്ന് മറുപടി നല്‍കി..അവരെങ്ങാനും ഭാവിയില്‍ അല്ലാഹുവില്‍ വിശ്വസിച്ചാലോ...അവിടുന്ന് ﷺ തന്റെ പ്രതീക്ഷ കൈവിട്ടില്ല. അവിടുത്തെ മുമ്പില്‍ ശത്രുതയില്ലായിരുന്നു. പ്രതീക്ഷ മാത്രമായിരുന്നു.....ഞാനോ...!? '

നൂറയുടെ മുഖത്ത് സ്വന്തത്തെ കുറിച്ചുള്ള പുഛഭാവമുണ്ടായിരുന്നുവപ്പോള്‍... 


പക്ഷെ, അവള്‍ വീണ്ടും ഹബീബിﷺൽ അഭയം കണ്ടെത്താന്‍ ശ്രമിച്ചു. ഹബീബ് ﷺ അനുഭവിച്ച ത്യാഗമോര്‍ത്ത് എങ്ങനെ സ്വയം പ്രതിസന്ധികളെ ഇല്ലായ്മ ചെയ്യാം എന്ന് മനസ്സിനെ പാകപ്പെടുത്താന്‍ ശ്രമിച്ചു.

ഹബീബ് ﷺക്ക് പ്രവാചകത്വം കിട്ടി ഏഴാം വര്‍ഷം, വര്‍ഷാരംഭമായ മുഹര്‍റമാസത്തില്‍ കഅ്ബാലയത്തിന്റെ കില്ലകളിലൊന്നിലൊരു നോട്ടീസ് പ്രദര്‍ശിപ്പിക്കപ്പെട്ടു. ഖുറൈശി കുടുംബത്തിന്റെതാണ് നോട്ടീസ്. ആളുകളെല്ലാം ഒറ്റയും തെറ്റയുമായി അത് വന്ന് വായിച്ചു പോയി. ആ നോട്ടീസിന്റെ ആകെ തുകയിതായിരുന്നു:


'മുഹമ്മദിനെയും അവനെ വിശ്വസിച്ചവരെയും ആരും ഇനി അടുപ്പിക്കരുത്. അവരുമായിട്ട് ഒരു നിലക്കുള്ള ബന്ധവും പുലര്‍ത്തരുത്. അവരുമായി കച്ചവടം നടത്തരുത്, കൂടെയിരിക്കരുത്, മുഖത്ത് നോക്കി ചിരിക്കരുത്, വിവാഹം നടത്തരുത്, ആവശ്യമായ ഒരു വസ്തുവും കൈമാറ്റം ചെയ്യരുത്. അങ്ങനെ ചെയ്യുന്ന പക്ഷം അവര്‍ കഠിന ശിക്ഷക്ക് വിധേയരാവും'


ആ സമയത്ത് നബിﷺയെ വിശ്വസിച്ചവരിലധികവും മക്കയിലെ പീഢനം സഹിക്കവെയ്യാതെ പല നാടുകളിലേക്കും പലായനം ചെയ്തിരുന്നു. ഹബീബ് ﷺയും കുറഞ്ഞ ആളുകളും മാത്രമേ മക്കയിലുണ്ടായിരുന്നുള്ളൂ. ഈ സന്ദര്‍ഭത്തിലാണ് കഅ്ബയില്‍ ഇത്തരമൊരു ബഹിഷ്‌കരണ നോട്ടീസ് പ്രത്യക്ഷപ്പെടുന്നത്.

അതിന് ശേഷം ഏറ്റവും അടുത്ത ബന്ധുക്കള്‍ പോലും അവരോട് കണ്ട ഭാവം നടിക്കാതെയായി. ഹബീബായ നബിﷺ തങ്ങള്‍ അവിടുത്തോടൊപ്പമുള്ളവരെയും കൂട്ടി ശിഅ്ബ് അബീ ത്വാലിബ് എന്ന മലഞ്ചെരുവില്‍ ഒരുമിച്ചു കൂടി. ഇന്നോ നാളെയോ മാനുഷിക പരിഗണന വെച്ച് ഖുറൈശികള്‍ ഈ ഭ്രഷ്ട് ഒഴുവാക്കുമെന്ന പ്രതീക്ഷയില്‍ അവര്‍ അവിടെ കഴിഞ്ഞു കൂടി.


 അവരിലേക്ക് വെള്ളമോ ഭക്ഷണമോ എത്തിയില്ല. അങ്ങാടികളില്‍ നിന്ന് അവരെ ആട്ടിയോടിക്കപ്പെട്ടു. അഥവാ വല്ലതും ഈ ചരുവിലേക്കെത്തിയെങ്കില്‍ തന്നെ അത് വളരെ രസഹസ്യമായിട്ടായിരുന്നു. ഒരിക്കല്‍ ഖദീജ ബീവി(റ) യുടെ ബന്ധുവായ ഹകീമുബ്‌നു ഹിസാം ഭക്ഷണവുമായി പാത്തും പതുങ്ങിയും ശിഅ്ബിലേക്ക് പ്രവേശിക്കുമ്പോള്‍ അബൂജഹ്ൽ അത് കണ്ടു. അവന്‍ അദ്ദേഹത്തില്‍ നിന്ന് ഭക്ഷണം വാങ്ങിയിട്ട് ദൂരെക്കളഞ്ഞു. ഇനിയിതാവര്‍ത്തിക്കരുതെന്ന് താകീത് ചെയ്ത് വിട്ടു. എന്തിനേറേ...അവസാനം ഹബീബായ നബിﷺ തങ്ങള്‍ വിശപ്പടക്കാന്‍ പച്ചില പറിച്ചു ഭക്ഷിച്ച് വിശപ്പടക്കേണ്ടി വരെ വന്നു."

ആ സന്ദർഭമോർത്തത് കൊണ്ടാവാം നൂറയുടെ നയനങ്ങൾ കണ്ണീർ തടങ്ങളായത്. അവളുടെ മനസ്സ് ഹബീബിനോടൊപ്പമുള്ള ﷺ യാത്ര തുടർന്നു. 


'മന:സാക്ഷിയുള്ള ഒരാള്‍ക്ക് സഹിക്കാന്‍ സാധിക്കുന്നതിലുമപ്പുറം ഖുറൈശികളവരോട് ചെയ്തു. എന്നിട്ടും അവര്‍ ഭ്രഷ്ട് പിന്‍വലിച്ചില്ല. ഒന്നും രണ്ടും വര്‍ഷമല്ല മൂന്നുവര്‍ഷം വരെ ആ ഭ്രഷ്ട് നിലനിന്നു. ഉമ്മമാരുടെ മുലപ്പാലിന് വേണ്ടി വാവിട്ട് കരയുന്ന കൊച്ചു കുഞ്ഞുങ്ങളുടെ കരച്ചില് കേട്ട്  ഇവരുടെ പാപം ഞങ്ങളുടെ മേല്‍ വന്ന് പതിക്കുമോയെന്നോര്‍ത്തിട്ടായിരിക്കണം നരാജര ബാധിച്ച ഖുറൈശീ കാരണവന്മാര്‍ അവസാനം ഭ്രഷ്ട് ഒഴിവാക്കാന്‍ പറഞ്ഞു. അങ്ങനെയാണ് ആ ബഹിഷ്‌കരണം നീങ്ങുന്നത്.

തനിക്കിവിടെ കിടന്നിതോർക്കാൻ എന്ത് സുഖമുണ്ട്...! പക്ഷേ, എന്റെ ഹബീബ് ﷺ എത്രമേൽ പീഢിതനായിട്ടായിരിക്കും ആ വർഷങ്ങളിലെ ഓരോ നിമിഷവും കഴിഞ്ഞത്. 

നൂറയുടെ ഇരുനയനങ്ങള്‍ നിറഞ്ഞൊഴുകി. അവള്‍ കണ്ണുകൾ തുടക്കാന്‍ കൈകളുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 


ഉപ്പച്ചി അവളുടെ കണ്ണുകള്‍ തുടച്ചു കൊടുത്തു. ഉപ്പച്ചിക്കറിയാം അവള് ഹബീബ് ﷺ യെയോര്‍ത്തിട്ടാണ് കരയുന്നതെന്ന്. അവൾ തന്റെ നഅത്തിനൊപ്പം സഞ്ചരിക്കുകയാണെന്ന് കരുതി അവളുടെ 

കണ്ണുകള്‍ തുടച്ചതിന് ശേഷം ഉപ്പച്ചി വീണ്ടും പതുക്കെ പാടി:


_ആങ്കേം ടംഠീ ഹോം ജിഗര്‍ താസെ ഹോം ജാനേം സൈറാബ്...._

_സഛെ സൂരജ് വോ ദിലാറാ ഹെ ഉജാലാ തേരാ...._

 

'കണ്ണിന് കുളിർമയും കരളിന് നവോന്മേഷവും ജീവനു സന്തുഷ്ടിയും നല്‍കി ഹൃദയത്തിന് യഥാര്‍ത്ഥ ശാന്തിയും സമാധാനവും നല്‍കുന്ന യഥാര്‍ത്ഥ സൂര്യന്‍, അത് അങ്ങയുടെ ഒളിവാകുന്നു'


ഉപ്പച്ചി കൂടുതല്‍ വിശദീകരിക്കാതെ ആ വരികള്‍ വീണ്ടും എടുത്തു പാടി:


_ആങ്കേം ടംഠീ ഹോം ജിഗര്‍ താസെ ഹോം...._


കരഞ്ഞു കലങ്ങിയ കണ്ണുകൾ കൊണ്ട് ഉപ്പച്ചിയെ നോക്കി അവൾ നിറഞ്ഞു ചിരിച്ചു. ഉപ്പച്ചി അവളുടെ നെറ്റിയില്‍ ഉമ്മവെച്ചു.


( *തുടരും....*) ©️



അപ്‌ലോഡ് ചെയ്ത  Full പാർട്ട്‌ ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...

 click here