(PART ‎21) ‏ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ

 

   ഹബീബിനെ ﷺ
          💖പ്രണയിച്ചവൾ💖
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰


           ⛔Part-21⛔

"മകള്‍ക്ക് മുമ്പ് ഇതുപോലെ വല്ല പ്രശ്‌നവും ഉണ്ടായിരുന്നോ....!? ഐ മീന്‍ ശക്തമായ വയറുവേദന...നെഞ്ചെരിച്ചില്‍ തുടങ്ങിയവ..." 
ഡോക്ടര്‍ ,നൂറയുടെ ഉപ്പച്ചിയോടും ഉമ്മച്ചിയോടും ചോദിച്ചു.

'ഇല്ല ഡോക്ടര്‍... അങ്ങനെ പറയത്തക്ക അസുഖങ്ങളൊന്നുമില്ലാത്ത കുട്ടിയാണ്...ന്റെ മോള്'
ഉപ്പച്ചിയുടെ സംസാരത്തിനിടയില്‍ ചില്ലു കുടുങ്ങിയത് പോലെ.... സങ്കടം പുറത്ത് കാണിക്കാതെ ഉപ്പച്ചി ഡോക്ടറോട് പറഞ്ഞു.

'ഡോക്ടറേ...ഓള്‍ക്ക് മാസമുറ തെറ്റുമ്പോള്‍ ഇങ്ങനെ ശക്തമായ വേദനയുണ്ടാകാറുണ്ട്...പക്ഷെ, അത് ഒന്ന് കെടന്ന് ണീച്ചാല്‍ പോകും ചെയ്യും...അല്ലാതെ ഇതിന്റെ മുമ്പ് ന്റെ കുട്ടിക്ക് ഇതുപോലൊന്നുണ്ടായിട്ടില്ല...' 
ഉമ്മച്ചിക്കാണ് ഉപ്പച്ചിയേക്കാള്‍ ധൈര്യമെന്ന് തോന്നുന്നു. കാരണം ആയിശാത്തയുടെ ആ വാക്കുകളില്‍ നൂറക്ക് ഒന്നും സംഭവിക്കില്ലെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നു.
ഡോക്ടര്‍ എന്തോ ആലോചിച്ചിട്ടെന്നോണം തലകുലുക്കി.

'എന്താണ് ഡോക്ടര്‍....പ്രശ്‌നങ്ങളൊന്നുമില്ലല്ലോ....?'
ഇല്ലായെന്നാവണേ ഡോക്ടറുടെ മറുപടിയെന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ഉപ്പച്ചി ചോദിച്ചു.

'ഒറ്റ നോട്ടത്തില്‍ കുഴപ്പങ്ങളൊന്നും കാണുന്നില്ല..പക്ഷെ.....'
ഡോക്ടര്‍ തന്റെ സംസാരം പാതി വെച്ച് മുറിച്ചു.

' എന്താ..ഡോക്ടറേ ഒരു പക്ഷെ....ഞങ്ങള് ഓളെ വേറെ വല്ലേടത്ത്ക്കും മാറ്റണോ...?'
ഉപ്പച്ചിയുടെ തൊണ്ടയിടറി. മകളെയോര്‍ക്കുന്ന ഓരോ നിമിഷവും ആ പിതാവിന്റെ കണ്ഡനാളമിടറിയിരുന്നു. കാരണം ഉമ്മയേക്കാള്‍ അവള്‍ക്കിഷ്ടം ഉപ്പയോടായിരുന്നു. അവള്‍ തന്റെ ഇഷ്ടങ്ങളെ മറ്റാരെക്കാളും കൂടുതല്‍ പറഞ്ഞത് പ്രിയപ്പെട്ട ഉപ്പയോടാണ്.

'ഹേയ്...അതൊന്നും വേണ്ട...ലക്ഷണങ്ങള്‍ കണ്ടിട്ട് ഇത് ക്രോണിക് ഇന്‍ഫളമേറ്ററി ബവല്‍ ഡിസീസ് എന്നൊരു തരം രോഗമാണ്. തുടക്കത്തിലൊന്നും ഇതിന്റെ ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. അതുകൊണ്ടായിരിക്കാം ഒരുപക്ഷെ, നിങ്ങള്‍ ശ്രദ്ധിക്കാതിരുന്നത്. ലക്ഷണം കാണിച്ചു തുടങ്ങുമ്പോഴേക്കും രോഗം മൂര്‍ഛയിലെത്തുകയും ചെയ്യും.'

ഡോക്ടര്‍ പറഞ്ഞതൊന്നും ആ രക്ഷിതാക്കള്‍ക്ക് മനസ്സിലായിട്ടില്ലായെന്ന് അവരുടെ മുഖഭാവത്തില്‍ നിന്ന് തന്നെ കൃത്യമായി വായിച്ചെടുക്കാം. അത് കണ്ടത് കൊണ്ടാവണം ഡോക്ടര്‍ അവരെ സമാശ്വസിപ്പിക്കാനെന്നോണം പറഞ്ഞു:

' നിങ്ങള്‍ അവളെ കൃത്യസമയത്ത് തന്നെ കൊണ്ടു വന്നത് കൊണ്ട് പേടിക്കാനൊന്നുമില്ല...ഞാന്‍ പറയുന്നത് നിങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കണം. കാരണം നിങ്ങള്‍ക്കേ ഈ രോഗം അവള്‍ക്ക് വരാനുണ്ടായ കാരണം കണ്ടെത്താന്‍ എന്നെ സഹായിക്കാനാകൂ...എന്നിട്ടുവേണം അവളുടെ ചികിത്സ നിശ്ചയിക്കാന്‍'
ഡോക്ടര്‍ അവരുടെ മാനസികാവസ്ഥക്കൊത്ത് സംസാരിച്ചു. 

'ശരി ഡോക്ടര്‍...നിങ്ങള്‍ പറയൂ....'
അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. ഉമ്മച്ചി തന്റെ കൈ രണ്ടും ഉപ്പച്ചിയുടെ കൈകളോട് ചേര്‍ത്തു പിടിച്ചിരുന്നു. 

' ഒകെ...ഞാന്‍ പറയാം..'
ഡോക്ടര്‍ തുടര്‍ന്ന് പറഞ്ഞു:
'അതായത് നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയയെ ബാധിക്കുന്ന ഒരു തരം ഇന്‍ഫ്‌ളമെറ്ററി ഡിസോഡര്‍ ആണീ രോഗം. അഥവാ ദഹന വ്യവസ്ഥയെ താളം തെറ്റിക്കുന്ന ഒരുതരം ബാധ. ക്രോണ്‍സ് ഡിസീസ് എന്നാണ് പൊതുവെ ഇതിനെ പറയപ്പെടാറ്. ശ്രദ്ധിച്ചിട്ടില്ലെങ്കില്‍ ജീവന് വരെ ഭീഷണിയാകുന്ന രോഗാവസ്ഥയാണിത്. ദഹനനാളത്തിലും കുടലിലും ആഴത്തില്‍ വ്രണങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്ന ഇന്‍ഫ്‌ളമെറ്ററി ബവല്‍ ഡീസീസ് ആണിത്. സാധാരണ വയറ് വേദന, കഠിനമായ വയറിളക്കം, തൂക്ക കുറവ്, പോഷക കുറവ് തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ഈ രോഗം ബാധിക്കുകയും മൂര്‍ച്ചിക്കുകയും ചെയ്താല്‍ രോഗികളുടെ വായ മുതല്‍ മലദ്വാരം വരെയുള്ള വിവിധ ഭാഗങ്ങളില്‍ മുറിവുകളുണ്ടാകാം..'

ഡോക്ടര്‍ ഒന്ന് നിർത്തിയതിന് ശേഷം താന്‍ പറയുന്നത് ആ രക്ഷിതാക്കള്‍ക്ക് ഉള്‍ക്കൊള്ളാനുള്ള സാവകാശം നല്‍കി. ഡോക്ടര്‍ പറയുന്നത് അക്ഷരം പ്രതി അവര്‍ കേള്‍ക്കുന്നുണ്ടെങ്കിലും അവരുടെ മനസ്സ് മുഴുവന്‍ വീട്ടില്‍ നിന്ന് ബോധം നഷ്ടപ്പെട്ട് എടുത്ത് കൊണ്ടു വന്ന നൂറയിലായിരുന്നു. 
ഡോക്ടര്‍ തുടര്‍ന്നു:

'അതുകൊണ്ട് അവളുടെ ഭക്ഷണ രീതികളെ കുറിച്ചും അവളുടെ മുമ്പുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകളുമൊക്കെ ഒന്ന് തരണം. പിന്നെ...ചിലപ്പോള്‍ നമുക്ക് ഒരു എന്‍ഡോസ്‌കോപി ചെയ്യേണ്ടിവരും. പ്രശ്‌നങ്ങളൊന്നുമില്ലാതെ നമ്മുടെ മോളെ രക്ഷപ്പെടുത്താന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം'

ഡോക്ടര്‍ അദ്ദേഹത്തിന് പറയാനുള്ളത് പറഞ്ഞു നിർത്തി.

ഉമ്മച്ചിയും ഉപ്പച്ചിയും ഡോക്ടറുടെ ചേമ്പറിന് പുറത്തേക്കിറങ്ങി മുഖത്തോട് മുഖം നോക്കി. 
'നീ സങ്കടപ്പെടേണ്ടടീ....നമ്മളെ നൂറൂനൊന്നുണ്ടാവൂല...പടച്ചോന്‍ നമ്മളെ കൈവിടൂല...'
ഉപ്പച്ചി ഉമ്മയെ ആശ്വസിപ്പിക്കാനെന്നോണം അണച്ചുപൂട്ടി കൊണ്ട് പറഞ്ഞു.

'അതന്നെ... ഓളെ പടച്ചോന്‍ കൈവിടൂല...അയ്‌ന് ങ്ങള് ങ്ങനെ ബേജാറവണ്ട'

തന്നെ ഇടനെഞ്ചോട് ചേര്‍ത്തു പിടിച്ച ഭര്‍ത്താവിന്റെ നെഞ്ചില്‍ കിടന്ന് ആയിശത്ത തിരിച്ചും സമാശ്വസിപ്പിച്ചു. ആയിശാത്തയുടെ സംസാരത്തിന്റെ വിതുമ്പല്‍ ഉപ്പച്ചിന്റെ ഇടനെഞ്ചിന്റെ പിടക്കലിനൊപ്പം ഇഴകിച്ചേര്‍ന്നു.

ആ രണ്ടാത്മാക്കള്‍ തങ്ങളുടെ മകള്‍ക്ക് വേണ്ടി ആശുപത്രി വരാന്ത പടച്ചോനോടുള്ള പ്രാര്‍ത്ഥനാമുറിയാക്കി. 

അവര്‍ ഐ.സി.യുവിന് മുമ്പിലെത്തി. ഉപ്പച്ചി കൂളിങ് ഒട്ടിച്ച ചില്ല് വാതിലിന് നടുവിലുള്ള സുതാര്യമായ പ്രതലത്തിലൂടെ അകത്തേക്ക് നോക്കി. ക്ഷീണിച്ചുറങ്ങുന്ന സ്വപ്‌ന സുന്ദരിയെ പോലെ കണ്ണുമടച്ച് കിടക്കുന്ന നൂറയെ അവര്‍ക്കിപ്പോള്‍ വ്യക്തമായി കാണാം. കൈയ്യില്‍ കുത്തിയ ഗ്ലൂക്കോസിന്റെ സ്ട്രിപ്പ് കണ്ടപ്പോഴാണ് തന്റെ മകളൊരു രോഗിയാണല്ലോ എന്ന ബോധം ഉപ്പച്ചിക്ക് വീണ്ടും വന്നത്.
അയാള്‍ അവിടെ തന്റെ മകളെ നോക്കി മണിക്കൂറുകളോളം നിന്നു. അദ്ദേഹത്തിന്റെ മനസ്സിലൂടെ അവരൊന്നിച്ച് ചിലവഴിച്ച സുന്ദര നിമിഷങ്ങള്‍ കടന്നു വന്നു.

ചെറുപ്പത്തില്‍ ഒരു ബലി പെരുന്നാള്‍ തലേന്ന് രാത്രി തന്റെ മടിയില്‍ തലവെച്ചു കൊണ്ട് അവള്‍ ചോദിച്ചു;

'എന്തിനാണുപ്പാ...ഈവല്യെരുന്നാളിന് ബലിയറുക്കുന്നത്....!?'

അവളുടെ കൗതുകം കലര്‍ന്നുള്ള ചോദ്യം കേട്ട് ആ കൊച്ചു കവിളിലൊരു മുത്തം കൊടുത്തിട്ട് പറഞ്ഞു:

'അതൊരു വലിയ കഥയാണ്. ഇപ്പോള്‍ പറഞ്ഞാല്‍ തീരൂല...ഉപ്പച്ചിന്റെ മോള്‍ക്ക് പിന്നീടൊരിക്കല്‍ പറഞ്ഞരണ്ട്..'

പെരുന്നാളിനേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി കടയില്‍ പോകാനുള്ളത് കൊണ്ടാണ് കഥപറയാതെ ഒഴിയാന്‍ നോക്കിയത്.

'വേണ്ട...എനിക്ക് ആ കഥ ഇപ്പം കേള്‍ക്കണം....'
അവള്‍ വാശിപിടിച്ചു.

'അയ്‌ക്കോട്ടെല്ലോ....മോള്‍ക്ക് കഥ ഉപ്പച്ചി ഇപ്പം തന്നെ പറഞ്ഞരാലോ...'
അങ്ങനെ അവളുടെ നിര്‍ബന്ധത്തിന് വഴങ്ങി കഥപറയാന്‍ തുടങ്ങി.

'ഇബ്‌റാഹീം നബിയെയും(അ) അവരുടെ മകന്‍ ഇസ്മാഈല്‍ നബിയേയും(അ) കേട്ടിട്ടുണ്ടോ...മോള്...?'

'ഹാ...കേറ്റിട്ടുണ്ട്'
അതുപറയുമ്പോള്‍ അവളുടെ നാവുളുക്കിയത് ഇന്നും ഓര്‍മയുണ്ട്. ഐ.സി.യുവിന്റെ മുമ്പിലിരുന്ന് ഉപ്പച്ചിയുടെ മുഖത്ത് ചിരിവിടര്‍ന്നു.

'ഹാ....എന്നാല്‍ ഈ കഥ നടക്കുന്ന സമയത്ത് ഇബ്‌റാഹീം നബിക്ക് (അ) കുട്ടികളുണ്ടായിരുന്നില്ല. അവര് എന്നും അല്ലാഹുവിനോട് കുട്ടിയുണ്ടാവാന്‍ വേണ്ടിപ്രാര്‍ത്ഥിക്കും. ഒരുപാട് വര്‍ഷങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ നബിയുടെ ഭാര്യ ഹാജറ ബീവിക്ക് ഒരാണ്‍കുഞ്ഞു പിറന്നു. ഇസ്മാഈല്‍ നബി.!(അ)
ജീവനേക്കാളുപരി ഇബ്രാഹീം നബി (അ) മകനെ സ്‌നേഹിച്ചു. 
അങ്ങനെ ആ കുടുംബം സന്തോഷത്തോട ജീവിക്കുകയായിരുന്നു. അതിനിടക്ക് ഒരുപാട് സംഭവങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷെ, എല്ലാം കൂടെ ഇവിടെ പറഞ്ഞാല്‍...ഞമ്മക്ക് നാളെ പെരുന്നാള് കൂടാന്‍ കഴിയൂല....അതുകൊണ്ട് ഉപ്പച്ചി കഥയുടെ അവസാന ഭാഗം പറയാം...'

ഉപ്പച്ചി കൊച്ചുനൂറയുടെ കൂട്ടുകാരിയെ പോലെ സംസാരിച്ചു. 

'ആയ്‌ക്കോട്ടെ, ഉപ്പച്ചി ബാക്കിപറ'
അവള്‍ സമ്മതം മൂളി.

'വര്‍ഷങ്ങള്‍ പലതും പിന്നിട്ടു. ഇസ്മാഈല്‍(അ)ന് ഏഴു വയസ്സായി. ഉപ്പ യാത്ര കഴിഞ്ഞു വരുമ്പോഴെല്ലാം അവര്‍ രണ്ടുപേരും കളിതമാശകളിലേര്‍പ്പടും. ഉപ്പച്ചി നൂറൂന് കഥപറഞ്ഞ് തര്ണത് പോലെ ഇബ്‌റാഹീം നബി (അ)മകന് കഥപറഞ്ഞു കൊടുക്കും'
അത് പറഞ്ഞപ്പോള്‍ നൂറയുടെ മുഖത്ത് വല്ലാത്തൊരു ചിരിവിടര്‍ന്നു.

 അങ്ങനെ തന്റെ ഓമനക്കുഞ്ഞ് തുള്ളിച്ചാടി നടക്കുന്നതും വര്‍ത്തമാനം പറഞ്ഞു ചിരിച്ചുകളിക്കുന്നതും കാണുമ്പോള്‍ ഇബ്രാഹീം(അ)നു എന്തൊരു സന്തോഷമാണെന്നോ! ആനന്ദാതിരേകത്താല്‍ അദ്ദേഹം മകനെ കെട്ടിപ്പിടിച്ചുമ്മവെക്കും. തുരുതുരാ നല്‍കുന്ന ചുടുചുംബനമേറ്റ് കുട്ടിയായ ഇസ്മാഈല്‍ നബി (അ)പൊട്ടിപ്പൊട്ടിച്ചിരിക്കും.'

നൂറയും ചിരിച്ചു. കാരണം അവളും അപ്പോൾ ആ കുടുംബത്തോടൊപ്പം സന്തോഷം പങ്കിടുന്നുണ്ടായിരുന്നു.

ഇതെല്ലാം കാണുന്ന ഇസ്മാഈല്‍ നബി(അ)യുടെ ഉമ്മാന്റെ സന്തോഷത്തിനതിരില്ലായിരുന്നു. അവര്‍ രണ്ടു പേരും കുട്ടിയെ വാരിപ്പുണര്‍ന്ന് ഉമ്മവെച്ച് വീര്‍പ്പുമുട്ടിക്കും. 
അതുപറഞ്ഞപ്പോള്‍ ഉപ്പച്ചി തന്റെ മൂക്കുകൊണ്ട് അവളുടെ മുഖത്ത് അങ്ങോട്ടുമിങ്ങോട്ടുമുരസി. നൂറയും ഉറക്കെ ചിരിച്ചു.

'ഉപ്പച്ചി ബാക്കി കഥ പറ....' അവള്‍ ചിരിനിറുത്തി കഥക്ക് കാത്തിരുന്നു.

'പക്ഷേ, ആ കുടുംബത്തിന്റെ കളിതമാശകള്‍ ഏറെനാള്‍ നീണ്ടുനിന്നില്ല. ഒരു ദിവസം ഇബ്രാഹീം(അ) ഉറങ്ങുകയായിരുന്നു. അപ്പോള്‍ ഒരു മലക്ക് അദ്ദേഹത്തിന്റെ അടുത്ത് വന്ന് പറയുന്നതായി നബി സ്വപ്‌നം കണ്ടു.
 ''ഓ ഇബ്രാഹീം! താങ്കളോട് മകന്‍ ഇസ്മാഈലിനെ ബലികഴിക്കാന്‍ അല്ലാഹു ആജ്ഞാപിക്കുന്നു.''
ഇബ്രാഹീം (അ)ഞെട്ടിയുണര്‍ന്നു. താനെന്താണീ കേട്ടത്? മകനെ ബലികഴിക്കണമെന്നോ? അദ്ദേഹം ചിന്താകുലനായി. തനിക്ക് തോന്നിയതായിരിക്കുമെന്ന് സമാധാനിച്ചു. പക്ഷെ, അടുത്ത രണ്ട് ദിവസങ്ങളിലും ഇതാവര്‍ത്തിച്ചു. 
ഇത് അല്ലാഹുവിന്റെ കല്‍പ്പനയാണെന്നദ്ദേഹത്തിന് ബോധ്യമായി. മകനെ വിളിച്ചു വിവരം പറയാന്‍ അദ്ദേഹം നിശ്ചയിച്ചു. അങ്ങനെ ഇബ്‌റാഹീം നബി(അ) മകനോട് പറഞ്ഞു : ''മോനേ... ഇസ്മായില്‍! നിന്നെ ബലിയര്‍പ്പിക്കണമെന്ന് അല്ലാഹു എനിക്ക് സ്വപ്നദര്‍ശനം നല്‍കിയിരിക്കുന്നു. നീയെന്തു പറയുന്നു?''
ഇത് കേള്‍ക്കുമ്പോള്‍ മകന്‍ ഭയപ്പെടുമായിരിക്കും എന്നായിരുന്നു ഇബ്‌റാഹീം നബി (അ)കരുതിയിരുന്നത്. പക്ഷെ, ഇസ്മാഈല്‍ നബി (അ)ധീരമായി പറഞ്ഞു: 
'' ഉപ്പാ...! അല്ലാഹു അങ്ങയോടെന്താണോ കല്‍പിച്ചത് അതങ്ങു നടപ്പാക്കുക! എനിക്കതില്‍ യാതൊരു കുഴപ്പവുമില്ല.'



അപ്‌ലോഡ് ചെയ്ത  Full പാർട്ട്‌ ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...

 click here