(PART 20) ഹബീബിനെ ﷺ 💖പ്രണയിച്ചവൾ
ഹബീബിനെ ﷺ 💖പ്രണയിച്ചവൾ
\ ⛔️Part-20⛔️
വീട്ടിലെല്ലാവരും കിടന്നിരുന്നു. പക്ഷെ, നൂറ ഇപ്പോഴും സ്റ്റഡീ ടേബിളില്‍ നിന്ന് എഴുന്നേറ്റിട്ടില്ല. ഫൈറൂസക്ക് താന്‍ പറഞ്ഞു കൊടുത്ത കാര്യം ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടുണ്ടെന്നാണ് മുഖഭാവത്തില്‍ നിന്ന് മനസ്സിലാകുന്നത്.
'റബ്ബേ...നീ ഞങ്ങളെ നേര്‍വഴിക്ക് നടത്തണേ...'
തന്റെ രണ്ടു കണ്ണുകള്‍ മേല്‍പ്പോട്ടുയര്‍ത്തി താഴ്ത്തികൊണ്ട് നൂറ മനസ്സില്‍ പറഞ്ഞു.
സ്റ്റഡീ ടേബിളിട്ടിരിക്കുന്നതിന്റെ വലതു ഭാഗത്തുള്ള ജനൽ തുറന്നാല്‍ വിശാലമായ മുറ്റവും പൂന്തോട്ടവും കാണാം. അവള്‍ പതുക്കെ ഒരു ജനല്‍ പൊളി തുറന്നു വെച്ചു. ജനവാതിൽ തുറക്കാനായി വലതു കൈ നീട്ടിയപ്പോൾ അവളുടെ ഇടത് ഭാഗത്തെ വാരിയെല്ലും നാഭിയും കൊളുത്തി വലിക്കുന്ന വേദന ക്ഷണനേരത്തിനുണ്ടായി. ഒരു നിമിഷം കണ്ണുകളടച്ച് പിടിച്ച് ശ്വാസമെടുത്തപ്പോൾ ആ വേദന പോവുകയും ചെയ്തു. ഇന്നിത് രണ്ടാം തവണയാണ് വേദന വരുന്നത്. കോളജിൽ നിന്നും ഉണ്ടായിരുന്നു. നല്ല തണുത്ത വെള്ളം കുടിച്ചപ്പോൾ അതുമാറി. കുറച്ചു കാലമായി ഇടക്കിടക്ക് ഈ വേദന വരാറുള്ളത് കൊണ്ട് സാധാരണ വേദന ക്ഷമിക്കാറുള്ളത് പോലെ ഇതും മാറുമായിരിക്കും. നൂറയുടെ മനസ്സ് മന്ത്രിച്ചു.
ജനവാതിൽ തുറന്നപ്പോൾ നല്ല നനുത്ത കാറ്റ് അവളെ മൃദുലമായി തലോടിക്കോണ്ട് പടിഞ്ഞാറിന് സഞ്ചരിച്ചു. നല്ല ശാന്തമായ രാത്രി. ഇന്നെന്തോ ഇരുട്ടിനിത്തിരി കറുപ്പ് കൂടുതാലാണെന്നവൾക്ക് തോന്നി. നൂറ തന്റെ കണ്ണുകളെ ഇരുട്ടിലേക്ക് പറഞ്ഞു വിട്ടു. കാതുകളോട് ആ നിശയുടെ നിശബ്ദതയാസ്വദിക്കുവാന്‍ പറഞ്ഞു.
ഇപ്പോള്‍ ചീവീടുകളുടെ കൂട്ട നിലവിളി ദൂരയെവിടെയോ നിന്ന് കേള്‍ക്കാം. ആണ്‍ചീവീടുകൾ പെണ്‍ചീവീടുകളെ ആകര്‍ഷിപ്പിക്കാന്‍ വേണ്ടിയാണത്രെ അങ്ങനെ ശബ്ദമുണ്ടാക്കുന്നത്. നൂറയോട് ആരോ പറഞ്ഞതാണ്. പുറത്തെ ഇരുട്ടിലേക്ക് കണ്ണും നട്ടിരുന്ന് അതാലോചിച്ചപ്പോള്‍ അവളുടെ മുഖത്ത് ചിരിവിടര്‍ന്നു. ഈ ആണ്‍വര്‍ഗത്തിന് പെണ്ണെന്ന് കേള്‍ക്കുമ്പോഴേക്ക് ഇത്രമേല്‍ വികാരപ്പെടാന്‍ സാധിക്കുന്നതെങ്ങിനെ.. !? അവളുടെ മുഖത്തപ്പോള്‍ ആശ്ചര്യത്തിന്റെ ഭാവമായിരുന്നു...! പെണ്ണുങ്ങളും വലിയ മെച്ചമൊന്നുമില്ല. തനിക്ക് വേണമെന്ന് തോന്നുന്നത്, എന്ത് തോന്നിവാസവും കാണിച്ച് തനിക്കാക്കാനും മറ്റുള്ളത് വെട്ക്കാക്കാനും അവരെ കഴിഞ്ഞിട്ടേ...മറ്റാരുമൊള്ളൂ..നൂറക്ക് സ്വയം ലജ്ജ തോന്നി. വിവാഹം മുടങ്ങിയതും പരസ്പരം വഞ്ചിച്ചതുമായ ഭാര്യാഭര്‍ത്താക്കന്മാരുടെ വാര്‍ത്തകള്‍ കേള്‍ക്കാത്ത ദിവസങ്ങള്‍ തന്നെ ഇപ്പോള്‍ ഉണ്ടാകാറില്ലെന്ന് തോന്നുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകളും, രാജ്യത്തെ ലൈംഗിക അതിക്രമങ്ങളെ കുറിച്ചും ആത്മഹത്യയെ കുറിച്ചുമെല്ലാം താന്‍ വായിച്ച ചില പുസ്തകങ്ങളും വാർത്തകളുമെല്ലാം അവളുടെ മനസ്സിലൂടെ വരിയിട്ടു നടന്നു പോയി. അവയുടെ കൂട്ടത്തിലൊന്നില്‍ അവളുടെ മനസ്സ് കടിഞ്ഞാണിട്ട് നിന്നു. അവള്‍ ആ പുസ്തകത്തിലേക്ക് ശ്രദ്ധിച്ച് നോക്കി. 'ആധ്യാത്മിക ലോകത്തെ കണ്ണീര്‍ നിമിഷങ്ങള്‍' , അവളുടെ ചുണ്ടുകളാ പേര് മന്ത്രിച്ചു.
പെട്ടെന്ന് എന്തോ ഓര്‍ത്തിട്ടെന്നോണം തന്റെ ചെയറില്‍ നിന്ന് എഴുന്നേറ്റ് പുസ്തകങ്ങള്‍ അടുക്കിവെച്ച ഷെല്‍ഫിന് നേരെ നടന്നു. പുസ്തകങ്ങള്‍ക്കിടയില്‍ നിന്ന് അവള്‍ ആ പുസ്‌കം കൈയ്യിലെടുത്തു. കഴിഞ്ഞ റമളാനില്‍ ഉപ്പച്ചി വാങ്ങി തന്നതാണ്. മഹാത്മാക്കളായ പണ്ഡിതന്മാര്‍ എന്തിനെല്ലാം വേണ്ടിയായിരുന്നു കരഞ്ഞത് എന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പലരാത്രികളിലും ഇതിലെ കഥകള്‍ വായിച്ച് കരഞ്ഞിട്ടുണ്ട്. താനെത്രമേല്‍ ഹതഭാഗ്യയാണെന്നോര്‍ത്ത് റബ്ബിന് മുമ്പില്‍ വിങ്ങിയിട്ടുണ്ട്.
രാത്രിയാണ് കരയാനനുയോജ്യമായ സമയമെന്ന് പലപ്പോഴും നൂറക്ക് തോന്നിയിട്ടുണ്ട്. അതെന്ത് കൊണ്ടായിരിക്കും...! ഒരുപക്ഷേ, ഇരുട്ടിനാണ് വെളിച്ചെത്തേക്കാൾ ഭയത്തെ ഉത്പാദിപ്പിക്കാനുള്ള ശേഷി. ഭയത്തിനാണല്ലോ നന്നായി കരയിപ്പിക്കാനുള്ള കഴിവ്. മനസ്സ് ശാന്തമായത് കൊണ്ടായിരിക്കണം അവളുടെ മനസ്സ് ഇന്നൊരു തത്വജ്ഞാനിയുടെ പര്യവേശമണിഞ്ഞത്.
ഏതായാലും ഇപ്പോള്‍ സ്ത്രീ-പുരുഷ വികാരത്തെ കുറിച്ച് ആലോചിച്ചപ്പോഴാണ് ഇതുമായി ബന്ധപ്പെട്ടൊരു ചരിത്രം താനെവിടെയോ വായിച്ചതായി അവള്‍ക്കോര്‍മ്മവന്നതും ഈ പുസ്തകമെടുത്തതും. അവള്‍ ആ ചരിത്രത്തിന് വേണ്ടി പരതി. കണ്ടു കിട്ടിയപ്പോള്‍ ഒരാവര്‍ത്തികൂടി വായിച്ചു.
മഹതി റാബിഅത്തുല്‍ അദവിയ്യ(റ) യും മഹാനായ ഹസനുല്‍ ബസ്വരി(റ)വും തമ്മിലുള്ള വിവാഹലോചനയുമായുണ്ടായ ഒരു സംഭാഷണമാണ് ചരിത്രത്തിന്റെ ഉള്ളടക്കം.
സൂഫീ ചരിത്രത്തില്‍ മഹതി റാബിഅതുല്‍ അദവിയ്യ(റ)യെ അറിയാത്തവരുണ്ടാവില്ല. അവരുടെ ചരിത്രങ്ങള്‍ പറയുന്ന ഒരുപാട് ഗ്രന്ഥങ്ങള്‍ നൂറ പലപ്പോഴായി വായിച്ചിട്ടുണ്ട്. എങ്ങനെയാണ് മഹതിക്ക് ഇത്രമേല്‍ അല്ലാഹുവിനെ ഇഷ്ടപ്പെടാന്‍ സാധിച്ചതെന്ന് അവള്‍ അത്ഭുതത്തോടെ ചിന്തിച്ചിട്ടുണ്ട്...!
നൂറയുടെ കണ്ണുകള്‍ പുസ്തകത്തിലൂടെ സഞ്ചരിച്ചു:
' മഹതി റാബിഅതുല്‍ അദവിയ്യ(റ) യുടെ ഭര്‍ത്താവ് മരിച്ചു. വിവരമറിഞ്ഞ ഹസന്‍ ബസ്വരി(റ) സഹചാരികളോടൊപ്പം മഹതിയെ കാണാന്‍ ചെന്നു. മഹതിയുമായുള്ള ഒരു കൂടികാഴ്ച്ചക്കുള്ള
അനുമതി കാത്ത് വീടിനു പുറത്ത് നിന്നു. വീടിനകത്ത് മറക്ക് പിറകിലിരുന്ന്; മഹതി മഹാനവര്‍കള്‍ക്കും അനുചരര്‍ക്കും സന്ദര്‍ശനാനുമതി നല്‍കി.
എല്ലാവരും മഹതിയുടെ സവിധത്തിലൊരുമിച്ചു കൂടി. അവര്‍ മഹതിയോടുള്ള സംസാരത്തിനിടയില്‍ ചോദിച്ചു:
'നിങ്ങളുടെ ഭര്‍ത്താവ് മരണപ്പെട്ടല്ലോ? ജീവിതത്തിലിനിയുമൊരു കൂട്ട് ആവശ്യമല്ലേ?'
ഉടനെ മഹതിയുടെ മറുപടിയെത്തി:
'അതെ, ആവശ്യമാണ്. നിങ്ങളില്‍ ഏറ്റവും വിവരമുള്ള ആള്‍ ആരാണ്? അവരെ ഞാന്‍ എന്റെ ഭര്‍ത്താവായി സ്വീകരിക്കാം.'
അവർ പറഞ്ഞു തീരേണ്ട താമസം ആ റൂമിലുണ്ടായിരുന്ന മറ്റു കണ്ണുകളെല്ലാം ഹസന്‍ ബസ്വരി(റ)വില്‍ കേന്ദ്രീകരിച്ചു. മഹാനവര്‍കളുടെ ചുറ്റും കൂടി നിന്നിരുന്നവര്‍ ഒന്നു കൂടി ഒതുങ്ങി കൂടി.
ഉടനെ മഹതിയുടെ അടുത്ത നിബന്ധനയെത്തി:
'ഞാന്‍ നിങ്ങളോട് നാലു ചോദ്യങ്ങള്‍ ചോദിക്കും; നാലിനും തൃപ്തികരമായ മറുപടി നല്‍കുകയാണെങ്കില്‍ നിങ്ങളെ വിവാഹം കഴിക്കാന്‍ എനിക്ക് പൂര്‍ണ്ണ സമ്മതമാണ്.'
ഒരു നിമിഷം ഒന്നമാന്ധിച്ചെങ്കിലും മഹാനർ സമ്മതം മൂളി:
'ശരി, റബ്ബിന്റെ തൗഫീഖുണ്ടെങ്കില്‍ ഞാന്‍ മറുപടി പറയാം'
നൂറ തന്റെ വായനയില്‍ ലയിച്ച് ചേര്‍ന്നു. അവള്‍ ആ സമയത്തെ ഹസനുല്‍ ബസ്വരി(റ)വിന്റെ മാനസികാവസ്ഥയെന്തായിരിക്കുമെന്ന് വെറുതെ ആലോചിച്ചു. അവളും ആ സദസ്സില്‍ ചെന്നിരുന്നു.
ആത്മീയ ചക്രവാളത്തിലെ സൂര്യതേജസായ മഹതിയെ തന്റെ ജീവിത പങ്കാളിയാക്കി;ഇരുലോക വിജയം കൈവരിക്കാന്‍ അവസരം കിട്ടിയാല്‍ ആരെങ്കിലും നഷ്ടപ്പെടുത്തുമോ!? ഇല്ല, തീര്‍ച്ച. ഇതു തന്നയായിരിക്കണം ഇവിടെയും സംഭവിച്ചത്. മഹതിയെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കി അല്ലാഹുവിന്റെ സാമീപ്യം വര്‍ദ്ധിപ്പിക്കുക.
നൂറ മഹതിയുടെ ആദ്യ ചോദ്യം വായിച്ചു.
'ഞാന്‍ മരിക്കുമ്പോള്‍ ഈമാനോട് കൂടിയാണോ മരിക്കുക? അല്ല, ഈമാനില്ലാതെയോ?'
സംശയമൊന്നും കൂടാതെ ഹസന്‍ ബസ്വരി(റ) മറുപടി പറഞ്ഞു:
ഇത് അല്ലാഹുവിന്റെ അദൃശ്യജ്ഞാനത്തില്‍പ്പെട്ടതാണ്. അതെങ്ങെനെ ഞാനറിയാനാണ്!?'
മറുപടി കേട്ട ഉടനെ മഹതിയുടെ രണ്ടാമത്തെ ചോദ്യമെത്തി:
'എന്നെ, ഖബ്റില്‍വെച്ച് മുന്‍കര്‍, നകീര്‍(അ) ചോദ്യം ചെയ്യുമ്പോള്‍ എനിക്ക് മറുപടി പറയാന്‍ സാധിക്കുമോ?'
മഹതിയുടെ ചോദ്യം മാറിയെങ്കിലും മഹാന്റെ മറുപടിക്ക് മാറ്റമുണ്ടായിരുന്നില്ല:
'ഇതും റബ്ബിന്റെ അദൃശ്യജ്ഞാനത്തില്‍പ്പെട്ട കാര്യമാണല്ലോ? !'
മഹതി അടുത്ത ചോദ്യത്തിലേക്ക് പ്രവേശിച്ചു:
'ജനങ്ങളെ ഖിയാമത്ത് നാളില്‍ മഹ്ശറയില്‍ ഒരുമിച്ച് കൂട്ടിയ ശേഷം, നന്മതിന്മകള്‍ രേഖപ്പെടുത്തിയ കിതാബുകള്‍ നല്‍കുമ്പോള്‍ എന്റെ കിതാബ് വലം കൈയ്യിലാണോ ഇടം കൈയ്യിലാണോ നല്‍കപ്പെടുക?'
മഹാന്‍ തന്റെ മറുപടി വീണ്ടും ആവര്‍ത്തിച്ചു, മഹതി അവസാന ചോദ്യമുന്നയിച്ചു:
'നാളെ ആഖിറത്തില്‍ എല്ലാ വിചാരണാ നടപടികള്‍ക്കും ശേഷം, 'ഒരു വിഭാഗം സ്വര്‍ഗത്തിലേക്കും മറ്റൊരു വിഭാഗം നരകത്തിലേക്കും പോകട്ടെ' യെന്ന് വിളിച്ചു പറയുമ്പോള്‍ ഞാന്‍ ഏതുവിഭാഗത്തിലാണ് ഉള്‍പ്പെടുക? '
ഉത്തരം ആവര്‍ത്തിക്കുകയെന്നല്ലാതെ മറ്റൊരു മറുപടി മഹാനവര്‍കള്‍ക്ക് ഉണ്ടായിരുന്നില്ല, അതല്ലാത്ത ഒരു മറുപടി മഹതി പ്രതീക്ഷിച്ചതുമില്ല. തുടര്‍ന്ന് മഹതി പറഞ്ഞു:
'ഈ നാലു കാര്യങ്ങളുടെയും ഉത്തരങ്ങളില്‍ ഒരു തീരുമാനം ആവാത്തിടത്തോളം കാലം ഒരാള്‍ക്കെങ്ങനെയാണ് വിവാഹത്തെ കുറിച്ച് ആലോചിക്കാന്‍ സാധിക്കുക!?'
ആ സെന്റന്‍സ് വായിച്ചപ്പോള്‍ നൂറയുടെ ശരീരത്തിലൂടെ ഒരു കുളിര് കടന്നു പോയി. മഹതി ഒരു സ്ത്രീ തന്നെയായിരുന്നോയെന്നവള്‍ അത്ഭുതപ്പെട്ടു.
ഇനിവായിക്കാന്‍ പോകുന്ന ഭഗമോര്‍ത്തിട്ടാണ് താനീ പുസ്തകമെടുത്തത് തന്നെ.
അവള്‍ ഒന്നു കൂടെ ആഞ്ഞിരുന്നതിന് ശേഷം ശ്രദ്ധയോട വായന തുടര്‍ന്നു :
അവസാനം മഹതി ഹസനെന്നവരോട് പറഞ്ഞു:
'ഓ, ഹസന്‍ ബസ്വരി തങ്ങളെ, നിങ്ങളൊന്നാലോചിച്ചു നോക്കൂ... അല്ലാഹു ബുദ്ധിയെ പത്ത് ഓഹരിയാക്കി വിഭജിച്ചു. അതില്‍ ഒമ്പതും പുരുഷന്മാര്‍ക്കാണ് നല്‍കിയത്. ഒന്നുമാത്രമേ സ്ത്രീകള്‍ക്ക് നല്‍കിയുള്ളൂ. അതു പോലെ വികാരത്തൈ(ലൈംഗികേഛ) പത്താക്കി വിഭജിച്ചു, അതില്‍ ഒമ്പതും സ്ത്രീകള്‍ക്ക് നല്‍കി. ഒന്നേ, പുരുഷന് നല്‍കിയുള്ളൂ.
എനിക്ക് നല്‍കപ്പെട്ട ഒരോഹരി ബുദ്ധിക്കൊണ്ട് എന്റെ ഒമ്പതോഹരി വികാരത്തെയും ഞാന്‍ അതിജയിച്ചു. എന്നാല്‍ നിങ്ങള്‍ക്ക് നല്‍കപ്പെട്ട ഒമ്പതോഹരി ബുദ്ധി കൊണ്ട് ഒരോഹരി വികാരത്തെ ക്ഷമിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ലേ?!'
ഹസനുല്‍ ബസ്വരിയുടെ മനസ്സിലപ്പോള്‍ അല്ലാഹു മാത്രമായിരുന്നു. മഹതിയുമായുള്ള ബന്ധം അല്ലാഹുവുമായുള്ള തന്റെ ബന്ധത്തിന് മാറ്റ് കൂട്ടും എന്നു കരുതിയിട്ട് തന്നെയാണ് ഈ ആലോചനക്ക് ഇറങ്ങി പുറപ്പെട്ടത്.
പക്ഷെ, മഹതിയുടെ സംസാരം തീരുമ്പോഴേക്കും കനത്തുപെയ്യാനിരിക്കുന്ന കാര്‍മേഘം പോലെ മൂടിക്കെട്ടിയിരുന്നു ഹസന്‍ ബസ്വരി(റ)യുടെ കണ്ണുകള്‍. കാരണം മഹാനെ സംബന്ധിച്ചിടത്തോളം ആ ചോദ്യങ്ങള്‍ക്ക് അത്രമേല്‍ പ്രഹര ശേഷിയുണ്ടായിരുന്നു. മഹാനവര്‍കള്‍ അവിടെ നിന്ന് കരഞ്ഞു കൊണ്ട്, മഹതിയുടെ ഓരോ ചോദ്യവും ചിന്തിച്ചു കൊണ്ട് ഇറങ്ങി നടന്നു."
നൂറ ആ കഥ വായിച്ചിട്ട് വീണ്ടും ആലോചനയിലാണ്ടു. അവള്‍ ഫൈസലിനെയും ഫൈറൂസയേയും കുറിച്ചോര്‍ത്തു. മനസിലൂടെ തന്റെ പല
മുഖങ്ങള്‍ മിന്നിമറിഞ്ഞു. മുറ്റത്ത് നിന്ന് എന്തോ ശബ്ദം കേട്ടപ്പോള്‍ അവള്‍ ഓര്‍മകളില്‍ നിന്ന് ഞെട്ടിയുണര്‍ന്നു. അവള്‍ ക്ലോക്കിലേക്ക് നോക്കി. സമയം പിതനൊന്ന് കഴിഞ്ഞിരിക്കുന്നു. പുസ്തകം ടേബിളില്‍ മടക്കി വെച്ചു കൊണ്ട് എഴുന്നേല്‍ക്കാനാഞ്ഞു.
പെട്ടെന്നവള്‍ക്ക് വീണ്ടും വയറിനകത്ത് എന്തോ കൊളുത്തി വലിക്കുന്നതായി അനുഭവപ്പെട്ടു. അവള്‍ തന്റെ രണ്ട് കൈയ്യും ഊരയുടെ ഭാഗത്ത് വെച്ച് വയറും കൂട്ടി ഞെക്കി പിടിച്ചതിന് ശേഷം ഒന്ന് നേരെ കുനിഞ്ഞു നിവര്‍ന്ന് നോക്കി. സാധാരണ വയറു കൊളുത്തി പിടിക്കുന്ന വേദന വന്നാല്‍ അങ്ങനെയാണ് ചെയ്യാറ്. അതോടെ ആ വേദന ഇല്ലാതാവുകയും ചെയ്യും. ചെറിയൊരാശ്വാസം തോന്നിയെങ്കിലും ഇത്തവണ ആ വേദന പോയില്ല.
അല്‍പ്പ സമയത്തിനകം വേദന അസഹ്യമാവാന്‍ തുടങ്ങി. എല്ലാവരും ഉറങ്ങിയത് കാരണമായിരിക്കാം മറ്റുള്ളവരെ വിളിക്കാന്‍ അവൾ മടിച്ചു.
വേച്ച്...വേച്ച്..കട്ടിലിലെത്തി. വയറമര്‍ത്തി കമിഴ്ന്നു കിടന്നു. പല്ലുകള്‍ കടിച്ചമര്‍ത്തി. അസഹ്യമായ വേദന കൊണ്ടായിരിക്കണം അവളുടെ കണ്‍തടങ്ങളില്‍ ഉറവപൊട്ടി.
'യാ റബ്ബ്.....എനിക്കിതെന്തുപറ്റി'
കടിച്ചു പിടിച്ച പല്ലുകള്‍ക്കിടയിലൂടെ അവളുടെ ശബ്ദം പതുക്കെ പുറത്ത് വന്നു. ഇനിയും തനിക്ക് സഹിക്കാന്‍ സാധിക്കില്ല. താഴെ ചെന്ന് ആരെയെങ്കിലും വിവരമറിയിക്കണം. അവള്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു...
ഇല്ല...തനിക്ക് എഴുന്നേല്‍ക്കാന്‍ സാധിക്കുന്നില്ലെന്നവള്‍ക്ക് ബോധ്യമായി. അവള്‍ വീണ്ടും വീണ്ടും ശ്രമിച്ചു. പക്ഷെ, ആ ശ്രമം വൃഥാവിലായിരുന്നു.
അവള്‍ ഉമ്മാ....യെന്നുറക്കെ വിളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ തൊണ്ടവിട്ട് പുറത്ത് വന്ന ശബ്ദം ആ റൂം വിട്ട് പുറത്ത് പോയില്ല. ശക്തമായ വേദന കാരണം അവള്‍ തന്റെ കയ്യൊന്നു കുടഞ്ഞു. കട്ടിലിനോട് ചാരിയുണ്ടായിരുന്ന ടീപോയില്‍ വെള്ളം നിറച്ചു വെച്ചിരുന്ന ചില്ലു പാത്രം നിലത്തു വീണുടഞ്ഞു.
'താന്‍ മരിക്കുകയാണോ....,,!? തന്റെ ബോധം നശിക്കുകയാണോ...!? ' എന്താണ് തനിക്ക് സംഭവിക്കുന്നതെന്നറിയാതെ അവളുടെ ചിന്ത പരക്കം പാഞ്ഞു...അവിടെ അവള്‍ കിനാകണ്ട സ്വപ്‌നങ്ങളുടെ ലിസ്റ്റ് ഓടി കളിക്കാന്‍ തുടങ്ങി.
അതിൽ ഏറ്റവും കൂടുതൽ അവൾ കണ്ടത് കല്യാണം കഴിച്ച് പ്രിയതമന്റെ കയ്യും പിടിച്ച് മദീനയില്‍ ചെന്ന് പച്ച ഖുബ്ബയിലേക്ക് നോക്കി
'അസ്സ്വലാത്തു വസ്സലാമു അലൈക്ക യാ റസൂലല്ലാഹ്....' എന്ന് അവരൊരുമിച്ച് സലാം പറയുന്ന ചിത്രമാണ്. ഏറ്റവും അവസാനവും മനസ്സ് അവള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ചതും ഈ ചിത്രമായിരുന്നു. കാരണം അവളുടെ പ്രാർത്ഥനകളിലെ നിത്യ സന്ദർശകരായിരുന്നു മദീനയും പ്രിയതമനും.
എന്തിനെന്നെയിങ്ങനെ കൊതിപ്പിക്കുന്നൂ....? വെന്ന് ചോദിച്ച് അവളുടെ കണ്ണുകള്‍ അണപൊട്ടിയൊഴുകി. അവളുടെ ചുണ്ടുകളില്‍ നിറഞ്ഞു നിന്ന ഇലാഹീ സ്മരണയോടെ ആ താമര കണ്ണുകള്‍ പതുക്കെ കൂമ്പിയടഞ്ഞു.
***
മുകളില്‍ നിന്ന് എന്തോ വീണുടയുന്ന ശബ്ദം കേട്ട് ഉമ്മച്ചി ഞെട്ടിയുണര്‍ന്നു, മുകളിലേക്കോടി....
( *തുടരും....*) ©️
😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*
അപ്‌ലോഡ് ചെയ്ത Full പാർട്ട് ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...
Post a Comment