(PART 19) ഹബീബിനെ ﷺ 💖പ്രണയിച്ചവൾ
ഹബീബിനെ ﷺ 💖പ്രണയിച്ചവൾ
⛔️Part-19⛔️
ഫൈറൂസ ക്ലാസിലേക്ക് കയറാനൊരുങ്ങിയതും ഡോറിന്റെ പിന്‍വശത്ത് നിന്ന് ഫൈസല്‍ അവളുടെ മുമ്പിലേക്ക് വന്നു.
'ഹായ്...ഫൈറൂ...ഗുഡ്‌മോണിങ്...'
അവന്‍ അവളെ വിഷ് ചെയ്തു. പെട്ടെന്ന് തന്നെ അവന്‍ മുമ്പിലേക്ക് വന്നത് കാരണം എന്തു ചെയ്യണമെന്നറിയാതെ അവളൊരു നിമിഷം തരിച്ചു നിന്നു. ഇന്ന് കോളേജിലേക്ക് വരുമ്പോള്‍ മനസ്സില്‍ ഭയപ്പെട്ടിരുന്ന കാര്യമെന്തോ അത് തന്നെ സംഭവിച്ചിരിക്കുന്നു! .
ഫൈസലിനെ അഭിമുഖീകരിക്കാതെ ഒഴിഞ്ഞു നടക്കണമെന്നതായിരുന്നു അവളുടെ ഉദ്ദേശ്യം. കാരണം അവന്റെ വിഷയത്തില്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ ഒരന്തിമ തീരുമാനമെടുക്കാന്‍ അവള്‍ക്കിതുവരെ സാധിച്ചിട്ടില്ല. ഇന്നലെ രാത്രി നൂറയോടും ഫര്‍സാനയോടുമൊപ്പം സമയം ചിലവഴിച്ചപ്പോള്‍ അവനെ കുറിച്ചുള്ള ചിന്തകള്‍ കുറച്ചു സമയത്തേക്കെങ്കിലും മനസ്സിലുണ്ടായിരുന്നില്ലായെന്ന കാര്യം സത്യമാണ്.
പക്ഷെ, വീണ്ടും തനിച്ചായപ്പോള്‍ അവന്‍ ഓടിക്കയറി മനസ്സിന്റെ വാതില്‍ക്കല്‍ വന്ന് മുട്ടികൊണ്ടിയിരിക്കയാണ്. അങ്ങനെ അവനെ കുറിച്ചുള്ള ചിന്തയിലായി ഏതോ സ്വപ്‌നലോകത്തിലേക്കെന്നോണം ക്ലാസിലേക്ക് കയറുമ്പോഴാണ് അവന്‍ മുമ്പിലേക്ക് എടുത്ത് ചാടിയത്.
ഫൈസലിന്റെ ചോദ്യം കേട്ട് ഫൈറൂസ പെട്ടെന്ന് തന്നെ തലതാഴ്ത്തി.
'നീയെന്താടീയിങ്ങനെ കൊച്ചു കുട്ടികളെ പോലെ...നമ്മളിത്രകാലം കണ്ട സ്വപ്‌നങ്ങളെല്ലാം നീ മറന്നു പോയോ... ഞാനൊരു തമാശ പറഞ്ഞെന്ന് കരുതി തെറ്റിപ്പിരിയാനുള്ളതാണോ നമ്മുടെ ജീവിതം... ഇണകളാവുമ്പം ഇണങ്ങിയും പിണങ്ങിയുമെല്ലാമിരിക്കും. ഞാന്‍ നിന്നെ വേദനിപ്പിച്ചെങ്കില്‍ നീയെന്നോട് ക്ഷമി...ഫൈറൂ...നീയില്ലാതെ എനിക്കാവില്ലെടീ....'
അവന്‍ അവളുടെ മുമ്പില്‍ കെഞ്ചി.
ആ സമയത്ത് നൂറയുടെ മുഖമാണവളുടെ മുമ്പില്‍ തെളിഞ്ഞത്.
'എന്തുവന്നാലും വിളിക്കണമെടി....ജീവിതത്തില്‍ സുപ്രധാന തീരുമാനമെടുക്കുമ്പോള്‍ ഒരിക്കലും ആലോചിക്കാതെ ചെയ്യരുത്. പരസ്പരം ചര്‍ച്ച ചെയ്യണം'
എന്ന അവളുടെ വാക്കുകള്‍ മനസ്സില്‍ തികട്ടി വന്നു. ഫൈറൂസ ശ്വാസമൊന്നാഞ്ഞു വലിച്ചു കൊണ്ട് പറഞ്ഞു:
' ഫൈസല്‍, പ്ലീസ് ഗിവ് മീ സം സ്‌പേസ്....ഐ ഹാവ് ടു തിങ്ക് എബൗട്ട് അസ്...'
പറഞ്ഞു തീര്‍ന്നപ്പോള്‍ അവളുടെ മുഖത്ത് ആശ്വാസം.
ഫൈസല്‍ ഒരു നിമിഷം അവളുടെ മുഖത്തേക്ക് നോക്കിയതിന് ശേഷം പറഞ്ഞു:
'ഒകെ... ഐ വില്‍ ഗിവ് യൂ ദ സ്‌പേസ് ബട് ഐ തിങ്ക് ദ ആന്‍സര്‍ വില്‍ ബി പോസിറ്റീവ്'
ഫൈസല്‍ അവള്‍ക്ക് വഴിയൊഴിഞ്ഞു കൊടുത്തു കൊണ്ട് പറഞ്ഞു.
അവള്‍ പെട്ടെന്ന് ക്ലാസിലേക്ക് കയറി. അന്ന് ക്ലാസില്‍ നടന്നതൊന്നും അവളറിഞ്ഞിരുന്നില്ല. ഹൃദയം സംഘര്‍ഷ ഭരിതമായിരുന്നു. കനത്ത ഒരു കരിമ്പാറ നെഞ്ചത്ത് കയറ്റിവെച്ച അവസ്ഥ. താന്‍ ജനിച്ചില്ലായിരുന്നുവെങ്കിലെന്ന തോന്നല്‍....അങ്ങനെ പലതും മനസ്സിലൂടെ ശരവേഗത്തില്‍ കടന്നു പോയി. എന്തൊക്കെയാണ് താന്‍ ചിന്തിച്ച് കൂട്ടിയതെന്ന് അവള്‍ക്ക് തന്നെയറിയില്ല.
എന്നാല്‍ ആ ചിന്തകളില്‍ എത്രയും പെട്ടെന്ന് വീട്ടിലെത്തണമെന്നും നൂറയെ കാണണമെന്നുമുള്ളത് മാത്രമേ ആ സമയത്ത് അവള്‍ക്ക് ആശ്വാസം പകരുന്നതായിട്ടുണ്ടായിരുന്നുള്ളൂ...
കോളേജില്‍ നിന്ന് നേരത്തെയിറങ്ങി. വീട്ടിലെത്തി ബാഗ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞ് 'ഉമ്മാ...ഞാന്‍ നൂറയെ കണ്ടിട്ട് വരാം...'ന്നും പറഞ്ഞ്, നൂറയുടെ വീട്ടിലേക്കോടി. പതിവില്ലാതെ നൂറയെ തേടി പോകുന്നത് കണ്ടപ്പോള്‍ സുലൈഖാത്തക്ക് കൗതുകം തോന്നിയെങ്കിലും ഇതൊരു നല്ലമാറ്റത്തിന്റെ ലക്ഷണമാണല്ലോയെന്ന് കരുതി സമ്മതം മൂളി.
നൂറയുടെ വീട്ടിലെത്തി കോളിങ് ബെല്ലില്‍ വിരലമര്‍ത്തി പുറത്ത് കാത്തിരുന്നു. നൂറയുടെ ഉമ്മച്ചി വന്ന് വാതില്‍ തുറന്നതും:
'നൂറയെത്തിയില്ലെത്താ...?'
സങ്കടവും മാനസിക സംഘര്‍ഷവും കൂടി കലര്‍ന്ന ശബ്ദത്തില്‍ ചോദിച്ചു.
ഉമ്മച്ചി അവളുടെ മുഖത്തേക്ക് ആശ്ചര്യത്തോടെ നോക്കിയിട്ട് ക്ലോക്കിലേക്ക് നോക്കി.
'അവള് വരാനകുന്നതല്ലേയൊള്ളൂ....മോള്‍ക്കെന്തു പറ്റി...വാ...വന്ന് ചായ കുടി അപ്പോഴേക്ക് അവള് വരും'
'ചായയൊന്നും വേണ്ടിത്ത അവള് വരട്ടെ, ഞാന്‍ കാത്തിരിക്കാം'
എന്നും പറഞ്ഞ് അവള് നൂറയുടെ റൂമിലേക്ക് കയറി പോയി.
ഇവള്‍ക്കിതെന്തു പറ്റിയെന്നാലോചിച്ച് ഉമ്മച്ചി ഒരു നിമിഷം ചിന്തയിലാണ്ടു.
' ആ...എന്തോ...ആവട്ടെ...' എന്നും പറഞ്ഞ് അടുക്കളയിലേക്ക് തന്നെ തിരിച്ചു നടന്നു.
ഫൈറൂസ നൂറയുടെ റൂമിൽ തലങ്ങും വിലങ്ങും നടന്നു. ഒരുപാട് സമയം കട്ടിലില്‍ മുഖമമര്‍ത്തി കിടന്ന് നോക്കി. തലയിണയെടുത്ത് തലക്കു മുകളിലൂടെയിട്ട് ഇരുവശവും വെച്ച് കാതുകളടച്ചു പിടിച്ചു . എന്ത് ചെയ്തിട്ടും അവള്‍ക്ക് നില്‍ക്കകള്ളി ലഭിക്കുന്നില്ല. അവള്‍ തല ഉയര്‍ത്തി ക്ലോക്കിലേക്ക് ഇടക്കിടക്ക് നോക്കി. സമയം ഇത്ര പതുക്കയാണോ പോകുന്നതെന്ന് കോപാകുലയായി. ആരോടാണ് താനീ ദേഷ്യപെടുന്നതെന്ന് അവള്‍ക്ക് തന്നെയറിയില്ലായിരുന്നു. ആ സമയത്തവളെ കണ്ടാല്‍ ഇവളൊരു സമനില തെറ്റിയ കുട്ടിയാണെന്നേ ആരും പറയൂ...
പുറത്ത് കോളിങ് ബെല്ല് മുഴങ്ങി. 'അസ്സലാമു അലൈക്കും' എന്ന നൂറയുടെ ശബ്ദവും. ഫൈറൂസയുടെ മനസ്സിലപ്പോള്‍ ഒരു കുടം തണുത്ത വെള്ളം ശരീരത്തിലൊഴിച്ച പ്രതീതി.
നീട്ടിയൊരു സമാശ്വാസ നിശ്വാസമയച്ചു. താഴേക്ക് പോകാനവള്‍ കതക് തുറന്നു. വേണ്ട നൂറ ഇങ്ങോട്ട് വന്നിട്ട് പറയാമെന്ന് കരുതി ആ ശ്രമമുപേക്ഷിച്ചു.
' നിന്നെ കാണാന്‍ ഫൈറൂസ വന്നിട്ടുണ്ട്... മുകളിലെ മുറിയിലുണ്ട്'
നൂറയോട് ഉമ്മച്ചി പറയുന്നത് അവൾ കേട്ടു.
'ആണോ...എന്നാ ഞാനവളെ കണ്ടേച്ചും വരാം...'
നൂറ സന്തോഷത്തോട റൂമിലേക്ക് ഓടികിതച്ച് ചെന്നു. കാരണം കോളേജ് കഴിഞ്ഞ് വരുമ്പോള്‍ ഫൈറൂസ അവളുടെ വീടിന്റെ മുന്‍വശത്തുണ്ടോന്ന് നൂറയും നോക്കിയതാണ്. കാണാതിരുന്നപ്പോള്‍ കോളേജില്‍ നിന്ന് എത്തിയിട്ടുണ്ടാവില്ലായെന്നു കരുതിയിട്ടാണ് പോന്നത്.
നൂറ റൂമിന്റെ വാതില്‍ തുറന്നതും ഫൈറൂസ അവളെ ഓടിചെന്ന് കെട്ടി പിടിച്ചു കൊണ്ട് കരഞ്ഞു. നൂറ ഒരു നിമിഷം സ്തപ്ദയായി നിന്നു.
'എന്താടി...എന്തുപറ്റി നീ കരയാതെ കാര്യം പറ...'
നൂറ സംഭവമറിയാതെ ചോദിച്ചു.
ഫൈസലിനോട് എനിക്ക് ആലോചിക്കാന്‍ സമയം തരണമെന്നാവശ്യപ്പെട്ടതുംഅവന്‍ ഉത്തരം പോസിറ്റീവായിരിക്കണമെന്നു പറഞ്ഞതും തുടങ്ങി കോളേജില്‍ വെച്ചുണ്ടായ സംഭവങ്ങളെല്ലാം ഫൈറൂസ അവള്‍ക്ക് വിവരിച്ചു നല്‍കി.
'ഞാനെന്താ...ചെയ്യേണ്ടത് നൂറാ...എനിക്കാകെ ഭയമാകുന്നുണ്ട്...'
ഫൈറൂസ തന്റെ നിസഹായത നൂറയ്ക്ക് മുമ്പില്‍ തുറന്നു പറഞ്ഞു.
നൂറ എല്ലാം ശ്രദ്ധയോടെ കേട്ടു. ശേഷം വീണ്ടും അവളെ അടുത്ത് വിളിച്ച് പതുക്കെ ആലിംഗനം ചെയ്തു. ഫൈറൂസ നൂറയുടെ തോളില്‍ ചാഞ്ഞു കിടന്ന് തേങ്ങി കരഞ്ഞു. നൂറയോട് എല്ലാം പറഞ്ഞപ്പോള്‍ മനസ്സിന് വല്ലാത്ത ഒരാശ്വാസം പോലെ അവള്‍ക്കനുഭവപ്പെട്ടു.
'നീ അസ്വര്‍ നിസ്‌കരിച്ചോ....?'
തന്റെ തോളില്‍ ചാഞ്ഞു കിടക്കുന്ന ഫൈറൂസയോട് നൂറ പതുക്കെ ചോദിച്ചു.
'ഇല്ല'
ഫൈറൂസ ഒരു കൊച്ചു കുട്ടിയെ പോലെ ഉത്തരം പറഞ്ഞു.
'എങ്കില്‍ നീ ചെന്ന് ഒന്ന് കുളിച്ച് ഫ്രഷായി വുളൂഅ് ചെയ്ത് വാ...കുളിക്കുമ്പോള്‍ മനസ്സിലുള്ള ചിന്തകളെല്ലാം ആ വെള്ളത്തോടൊപ്പം ഒലിച്ച് പോകുന്നതായി സങ്കല്‍പ്പിച്ചേക്ക്...നല്ല മനസമാധാനം കിട്ടും..എന്നിട്ട് നമുക്കൊരുമിച്ച് നിസ്‌കരിക്കാം'
നൂറ അവളെ മെല്ലെ ബാത്ത് റൂമിലേക്ക് പറഞ്ഞയച്ചു. നൂറയും താഴെപോയി ഫ്രഷായി വുളൂഅ് ചെയ്ത് വന്നു. അവരിരുവരും ജമാഅത്തായി നിസ്‌കരിച്ചു.
നിസ്‌കാരം കഴിഞ്ഞപ്പോഴേക്കും ഉമ്മച്ചി നല്ല ചൂടു ചായയുമായി മുകളിലേക്ക് വന്നു. അവർ ചായകുടിക്കാനാരംഭിച്ചു.
നൂറ ഫൈറൂസയുടെ മുഖഭാവം ശ്രദ്ധിച്ചു. തുടക്കത്തിലുണ്ടായിരുന്നത്ര സങ്കടം അവള്‍ക്കിപ്പോഴില്ലെന്ന് നൂറയ്ക്ക് മനസ്സിലായി. അവൾ പതുക്കെ തൊണ്ടയനക്കി.
ഗ്ലാസിലെ ചൂടു ചായയൂതി കുടിക്കുകയായിരുന്ന ഫൈറൂസ കണ്ണുകള്‍ രണ്ടും എന്തായെന്നര്‍ത്ഥത്തില്‍ മേല്‍പ്പോട്ടുയര്‍ത്തി നോക്കി.
'ഞാന്‍ നിനക്കൊരു കഥ പറഞ്ഞു തരട്ടെ...'
ഫൈറൂസ താന്‍ പറയാന്‍ പോകുന്നതുള്‍ക്കൊള്ളാന്‍ പാകത്തിലുള്ള മാനസികാവസ്തയിലാണുള്ളതെന്ന് ബോധ്യമായതിന് ശേഷം നൂറ ചോദിച്ചു.
ഫൈറൂസ സമ്മതം മൂളി.
' ഞാന്‍ കോളേജില്‍ പോകാന്‍ തീരുമാനിച്ചന്ന് മുതല്‍ ഉപ്പച്ചിയെനിക്ക് ഓരോ ദിവസവും ഓരോ കഥ പറഞ്ഞു തരുമായിരുന്നു. അതിലൊരു കഥയാണിത്.'
'ഉം...നീ പറ'
'ഹബീബായ നബിതങ്ങള്‍ ﷺ പറഞ്ഞ കഥയാണ്. കഥയുടെ പൂര്‍ണ്ണ രൂപം ഞാന്‍ പറയുന്നില്ല. പക്ഷെ, അതിലൊരു ഭാഗം നിന്റെ ഈ സന്ദര്‍ഭവുമായി നന്നായി യോജിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ട് ആ ഭാഗം മാത്രം ഞാന്‍ പറയാം...'
'ഉം...'
ഫൈറൂസ മൂളി.
'ഒരിക്കല്‍ ബനൂ ഇസ്‌റാഈലിലെ മൂന്ന് ചെറുപ്പക്കാർ ഒരു യാത്ര പുറപ്പെട്ടു. വഴിമധ്യേ അന്തരീക്ഷം രൗദ്ര രൂപം പൂണ്ടു. കാറ്റും കോളുമുണ്ടായി. ശക്തമായ മഴ പെയ്യാനാരംഭിച്ചു. ഒരു നിലക്കും മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് കണ്ട അവര്‍ കയറി നില്‍ക്കാന്‍ പറ്റിയ ഒരു സ്ഥലത്തിന് വേണ്ടി പരതി'
നൂറ താന്‍ പറയാന്‍ പോകുന്ന കഥക്ക് പറ്റിയ അറ്റ്‌മോസ്ഫിയറൊരുക്കി ആമുഖമെന്നോണം പറഞ്ഞു. ശേഷം തുടര്‍ന്നു:
'അതാ...നമുക്ക് അങ്ങോട്ട് കയറി നില്‍ക്കാം....'
'തുള്ളിക്കൊരു കുടം കണക്കെ കോരിച്ചൊരിയുന്ന മഴയത്ത് ഒരാള്‍ കുറച്ച് ദൂരെയായി താന്‍ കണ്ട ഗുഹയിലേക്ക് ചൂണ്ടി ഒച്ചയിട്ടു കൊണ്ട് പറഞ്ഞു. ശക്തമായ മഴ കാരണം അയാള്‍ പറഞ്ഞതെന്താണെന്ന് വ്യക്തമായി കേട്ടില്ലെങ്കിലും അയാള്‍ വിരല്‍ ചൂണ്ടിയ ഭാഗത്ത് ഒരു ഗുഹയുള്ളതായി മറ്റുള്ളവര്‍ കണ്ടു. അങ്ങനെ അവര്‍ ഗുഹയിലേക്ക് ഓടി കയറി. മഴയില്‍ നിന്ന് രക്ഷപ്പെട്ടതില്‍ പരസ്പരം സന്തോഷം പങ്കിട്ടു.'
നൂറ ഒരു കഥപറയുന്ന ലാഘവത്തോടെ മൃദുവായി പറഞ്ഞു.
'പക്ഷെ, അവരുടെ ആ സന്തോഷത്തിന് അധിക സമയത്തെ ആയുസുണ്ടായിരുന്നില്ല. കാരണം ' തങ്ങള്‍ നില്‍ക്കുന്ന ഗുഹ ഉള്‍ക്കൊള്ളുന്ന മലമുകളില്‍ നിന്ന് എന്തോ നിരങ്ങി നീങ്ങുന്നതായി അവര്‍ക്കനുഭവപ്പെട്ടു. പെട്ടെന്ന് ഒരു ഭീകര ശബ്ദത്തോട് കൂടെ ഒരു ഭീമാകാരന്‍ കരിമ്പാറ അവരുടെഗുഹാമുഖമടച്ചു കൊണ്ട് വന്ന് വീണു.'
നൂറയുടെ മുഖത്തും ആ നിമിഷത്തെ ഭയാനകത തെളിഞ്ഞു നിന്നിരുന്നു.
'അവരുടെ സന്തോഷം സങ്കടത്തിന് വഴിമാറി. മൂവരും ഒരുമിച്ച് ആ കല്ലിനെ മറിച്ചു നീക്കാന്‍ ശ്രമിച്ചു. പക്ഷെ, അവരുടെ ഊര്‍ജം നഷ്ടമായത് മിച്ചമെന്നല്ലാതെ ആ കല്ല് അവരുടെ തള്ളല്‍ അറിഞ്ഞ ഭാവം പോലും നടിച്ചില്ല.'
നൂറ ഒന്ന് നിർത്തിയതിന് ശേഷം ഫൈറൂസയെ നോക്കി. അവള്‍ കഥയില്‍ ലയിച്ച് സാകൂതം ശ്രദ്ധിച്ചിരിക്കുകയാണ്.
'ഇനി ഞാന്‍ പറയുന്ന കാര്യങ്ങളാണ് നീ ശ്രദ്ധിച്ച് കേള്‍ക്കേണ്ടത്. കഥാതന്തു ഈ പാര്‍ട്ടിലാണ്. അഥവാ, അവര്‍ മൂവരും അല്ലാഹുവിനോട് മനമുരുകി പ്രാര്‍ത്ഥിക്കുന്നു. തുടര്‍ന്ന് അവരൊരു തീരുമാനത്തിലെത്തി. നമ്മള്‍ മൂന്ന് പേരും ജീവിതത്തില്‍ ചെയ്ത നന്മകള്‍ എടുത്ത് പറഞ്ഞു കൊണ്ട് അത് റബ്ബ് സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ഈ പാറ നീങ്ങി നമുക്ക് രക്ഷപ്പെടാനുള്ള വഴിതുറന്നു തരാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാം. എല്ലാവരും ആ തീരുമാനത്തോട് യോജിച്ചു. അങ്ങനെ ഒന്നാമന്‍ തന്റെ കാര്യം പറഞ്ഞു കൊണ്ട് പ്രാര്‍ത്ഥന നടത്തി. പാറ അതിന്റെ യഥാസ്ഥാനത്ത് നിന്ന് അല്‍പം നീങ്ങി. ഇവിടെ പ്രസക്തമല്ലാത്തത് കൊണ്ട് ആ കഥ ഞാന്‍ പറയ്ണില്ല. പക്ഷെ, രണ്ടാമന്റെ കഥയാണ് നമ്മുടെ വിഷയം'
നൂറ കഥപൂര്‍ണ്ണമായി പറയാത്തതിന്റെ കാരണം പറഞ്ഞു.
'എന്താണ് രണ്ടാമന്റെ കഥ...'
ഫൈറൂസയും കഥയോടൊപ്പം സഞ്ചരിക്കാന്‍ തുടങ്ങി.
അത് കേട്ടപ്പോള്‍ നൂറ അവേശത്തോടെ പറഞ്ഞു തുടങ്ങി:
'അയാള്‍ ഇരുകരങ്ങളും മേല്‍പ്പോട്ടുയര്‍ത്തി പറഞ്ഞു:
'അല്ലാഹുവേ...എന്റെ പിതൃസഹോദരന്റെ പെണ്‍മക്കളില്‍ നിന്ന് ഏറ്റവും സുന്ദരിയായ ഒരുത്തിയെ ഞാന്‍ അതിരറ്റ് സ്‌നേഹിച്ചിരുന്നത് നിനക്കറിയാം. അവള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ ഞാന്‍ തയ്യാറായിരുന്നു. അവളെ പുല്‍കുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. അത്രമേല്‍ അഭിനിവേശമുണ്ടായിരുന്നു എനിക്കവളില്‍...ഒരു പുരുഷന് ഒരു സ്ത്രീയിലുണ്ടാകുന്ന ആഗ്രഹത്തിന്റെ പരിമകാഷ്ഠയിലായിരുന്നു ഞാന്‍. അങ്ങനെ ഒരിക്കല്‍ അവള്‍ക്ക് ഒരു നൂറ് ദീനാറിന്റെ ആവശ്യം വന്നു. എവിടെ ചെന്ന് അന്വേഷിച്ചിട്ടും കിട്ടാതിരുന്നപ്പോള്‍ അവസാനം അവളെന്നെ സമീപിച്ചു. ഞാന്‍ അതൊരവസരമാക്കി കരുതി കൊണ്ട് അവളോട് പറഞ്ഞു:
'പണം ഞാന്‍ തരാം...പക്ഷെ നീ എന്റെ ഇംഗിതത്തിന് വഴങ്ങിത്തരണം'
ആ പണം അത്രമേല്‍ അത്യാവശ്യമായത് കൊണ്ടായിരിക്കണം അവള്‍ അല്‍പസമയത്തെ ആലോചനകള്‍ക്ക് ശേഷം മനസ്സില്ലാമനസ്സോടെ സമ്മതം മൂളി. ഞാന്‍ ആവേശത്തോടെ അവള്‍ക്ക് പണം കൈമാറി.
എന്റെ സ്വപ്‌നം പൂവണിയാന്‍ പോകുന്ന സന്തോഷത്തിലായിരുന്നു ഞാന്‍. ഇത്ര കാലം ഞാന്‍ കാത്തിരുന്ന നിമിഷമിതാ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. അവള്‍ എനിക്ക് തന്ന വാക്ക് പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി എന്നെ സമീപിച്ചു. അങ്ങനെ ഞാനും അവളും മാത്രമായി റൂമില്‍. ഞങ്ങള്‍ പൂര്‍ണ്ണ വിവസ്ത്രരായി. ഞാന്‍ വേഴ്ച നടത്താന്‍ വേണ്ടി അവളുടെ ശരീരത്തിലേക്ക് കയറുമ്പോള്‍ എന്റെ കണ്ണുകളിലേക്ക് നോക്കിയിട്ട് അവള്‍ തറപ്പിച്ചൊരു ചോദ്യം :
'നിനക്ക് അല്ലാഹുവിനെ ഭയമില്ലേ....!?'
ആ ചോദ്യം ഫൈറൂസയുടെ ഇടനെഞ്ചിലെവിടെയോ തറച്ചെന്ന് തോന്നുന്നു. അവളൊന്ന് നടുങ്ങി. നൂറ കഥ തുടര്‍ന്നു:
'റബ്ബേ...അന്നവള്‍ ചോദിച്ച ആ ചോദ്യം എന്റെ ഹൃദയത്തില്‍ ഒരു ഇടിത്തീ പോലെയാണ് ചെന്ന് പതിച്ചത്. ഞാന്‍ അവളുടെ ശരീരത്തില്‍ നിന്ന് തെന്നിമാറി. എന്റെ ഹൃദയം പിടച്ചു. അവളോട് ഞാന്‍ പോകാന്‍ പറഞ്ഞു. റബ്ബേ....നിന്നെ ഭയപ്പെട്ട ഒറ്റ കാരണം കൊണ്ടു മാത്രമാണ് ഞാനന്ന് ആ തെറ്റില്‍ നിന്ന് മാറി നിന്ന്തെന്ന് നിനക്ക് നന്നായിട്ടറിയാം. അത് നീ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ഈ പാറ നീ മാറ്റണേ...അയാള്‍ അല്ലാഹുവിനോട് മനമുരുകി ദുആ ചെയ്തതും ആ പാറ അല്‍പം കൂടെ നീങ്ങി. അഥവാ....അല്ലാഹു അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന സ്വീകരിച്ചുവെന്നര്‍ത്ഥം'
നൂറ കഥ നിർത്തിയിട്ട് തലതാഴ്ത്തി കഥ ശ്രദ്ധിക്കുന്ന ഫൈറൂസയുടെ കവിളില്‍ പിടിച്ച് അവളുടെ മുഖം തന്റെ മുഖത്തിന് അഭിമുഖമാക്കി പിടിച്ചതിന് ശേഷം പറഞ്ഞു:
'ഫൈറൂ...ഇതുപോലൊരു സന്ദര്‍ഭത്തിലാണ് നീയിപ്പോഴുള്ളത്. ആ ബനൂ ഇസ്‌റാഈലിലെ രണ്ടാമന്‍ നിന്നെക്കാള്‍ ഒന്നുകൂടെ കടന്ന് ചെന്നിരുന്നു. തന്റെ സ്വപ്ന പൂർത്തീകരണത്തിന്റെ പടിവാതിൽക്കലായിരുന്നു അയാള്‍. എന്നിട്ടും റബ്ബിനെയോര്‍ത്തപ്പോള്‍ അയാള്‍ ഭയചകിതനായി നേര്‍മാര്‍ഗത്തിലേക്ക് തിരിച്ചു വന്നു. അല്ലാഹുവത് സ്വീകരിക്കുകയും ചെയ്തു. അതു കൊണ്ട് നീ ചിന്തിക്ക്...അവന്‍ നിന്നോട് നാളെയൊരുത്തരം പറയാന്‍ പറഞ്ഞുവെന്നല്ലേ നീ പറഞ്ഞത്. നീ റബ്ബിനെ പേടിക്കുന്നുണ്ടെങ്കില്‍ നിന്റെ ഉത്തരമെന്താവണമെന്നതില്‍ നിനക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വരില്ല. ഈ ദുനിയാവിൽ റബ്ബിനെയല്ലാതെ നമുക്ക് വേറെയാരെയും പേടിക്കേണ്ടതുമില്ലല്ലോ...! പിന്നെ, ആ ഉത്തരം നീയും നിന്റെ റബ്ബും തമ്മിലുള്ള ബന്ധവും നിനക്ക് മനസ്സിലാക്കി തരും. '
നൂറ തന്റെ സംസാരം നിർത്തി.
ഫൈറൂസ നൂറയുടെ മുഖത്ത് നോക്കി തലയാട്ടി കൊണ്ട് പുഞ്ചിരിച്ചു. ആശ്വാസത്തിന്റെ പുഞ്ചിരി. ഫൈസലിനോട് എന്ത് ഉത്തരം പറയണമെന്ന് അവള്‍ക്കിപ്പോള്‍ കൃത്യമായിട്ടറിയാം. അവര്‍ വീണ്ടും ആലിംഗനം ചെയ്തു. 'നൂറൂ...നീയില്ലായിരുന്നെങ്കില്‍...ഞാനെന്ത് ചെയ്യുമായിരുന്നു...'
ഫൈറൂസ പരിഭവിച്ചു.
'അതോര്‍ത്ത് നീ പരിഭവിക്കേണ്ട...നമുക്ക്
റബ്ബില്ലേടീ...എല്ലാത്തിനും'
നൂറ അവളുടെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.
( *തുടരും....*)
അപ്‌ലോഡ് ചെയ്ത Full പാർട്ട് ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...
Post a Comment