(PART 18) ഹബീബിനെ ﷺ 💖പ്രണയിച്ചവൾ

 

*ഹബീബിനെ ﷺ  💖പ്രണയിച്ചവൾ*


           ⛔️Part-18⛔️




രാത്രി എപ്പോഴാണുറങ്ങിയതെന്ന് അവര്‍ക്ക് മൂന്ന് പേര്‍ക്കും കൃത്യമായിട്ട് അറിയില്ല. അവര്‍ കഥകള്‍ പറഞ്ഞു ഓര്‍മകള്‍ പുതുക്കി. ഫൈറൂസ തന്റെ വ്യഥകളും ആവലാതികളുമെല്ലാം അവരുടെ മുമ്പില്‍ ഇറക്കിവെച്ചു. അതെല്ലാം പറഞ്ഞു തീര്‍ന്നപ്പോള്‍ അവള്‍ക്കെന്തോ ഭാരമിറക്കിവെച്ച പ്രതീതി. പരസ്പരം ആവശ്യമുള്ള സമയത്ത് സാന്ത്വനമായും തുണയായും കൂടെയുണ്ടാകുമെന്ന് എല്ലാവരും പ്രതിജ്ഞയെടുത്തു. 

ജീവിതത്തില്‍ സ്വയം തീരുമാനമെടുക്കുന്നതിന് മുമ്പ് പരസ്പരം അഭിപ്രായം തേടണമെന്നതില്‍ അവര്‍ക്ക് ഏകാഭിപ്രായമായിരുന്നു.

നൂറ തന്റെ ആത്മീയ കുടുംബശ്രീയെന്ന ആശയം അവര്‍ക്ക് മുമ്പിലവതരിപ്പിച്ചു. എന്നാല്‍ ഹിസ്ബ് ക്ലാസരംഭിക്കുന്നതിന് മുമ്പ് നമുക്ക് ഇതാലോചിക്കാമെന്ന് ഫൈറൂസ. അങ്ങനെയവാമെന്ന് നൂറ. അവള്‍ താനെഴുതിയുണ്ടാക്കിയ നിബന്ധനകളോരോന്നും അവരെ ഉറക്കെ വായിച്ചു കേള്‍പ്പിച്ചു. 


*ആത്മീയ കുടുംബശ്രീ*:


1. ആത്മീയാന്തരീക്ഷത്തിലുള്ളതായിരിക്കണം


2. ഓരോ ദിവസവും അംഗങ്ങള്‍ അവരുടെ ജീവിതത്തിലുണ്ടായ സന്തോഷ സന്താപങ്ങള്‍ പങ്കുവെക്കണം.


3. കഴിവതും സമപ്രായക്കാരാവണം.


4.എന്തും തുറന്ന് പറയാനുള്ള  അവസരം നല്‍കണം. (പൂര്‍ണ്ണമായി ലഭിക്കേണ്ടവര്‍ ഭാഗം 10 വായിക്കുക). 


വായന കഴിഞ്ഞപ്പോള്‍ നൂറ അവരെ നോക്കി. രണ്ട് പേര്‍ക്കും പൂര്‍ണ്ണ സമ്മതം. ആദ്യഘട്ടമെന്ന നിലയില്‍ നിലവിലെ ഗ്രൂപ്പംഗങ്ങളായ അവർ മൂന്നു പേരും ആഴ്ചയിലൊരിക്കല്‍ ഒരുമിച്ച് കൂടണമെന്ന് തീരുമാനമായി. ആദ്യ ഘട്ടമായി അടുത്ത വെള്ളിയാഴ്ച വൈകുന്നേരം എന്റെ വീട്ടിലാവാമെന്ന് ഫൈറൂസ ആവേശത്തോടെ പറഞ്ഞു. 


സാധിക്കുമെങ്കില്‍ ഓരോരുത്തരും നാട്ടിലെ ഏതെങ്കിലും ഒരു സഹപ്രവര്‍ത്തകയെi കൂടെക്കൂട്ടാന്‍ ശ്രമിക്കണമെന്നും നൂറ ഓര്‍മപ്പെടുത്തി. പ്രധാനപ്പെട്ട എന്ത് തീരുമാനമെടുക്കുകയാണെങ്കിലും ആ വിഷയവുമായി അറിവുള്ളവരോട് മുശാവറ നടത്താനും തീരുമാനിച്ചു. അവസാനമവര്‍ സന്തോഷത്തോടെ പ്രാര്‍ത്ഥന നടത്തി സ്വലാത്ത് ചൊല്ലി കിടന്നു. നൂറയുടെ മനസ്സ് അല്ലാഹുവിന് ഹംദുകളര്‍പ്പിച്ചു കൊണ്ടേയിരുന്നു.


പിറ്റേന്ന് പ്രാതലിന് ശേഷമാണ് ഫൈറൂസ സലാം പറഞ്ഞു പിരിഞ്ഞത്. പോകാന്‍ നേരം നൂറ അവളുടെ അടുത്ത് ചെന്ന് പറഞ്ഞു: 


'എടീ...എന്തുണ്ടെങ്കിലും വിളിക്കാന്‍ മറക്കരുതേ...'


'ഞാന്‍ വിളിക്കാടീ...ഇനിയും നിന്നാല്‍ കോളേജിലേക്ക് വൈകും. നിങ്ങള്‍ക്കും പോകാനായില്ലേ...'

ഫൈറൂസ ധൃതിയിട്ട് ഇറങ്ങുന്നതിനിടയില്‍ ചോദിച്ചു.


'അതെ, ഞങ്ങളും ഇറങ്ങുകയാണ്...'


നൂറ തിരിച്ച് വീടുനുള്ളിലേക്ക് തന്നെ നടക്കുന്നതിനിടയില്‍ പറഞ്ഞു.


'ഡീ നിന്റെ ഒരുക്കങ്ങളൊക്കെ കഴിഞ്ഞോ...?'


ഉമ്മമ്മയോട് സൊറ പറഞ്ഞിരിക്കുന്ന ഫര്‍സാനയോട് നൂറ വിളിച്ച് ചോദിച്ചു. 


'ഇല്ലടീ....ദാ വരുന്നു, ഉമ്മമ്മാ.. ന്നാല്‍ ഞാന്‍ പോയി റെഡിയാവട്ടെ...ഇനിയും കാണണം. അസ്സലാമു അലൈക്കും'

ഫര്‍സാന ഉമ്മമ്മയുടെ ചുളിവുകള്‍ വീണ നെറ്റിത്തടത്തില്‍ ഉമ്മവെച്ച് കൊണ്ട് തിരിഞ്ഞു നടക്കുന്നതിനിടയില്‍ പറഞ്ഞു.


 'അയ്‌ക്കോട്ടെ കുട്ട്യേ...ഞ്ഞിഉം വരോണ്ടീ....' 

 അവളോട് പറഞ്ഞ് തീരാനുള്ള കഥകള്‍ ഇനിയുമൊരുപാടുണ്ടെന്നോണം വാര്‍ധക്യം ബാധിച്ച ശബ്ദത്തില്‍ ഉമ്മമ ഇടറി പറഞ്ഞു.


കോളേജിലേക്കുള്ള ഒരുക്കങ്ങള്‍ ഝടുതിയില്‍ കഴിഞ്ഞു. നൂറ വാച്ചിലേക്ക് നോക്കി ബസ് എത്തേണ്ട സമയമായിരിക്കുന്നു. വീട്ടില്‍ നിന്ന്  പെട്ടെന്നിറങ്ങി ബസ്റ്റോപ്പിലേക്കോടി. അവരവിടെയെത്തുമ്പോള്‍ അവരെയും കാത്ത് സുല്‍ത്താന്‍ ഹോണടിച്ച് നില്‍ക്കുന്നുണ്ട്.


'വേഗം...വന്ന് കയറ്...'


ഫ്രണ്ട് ഡോറില്‍ നിന്ന് ക്ലീനര്‍ ആക്രോഷിച്ചു. അയാള്‍ പുതിയ ആളാണെന്ന് തോന്നുന്നു നൂറ മനസ്സില്‍ നിനച്ചു. കാരണം ഇതിന് മുമ്പ് ആരും ഇതുപോലെ ശബ്ദമിട്ടതായി അവള്‍ക്ക് കേട്ട ഓര്‍മ്മയില്ല. 


'കേരളത്തിലുള്ള ബസ്സുകാര്‍ക്കെല്ലാം ഒരേ സ്വഭാവമാണെന്ന് തോന്നുന്നുവല്ലേ...ഇവരിത് എവിടുന്ന് ട്രൈനിങ് കിട്ടിയിട്ടാണവോ..ഇറങ്ങുന്നത്....?' 


ഫര്‍സാന ക്ലീനറോടുള്ള ദേഷ്യത്തിന് നൂറയുടെ ചെവിയില്‍ പതുക്കെ ചോദിച്ചു. നൂറ ചിരിയടക്കി പിടിച്ചു. അവര്‍ കൃത്യ സമയത്ത് തന്നെ കോളേജിലെത്തി. 


സുനില്‍ മാഷാണ് ആദ്യ ഹവറില്‍. ഡിപാര്‍ട്‌മെന്റില്‍ മനസ്സമാധാനത്തോടെ ഇരിക്കാനും മടുപ്പില്ലാതെ കേള്‍ക്കാനും പറ്റിയ ഒരു ക്ലാസ് സാറുടേതാണെന്ന് എല്ലാവരും പറഞ്ഞു കേട്ടിട്ടുണ്ട്. മറ്റുള്ള അധ്യാപകരെ പറഞ്ഞിട്ട് കാര്യമില്ല, കാരണം ശാസ്ത്രവിഷയങ്ങള്‍ അങ്ങനെയേ പഠിപ്പിക്കാന്‍ സാധിക്കൂ. പാട്ടും കഥയും പാടി വിവരിക്കാന്‍ പറ്റുന്ന ഒന്നല്ലല്ലോയത്. എന്നാല്‍ സുനില്‍മാഷുടെ ക്ലാസ് ഭയങ്കര ഫിലോസഫിക്കലാണെന്നാണ് എല്ലാവരും പറയാറ്. അതുകൊണ്ട് തന്നെയാണ് കുട്ടികള്‍ക്ക് സാറിന്റെ ക്ലാസിനോട് പ്രത്യേക താത്പര്യവും. 


പക്ഷെ, ആള് ഭയങ്കര മതവിരോധിയാണെന്നാണറിഞ്ഞത്. അത് അറിഞ്ഞപ്പോഴാണ് നൂറയുടെ ഉള്ളൊന്ന് പിടഞ്ഞത്. ഉന്നത പഠനത്തിനിറങ്ങുന്ന വിദ്യാര്‍ത്ഥികളെല്ലാം മതത്തെ പ്രതിസ്ഥാനത്ത് നിർത്താറുണ്ടെന്നവള്‍ക്കറിയാം.

താനൊരു മതവിശ്വാസിയാണെന്ന് കോളേജില്‍ തുറന്നു പറയാന്‍ പലപ്പോഴും മടിയാണ്. അതിന് കാരണം താനൊരു യാഥാസ്തികനാണെന്ന് ആളുകള്‍ ഗണിക്കപ്പെടുമോയെന്ന തോന്നലാണ്. പിന്നെ ഇതുപോലുള്ള അധ്യാപകരുടെ സ്റ്റഡീ ക്ലാസുകളും. നൂറ മനസ്സിലിങ്ങനെ ആലോചിച്ച് കൂട്ടുന്നതിനിടക്ക് സുനില്‍ മാഷ് ക്ലാസിലേക്ക് കയറിവന്നു. 


ക്ലാസിൽ കയറിയ ഉടൻ സാറ് മാര്‍ക്കറെടുത്ത് വൈറ്റ് ബോഡിലിങ്ങനെ എഴുതി:


'റിലിജിയന്‍സ് ആന്‍ഡ് സയന്‍സ്'


അത് വായിച്ചപ്പോള്‍ നൂറയുടെ മനസ്സ് ഒന്ന് കിടുങ്ങി.

 'റബ്ബേ...മനസ്സില്‍ നിനച്ചതേയൊള്ളൂവല്ലോ...നീ എന്റെ ഈമാനെ കാത്തോളണേ...'

അവള്‍ ഒരുനിമിഷം കണ്ണുകളടച്ച് പ്രാര്‍ത്ഥിച്ചു.  


ക്ലാസില്‍ വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുണ്ട്. സാറ് മതങ്ങളും ശാസ്ത്രവും രൂപപ്പെട്ടതും അത് വ്യത്യാസപ്പെടുന്ന സന്ദര്‍ഭങ്ങളും മതത്തിലെ യുക്തിയില്ലായ്മയും ശാസ്ത്രത്തിന്റെ കെട്ടുറപ്പുമെല്ലാം വിശദീകരിച്ചു കൊണ്ടിരിക്കുകയാണ്. 


അദ്ദേഹം പറയുന്ന പലതിനോടും വിയോജിക്കണമെന്ന് നൂറക്കുണ്ടായിരുന്നു. പക്ഷെ,  ക്ലാസിലാരും അതിനെ ഇഷ്ടപ്പെടുമെന്ന് തോന്നുന്നില്ല. കാരണം എല്ലാവരും സാറ് പറയുന്നത് തലയാട്ടി സമ്മതിക്കുന്നുണ്ട്.

 എങ്ങെനെയാണിവര്‍ക്കിതുള്‍ക്കൊള്ളാന്‍ സാധിക്കുന്നതെന്ന് നൂറ ആശ്ചര്യപ്പെട്ടു. ചിലപ്പോള്‍ തന്നെ പോലെ  സാറോട് വിയോജിക്കാനുള്ള മടി കാരണം മിണ്ടാതിരിക്കുന്നവരുമുണ്ടാവും. അവൾ സ്വയം ആശ്വാസം കണ്ടെത്തി. 


 ഇപ്പോള്‍ സാറ് വിവാഹസമ്പ്രദായത്തെ കുറിച്ചാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.


'പരസ്പരം ഇഷ്ടപ്പെടുക എന്നതാണ് വിവാഹത്തിന്റെ അടിസ്ഥാനം. അല്ലാതെ, മറ്റൊന്നുമല്ല. താലിചാര്‍ത്തല്‍, മനസ്സമ്മതം, നികാഹ് തുടങ്ങിയ ആചാരങ്ങളെല്ലാം മതം പുതുതായി രൂപപ്പെടുത്തിയതാണ്. അതെല്ലാം..മതം മനുഷ്യര്‍ക്ക് മേല്‍ ഒരടിസ്ഥാനവുമില്ലാതെ അടിച്ചേല്‍പ്പിച്ചതാണ്.'


സാറ് ക്ലാസ് തുടരുകയാണ്. നൂറ ചുറ്റുപാടും നോക്കി. എല്ലാവരും അയാളുടെ മുഖത്തേക്ക് സാകൂതം നോക്കുന്നുണ്ട് എന്നല്ലാതെ ആ ക്ലാസിന് ഒരു ഭാവ വ്യത്യാസവുമുണ്ടായിട്ടില്ല. ഹിജാബും നിഖാബുമിട്ട് ആ ക്ലാസിലിരിക്കുന്ന നൂറയെ സംബന്ധിച്ചിടത്തോളം സാറ് മുകളില്‍ പറഞ്ഞ സെന്റന്‍സ്  മുഖത്ത് നോക്കി പരിഹസിക്കുന്നതിന് സമാനമാണ്.  


പക്ഷെ, മതത്തിന്റെ വിധിന്യായങ്ങള്‍ പറഞ്ഞ് വിശദീകരിക്കാന്‍ പറ്റിയ ഒരു സന്ദര്‍ഭവും സാഹചര്യവുമല്ലയിതെന്ന ബോധ്യമവള്‍ക്കുണ്ട് താനും. നൂറ തൊട്ടടുത്തിരിക്കുന്ന ഫര്‍സാനയെ തോണ്ടി.


'എന്താടി...?'

ഫര്‍സാന പതുക്കെ ചോദിച്ചു.

'എങ്ങനയാടീ നിനക്ക് ഇതൊക്കെ കേട്ടിരിക്കാന്‍ കഴിയുന്നത്. ബാക്കിയെല്ലായിടത്തും നീ വലിയവായില്‍ വര്‍ത്താനം പറയാറുണ്ടല്ലോ...അയാളിങ്ങനെയൊക്കെ മതത്തെ പറഞ്ഞിട്ട് നിനക്കൊന്നും ചോദിക്കാനില്ലേ...!?'


നൂറ ഫര്‍സാനയോട് കയര്‍ത്തു .

'ഞാനെന്തോന്ന് ചോദിക്കാനാണ്...'

എന്ത് ചോദിക്കണമെന്നറിയാതെ ഫര്‍സാന നൂറയുടെ മുഖത്ത് നോക്കി കൈമലര്‍ത്തി.


'എന്താണ് അവിടെയൊരു സംസാരം...?'

അവര്‍ രണ്ട് പേരും വാഗ്വാദത്തിലേര്‍പ്പെടുന്നത് കണ്ടതിനാലാവാം സുനില്‍ സാറ് വിളിച്ച് ചോദിച്ചു.


'സാര്‍ ഇവള്‍ക്കെന്തോ സംശയം....!?'

ഫര്‍സാന സാറിന്റെ ചോദ്യത്തിന് നൂറയെ ചൂണ്ടിയിട്ട് പെട്ടെന്ന് മറുപടി നല്‍കി.


'ദെന്‍, സ്റ്റാന്റ് അപ് ആന്റ് ഷൂട്ടിറ്റ്'


സുനില്‍ മാഷ് ചോദിക്കാനാവശ്യപ്പെട്ടു. കുട്ടികളുടെ ചോദ്യങ്ങള്‍ കേള്‍ക്കാനും അതിന് യുക്തിയിലൂടെ ഉത്തരം പറയാനും ഇഷ്ടപ്പെടുന്ന ഒരാളുകൂടിയാണ് മാഷ്.


'നിനക്ക് ഞാന്‍ വെച്ചിട്ടുണ്ടെടീ...' എന്ന മുഖഭാവത്തോടെ ഫര്‍സാനയുടെ മുഖത്തേക്ക് തറപ്പിച്ച് നോക്കി കൊണ്ട് നൂറ പതുക്കെ എഴുന്നേറ്റ് നിന്നു.


'നൂറാ....! ആം ഐ റൈറ്റ്....?'.


നൂറ എഴുന്നേറ്റ് നിന്നപ്പോള്‍ സാറ് ശങ്കിച്ചു കൊണ്ട് ചോദിച്ചു


'യെസ്, സര്‍...'


നൂറ മറുപടി പറഞ്ഞു.


'എന്താ..നൂറ സംശയം ചോദിച്ചോളൂ...'


എന്തോ തെറ്റു ചെയ്തവളെന്ന പോലെയായിരുന്നു ആ സമയത്ത് ക്ലാസിലുള്ളവർ അവളെ നോക്കിയത്. തന്റെ സര്‍വ ധൈര്യവും സംഘടിപ്പിച്ചു കൊണ്ട് നൂറ ചോദിച്ചു:


'സര്‍, പരസ്പരം ഇഷ്ടപ്പെട്ട രണ്ടുപേര്‍ ഒരു ധാരണയിലെത്തി ഒരുമിച്ച് ജീവിക്കുയെന്നതാണ് വിവാഹം. അവിടെ മറ്റുകാര്യങ്ങള്‍ക്ക് പ്രസക്തിയില്ല, അതെല്ലാം മതങ്ങള്‍ അടിച്ചേല്‍പ്പിച്ചതാണെന്നാണല്ലോ സാറുപറഞ്ഞത്...?'

നൂറ അര്‍ദ്ധ വിരാമമിട്ടു.

'അതേ...'

മാഷ് തലയാട്ടി. നൂറ തുടര്‍ന്നു.


'സര്‍ എങ്കില്‍ ഇതേ നിലപാട് നമുക്ക് മറ്റെല്ലാ സ്ഥലത്തും അപ്ലേ ചെയ്തു കൂടെ, ഉദാഹരണമായി..സാറിന്റെയും അയല്‍വാസിയുടെയും സ്ഥലത്തിന് നിലവില്‍ മുദ്രകടലാസില്‍ ഒപ്പുവെച്ച് രജിസ്‌ട്രേഷന്‍ ചെയ്തിട്ടില്ലേ..?'


'അതെ.. ഉണ്ട്..'


'സര്‍, നിങ്ങള്‍ മുകളില്‍ പറഞ്ഞ യുക്തിയില്‍ ചിന്തിക്കുകയാണെങ്കില്‍ ഇവിടെ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ രണ്ടു പേരും പരസ്പരം മനസ്സിലാക്കി ഇതെന്റെ സ്ഥലവും മറ്റേത് നിന്റെ സ്ഥലവുമാണെന്ന ധാരണയിലെത്തലായിരുന്നില്ലേ ഉത്തമം. അതല്ലേ മാനുഷികം. പിന്നെയെന്തിനിത് ചെയ്യുന്നു..!?'

...

മാഷ് നൂറയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നുവെന്നല്ലാതെ ഉത്തരം പറഞ്ഞില്ല. അവള്‍ തുടര്‍ന്നു:

' ഞാന്‍ മനസ്സിലാക്കിയതുവെച്ച് അതെന്തു കൊണ്ടാണെന്നുവെച്ചാല്‍ ഭാവിയില്‍ ഒരു തര്‍ക്കമോ മറ്റു കൈ കടത്തലുകളോ ഇല്ലെന്ന് ഉറപ്പ് വരുത്താനും നിങ്ങള്‍ക്കിടയില്‍ ധാര്‍മികത നിലനിര്‍ത്താനും വേണ്ടിയാണ്. അല്ലേ...സർ'

നൂറ വീണ്ടും ചോദിച്ചപ്പോള്‍ സാറ് എന്തോ ആലോചിച്ച് കൊണ്ട് മനസ്സില്ലാതെ' അതെ' എന്നു പറഞ്ഞു.


'എങ്കില്‍ അതുപോലെ തന്നെ, ഓരോ മതവും വിവാഹത്തിന് പ്രത്യേക പ്രോട്ടോക്കോള്‍ നിശ്ചയിച്ചിട്ടുണ്ട്. അത് അടിച്ചേല്‍പ്പിച്ചതാണെന്ന് പറഞ്ഞ് തള്ളിക്കളയുന്നത് അതിന്റെ പിന്നിലെ രഹസ്യമന്വേഷിക്കാതെയുള്ള വീഴ്ച്ചവരുത്തലല്ലെ സര്‍. ആ രഹസ്യമന്വേഷിക്കുന്നതിനെയല്ലേ...ശാസ്ത്രമെന്ന് വിളിക്കേണ്ടത്....? ആ രഹസ്യത്തെ നിരാകരിക്കുന്നതിനെ സത്യം തേടാനുള്ള ഭയമെന്നല്ലെ പറയേണ്ടത്...?"


 ആ കനത്ത നിശബ്ദതയില്‍ ഒരു നിലയില്‍ നൂറ പറഞ്ഞു തീര്‍ത്തു. അവള്‍ക്ക് തന്നെ അതിശയമായിരുന്നു താനിതെങ്ങെനെയാണ് പറഞ്ഞതെന്ന്. എന്തോ ഒരുശക്തിയവളില്‍ നിറഞ്ഞത് പോലെ.


 ഉടനെ ക്ലാസിനനക്കം വന്നു. നൂറ പറഞ്ഞതുശരിയല്ലേ...യെന്ന മുഖഭാവം പലരുടെയും മുഖത്ത്. അങ്ങനൊയൊരനക്കത്തിനു വേണ്ടി തന്നെയായിരുന്നു അവളാ ചോദ്യം ചോദിച്ചതും.


'അതെ, നൂറ നമുക്ക് മുമ്പിലേക്കിട്ടത് പ്രസക്തമായ ഒരാശയമാണ്. ആ വശം കൂടെ നാം പഠന വിധേയമാക്കേണ്ടതുണ്ട്. വരും ക്ലാസുകളില്‍ അതിനെ കുറിച്ച് നമുക്ക് കൂടുതല്‍ സംസാരിക്കാം.'

സുനില്‍ മാഷ് ക്ലാസ് നിറുത്താനുള്ള ഒരുക്കത്തിലാണെന്ന് വ്യക്തം. എല്ലാത്തിനും മറുപടി പറയാറുള്ള സാറ് എന്തിനിതിനുമാത്രം മറുപടി പറഞ്ഞില്ലെന്ന് ക്ലാസിലെ പലരും ചിന്തിച്ചു.


ഫര്‍സാന നൂറയുടെ പുറത്ത് നുള്ളിക്കൊണ്ട് പറഞ്ഞു:

'കൊച്ചു കള്ളീ...നീ സാറിനെ കുഴപ്പിച്ചല്ലോ...അയാളിനി ക്ലാസിലേക്ക് വര്വോ എന്ത്വോ...'


'ഏയ്...ഞാന്‍  സാറെ കുഴപ്പിച്ചതൊന്നുല്ല...ഞാനെന്റെയൊരു സംശയം ചോദിച്ചതല്ലേ...'

നൂറ ഫര്‍സാനയോട് പറഞ്ഞു.


'ഏതായാലും സാറിന് നിന്നെ നല്ലത് പോലെ ബോധിച്ചിട്ടുണ്ട്...'

ഫര്‍സാന വീണ്ടും സംസാരം തുടര്‍ന്ന് കൊണ്ടേയിരുന്നു. നൂറ ചിന്തകളുടെ മറ്റൊരു ലോകത്തിലേക്ക് പ്രവേശിച്ചു. 

' മത നിരാസം സമൂഹത്തില്‍ വളരുന്നുണ്ട്. പ്രത്യേകിച്ച് യുവതലമുറയില്‍. കാമ്പസുകളാണ് ഇതിന്റെ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍. കാമ്പസുകളില്‍ തന്റെ മതത്തിന്റെ ഐഡന്റിറ്റി വ്യക്തമാക്കാന്‍ പലര്‍ക്കും അപകര്‍ഷതയാണ്. അതേസയത്ത് മതനിരാസം അഭിമാനവും പുരോഗമനപരവും. 

മതനിരാസത്തിന് വിദ്യാര്‍ഥികളുടെ സാഹചര്യവും സന്ദര്‍ഭവും പ്രധാനകാരണമാകുന്നുണ്ടെന്നത് സത്യമാണ്. കാരണം തന്റെ മേലില്‍ വിലക്കുകളും നിയന്ത്രണങ്ങളും മാത്രം ചെലുത്തുന്ന ഒരു രക്ഷകര്‍ത്താവ് മാത്രമാണ് മതമെന്നാണ് പലരുടെയും ധാരണ. അങ്ങനെ ധരിച്ചു വശായ വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പിലേക്കാണ് അധ്യാപകര്‍ ഇത്തരം ചോദ്യങ്ങളിടുന്നത്,യുക്തി ചിന്തകള്‍ ഇഞ്ചക്റ്റ് ചെയ്യപ്പെടുന്നത്. തിരിച്ചു ചോദിക്കാനവര്‍ക്കറിയില്ല. അപ്പോള്‍ പിന്നെ, മതം അവര്‍ക്ക് അപകര്‍ഷതയാകാതിരിക്കുന്നതെങ്ങെനെയാണ്...!ഈ അവസരം മുതലെടുക്കുന്ന രാഷ്ട്രീയ-നിരീശ്വരവാദികളുണ്ട് എന്നതാണ് വസ്തുത. 

വീട്ടില്‍ നിന്ന് കുട്ടികള്‍ക്ക് മതത്തെ അടുത്തറിയാനുള്ള സാധ്യതകളൊരുക്കണം. നിയന്ത്രണങ്ങള്‍ മാത്രമല്ല മതമെന്നും അതൊരു ജീവിത ചര്യയാണെന്നും അവരെ ബോധ്യപ്പെടുത്തണം.'

 നൂറയുടെ പ്രബോധക മനസ്സുണര്‍ന്നു. അവിടെ ധൈഷണികമായ ഒരുപാട് വാഗ്വാദങ്ങള്‍ നടന്നു.


'ഡീ...നിനക്ക് എങ്ങനെയാ.. അയാളോട് അങ്ങനെ ചോദിക്കാന്‍ കഴിഞ്ഞത്...ശരിക്കും നീ ചോദിച്ചതിന് സാറ് ഉത്തരം പറഞ്ഞിട്ടില്ലല്ലോ...'


അതുല്യ പിറകില്‍ നിന്ന് നൂറയോട് വിളിച്ച് ചോദിച്ചു. അതുല്യയുടെ ആ ചോദ്യവും അതിന് ശേഷമുള്ള വിശദീകരണവും നൂറക്ക് സന്തോഷം പകര്‍ന്നു. 

'ഞാനാരുടെ അനുയായിയാണെന്നറിയോ നിനക്ക്...പ്രവാചകര്‍ മുഹമ്മദ് നബി ﷺ യുടെ'താണെന്ന് വീമ്പ് പറയാന്‍ അവളുടെ മനസ്സ് വെമ്പല്‍ കൊണ്ടു. പക്ഷെ, അവളാ ശ്രമമുപേക്ഷിച്ചു.


നൂറ ഹബീബിനെ ﷺ കുറിച്ചാലോചിക്കാന്‍ തുടങ്ങി. 'തന്റെ നാല്പതാം വയസ്സില്‍ നുബൂവ്വത്ത് ലഭിക്കുമ്പോള്‍ തിരുനബി ﷺ യുടെ മുമ്പില്‍ എങ്ങനെയാണ് ആളുകളെ ദീനിലേക്ക് ക്ഷണിക്കേണ്ടതെന്നോ അതിന്റെ മനശാസ്ത്ര വശമേതാണെന്നോ പറഞ്ഞു കൊടുക്കാനാളില്ലായിരുന്നു!

തനിക്ക് ലഭിച്ച ദിവ്യബോധനത്തെ കുറിച്ച് മഹതിയായ ഖദീജാ ബീവിയോട് പണ്യഹബീബ് ﷺ പറഞ്ഞപ്പോള്‍ മഹതി ഹബീബിനെﷺ ആവേശപ്പെടുത്തി. ആ ധൈര്യത്തിലാണ് പുണ്യനബി ﷺ പ്രബോധനത്തിനിറങ്ങുന്നത്. മക്കയുടെ ചന്തകളില്‍ പോയിട്ട് അവിടുന്ന് വിളിച്ച് പറഞ്ഞു നടന്നിട്ടുണ്ട് 

' നിങ്ങള്‍ അല്ലാഹുവിനെയും അവന്റെ ദൂതനായ എന്നെയും വിശ്വസിക്കണം'.

 ഇയാള്‍ക്കെന്താണ് ഭ്രാന്താണോയെന്ന് ചോദിച്ച് ചുറ്റുമുള്ളവര് നോക്കുന്നതാലോചിച്ച് എന്റെ ഹബീബ് ﷺ ആകുലപ്പെട്ടിരുന്നില്ല. 

തന്റെ ചുറ്റുമുള്ളവര്‍ താന്‍ പറയുന്നതിനെതിര് വിശ്വസിക്കുന്നവരാണെന്നത് അവിടുത്തെ തരിമ്പും ഭയപ്പെടുത്തിയിരുന്നില്ല. ഒരു സമയത്തും തന്നെ പറ്റി മറ്റുള്ളവരെന്ത് കരുതുമെന്ന് അവിടുത്തേക്ക് അപകര്‍ഷതാ ബോധമുണ്ടായിരുന്നില്ല.

അങ്ങനെ കാണുന്ന ചന്തകളിലും തെരുവുകളിലും നടന്നും പറഞ്ഞും തന്നെയാണ് എന്റെ ഹബീബ് ﷺ ഈ മതം ഇന്നീ കാണുന്ന കോലത്തിലാക്കി ലോകജനതക്ക് മുമ്പില്‍ സമര്‍പ്പിച്ചത്. 


ലോകത്തുള്ള സര്‍വ്വതും അല്ലാഹു അവിടുത്തേക്ക് വേണ്ടിയാണ് സൃഷ്ടിച്ചത്. അഥവാ, ഈ ലോകത്തുള്ള ഓരോ സൃഷ്ടിയും തന്റെ നിലനില്‍പ്പിന് ഹബീബിനോട് ﷺ നന്ദിപറയണമെന്നര്‍ത്ഥം. എന്നിട്ടും ആ  ഹബീബിന് ﷺ അഹങ്കാരമുണ്ടായിട്ടില്ല..., എനിക്കാവില്ലിത് പറയാനെന്ന തോന്നലുണ്ടായിട്ടില്ല..., പിന്നയെല്ലേ...എനിക്ക്...!'

ഹബീബിനെ ﷺ കുറിച്ചാലോചിക്കുമ്പോള്‍ നൂറ പരിസരം മറക്കും. 


അവള്‍ക്ക് സ്വബോധത്തിലേക്ക് തിരിച്ചുവരാന്‍ ഉദ്ദേശ്യമില്ലെന്ന് തോന്നുന്നു. അവളുടെ ചിന്ത വീണ്ടും ഹബീബിനെ ﷺ ചുറ്റിപറ്റി.


' ആളുകളെന്തു വിചാരിക്കുമെന്ന് കരുതി എന്റെ ഹബീബി ﷺ രുന്നിരുന്നെങ്കില്‍ ഇന്നീ നൂറ ഇവിടെയിങ്ങനെയിരുന്ന് ഹബീബിനെ ﷺ ഓര്‍ക്കുമായിരുന്നോ...!? ഇല്ലല്ലോ...!? 

അത് കൊണ്ട് എല്ലാ സമയങ്ങളിലും അനുകൂലങ്ങള്‍ക്കും ഭൂരിപക്ഷത്തിനും ഒപ്പം നില്‍ക്കുകയെന്നതായിരിക്കുകയില്ല ശരി. മറിച്ച് ശക്തമായ ഒഴുക്കിന് കുറുകെ നീന്താനും ശ്രമിക്കേണ്ടിവരും. അങ്ങനെയുള്ള ചെറിയ ശ്രമങ്ങള്‍ പോലും വലിയ മാറ്റങ്ങള്‍ക്ക് കാരണമാവും. തനിക്ക് ആ വലിയ മാറ്റത്തിന്റെ കൂടെ നില്‍ക്കാനാവണം.'

അവള്‍ മനസ്സില്‍ ദൃഢ പ്രതിജ്ഞയെടുത്തു.


'ഡീ....നൂറാ...ഡീ'

ഫര്‍സാന കുലുക്കി വിളിച്ചപ്പോഴാണ് നൂറ സ്വബോധത്തിലേക്ക് വന്നത്.


( *തുടരും....*) 



അപ്‌ലോഡ് ചെയ്ത  Full പാർട്ട്‌ ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...

 click here