(PART 17) ഹബീബിനെ ﷺ 💖പ്രണയിച്ചവൾ

 

ഹബീബിനെ ﷺ  💖പ്രണയിച്ചവൾ

  ⛔️Part-17⛔️


പതിവ് പോലെ തഹജ്ജുദിന് സമയമായപ്പോള്‍ നൂറ ഞെട്ടിയുണര്‍ന്നു. അവള്‍ ഫ്രഷായി വുളൂഅ് ചെയ്തു വന്നതിന് ശേഷം ഫര്‍സാനയേയും ഫൈറൂസയേയും വിളിച്ചു. കുറച്ചു മടിച്ചിട്ടാണെങ്കിലും അവസാനം അവര്‍ രണ്ടു പേരും എഴുന്നേറ്റ് ഫ്രഷായി വുളൂഅ് ചെയ്തു വന്നു. എല്ലാവരും തഹജ്ജുദ് നിസ്‌കരിച്ചു. നൂറ അല്ലാഹുവിനോട് മനമുരുകി പ്രാര്‍ത്ഥിച്ചു:


'റബ്ബേ ഞങ്ങളിന്നലെ രാത്രിയെടുത്ത തീരുമാനങ്ങളെല്ലാം നീ സന്തോഷത്തിലും അതിലുപരി റാഹത്തിലുമാക്കി തരണേ..., അത് ഞങ്ങളുടെ ഇരു ലോക വിജയത്തിന് കാരണമാക്കണേ'


സുബ്ഹ് നിസ്‌കാരത്തിനും ഔറാദുകൾക്കും ശേഷം അവര്‍ മൂവരും ഒരുമിച്ചിരുന്ന് ബുര്‍ദ ചൊല്ലി.


എപ്പോൾ ബുർദ ചൊല്ലുകയാണെങ്കിലും നൂറ അതിൽ ലയിച്ചു ചേരും. ചെറുപ്പത്തിൽ എല്ലാവരും വട്ടമിട്ടിരുന്ന് ബുർദ ചൊല്ലുമ്പോൾ അർത്ഥവും എന്താണ് ചൊല്ലുന്നത് ഒന്നും അറിഞ്ഞിരുന്നില്ലെങ്കിലും ഉപ്പച്ചിന്റെ മടിയിലിരുന്ന് അവളും ആടിയാടി പാടും;

"മൗലായ സ്വല്ലി...." ഓർമ്മകൾ അത് നടന്ന കാലത്തേക്ക് സഞ്ചരിച്ചു. 


അന്നവൾ ഉപ്പാന്റെ മടിയിലിരുന്ന് മൗലായ പാടുന്ന കൊച്ചു കുട്ടിയായിരുന്നു . പിന്നെയും വർഷങ്ങൾക്ക് ശേഷം മദ്റസയിൽ നിന്ന് റബീഉൽ അവ്വലിൽ കരീമുസ്താദ് ബുർദയുടെ അർത്ഥം പഠിപ്പിച്ചപ്പോഴാണ് ആ കാവ്യ പ്രപഞ്ചത്തെ ഒന്നുകൂടെ അടുത്തറിഞ്ഞത്. അന്നാണവളറിഞ്ഞത് ബുർദ ഒരു കാമുകൻ തന്റെ കാമുകിക്കെഴുതിയ പ്രേമലേഖനമാണെന്ന്, ആ കാമുകൻ കാമുകിയുടെ അഭാവത്തിലനുഭവിക്കുന്ന വിരഹത്തിന്റെ തീക്ഷ്ണതയാണെന്ന്, ആ കാവ്യം മുഴുവൻ തന്റെ കാമുകിയുടെ വർണനകളെ എങ്ങനെ വിവരിക്കുമെന്നറിയാതെ പരവേശിതനായി അവസാനം തന്നാലാകും വിധം തന്റെ ഹൃദയ രക്തം ചാലിച്ച് ചുവപ്പിച്ചെഴുതിയതാണെന്ന്. ഇമാം ബൂസ്വീരി (റ) വാകുന്ന കാമുകൻ തന്റെ ഈ പ്രണയകാവ്യമെഴുതി കഴിഞ്ഞ രാത്രിയെ കുറിച്ച് കരീമുസ്താദ് പറഞ്ഞ നിമിഷത്തെ എപ്പോൾ ഓർത്താലും നൂറയുടെ മനസ്സ് ഒരു ചെറു വിറയലോടെ കോൾമയിർ കൊള്ളും: 


"ശാരീരിക അസുഖവും മനസ്സില്‍ ഹബീബിനോടുള്ള ﷺ അടങ്ങാത്ത പ്രണയവും ഒരു മഹാമാരി പോലെ തന്നെ പടർന്നു പിടിച്ച സന്ദർഭത്തിലാണ് ബുർദ രചനയിൽ മഹാനഭയം തേടിയത്. 

അങ്ങനെ എഴുതിയെഴുതി തളർന്നുറങ്ങിയ ആ രാത്രി, അന്നാണ് ലോകത്ത് ആദ്യത്തെ ബുർദയുടെ സദസ്സ് നടന്നത്, രണ്ടാത്മാക്കൾ സ്വപ്നലോകത്തിരുന്ന് ആ സദസ്സിന് സമാരംഭം കുറിച്ചത്, ആ കാമുകീ കാമുകന്മാർ പരസ്പരം സന്ധിച്ചത്. 


സുഖമില്ലാതെ കിടക്കുന്ന ഇമാം ബൂസ്വീരിക്ക് മുമ്പിൽ പതിനാലാം രാവിലെ പൂർണ്ണ ചന്ദ്രനെ തോൽപിക്കുമാറ് ഹബീബായ ﷺ തന്റെ കാമുകി പ്രത്യക്ഷപ്പെട്ട രാത്രി. അവര് സ്വല്ലപിച്ചു.


 "നിങ്ങളെന്നെ കുറിച്ചെഴുതിയതൊന്ന് കേൾപ്പിക്കാമോ...." ന്ന് ആ കാമുകി ചോദിച്ചപ്പോൾ 'ഈ നിമിഷത്തിന് വേണ്ടിയല്ലേ ഞാനിക്കണ്ട കാലമത്രയും കാത്തിരുന്നതെ' ന്ന് ആ കാമുകൻ. 

അന്നാ കാമുകൻ തന്റെ കാമുകിയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ, ഇമയനക്കാതെ പാടി കേൾപ്പിച്ചു. ഹബീബ് ﷺ മുഖത്തൊരു ചെറു പുഞ്ചിരിയോടെ അത് പൂർണ്ണമായും കേട്ടിരുന്നു...! 

പോകുന്നതിന് മുമ്പ് ഹബീബ് ﷺ ഇമാം ബൂസ്വീരിയെ ഒന്ന് തഴുകി. ആ പുണ്യ കരം ശരീരത്തിൽ സ്പർശിച്ചപ്പോൾ എന്തോ വല്ലാത്ത ഒരനുഭൂതി തന്റെ കാലിന്റെ ചെറുവിരൽ മുതൽ മൂർദ്ധാവ് വരേ ശരവേഗത്തിൽ കടന്നു പോയതായി മഹാനനുഭവപ്പെട്ടു. രോഗമുക്തനായി പൂർണ്ണ ആരോഗ്യത്തോടെ മഹാനെഴുന്നേറ്റ് നിന്നു.


 പോകുന്നതിന് മുമ്പ് ഹബീബ് ﷺ ഒരു കാര്യം കൂടെ ചെയ്യാൻ മറന്നില്ല. അവിടുന്ന് മഹനവർകളെ ആദരിച്ചു കൊണ്ട് ഒരു ഷാളണിയിച്ചു. തന്റെ മദ്ഹ് ഇത്രഭംഗിയായി ഇണചേർത്ത വകയിലുള്ള സ്നേഹ സമ്മാനം. മുമ്പ് തന്റെ മുമ്പില്‍ വന്ന് മദ്ഹ് പാടിയ കഅബ് ബ്നു സുബൈറിന് അവിടുന്നണിയിച്ചത് പോലെ. 

ഇമാം ബൂസ്വീരി ഉറക്കമുണർന്നപ്പോൾ താൻ പൂർണ്ണ ആരോഗ്യവാനാണെന്ന ബോധ്യത്തിലേക്കും തന്റെ കഴുത്തിൽ കിടക്കുന്ന ഷാള് കണ്ടപ്പോൾ ഹബീബായ നബിതങ്ങളിതുവരെ തന്നോടൊപ്പമുണ്ടായിരുന്നൂവെന്ന ഉറപ്പിലേക്കും അദ്ദേഹമെത്തി .


കരീമുസ്താദ് വിശദീകരിച്ചു :

"ഏഴാകാശവും അതിലുള്ള സകലതും പിന്നെ അല്ലാഹുവിനെയും കണ്ട് തിരിച്ചുവരാൻ ഒരുപാതിരാവ് പൂർണ്ണമായി വേണ്ടി വന്നിട്ടില്ല ഹബീബിന് ﷺ. അപ്പോൾ മദീനത്ത് അന്ത്യവിശ്രമം കൊള്ളുന്ന ഹബീബിന് ﷺ ഈജിപ്തിലിരിക്കുന്ന ഇമാം ബൂസ്വീരിയെ സന്ദർശിച്ച് ആദരിച്ചു വരാൻ പ്രയാസമില്ലല്ലോ...! കാരണം അവിടുത്തെ മുമ്പിൽ മർഗ തടസ്സം സൃഷ്ടിക്കാനുതകുന്ന ഒന്ന് അല്ലാഹുവിന്റെ സൃഷ്ടി ചരാചരങ്ങളിലില്ലല്ലോ... "

അന്ന് ഉസ്താദ് നീട്ടിപരത്തി പറഞ്ഞത് കുഞ്ഞു നൂറയുടെ ഹൃദയത്തിലേക്കാണ് കുത്തി കയറിയത്.

 ഉസ്താദ് തുടർന്നു :

" പിറ്റേന്ന് രാവിലെ ഈജിപ്തിലൊരു ഊടുവഴിയിലൂടെ സഞ്ചരിക്കുന്ന ഇമാം ബൂസ്വീരിയെ വലിയ പണ്ഡിതനായ അബുർറജാഅ് എന്നവര് കണ്ടു. മഹാൻ സലാം ചൊല്ലി കൊണ്ട് ചോദിച്ചു :


'ഒന്ന് നിൽക്കണേ...., നിങ്ങൾ ഹബീബിനെ കുറിച്ച് ചൊല്ലിയ പദ്യമൊന്ന് എനിക്ക് തരൂ..." 


ഇമാം ബൂസ്വീരി ഒരു നിമിഷം ആലോചനയിൽ പൂണ്ടു. ആ സമയത്ത് ബുർദയല്ലാത്ത ഹബീബിനെ ﷺ കുറിച്ച് താൻ രചിച്ച എല്ലാ കാവ്യ സമാഹാരങ്ങളും മഹാന്റെ മനസ്സിലൂടെ ഓട്ടപ്രദിക്ഷണം വെച്ചുപോയി.

ബുർദ ഓർമവരാതിരിക്കാനുള്ള ആരെയും കേൾപ്പിക്കുകയോ അതിന്റെ കോപ്പി കൊടുക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ ബുർദയെ കുറിച്ച് ആരും ചോദിക്കാനിടയില്ലല്ലോ. ശേഷം ബൂസ്വീരി ഇമാം തിരിച്ച് ചോദിച്ചു :

" എന്റെ ഏത് കാവ്യമാണ് നിങ്ങളുദ്ദേശിച്ചത്...? "

ആ ചോദ്യം കേട്ട അബുർറജാഅ് എന്നവര് ബുസ്വീരി ഇമാമിന് പാടി കൊടുത്തു :


أمِنْ تَذَكُّرِ جِيران بِذِي سَلَمٍ

مَزَجْتَ دَمْعاً جَرَى مِنْ مُقْلَةٍ بِدَمِ

ഇങ്ങനെ തുടങ്ങുന്ന കാവ്യമാണ് ഞാന്‍ ചോദിച്ചത് "

ബുർദയുടെ ആദ്യ വരികൾ പാടിയ ശേഷം മഹാൻ പറഞ്ഞു. 

ഇമാം ബുസ്വീരിയുടെ മുഖത്ത് ആശ്ചര്യം നിറഞ്ഞു. അവിടുന്ന് ചോദിച്ചു :


" അല്ലാ, നിങ്ങളിതെവിടുന്നാണ് മന:പാഠമാക്കിയത്? ഞാനിതാരെയും കേൾപ്പിക്കുകയോ കൈമാറുകയോ ചെയ്തിട്ടില്ലല്ലോ ...! "


" അതോ... അത് ഇന്നലെ രാത്രി നിങ്ങൾ ഹബീബായ ﷺ തങ്ങൾക്ക് ഇത് പാടി കൊടുക്കുമ്പോൾ അവിടുന്ന് അതാസ്വദിച്ച് കൊണ്ട്  കരിമ്പിൻ തണ്ട് കാറ്റിലാടുന്നത് പോലെ ആടുന്നത് ഞാന്‍ കണ്ടിരുന്നു. ആ സമയത്താണ് ഞാനിത് കേട്ട് പഠിക്കുന്നത് "


ഇമാം ബൂസ്വീരിക്ക് ഇനിയിതെവിടുന്ന് കിട്ടിയെന്നതിന് ഇതിനപ്പുറമെന്ത് തെളിവ് വേണം...! മഹാനവർകൾ തന്റെ രചനയുടെ ആദ്യ പ്രതി കൈമാറി. അന്ന് തുടങ്ങിയതാണ് ബുർദയുടെ ഈ ജൈത്രയാത്ര. പിന്നീട് പ്രണയലോകം അത് തങ്ങളുടെ ഹബീബിനുള്ള ﷺ ഔദ്യോഗിക പ്രമലേഖനത്തിന്റെ പ്രിയാംബിളാക്കി മാറ്റി " 

കരീമുസ്താദിന്റെ വാക്കുകൾ നൂറയുടെ കാതുകളിൽ അലയടിച്ചു. 


അവർ ബുർദ പൂർത്തിയാക്കുമ്പോൾ പുറത്ത് പ്രഭാതം വിടർന്നിരുന്നു. 

 നൂറ അത്രമേല്‍ ആനന്ദകരമായ ഒരുപ്രഭാതം ഈ അടുത്തൊന്നും  അനുഭവിച്ചിട്ടില്ലാന്ന് തോന്നുന്നു. കാരണം ജീവിതത്തില്‍ വരാന്‍ പോകുന്ന ഒരുപാട് നല്ല തീരുമാനങ്ങള്‍ക്ക് രൂപം നല്‍കാന്‍ സാധിച്ച ദിവസമായിരുന്നു ഇന്നലെ. 

അവളുടെ മനസ്സില്‍ ഇന്നലെ രാത്രി പുന:സംപ്രേഷണം ചെയ്തു വന്നു.


താൻ മുകളിൽ നിന്നിറങ്ങി വരുമ്പോൾ സിറ്റിങ് റൂമിൽ എന്തോ ആലോചനയിലിരിക്കുന്ന ഫൈറൂസയേയാണ് കണ്ടത്. 

"ഡീ... വാ... നമുക്ക് ഭക്ഷണം കഴിക്കാം"

അവിടെ ചെന്ന് വിളിച്ചു.

"നൂറാ എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്... "

ഫൈറൂസയുടെ ശബ്ദം കനത്തിരുന്നു. 

"അതിനെന്തിനാടീ... ഇത്ര ഗൗരവം... നമുക്ക് രാവിലെ വരെ സമയമില്ലേ... ഞാനും ഇവിടുണ്ട് നീയുമുണ്ട്... ഭക്ഷണം കഴിച്ച് കഴിഞ്ഞിട്ട് ഞാന്‍ അങ്ങുന്നിന്റെ പരാതിക്ക് ചെവികൊടുത്താൽ മതിയോ...? " 

നൂറ തമാശ രൂപേണ ചിരിച്ച് കൊണ്ട് ചോദിച്ചു. 

അവളുടെ ആ കുസൃതി നിറഞ്ഞ ചോദ്യം കേട്ടപ്പോൾ ഫൈറൂസക്ക് അവിടെ തന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ടായ നൂറയെയാണ് കാണാന്‍ സാധിച്ചത്. 

അവളുടെ മനസ്സിൽ നൂറയോട് പറയാനായി ഹിമാലയം പർവ്വതം കണക്കേ കെട്ടിപ്പടുത്തുണ്ടാക്കിയിരുന്നതെല്ലാം നൂറയുടെ ആ നിറഞ്ഞ ചിരിക്കുമുമ്പിൽ മഞ്ഞുമല പോലെ ഉരുകിയൊലിച്ചു പോയി. 

"മതിയേമാനത്തി ....! " 

ഫൈറൂസ വിടർന്ന് ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. 

***

പക്ഷേ, ഫൈറൂസയുടെ മനസ്സിൽ ഉരുകിയൊലിച്ച ആ ഹിമാലയം പുനർജനിക്കാൻ അധിക സമയം വേണ്ടി വന്നില്ല. അവളുടെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു :

"പ്ലീസ് ടേക്ക് മൈ കോൾ... ❤️"

അതോട് കൂടെ അവളുടെ ഹൃദയതാളം തെറ്റി. അതുവരെ പ്രസന്നത നിറഞ്ഞിരുന്ന മുഖത്ത് അരിശം ഉറഞ്ഞു കയറുന്നത് പോലെ തോന്നി. അവൾ പെട്ടെന്ന് മ്ലാന വദനയായി. ഭക്ഷണത്തിനും സൊറപറച്ചിലിനുമിടക്ക് ആരും ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ലെങ്കിലും നൂറയവളെ ഇടങ്കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. 


ഭക്ഷണം കഴിച്ചതിന് ശേഷവും ഫൈറൂസയുടെ മുഖത്ത് തളം കെട്ടി നില്‍ക്കുന്ന ദുഖം കണ്ട് നൂറ അവളുടെ അടുത്ത് ചെന്നു. 


'എന്താണ്... എന്തു പറ്റിയെടി...തലവേദനയാണെന്നു മാത്രം നീയെന്നോട് കളവ് പറയരുത്...കാരണം ഞാന്‍ നിന്നെ ഇന്നും ഇന്നലെയും കാണാന്‍ തുടങ്ങിയതല്ല. നീ കളവ് പറഞ്ഞാലതെനിക്ക് മനസ്സിലാവില്ലാന്ന് നീ കരുതരുത്'


നൂറ ഫൈറൂസയുടെ മുഖത്ത്  നോക്കി അങ്ങനെ പറഞ്ഞപ്പോള്‍ അവൾക്ക് സഹിക്കാനായില്ല. അവളുടെ സങ്കടം അണപൊട്ടി ഒഴുകി. കണ്ണുകള്‍ ജലസാന്ദ്രമായി. അവള്‍ നൂറയെ കെട്ടിപ്പിടിച്ചു കരഞ്ഞു.


എന്താണെന്നറിയാതെ നൂറ കണ്ണു മിഴിച്ചു. അവളെ കരയാനനുവദിച്ച് കൊണ്ട്  കുറച്ച് നേരം അങ്ങനെ അനങ്ങാതെ നിന്നു.  കരച്ചിലൊന്നടങ്ങിയപ്പോള്‍ നൂറ ചോദിച്ചു.

 

'എന്തേ....എന്തുപറ്റി...നീ കാര്യം പറ?'


'നീ എന്തേ എന്റെ ഉമ്മാനെ കണ്ട വിവരം എന്നോട് പറയാതിരുന്നത്. ഉമ്മ നിന്നോട് എന്നെ പറ്റി പറഞ്ഞ കാര്യങ്ങളൊക്കെ നീയെന്തിനാണ് മറച്ചുവെച്ചത്...' 


ഫൈറൂസ അപ്രതീക്ഷിതമായി ചോദിച്ചപ്പോള്‍ നൂറ ഒന്ന് ഞെട്ടി മാറി. അവള്‍ക്ക് തന്റെ നാവുകള്‍ ഉള്‍വലിയുന്നത് പോലെ അനുഭവപ്പെട്ടു. എന്തു പറയണമെന്ന ഉത്തരത്തിന് വേണ്ടി അവള്‍ ഉഴറി പരതി. 


'എന്താണിവിടെ രണ്ടാള്‍ക്കും കൂടെ ഒരു സ്വകാര്യം പറച്ചില്...'


അതുവരെ ഉമ്മമ്മയുടെ കൂടെയായിരുന്ന ഫര്‍സാന പെട്ടെന്ന് റൂമിലേക്ക് കയറിവന്നു . ചോദ്യം കേട്ട് രണ്ടാളും മിണ്ടാതെ നിന്നു. ഫര്‍സാന രണ്ടു പേരുടേയും മുഖത്തേക്ക് മാറി മാറി നോക്കി. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നില്‍ക്കുന്ന ഫൈറൂസയോടും തെറ്റുകാരിയെ പോലെ പമ്മി നില്‍ക്കുന്ന നൂറയോടും അവള്‍ വീണ്ടും ചോദിച്ചു:

'എന്താപ്പണ്ടായേ...ചോറ് തിന്ന് കഴിഞ്ഞതിന് ശേഷമുള്ള ഒരു പത്ത് മിനിറ്റിന്റെ ഗ്യേപ്പല്ലേ...

ഞാന്‍ നിങ്ങള്‍ക്കിടയിലിട്ടിട്ടൊള്ളൂ അതിനിടക്ക്പ്പം ത്ര വലിയ കാര്യന്താണ്ടായേ....ഇവട വല്ല അണുബോബും വീണോ....!?


ഫര്‍സാന കലിപ്പിലാണ്. ആ കലിപ്പ് തൃശൂർ സ്ലാങ്ങിലാവുമ്പോൾ അതിന്റെ മൊഞ്ചിത്തിരി കൂടും. 


'എടീ അത് ഞങ്ങള്‍ തമ്മിലുള്ള ഒരു പേഴ്‌സണല്‍ വിഷയമാണ്...ഞാന്‍ സൗകര്യം പോലെ നിന്നോട് പറയാം...ഞാനിപ്പോ ഏതായാലും ന്റെ വീട്ടിലേക്ക് തിരിച്ചു പോകാണ്'


ഫൈറൂസ യാത്ര പറയാനൊരുങ്ങി.


'ഫൈറൂ....'

നൂറ ഹൃദയം നുറുങ്ങുന്ന വേദനയോടെ വിളിച്ചു.


'ആഹാ...ഈ പാതിരാത്രിയില്‍ നീ വീട്ടില്‍ പോകാനോ...പ്രത്യേകിച്ച് ഞാനിവിടെ ഉണ്ടായിരിക്കേ...രണ്ടാളും പറയാനുള്ളത് പറഞ്ഞ് തീര്‍ത്ത് ഒരു തീരുമാനമാക്കിയിട്ട് എന്ത് വേണേലും ചെയ്‌തോ...'


ഫര്‍സാന പോയി കതകിന്റെ കുറ്റിയിട്ട് അവിടെ തന്നെ നിന്നു. ഫൈറൂസ പല കാരണങ്ങളും പറഞ്ഞ് സ്ഥലം കാലിയാക്കന്‍ നോക്കിയെങ്കിലും ഫര്‍സാന അവളെ പോകാനനുവദിച്ചില്ല. അവസാനം ഗതികെട്ട് ഫൈറൂസ പറഞ്ഞു:


'ഡീ....എനിക്ക് കോളേജിലൊരു കണക്ഷനുണ്ട്. ഞങ്ങളൊന്ന് രണ്ടു വര്‍ഷമായി അടുപ്പത്തിലാണ്. ഉമ്മച്ചി അതറിഞ്ഞത് ഞാനറിഞ്ഞിരുന്നില്ല. പക്ഷെ, ഇന്നിവളുടെ ഡയറി ഞാന്‍ യാദൃശ്ചികമായി വായിക്കാനിടയായി. അതില്‍ നിന്നാണ് ഉമ്മച്ചി ഇതറിഞ്ഞതും എന്നെ നന്നാക്കിയെടുക്കാന്‍ ഇവള്‍ക്ക് ക്വട്ടേഷന്‍ കൊടുത്തതും എല്ലാം ഞാനറിഞ്ഞത്. എന്നിട്ട് ഇത്രയും നേരം ഒന്നും അറിയാത്ത പോലെ അഭിനയിക്കുകയായിരുന്നു അവള് എന്റെ മുമ്പില്'


ഫൈറൂസ സങ്കടം കൊണ്ട് തന്റെ മനസ്സില്‍ തോന്നിയ കാര്യങ്ങളെല്ലാം വിളിച്ചു പറഞ്ഞു. പക്ഷേ, അതായിരുന്നില്ല അവളെ യഥാർത്ഥത്തിൽ അലട്ടിയിരുന്നത് മറിച്ച് അവൾ തുടർന്ന് പറഞ്ഞതാണ്. 


'എഡീ എന്തിനാണ് ഞാനിന്ന് നിങ്ങള് വിളിച്ചപ്പോ സന്തോഷത്തോടെ ഇങ്ങോട്ട് ഓടികിതച്ച് വന്നതെന്നറിയുമോ നിനക്ക്...?' 


ഫൈറൂസ അര്‍ദ്ധ വിരാമത്തില്‍ നിറുത്തി....


'നീ...പറ...' 

ഫര്‍സാന പതുക്കെ അവളോട് ചേര്‍ന്ന് നിന്നു കൊണ്ട് പറഞ്ഞു.


'എഡീ രണ്ടു ദിവസമായി ഞാനും അവനും ബ്രേക്കപ്പായിട്ട്...അവന്റെ ആ മിസ്സിങ്ങും ഏകാന്തതയും എല്ലാം എങ്ങനെ ഒഴിവാക്കാം എന്ന് കരുതിയിരിക്കുമ്പോഴാണ് നിങ്ങള് രണ്ടാളും വരുന്നതും നമ്മള് സംസാരിക്കുന്നതും."


ഫൈറൂസ ഒന്ന് വിങ്ങി 


" കൂറേ കാലത്തിന് ശേഷം നൂറയോട് സംസാരിച്ചപ്പോള്‍ മനസ്സിന് വല്ലാത്ത ഒരാനന്ദം തോന്നി. പഴയ കാല ഓര്‍മകള്‍ എന്നില്‍ നിറഞ്ഞു. വീണ്ടും അവളുടെ അടുത്തിരുന്നാല്‍ ഞാന്‍ പഴയ ഫൈറൂസയാകും എന്ന് കരുതിയിട്ട് തന്നെയാണ് ഞാനിങ്ങോട്ട് വന്നത്. എന്നാലും ഇവള്‍ക്കിതെന്നോടൊന്ന് പറഞ്ഞൂടായിരുന്നോ...കൂടാതെ ദാ അവനിപ്പൊ ഫോണെടുക്ക്ന്നും പറഞ്ഞ് നിർത്താതെ മെസേജയച്ച് കൊണ്ടിരിക്കുന്നു. ഇന്ന് തന്നെയിത് അമ്പതിലേറെ മെസ്സേജായി... എനിക്കറിയൂല... ഞാനിനി എന്ത് ചെയ്യണമെന്ന് ആരോടാണിതൊക്കൊന്ന് പറയാന്ന്... '


ചിറപൊട്ടി ഒഴുകുന്ന വെള്ളത്തിന് കുറുകെ തടസ്സം വെച്ചത് പോലെ അവളുടെ സംസാരം നിലച്ചു.


'എടീ...നീന്നോടിതെങ്ങനെ പറയും എന്നാ ആലോചനയിലാണ് നിന്റെ ഉമ്മ എന്നോട് ഈ സംഭവം വിവരിച്ച നിമിഷം മുതല്‍ ഞാന്‍ . ഒന്ന് മനസ്സമാധാനമായിട്ട് കിടന്നുറങ്ങാനെനിക്ക് സാധിച്ചിട്ടില്ല അറിയോ നിനക്ക് .' ന്റെ ഫൈറൂസക്ക് എങ്ങനെ ഇത് സംഭവിച്ചു'വെന്ന കുറ്റബോധത്തിലേനി ഇതുവരെ ഞാന്‍. അതാടീ... ഞാന്‍ വീണ്ടും നിന്റെ അടുത്ത് വന്നതും ബന്ധം പുതുക്കിയതും. പതുക്കെ പഴയ നമ്മളായതിന് ശേഷം നിന്നോടൊക്കെ പറയാനിരിക്കുകയായിരുന്നു ഞാന്‍. ഡീ... നിന്റെ കൂടെ ഏത് സമയത്തും ഞാനുണ്ടായിരുന്നിട്ടില്ലേ...ആ ഞാനിനിയുമുണ്ടാകും നമുക്കിനിയും പഴയ നൂറയും ഫൈറൂസയുമാവാം... '


നൂറ കരഞ്ഞു കൊണ്ട് പറഞ്ഞു നിർത്തി. 


 ഫൈറൂസയും അവളും കുറച്ച് സമയം പരസ്പരം കണ്ണുകളിലേക്ക് നോക്കി നിന്നു. അവസാനം ഫൈറൂസ ഓടിവന്ന് നൂറയെ കെട്ടിപ്പിടിച്ചു. അവര്‍ രണ്ടു പേരും പരസ്പരം കരഞ്ഞു. ഇത് കണ്ട് ഫര്‍സാനയുടെ കണ്ണിന്റെ കോണില്‍ ചുടുകണം ഉരുണ്ടു കൂടി. 


അവള്‍ പറഞ്ഞു:

'ആ....എല്ലാം റെഡിയായല്ലോ....? ഇനി സെന്റിമെന്റല്‍ മൂഡൊക്കെ ഒന്ന് മാറ്റി പിടി...ശൊടാ...മനുഷ്യനാദ്യായിട്ട് ഒരാളുടെ വീട്ടില്‍ വന്നപ്പോ ഫുള്‍ കരച്ചിലും പിഴിച്ചിലുമാണല്ലോ...!?'

ഫര്‍സാനയുടെ കമന്റ് കേട്ട് നൂറയും ഫൈറൂസയും ചിരിച്ചു.


( *തുടരും....*) 



അപ്‌ലോഡ് ചെയ്ത  Full പാർട്ട്‌ ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...

 click here