(PART 16) ഹബീബിനെ ﷺ 💖പ്രണയിച്ചവൾ
ഹബീബിനെ ﷺ 💖പ്രണയിച്ചവൾ
⛔️Part-16
'ഏയ് ഒന്നുല്ല്യടീ...'
ഫൈറൂസ പെട്ടെന്ന് തന്നെ നൂറയുടെ മുഖത്ത് നിന്നും കണ്ണുവെട്ടിച്ച് തിരിഞ്ഞു. അവൾ കാണാതെ ഡയറി മടക്കി യഥാസ്ഥാനത്ത് തന്നെ വെച്ചു.
'അല്ല...നിനക്ക് എന്തോ അസ്വസ്ഥത യുണ്ടല്ലോ...'
നൂറ അവളുടെ അടുത്തേക്ക് വന്നു.
'അതൊന്നുല്യടി...തലക്ക് ചെറിയൊരു വല്ലായ്മ പോലെ'
ഫൈറൂസ കാരണം കണ്ടത്തി.
'ഞാന്‍ നല്ല കടുപ്പത്തില്‍ ഒരു ചായയിട്ടു തന്നാലോ...!
' വേണ്ടെടീ...അത് ചെലപ്പൊ ഭക്ഷണം കഴിച്ചാല്‍ റെഡിയാകുമായിരിക്കും...'
ഫൈറൂസ പറഞ്ഞു.
' എന്ന വരിം നമുക്ക് ഭക്ഷണം കഴിക്കാം'
അവര്‍ മൂന്ന് പേരും കിച്ചണിലേക്ക് നടന്നു. ഉമ്മച്ചി നല്ല തിരക്കിട്ട പാചകത്തിലാണ്. അയക്കൂറ ബിരിയാണിയാണുണ്ടാക്കുന്നത്. നല്ല വറുത്ത് മൊരിഞ്ഞ അയക്കൂറയുടെ മണം പരിസരമാകെ നിറഞ്ഞു നില്‍ക്കുന്നുണ്ട്.
'ഇപ്പൊ...ആവുട്ടൊ...'
ഉമ്മച്ചി അവരെ നോക്കി പറഞ്ഞു.
ആരെങ്കിലും വീട്ടിലേക്ക് വരുമ്പോള്‍ ഭക്ഷണമുണ്ടാക്കുന്നത് ഉമ്മച്ചി തനിച്ചായിരിക്കും. നന്നായില്ലെങ്കിലോന്ന ഭയമാണ് ഉമ്മച്ചിക്ക്. അങ്ങനെ തോന്നാനും കാരണമുണ്ട്.
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപ്പച്ചിന്റെ കൂടെ വീട്ടില്‍വന്ന കുഞ്ഞാലുട്ട്യാക്കക്കും മരക്കാരിക്കാക്കും വെള്ളം കലക്കി കൊടുത്തത് നൂറയായിരുന്നു. വെള്ളമെല്ലാം കുടിച്ച് കഴിഞ്ഞ് ഗ്ലാസും വാങ്ങി പോരുമ്പോള്‍ കുഞ്ഞാലുട്ട്യാക്ക ചോദിച്ചു:
'ആരാ വെള്ളം കലക്കിയത്...!?'
ഇഷ്ടപ്പെട്ട സന്തോഷം പറയാനാണ് അദ്ദേഹം പേര് ചോദിച്ചത് എന്ന ധരണയില്‍ നൂറ ഗമയില്‍ അവിടെ തന്നെ നിന്ന് ഞാനാണെന്ന് തലയാട്ടി.
'ഇനിമുതല്‍ പഞ്ചസാരയിടുമ്പോള്‍ ശ്രദ്ധിക്കണം കെട്ടോ....'
കുഞ്ഞാലുട്ട്യാക്ക നെറ്റി ചുളിച്ചു കൊണ്ട് ചിരിച്ചു പറഞ്ഞു.
അദ്ദേഹത്തോട് ആയ്‌ക്കോട്ടേയെന്നും പറഞ്ഞ് തലയാട്ടി പോന്നെങ്കിലും എന്താണ് അയാളങ്ങനെ പറയാന്‍ കാരണമെന്ന് ഒരു നിലക്കലോചിച്ചിട്ടും നൂറക്ക് പിടുത്തം കിട്ടിയിരുന്നില്ല.
അവര് പോയതിന് ശേഷം ഉമ്മച്ചിയോട് നൂറ ചോദിച്ചു :
'ഉമ്മച്ചി...അതന്താ... കുഞ്ഞാലുട്ട്യാക്ക അങ്ങനെ പറഞ്ഞത്...?'
'അത്....നീ പഞ്ചസാരയിട്ടത് കുറഞ്ഞ് പോയിരിക്കും'
എന്നും പറഞ്ഞ് ഉമ്മച്ചി നൂറ കലക്കിയ വെള്ളത്തിൽ ബാക്കിവന്നതില്‍ നിന്നും കുറച്ചെടുത്തു രുചിച്ചു നോക്കി.
'ശരിയാണല്ലോടി...ഇത് തീരേ മധുരമില്ലല്ലോ....!?'
'അതെങ്ങനെ ശരിയാവുമുമ്മച്ചീ...ഞാന്‍ നന്നായി മധുരമിട്ടതാണല്ലോ...!?'
അവളങ്ങനെ തീര്‍ത്തു പറഞ്ഞപ്പോഴാണ് ഉമ്മച്ചി അവള് വെള്ളം കലക്കിയ പാത്രത്തിലേക്ക് സൂക്ഷിച്ച് നോക്കിയത്.
അല്‍പ സമയം അതിലേക്ക് നോക്കി നിന്ന ഉമ്മച്ചിയുടെ മുഖഭാവത്തില്‍ വരുന്ന വ്യത്യാസം കണ്ട് കരയുകയാണോ...ചിരിക്കുകയാണോ...ന്ന് അവള്‍ക്ക് സംശയം.
ഉമ്മച്ചി ഊറിയൂറി ചിരിക്കുകയാണ്...
'എന്താണ് എന്തു പറ്റി ഉമ്മച്ചി...!?'
എന്തിനാണ് ചിരിക്കുന്നതെന്ന് അവള്‍ക്ക് മനസ്സിലായില്ലെങ്കിലും ഉമ്മച്ചിയോടൊപ്പം ചിരിച്ചുകൊണ്ട് അവള്‍ ചോദിച്ചു.
ഉമ്മച്ചി ഒന്നും മിണ്ടാതെ വെള്ളം കലക്കിയ പാത്രവുമെടുത്ത് ഉപ്പച്ചിയുടെ അടുത്തേക്ക് നടന്നു.
കോലായില്‍ കസേരയിലിരിക്കുകയായിരുന്ന ഉപ്പച്ചിയുടെ അടുത്ത് ചെന്ന് പാത്രം ഉപ്പച്ചിയെ കാണിച്ചിട്ട് പറഞ്ഞു.
'ങട്ട് നോക്കി...ങ്ങളെ പുന്നാര മോള് വെള്ളം കലക്കിയ കോലം...
ന്താണോള് മധുരത്തിന് വേണ്ടി അയ്‌ലിട്ടത് ന്നറിയോ ങ്ങക്ക്...?'
ഉപ്പച്ചി പാത്രത്തില്‍ കയ്യിട്ടു കൊണ്ട് ചോദിച്ചു:
'ഇതെന്താണ് പച്ചരിയോ....!?'
ഉപ്പച്ചിയുടെ മുഖത്തും ചിരിവിടര്‍ന്നു. അവൾക്കപ്പോഴാണ് അമളി മനസിലായത്. അവര് വന്ന വ്യഗ്രതയില്‍ ഉപ്പച്ചി പെട്ടെന്ന് വെള്ളമെടുക്കാന്‍ പറഞ്ഞപ്പോള്‍ സാധാരണ പഞ്ചസാരയെടുക്കുന്ന പാത്രത്തിനടുത്ത് വച്ചിരുന്ന പച്ചരിയുടെ പാത്രത്തില്‍ നിന്നാണ് അവളെടുത്ത് വെള്ളത്തിലിട്ടത്.
'ഇനിഞാനോന്റെ മോത്ത് എങ്ങനെ നോക്കും'
ന്നും പറഞ്ഞ് ഉപ്പച്ചി പിന്നെയും ചിരിച്ചു.
കുഞ്ഞാലുട്ട്യാക്ക എന്തിനായിരുന്നു ഒന്നിരുത്തി ചിരിച്ചതെന്ന് അവള്‍ക്കപ്പോള്‍ ശരിക്കും ബോധ്യമായി. അതിപ്പോള്‍ ആലോചിച്ചപ്പോള്‍ അവളുടെ മുഖത്ത് ജാള്യതയുടെ ചിരി വിടര്‍ന്നു.
അതിനു ശേഷം അതിഥികളാരെങ്കിലും വന്നാല്‍ മിക്കവാറും എല്ലാം ഉമ്മച്ചി തന്നെയാണ് ചെയ്യാറ്. നൂറപിന്നീട് നല്ല പാചകക്കാരിയായെങ്കിലും ഉമ്മച്ചിക്കൊരു ധൈര്യക്കുറവാണ്. എങ്ങാനും വല്ലതും വാരിയിട്ട് കൊടുത്താല്‍ ആ ചീത്ത പേര് പിന്നെ ഉമ്മച്ചിന്റെ തലക്കിരിക്കുമല്ലോ...!
'തിരക്കൊന്നുമില്ല, പതുക്കെ മതി ത്താ'
ഫൈറൂസ ഉമ്മച്ചിയോട് പറഞ്ഞു.
പെട്ടെന്നാണ് ഉമ്മച്ചിയുടെ ഫോണ്‍ ബെല്ലടിച്ചത്.
'മോനൂസെ ആരാ....?'
അവനിവിടെയുണ്ടെങ്കില്‍ ഉമ്മച്ചിന്റെ ഫോണ്‍ മുഴുവന്‍ സമയവും അവന്റെ കൈവശമായിരിക്കും.
'ഇത്തയാണ്...'
'ഹാ...നീ ഒന്ന് സംസാരിച്ചിരിക്ക്, ഉമ്മച്ചി ഇതൊന്ന് വറവിട്ടിട്ട് വരാം...'
ഉമ്മച്ചി വിളിച്ചു പറഞ്ഞു.
നൂറ അപ്പോഴേക്കും മോനൂസില്‍ നിന്ന് ഫോണ്‍ വാങ്ങിയിരുന്നു.
'ഹലോ...ഇത്ത...അസ്സലാമു അലൈക്കും...'
സ്ഥിരമായി വിളിക്കാറുണ്ടെങ്കിലും ഇത്തയോട് എത്രസംസാരിച്ചാലും മതിയാവുകയില്ല. പ്രത്യേകിച്ച് റൂമിയോട്, ഇത്താന്റെ മോനാണ്.
ചെക്കന് നാലുവയസ്സേ ആയിട്ടുള്ളൂവെങ്കിലും വലിയ വായിലെ വര്‍ത്തമാനമാണ്. അവനാണ് ഫോണ്‍ വിളിക്കാറും സുഖവിവരങ്ങളന്വേഷിക്കാറുമെല്ലാം.
മുനവ്വിറയെന്നാണിത്താന്റെ പേര്. മെഡിസിന്‍ കഴിഞ്ഞ്, ഇപ്പോള്‍ ഹൗസ് സര്‍ജന്‍സിയിലാണ്. വിവാഹം കഴിഞ്ഞിട്ടിപ്പോള്‍ അഞ്ചു വര്‍ഷമായി. ഇത്തയാണ് നൂറയുടെ റോള്‍ മോഡല്‍. ജീവിതത്തില്‍ എന്ത് പ്രതിസന്ധിവന്നാലും സംശയങ്ങള്‍ വന്നാലും അവളാദ്യം പറയുക ഇത്തയോടായിരിക്കും. കാരണം വല്ലാത്ത ആര്‍ജ്ജവമുള്ള പെണ്ണാണിത്ത.
വീഡിയോ കോളായതിനാല്‍ തന്നെ ഫര്‍സാനയും ഫൈറൂസയുമെല്ലാം ഇത്തയുമായി സംസാരിച്ചു. ഫൈറൂസയുടെ മുഖത്തിപ്പോള്‍ ഉന്മേശം വന്നിട്ടുണ്ട്. ഇത്ത അവളുമായി ഒരുപാട് സമയം സംസാരിച്ചിരുന്നു. ഇത്തയും ഫൈറൂസയും തമ്മില്‍ അത്രമേല്‍ അടുത്ത ബന്ധമുണ്ട്.
കുറച്ച് കഴിഞ്ഞപ്പോള്‍ ഉമ്മച്ചി വന്നു കൊണ്ട് നൂറയോട് പറഞ്ഞു:
'ഡീ..., ആ കുക്കറൊന്ന് ശ്രദ്ധിക്കണെ...വിസിലടിച്ചാല്‍ ഗ്യാസൊന്ന് ലോ ഫ്ളൈമിലാക്കണം'
'എന്നാല്‍ ശരിയിത്ത...അസ്സലാമു അലൈക്കും'
ഫൈറൂസ ഫോണ്‍ ഉമ്മച്ചിക്ക് കൈമാറി.
'ആഹ...നൂറയെ ഉമ്മച്ചി അടുക്കളയേല്‍പ്പിക്കാനൊക്കെ തുടങ്ങിയോ...?'
ഉമ്മച്ചി നൂറയോട് പറയുന്നത് കേട്ട് ഇത്താത്ത ഫോണിലൂടെ ചിരിച്ച് കൊണ്ട് വിളിച്ച് ചോദിച്ചു. അതു കേട്ട് ഫര്‍സാനയും ഫൈറൂസയും നൂറയുടെ പുറത്ത് പതുക്കെ അടിച്ചു കൊണ്ട് ചിരിച്ചു. അവര്‍ അടുക്കളയിലേക്ക് നീങ്ങി.
'ഇത്തയുടെ ഹൗസ് സര്‍ജന്‍സി കഴിഞ്ഞോ...ഞാനിത്തയോട് ചോദിക്കാന്‍ വിട്ടുപോയി?'
ഫൈറൂസ അടുക്കളയിലേക്ക് പോകുന്നതിനിടയില്‍ ചോദിച്ചു.
'ഇല്ല മൂന്ന് മാസം കൂടെയുണ്ട്'
'ഉം...ഫര്‍സാന... ഈ മുനവ്വിറാത്ത നമ്മള് വിചാരിക്കും പോലെയൊന്നുമല്ല, ആളൊരു സംഭവമാ...'
ഫൈറൂസ ഫര്‍സാനയെ നോക്കി പറഞ്ഞു.
ഫര്‍സാന ഒന്നും പറഞ്ഞില്ലെങ്കിലും ഫൈറൂസ ബാക്കി പറയുന്നത് കേള്‍ക്കാനായി കാത്തിരുന്നു.
'നൂറൂ...നിനക്ക് ഓര്‍മയില്ലെടീ റമളാനില്‍ മുനവ്വിറാത്ത നമുക്ക് ഹിസ്ബ് ക്ലാസ് എടുത്തതൊക്കെ..'
ഫൈറൂസയുടെ മുഖത്ത് ബാല്യത്തിന്റെ ഓമനത്തമുണ്ടായിരുന്നു അപ്പോള്‍.
'പിന്നേ....ഓര്‍മയില്ലാണ്ട്...ഇത്ത നമ്മളെ രണ്ടാളെയും വെച്ചാണ് തുടങ്ങിയതെങ്കിലും റമളാനിലെ ആദ്യ പത്ത് അവസാനിക്കുമ്പോഴേക്കും ഈ നാട്ടിലുള്ള പെണ്ണ്ങ്ങളൊക്കെ പറഞ്ഞും കേട്ടും അറിഞ്ഞ് ആ ക്ലാസിന് വന്നിരുന്നു.'
നൂറയും ഫൈറൂസയുടെ ഓര്‍മകള്‍ക്കൊപ്പം കൂടി...
'മുനവ്വിറാത്തയുടെ ഖിറാഅത്ത് കേള്‍ക്കാന്‍ എന്തു രസാണെന്നറിയോ...!? ഓരെ ഓത്ത് കേട്ട് ഹരം പിടിച്ചിട്ടാണ് ഒരു നോമ്പിന് ന്റുമ്മച്ചി എനിക്ക് ഹിസ്ബ് പഠിപ്പിക്കാനായി ന്നെ താത്തന്റടുത്ത് കൊണ്ടോര്ണത്. അങ്ങനെ ഞാനും നൂറയും താത്തന്റടുത്ത്ന്ന് പഠിക്കാന്‍ തുടങ്ങി. അത് പിന്നെ കേട്ടറിഞ്ഞ് നാട്ടിലെ പെണ്ണ്ങ്ങളെല്ലാം വന്നു.'
മുനവ്വിറയുമായി ഫൈറൂസയുടെ ബന്ധം തുടങ്ങുന്നതിവിടെയാണ്. മുനവ്വിറ അവളുടെ ആദ്യ ടീച്ചറും കൂട്ടുകാരിയും എല്ലാമായിരുന്നു. ഒന്നിടവിട്ടതിന് ശേഷം അവള്‍ തുടര്‍ന്നു.
'അന്നൊക്കെ താത്ത ഓരോരുത്തരെ കൊണ്ട് ഓതിപ്പിക്കും. തെറ്റിയോതുന്നവർക്ക് അത് യഥാര്‍ത്ഥത്തില്‍ ഓതേണ്ട വിധം പറഞ്ഞു കൊടുക്കുമ്പോഴാണ് ഇത്രക്കാലം നമ്മളോതിയതെല്ലാം തെറ്റെയ്‌ന്യല്ലോന്ന് പലര്‍ക്കും മനസ്സിലായിരുന്നത്.'
ഫൈറൂസ ഒന്നു നിറുത്തിയതിന് ശേഷം എന്തോ ഓര്‍ത്തു കൊണ്ട് പറഞ്ഞു:
'അന്ന് മുനവ്വിറാത്ത നമ്മുടെ നാട്ടുകാരിയും പ്രത്യേകിച്ച് പെണ്ണും ആയത് കൊണ്ട് എല്ലാവര്‍ക്കും സംശയമുള്ളതൊക്കെ തുറന്ന് ചോദിക്കാനും പരസ്പരം മുഖത്ത് നോക്കി ഓത്ത് ക്ലിയറാക്കാനുമൊക്കെ സാധിച്ചിരുന്നുവല്ലേ...താത്തന്റെ കല്യാണം കഴിഞ്ഞതോടെ അതൊക്കെ നിന്നു. അതൊരു വല്ലാത്ത കാലമായിരുന്നുട്ടൊ... അനക്കെന്താ...നൂറ....ഇത്താത്തനെ പോലെ അത് രണ്ടാമതും തുടങ്ങിക്കൂടെ...?!'
ആ ചോദ്യം നൂറ പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു. കാരണം 'ഏ' എന്ന് പറഞ്ഞ് അവളൊന്ന് ഞെട്ടി.
ആ സമയത്ത് ആ ചോദ്യം പ്രതീക്ഷിച്ചില്ലെങ്കിലും തന്റെ ആത്മീയ കുടുംബശ്രീ അവതരിപ്പിക്കാനുള്ള സന്ദര്‍ഭങ്ങളിവിടെ ഒരുങ്ങുന്നത് നൂറ മനസ്സില്‍ കണ്ടു. അവള്‍ മുഖത്ത് പ്രത്യേകിച്ച് ഭാവ വ്യത്യാസങ്ങളൊന്നും വരുത്താതെ പറഞ്ഞു:
'ശരിയാണ് നമുക്കത് വീണ്ടും തുടങ്ങണം. ഞാനുമതാലോചിച്ചിരുന്നു...പിന്നെ ഒറ്റക്ക് എങ്ങനെയാന്ന് അലോചിച്ചപ്പോ വേണ്ടാന്ന് വച്ചതാ...'
നൂറ നിരാശ ഭാവത്തില്‍ പറഞ്ഞു.
'അതിനെന്താ...ന്നാലിനി ഞാനും കൂടാം...'
ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം ഫൈറൂസ പറഞ്ഞു.
അവളെ കൂടെ കൂട്ടാന്‍ വേണ്ടി തന്നെയാണ് നൂറയങ്ങനെ പറഞ്ഞതും. പക്ഷെ, നൂറയുടെ ഡയറിയില്‍ നിന്ന് ആത്മീയ കുടുംബശ്രീയെ കുറിച്ച് വായിച്ച ഫൈറൂസക്ക് അവളുടെ ഉദ്ദേശ്യമെന്താണെന്ന് വ്യക്തമായറിയാമായിരുന്നു. തന്നെ ഉദ്ദേശിച്ചാണ് അവളതാവിഷ്ക്കരിച്ചതെന്നും. അതിലേക്കുള്ള ആദ്യ പടിയായിരിക്കും ഈ ഹിസ്ബ് ക്ലാസ്.
എന്നിട്ടും അവളതിനെ സപ്പോട്ട് ചെയ്തത് ഒരുപക്ഷെ, തന്റെ ജീവിതത്തിലെ ഒരു നല്ലമാറ്റത്തിന് ഇത് കാരണമായാലോ എന്നോര്‍ത്തിട്ടാണ്. താനിക്കാര്യം അറിഞ്ഞ വിവരം ഇനിയവളെ അറിയിക്കില്ലെന്ന് ഫൈറൂസ മനസ്സില്‍ ശപഥം ചെയ്തു.
' ഏതായാലും മൂന്നുവര്‍ഷം കോളേജില്‍ ഞാനുമുണ്ടാവുമല്ലോ...അപ്പോ ഒരു പഠിതാവായി എനിക്കും കൂടാല്ലോ...ഞാന്‍ തന്നെ
നിങ്ങളുടെ ആദ്യ വിദ്യാര്‍ത്ഥിനി'
ഫര്‍സാന അവരുടെ സംസാരത്തിനിടയില്‍ കയറി ആവേശത്തോടെ, അതിലേറെ സന്തോഷത്തോടെ പറഞ്ഞു.
'എഡീ...ഞാനിപ്പൊ വരാം...നിങ്ങൾ ആ കുക്കറൊന്ന് ശ്രദ്ധിക്കണേ...'
രണ്ടു പേരോടുമായി പറഞ്ഞിട്ട് നൂറ പെട്ടെന്ന് സംസാരം മുറിച്ച് തന്റെ റൂമിലേക്ക് പോയി. അവിടെ ചെന്ന് അല്ലാഹുവിന് ശുക്‌റിന്റെ സുജൂദ് ചെയ്തു. ഹംദുകളര്‍പ്പിച്ചു.
'റബ്ബേ...നീയിതാ ഞാന്‍ കണ്ട സ്വപ്‌നത്തിലേക്കുള്ള കവാടങ്ങള്‍ എന്റെ മുമ്പില്‍ തുറന്നിട്ടിരിക്കുന്നു. ഇതെനിക്ക് പൂര്‍ത്തിയാക്കാനുള്ള കരുത്തും തുണയും തരണേ...'
അവള്‍ നിറകണ്ണുകളോടെ പ്രാര്‍ത്ഥനയില്‍ മുഴുകി.
ശേഷം അവളിത്താത്തയെ കുറിച്ചാലോചിച്ചു. എന്തുകൊണ്ട് ഇത്താത്തയുടെ മാതൃക തനിക്ക് നേരത്തെ ഓര്‍മവന്നില്ലെന്ന് അവള്‍ അത്ഭുപ്പെട്ടു.
ഇത്താത്ത ഇന്നും ഭര്‍തൃവീട്ടിലും പരിസരങ്ങളിലുമുള്ള വിദ്യാര്‍ത്ഥിനികളെ ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. ഒഴിവു സമയങ്ങളില്‍ നന്നായിട്ട് എഴുതാറുണ്ട്. പലപ്പോഴും ഇത്താത്തയെ കുറിച്ചാലോചിക്കുമ്പോള്‍ അത്ഭുതം തോന്നാറുണ്ടവള്‍ക്ക്. കാരണം സാധാരണ പെണ്ണുങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തയായിരുന്നു ഇത്താത്ത . വിവാഹ ശേഷം അതിനുമുമ്പുള്ള എല്ലാ കാര്യങ്ങളും മറക്കുന്നവരാണ് അധിക പെണ്ണുങ്ങളും. പിന്നീടവര്‍ ആര്‍ക്കൊക്കെയോ വേണ്ടി ജീവിക്കുന്നതായിട്ടാണ് തോന്നാറ്. നന്നായി എഴുതിയിരുന്നവര്‍, വായിച്ചിരുന്നവര്‍, കരകൗശലവസ്തുക്കള്‍ നിര്‍മിച്ചിരുന്നവര്‍ തുടങ്ങി ഈ മേഖലയില്‍ ഉദിച്ചുനിന്നിരുന്നവര്‍ വിവാഹം കഴിയലോട് കൂടെ പെട്ടെന്ന് അസ്തമിക്കും.
പിന്നീടവര്‍ സ്വയം ജീവിക്കാന്‍ മറക്കും. അതിന് കാരണം പറച്ചിലോ...ഭര്‍ത്താവ്, മക്കള്‍...കൂട്ടു കുടുംബം എന്നെല്ലാമാണ്. പക്ഷെ, വേണം എന്നുവെച്ചാല്‍ ഇതെല്ലാം നടക്കും. കൂടാതെ എല്ലാത്തിനും സമയവുമുണ്ടാവും. കാരണങ്ങള്‍ കണ്ടെത്തി സ്വയം നശിക്കില്ലെന്ന ഉറച്ച തീരുമാനമെടുക്കാന്‍ സാധിച്ചാല്‍ മതി.'
നൂറയുടെ ചിന്തകള്‍ക്ക് ഇത്ര ഗൗരവ രൂപം ലഭിക്കാനും കാരണമുണ്ട്. കാരണം അവളിപ്പോള്‍ ആലോചിച്ച് കൂട്ടിയതെല്ലാം
'ഇത്താത്തക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു...'വെന്ന്
മുമ്പൊരിക്കല്‍ ചോദിച്ചപ്പോള്‍ കിട്ടിയ മറുപടിയാണ്.
'നൂറൂ... നിനക്കറിയോ...ലോക ചരിത്രത്തില്‍ പണ്ഡിതകളായ എത്ര സ്ത്രീകളുണ്ടെന്ന്...!? "
ഒരിക്കലിത്താത്ത നൂറയോട് ചോദിച്ചു. ആ ചോദ്യത്തിന് ഇത്താത്ത ഉത്തരം പ്രതീക്ഷിച്ചിരുന്നില്ല. കാരണം ഇത്താത്ത തുടര്‍ന്ന് പറഞ്ഞു :
" ഞാന്‍ ചില മഹതികളെ പരിചയപ്പെടുത്താം. ഇമാം മാലിക്(റ) മുവത്വ എന്ന തന്റെ ഹദീസ് ഗ്രന്ഥം ക്ലാസെടുക്കുമ്പോള്‍ ശിഷ്യന്മാരാരെങ്കിലും തെറ്റിച്ച് വായിച്ചാല്‍ അത് തെറ്റായിട്ടാണ് വായിച്ചതെന്ന് മഹാനവർകളുടെ ശ്രദ്ധയിൽ കൊണ്ടു വന്നിരുന്നത് മകളായിരുന്നു. അഥവാ,കര്‍ട്ടണു പിന്നിലിരുന്ന് മഹതി ഉണര്‍ത്തുമായിരുന്നുവെന്ന്. എത്രമേല്‍ വലിയ പണ്ഡിതയായിരിക്കണം മഹതിയെന്നാലോചിച്ച് നോക്കിയേ...."
അതുപോലെ തന്നെ സഈദ് ബ്‌നു മുസ്സയ്യിബ്(റ) എന്ന് പറയുന്ന വലിയ പണ്ഡിതനുണ്ടായിരുന്നു. മഹാന്റെ ശിഷ്യനാണ് അവരുടെ മകളെ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം ഭര്‍ത്താവ് പിതാവിന്റെ ക്ലാസില്‍ പങ്കെടുക്കാന്‍ പോകുന്ന സമയത്ത് മഹതി ചോദിച്ചുവത്രെ:
' നിങ്ങള്‍ ഉപ്പാന്റെ ക്ലാസിലേക്കാണ് പോകുന്നതെങ്കില്‍ അവിടെയുള്ളതെല്ലാം ഞാന്‍ നിങ്ങളെ പഠിപ്പിച്ചുതരാം.' എത്ര ധീരമായ ശബ്ദമായിരുന്നു അവരുടേത്.
അക്കാലഘട്ടത്തിലെ അധികാരികള്‍ മുഴുവന്‍ വിനയപുരസരം തലകുനിച്ച് നിന്നിരുന്ന പണ്ഡിത കുലപതിയായിരുന്നു ഈ സഈദ് ബ്‌നു മുസ്സയ്യിബ്(റ). അഥവാ അത്രമേല്‍ അറിവിന്റെ നിറകുടമായ തന്റെ പിതാവിന്റെ മുഴുവന്‍ അറിവും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരാമെന്ന് തന്റെ ഭര്‍ത്താവിനോട് പറയാന്‍ ധൈര്യമുള്ള ആ മഹതിയുടെ അറിവിന്റെ ആഴമൊന്നാലോചച്ച് നോക്ക് നീയ്യ്....'
ഇത്ത പറഞ്ഞു തരുന്നത് കണ്ണിമവെട്ടാതെ നോക്കിയിരുന്നതല്ലാതെ ഒരക്ഷരം മിണ്ടിയില്ല . അവസാനം ഇത്ത തുടര്‍ന്നു:
' എടീ...നീ ആലോചിച്ച് നോക്കിയേ...ഇസ്ലാമിക ലോകത്തെ അടിസ്ഥാന പ്രമാണമാണല്ലോ ഹദീസ്...? ഈ ഹദീസുകള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യക്കാരിലൊരാള്‍ മഹതി ആഇശാ ബീവിയല്ലേ...പെണ്ണായിരുന്ന മഹതിയില്‍ വിശ്വസിച്ചു കൊണ്ടല്ലേ...ഈ വിശ്വപ്രസ്ഥാനം ലോകത്തിന് മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. മഹതിയൊരു പെണ്ണാണെന്നതിന്റെ പേരില്‍ ആരെങ്കിലും അവരുടെ ഹദീസുകള്‍ സ്വീകരിക്കാതിരുന്നിട്ടുണ്ടോ...ആഇശാ ബീവി റിപ്പോര്‍ട്ട് ചെയ്ത ഹദീസുകള്‍ക്ക് മറ്റുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാളും പലപ്പോഴും ആധികാരികമാവാറില്ലേ...കാരണം ഹബീബിനെ ﷺ അത്ര അടുത്ത് ലഭിച്ചിരുന്നു മഹതിക്ക്.
ഇത്താത്ത സംസാരം തുടര്‍ന്നപ്പോള്‍ നൂറക്ക് തോന്നി അല്ലാഹു തനിക്ക് ചെയ്ത ഗുണങ്ങളില്‍ ഏറ്റവും മഹത്തരമായ ഒന്ന് തന്നെ ഒരു സ്ത്രീയായി ജനിപ്പിച്ചു എന്നതാണെന്ന്.
അവസാനം ഇത്ത പറഞ്ഞു:
'മോളേ...ഇസ്ലാം ഒരിക്കലും സ്ത്രീയെ രണ്ടാം കണ്ണുകൊണ്ട് കണ്ടിട്ടില്ല. അവള്‍ക്ക് അവളുടേതായ ലോകം വകവെച്ചു നല്‍കിയിട്ടുണ്ട്. അത് മനസ്സിലാക്കുന്നിടത്ത് പലപ്പോഴും പലര്‍ക്കും പിഴച്ചു പോവാറുണ്ടെന്ന് മാത്രം. പുരുഷനിടപെടുന്ന മേഖലയാണ് സ്വാതന്ത്ര്യമെന്ന് പുരുഷന്മാര്‍ തെറ്റിദ്ധരിപ്പിച്ചപ്പോള്‍ അവള്‍ ആ ചതിയില്‍ പെട്ടുപോകലാണ് മിക്കപ്പോഴും. അഥവാ, ഒട്ടുമിക്ക സ്ത്രീകള്‍ക്കും സ്വന്തത്തെ കണ്ടെത്താനിതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ട് വിദ്യ തേടലും അത് പ്രചാരണം നടത്തലുമെല്ലാം നമുക്കും പറ്റും. അത് പുരുഷന്മാര്‍ക്ക് മാത്രം തീറെഴുതി കൊടുത്തതൊന്നുമല്ല.
പഠിച്ചിട്ട്, അതനുസരിച്ച് ജീവിക്കാന്‍ നമുക്ക് സാധിക്കണം. അങ്ങനെ ജീവിച്ചു കാണിച്ചു കൊടുക്കുമ്പോഴാണ് മഹതികളായ പൂര്‍വീകര്‍ കാണിച്ചു തന്ന, പില്‍ക്കാലത്ത് എവിടെയോ നഷ്ടപ്പെട്ട നമ്മുടെ അഭിമാന ബോധം നമുക്ക് തിരിച്ച് പിടിക്കാന്‍ സാധിക്കൂ...അപ്പോഴേ വരുന്ന തലമുറയ്ക്ക് പുതിയ ചരിത്രം പറയാനുണ്ടാവൂ...'
നൂറ ഇത്തയുടെ മുഖത്തേക്ക് അന്തിച്ചു നോക്കി നിന്നു. തന്റേതായൊരിടം ഈ ലോകത്ത് രേഖപെടുത്താന്‍ ശ്രമിക്കുമെന്ന് അന്നവള്‍ ദൃഢപ്രതിജ്ഞ ചെയ്തു.
'നൂറാ....കഴിഞ്ഞില്ലേ...?ഇവളിതെന്തെടുക്കുവാ...'
ഫര്‍സാന അവളേയും വിളിച്ചു കൊണ്ട് മുകളിലേക്ക് കയറാനൊരുങ്ങി.
'ഞാനിതാ വന്നു....'
നൂറ പെട്ടെന്ന് എഴുന്നേറ്റ് പുറത്ത് വന്നു.
***
സിറ്റിങ് റൂമില്‍ ഏകാന്തയായിരിക്കുന്ന ഫൈറൂസയുടെ മനസ്സ് നിറയെ നൂറയുടെ ഡയറിയായിരുന്നു. അതിൽ പറഞ്ഞ ആത്മീയ കുടുംബശ്രീ പ്രധാനമായും തന്നെ ഉദ്ദേശിച്ചാണ്. താന്‍ ഹിസ്ബ് ക്ലാസിന് താല്പര്യം കാണിച്ചത് നൂറ തനിക്കു വേണ്ടിയൊരുക്കുന്ന ആ പദ്ധതിയിലേക്കുള്ള എളുപ്പമാര്‍ഗമൊരുക്കലാണെന്ന് അവളുടെ മനസ്സ് ആവർത്തിച്ച് മന്ത്രിച്ചു കൊണ്ടേയിരുന്നു .
'നിന്നോട് കാര്യങ്ങളൊന്നും തുറന്ന് പറയാത്ത, നിന്നെ വിശ്വസിക്കാത്ത, നിന്റെ ഇഷ്ടങ്ങളോട് കൂടെ നില്‍ക്കാത്ത ഒരു കൂട്ടുകാരിയോടൊപ്പം നീയെന്തിന് സമയം ചെലവഴിക്കണം. അവളുടെ മനസ്സില്‍ പൈശാചികത വന്ന് നിറഞ്ഞു കൊണ്ടിരുന്നു.
"ഡീ... വാ... നമുക്ക് ഭക്ഷണം കഴിക്കാം"
ഒറ്റക്കിരിക്കുന്ന ഫൈറൂസയേ നൂറ വിളിച്ചു.
"നൂറാ എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്... "
ഫൈറൂസയുടെ ശബ്ദം കനത്തിരുന്നു.
( *തുടരും....*)
😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀
അപ്‌ലോഡ് ചെയ്ത Full പാർട്ട് ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...
Post a Comment