(PART 15) ഹബീബിനെ ﷺ 💖പ്രണയിച്ചവൾ

 

ഹബീബിനെ ﷺ  💖പ്രണയിച്ചവൾ

🔰🔰🔰🔰🔰🔰🔰🔰🔰🔰🔰



           ⛔️Part-15⛔️



ഇശാഅ് നിസ്‌കാരത്തിനും ഹദ്ദാദിനും ശേഷം സാധാരണ നിസ്‌കാര റൂമില്‍ നിന്ന് എല്ലാവരും എഴുന്നേറ്റ് പോരും. എന്നാലും ഉമ്മമ്മ  എന്തോ ആലോചനയിലും അദ്കാറിലുമായി കുറേനേരം അവിടെ തന്നെയിരിക്കും. അതാണ് പതിവ്. പക്ഷെ, ഇന്നതിനെതിരായിരുന്നു:

'കുട്ട്യാളേ...എല്ലാരും അവടെ തന്നെ ഇരിക്കി, നിക്ക് ഒരു കാര്യം പറയാന്ണ്ട്'

നൂറയോടും ഫര്‍സാനയോടും ഫൈറൂസയോടും ഉമ്മമ്മ അവിടെയിരിക്കാന്‍ പറഞ്ഞു. 

'ആയിശ്വോ ജ്ജ് അടുക്കളേക്ക് ചെല്ല്....

ചോറാകുമ്പോത്തിനും കുട്ട്യോള് അങ്ങട്ട് എത്തിക്കോളും' 


ഉമ്മച്ചിയോട് ഉമ്മമ്മ പറഞ്ഞു.


'ആയ്‌ക്കോട്ടെമ്മ'

ഉമ്മച്ചി നിസ്‌കാരക്കുപ്പായവും മുസ്വല്ലയും മടക്കിവച്ച് കിച്ചണിലേക്ക് നടന്നു.

'എന്താണുമ്മമ്മ ഇന്ന് സ്പഷ്യല്‍...!? 

തങ്കാരപ്പെട്ടീല് വല്ലതും ഉണ്ടോ...ഞാനെടുത്ത് കൊണ്ടോരാ...'


നൂറഉമ്മമ്മയുടെ അടുത്തേക്ക് നീങ്ങിയിരുന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു.


 ഉമ്മമ്മാക്ക് ഒരു ചെറിയ അലമാരയുണ്ട്. ഉമ്മമ്മ അതിനെ തങ്കാരപ്പെട്ടീന്നാണ് പറയുക. മിക്കവാറും അതില്‍ എന്തെങ്കിലും പലഹാരങ്ങളുണ്ടാകും. ഉമ്മമ്മക്ക് ഇഷ്ടം തോന്നുന്നവര്‍ക്കെല്ലാം അതില്‍ നിന്നെടുത്ത് ഇത്തിരി കൊടുക്കും. 


'ഹാ....ന്റെ കുട്ടി പറഞ്ഞപ്പളാ...ഓര്‍ത്തത്. 

ആ...പെട്ടീല്‍ കൊറച്ച് വര്‍ത്തയക്കണ്ടാവും...അത്ട്ത്തുണ്ടോര്...'


നൂറ തങ്കാരപ്പെട്ടിയെ സൂചിപ്പിച്ചപ്പോഴാണ് ഉമ്മമ്മക്ക് അതോര്‍മ്മവന്നത്. വര്‍ത്താനം പറഞ്ഞിരിക്കാന്‍ ഒരാളെ കിട്ടിയാല്‍ ഉമ്മമ്മക്ക് അതിലേറെ സന്തോഷമുള്ള മറ്റൊരു കാര്യമില്ല.  തങ്കാരപ്പെട്ടിയില്‍ നിന്ന് പലഹാരമെടുക്കാന്‍ നടക്കുന്നതിനിടയില്‍ അവൾ ഓര്‍ത്തു.


ഫര്‍സാനക്ക് ഉമ്മമ്മയെ നന്നായി ബോധിച്ചിട്ടുണ്ട്. ഉമ്മമ്മക്ക് അവളെയും. വീട് ദൂരെയായതിനാല്‍ സ്ഥിരമായി വീട്ടില്‍ പോകാന്‍ സാധിക്കില്ലെന്നും അവള് ഹോസ്റ്റലിലാണ് താമസമെന്നും പറഞ്ഞപ്പോള്‍ ഉമ്മമ്മ ചോദിച്ചത്:


'എന്നാന്റെ കുട്ടിക്ക് നൂറാന്റെ കൂടെന്നും ഇങ്ങട്ട് പോന്നൂടെ...

ഇവടെ കെടക്കാലോ...ഇവടെ എമ്പാടും സ്ഥലണ്ടല്ലോ...!' ന്നാണ്.


'ആ...ഇന്‍ ഷാ അല്ലാഹ്...ഉമ്മമ്മാ... ഞാനിനി എന്തായാലും ഇടക്കൊക്കെ വര്ണ്ണ്ണ്ട്...നിക്കിനി ഇങ്ങളൊക്കെണ്ടല്ലോ ഇവിടെ' 


അവളും ആവേശത്തോടെ മറുപടി പറഞ്ഞു.


നൂറ പലഹാര പാത്രവുമായി വന്നു. ഉമ്മമ്മ അതില്‍ നിന്ന് എല്ലാവര്‍ക്കും ഓഹരി ചെയ്തു കൊടുത്തു.  ചിപ്‌സ് വായിലിട്ട് രുചിച്ചുകൊണ്ട് നൂറ ചോദിച്ചു:


' ങ്‌ളെന്തിനാണുമ്മമ്മാ ഞങ്ങളോടിവിടിരിക്കാന്‍ പറഞ്ഞത്...! 

വെറുതയാണോ...എങ്കിലൊരു കഥപറഞ്ഞ് തരി'


'ആ ഒരു കഥപറഞ്ഞ് തരാന്‍ വേണ്ടി തന്നെയാണ് ബടെ ഇരിക്കാന്‍ പറഞ്ഞത്. അന്റെ ഉപ്പപ്പാന്റെ കഥ'


ഉമ്മമ്മ പല്ലില്ലാത്ത മോണ മലര്‍ക്കെ കാട്ടി പറഞ്ഞു.


നൂറക്ക് ഉപ്പപ്പാനെ കണ്ട ഓര്‍മയില്ല. പക്ഷെ, ഉപ്പച്ചിയൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. വലിയ പ്രതാപിയായിരുന്നുവത്രെ . നാട്ടിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും മധ്യസ്ഥം പറഞ്ഞിരുന്നതും പരിഹാരം നിര്‍ദേശിച്ചിരുന്നതും ഉപ്പപ്പയായിരുന്നു. നല്ല ആകാര വടിവും സൗന്ദര്യവുമുള്ള ഒരു ഒത്ത ശരീരത്തിനുടമ. എത്ര ദൂരെ നിന്നും ഉപ്പപ്പ തലഉയര്‍ത്തി പിടിച്ചു വരുന്നത് കാണാമായിരുന്നുവത്രെ.


'ഞാനെന്തിനാണ് എല്ലാ വെള്ളിയാഴ്ച രാവും ഇബടെങ്ങനെ കുറേ നേരം ഇരിക്ക്ണത് ന്നറിയോ....ന്റെ നൂറൂന്...'


ഉമ്മമ്മ നൂറയോട് ചോദിച്ചു.


'ഇല്ലാ...ഞാനുമ്മമ്മനോട് ചോദിക്കണംന്ന് വിചാരിച്ചതായിരുന്നു. പിന്നെ അതങ്ങ് വിട്ടുപോയി...'


നൂറ ഇല്ലായെന്ന് പറഞ്ഞതിന്റെ കാരണം ബോധിപ്പിച്ചു.


'ഹാ...ന്നാലത്പ്പം കേട്ടൊ...ന്റെ മാപ്ല...അതായത് ഇബളെ ഉപ്പപ്പ...മൂപ്പര്‍ക്ക് എല്ലാ വെള്ള്യായ്ച്ച രാവിലും ഇങ്ങനെ ഒരിര്ത്തണ്ട്. രാവ് വെളുക്കോളം മൂപ്പരിരിക്കും,ഖുര്‍ആനും ദിഖ്‌റൊക്കെ ആയിട്ട്. അയ്‌ന് നിക്കി ഒരു കൊയപ്പംണ്ടായിരുന്നില്ല. കാരണം ഞങ്ങളെ മംഗലം കഴിഞ്ഞതിന് ശേഷള്ള ആദ്യത്തെ വെള്ളിയായ്ച രാവ്...'


ഉമ്മമ്മ ഒന്ന് നിർത്തിയിട്ട് നീട്ടി ശ്വാസമെടുത്തു. പ്രണയാര്‍ദ്രമായ വാര്‍ധക്യം എങ്ങനെയായിരിക്കുമെന്നറിയണമെങ്കില്‍ ഇപ്പോള്‍ ഉമ്മമ്മയെ നോക്കിയാല്‍ മതിയെന്ന് നൂറ മനസ്സില്‍ നിനച്ചു.

ഉമ്മമ്മയുടെ മനസ്സ് നിറയെ ഇപ്പോള്‍ ഉപ്പപ്പയാണെന്ന് കൃത്യമായിട്ട് മനസ്സിലാവും. കാരണം നാണത്തില്‍ കലര്‍ന്ന ഒരു പുഞ്ചിരി ചുക്കിചുളിഞ്ഞ ആ മുഖത്തെ പ്രസന്നമാക്കിയിരുന്നു. 


തുടര്‍ന്ന് പറഞ്ഞു:

'അന്ന് മൂപ്പര് നേരത്തെ തന്നെ റൂമിലേക്ക് വന്നു...ന്നോട് പല കിന്നാരോം പറഞ്ഞു. ന്നട്ട്...ന്നെ മൂപ്പരുടെ മടിയില്‍ തലചായ്ച്ച് കിടത്തീട്ട് ചോയ്ച്ചു...'പാത്വോ...അനക്ക് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയറിയോ...?' ഞാന്‍ മൂപ്പരെ മടീന്ന് തലതിരിച്ച് മോത്ത് നോക്കീട്ട് പറഞ്ഞു.

 'ഇല്ല'...

'ആഴ്ച്ചകളിലെ ദിവസങ്ങളുടെ നേതാവാണ് വെള്ളിയായ്ച...വല്ലാത്ത പവിത്രതള്ള ദിവസം. ഈ ദിവസത്തിലൊരു സമയണ്ട് ആ സമയത്ത് എന്ത് ചോയ്ച്ചാലും പടച്ചോന്‍ തരും. അപ്പോ ഞാന്‍ ചോദിച്ചു:

'എന്തും...!' 

അന്ന് ഞാനൊരു കൊച്ചു പൊട്ടിപെണ്ണല്ലേന്യോ...!?'

ഉമ്മമ്മാന്റെ മുഖത്ത് ജാള്യതകലര്‍ന്ന പുഞ്ചിരി കാണാം.


'ന്നട്ട്...ബാക്കി പറ.

.'

ഏതോ പ്രണയ കഥ വായിക്കുന്ന താല്‍പര്യത്തോടെ ഫര്‍സാന തിരക്കു കൂട്ടി.


'ആ...എന്തും...പക്ഷെങ്കീ...അയ്‌ന് ആദ്യം നമ്മള് പടച്ചോനോട് മനസ്സറിഞ്ഞ് ദൊആര്ക്കണം...മുത്ത് നബിന്റെ ﷺ പേരില് സ്വലാത്തും ചൊല്ലണം. ന്നാ പടച്ചോന്‍ തരും.'


ഉമ്മമ്മ വീണ്ടും ഒന്നു നിർത്തി. എന്തോ ഗാഢമായ ആചോലനയിലേക്ക് വഴുതിയെന്ന് തോന്നുന്നു. 

'ഉമ്മമ്മാ...ങ്ങള് ഉപ്പപ്പാന്റെ കൂടന്നെണോ ഇപ്പളും...ബാക്കി പറ'

ഉമ്മമ്മാന്റെ സ്റ്റൂളിന് ചുറ്റും വട്ടമിട്ടിരിക്കുന്നതിനിടയില്‍ നൂറ പതുക്കെ ഉമ്മമ്മാനെ തട്ടിവിളിച്ചു.


'അതല്ലേ...,നേരത്തെ മോനൂസ് ക്ലാസെടുക്കുമ്പോ സ്വലാത്ത് ചൊല്ലിയാല് മുത്ത് നബിന്റെ ശ്രദ്ധ കിട്ടുംന്ന് പറഞ്ഞീലെ...അപ്പം നിക്കി മൂപ്പര് ഇപ്പറഞ്ഞത് ഓര്‍മവന്നതേനി...അതാ ഞാന്‍ ങ്ങളോട് ബടെ ഇരിക്കാന്‍ പറഞ്ഞതും മൂപ്പരെ പറ്റി പറഞ്ഞതും. മരിച്ചോലെ പറ്റി നല്ലത് പറയണംന്നാണല്ലോ.....'


ഉമ്മമ്മ തുടര്‍ന്നു:


'അന്ന്‌നിക്കി മൂപ്പരൊരു കഥേംകൂടെ പറഞ്ഞു തന്നീനി. മുത്ത് നബിന്റെ ﷺ കഥ. അവിടുന്ന് സ്വഹാബാക്കള്‍ക്ക് പറഞ്ഞ് കൊടുക്കാണ്. എന്താന്ന്ച്ചാല്...നാളെ മഹ്ശറേന്ന് ഒരു പാവപ്പെട്ട മനുഷ്യന്റെ അമലുകളൊക്കെ തൂക്കി തിട്ടപ്പെടുത്തും. എല്ലാം നോക്കി തിട്ടപ്പെടുത്തീട്ടും നന്മയുടെ തട്ടില്‍ കാര്യായിട്ട് കനം തൂങ്ങ്ണ ഒന്നുണ്ടാവൂല. തിന്മയുടെ തട്ടാണെങ്കില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്യുന്നു. ഞാനൊരു നിലക്കും കൈച്ചിലാവൂലാന്ന് മൂപ്പര്‍ക്ക് ഉറപ്പാവും. അങ്ങനെ മലക്കുകള്‍ മൂപ്പരീം കൊണ്ട് നരകത്തിലേക്ക് പോവും.


മുത്ത് നബി ﷺ തുടര്‍ന്നു പറഞ്ഞു:

'ആ സമയത്ത്  ഞാന്‍ അവിടെ അര്‍ശിന്റെ ചോട്ടില്‍ നിന്ന് കൊണ്ട് ന്റെ ഉമ്മത്തിന്റെ അവസ്ഥകളിങ്ങനെ നോക്കിക്കൊണ്ടിരിക്കായിരിക്കും. അപ്പോള്‍ ആദം നബി(അ)യും മറ്റു നബിമാരും എന്നോട് പറയും 'ങ്ങളെ ഉമ്മത്തില്‍പെട്ട ഒരാളയല്ലേ....ആ കൊണ്ട് പോക്ണത്...?' അത് കേട്ട് ഞാനുടനെ എണീറ്റ് അങ്ങോട്ട് ചെല്ലും. മലക്കുകള്‍ അയാളെ നരകത്തിൽക്ക് വലിച്ച് കൊണ്ടു പോക്ണതാണ് ഞാന്‍ കാണുന്നത്. 

ഞാനോരോട് പറയും:

'ങ്ങളെനിക്ക് വേണ്ടി ഒന്ന് കാത്തിരിക്കോ...എനിക്ക് ഇയാളെ ശരിക്കൊന്ന് കാണണം, ഇയാളെന്റെ മേലില്‍ സ്വലാത്ത് ചൊല്ലിട്ട്ണ്ടോന്ന്...ഒന്നൊർപ്പിക്കാനാണ്.?'

ഉടനെ മലക്കുകള്‍ പറയും:

'നബിയെ, ഞങ്ങള്‍ക്ക് ഇയാളെ ഇവിടെ നിർത്താന്‍ പറ്റൂല...കാരണം ഇയാളെ നരകത്തിലേക്ക് കൊണ്ടോവാൻ അല്ലാഹുവിന്റെ കല്‍പന വന്നിരിക്കുണു'


ഇതുകേള്‍ക്കേണ്ട താമസം മുത്ത് നബി ﷺ അല്ലാഹുവിനെ വിളിച്ചു കൊണ്ട് പറയും:

'അല്ലാഹുവേ...ന്റെ ഉമ്മത്തിന്റെ വിഷയത്തില്‍ നീയെന്നെ പരാജയപ്പെടുത്തൂലാന്ന് എനിക്ക് വാക്ക് തന്ന്ട്ടില്ലേ...അതോണ്ട് ഇയാളെ ഒന്ന് നിർത്തി തരണേ...?'


പെട്ടെന്ന് മലക്കുകള്‍ക്ക് അല്ലാഹുവിന്റെ ഓര്‍ഡര്‍ വരും;

'മുഹമ്മദ് നബിക്ക് വേണ്ടി അയാളെ ഒന്ന് നിർത്തി കൊടുക്കൂ...'


അങ്ങനെ അയാളെ അവിടെ നിർത്തും. ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് പോകും. മുഖത്ത് നോക്കിയാല്‍ തന്നെ എനിക്ക് മനസ്സിലാകും...ഇദ്ദേഹം എന്റെ പേരില്‍ സ്വലാത്ത് ചൊല്ല്യ ആളാണോ അല്ലയോന്ന്...എന്നെ മഹബ്ബത്ത് വെച്ചിട്ട്ണ്ടോ....ഇല്ലയോന്ന്. ഞാന്‍ നോക്കുമ്പോള്‍ അയാള്‍ ന്റെ പേരില്‍ സ്വലാത്ത് ചൊല്ലിയ ആളാണ്. 


മുത്ത് നബി ﷺ തുടര്‍ന്നു


'ആ സമയത്ത് ഞാന്‍ ന്റെ അരയില്‍ നിന്ന് ഒരു ചെറിയ കാര്‍ഡ് എട്ത്ത് അയാളെ മീസാനിലെ നന്മതൂക്ക്ണ തട്ടിലേക്ക് ഇട്ടൊട്ക്കും. അപ്പോള്‍ ആ തട്ട് കനം തൂങ്ങും. അയാള്‍ രക്ഷപ്പെടേം ചെയ്യും. തുടര്‍ന്ന് അയാള് ന്നോട് സന്തോഷത്തോടെ വന്ന് ചോദിക്കും: ങ്ങളാരാണ്...?ങ്ങള്‍ക്കെങ്ങനെ എന്നെ രക്ഷിക്കാന്‍ കയിഞ്ഞു? .

അന്നേരം ഞാന്‍ പറയും: 

'ഞാന്‍ ങ്ങള്‍ സ്വലാത്ത് ചൊല്ലിയ മുഹമ്മദ് നബിയാണ്...'

ഉടനെ മലക്കുകള്‍ക്ക് അല്ലാഹുവിന്റെ കല്‍പന വരും

'ഇയാളെ നിങ്ങള്‍ സ്വര്‍ഗത്തിൽക്ക് കൊണ്ടു പോയ്ക്കോളീ....'


ഉമ്മമ്മ കഥയവസാനിപ്പിച്ചു കൊണ്ട് പറഞ്ഞു:

' ഞാന്‍ ഉപ്പപ്പാന്റെ മടിയില്‍ കിടന്ന് ഇത് കേട്ട് കരഞ്ഞു. അത് കണ്ടപ്പൊ ഉപ്പപ്പ ന്നോട് ചോദിച്ചു. ഞമ്മക്ക് രണ്ടാക്കും ഇന്ന് കുറച്ച് സ്വലാത്ത് ചൊല്ലല്ലേ...പാത്വോ.

ഞാന്‍ സമ്മതവും കൊടുത്തു. അന്ന് തുടങ്ങ്യതാണ് ഈ ഇര്ത്തം. ഉപ്പപ്പണ്ടെങ്കില്‍ ഈ ഇര്ത്തം എത്രനേരം നീളുമായിരുന്നുവെന്ന് ഒരുപിടുത്തവും ഇല്ലാ.'


ഉമ്മമ്മ ഇപ്പോഴും ഉപ്പപ്പയുടെ ആലോചനയില്‍ നിന്നും പൂര്‍ണ്ണമായിട്ട് മുക്തയായിട്ടില്ല.


'ഞിങ്ങള് പൊയ്‌ക്കോളി...ഞാന്‍ കൊറച്ചേരം ഇങ്ങനെ ഇബടെ ഇരിക്കട്ടെ'


ഉമ്മമ്മ അവരോട് പറഞ്ഞു. 

അവരുടെ സ്വസ്ഥതക്ക് ഭംഗം വരുത്തണ്ടാന്ന് കരുതി എല്ലാവരും അവിടെ നിന്നിറങ്ങി.

 നൂറയുടെ റൂമിലേക്ക് ചെന്നു. 

നൂറ ഒന്ന് ഫ്രഷാവാന്‍ വേണ്ടി വാഷ്‌റൂമിലേക്ക് പോയി. ഫര്‍സാന റൂമില്‍ അടുക്കി വെച്ച് ശെല്‍ഫുകളിലൊന്നില്‍ നിന്ന് ഒരു പുസ്തകവുമെടുത്തിരുന്നു.


ഫൈറൂസ നൂറയുടെ സ്റ്റഡീ ടേബിളില്‍ മടക്കി വെച്ച ഡയറിയെടുത്ത് പതുക്കെ മറിച്ചു നോക്കി. അവളുടെ ഡെയ്‌ലി ഡയറിയാണ്. വായിച്ചു തുടങ്ങിയപ്പോള്‍ അവള്‍ക്ക് ഹരം കയറി. കോളേജിലെ ആദ്യ ദിവസത്തിലുണ്ടായ അപമാനവും ഫര്‍സാനയെ കണ്ടതും. രേഷ്‌മേച്ചി രക്ഷപ്പെടുത്തിയതും എല്ലാം അതിലുണ്ട്. 


ഡയറിയുടെ അവസാന താളുകളിലേക്ക് മറിച്ചപ്പോള്‍ ഫൈറൂസയുടെ

മുഖഭാവം മാറാൻ തുടങ്ങി. കാരണം അതിലിതാ അവളുടെ പേര്. ഉമ്മ നൂറയെ വിളിച്ചതും തന്നെ പറ്റി പറഞ്ഞതും എല്ലാം അതില്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു.


 'ഫൈറൂസക്കെങ്ങനെ ഇങ്ങനെ ആവാന്‍ സാധിച്ചുവെന്ന്' ആ ഡയറിയില്‍ എഴുതി കണ്ടപ്പോള്‍ അവളുടെ സിരകളില്‍ സങ്കടവും ദുഖവും ദേഷ്യവും എല്ലാംകൂടെ കലര്‍ന്ന ഒരു വികാരം രൂപപ്പെട്ടു. നൂറ ഒന്നും അറിയാത്ത പോലെ നടിച്ച് തന്നെ പറ്റിക്കുകയാണെന്ന തോന്നല്‍ അവളുടെ ഉള്ളില്‍ തികട്ടി വന്നു.


പെട്ടെന്ന് വാഷ്‌റൂമിന്റെ ഡോറുകള്‍ തുറക്കപ്പെട്ടു. ഫൈറൂസ ഞെട്ടി തിരിഞ്ഞ് നൂറയെ നോക്കീ...

'എന്താടീ...നിന്റെ മുഖം വല്ലാണ്ടിരിക്കുന്നത്...?'

നൂറ അവളോട് ചോദിച്ചു.


( *തുടരും....*) ©️

😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘



അപ്‌ലോഡ് ചെയ്ത  Full പാർട്ട്‌ ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...

 click here