(PART 14) ഹബീബിനെ ﷺ 💖പ്രണയിച്ചവൾ
ഹബീബിനെ ﷺ 💖പ്രണയിച്ചവൾ
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
⛔️Part-14⛔️
' കുട്ട്യോളേ...ഇന്ന് വെള്ള്യായ്ച രാവല്ലേ....എല്ലാരും അല്‍കഹ്ഫ് ഓതിട്ടോ...'
നൂറക്ക് ഓര്‍മവെച്ച നാള്‍ മുതൽ വെള്ളിയാഴ്ച രാവുകളില്‍ മഗ്‌രിബ് നിസ്‌കാരം കഴിഞ്ഞാല്‍ ഉമ്മമ്മയുടെ ഈ കല്‍പന കേള്‍ക്കാറുള്ളതാണ്.
നിസ്‌കാര റൂമിലെ ഷെല്‍ഫിന്റെ മുകളില്‍ നിന്ന് മുസ്ഹഫെടുത്ത് അവള്‍ ഉമ്മാക്കും ഫര്‍സാനക്കും കൊടുത്തു. ഉമ്മമ്മക്ക് അല്‍കഹ്ഫ് കാണാതെ അറിയാം, അതുകൊണ്ട് തന്നെ മുസ്ഹഫ് നോക്കാതെയാണ് ഓതാറ്. അവള്‍ക്കും കാണാതെയറിയമെങ്കിലും ഒരു ധൈര്യത്തിന് നോക്കിയാണ് ഓതാറ്. അല്ലെങ്കിലും നോക്കിയോതലാണല്ലോ സുന്നത്ത്.
അല്‍കഹ്ഫ് പൂര്‍ത്തിയാകുമ്പോഴാണ് കോളിങ് ബെല്‍ മുഴങ്ങിയത്.
'മോനൂസേ...ആരാന്ന് നോക്കിക്കേ...'
ഉമ്മച്ചി നിസ്‌കാരക്കുപ്പായത്തോടെ എഴുന്നേറ്റ് കോണിപ്പടിയുടെ അരികെ ചെന്ന് താഴേക്ക് വിളിച്ചു പറഞ്ഞു.
ഫര്‍സാനയുള്ളത് കൊണ്ട് മോനൂസ് ജമാഅത്തിന് മുകളിലേക്ക് കയറിയിട്ടില്ല. അവന്‍ ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നത്. നാടിന്റെ അടുത്ത് തന്നെയുള്ള ഒരു പള്ളി ദര്‍സില്‍ പോകുന്നുണ്ട്. വൈകീട്ട് വീട്ടിലേക്ക് തന്നെ വരും.
' എന്തിനാടാ...നീയിങ്ങനെ എല്ലാ ദിവസവും ഇങ്ങോട്ട് വരുന്നത്...? ബാക്കി കുട്ടികളോടൊപ്പം നിനക്ക് അവിടെ തന്നെ കിടന്നാല്‍ പോരേ'
എന്ന് ചോദിച്ചാല്‍ മുഖം കറുപ്പിച്ച് കൊണ്ട് അവന്‍ പറയും:
'നിക്ക് ഉമ്മച്ചിനെ കാണാതെ ഉറങ്ങാന്‍ കഴിയൂല...അവടേണെങ്കില്‍ കെടക്കാനും സ്ഥലണ്ടാവൂല'
ദര്‍സില്‍ പോകാനൊക്കെ നല്ല താത്പര്യമാണെങ്കിലും അവിടുത്തെ താമസവും ചെലവ് വീടുകളിലെ ഭക്ഷണവും ഒന്നും അവന് അത്രയങ്ങ് പിടിച്ചിട്ടില്ല. പത്താം ക്ലാസ് കഴിഞ്ഞതിന് ശേഷം നല്ല ഏതെങ്കിലും ദഅ്‌വാ കോളേജില്‍ ചേര്‍ക്കണമെന്നാണ് ഉപ്പച്ചി പറഞ്ഞത്. അതാലോചിച്ചപ്പോള്‍ തന്നെ നൂറയുടെ മുഖത്ത് ഒരുവാട്ടം വന്നു. കാരണം ഉമ്മാനെ പിരിഞ്ഞിരിക്കാനാവാത്തോണ്ടാണ് ഞാനവിടെ നില്‍ക്കാത്തതെന്ന് അവന്‍ രക്ഷപെടാന്‍ വേണ്ടി പറഞ്ഞതാണെങ്കിലും ഓനെ പിരിഞ്ഞിരിക്ക്ണ ഒരു ദിവസത്തെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടു പോലുമില്ല.
'ഫൈറൂസാത്തേണ് മ്മാ...'
അവൻ വിളിച്ചു പറഞ്ഞു.
നൂറ പെട്ടെന്ന് തന്നെ എഴുന്നേറ്റ് താഴേക്ക് ഓടിചെന്നു.
ഇരുവരും സലാം പറഞ്ഞു മടക്കി.
'വാ കേറിവാ....'
നൂറയവളെ വിളിച്ചകത്ത് കയറ്റി.
അപ്പോഴേക്കും ഉമ്മച്ചി നിസ്‌കാരക്കുപ്പാഴമയിച്ചുവെച്ചു വന്നു.
'ആരാപ്പത്....ഫൈറൂസയോ...എത്രകാലായി...നീ ഈ വഴിക്കൊക്കെ വന്നിട്ട്....!? '
ഫൈറൂസ പ്രത്യേകിച്ച് ഉത്തരമൊന്നുമ്മില്ലാതെ ചിരിച്ചു.
' എന്തൊക്കെയാടി ഉമ്മാന്റെ വര്‍ത്താനം'
'അല്‍ഹംദുലില്ലാഹ്, സുഖാണിത്താ'
'ഞങ്ങള്‍ അല്‍കഹ്ഫ് ഓതി കഴിഞ്ഞതേയുള്ളൂ...സ്വലാത്തു കൂടെ ചൊല്ലണം. ഏതായാലും നീ വന്ന സ്ഥിതിക്ക് നമുക്ക് ഒരുമിച്ച് ചൊല്ലാം.'
അവര്‍ മുകളിലേക്ക് നടന്നു.
എല്ലാവ്യാഴാഴ്ചകളിലും അല്‍കഹ്ഫിന് ശേഷം സ്വലാത്തും ഉപ്പച്ചിന്റെ പത്ത് മിനിട്ട് നസീഹത്തുമുണ്ടാകാറുണ്ട്. ഹബീബി ﷺ നോടുള്ള മഹബ്ബത്ത് വര്‍ദ്ധിപ്പിക്കുന്ന ചരിത്രങ്ങളേതെങ്കിലും ഉപ്പച്ചി പറയും. അത് കേട്ടതിന് ശേഷം സ്വലാത്ത് ചൊല്ലുമ്പോള്‍ വല്ലത്ത ഒരുള്‍കിടലമാണ്. കാരണം ആ ചരിത്രം കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സും ശരീരവും ഹബീബി ﷺ നോടൊപ്പം സഞ്ചരിച്ച് തുടങ്ങിയിരിക്കും.
പിന്നെ മനസിനെ മദീനയിലിരുത്തിയിട്ടാണ് സ്വലാത്ത് ചൊല്ലാറ്.
ഉപ്പച്ചിയിന്ന് എന്തോ ആവശ്യാര്‍ത്ഥം ദൂരേക്കെവിടെയോ പോയതാണ്. ഇന്ന് ക്ലാസെടുക്കാന്‍ മോനൂസിനെ പ്രത്യേകം പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്. കോളേജ് വിട്ട് വന്നത് മുതല്‍ നൂറയവനെ ശ്രദ്ധിച്ചതാണ്. അപ്പോഴൊക്കെ അവന്‍ ഏതൊക്കെയോ പുസ്തകങ്ങളും മറ്റും നോക്കി പലതും കുത്തി കുറിക്കുന്നുണ്ട്. ഒരുപക്ഷെ, മഗ്‌രിബിന് ശേഷമുള്ള ക്ലാസിലേക്ക് മാറ്ററുണ്ടാക്കുകയായിരിക്കും. മോന്റെ സംസാരം കേള്‍ക്കാന്‍ നല്ല രസമാണ്. പലപ്പോഴും അവന്‍ സംസാരിക്കുമ്പോള്‍ നാവിനോടൊപ്പം തന്നെ ശരീരവും സംസാരിക്കുമെന്ന് തോന്നിപ്പോവും.
റൂമിലെത്തിയ ഫൈറൂസ ഫര്‍സാനയെ ആലിംഗനം ചെയ്തു. അവള്‍ ഉമ്മമ്മയുമായി കുശലാന്വേഷ്വണം നടത്തി. നിസ്‌കാര റൂമിന് വാതിലില്ല, കര്‍ട്ടനാണ്. പുറത്ത് ചെറിയ വരാന്തയും. ഉമ്മച്ചി മുകളിലേക്ക് കയറിവന്നിട്ട് എല്ലാവരോടുമായി ചോദിച്ചു:
'ന്നാ മ്മക്ക് സ്വലാത്ത് തുടങ്ങല്ലേ...ഫൈറൂസക്ക് ചായ എടുക്കുന്നുണ്ട്‌ട്ടൊ...'
'വേണ്ടത്താ...ഞങ്ങളിപ്പൊ വീട്ടീന്ന് ഒരുമിച്ച് കഴിച്ചതേയുള്ളൂ...ഇനി സ്വലാത്ത് കഴിഞ്ഞിട്ട് ഒരുമിച്ചാവാം..'
'അങ്ങനെയെങ്കില്‍ ആയിക്കോട്ടെ'
ഉമ്മച്ചി റൂമിന്റെ കര്‍ട്ടന്‍ വലിച്ചിട്ടതിന് ശേഷം മോനൂസിനെ വിളിച്ചു:
'മോനൂസെ, വേഗം വാ...സ്വലാത്ത് തുടങ്ങാം'
ഫൈറൂസയും ഫര്‍സാനയുമുള്ളത് കൊണ്ടവനിന്ന് കര്‍ട്ടണ് പുറത്ത് നിന്നാണ് സംസാരിക്കുന്നത്.
ഉമ്മമ്മ കര്‍ട്ടണോട് ചാരിയൊരു കസേരയിട്ട് സീറ്റുറപ്പിച്ചു. ഉമ്മച്ചി ഷെല്‍ഫിനടുത്തൊരു സ്റ്റൂളുമിട്ടിരുന്നു. നൂറയും ഫര്‍സാനയും ഫൈറൂസയും നിലത്ത് ചമ്രംപടിഞ്ഞ് കര്‍ട്ടണഭിമുഖമായി ഇരുന്നു.
ഉമ്മാന്റെ വിളികേള്‍ക്കേണ്ട താമസം മോനൂസ് ഓടി കിതച്ച് മുകളിലേക്ക് വന്നു.
'മ്മാ...തുടങ്ങട്ടെ'
എന്നുള്ള അവന്റെ ചോദ്യത്തില്‍ നിന്ന് അവന്റെ കിതപ്പ് കേള്‍ക്കാമായിരുന്നു.
'ആ...മോന്‍ തുടങ്ങിക്കോ'
ഉമ്മച്ചി സമ്മതം മൂളി.
അവന്‍ ബിസ്മിയും ഹംദും സ്വലാത്തും സലാമുമെല്ലാം പറഞ്ഞു തുടങ്ങി. സ്വലാത്ത് ചൊല്ലേണ്ടതിന്റെയും നബി ﷺ തങ്ങളെ സ്‌നേഹിക്കേണ്ടതിന്റെ ആവശ്യകതയും പറഞ്ഞു. പറയുന്ന സംഭവങ്ങളെല്ലാം പല തവണ കേട്ടതാണെങ്കിലും ഓരോ തവണ കേള്‍ക്കുമ്പോഴും വ്യത്യസ്ത അനുഭൂതിയായിരുന്നു.
മോനൂസിപ്പോള്‍ ഖൂബൈബോരുടെ ചരിത്രമാണ് പറയുന്നത്.
'പ്രവാചക പ്രണയത്തിന്റെ അതുല്യതാരകമാണ് ഖുബൈബ് ബ്‌നു അദിയ്യ്(റ).'
അവൻ ക്ലാസിന്റെ പ്രധാന ഭാഗത്തേക്ക് പ്രവേശിച്ചു.
'മസ്ജിദുന്നബവിയില്‍ സ്വഹാബാക്കള്‍ക്കൊപ്പമിരിക്കുന്ന മുത്ത് നബി ﷺ പെട്ടെന്ന് സലാം മടക്കി.
'വ അലൈക്കുമുസ്സലാം'
അപ്രതീക്ഷിതമായി സലാം മടക്കിയ ഹബീബി ﷺ നോട് സ്വഹാബാക്കള്‍ ചോദിച്ചു. :
"ഹബീബേ....ഇവിടെയാരും സലാം പറഞ്ഞില്ലല്ലോ...? പിന്നെയങ്ങാര്‍ക്കാണ് സലാം മടക്കിയത്'
മക്കയുടെ ഭാഗത്തേക്കുള്ള വിദൂരതയിലേക്ക് നോക്കി കൊണ്ട് ഹബീബ് പറഞ്ഞു:
' പ്രിയപ്പെട്ട ഖൂബൈബിനെ മക്കയില്‍ വെച്ച് തൂക്കു മരത്തിലേറ്റപ്പെട്ടിരിക്കുന്നു. അദ്ദേഹം അവസാനമായെനിക്ക് സലാം പറഞ്ഞു. അതിനു പ്രത്യുത്തരം പറഞ്ഞതാണു ഞാന്‍'
മോനൂസ് മദീനത്ത് മുത്ത് നബി ﷺ ഖുബൈബോര്‍ക്ക് സലാം പറയുന്നിടത്താണ്. അതേ സമയം നൂറയുടെ മനസ്സ് ഖുബൈബോരുടെ തൂക്കുമരത്തിന് ചുവട്ടിലേക്ക് പറന്നിട്ട് സമയമിത്തിരിയായി.
മക്കയോടടുത്ത് തന്‍ഈമിലൊരുക്കിയ തൂക്കുമരത്തിന് ചുറ്റുമിപ്പോള്‍ ആയിരങ്ങള്‍ തടിച്ചു കൂടിനില്‍ക്കുന്നുണ്ട്. ഇന്നിവിടെയൊരു തൂക്കിക്കൊല നടക്കുന്നുണ്ടെന്നും അതുകാണാനെത്തണമെന്നും നാടൊട്ടുക്കും നടന്ന വിളംബരത്തിന്റെ അടിസ്ഥാനത്തിലാണീ തടിച്ചുകൂടല്‍.
തിരുനബിയുടെ അനുചരന്‍ ഖുബൈബ് ബ്‌നു അദിയ്യി(റ)നെ ശത്രുക്കള്‍ ചതിയിലൂടെ ബന്ധിയാക്കിയിരിക്കുകയാണ്. ബന്ധിയാക്കിയ ഖുബൈബോരെ അവര്‍ അടിമയാക്കി. അടിമക്കമ്പോളത്തില്‍ നിന്ന് അവരെ വാങ്ങിയത് ബദ്‌റില്‍ മഹാനവര്‍കള്‍ കൊലപ്പെടുത്തിയ ഹാരിസിന്റെ മക്കളാണ്. പ്രതികാര ദാഹത്തിലാണവർ. തുറങ്കിലടച്ചും പട്ടിണിക്കിട്ടും മഹാനവര്‍കളെ കൊടിയ പീഢനം നടത്തിയിട്ടാണിപ്പോള്‍ തന്‍ഈമിലേക്ക് കൊണ്ട് വരുന്നത്.
ഒരു ഭാഗത്തേക്ക് നോക്കി ജനങ്ങള്‍ ആര്‍ത്തട്ടഹസിക്കാനും ആരവം മുഴക്കാനും തുടങ്ങിയപ്പോള്‍ നൂറ അവിടേക്ക് ഏന്തിവലിഞ്ഞു നോക്കി. ബന്ധിയാക്കപ്പെട്ട ഖുബൈബോര് പതുക്കെ തെന്നി തെന്നി നടന്നു വരുന്നുണ്ട്. സ്ത്രീകളും കുട്ടികളും മഹാനരെ തള്ളുകയും ആക്രമിക്കുകയും ചെയ്യുന്നുണ്ട്. ഹൃദയാര്‍ദ്രതയുള്ളവര്‍ക്കൊന്നും ആ കാഴ്ച കണ്ടു നില്‍ക്കാന്‍ സാധിക്കുയില്ല. നൂറ തന്റെ കണ്ണുകള്‍ രണ്ടും പൊത്തി പ്പിടിച്ചു.
അബൂസുഫ് യാനടക്കമുള്ള ഖുറൈശികളുടെ നേതാക്കളില്‍ ജീവിച്ചിരിക്കുന്ന എല്ലാവരുമുണ്ട്.
അതാ ഖുബൈബോരിങ്ങെത്തിയിരിക്കുന്നു. നൂറക്കിപ്പോള്‍ മഹാനെ ശരിക്ക് കാണാം. തല ഉയര്‍ത്തി പിടിച്ചുള്ള നടത്തം കണ്ടാല്‍ തോന്നും ഈ മനുഷ്യനിത് കഴുമരത്തിലേക്ക് തന്നെയല്ലേ പോകുന്നതെന്ന്. നൂറ ഇമവെട്ടാതെ മാനവര്‍കളെ നോക്കി നിന്നു. ചുറ്റുമുള്ള ആരവങ്ങളും ആള്‍ക്കൂട്ടങ്ങളുമെല്ലാം അവള്‍ മറന്നിരുന്നു. ഇപ്പോള്‍ അവിടെ കഴുമരത്തിനടുത്ത് നില്‍ക്കുന്ന ഖുബൈബോരും അവളും മാത്രം.
മഹാന്‍ മുമ്പിലുള്ള ആരെയോ നോക്കി ചോദിച്ചു:
' കഴുവേറ്റുന്നതിന് മുമ്പ് എനിക്ക് രണ്ട് റക്അത്ത് നിസ്‌കരിക്കാന്‍ സൗകര്യം ചെയ്തു തരണം'
ആ ആര്‍ജ്ജവമുള്ള കല്‍പനക്ക് മുമ്പില്‍ അംഗീകരിക്കുകയല്ലാതെ മറ്റുമാര്‍ഗമില്ലാഞ്ഞിട്ടായിരിക്കണം അവര്‍ മഹാനവര്‍കള്‍ക്ക് നിസ്‌കരിക്കാനുള്ള സൗകര്യം ചെയ്തു കൊടുത്തു.
വളരെ ശാന്തവും മുഖപ്രസന്നതയോടെയുമുള്ള മഹാനവര്‍കളുടെ നിസ്‌കാരത്തിലേക്ക് നോക്കിയിരുന്നപ്പോള്‍ നൂറയോര്‍ത്തു ഇതിനുമുമ്പ് ആരും ഇത്രസുന്ദരമായി ആസ്വദിച്ച് കൊണ്ട് നിസ്‌കരിക്കുന്നത് താന്‍ കണ്ടിട്ടില്ലല്ലോ...!യെന്ന്.
നിസ്‌കാര ശേഷം ആ ആകാരസൗഷ്ഠവം എഴുന്നേറ്റു നിന്നപ്പോള്‍ ശബ്ദമയമായി തടിച്ചുകൂടി നില്‍ക്കുന്ന ജനസഞ്ചയം സ്മശാനമൂകമായി. മഹാനവര്‍കള്‍ ഉറക്കെ പറഞ്ഞു:
'അല്ലാഹുവാണ് സത്യം, മരണം ഭയപ്പെട്ടാണ് നിസ്‌കാരം ദീര്‍ഘിപ്പിക്കുന്നത് എന്ന് നിങ്ങള്‍ ചിന്തിക്കില്ലായിരുന്നെങ്കിൽതീര്‍ച്ചയായും ഞാന്‍ കൂടുതല്‍ നിസ്‌കരിക്കുമായിരുന്നു''.
എന്തു ധീരമായിരുന്നു ആ പ്രഖ്യാപനം...! എങ്ങനെയൊരാള്‍ക്കിത്രമേല്‍ ധീരനാവാന്‍ സാധിക്കുന്നു...!? നൂറയുടെ രോമങ്ങളെടുത്തുപിടിച്ചു.
ഉടനടി ശിക്ഷാ നടപടികളാരംഭിച്ചു. അവര്‍ മഹാനവര്‍കളുടെ അംഗവിഛേദനം നടത്താന്‍ തുടങ്ങി. മഹാനവര്‍കളുടെ ശരീരാവയവങ്ങളിലേക്ക് ആയ്ന്നിറങ്ങുന്ന കഠാര കണ്ടപ്പോള്‍ നൂറ ഉമ്മായെന്നുറക്കെ വിളിച്ചു കരഞ്ഞു.
'എന്താടി എന്തുപറ്റി...?'
ഒരേ സ്വരത്തില്‍ നാലുപേര്‍ അവളോടുച്ചത്തില്‍ ചോദിച്ചു. അവള്‍ സ്വബോധത്തിലേക്ക് വന്നു. ഫര്‍സാനയും ഫൈറൂസയും ഉമ്മമ്മയും ഉമച്ചിയും എല്ലാവരും തന്നെ തുറിച്ച് നോക്കുകയാണ്.
'എന്താണുമ്മാ...അവിടെ...?'
മോനൂസ് ക്ലാസ് നിർത്തി ആശങ്കയോടെ വിളിച്ച് ചോദിച്ചു.
'ഒന്നുമില്ലുമ്മാ...ഞാനൊന്ന് മയങ്ങി പോയതാ...'
നൂറ മറപടി പറഞ്ഞു.
'ഉം...നീ പറയടാ...'
ഉമ്മ നൂറയെ ഒന്ന് സൂക്ഷിച്ച് നോക്കിയിട്ട് നീട്ടി മൂളിയതിന് ശേഷം മോനൂസിനോട് പറഞ്ഞു.
അവന്‍ കഥപറഞ്ഞിട്ടെവിടെയെത്തിയെന്ന് നൂറ കാതോര്‍ത്തു.
' മഹാനവര്‍കളുടെ ശരീരത്തില്‍ ആയുധമിറക്കുന്നതിനിടയില്‍ അവർ മഹാനരോട് ചോദിച്ചു:
'ഖുബൈബ്, നിന്റെ ഈ ദുരവസ്ഥ മുഹമ്മദ് അനുഭവിക്കുകയും നീ സുരക്ഷിതനായിരി ക്കുകയും ചെയ്യുന്നത് നീ ഇഷ്ടപ്പെടുന്നുവോ?''
മോനൂസും ഞാനും ഒരുപോലെയാണല്ലോ സഞ്ചരിക്കുന്നത്. അവളുടെ മനസ്സ് വീണ്ടും തന്‍ഈമിലേക്ക് ധൃതിയിട്ടു പറന്നു.
മുഖവും ശരീരമാകമാനവും രക്തത്തില്‍ കുളിച്ച് നില്‍ക്കുന്ന ഖുബൈബോര് ഈ ചോദ്യം കേട്ടപ്പോഴൊന്ന് ചിരിച്ചു. ചോരകൊണ്ട് ചുവന്നിരിക്കുന്ന ആ മുഖത്ത് ചിരിവിടര്‍ന്നപ്പോള്‍ ചുകന്ന പട്ടില്‍ പൊതിഞ്ഞ രത്‌നത്തിന്റെ തിളക്കമുണ്ടല്ലോ ആ പല്ലുകള്‍ക്കെന്ന് നൂറ സൂക്ഷിച്ച് നോക്കി.
അവിടുന്ന് പറഞ്ഞു:
'അല്ലാഹു തന്നെയാണ് സത്യം. ഞാനെന്റെ കുടുംബത്തോടൊപ്പം സന്തോഷത്തിലും സുഖത്തിലുമായിരിക്കുമ്പോൾ എന്റെ പ്രിയപ്പെട്ട ഹബീബിന് ﷺ കാലിലൊരു മുള്ളു തറച്ചുവെന്ന് കേട്ടാല്‍...ഈ ഖുബൈബിനത് സഹിക്കാന്‍ സാധിക്കൂല...പിന്നെയല്ലേ...ഹബീബിനെ ഞാനീസ്ഥാനത്ത് സങ്കല്‍പ്പിക്കുന്നത്.'
നൂറയുടെ മനസ്സിലൂടെ ആ വാക്കുകള്‍ പ്രകമ്പനം കൊണ്ടു. അവളുടെ ശരീരമൊന്ന് വിറച്ചു.
അതുവരെ നിശബ്ദമായിരുന്ന ജനസഞ്ചയം മഹാനവര്‍കളുടെ മറുപടി കേട്ട് വിളിച്ചു പറഞ്ഞു:
'കൊല്ലവനേ....'
ആരാചാര്‍ കൊലക്കയര്‍ മുറുക്കുന്നതിനിടയില്‍ ഖുബൈബോര് മദീനയുടെ ഭാഗത്തേക്ക് നോക്കിയിട്ടൊരു സലാം പറഞ്ഞു.
'അസ്സലാമു അലൈക്കും യാ റസൂലല്ലാഹ്'.
' ആ സലാമായിരുന്നു നബി തങ്ങള്‍ ആദ്യം മടക്കിയത്'
മോനൂസ് തന്റെ ക്ലാസ് അവസാനിപ്പിക്കാന്‍ പോകുന്നതിന്റെ ഭാഗമായിട്ട് കുറച്ചുച്ചത്തില്‍ പറഞ്ഞു. അത് കേട്ട് ഞെട്ടിയ നൂറ വീണ്ടും തന്‍ഈമില്‍ നിന്നും വീട്ടിലേക്ക് തിരിച്ചു.
'കഴുമരത്തില്‍ നിന്ന് ഹബീബിന്റെ കാലിലൊരു മുള്ളു തറക്കുന്നതിഷ്ടപ്പെടുന്നില്ലായെന്ന് പറഞ്ഞ ഖുബൈബോര് തന്റെ ഹൃദയത്തില്‍ ഹബീബിനെ ﷺ പ്രതിഷ്ഠിച്ചതെങ്ങനെയായിരിക്കും...! അവരെല്ലാം ഹൃത്തിലേറ്റിയ ആ പ്രണയ സ്വരൂപത്തെ നമ്മളെങ്ങനെ നെഞ്ചേറ്റിയാലാണ് മദീന നമ്മിലേക്കൊന്ന് മുഖം തിരിച്ചു നോക്കുക. ഇത്തരത്തില്‍ ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചതിന് ശേഷം മോനൂസ് പറഞ്ഞു:
'സ്വലാത്ത്, അതിനെല്ലാം നമുക്ക് മുമ്പിലുള്ള ഒരേയോരു പോം വഴി സ്വലാത്തിനെ അധികരിപ്പിക്കുകയെന്നതാണ്. നിരന്തരം തന്നെയോര്‍ക്കുന്ന ഒരാള്‍ക്ക് നേരെ ഒന്ന് നോക്കി ചിരിക്കാനെങ്കിലും അവിടുന്ന് മറക്കില്ല. കാരണം അവിടുന്ന് നമ്മുടെ പ്രിയപ്പെട്ട ഹബീബല്ലേ...!?'ﷺ
മോനൂസ് നിർത്തി. ഖുബൈബോരെ കഴുവേറ്റുന്ന ചരിത്രം കേട്ടിട്ടാണെന്ന് തോന്നുന്നു എല്ലാവരുടെ മുഖവും മ്ലാനമാണ് .
പെട്ടെന്ന് ഉമ്മമ്മ ഉറക്കെ ചൊല്ലി.
اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ و على اله وصحبه وسلم
(അല്ലാഹുമ്മ സ്വല്ലി അലാ സയ്യിദിനാ മുഹമ്മദിൻ വ അലാ ആലിഹി വ സ്വഹബിഹി വസല്ലിം)
( *തുടരും....*)
അപ്‌ലോഡ് ചെയ്ത Full പാർട്ട് ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...
Post a Comment