(PART 13) ഹബീബിനെ ﷺ 💖പ്രണയിച്ചവൾ

 

ഹബീബിനെ ﷺ  💖പ്രണയിച്ചവൾ

🔰🔰🔰🔰🔰🔰🔰🔰🔰🔰🔰



           ⛔️Part-13⛔️

🔺🔺🔺🔺🔺🔺🔺🔺🔺🔺🔺


_മേം ത്തൊ മാലിക് ഹീ കഹൂം ങ്കാ ഹോ മാലിക്ക് ക്കേ ഹബീബ്_

_യഅ്‌നീ മഹ്ബൂബൊ മുഹിബ് മേം നഹീം മേരാ തേരാ_

-ഇമാം അഹ്മദ് റസാ ഖാന്‍(റ)


നൂറയുടെ റൂമിലേക്ക് കയറിയ ഫര്‍സാനയുടെ കണ്ണിലാദ്യമുടക്കിയത് അവളുടെ സ്റ്റഡീ ടേബിളിന്റെ മുകളിലായി കോറിയിട്ട ഈ കാവ്യ ശകലങ്ങളാണ്. 

' എന്താടീയിതിന്റെ അര്‍ത്ഥം...?'

ഉര്‍ദുവിലെയുതിയ ആ വരികളിലേക്ക് ഒരുപാട് സമയം നോക്കിയിരുന്നിട്ടും ഒന്നും മനസിലാകാതെ  അവൾ നൂറയോട് ചോദിച്ചു.


'അത്...അഅ്‌ലാ ഹസ്‌റത്ത് ഇമാം അഹ്മദ് റസാ ഖാന്‍ ബറേലി(ന. മ) യുടെ 'ഹദാഇഖെ ബഖ്ശിശ്' എന്ന കാവ്യ സമാഹാരത്തില്‍ നിന്നുള്ള വരികളാണ്. അയ്യായിരം വരികളടങ്ങുന്ന നബിതങ്ങളുടെ കാവ്യ സമാഹാരമാണത്.'

അവളെന്തിനെ കുറിച്ചാണ് ചോദിച്ചതെന്ന് നോക്കിയതിന് ശേഷം പര്‍ദ്ദയൂരുന്നതിനിടയില്‍ വളരെ താത്പര്യത്തോടെ നൂറ പറഞ്ഞു.

എന്നിട്ടും ഫര്‍സാനക്ക് സംഗതി മനസ്സിലായില്ലെന്ന് തോന്നുന്നു., അവള്‍ വീണ്ടും ചോദിച്ചു.

' ആരാണ് ഈ അഅ്‌ലാ ഹസ്‌റത്ത് ഇമാം അഹ്മദ് റസാ ഖാന്‍....? എന്താണ് ഈ ലൈനുകളുടെ  അര്‍ത്ഥം...?'

ഫര്‍സാനയുടെ ചോദ്യത്തിലെ ആവേശം കണ്ടത് കൊണ്ടാവാം...ചോദ്യത്തിനേക്കാള്‍ വേഗത്തില്‍ മറുപടി വന്നു. അവള്‍ തന്റെ ഡ്രസിങ് റൂമില്‍ നിന്ന് വിളിച്ചു പറഞ്ഞു:


' അദ്ദേഹം വിലിയ പണ്ഡിതനും മുഹിബ്ബുമായിരുന്നു. മുത്ത് നബി ﷺ യെ അതിരറ്റ് സ്‌നേഹിച്ചത് കാരണം അബ്ദുല്‍ മുസ്ത്ഥഫ(നബി ﷺ തങ്ങളുടെ അടിമ)യെന്നാണ് മഹാനവര്‍കള്‍ അറിയപ്പെട്ടതു തന്നെ. മഹാനവര്‍കളുടേതായി ആയിരക്കണക്കിന് രചനകളുണ്ടെന്നാണ് ഉപ്പച്ചി പറഞ്ഞത്. ഞാന്‍ കണ്ടിട്ടില്ല. പിന്നെയൊരു കാര്യം കൂടെ അദ്ദേഹം ഇന്ത്യക്കാരനായിരുന്നുകെട്ടോ... ആയിരത്തി എണ്ണൂറുകളുടെ മധ്യത്തിലാണെന്ന് തോന്നുന്നു അദ്ദേഹം ജീവിച്ചത്'


നൂറ പറഞ്ഞു നിർത്തിയിടത്ത് ഫര്‍സാനയുടെ അടുത്ത ചോദ്യം വന്നു:


'മുത്ത് നബി ﷺ യുടെ അടിമയോ...അങ്ങനെ പറയാന്‍ പറ്റ്വോ...നമ്മളൊക്കെ അല്ലാഹുവിന്റെ അടിമകളല്ലേ...?'


നൂറ അത്രയും പറഞ്ഞതില്‍ നിന്ന് ഫര്‍സാനക്ക് ഷോക്കിങ്ങായി തോന്നിയ ഭാഗമിതായിരുന്നു. അതുകൊണ്ടു തന്നെ അവളുടെ മനസില്‍ സ്വഭാവികമായും ഉദിക്കാവുന്ന ഒരു ചോദ്യവും ഇതു തന്നെയാണല്ലോ. 


ഡ്രസ് ചെയ്ഞ്ച് ചെയ്ത് നൂറ അവളുടെ അടുത്തേക്ക് വന്ന് കൊണ്ട് ആ വരികളിലേക്ക് ചൂണ്ടി കൊണ്ട് ചോദിച്ചു:


' ആ വരികളുടെ അര്‍ത്ഥമറിയുമോ നിനക്ക്....?  അര്‍ത്ഥമറിഞ്ഞു വായിച്ചാല്‍ എന്തുകൊണ്ടാണ് മഹാനവര്‍കള്‍ ഞാന്‍ നബി ﷺ തങ്ങളുടെ അടിമയാണെന്ന് പറഞ്ഞതെന്ന് വ്യക്തമാവും'


തല തിരിച്ച് നൂറയുടെ മുഖത്ത് നോക്കിയിട്ട് അവള്‍ പറഞ്ഞു:


' എനിക്കറിയൂല... നീ പറഞ്ഞു കൊണ്ടാ...'


'ഞാന്‍ പറഞ്ഞു തരാം...നിനക്കതുള്‍ക്കൊള്ളാന്‍  പറ്റ്വോന്ന് എനിക്കറിയൂലാ...കാരണം ഉപ്പച്ചി ഇതിന്റെ അര്‍ത്ഥം ആദ്യം പറഞ്ഞപ്പോള്‍ എനിക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. പിന്നെ നബി ﷺ തങ്ങളെയും അഅ്‌ല ഹസ്‌റത്തിനെയുമെല്ലാം വിവരിച്ച് തന്നപ്പോള്‍ ഉള്‍ക്കൊള്ളാന്‍ ഒരു പ്രയാസവുമുണ്ടായില്ല.'


നൂറ പറയുന്നതിനിടയില്‍ കയറി ഫര്‍സാന പറഞ്ഞു:


'നീ പറ എനിക്ക് മനസിലാവോന്ന് നോക്കട്ടെ... '


'ഉം..ന്നാ ഞാനാ ലൈനുകളുടെ അര്‍ത്ഥം പറയാം ശ്രദ്ധിച്ച് കേട്ടോ'

നൂറയൊന്ന് തൊണ്ട റെഡിയാക്കി. ഒരാവര്‍ത്തി കൂടി ആ കവിത വായിച്ചിട്ട് അതിന്റെ അര്‍ത്ഥം മനസിലൂടെ ഓടിച്ചു നോക്കി. ശേഷം പറഞ്ഞു:


' ഞാന്‍, നിങ്ങളെ എന്റെ ഉടമസ്ഥന്‍ എന്ന് തന്നെ പറയും. യഥാര്‍ത്ഥ ഉടമസ്ഥന്റെ പ്രിയദാസനേ! 

എന്ത് കൊണ്ടെന്നാല്‍, സ്‌നേഹിതന്റെയും സ്‌നേഹിക്കുന്നവന്റെയും ഇടയില്‍ നിന്റെ, എന്റെ എന്ന വ്യത്യാസമില്ല'


നൂറ ഫര്‍സാനയുടെ മുഖത്ത് നോക്കി. അവള്‍ തന്നെ മിഴിച്ച് നോക്കുന്നത് കണ്ട് നൂറക്ക് ചിരിവന്നു. അവൾ തുടര്‍ന്ന് പറഞ്ഞു:


'അഥവാ, നമ്മളൊരാളെ സ്‌നേഹിച്ചു തുടങ്ങിയാല്‍ ആ സ്‌നേഹം യാഥാര്‍ത്ഥ്യമാണെങ്കില്‍ പിന്നെ അവിടെ ഞാന്‍, നീയെന്ന വേര്‍തിരിവുണ്ടാവരുത്. അവിടെ നമ്മള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് അല്ലാഹുവിന്റെ ഹബീബാണ് പ്രിയപ്പെട്ട നബി ﷺ തങ്ങള്‍. ഹബീബിന്റെ മഹ്ബൂബാണ് അല്ലാഹു. അവര്‍ക്കിടയില്‍ ഞാന്‍ നീയെന്നവേര്‍തിരിവില്ല. അപ്പോള്‍ അല്ലാഹുവിന്റെ അടിമയായ ഞാന്‍ തിരുനബി ﷺ യുടെയും അടിമയാണെന്നാണ് കവി പറഞ്ഞതിന്റെ അര്‍ത്ഥം.' 


ഫര്‍സാനക്ക് കാര്യങ്ങളുടെ അര്‍ത്ഥം ഏകദേശം മനസ്സിലായി തുടങ്ങിയെന്ന് തോന്നുന്നു. കാരണം അവളുടെ മുഖത്തിപ്പോള്‍ അതിന്റെ പ്രസന്നത കാണാമായിരുന്നു. നൂറ ഒന്നു കൂടെ കൂട്ടി ചേര്‍ത്തു:


' എടീ, ഇതൊരു കാവ്യാത്മക വായനയാണ്. ഒരിക്കലും സംവാദാത്മകമല്ല. സൃഷ്ടാവ് - സൃഷ്ടി ബന്ധമല്ല ഇവിടുത്തെ അടിമയുടമ എന്ന പദപ്രയോഗം കൊണ്ടുള്ള മഹാന്റെ ഉദ്ദേശ്യം. അല്ലാഹുവിന്റെതെല്ലാം ഹബീബിനും പ്രിയപ്പെട്ടതാണെന്നര്‍ത്ഥത്തിലാണെന്നു മാത്രം. ഞാന്‍ അല്ലാഹുവിന്റെ ഹബീബാണെന്ന് നബി ﷺ തങ്ങള്‍ തന്നെ പറഞ്ഞതല്ലേ...!?'

നൂറ അര്‍ദ്ധ വിരാമത്തില്‍ ചോദിച്ചു കൊണ്ട് എന്തോ ആലോചിച്ചു കൊണ്ട് തുടര്‍ന്നു.


'അതായത് നബി ﷺ തങ്ങള്‍ അല്ലാഹുവിന്റെ ഹബീബാണ് ഞാനെന്ന് പറയുന്ന ഒരു സംഭവം കൂടിയുണ്ട്. അതുകൂടി ഇവിടേക്ക്

ചേർ‍ത്തു വായിച്ചാല്‍ ഈ വരികളുടെ ചിത്രം നിനക്ക് വ്യക്തമായി ബോധ്യപ്പെടും.'


നൂറ ആ ഹദീസ് പറഞ്ഞു:


'ഒരിക്കല്‍ സ്വഹാബാക്കള്‍ മസ്ജിദുന്നബവിയിലിരുന്നു കൊണ്ട് മുന്‍കാല പ്രവാചകന്മാരുടെ മദ്ഹും ബഹുമതികളും പറയുന്നതിനിടയില്‍ ഒരു സ്വഹാബി പറഞ്ഞു:

' അല്ലാഹു മഹാനായ ഇബ്‌റാഹീം നബി (അ) യെ തന്റെ ഖലീല്‍ (ഉറ്റമിത്രം) ആയിട്ടാണ് തെരഞ്ഞെടുത്തത്' 

ഇതുകേട്ട മറ്റൊരു സ്വഹാബി പറഞ്ഞു:

' ഈസാ നബി (അ)യെ അല്ലാഹു റൂഹുല്ലാഹി (അല്ലാഹുവിന്റെ ആത്മാവ്) എന്ന സ്ഥാനപ്പേരിലാണ് അഭിസംബോധന ചെയ്തത്.'

ഇങ്ങനെ ഇവരുടെ സംസാരം നടക്കുന്നതിനിടയിലേക്കാണ് പ്രിയപ്പെട്ട നബി ﷺ തങ്ങള്‍ കടന്നു വരുന്നത്. അവരോടെല്ലാവരോടുമായി ഒന്നു പുഞ്ചിരിച്ച ശേഷം അവിടുന്നു പറഞ്ഞു:

' ഞാന്‍ നിങ്ങളുടെ സംസാരമെല്ലാം കേട്ടു. നിങ്ങള്‍ പറഞ്ഞതെല്ലാം ശരിതന്നെയാണ്. തുടര്‍ന്ന് അവിടുന്നു പറഞ്ഞു:

'ഓരോരുത്തരും അല്ലാഹുവിന്റെയടുത്തുള്ള അവരുടെ സ്ഥാനം കൊണ്ടാണ് അറിയപ്പെടുന്നത്. അറിയുക, ഞാന്‍ അല്ലാഹുവിന്റെ ഹബീബാണ്. ഞാന്‍ ആത്മപ്രശംസ നടത്തുകയല്ല'


ഒന്നു നിറുത്തിയിട്ട് നൂറ പറഞ്ഞു:

"ഇവിടെയാണ് നേരത്തെ ഞാന്‍ പറഞ്ഞത് പോലെ ഹബീബും മഹ്ബൂബും തമ്മിലുള്ള ബന്ധത്തെ കുറിച്ച് മനസ്സിലാക്കേണ്ടത്. കാരണം ഹബീബിന് ഇഷ്ടപ്പെട്ടെതെല്ലാം മഹ്ബൂബിന് ഇഷ്ടപ്പെടും. അതുകൊണ്ട് അല്ലാഹുവിന്റെ ഹബീബിന്റെ ഇഷ്ടക്കാരവുകയെന്നതാണ് മഹ്ബൂബായ അല്ലാഹുവിന്റെ ഇഷ്ടക്കാരനാവാനുള്ള ഏറ്റവും നല്ല മാര്‍ഗം. മറ്റരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഇതല്ലാത്ത മറ്റൊരു മാര്‍ഗവുമില്ല. '


നൂറ ഒരു പ്രണയിനിയുടെ ആലസ്യത്തിലെന്നപോലെ പറഞ്ഞു.


ഫര്‍സാനയുടെ മുഖം വിടര്‍ന്നു. അവള്‍ വീണ്ടും ആ കവിതയിലേക്ക് നോക്കി. അതിനെന്തോ വല്ലാത്ത ആസ്വാദന ഭംഗി കൈവന്നത് പോലെ അവള്‍ക്ക് അനുഭവപ്പെട്ടു. 


'എന്തു കാവ്യമാണല്ലേ...ഈ എഴുത്ത്...!?'

അവള്‍ നൂറയോട് ചോദിച്ചു.


നൂറ..അതേയെന്ന് തലയാട്ടി.


'നീ മഹാന്റെ ക്വോട്ടിങ് തന്നെ തെരഞ്ഞെടുക്കാന്‍ പ്രത്യേകിച്ച് കാരണമുണ്ടോ....?'

ഫര്‍സാനയുടെ ചോദ്യം വീണ്ടും.


'പ്രത്യേകിച്ച് കാരണമുണ്ടോന്ന് ചോദ്യച്ചാല്‍...നീ നേരത്തെ പറഞ്ഞത് പോലെ ഹൃദയത്തില്‍ തട്ടുന്ന ഒരു കാവ്യ ഭംഗിയുണ്ടതിന്. പിന്നെ...നമ്മുടെ ഇന്ത്യയില്‍ നിന്ന് ഹബീബിന്റെ ﷺ സ്‌നേഹം അത്രമേല്‍ പറഞ്ഞ വ്യക്തിയാണവര്....അവര് പറഞ്ഞതും എഴുതിയതും പ്രവര്‍ത്തിച്ചതും എല്ലാം ഹബീബിന് ﷺ വേണ്ടിയായിരുന്നു. മഹാനവര്‍കളുടെ വഫാത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ നീ...?'

നൂറ ഒരു ചോദ്യത്തില്‍ കൊണ്ടു ചെന്ന് നിറുത്തി.

'ഇല്ല...പറഞ്ഞു താ...'

അതല്ലാതെ മറ്റൊരുത്തരം ഫര്‍സാനക്ക് പറയാനുണ്ടായിരുന്നില്ല.


മഹാന്‍ വഫാത്താകുന്ന അന്ന് രാത്രി ഫലസ്തീനിലുള്ള മറ്റൊരു മഹാന്‍ ഹബീബായ റസൂലുള്ളാഹിയെ ﷺ സ്വപ്‌നത്തില്‍ കണ്ടു. അവിടുത്തോടൊപ്പം തല മുതിര്‍ന്ന സ്വഹാബാക്കളെല്ലാം അവിടുത്തെ ഇരുവശങ്ങളിലായിട്ടുണ്ട്. അവര്‍ ആരയോ കാത്തിരിക്കുകയാണ്. നബിതങ്ങള്‍ ദൂരേക്ക് തന്നെ ഇടക്കിടക്ക് നോക്കുന്നുണ്ട്. 

അദ്ദേഹം നബി ﷺ തങ്ങളുടെ അടുത്തേക്ക് ചെന്നിട്ട് പതുക്കെ ചോദിച്ചു:

"തങ്ങളേ...അവിടുന്ന് ആരെയാണ് കാത്തിരിക്കുന്നത്...?'

പ്രിയപ്പെട്ട തങ്ങൾ ﷺമറുപടി പറഞ്ഞു:

" ഇന്ത്യയില്‍ നിന്ന് അഹ്മദ് രിളാ എന്നുപറഞ്ഞൊരാള്‍ വരുന്നുണ്ട്. ഞങ്ങളദ്ദേഹത്തെ കാത്തു നില്‍ക്കുകയാണ്.'

സ്വപ്‌നമുണര്‍ന്ന ഫലസ്തീന്‍ പണ്ഡിതന്‍ പിറ്റേദിവസം തന്നെ ഇന്ത്യയിലേക്ക് വിസ സംഘടിപ്പിച്ചു പുറപ്പെട്ടു. അങ്ങനെ ഡല്‍ഹി വഴി ബറേലിയിലെത്തിയ അദ്ദേഹം അഹ്മദ് രിളയെന്നവരെ കുറിച്ചന്വേഷിച്ചു. അപ്പോഴാണ് മഹാനവര്‍കള്‍ വഫാത്തായതായിട്ടറിയുന്നത്. വീടന്വേഷിച്ച് വീട്ടിലെത്തിയപ്പോള്‍ മഹാനവര്‍കളുടെ ഖബറാണ് അദ്ദേഹത്തിന് കണ്ടെത്താന്‍ സാധിച്ചത്. 

വീട്ടുകാരോട് ചോദിച്ചു:

" എപ്പോഴാണ് ഉപ്പ മരണപ്പെട്ടത്...?" അവരദ്ദേഹത്തിന് സമയം പറഞ്ഞു കൊടുത്തു. താന്‍ ഹബീബിനെ ﷺ കണ്ട സമയവും ഇവര് പറഞ്ഞ സമയവും കൃത്യമായി യോജിക്കുന്നതായി അദ്ദേഹത്തിന് മനസിലായി.'

നൂറ എന്തോ വല്ലാത്ത ഉള്‍ക്കിടിലത്തോടെയാണ് ആ സംഭവം പറഞ്ഞത്. നൂറ തുടര്‍ന്ന് പറഞ്ഞു.


'എടീ... അതിരറ്റ് തിരുനബിയെ സ്‌നേഹിച്ചാല്‍...അവിടുത്തെ മദ്ഹ് പാടി പറഞ്ഞാല്‍....സ്ഥിരമായി സ്വലാത്ത് ചൊല്ലിയാല്‍....അവിടുത്തെ ചര്യ അതുപോലെ പിന്തുടര്‍ന്നാല്‍ നമ്മൾ മരണപ്പെടുമ്പോൾ ഹബീബ് ﷺ തന്റെ സ്വഹാബാക്കളുടെ അകമ്പടി സേവിച്ച് സ്വീകരിക്കാനെത്തുമെന്നല്ലേ...മഹാനവര്‍കള്‍ നമുക്ക് കാണിച്ചു തന്നത്. മഹാനെ പോലെയൊന്നുമാവില്ലെങ്കിലും അങ്ങനെ കൊതിക്കാന്‍ പോലും നമുക്ക് അവകാശമില്ലെങ്കിലും ഹബീബിനെ ﷺ അറിഞ്ഞ് സ്‌നേഹിച്ചാല്‍ അവിടുന്ന് നമുക്ക് മുഖം തരാതിരിക്കുമോ...? ഇല്ലല്ലോ...? കാരണം ഇത് നമ്മുടെ ഹബീബല്ലേ...ﷺ'

ഫര്‍സാനയുടെ തോളു ചാരി കഥപറഞ്ഞിരുന്ന നൂറയുടെ ഇരു നയനങ്ങളും നിറഞ്ഞഴുകി. കണ്ണുനീരിന്റെ ചൂട് തട്ടിയപ്പോള്‍ ഫര്‍സാന തിരിഞ്ഞു കൊണ്ട് ചോദിച്ചു:

'നീ...കരയുകയാണോ....?'

'ഏയ്.....'

എന്നും പറഞ്ഞ് നൂറ കണ്ണു തുടച്ചു കൊണ്ട് എഴുന്നേറ്റ് ക്ലോക്കിലേക്ക് നോക്കി.


സമയം ആറേ മുപ്പത്. 

നമുക്ക് വുളൂഅ് ചെയ്ത് വന്ന് തസ്ബീഹ് ചൊല്ലാം...

നൂറ ഫര്‍സാനയോട് പറഞ്ഞു.

അവര്‍ വുളൂഅ് ചെയ്തു വന്നു.

 അവളുടെ റുമിനോട് ചേര്‍ന്ന റൂമാണ് നിസ്‌കാര റൂം. അവര്‍ അവിടെ ചെന്നിരുന്നു തസ്ബീഹ് ചൊല്ലി.

سبحان الله وبحمده

 سبحان الله العظيم 

و بحمده استغفر الله 

(സുബ്ഹനല്ലാഹി വബി ഹംദിഹീ...

സുബ്ഹാനല്ലാഹില്‍ അളീം...

വബി ഹംദിഹീ അസ്തഅ്ഫിറുല്ലാഹ്...) 


( *തുടരും....*) 


അപ്‌ലോഡ് ചെയ്ത  Full പാർട്ട്‌ ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...

 click here