(PART 12) ഹബീബിനെ ﷺ 💖പ്രണയിച്ചവൾ

 

 ഹബീബിനെ ﷺ  💖പ്രണയിച്ചവൾ

🔰🔰🔰🔰🔰🔰🔰🔰🔰🔰🔰



           ⛔️Part-12⛔️

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️


വൈകീട്ട് ഫര്‍സാനയോടൊപ്പം ഹോസ്റ്റലില്‍ പോയി അവളുടെ ഡ്രസും പാഠ്യവസ്തുക്കളുമായി ഇറങ്ങുമ്പോഴേക്കും സമയമിത്തിരി വൈകി. രണ്ടു പേരും നാട്ടില്‍ ബസ്സിറങ്ങിയപ്പോള്‍ അഞ്ചു മണി. വീട്ടിലേക്കുള്ള നടത്തത്തിനിടയില്‍ ഫൈറൂസയുടെ വീടിന്റെ ഉമ്മറത്തേക്ക് നോക്കാന്‍ നൂറ മറന്നില്ല. കോലായില്‍ തന്നെ പത്രവും വായിച്ചിരിക്കുന്നുണ്ടവള്‍. നൂറ ഫര്‍സനയോട് പറഞ്ഞു:


'വാ നമുക്കൊരാളെ പരിചയപ്പെടാം.'


അവള്‍ ഫര്‍സാനയുടെ കയ്യും പിടിച്ച് ഫൈറൂസയുടെ വീട്ടിലേക്ക് കയറി.


'അസ്സലാമു അലൈക്കും'


പെട്ടെന്നൊരു സലാം കേട്ടതുകൊണ്ടായിരിക്കാം പത്രത്തിലേക്ക് തലയും പൂഴ്ത്തി വായന നടത്തുകയായിരുന്ന ഫൈറൂസ ഞെട്ടി പിടച്ചെയുന്നേറ്റു കൊണ്ട് പറഞ്ഞു:


' വ അലൈക്കുമുസ്സലാം, ഔന്റെ നൂറാ...നീയായിരുന്നോ....'

പെട്ടെന്നുണ്ടായ വെപ്രാളത്തിനിടയില്‍ ആളെതിരിച്ചറിഞ്ഞ ഫൈറൂസ ചോദിച്ചു.


' ആ...ഞാന്‍ തന്നെ...എത്ര കാലയെടി നിന്നെയൊന്ന് കണ്ടിട്ട്. കോളേജിന്ന് വരുന്ന വഴിക്ക് ഉമ്മറത്ത് നിന്നെ കണ്ടപ്പോള്‍ കയറിയതാ...'


തന്റെ ഈ വരവ് തീര്‍ത്തും യാദൃശ്ചികമായിരുന്നെന്ന് നൂറ വരുത്തി തീര്‍ത്തു. അതല്ലേലും അവള്‍ക്ക് അസ്വാഭാവികത തോന്നേണ്ട ഒരാവശ്യവുമില്ലാതാനും.

 

' ഇതാരാ....?'

ഫര്‍സാനയുടെ മുഖത്ത് നോക്കിക്കൊണ്ട് ഫൈറൂസ ചോദിച്ചു.


' ഹോ...സോറി, പരിചയപ്പെടുത്താന്‍ മറന്നു. ഇത് ഫര്‍സാന കോളേജില്‍ ഞങ്ങള്‍ ഒരുമിച്ചാണ്'


ഫൈറുസക്ക് ഫര്‍സാനയെ പരിചയപ്പെടുത്തിയ ശേഷം ഫര്‍സാനയോട് പറഞ്ഞു:


'ഡി....ഇത് ഫൈറൂസ...എനിക്ക് ഓളും ഓള്‍ക്ക് ഞാനുംന്ന് പറഞ്ഞ് നടന്നൊരു കാലംണ്ടായിരുന്നു ഞങ്ങള്‍ക്ക്'


നൂറയുടെ മുഖത്ത് ഗൃഹാതുരത്വത്തിന്റെ ലാഞ്ചന കാണാമായിരുന്നു. ഇനിയും കുട്ടിയായിരുന്നെങ്കിലെന്ന ഓമനത്തം അവളില്‍ പ്രകടമായിരുന്നു.


'വന്ന കാലില്‍ നില്‍ക്കാതെ അകത്തേക്ക് കയറിവാ...'


ഫൈറൂസ അവരോട് പറഞ്ഞു.


' ഇല്ലെടി, ഞങ്ങള് നിസ്‌കരിച്ചിട്ടില്ല, പെട്ടെന്ന് പോണം. ഞാന്‍ നിന്നെ കണ്ടപ്പോള്‍ ഒന്ന് കയറിയതാ...'

നൂറ പറഞ്ഞു.


'അതിനന്താ...ഇവിടുന്ന് നിസ്‌കരിക്കാലോ...ഞാനും നിസ്‌കരിച്ചിട്ടില്ല. നമുക്ക് ജമാഅത്താക്കാം'


നൂറയുടെ ഉള്ളില്‍ സന്തോഷത്തിന്റെ ഒരായിരം പൂത്തിരികത്തി. ' രോഗി ഇഛിച്ചതും വൈദ്യന്‍ വിധിച്ചതും പാല്‍ ' എന്നുപറഞ്ഞ പോലെ ഫൈറൂസയോടൊപ്പം കുറച്ച് സമയം ചിലവഴിക്കാന്‍ സധിക്കുകായെന്നതായിരുന്നു തന്റെ ആത്മീയ കുടുംബശ്രീ പദ്ധതിയുടെi ആദ്യപടിയെന്ന ബോധ്യം നൂറയുടെ ഉള്ളില്‍ നന്നായിട്ടുണ്ടായിരുന്നു.


ആ വിഷയം നേരിട്ട് വന്ന് അവളോടവതരിപ്പിച്ചാല്‍ ഒരുപക്ഷെ, അവളുള്‍ക്കൊള്ളണമെന്നില്ല. എന്നാല്‍ അവളും താനുമായുള്ള ബന്ധത്തില്‍ വന്ന വിടവ് നികത്തിയതിന് ശേഷം ആവാം എന്നായിരുന്നു നൂറ കരുതിയിരുന്നത്. അപ്പോഴാണ് ഫൈറൂസയുടെ ഈ ക്ഷണം. ഇതൊരു നല്ല ലക്ഷണമാണെന്ന് നൂറയുടെ മനസില്‍ നൂറു വാള്‍ട്ടിന്റെ ബള്‍ബ് മിന്നി.


' എന്നാലങ്ങനെയാവാം...'

നൂറ ഫര്‍സാനയുടെ മുഖത്ത് നോക്കിയിട്ട് പറഞ്ഞു.

അവളും ഓകെയെന്ന് തലയാട്ടി.


നൂറയും ഫര്‍സാനയും കൂടെ ഫൈറൂസയുമായി സംസാരിക്കുമ്പോള്‍ സുലൈഖാത്ത പുറത്താരാണെന്നറിയാന്‍ വാതില്‍ക്കല്‍ വന്ന് തലയിട്ടു നോക്കി. അവരുടെ നോട്ടം നൂറയുടെ കണ്ണുകളിലുടക്കി. അവര്‍ നൂറയോട് കണ്ണുകളിറുക്കി കാണിച്ചു. കണ്ണുകൊണ്ട് ഗോഷ്ടി കാണിക്കുന്ന സുലൈഖാത്തയെ കണ്ട് ഫര്‍സാന 'ഈ സ്ത്രീയിതെന്താ കാണിക്കുന്നതെന്ന' ആശ്ചര്യത്തോടെ അവരെ തുറിച്ചു നോക്കി. ഫര്‍സാന അകത്തേക്ക് തുറിച്ച് നോക്കുന്നത് കണ്ട് ഫൈറൂസ തിരിഞ്ഞു നോക്കി.


' ആ ങ്‌ള് ഇവിടെ ണ്ടയ്‌ന്യോ...ഇതെന്റെ ഉമ്മ...ന്റെ പുന്നാര സുലു...'

അവളുമ്മയെ ഫര്‍സാനക്ക് പരിചയപ്പെടുത്തി.

'എന്താടി, മറ്റുള്ളവരെ മുമ്പിന്നാണോ ഉമ്മാനെ പേരുവിളിക്കുന്നത്'

സുലൈഖാത്ത പരിഭവിച്ചു.


'ഹോ...ഒന്നു പിണങ്ങാതെ പോ ഉമ്മ...സ്‌നേഹം കൂടുമ്പം അക്ഷരങ്ങള്‍ കുറയുംന്ന് കേട്ടിട്ടില്ലേ നിങ്ങള്‍....? !'

അവളുമ്മാനോട് കൊഞ്ചി.

അവരുടെ സംസാരം കേട്ട് വീടിനകത്തേക്ക് കയറുന്ന നൂറയും ഫര്‍സാനയും ചിരിച്ചു.


'രണ്ടു പേരും ഭയങ്കര കമ്പനിയാണല്ലേ...!?

ഫര്‍സാന ചിരിച്ചു കൊണ്ട് ചോദിച്ചു.

'മുകളില്‍ പോയി നിസ്‌കരിച്ചോളൂ മക്കളെ...'

സുലൈഖാത്ത അവരെ മുകളിലേക്ക് വിട്ടു. അവിടെയാണ് ഫൈറൂസയുടെ റൂം.

തന്റെ ബാഗ്  കട്ടിലിലിട്ട് നൂറ വുളൂഅ് എടുക്കാനായി വാഷ്‌റൂമിലേക്ക് പോയി.


'നാട്ടിലെവിടെയാ...?' ഫൈറൂസ ഫര്‍സാനയോട് ചോദിച്ചു.

' തൃശൂരിലാ...' അവള്‍ തന്റെ സ്ലാങ്ങില്‍ നീട്ടിവലിച്ചു പറഞ്ഞു.

നൂറ വാഷ്‌റൂമില്‍ നിന്നിറങ്ങുമ്പോഴേക്കും അവരുടെ പ്രാരംഭ പരിചയപ്പെടല്‍  കഴിഞ്ഞിരുന്നു.


' ഇവളുടെ കഥ കേള്‍ക്കാനാണ് ഞാന്‍ ഹോസ്റ്റലില്‍ നില്‍ക്കാതെ ബാഗും തൂക്കി ഇങ്ങോട്ട് പോന്നത്'


അവരുടെ അടുത്തേക്ക് നടന്നു വരുന്ന നൂറയെ നോക്കി ഫര്‍സാന ഫൈറൂസയോട് പറഞ്ഞു.


'കഥയോ....! എന്ത് കഥ..? ' 

ഫര്‍സാന പറഞ്ഞതിന്റെ ഉദ്ദേശ്യം മനസ്സിലാവാതെ ഫൈറൂസ നൂറയുടെ മുഖത്തേക്ക് നോക്കി.


'അതൊന്നുല്യടി...അവള് വെറുതെ ഓരോന്ന് പറയുന്നതാ...' 

നൂറ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു.


'അതൊന്നുല്ലാ....നല്ല ഒന്നാന്തരം കഥപറച്ചില്

കാരിയാണിവള്...ഇന്നലെ വരെ ഇടിവെട്ട് ഫാഷനില്‍ കോളേജില്‍ പൊളിച്ച് നടന്നിരുന്ന ഞാനിന്ന് കോളേജില്‍ പോയത് പര്‍ദ്ദയിട്ടിട്ടാണ്...എന്തുട്ടാ കാരണംന്നറിയ്വോ..?'

അവള്‍ തൃശൂര് സ്ലാങ്ങിൽ പകുതി ചോദിച്ചു നിറുത്തി.


'ഇല്ലാ...എന്താ!..'

ഫൈറൂസ ബാക്കി കേള്‍ക്കാനായി കാതുകൂര്‍പ്പിച്ചു.

' ഇവളുടെ കഥ തന്നെ, എന്റെ ചങ്കിലാ അവള് കൊണ്ടു പോയി കഥ നിറച്ചത്.' 

ഫര്‍സാന വീണ്ടും.


' അതെന്നേ...നൂറാ നീ ഇത്ര വലിയ കഥാകാരിയായത്. നമ്മളൊന്നും അറിഞ്ഞില്ലല്ലോ...?!'

ഫൈറൂസ നൂറയുടെ മുഖത്ത് നോക്കി.

അവള്‍ രണ്ടു പേരുടെയും മുഖത്ത് നോക്കി ചിരിച്ചുവെന്നല്ലാതെ ഒരക്ഷരം മിണ്ടിയില്ല.

' ന്നാല്‍ നിസ്‌കാരം കഴിഞ്ഞിട്ട് ഒരുകഥ നമുക്കൊരുമിച്ചിരുന്ന് പറഞ്ഞിട്ട് പോയാല്‍ മതി'

ആജ്ഞാ സ്വരത്തില്‍ ഫൈറൂസ പറഞ്ഞു.

'ഞാന്‍ റെഡി...'

ഫര്‍സാന ഫൈറൂസയെ കട്ടക്ക് സപ്പോര്‍ട്ട് ചെയ്തു.🙂

'നീ...പിന്നെ എല്ലാത്തിനും റെഡിയാണല്ലോ...വേഗം പോയി വുളൂഅ് ചെയ്ത് വരീ'

നൂറ പറഞ്ഞു. 

പുറത്ത് കാണിച്ചില്ലെങ്കിലും യഥാര്‍ത്ഥത്തില്‍ നൂറയുടെ ഉള്ളം ഇങ്ങനെയൊരവസരമുണ്ടാക്കിയ നാഥനെ ഒരായിരം തവണ സ്തുതിച്ചുകൊണ്ടിരിക്കുകയായിരുന്നു.

നൂറ ഇമാമ് നിന്ന് അവര്‍ ജമാഅത്തായി നിസ്‌കരിച്ചു.

നിസ്‌കാരവും പ്രാര്‍ത്ഥനയും കഴിഞ്ഞപ്പോഴേക്ക് അവരുടെ മുമ്പിലേക്ക് ചായയും നല്ല ഉഗ്രന്‍ പൊരി കടികളുമായി സൂലൈഖാത്തയെത്തി.

 നിലത്ത് വട്ടമിട്ടിരുന്ന് ചായ കുടിക്കാന്‍ തുടങ്ങി.

' അപ്പോ നീയിപ്പോള്‍ പര്‍ദ്ദയിട്ടാണോ ക്ലാസില്‍ പോവാറ്...?'

ഫൈറൂസ ഫര്‍സാനയോട് ചോദിച്ചു.

'ഉം...ഇന്നുമുതല്‍. ഇന്‍ ഷാ അല്ലാഹ് ഇനിയെന്നും അങ്ങനെയാവണമെന്നാണ് ആഗ്രഹം. മുഴുവന്‍ ക്രഡിറ്റും നൂറക്കാണ് കെട്ടൊ...'

ഫര്‍സാന നൂറയുടെ മുഖത്ത് നോക്കി ചിരിച്ചു കൊണ്ട് ഫൈറൂസയോട്  പറഞ്ഞു.

' മൂടി കെട്ടി കോളേജില്‍ പോകുന്നത് എനിക്ക് ആലോചിക്കാന്‍ പറ്റണില്ല.' 

അത് പറയുമ്പോള്‍ ഫൈറൂസയുടെ മുഖത്ത് വല്ലയ്മയുടെ കയ്പ്പുണ്ടായിരുന്നു.

' ഇന്നലെ വരെ ഞാനും ഇങ്ങനയൊക്കെ തന്നയായിരുന്നു. ഇവളെ കണ്ടത് ഭാഗ്യം. അല്‍ഹംദുലില്ലാഹ്'

ഫര്‍സാനയുടെ സംസാരത്തിലെ പക്വത കണ്ടപ്പോള്‍ നൂറക്ക് അത്ഭുതം തോന്നി.

' നീ എന്തു മന്ത്രമാണെടീ ഇവള്‍ക്ക് ചൊല്ലികൊടുത്തത് നൂറൂ...'

ഫൈറൂസ ചിരിച്ചു കൊണ്ട് ചോദിച്ചു.

' അവള് പറയുന്നത് നോക്കണ്ട...അവള് സ്വയം മാറിയതാ.... ആ മാറ്റത്തില്‍ ഞാനൊരു കാരണക്കാരിയായിട്ടുണ്ടെങ്കില്‍ റബ്ബിന് സ്തുതി.'

'അതൊക്കെ പോട്ടെ നീ കഥ പറ...'  ഇത്തവണ ഫൈറൂസയാണ് ധൃതിപ്പെട്ടത്.

"എന്ത് കഥ" നൂറ ഒന്നുമറിയാത്തവരെ പോലെ ചോദിച്ചു. 

"ഇതാ ഇവളെ നീ ജപിച്ച് നിറുത്തിയില്ലേ... അതുപോലോത്തൊരണ്ണം" 

ഫൈറൂസ നൂറയെ ഒന്ന് കുത്തി പറഞ്ഞു. 


'അല്ലടി, നമ്മുടെ ഈ ചര്‍ച്ച കണ്ടപ്പോള്‍ എനിക്ക് തോന്നിയ ഒരു കാര്യം പറയട്ടെ'

നൂറ ചോദിച്ചു നിറുത്തി.

' ആ...പറ...'

അവര്‍ രണ്ടു പേരും പറഞ്ഞു.

'നമ്മളിവിടെയിരുന്ന് പര്‍ദ്ദയിടണോ വേണ്ടയോ....മുഖം മറക്കാന്‍ മടിയാവുന്നു...ആണുങ്ങളുടെ കൂട്ടുകൂടാതെ എങ്ങനെയാണ് ഈ കാലത്ത് പഠിക്കാന്‍ കഴിയുക എന്നൊക്കെ ചോദിച്ചല്ലെ തര്‍ക്കിക്കുന്നത്...? അഥവാ...നമുക്ക് നമ്മുടെ എല്ലാ കാര്യങ്ങളും നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ചെയ്യാന്‍ സ്വാതന്ത്രമുള്ളിടത്താണ് നാം വേണോ വേണ്ടയോന്ന് ശങ്കിച്ചു നില്‍ക്കുന്നത്. അല്ലേ...?

 

'അതെ'  ഒരു നിമിഷം ആലോചനയിലാണ്ട ശേഷം ഇരുവരും പറഞ്ഞു.

' എന്നാല്‍ ഒന്നുറക്കെ വാങ്ക് വിളിക്കാന്‍, ഒരു തക്ബീറ് വിളിക്കാന്‍ സാധിക്കാത്ത, അങ്ങനെ ചെയ്താല്‍ പച്ചയായി കത്തിക്കപ്പെടുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് നമ്മളെപ്പോഴെങ്കിലും ആലോചിച്ചിരുന്നോ...?'

.....

മൗനം...നൂറ തുടര്‍ന്നു

"ഫൈറൂ... നിനക്കോർമയില്ലെ, സുമയ്യ ബീവിയുടെ ചരിത്രം കരീമുസ്താദ് ക്ലാസീന്ന് പറഞ്ഞപ്പോൾ നമ്മളൊക്കെ കരഞ്ഞത്." 


"കഥയെനിക്ക് കൃത്യമായി ഓർമയില്ല ന്നാലും മ്മളെല്ലാരും കരഞ്ഞത് 😭നല്ല ഒർമയുണ്ട്" 

ഫൈറൂസ ആ ക്ലാസ് കൂട്ടക്കരച്ചിലോർത്തിട്ടാണെന്ന് തോന്നുന്നു, അത് പറയുമ്പോള്‍ അവളുടെ മുഖത്തൊരു പുഞ്ചിരി വിടർന്നിരുന്നു.

'അല്ലേ... ചെലപ്പോ സുമയ്യാ ബീവിയുടെയും കുടുംബത്തിന്റെയും കഥ പറഞ്ഞാല്‍ ഞാന്‍ പറഞ്ഞ ആ സ്വിറ്റ്വേഷന്‍  ഒന്നൂ കൂടെ വ്യക്താമാവും'


" നീ പറ എനിക്കാ കഥ കൃത്യമായിട്ട് ഓർമകിട്ടുന്നില്ല. പിന്നെ ചെലപ്പോ ഇവള് കേട്ടിട്ടുമുണ്ടാവില്ല" 


ഫൈറൂസ ഫർസാനയെ നോക്കി പറഞ്ഞു . 

"ഇല്ല, ഞാന്‍ കേട്ടിട്ടില്ല, നീ പറ " 

ഫർസാന കൂളായി പറഞ്ഞു. 


നൂറ കഥപറയാനൊരുങ്ങി.

' പൂര്‍ണ്ണ സ്വാതന്ത്രമുണ്ടായിട്ടും അപകര്‍ഷ ബോധമാണ് ഇസ്ലാമിക ബോധനങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് നമ്മെ പിന്നോട്ട് വലിക്കുന്നത്. എന്നാല്‍ സുമയ്യാ ബീവിയും  ഭര്‍ത്താവ് യാസിര്‍ (റ) എന്നവരും മകന്‍ അമ്മാറും (റ) ജീവിച്ചിരുന്ന മക്കയെ കുറിച്ചൊന്നാലോചിച്ച് നോക്കിയേ...'


'നബി ﷺ തങ്ങളുടെ കാലത്ത് തന്നയല്ലേ...അവരും....'


നൂറയുടെ സംസാരത്തില്‍ നിന്ന് ആ കാലഘട്ടം വ്യക്തമാവാത്തത് കൊണ്ടാണെന്ന് തോന്നുന്നു ഫര്‍സാന ചോദിച്ചു.


'അതെ...നബി തങ്ങള്‍ക്ക് ﷺ നുബൂവത്ത് ലഭിച്ച ആദ്യ വര്‍ഷങ്ങളിലാണ്.'

നൂറക്ക് ഏതാണ് ആ വർഷമെന്ന് കൃത്യമായി ഓര്‍ത്തെടുക്കാന്‍ സാധിച്ചില്ല.

'ഉം..'

ഫര്‍സാന മൂളി. നൂറ തുടര്‍ന്നു.

' വളരെ രഹസ്യമായിട്ടായിരുന്നു

നബി ﷺ തങ്ങളുടെ പ്രബോധനം. അല്ലാഹുവിലും പ്രവാചകരിലും വിശ്വസിക്കുന്നവരാണെന്നറിയുന്ന  നിമിഷം ജനങ്ങൾ കൂട്ടമായി വന്ന് അവരെ ആക്രമിക്കുകയും  വീടുകള്‍ അഗ്നിക്കിരയാക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുന്ന പൊതുബോധമായിരുന്നു അന്ന്. ഇസ്ലാമായിരുന്നു അവരുടെ പൊതു ശത്രു. അതുകൊണ്ട് തന്നെ പരുക്കുകളൊന്നുമില്ലാതെ ജീവിക്കണമെങ്കില്‍ മുസ്ലിമാണെന്ന് പറയാന്‍ പറ്റാത്ത സാഹചര്യമായിരുന്നു'


നൂറയുടെ മുഖത്ത് ആ കാലഘട്ടത്തിന്റെ ഭീകരത വ്യക്തമായിരുന്നു.

' തന്റെ വീടിന്റെ ചുറ്റിലും നടക്കുന്ന കപാലികരുടെ ആക്രമങ്ങളും ഭീകരതയുമെല്ലാം സുമയ്യാ ബീവിയും കാണുന്നുണ്ട്. എന്നെങ്കിലുമൊരു ദിവസം അവര്‍ തങ്ങളെയും തേടിവരുമെന്ന് അവർക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു.'


' അങ്ങനെ മഹതി മനസ്സില്‍ ഭീതിയോടെ കാത്തിരുന്ന ആ ദിനം വന്നത്തി.

അബൂജഹ്ലും ഒരു സംഘം ചെറുപ്പക്കാരും ചേര്‍ന്ന് മഹതിയേയും മകന്‍ അമ്മാറിനെയും ഭര്‍ത്താവ് യാസിര്‍ (റ)നെയും  ചങ്ങലക്കിടുകയും അവരുടെ വീടിന് തീവെക്കുകയും ചെയ്തു. ആ കുടുംബത്തെയവര് തുറങ്കിലടച്ചു.'


ഒരു ദിവസം തുറങ്കില്‍ നിന്ന് മഹതിയേയും കുടുംബത്തേയും കൊണ്ടു പോകാന്‍ വേണ്ടി അബൂജഹ്ലും സംഘവുമെത്തി. ചുട്ടുപൊള്ളുന്ന മരുഭൂവിലേക്കാണ് അവരെ നയിക്കപ്പെട്ടത്. അവരുടെ കൈകാലുകള്‍ ചങ്ങലകളാല്‍ ബന്ധിതമാണ്. ചങ്ങലകളിലുരഞ്ഞ് ശരീരത്തില്‍ നിന്ന് രക്തം പൊടിയുന്നുണ്ട്. വേച്ച് വേച്ച് നടക്കുന്ന അവരുടെ പിറകില്‍ നിന്ന് അബൂജഹ്ലിന്റെ കിങ്കരന്മാര്‍ കുന്തം കൊണ്ട് ആഞ്ഞു കുത്തി. അവര്‍ മുന്നോട്ട് വിയ്യാനോങ്ങി.'


ഒന്ന് നിറുത്തിയ ശേഷം നൂറ തുടര്‍ന്നു:

' ആ കപാലികര്‍ കുട്ടികളെ അഴിച്ചു വിട്ടു. അവര്‍ മഹതിയുടെ തലമുടിയും യാസിര്‍ (റ)വിന്റെയും അമ്മാര്‍ (റ)വിന്റെയും താടി രോമങ്ങളുമെല്ലാം പറിച്ചെടുത്തു. ഒരുപക്ഷെ അന്നുദിച്ച സൂര്യന് തന്റെ ജോലിയോട് അമര്‍ഷം തോന്നിയിരിക്കാം. കാരണം ആ കുടുംബത്തെ നഗ്നമായ ശരീരത്തോടെ ആ മരുഭൂവില്‍ കിടത്തുമ്പോള്‍ മണല്‍ തരിയുടെ ചൂട് അഗ്നിസമാനമായിരുന്നു. താനാണല്ലോ ഈ ചൂടിന് കാരണക്കാരനെന്ന  കുറ്റബോധത്താല്‍ സൂര്യൻ തലകുനിച്ചിരിക്കാം'


നൂറയുടെ കണ്ണുകളില്‍ കനലെരിയുന്നുണ്ട്, അവള്‍ തുടര്‍ന്നു:


' അവര്‍ ഭാരമുള്ള കല്ലുകള്‍ കൊണ്ടുവന്നു കൊണ്ട് അവരുടെ നെഞ്ചുകളില്‍ വെച്ചു മരുഭൂമിയിലൂടെ വലിച്ചിഴച്ചു. ഒന്ന് നേരെ ശ്വസിക്കാന്‍ പോലുമവര്‍ക്കാവുമായിരുന്നില്ല. ബീവി സുമയ്യയുടെ കൈകാലുകള്‍ ചങ്ങലയില്‍ ഇരുവശങ്ങളിലേക്കും വലിച്ചു പിടിക്കപ്പെട്ടു. അഗ്നിയില്‍ ചുട്ടുപഴുത്ത കുന്തവുമായി നില്‍ക്കുന്ന കിങ്കരനോട് അബൂ ജഹ്ല് തലയനക്കി. അയാള്‍ ആവേശത്തോടെ പാഞ്ഞടുത്തു. ആ കുന്തം മഹതിയുടെ നഗ്നനാഭിയിലേക്ക് തുളച്ചു കയറി.

സ്.......പച്ചമാംസം കത്തുന്ന ഒരു സില്‍ക്കാര ശബ്ദം അന്തരീക്ഷത്തിലുയര്‍ന്നു.'


'നിര്‍ത്ത്....'

ഫര്‍സാന അട്ടഹസിക്കുപോലെ പറഞ്ഞു. അവൾക്ക് ആ രംഗം സഹിക്കാന്‍ സാധിച്ചിട്ടില്ലെന്നത് തീർച്ച. ഫൈറൂസ കണ്ണുകള്‍ ഇറുക്കിയടച്ചിരിക്കുകയാണ്.

ഒന്ന് ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തിതിന് ശേഷം ഫര്‍സാന പറഞ്ഞു:

'ഇനി പറ'

' അബോധാവസ്ഥയിലാവുന്ന ആ കുടുംബത്തിന്റെ മുഖത്തേക്ക് വെള്ളമൊഴിച്ച് ബോധത്തിലേക്ക് തിരിച്ച് കൊണ്ടു വന്ന് വീണ്ടും ശിക്ഷിക്കാന്‍ അബൂജഹ് ലിന്റെ ഓര്‍ഡറുണ്ടായി.'

ഇടക്ക് ഫൈറൂസ തൊണ്ടയനക്കി. നൂറ നിർത്തി അവളുടെ മുഖത്തേക്ക് നോക്കി.

' എന്തിനാണിങ്ങനെ കൊല്ലാകൊല ചെയ്യുന്നത്...' ഫൈറൂസയുടെ സങ്കടം നിറഞ്ഞ ചോദ്യം.

' അബൂ ജഹ്ല് അവരുടെ മുമ്പില്‍ ഒരാവശ്യമേ വെച്ചിട്ടുള്ളൂ..മുഹമ്മദിന്റെ മതം ഉപേക്ഷിക്കണം. ഇല്ലെങ്കില്‍ നിങ്ങള്‍ നാളത്തെ സൂര്യനെ കാണുകയില്ല.'

ആ ശിക്ഷാ മുറകളെ സ്വന്തം ശരീരത്തിലേക്ക് ഏറ്റുവാങ്ങുമ്പോള്‍ എഴുപതിന്റെ വാര്‍ദ്ധക്യത്തിലാണ് ബീവി സുമയ്യ(റ) . പക്ഷെ, ഈ മാനിന്റെ വിഷയത്തിലവിടുന്ന് ചെറുപ്പമായിരുന്നു. കരുത്തോടെ തന്നെ തന്റെ വിശ്വാസത്തില്‍ മഹതി അടിയുറച്ചു നിന്നു.'

ഇവരെ ശിക്ഷിക്കുന്നതറിഞ്ഞ് ഹബീബ് ﷺ അതുവഴി വന്നു.

ശത്രുക്കള്‍ മൂവരെയും കൈകാലുകള്‍ ബന്ധിച്ച് മണലില്‍ കിടത്തി നെഞ്ചത്ത് കനത്ത പാറക്കഷ്ണങ്ങള്‍ വെച്ചിട്ടുണ്ട്. ഇരുമ്പ് പഴുപ്പിച്ച് വെക്കുകയും വടികൊണ്ടും കുന്തം കൊണ്ടും കുത്തുകയും ചെയ്യുന്നുണ്ട്. നബി ﷺ യുടെ കണ്ണുകള്‍ നിറഞ്ഞു.

' നബിയേ...എത്ര കാലമുണ്ടാവും ഈ പരീക്ഷണങ്ങള്‍..?' യാസിര്‍ (റ) പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു.

എന്തു പറയണമെന്നറിയാതെ ഹബീബ് ﷺ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ പറഞ്ഞു:

''യാസിര്‍ കുടുംബമേ, ക്ഷമിക്കുക. നിങ്ങളുടെ വാഗ്ദത്ത ഭവനം സ്വര്‍ഗമാണ്.'' 

അന്നേരം സുമയ്യ ബീവി പറഞ്ഞു: 

''അങ്ങ് അല്ലാഹുവിന്റെ ദൂതനാണ്. അങ്ങയുടെ വാഗ്ദാനം സത്യമാണ്.'

ആ ഇമാനിക ബോധത്തിന് മുമ്പില്‍ അബൂജഹ് ല് പരാജയപ്പെട്ടു. അവന് സ്വയം നിയന്ത്രണം നഷ്ടപ്പെട്ടു. ഇത്രയൊക്കെ ചെയ്തിട്ടും ഈ അടിമതള്ളക്കിതെങ്ങനെ സഹിക്കാന്‍ സാധിക്കുന്നു എന്ന ചിന്തപോലും അബൂജഹ്ലിനെ ഭ്രാന്തമാക്കി.

'നീയും നിന്റെ ദൈവങ്ങളും പോയി തുലയട്ടെ'

മഹതി അബൂജഹ്ലിന്റെ മുഖത്ത് നോക്കി പറഞ്ഞു. അവനെ സംബന്ധിച്ചിടത്തോളം സഹിക്കാവുന്നതിലുമപ്പുറമായിരുന്നുവത്. തന്റെ കയ്യിലെ കഠാരകൊണ്ട് അവന്‍ മഹതിയുടെ നാഭിയില്‍ ആഞ്ഞു കുത്തി. ആ കുത്തേറ്റ് കലിമ ചൊല്ലുന്നതിനിടയില്‍ മഹതിയുടെ ശരീരം നിശ്ചലമായി. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജീഊന്‍. ഇസ്ലാമിക ലോകത്തെ ആദ്യത്തെ രക്തസാക്ഷി അന്ന് പിറവിയെടുത്തു.. '


കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നൂറ പറഞ്ഞു നിർത്തുമ്പോള്‍ വിതുമ്പലടക്കാനാവാതെ തലതാഴ്ത്തിയിരിക്കുകയായിരുന്നു ഫര്‍സാനയും ഫൈറൂസയും. നൂറ തുടര്‍ന്ന് പറഞ്ഞു: 

'ഇനിയൊന്ന് ആലോചിച്ച് നോക്ക്...നമുക്ക് പര്‍ദ്ദയിടാന്‍ അവകാശമുണ്ട്...ഉറക്കെ വാങ്ക് വിളിക്കുന്നതിന് കുഴപ്പമില്ല...എവിടെ വെച്ചും നിസ്‌കരിക്കാം...പക്ഷെ, ജാള്യതയുടെ പേര് പറഞ്ഞ് നമ്മള്‍ക്ക് ഇതെല്ലാം ചെയ്യാന്‍ മടിയാണ്. ഇനിയൊരിക്കല്‍ ബീവി സുമയ്യയെങ്ങാനും നമ്മളെ കണ്ടാല്‍....അവര് വിശ്വസിച്ച മതത്തിലാണ് നമ്മളും വിശ്വസിക്കുന്നതെന്ന് പറഞ്ഞാല്‍....അവര് നമ്മളെ കേള്‍ക്കുമോ...നമുക്കവര് മുഖം തരുമോ...

നൂറ ഉത്തരങ്ങളില്ലാത്ത ഒരുപാട് ചോദ്യങ്ങളെറിഞ്ഞു.

......

വീണ്ടും മൗനം


'നൂറ നീയിവിടെയുണ്ടോന്നും ചോദിച്ച് നിന്റുമ്മാന്റെ ഫോണ്‍ വന്നിരുന്നു'

സുലൈഖാത്ത മുകളിലേക്ക് വന്ന് ആ മൗനത്തെ ഭജ്ഞിച്ചു.

അപ്പോഴണവര് ക്ലോക്കിലേക്ക് നോക്കിയത്. സമയം ആറോടടുത്തിരിക്കുന്നു. ഫര്‍സാനയും നൂറയും പോകാനൊരുങ്ങി.

' നീയിന്ന് രാത്രി വീട്ടിലേക്ക് വാ...ഞങ്ങള്‍ക്കൊരു കമ്പനിയാവുമല്ലോ'

നൂറ ഫൈറൂസയോട് പറഞ്ഞു.

'ആഡീ...ഞാന്‍ വരാം.... ഇന്‍ ഷാ അല്ലാഹ്'


( *തുടരും....*) 


അപ്‌ലോഡ് ചെയ്ത  Full പാർട്ട്‌ ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...

 click here