(PART 11) ഹബീബിനെ ﷺ 💖പ്രണയിച്ചവൾ

 

 ഹബീബിനെ ﷺ  💖പ്രണയിച്ചവൾ

🔰🔰🔰🔰🔰🔰🔰🔰🔰🔰🔰



           ⛔️Part-11⛔️

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️


"ഗുഡ്മോണിംഗ്, ഇന്ന് നേരത്തെയാണല്ലോ... " പതിവിന് വിപരീതമായി അവൾക്ക് മുമ്പേ ക്ലാസിലിരിക്കുന്ന നൂറയെ നോക്കി നിറഞ്ഞു ചിരിച്ചു അതുല്യ വിഷ് ചെയ്തു. 


"അതെടി ഇന്നുപ്പാക്ക് ഇതുവഴി പോകാനുണ്ടായിരുന്നു. ഉപ്പ കുറച്ച് നേരത്തെ ഇറങ്ങിയപ്പൊ ഞാനും ഉപ്പാന്റെ കൂടെയിറങ്ങിയതാ...ഫർസാനെയെവിടെ...? "


" അവളല്ലേ.... ഏറ്റവും ദൂരേന്ന് വരുന്നത്... ചിലപ്പോ ഹോസ്റ്റലീന്നിങ്ങോട്ടുള്ള ബസ് കിട്ടീട്ടുണ്ടാവൂല...അതല്ലെങ്കി... പിന്നെ സുന്ദരി കോതേടെ ഒരുക്കം കഴിഞ്ഞിട്ടുണ്ടാവില്ല "


 അതുല്യ പരിഹാസ്യ ചിരി മുഖത്ത് വരുത്തി പറഞ്ഞു.


അടുത്തിരുന്ന ശ്രുതിയും ശിൽപയും അവളുടെ ചിരിയിൽ പങ്കുചേർന്നു. നൂറയത് കേൾക്കാത്തത് പോലെ നടിച്ചു. അതുല്യേടെ സംസാരം കേട്ട് മുൻ സീറ്റിലിരുന്ന് മഞ്ജു പറഞ്ഞു :


" ഹോസ്റ്റലിലിന്ന് ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ വൈകിയെന്നാണ് കേട്ടത്. അതായിരിക്കും അവള് വൈകിയത്"


"തന്നേ... അതന്തേ...!?"

അതുല്യ കൗതുകം കൂറി.


"ഹാ... ആർക്കറിയാം..." 

മഞ്ജു കൈ മലർത്തി.


സമയം പത്തേ പതിനഞ്ച്. സുനിതാ മിസ് ക്ലാസിൽ കയറി. മിസ് ക്ലാസിൽ കയറിയാൽ ആദ്യം ക്ലാസ് റൂമിന്റെ ഡോറ് ലോക്ക് ചെയ്യും. ശേഷം വരുന്നവർ പുറത്ത് നിക്കേണ്ടിവരുമെന്ന് സീനിയേഴ്സ് പറഞ്ഞു കേട്ടിട്ടുണ്ട്. പത്തുമണിക്കാണ് ക്ലാസിന്റെ സ്റ്റാർടിംങ് ടൈം. പത്തേ പതിനഞ്ചു വരെ രജിസ്റ്ററിൽ സൈൻ ചെയ്യാനനുവദിക്കും. അതുകഴിഞ്ഞെത്തുന്നവർക്ക് മോണിംഗ് ഷിഫ്റ്റിലെ അറ്റന്റെൻസ് മിസ് ആവും.


സുനിതാ മിസ് ഡോർ ക്ലോസ് ചെയ്ത് തിരിഞ്ഞതും ഡോറിൽ തുരു തുരാ മുട്ട് കേട്ടു


"മിസ്സേ... തുറക്കൂ... പ്ലീസ്... " 

ഒരു സ്ത്രീ ശബ്ദം പുറത്ത് നിന്നപേക്ഷിച്ചു. ക്ലാസിലിരിക്കുന്ന കുട്ടികൾ ഊറിചിരിച്ചു. 


ഡോറ് തുറക്കപ്പെട്ടു...

രണ്ടു മൂന്നു കുട്ടികള്‍ ക്ലാസിലേക്ക് തള്ളി കയറി.


"ഓൾ ഓഫ് യു സ്റ്റോപ് തേർ... വേർ വേർ യു...? "

സീറ്റിലേക്ക് കുതിക്കാനോങ്ങിയ അവരെല്ലാം സുനിതാ മിസിന്റെ ഗർജ്ജനം കേട്ട് ഇടിവെട്ടേറ്റത് പോലെ നിന്നു.


"മിസ്, ഹോസ്റ്റലിൽ ബ്രേക്ക് ഫാസ്റ്റ് റെഡിയാവാൻ വൈകി .... അതാ..."

ഒരു കുട്ടി പറഞ്ഞു മുഴുവനക്കുന്നതിന്റെ മുമ്പ് മിസ് പറഞ്ഞു.


" ഓകെ, ഇന്ന് നിങ്ങളുടെ ക്ലാസ്സിന്റെ തുടക്കമായതോണ്ട് ഞാന്‍ ക്ഷമിച്ചു. ഇനി ഇത്തരം സില്ലി മാറ്റേസ് പറഞ്ഞു വൈകിയാൽ.. അറ്റന്റെൻസ് ഉണ്ടാവൂല കെട്ടൊ .. ഹാ എങ്കിൽ എല്ലാവരും പോയിരുന്നോ... "


" താങ്ക്യൂ ... മിസ് "

എന്നും പറഞ്ഞ് എല്ലാവരും സീറ്റിലേക്കോടി.

 വീണ്ടും വാതിൽക്കൽ ആളനക്കം. ആളെ കണ്ടപ്പോൾ എല്ലാവരും എരിവ് വലിച്ചു. കുട്ടികൾ ശബ്ദമുണ്ടാക്കുന്നത് കേട്ടപ്പോൾ അതുവരെ താഴേക്ക് നോക്കിയിരിക്കുകയായിരുന്ന നൂറയും വാതിൽക്കലേക്ക് നോക്കി.


ആദ്യമവൾക്ക് ആളെ മനസിലായില്ല. സൂക്ഷിച്ചു നോക്കിയപ്പോൾ അവൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. നല്ല ഒന്നാന്തരം പർദ്ദയും മക്കനയുമിട്ട് ക്ലാസിൽ കയറാൻ സുനിതാമിസിന്റെ സമ്മതത്തിന് വേണ്ടി കാത്തിരിക്കുന്ന ഫർസാനെയെയാണവളവിടെ കണ്ടത്. 

തനിക്ക് വിശ്വാസം വരാത്തത് പോലെ തന്നെ ഈ ക്ലാസിലാർക്കും വിശ്വാസമാവത്തത് കൊണ്ടാണ് അവരെരിവ് വലിച്ചതെന്ന് നൂറക്ക് വ്യക്തമായി. നൂറയുടെ ഉള്ളം സന്തോഷം കൊണ്ട് കിടുകിടുത്തു. ചുണ്ടുകളിൽ നിന്ന് ഹംദിന്റെ അക്ഷരങ്ങൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.


"വേഗം... കയറ് നിന്നോടിനി പ്രത്യേകം പറയണോ..!? '

മിസ് ഡോറടയ്ക്കുന്നതിന് മുമ്പ് എത്തിയതിനാലാവള് രക്ഷപ്പെട്ടു.


" അൽഹംദുലില്ലാഹ് " 

നൂറ അതിനും റബ്ബിനെ സ്തുതിച്ചു.


ഫർസാന അവളുടെ അടുത്ത് വന്നിരുന്നു. ഇരുവരും സലാം പറഞ്ഞു മടക്കി.

"  നിന്നെ കാണാൻ നല്ല ഭംഗിയുണ്ട്. ഈ പർദ്ദ നിനക്ക് നന്നായി ചേരുന്നുണ്ട്"

നൂറ അവളുടെ കാതുകളിൽ പതുക്കെ പറഞ്ഞു.


"അത് ഞാനിന്നലെ നിന്റെ വഅള് കേട്ടപ്പോ നന്നാവാൻ തീരുമാനിച്ചതാ..."


ഫർസാന കുസലേതും കൂടാതെ ചിരിച്ചു പതുക്കെ പറഞ്ഞു.


"അൽഹംദുലില്ലാഹ്... റബ്ബ് നമ്മളെ സ്വീകരിക്കട്ടെ "

നൂറ ദുആ ചെയ്തു.

" ആമീന്‍ "

ഫർസാന ജവാബ് ചൊല്ലി.


" എന്താണവടെയൊരു കുശു കുശുപ്പ്..."

സുനിതാ മിസ് വിളിച്ചു ചോദിച്ചു.


" ഒന്നുല്യമിസ് "

ഫർസാന വിളിച്ചു പറഞ്ഞു.


അവള് വിളിച്ച് പറഞ്ഞത് കേട്ടപ്പോൾ നൂറക്ക് ചിരിവന്നു. ഇതാണിവളുടെ പ്രത്യേകത എന്തും വിളിച്ചു പറയും ഒരാളെയും കൂസലില്ലാതെ . അവളുടെ ഈ സ്വഭാവം നൂറക്ക് ഇഷ്ടമാണങ്കിലും അത് ചിലപ്പോൾ അപകടം വിളിച്ചു വരുത്തുമെന്നും അവൾക്ക് തോന്നിയിട്ടുണ്ട്.


" ഡീ... ഇന്നെനിക്ക് ഉഹ്ദിന്റെ ബാക്കി പറഞ്ഞു തരണേ..."

ഫർസാന ആവേശത്തോടെ നൂറയുടെ കാതുകളിൽ വീണ്ടും പറഞ്ഞു. ഇവളിന്നലെ കേട്ട ഉഹ്ദ് ചരിത്രത്തിന്റെ ഹാങ്ങോവറിൽ നിന്ന് വിട്ടില്ല അതിന്റെ അനുരണങ്ങളാണ് അവളിൽ കാണുന്ന ഈ മാറ്റങ്ങൾ.

 ഇനിയവൾ ഈ ഹാങ്ങോവറിൽ നിന്ന് പുറത്ത് കടക്കാതെ നോക്കൽ തന്റെ ഉത്തരവാദിത്വമാണെന്ന് മനസ്സില്‍ ഉറപ്പിച്ചു കൊണ്ട് നൂറ പറഞ്ഞു 

"ഇൻ ഷാ അല്ലാഹ്..."


"നീയെന്താടീ ഇന്ന് പർദ്ദയൊക്കെയിട്ട്" 


പിറകിലിരുന്ന അതുല്യ ഫർസാനയെ തോണ്ടി ചോദിച്ചു. 


"ആരാണൊരു മാറ്റത്തെ ആഗ്രഹിക്കാത്തത്...!?" 


എവിടെയോ കണ്ടു ശീലിച്ച പരസ്യ

വാചകത്തെ കടമെടുത്ത് ഫർസാന പിറകിലേക്കും ക്ലാസെടുക്കുന്ന മിസിന്റെ മുഖത്തേക്കും മാറി മാറി നോക്കിയ ശേഷം പതുക്കെ പറഞ്ഞു. 


" ഏതായാലും പർദ്ദയിൽ നിന്നെ കാണാന്‍ നല്ല ചേലുണ്ട്" 

അതുല്യയിൽ നിന്ന് അങ്ങനൊയൊരു കോപ്ലിമെന്റ് ഫർസാന പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു. കാരണം അതുല്യ അങ്ങനെ പറഞ്ഞപ്പോൾ അവളുടെ മനസിൽ കുളിരു കോരി. പർദ്ദ തരക്കേടില്ലല്ലോ... എന്ന തോന്നലുണ്ടായി. 


ലഞ്ചിന് ഫർസാന നൂറയേയും അതുല്യയേയും ഒരു പോലെ ഉപയോഗപെടുത്താറുണ്ട്. ഹോസ്റ്റലിലെ ഫുഡിനോടവൾക്ക് എന്തോമടുപ്പാണ്. അതുകൊണ്ടു തന്നെ അവൾക്കുള്ള ഫുഡ് കൂടി കരുതിയിട്ടാണ് ഇരുവരും വരിക. 


"നൂറേ... നിന്റുമ്മാക്ക് നല്ല കൈപ്പുണ്യമാണ് കെട്ടൊ... ഫുഡിനൊക്കെ പൊളി ടേസ്റ്റാണല്ലോ...!? " 


ഫർസാന കമന്റടിച്ചയുടെനെ നൂറ ചോദിച്ചു. 


"നിനക്കുമ്മാനെ പരിചയപെടണോ...? എങ്കിലിന്നെന്റെ കൂടെ വീട്ടിലേക്ക് വാ..." 


നൂറയുടെ ക്ഷണം കേൾക്കേണ്ട താമസം അവള് പറഞ്ഞു :


"ഞാന്‍ റെഡി, നീയുണ്ടോ... അതൂ...?" 


" ഇല്ലെടീ, അച്ഛന് എന്നെ കണ്ടില്ലെങ്കിലുറക്കം വരില്ല. പിന്നെ, ഒറ്റക്ക് പുറത്തേക്ക് വിടുകയുമില്ല... നമുക്ക് മൂവർക്കും മറ്റൊരിക്കൽ ആവാം ഇന്ന് നീ പോയി വാ... " 


അതുല്യയുടെ മുഖത്ത് പോകാന്‍ സാധിക്കാത്തതിലുള്ള സങ്കടമുണ്ട്. 


ഭക്ഷണ ശേഷം പതിവ് പോലെ നൂറയും ഫർസാനയും സെമിനാര്‍ ഹാളിലേക്ക് നിസ്കാരത്തിനായി പോയി. നിസ്കാരവും പ്രാർത്ഥനയുമെല്ലാം കഴിഞ്ഞപ്പോൾ ഫർസാന ആവേശത്തോടെ ഓർമിപ്പിച്ചു. 


"ഡീ... ഉഹ്ദ് "


അവളുടെ ആവേശം കണ്ട് നൂറ ചിരിച്ചു. 


"ഉഹ്ദിലെ എവിടെയാ ഞാന്‍ തുടങ്ങേണ്ടത്...?" 

ചരിത്രം ആലോചിച്ചുക്കൊണ്ട് എവിടെ തുടങ്ങണമെന്നറിയാതെ നൂറ ചോദിച്ചു. 


"ഉമ്മു ഉമാറ ബീവിയെ പോലെ ഉഹ്ദിൽ പങ്കെടുത്ത മറ്റേതെങ്കിലും മഹതികളുടെ ചരിത്രം പറഞ്ഞാൽ മതി" 


ഫർസാനയുടെ ഉള്ളിലെ സ്ത്രീ സ്വത്വബോധമുണർന്നു. 


നൂറ വീണ്ടും ആലോചനയിൽ മുഴുകി. ആരും ഓർമയിലേക്ക് വന്നില്ല. അവൾ മൂന്ന് തവണ സ്വലാത്ത് ചൊല്ലി. ഉടൻ മനസ്സിലൊരു പേരു തെളിഞ്ഞു. അവളുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. 


" ഉമ്മു സഅദ് (റ) "

നൂറ പതുക്കെ പറഞ്ഞു. 

" ആരാണവര്...!? "

ഫർസാന ആകാംക്ഷ ഭരിതയായി. 


"പറയാം..." 

നൂറ, ബീവിയുടെ ചരിത്രം ഒരു തവണ മനസിലൂടെ റിമൈന്റ് ചെയ്തു. എന്നിട്ട് പതുക്കെ പറയാന്‍ തുടങ്ങി :


"ഉഹ്ദ് രണഭൂമി ഏകദേശം ശാന്തമായി തുടങ്ങിയിരിക്കുന്നു. പോരാളികൾ പരുക്കേറ്റവരേയും മരണപ്പെട്ടവരേയും ബന്ധുക്കളെയും തിരയുകയാണ്. ഉമ്മു സഅദ് ബീവിയുടെ മക്കളും ബന്ധുക്കളും യുദ്ധത്തിനിറങ്ങിയിട്ടുണ്ട്. മഹതി ടെന്റിനുള്ളിലാണ്. യുദ്ധം അവസാനിച്ച വിവരമറിഞ്ഞ മഹതി ആദ്യം ചോദിച്ചത് :


"എന്റെ ഹബീബിന്റെ ﷺ അവസ്ഥയെന്താണ്...!? അവിടുത്തേക്ക് വല്ലതും പറ്റിയിട്ടുണ്ടോ ...? " 


"റസൂലുള്ളാന്റെ മുമ്പല്ല് പൊട്ടുകയും ചെറിയ പരുക്കുകളേൽക്കുകയും ചെയ്തിട്ടുണ്ട്"

 ആ വാക്കുകളെ മഹതിക്ക് ഉൾക്കൊള്ളാൻ സാധിച്ചില്ല. 

അവർക്ക് ബോധം നഷിക്കുന്നത് പോലെ അനുഭവപ്പെട്ടു. ഇടനെഞ്ചിലൊരാൾ കത്തി കുത്തിയിറക്കിയാൽ ഉണ്ടാകുന്ന വേദനെയെക്കാളപ്പുറമായിരുന്നു മഹതിയപ്പോളനുഭവിച്ചത്." 


നൂറ ഒന്ന് നിറുത്തി ശ്വാസമെടുത്തതിന് ശേഷം തുടർന്നു :


"പിന്നീട് മഹതിയൊരോട്ടമായിരുന്നു.ഹബീബിനെ ﷺ തേടി. ഒരു ഭ്രാന്തിയെപോലെ...

'എന്റെ ഹബീബിന്റെ ﷺപല്ല്...' ഓട്ടത്തിനിടയിൽ അവര് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. 


അവരെ കണ്ട മറ്റൊരാൾ വിളിച്ചു പറഞ്ഞു :


"ഉമ്മു സഅദേ... നിന്റെ മകൻ അംറ് യുദ്ധത്തിൽ ശഹീദായിരിക്കുന്നു.. "


പക്ഷേ, മഹതിയെ സംബന്ധിച്ചിടത്തോളം ആ വാർത്ത തന്റെ ഹബീബിന്റെ ﷺ മുമ്പല്ല് പൊട്ടിയതിനോളം ഷോക്കിങ് ആയിരുന്നില്ല. 


മഹതി തന്റെ ഓട്ടം തുടർന്നു. ദൂരയതാ ഹബീബ് ﷺ. കൂടെ തന്റെ ഒരു മകൻ സഅദ് ബ്നു മുആദുമുണ്ട് (റ) . ബീവിയുടെ മുഖത്ത് സന്തോഷത്തിന്റെ പൂർണ്ണ ചന്ദ്രന്മാരുദിച്ചു. 

ഓടികിതച്ചു വരുന്ന ഉമ്മയെ കണ്ട സഅദ് (റ) നബിയോടു പറഞ്ഞു :


"തങ്ങളേ.. അതാ എന്റുമ്മ വരുന്നു "

നബിതങ്ങളവരെ പുഞ്ചിരിച്ചു കൊണ്ട് വരവേറ്റു. 


" ഹാവൂ... എന്റെ ഹബീബി ﷺ നൊന്നും സംഭവിച്ചില്ലല്ലോ... അങ്ങ് പൂർണ്ണ ആരോഗ്യവാനാണല്ലോ... അൽഹംദുലില്ലാഹ് "


നബിതങ്ങൾ  ശഹീദായ അംറു ബ്ന് മുആദെന്നവരുടെ വിഷയത്തിൽ മഹതിയെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു :


" ഉമ്മു സഅദ് മരിച്ചു പോയ മകന്റെ കാര്യമോർത്ത് സംങ്കടപെടണ്ട കെട്ടോ. അവരെയെല്ലാം സ്വർഗത്തിലൊരുമിച്ചു കൂട്ടിയിട്ടുണ്ട് "


ഉടനെയെത്തി മഹതിയുടെ മറുപടി :

" എന്ത് സങ്കടം നബിയേ... അങ്ങേക്ക് പ്രശ്നങ്ങളൊന്നുമില്ലായെന്നറിഞ്ഞ സന്തോഷത്തിന് മുമ്പിൽ പിടിച്ചു നിൽക്കാൻ പറ്റിയ ഒരു സങ്കടവും ലോകത്തില്ലല്ലോ "

ആ മറുപടിക്കേട്ട് ഹബീബ് ചിരിച്ചു." 

നൂറ പറഞ്ഞു നിറുത്തി. ഫർസാന കണ്ണുകൾ തുടച്ചു. 

"എങ്ങനെയാണവരിങ്ങനെ ഹബീബിനെﷺ സ്നേഹിച്ചത്...?" 

ഫർസാന ഏങ്ങലടിച്ചു കൊണ്ട് ചോദിച്ചു. 

"അതിന് നീയിപ്പോൾ പ്രണയ സമുദ്രത്തിന്റെ തീരത്താണല്ലോ നിൽക്കുന്നത്. നിന്റെ മനസെന്ന കപ്പലുമായൊരു സവാരി നടത്തി നോക്കൂ... തിരിച്ചു കയറാനിഷ്ട്ടപെടാത്തവിധം നീ പ്രണയത്തിന്റെ ആഴക്കടലിൽ ലയിച്ചു ചേരും."

മുസ്വല്ല മടക്കി വെക്കുന്നതിനിടയിൽ നൂറ പറഞ്ഞു. നൂറയുടെ മുഖത്തേക്കു തന്നെ കണ്ണിമവെട്ടാതെ അന്തിച്ചു നോക്കി നിന്നു ഫർസാന.


( *തുടരും....*) ©️



അപ്‌ലോഡ് ചെയ്ത  Full പാർട്ട്‌ ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...

 click here