(PART 10) ഹബീബിനെ ﷺ 💖പ്രണയിച്ചവൾ

 

ഹബീബിനെ ﷺ  💖പ്രണയിച്ചവൾ

🔰🔰🔰🔰🔰🔰🔰🔰🔰🔰🔰



           ⛔️Part-10⛔️

➰➰➰➰➰➰➰➰➰➰➰


അവളൊരു പേനയും പേപ്പറുമെടുത്ത് തന്റെ സ്റ്റഡി ടേബിളില്‍ ചെന്നിരുന്നു. താൻ മനസ്സില്‍ കണ്ട ആത്മീയ കുടുംബശ്രീക്ക് ഒരു രൂപം കാണണം. മനസ്സിലൂടെ ഒരുപാട് ചിന്തകൾ കടന്നു പോയി. ഈ മതത്തെ അല്ലാഹു സംരക്ഷിക്കുമെന്നതിൽ സംശയമില്ല. പക്ഷേ, അതിനവൻ തെരഞ്ഞെടുക്കുന്ന സംരക്ഷകരിലൊരുവളാവാൻ തനിക്കും സാധിക്കണം. അതുകൊണ്ടു തന്നെ ഒരു സത്യ വിശ്വാസിനിയെന്ന നിലയില്‍ ഈ ദീനിനെ സംരക്ഷിക്കൽ തന്റെയും ഉത്തരവാദിത്തമാണ്. പ്രത്യേകിച്ച് ഒരു സ്ത്രീയെന്ന നിലയില്‍ അതിന്റെ പകിട്ട് വർദ്ധിക്കും.


അവിടെയിരുന്നു പുണ്യ ഹബീബിന്റെ ﷺ ജീവിതത്തെ കുറിച്ച് അവളാലോചിച്ചു. ആ പേര് മനസ്സില്‍ തെളിഞ്ഞപ്പോഴേക്കും കണ്ണുകൾ ജലസമൃദ്ധമായി. ഹബീബിനെﷺ കുറിച്ചാണവളാലോചിക്കുന്നതെന്ന് പുറത്തുള്ളവർക്ക് മനസ്സിലാക്കാൻ  ഏറ്റവും നല്ല മാര്‍ഗം അവളുടെ കണ്ണുകളെ നിരീക്ഷിക്കുന്നതാണ്. 

കാരണം ആ കണ്ണുകള്‍ക്ക് അവിടുത്തോടുള്ള പ്രണയത്തെ എത്ര കിണഞ്ഞു ശ്രമിച്ചാലും മറച്ചുവെക്കാൻ സാധിക്കില്ല. അതങ്ങനെ വഴിഞ്ഞൊഴുകിക്കൊണ്ടേയിരിക്കും.


ജീവിതത്തിലുടനീളം മഹതികളായ സ്ത്രീകളുടെ മഹനീയ സാന്നിധ്യമുണ്ടായിരുന്നു ഹബീബിന്റെ ചാരത്തെന്നോർത്തപ്പോൾ അവളുടെ ശരീരം കുളിരു കോരി. സ്ത്രീകൾക്ക് ഇസ്ലാമിലൊരു സ്ഥാനവുമില്ലാന്ന് പറഞ്ഞ് വിലപിക്കുന്നവരുണ്ട്... അവർക്കെന്തറിയാം ന്റെ ഹബീബിനെ ﷺ കുറിച്ച്. 

നൂറയുടെ മുഖത്തൊരു പുഛഭാവം മിന്നി മറഞ്ഞു.. 


അവളുടെ ചിന്തകൾ വീണ്ടും ചിറകിലേറി. അവളിപ്പോൾ കാഫ് മലയും താണ്ടി മക്കയിലേക്ക് പറക്കുകയാണ്. മക്കയിലൊരീത്തമരത്തിന്റെ പട്ടയിലിരുന്നവളാലോചിച്ചു. 


ഉപ്പയില്ലാതെ ജനിച്ച എന്റെ പുണ്യ ഹബീബിന് ﷺ കുറവേതും വരുത്താതെ ഈ ഭൂമിയിലേക്ക് വരവേറ്റത് പ്രിയപ്പെട്ട മാതാവ്  ആമിന ബീവി (റ) യാണ്. അതിന് മുമ്പോ ശേഷമോ ലോകത്ത് ഒരു ഗർഭ പാത്രവും അത്രമേൽ പരിശുദ്ധമായിരുന്നിട്ടില്ല. അഥവാ, ന്റെ ഹബീബിന്റെ ﷺ ഉപ്പാന്റെയും ഉമ്മാന്റെയും സ്ഥാനം ഒരു സ്ത്രീയാണ് അലങ്കരിച്ചതെന്നർത്ഥം, അവരുടെ പേരാണ് ബീവിആമിന(റ) .


പിന്നീടവിടുത്തെ ശറഫാക്കപ്പെട്ട ചുണ്ടുകളിലേക്ക് തന്റെ അമൃതകുംഭങ്ങളെ ചേർത്തുവെച്ച് മുലയൂട്ടിയത് മഹതി ഹലീമാ ബീവിയാണ് (റ) . 

ആ കാതുകളെ താരാട്ടു പാട്ടിന്റെ ഈണമീട്ടിയുറക്കിയത് ശൈമാഅ് ബീവിയാണ്.


നൂറയുടെ മനസ്സില്‍ പതിനാലു നൂറ്റാണ്ട് മുമ്പുള്ള മക്കയ്ക്ക് ജീവൻ വെച്ചു. അവളവിടെ ആമിനാബീവിയുടെ പ്രസവമുറിക്കരികെ  പ്രതീക്ഷയോടെ കാത്തിരുന്നു. കുറച്ചകലെ നബിയെ ﷺ കളിപ്പിക്കുന്ന ഹലീമാ ബീവിയുടെ വീടിന്റെ പുറത്തേക്കിപ്പോൾ കളിചിരിയുടെ നേരിയ ശബ്ദം കേൾക്കാം. ശൈമാഅ് ബീവിയുടെ താരാട്ടിനെന്തു മധുരമാണ്. 

അവൾ കണ്ണുകൾ തുടച്ചു കൊണ്ട് വീണ്ടും മദീനയിലേക്ക് പറക്കാനൊരുങ്ങി. വഴിമദ്ധ്യേ അബവാഇലൊരു നിമിഷം ചിന്തയിലാണ്ടു. 


അവിടെയും തങ്ങൾക്ക് ﷺ കൂട്ട് സ്ത്രീകളായിരുന്നുവല്ലോ...! 

അബവാഇൽ ഉമ്മാന്റെ മയ്യിത്തിലേക്ക് നോക്കി തേങ്ങി കരയുന്ന ആറുവയസ്സുകാരനായ പ്രിയപ്പെട്ട ഹബീബിന്റെ തോളത്ത് തട്ടി "മോനിനി ഞാനില്ലേന്ന്" ചിരിച്ച് ചോദിച്ച് അവിടുത്തെ നെഞ്ചടക്കി പിടിച്ചത് സേവകയായ മഹതി ഉമ്മുഅയ്മനായിരുന്നു.

അവരെയോർത്തപ്പോൾ ഒരു സ്ത്രീയായി ജനിച്ചതിൽ അവൾക്കഭിമാനം തോന്നി.


 അവളവിടെയിരുന്നു വീണ്ടും ഹബീബിന്റെ ﷺ പ്രിയപ്പെട്ട സ്ത്രീജനങ്ങളെ കുറിച്ചോർത്തു.


 ആമിനാ ബീവി വഫാത്തായതിൽ പിന്നെ  മാതാവിന്റെ സ്ഥാനത്തേക്ക് വന്നത് അവിടുത്തെ പിതൃസഹോദരന്റെ ഭാര്യയും അലിയാരുടെ ഉമ്മയുമായ ഫാത്വിമ ബിന്ത് അസദ് എന്ന മഹിളാ രത്നമാണ്. 


തുടർന്ന് പുന്നാര നബി ﷺ യുടെ ജീവിതത്തിൽ ആവശ്യമായതെല്ലാമായത് മഹതി ഖദീജ ബീവിയല്ലേ....!? ഉമ്മയും സഹോദരിയും ഭാര്യയും രക്ഷിതാവും എല്ലാം മഹതിയായിരുന്നു. 


ആളും ബഹളവും കൂടിനബിതങ്ങളെ ﷺ ലോകം തോളിലേറ്റുന്നതിന് മുമ്പ് അവിടുന്ന് ഓടി കിതച്ച് വരുമ്പോൾ തലചാഴ്ച്ചുറങ്ങാൻ മഹതി യുടെ തോള് മാത്രമല്ലേ ഉണ്ടായിരുന്നത്. വിശുദ്ധ ഖുർആനവതരിച്ചതിന്റെ ഗൗരവത്താലുള്ള ഭാരവും താങ്ങി ഹബീബ് ﷺ ചെന്ന് അഭയം പ്രാപിക്കാനൊരിടം കണ്ടത് മഹതിയുടെ ചാരത്തല്ലേ...


മഹതി അരങ്ങൊഴിഞ്ഞപ്പോൾ പുണ്യ റസൂല്‍ ﷺ മനസ്സു തുറന്നത് പുന്നാര മോള് ഫാത്വിമ ബീവിയോടാണ്. അവസാനം എന്റെ ഹബീബ് ﷺ ഈലോകത്തോട് വിടപറയുമ്പോൾ ആ മഹനീയ ശിരസ്സ് വെക്കാൻ അവിടുന്ന് ഒരിടമായി 

തെരഞ്ഞെടുത്തത് തന്റെ പ്രഗത്ഭരായ സ്വാഹബാക്കളെയൊന്നുമല്ല. മഹതിയായ ആഇശ ബീവിയുടെ മടിത്തട്ടാണ്. ജനനം മുതല്‍ മരണം വരെ മഹതികളായ സ്ത്രീരത്നങ്ങളെ ചേർത്തു പിടിച്ചാണ് ഹബീബ് ﷺ ഈ വിശുദ്ധ ദീനിവിടെ സ്ഥാപിച്ചത്. അതു കൊണ്ട് ആ ദീൻ സംരക്ഷിച്ചു നിർത്താൻ ഒരു സ്ത്രീ എന്ന നിലയില്‍ എന്റേതായ ഭാഗദേയത്തം ഉണ്ടാവണം. "

ദൃഢനിശ്ചയത്തിന്റെ ആത്മവിശ്വാസം അവളുടെ മുഖത്തിപ്പോൾ പ്രകടമാണ്.


ആ ഇരുപ്പിൽ അവളുടെ കണ്ണുകളൊഴുക്കിയ കണ്ണുനീരിന്റെ അളവറിയണമെങ്കിൽ ആ സ്റ്റഡീടേബിളിലവള് വെച്ച ഏഫോർ ഷീറ്റിലേക്ക് നോക്കിയാൽ മതി. കാരണം അത് പൊതിർന്ന് ടേബിൾ കവർ കാണുന്ന തരം സുതാര്യമായിരിക്കുന്നു..! .

" മോളേ... നൂറാ... "

പെട്ടെന്ന് ആരോ വിളിച്ചത് പോലെ തോന്നി. അവളുടെ മനസ്സ് പെട്ടെന്ന്

മദീനത്ത് നിന്ന് റൂമിലെ സ്റ്റഡീ ടേബിളിലേക്ക് വിസയെടുത്തു വന്നു. ചുറ്റും നോക്കി 'ഇല്ല, ആരുമില്ല തനിക്ക് തോന്നിയതാണ്. 


 മറ്റൊരു ഏഫോർ ഷീറ്റെടുത്ത് മനസ്സിനെ ഏകാഗ്രമാക്കിയിരുന്നു. 

ഒരുപാട് ആലോചിച്ചും തലപുകഞ്ഞും ആ പേപ്പറിൽ പലതും കുത്തി കുറിച്ചു. അവസാനം  പേന താഴെവെച്ചു. 

 ഏഫോര്‍ പേപ്പര്‍ നിവര്‍ത്തി പിടിച്ച് ഒരാവര്‍ത്തി കൂടി മനസ്സില്‍ വായിച്ചു.


*ആത്മീയ കുടുംബശ്രീ*


1. ആത്മീയാന്തരീക്ഷത്തിലുള്ളതായിരിക്കണം


2. ഓരോ ദിവസവും അംഗങ്ങള്‍ അവരുടെ ജീവിതത്തിലുണ്ടായ സന്തോഷ സന്താപങ്ങള്‍ പങ്കുവെക്കണം.


3. കഴിവതും സമപ്രായക്കാരാവണം.


4.എന്തും തുറന്ന് പറയാനുള്ള  അവസരം നല്‍കണം. 


5. പരസ്പരം സൗഹൃദം സ്ഥാപിക്കുകയും  ഉള്ളറിയുകയും ചെയ്യുകായെന്നതാണ് ലക്ഷ്യം. ഇതിലൂടെ തെറ്റിലേക്കാണ് കൂട്ടുകാരി പോകുന്നതെങ്കില്‍ അവള്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സാധിക്കും.


6. ഒരിക്കലും ഗ്രൂപ്പംഗങ്ങളുടെ രഹസ്യങ്ങള്‍ പുറത്ത് പറയരുത്.


7. ഓരോ ഗ്രൂപ്പ് അംഗവും തന്റെ നാട്ടില്‍ താനുണ്ടായിരിക്കെ ഒരുപെണ്‍കുട്ടിയും അന്യപുരുഷന്മാര്‍ക്കൊപ്പം ഇറങ്ങി പോവില്ലായെന്നുറപ്പിക്കണം. 

(അങ്ങിനെ സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം ഗ്രൂപ്പംഗങ്ങള്‍ക്കായിരിക്കും. കാരണം ആ കുട്ടിയെ അടുത്തറിയലും കൂടെക്കൂട്ടലും ഗ്രൂപ്പംഗങ്ങളുടെ ഉത്തരവാദിത്വമായിരുന്നു.) 


8. ഗ്രൂപ്പിന്റെ മനോഭാവമനുസരിച്ച് ആത്മീയ ക്ലാസുകള്‍ക്കും മറ്റും വനിതകളായ ആലിമത്തുകളെ ഗ്രൂപ്പിലേക്ക് വിളിക്കാം.


9. ഗ്രൂപ്പംഗങ്ങളുടെ ഒഴിവിനനുസരിച്ച് നാട്ടിലുള്ള വൃദ്ധരായ വലിയുമ്മമാരെയും മറ്റും സന്ദര്‍ശിച്ച് ആശ്വസിപ്പിക്കണം.


10. ഗ്രൂപ്പില്‍ അറിവുള്ള സ്ത്രീകളുണ്ടെങ്കില്‍ ഒരു ചെറിയ കിതാബ് ഓതാന്‍ ശ്രമിക്കണം.


ഇശാ നിസ്‌കാരവും ഹദ്ദാദ് റാത്തീബും കഴിഞ്ഞതിന് ശേഷം ഇരുന്ന ഇരുപ്പാണ്. അങ്ങനെ തലപുകഞ്ഞാലോചിച്ചുണ്ടാക്കിയതാണ് ഈ നിയമാവലികളത്രയും. അതിലേക്ക് നോക്കിയപ്പോള്‍ അവള്‍ക്ക് തന്നെ രോമാഞ്ചമുണ്ടായി. ഇത്തരമൊരു സംരഭത്തിന് തന്റെ നാട്ടില്‍ തുടക്കം കുറിക്കാന്‍ സാധിച്ചാല്‍...അത് വിപ്ലവകരമായ ഒരു മുന്നേറ്റമാവും.'

 അവള്‍ തന്റെ സ്വപ്‌നങ്ങള്‍ പൂവണിയുന്ന ദിവസങ്ങളെ കിനാ കാണാന്‍ തുടങ്ങി.


' കാര്യങ്ങളെ കുറിച്ചൊന്നും വ്യക്തമായ അറിവില്ലാത്തത് കൊണ്ടാണ് കുട്ടികളെല്ലാം ആത്മഹത്യപരമായ തീരുമാനങ്ങളിലെത്തുന്നത്. ഈ പദ്ധതിയിലൂടെ തന്റെ നാട്ടിലെ സ്ത്രീകളെ പ്രബുദ്ധരാക്കാന്‍ തനിക്ക് സാധിക്കണം.' 

അവളുടെ ഉള്ളം കിടുത്തു.

' ഇനി ഈ പദ്ധതി നടപ്പിലാക്കാനുള്ള മാര്‍ഗങ്ങളന്വേഷിക്കണം. നാട്ടിലുള്ള തന്റെ സമപ്രായക്കാരായ കൂട്ടുകാരികളെയെല്ലാം ഒരുമിച്ചു കൂട്ടണം അതാണിനിയുള്ള പ്രധാന യജ്ഞം. അതിനും ഒരു മാര്‍ഗം തെളിയാതിരിക്കില്ല ഇന്‍ ഷാ അല്ലാഹ്. '

പ്രതീക്ഷയുടെ പതിനാലാം രാവുദിച്ചിരുന്നു അവളുടെ മുഖത്തപ്പോൾ. 


 പേനയും പേപ്പറും തന്റെ സ്റ്റഡീ ടേബിളിന്റെ മുകളില്‍ വെച്ച് ഒന്ന് ഞെളിഞ്ഞ് നിവര്‍ന്നു. കസേരയില്‍ നിന്ന് എഴുന്നേറ്റ് കിച്ചണിലേക്ക് നടന്നു. സമയം പത്തുമണി കഴിഞ്ഞിരിക്കുന്നു. ഉമ്മച്ചി അടുക്കളയിലെ അവസാന മിനുക്കുപണിയിലാണ്. കണ്ടപ്പള്‍ തന്നെ ചോദിച്ചു:


"ഇന്നന്തേ...രാജകുമാരിയെ അടുക്കളയിലേക്കൊന്നും കണ്ടില്ല..." 


രാത്രി കിച്ചണിലേക്ക് ഹെല്‍പിന് ചെല്ലാത്തതിലുള്ള അമര്‍ഷം അതിലടങ്ങിയിട്ടുണ്ട്. 


"എന്നും ഞാന് ഹെല്‍പിനുണ്ടാവുമോ...എന്നെയങ്ങ് കെട്ടിച്ച് വിട്ടാല്‍ പിന്നെ ഉമ്മച്ചി തന്നെ ഒറ്റക്കെടുക്കെണ്ടേ...അതിനിങ്ങനെ ഇടക്കൊരു പ്രക്ടീസൊക്കെ നല്ലതാണ്..."


അവള് മെല്ലെ തടിയൂരി...


"ഉം..ഉം.. ഇനി എന്നെ സുഖിപ്പിക്കാതെ വന്ന് ഭക്ഷണം കയിക്കാന്‍ നോക്കടി പെണ്ണേ..." 


നല്ലപൊരിച്ച അയലയും കറിയും പയറിന്റെ തോരനും പപ്പടവും ഉണ്ടായിരുന്നു. കൂടെ നല്ലവിശപ്പും കൂട്ടിനുള്ളത് കൊണ്ട് പതിവിലും കൂടുതല്‍ കഴിച്ചു.


 ഉമ്മയുണ്ടാക്കുന്ന എല്ലാത്തിനും വല്ലാത്ത രുചിയാണ്. പതിവില്ലാത്ത വിധം തീറ്റി കണ്ട ഉമ്മച്ചി ചോദിച്ചു:


" ഓഹോ...നീ ഇത്രയൊക്കെ കഴിക്കുമോ...!?" 

ഉമ്മച്ചി ആക്കി ചോദിച്ചതാണെങ്കിലും:

" ന്റുമ്മാന്റെ ചോറും കറിംണ്ടായാല്‍ ഞാന്‍ എത്രയും കഴിക്കും...!" 

തിരിച്ചു പറഞ്ഞു.


"അന്നോട് ഞാന്‍ പറഞ്ഞതാണ് വേഗം കഴിച്ച് പോയി കെടക്കാന്‍ നോക്ക്ന്ന്" 


ഉമ്മച്ചി ചിരിച്ചുകൊണ്ട് തല്ലാനോങ്ങി. പെട്ടെന്ന് തന്നെ ഒഴിഞ്ഞുമറിയത് കൊണ്ട് ഉമ്മാന്റെ കൈ ശരീരത്തില്‍ തട്ടില്ല. അതോടെ ആ പിണക്കം അവിടെ തീർന്നു. 


ഉമ്മാനോടൊപ്പം പാത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കിയതിന് ശേഷം രണ്ടാളും ഒരുമിച്ചാണ് കിച്ചണില്‍ നിന്ന് പുറത്ത് വന്നത്.

ബാത് റൂമിലേക്ക് പോയി ഫ്രഷായി വുളൂഅ് ചെയ്തു വന്നു.

സാധരണ വിത്റ് കിടക്കാൻ നേരത്താണ് നിസ്കരിക്കാറ്. നിസ്കാര ശേഷം തന്റെ സ്വപ്ന പൂർത്തീകരണത്തിന് വേണ്ടി ഉള്ളുരുകി പ്രാർത്ഥിച്ചു. 


( *തുടരും....*) ©️




അപ്‌ലോഡ് ചെയ്ത  Full പാർട്ട്‌ ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...

 click here