(PART 31) ഹബീബിനെ ﷺ 💖പ്രണയിച്ചവൾ
ഹബീബിനെ ﷺ
💖പ്രണയിച്ചവൾ💖
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
⛔Part-31⛔
ഫര്‍സാനയുടെ കദനം നൂറയുടെ മനസ്സില്‍ ഒരു നോവായി തന്നെ നിലനിന്നു. അവൾക്ക് വേണ്ടി തനിക്കെന്ത് ചെയ്യാന്‍ സാധിക്കുമെന്നാലോചിച്ചവള്‍ തലപുകഞ്ഞു. ഒരുമാര്‍ഗമെളുപ്പമാക്കാന്‍ റബ്ബിനോട് മനമുരുകി പ്രാര്‍ത്ഥിച്ചു. റബ്ബ് തനിക്കെന്തെങ്കിലും മാര്‍ഗം കാണിച്ചു തരാതിരിക്കില്ലായെന്ന് അവളുടെ ഉള്ള് പറഞ്ഞു. അവളാ വിശ്വാസത്തില്‍ അല്ലാഹുവിനെ ഭരമേല്‍പ്പിച്ചു.
ഹോസ്പ്പിറ്റലില്‍ നിന്ന് വന്നതിന് ശേഷം നൂറ ഇന്നാണ് ആദ്യമായി കോളേജില്‍ പോകുന്നത്. ഏകദേശം പത്ത് ദിവസത്തെ അറ്റന്റന്‍സ് അവള്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ക്ലാസിലേക്ക് കയറിയതും അതുല്യ അവളുടെ അടുത്ത് വന്നിരുന്നു.
'എടീ...ഞാന്‍ നിന്നെ കാണാന്‍ വരാതിരുന്നതിന്റെ കാരണം നീയറിഞ്ഞില്ലേ. നിനക്ക് അസുഖമുണ്ടായതും എന്റെ അച്ഛച്ചന്‍ മരിച്ചതും ഒരേ ദിവസമായിരുന്നു. പിന്നെ അച്ഛച്ചന്റെ സഞ്ചയനവും തര്‍പ്പണവും എല്ലാം കൂടെ കഴിഞ്ഞ് ഞാനിന്നലെയാണ് ക്ലാസിലേക്ക് വന്നു തുടങ്ങിയത്. ഫര്‍സാനയോട് എല്ലാം ചോദിക്കാറുണ്ടായിരുന്നു. നിന്റെ അടുത്തേക്ക് വരാതെ നിന്നെ നേരിട്ട് വിളിക്കാനെനിക്കൊരു മടി..അതാ വിളിക്കാതിരുന്നത്'
അതുല്യ ഒറ്റ ശ്വാസത്തില്‍ നൂറയുടെ മുമ്പില്‍ ഒരു കൂട്ടം കാര്യങ്ങള്‍ പറഞ്ഞു.
'ആടീ...എന്നോട് ഫര്‍സാന പറഞ്ഞിരുന്നു. ഞാനും നിന്നെ വിളിക്കണം എന്ന് കരുതിയിരുന്നു. മറന്നതാണ്...എന്നിട്ട്, എല്ലാ കര്‍മങ്ങളും കഴിഞ്ഞോ...?'
നൂറയും കാരണങ്ങൾ നിരത്തി.
'ഹാ...കഴിഞ്ഞെന്ന് തോന്നുന്നു. എനിക്ക് ഈ മരണാനന്തര കര്‍മങ്ങളെ കുറിച്ച് കൃത്യമായ അറിവൊന്നുമില്ല. പലതും പലതവണ കണ്ടു ശീലിച്ച ശീലംണ്ട്‌ന്നേള്ളൂ'
അതുല്യ ഒരൊഴുക്കൻ ശൈലിയില്‍ പറഞ്ഞു.
'ഈ സഞ്ചയനംന്നു പറഞ്ഞാലെന്താടീ...അതൂ...'
ഫര്‍സാനയുടേതാണ് ചോദ്യം.
അവള്‍ക്ക് അതിനെ കുറിച്ചൊന്നും കൂടുതലറിയില്ലാന്ന് പറഞ്ഞില്ലേ...പിന്നെയും ഇങ്ങനെ ചോദിക്കണോന്ന രീതിയില്‍ നൂറ ഫര്‍സാനയെ തുറിച്ചു നോക്കി. നൂറയെന്തിനാണ് തന്നെയിങ്ങനെ നോക്കുന്നതെന്ന് മനസ്സിലാവാതെ ഫര്‍സാന പിരികങ്ങള്‍ മേല്‍പ്പോട്ടുയര്‍ത്തി എന്ത്യേയെന്ന് ചോദിച്ചു.
'അതോ...മരിച്ചവരെ ചിതയില്‍ ദഹിപ്പിച്ചതിന് ശേഷം തൊട്ടടുത്ത ദിവസങ്ങളില്‍ ബന്ധുക്കളെല്ലാം കൂടെ അവരുടെ ചിതാഭസ്മം വാരാന്‍ വേണ്ടി ഒരുമിക്കുന്ന ചടങ്ങാണെന്ന് തോന്നുന്നു. അതാണ് സാധാരണ ഞാന്‍ കണ്ടത്. ഏതായാലും മരണവുമായി ബന്ധപ്പെട്ടൊരു ചടങ്ങാണത്'
അതുല്യ തനിക്കൊന്നുമറിയില്ലേയെന്ന മട്ടില്‍ പറഞ്ഞു.
'അതിനാണോ...സഞ്ചയനം എന്ന് പറയുന്നത്...? ഞങ്ങളുടെ വീടിന് കുറച്ച് കിഴക്കോട്ട് നടന്നാല്‍ ഒരു ചുടലമലയാണേ...അവടെഇടക്കീ ശവദാഹമൊക്കെ നടക്കാറുണ്ട്...പിന്നെ വീടിന്റെ അടുത്തുള്ള കല്യാണിയമ്മയീയടുത്താണ് മരിച്ചത്. അന്നും ഈ ചടങ്ങുകളൊക്കെ നടന്നിരുന്നു. പക്ഷേ, ഇതാണീ സഞ്ചയനം എന്നുള്ളതെനിക്കറിയില്ലായിരുന്നൂട്ടൊ'
ഫര്‍സാന താനും കണ്ടിട്ടുണ്ടെന്ന ഭാവത്തില്‍ പറഞ്ഞു.
'എന്നിട്ട് തറവാട്ടീന്ന് ബന്ധുക്കളെല്ലാരും പോയോ...'
നൂറ അതുല്യയോട് ചോദിച്ചു.
'ഏറെക്കുറേ എല്ലാവരും പോയി. പ്രായം ചെന്ന ഒന്ന് രണ്ടാളുകള്‍ കൂടിയുണ്ട്..അച്ഛച്ചന്റെ രണ്ട് പെങ്ങന്മാരും മറ്റുമൊക്കെ ഇന്നോ നാളെയോ ആയിട്ട് അവരും പോകും. ഇപ്പോള്‍ പിന്നെ മരിച്ചാലൊന്നും ആളുകള്‍ പഴയ പോലെ വരില്ലല്ലോ. വന്നാല്‍ തന്നെ ശവദാഹം കഴിഞ്ഞാലുടന്‍ പോവുകയും ചെയ്യും.'
അതുല്യ കാലത്തിന്റെ ഗതിമാറ്റത്തെ കുറിച്ച് സംസാരിച്ചു.
നൂറയും ഫര്‍സാനയും തലകുലുക്കി.
'ഡീ...അഞ്ജനയുടെ ചുരിദാറിലെ എബ്രോയിഡറി വര്‍ക്ക് കാണാന്‍ നല്ല ചന്തമുണ്ടല്ലേ...മുമ്പ് എന്റുമ്മ ചെയ്തിരുന്നു അതുപോലൊരെണ്ണം'
അവര്‍ സംസാരിക്കുന്നതിനിടയില്‍ ഫര്‍സാന മുന്നിലിരിക്കുന്ന അഞ്ജനയെ നോക്കി പറഞ്ഞു.
'അതെ..എന്തു ഭംഗിയല്ലേ...കാണാന്‍'
അതുല്യയും അത് ശരിവെച്ചു.
പക്ഷേ, നൂറയുടെ ചിന്ത ഫര്‍സാനയുടെ സംസാരത്തിലായിരുന്നു. അവളുടെ ഉമ്മക്ക് തയ്യലറിയാമെന്ന കാര്യം അവള്‍ തന്നോടിതു വരെ പറഞ്ഞിട്ടില്ല.
നൂറയതവളോട് ചോദിച്ചു:
'നിന്റുമ്മാക്ക് തയ്യലറിയുമോ....!?'
നൂറയുടെ ചോദ്യത്തില്‍ ആശ്ചര്യം നിറഞ്ഞിരുന്നു.
'പിന്നെ, അറിയോന്നോ...എന്ത് ചോദ്യാണത്...എന്റെ നാട്ടിലെ പ്രധാന തയ്യല്‍ കാരിയായിരുന്നുമ്മ...പിന്നെ ഉപ്പാന്റെ ചികിത്സയും മറ്റുമായി നടന്ന് ആ ടച്ചങ്ങ് വിട്ടു. അതിനിടെ ഉമ്മാന്റെ തയ്യല്‍ മെഷീനും കേടുവന്നു. അങ്ങനെയാണ് തയ്യലിനോട് വിട ചൊല്ലിയത്'
അവൾ നൂറയോട് മാത്രമായി പറഞ്ഞു.
'ആണോ...എന്നാലുമ്മാക്ക് തയ്യല്‍ വീണ്ടും തുടങ്ങിക്കൂടേ...എന്നാലീ എസ്‌റ്റേറ്റീ പോക്ക് നിർത്താലോ ...'
നൂറ ചോദിച്ചു.
'അതെ...അത് ഞാനും ഉമ്മച്ചിനോട് ചോദിച്ചതാണ്. പക്ഷെ, ഉമ്മച്ചി ഓരോ കാര്യം പറഞ്ഞ് ഒഴിഞ്ഞുമാറും...'
സുനിതാ മിസ് ക്ലാസിലേക്ക് വന്നപ്പോള്‍ ആ സംസാരമവിടെ നിലച്ചു.
പതിവ് തിരക്കു ക്ലാസുകളും എക്‌സ്പിരിമെന്‍സുകളും സെമിനാറുകളുമായി അന്നും ക്ലാസവസാനിച്ചു.
***
'കുട്ട്യേ ന്റെ കണ്ണട കണ്ടിരുന്നോ...?' പുറത്തേക്കിറങ്ങുമ്പോള്‍ ഉപ്പച്ചി വിളിച്ചു ചോദിച്ചു. ആ ചോദ്യം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ കണ്ണടയുമായി നൂറ പുറത്തെത്തി.
"ദാ ഉപ്പച്ച്യേ...കണ്ണട"
സാധാരണ കണ്ണടയെടുക്കാന്‍ പറഞ്ഞാല്‍ ഒരു പത്തു മിനുട്ടെങ്കിലും കാത്തിരിക്കേണ്ടി വരാറുണ്ട്. ഇന്നിപ്പൊ ഇതെന്തുപറ്റിയെന്ന് ഉപ്പച്ചി ശങ്കിക്കാതിരുന്നില്ല.
'ഉമ്മയെവിടെ....? '
ഉപ്പച്ചി ചോദിച്ചു.
'ഉമ്മച്ചി അടുക്കളയിലാ...വിളിക്കണോ..'
നൂറ ഭവ്യതയോടു കൂടെ ചോദിച്ചു. അവളുടെ ആ സംസാരം കേട്ടപ്പോള്‍ ഉപ്പച്ചി വീണ്ടും അവളുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. എന്താണ് റബ്ബേ പതിവില്ലാത്ത ഒരു സ്‌നേഹക്കൂടുതല്‍.
'വേണ്ട....ഞാനൊന്ന് പുറത്ത് പോയി വരാന്ന് പറഞ്ഞാളാ....'
അതും പറഞ്ഞ് ഉപ്പച്ചി പുറത്തേക്കിറങ്ങി.
'ആയിക്കോട്ടെ'
നൂറ ധൃതിയിട്ട് പുറത്തിറങ്ങി ഉപ്പച്ചിന്റെ ചെരുപ്പെടുത്ത് നേരെയിട്ടു കൊടുത്തു.
'ന്താണ് ന്റെ കുട്ടിക്ക് വേണ്ടത്....ഇങ്ങനെ വെറുതെ നാടകം കളിച്ച് എന്നെ മയക്കണോ...'
കുനിഞ്ഞിരുന്ന് തന്റെ ചെരിപ്പിലെ പൊടി തട്ടുന്ന നൂറയെ പിടിച്ചുയര്‍ത്തിയിട്ട് ഉപ്പച്ചി ചോദിച്ചു.
നൂറ നിവര്‍ന്ന് നിന്ന് മുഖത്തൊരു ചിരിവിടര്‍ത്തി.
'നിന്ന് ചിരിക്കാതെ കാര്യം പറ, എനിക്ക് പോയിട്ട് വേറേം പണിണ്ട്'
ഉപ്പച്ചി അവളെ മറി കടന്ന് പുറത്തേക്കിറങ്ങി.
'ഉപ്പാ, എനിക്കൊരു തയ്യല്‍ മെഷീന്‍ വേണം...'
അവള്‍ എടുത്തപടി ചോദിച്ചപ്പോള്‍ ഉപ്പച്ചി ആശ്ചര്യത്തോടെ തിരിഞ്ഞു നിന്ന് അവളെ നോക്കി. തുടര്‍ന്ന് ചോദിച്ചു:
'ഇനിയീ പഠനത്തിനിടക്ക് അനക്കയ്‌നെവ്ടുന്നാ തയ്ക്കാനുള്ള സമയം.....മിണ്ടാതെ പോയിരുന്ന് പഠിക്കാന്‍ നോക്ക്....ഓരോരോ പൂതികള്'
ഉപ്പച്ചി ചെറുതായിട്ട് ദേഷ്യപ്പെടുന്ന രൂപത്തില്‍ പറഞ്ഞു കൊണ്ട് പുറത്തേക്ക് നടക്കാനോങ്ങി.
'എനിക്കല്ലുപ്പാ, വേറൊരാള്‍ക്കാ...'
അവള്‍ ഉപ്പച്ചിയുടെ ദേഷ്യം ഗൗനിക്കാതെ ഓടി ചെന്ന് ഉപ്പച്ചിയുടെ മുന്നില്‍ നിന്നു കൊണ്ട് പറഞ്ഞു.
'വേറൊരാള്‍ക്കോ!..ഇതെന്താ ഈ കണ്ണില്‍കണ്ട നാട്ടാരെ മൊത്തം പോറ്റാനുള്ള ചുമതല നീയേറ്റെടുത്തിട്ടുണ്ടോ...!'
ഉപ്പച്ചി സംശയവും ആശ്ചര്യവും നിറഞ്ഞ ശബ്ദത്തില്‍ ചോദിച്ചു.
'ഇങ്ങളെന്താണ് അങ്ങനൊയൊക്കെ ചോദിക്കുന്നത്....ഒരു ചെറിയ തയ്യല്‍ മെഷീന്‍ വാങ്ങിത്തരുന്ന കാര്യല്ലെയൊള്ളൂ...'
അവള്‍ ഉപ്പച്ചിയോട് കെഞ്ചി.
'അപ്പൊ ആര്‍ക്കാണ്...ഈ മെഷിന്‍?'
മറ്റുള്ളവര്‍ക്ക് വേണ്ടി മുന്നിട്ടിറങ്ങാനുള്ള അവളുടെ സാമൂഹ്യബോധം ആ പിതാവിന്റെ ഉള്ളില്‍ തെല്ല് സന്തോഷം നല്‍കി.
'അതോ..അത് ഫര്‍സാനന്റെ ഉമ്മാക്കാ...ഉപ്പച്ചി അവരുടെ അവസ്ഥയൊന്ന് കേള്‍ക്കണം... അത് കേട്ടാല്‍ ഞാന്‍ പറയാതെ തന്നെ ഉപ്പച്ചി അവര്‍ക്ക് വേണ്ടതെല്ലാം ചെയ്യും'
നൂറ ഫര്‍സാനയുടെ വിഷയം ഉപ്പച്ചിയോട് പറയാനുള്ള ഒരു ആമുഖമൊരുക്കിയിട്ട് തുടങ്ങി .
'എന്താണ്...അവള് അത്ര പ്രയാസമനുഭവിക്കുന്ന കുടുംബത്തിലെ കുട്ടിയാണോ....കണ്ടാല്‍ പറയില്ലല്ലോ...'
ഉപ്പച്ചി ആശ്ചര്യത്തോടെ പറഞ്ഞു.
അവൾ ഫര്‍സാനയുടെ ജീവിത ചുറ്റുപാടുകള്‍ പൂര്‍ണമായും ഉപ്പച്ചിയോട് ചുരുക്കിപ്പറഞ്ഞു കൊടുത്തു. പുറത്തേക്ക് പോകാനൊരുങ്ങിയിരുന്ന ഉപ്പച്ചി വീണ്ടും കോലായിലേക്ക് കയറി നൂറയുടെ വാക്കുകള്‍ക്ക് പൂര്‍ണ്ണാര്‍ത്ഥത്തില്‍ ചെവി കൊടുത്തു.
'യാ...റബ്ബ് ഇത്രമേല്‍ പ്രയാസമനുഭവിക്കുന്ന കുട്ടിയാണോ അവള്‍...തീര്‍ച്ചയായും നമുക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോയെന്ന് നോക്കാം...ഇന്‍ ഷാ അല്ലാഹ്'
ഉപ്പച്ചിയുടെ ആ സംസാരം നൂറയുടെ മനസ്സില്‍ ആശ്വാസത്തിന്റെ തെളിനീരൊഴിച്ചു. അവള്‍ റബ്ബിന് സ്തുതികളര്‍പ്പിച്ചു.
നാട്ടുകാരുടെ പരാതികള്‍ കേള്‍ക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഉപ്പച്ചിക്ക് പ്രത്യേക മിടുക്കാണ്. അതു കൊണ്ടു തന്നെ ഉപ്പച്ചിയെ കാണാന്‍ സ്ഥിരമായി വീട്ടിലേക്ക് ആളുകള്‍ വരാറുണ്ട്. നാട്ടില്‍ ഉപ്പച്ചിക്ക് വലിയ ബഹുമാനവും ആദരവുമാണ്.
'അവളുടെ വീടെവിടെയാന്നാ പറഞ്ഞത്...?'
ഉപ്പച്ചി നൂറയോട് ചോദിച്ചു. ആലോചനയിലായിരുന്ന അവൾ ഉപ്പച്ചിയുടെ ചോദ്യം കേട്ട് ഒന്ന് ഞെട്ടി.
'തൃശൂരിലാണുപ്പാ....കാരിക്കുളത്ത്..'
'ഉം...ഞാനൊന്നാലോചിക്കട്ടെ'
ഉപ്പച്ചി എന്തോ ആലോചിച്ചുറപ്പിച്ച മട്ടിലാണ്.
'ഉപ്പച്ചീ....അവളുടെ ഉമ്മ നന്നായി തയ്യും എന്ന് അവളിന്ന് എന്നോട് യാദൃശ്ചികമായി പറഞ്ഞിരുന്നു. കൂട്ടത്തില്‍ അവളുടെ വീട്ടിലെ തയ്യല്‍ മെഷീന്‍ കേടായതും. നമുക്കവര്‍ക്കൊരു തയ്യല്‍ മെഷീന്‍ എത്രയും പെട്ടെന്ന് വാങ്ങിക്കൊടുക്കണം'
നൂറ പറഞ്ഞു.
'നമ്മളിങ്ങനെ നേരിട്ട് അവിടേക്ക് സാധനം വാങ്ങി കൊണ്ടു കൊടുക്കുമ്പോള്‍ അവള്‍ക്കതൊരു കുറച്ചിലാവില്ലേ....?'
ഉപ്പച്ചിയുടെ സംശയം ന്യായമായിരുന്നു.
'അത് ഞാന്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുമ്പോ അവളുടെ അഡ്രസ് കൊടുത്തോളം...അതാവുമ്പൊ നമുക്കവിടെ പോവേണ്ട ആവശ്യവുമില്ല. മറ്റാരെങ്കിലും കാണുമോന്ന പേടിയും വേണ്ട'
ഉപ്പയുടെ സംശയത്തിന് നുറയുടെ മറുപടി ഉരുളക്കുപ്പേരിയായിരുന്നു.
'എന്നാല്‍ മോള് തല്‍കാലം അങ്ങനെ ചെയ്യ്...ആ കുടുംബത്തിന് വേണ്ടി കൂടുതലെന്തെങ്കിലും ചെയ്യാന്‍ പറ്റുമോന്ന് നമുക്കാലോചിക്കാം'
ഉപ്പച്ചിയത് പറഞ്ഞ് പുറത്തേക്കിറങ്ങാന്‍ തുടങ്ങിയപ്പോൾ നൂറ ഉപ്പച്ചിയുടെ മുഖത്ത് ഉമ്മവെച്ചു കൊണ്ടു ദുആ ചെയ്തു.:
'ജസാക്കുമുള്ളാഹു ഖൈറനില്‍ ജസാഅ്'
(جزاكم الله خيرا الجزاء )
ഒരാള്‍ തനിക്ക് നന്മവല്ലതും ചെയ്തു തന്നാല്‍ അവര്‍ക്ക് വേണ്ടി ഇങ്ങനെ പ്രാര്‍ത്ഥിക്കല്‍
ഹബീബ് ﷺ ചര്യയില്‍പെട്ടെതാണെന്ന് ഉപ്പച്ചി തന്നെ പഠിപ്പിച്ചു കൊടുത്തതാണ്.
ഉപ്പച്ചി നിറഞ്ഞു ചിരിച്ചു കൊണ്ട് ആമീന്‍ എന്ന് ജവാബ് ചൊല്ലി.
***
എല്ലാ ദിവസവും സ്വലാത്ത് ഗ്രൂപ്പില്‍ സ്വലാത്തിന്റെ മഹത്വം പറയുന്ന ചരിത്രമോ ഹദീസോ മറ്റുവല്ല സംഭവങ്ങളോ പോസ്റ്റു ചെയ്യണമെന്ന് നൂറ തീരുമാനിച്ചിരുന്നു. രാത്രി കോളേജിലെ പോഷന്‍സെല്ലാം റിവിഷന്‍ ചെയ്തതിന് ശേഷം അവള്‍ പോസ്റ്റ് എഴുതാനായിരുന്നു. താന്‍ മുമ്പ് സ്വലാത്തിനെ കുറിച്ച് കേട്ടതും എഴുതിവെച്ചതുമായ റഫറന്‍സുകളെടുത്ത് എഴുതിത്തുടങ്ങി:
'എന്തിനു വേണ്ടി നാം സ്വലാത്ത് ചൊല്ലണം...? നമ്മുടെ സ്വലാത്ത് ലഭിച്ചിട്ട് വേണോ നബിﷺതങ്ങള്‍ക്ക് രക്ഷ ലഭിക്കാന്‍, ഇങ്ങനെ തുടങ്ങിയ സംശയങ്ങളുള്ളവരുണ്ടാവാം....അല്ലാഹുവും മലാഇക്കത്തുകളും ഹബീബായ നബിﷺതങ്ങളുടെ മേല്‍ സ്വലാത്ത് ചെല്ലുന്നുണ്ടെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയതല്ലേ...ഏറ്റവും അമൂര്‍ത്ഥമായ ആ സ്വലാത്തുകള്‍ക്കിടയില്‍ നമ്മുടെ സ്വലാത്തിന്റെ പ്രസക്തിയെന്ത് എന്നെല്ലാമുള്ള ചോദ്യത്തിനുള്ള മറുപടി ഇമാം റാസി പറയുന്നുണ്ട്. അഥവാ നബിﷺതങ്ങളുടെ മേല്‍ അല്ലാഹുവും മലക്കുകളും സ്വലാത്ത് ചൊല്ലുന്നുണ്ടെങ്കില്‍ നമ്മുടെ ആവശ്യമെന്താണ്....? നബിﷺ തങ്ങള്‍ സ്വലാത്തിലേക്ക് ആവശ്യമുള്ളവനായതിനാലല്ലയിത്. മറിച്ച് ഹബീബ് ﷺയോട് ബഹുമാനം പ്രകടിപ്പിക്കാനാണ്. അല്ലാഹുവിന് ഒരാവശ്യവും ഇല്ലാതിരുന്നിട്ടും അല്ലാഹുവിനെ സ്തുതിക്കല്‍ നമുക്ക് നിര്‍ബന്ധമാക്കിയത് പോലെ തന്നെയാണിതും. അഥവാ, നമ്മളൊരാളോട് ബഹുമാനം പ്രകടിപ്പിക്കുമ്പോള്‍ അയാള്‍ നമ്മളെ പരിഗണിക്കാനും സ്‌നേഹിക്കാനും തുടങ്ങും. അതുകൊണ്ടാണ് ഹബീബായ തങ്ങള് ﷺ പറഞ്ഞത് :
' എന്റെ മേല്‍ ആരെങ്കിലും ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന്റെ മേല്‍ പത്ത് സ്വലാത്ത് ചൊല്ലും.'
അഥവാ, അല്ലാഹുവിന്റെ ഹബീബായ നബിﷺ തങ്ങളെ നാം ബഹുമാനിക്കുമ്പോ അല്ലാഹു നമ്മളെ തിരിച്ച് സ്‌നേഹിക്കാനും ഇഷ്ടപെടാനും തുടങ്ങുമെന്നര്‍ത്ഥം.'
നൂറ താനെഴുതിയ പോസ്റ്റ് ഒരാവര്‍ത്തി കൂടി വായിച്ചു. ശേഷം അത് ഗ്രൂപ്പിലിട്ടു.
പെട്ടെന്ന് വാട്‌സാപ്പിലൊരു പേഴ്സണല്‍ മെസേജ് വന്നു:
'ഹായ്....ഇത് നൂറയല്ലേ....'
അവള്‍ മെസേജയച്ചയാളിന്റെ ഡി.പി നോക്കി. ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയാണ്.
'അതെ, നൂറയാണ്...ഇതാരാണ്...?'
അവള്‍ തിരിച്ച് ചോദിച്ചു.
'ഞാനിവിടെ അടുത്ത് നിന്നാണ്. ഐ ഹവ് എ ഡൗട്ട്, കേന്‍ ഐ കാള്‍ യു നൗ....?'
നൂറ ചോദിച്ചതിന് ഉത്തരം പറയുന്നതിന് പകരം ആ നമ്പറില്‍ നിന്ന് തിരിച്ചൊരു ചോദ്യം വന്നു.
'യെസ്...ഷുവര്‍'
താന്‍ സ്വലാത്തിനെ കുറിച്ച് ഗ്രൂപ്പിലിട്ട മെസ്സേജിനെ കുറിച്ച് വല്ല സംശയവും ചോദിക്കാനായി ഏതെങ്കിലും സ്ത്രീകള്‍ വിളിക്കുകയായിരിക്കുമെന്ന് കരുതിയാണ് അവള്‍ പെട്ടെന്ന് സമ്മതം മൂളിയത്. അല്‍പ സമയത്തിനകം അവളുടെ ഫോണ്‍ റിങ് ചെയ്തു.
'ഹലോ.....ആരാണ്'
നൂറ പതിവ് രീതിയില്‍ ഫോണെടുത്തു കൊണ്ട് ചോദിച്ചു. പക്ഷെ,
അവള്‍ പ്രതീക്ഷിച്ചത് പോലെ മറുതലക്കല്‍ ഒരു സ്ത്രീ ശബ്ദമായിരുന്നില്ല. കാതുകളോട് ചേര്‍ത്തു പിടിച്ചിരുന്ന അവളുടെ ഫോണ്‍ കൈകളില്‍ കിടന്ന് വിറക്കാന്‍ തുടങ്ങി. മുഖം ഭയം കൊണ്ട് ചുവന്ന് തുടുത്തു. തൊണ്ട വരണ്ടത് കാരണം അവള്‍ക്ക് നാവിറങ്ങിയത് പോലെ അനുഭവപ്പെട്ടു.
( *തുടരും....*) ©️
😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘
അപ്‌ലോഡ് ചെയ്ത Full പാർട്ട് ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...
Post a Comment