മുസ്ഹഫിൽ നജസായാൽ..
*മുസ്ഹഫിൽ നജസായാൽ..*
മുസ്ഹഫിൽ നിന്നു ഖുർആൻ എഴുതിയ ഭാഗത്ത് നജസ് സംഭവിച്ചാൽ അതു കഴുകിക്കളയൽ നിർബന്ധമാണ്. കഴുകിയാൽ മുസ്ഹഫ് നാശമാകുമെന്നു കണ്ടാലും കഴുകി ശുദ്ധിയാക്കണം (തുഹ്ഫ: 1/325).
മുസ്ഹഫ് പോലെത്തന്നെയാണ് ഇക്കാര്യത്തിൽ മറ്റു മതഗ്രന്ഥങ്ങളെന്നും പണ്ഡിതർ പ്രസ്താവിച്ചിട്ടുണ്ട് (ശർവാനി: 1/325).
*നജസ് രുചിക്കൽ*
നജസ് രുചിച്ചു നോക്കൽ നിഷിദ്ധമാണ്. എന്നാൽ തന്റെ കഴുകൽ കാരണം നജസ് നീങ്ങിപ്പോയിട്ടുണ്ടാകുമെന്ന് മികച്ച ധാരണയുണ്ടായാൽ നജസായിരുന്ന വസ്തുവിനെ രുചിച്ചു നോക്കുന്നതിനു വിരോധമില്ല (തുഹ്ഫ, ശർവാനി: 1/318).
*മൂന്നു തവണ കഴുകൽ*
നജസായ വസ്തു ശുദ്ധിയായ ശേഷവും രണ്ടും മൂന്നും പ്രാവശ്യം കഴുകൽ സുന്നത്തുണ്ട്. സുന്നത്തായ, കഴുകലിൽ ഉപയോഗിച്ച വെള്ളം ത്വഹൂറാണ്. ആ കുറഞ്ഞ വെള്ളം കൊണ്ടുതന്നെ ശുദ്ധീകരണം നടത്താവുന്നതാണ്. അതു മുതനജ്ജിസായ വെള്ളമല്ല. നിർബന്ധ കഴുകലിൽ ഉപയോഗിച്ച വെള്ളം, (കഴുകിയ വസ്തു ശുദ്ധിയായിട്ടുണ്ടെങ്കിൽ) ശുദ്ധമാണ്. തനിയെ ശുദ്ധിയുള്ളത്. മറ്റൊന്നിനെ ശുദ്ധീകരിക്കാൻ കഴിവുള്ള ത്വഹൂറല്ല. പ്രസ്തുത വെള്ളം പകർച്ച കൂടാതെ രണ്ടു കുല്ലത്ത് എത്തിയാൽ ത്വഹൂറായ വെള്ളമാകും (തുഹ്ഫ: 1/322).
നജസു കഴുകാനുപയോഗിച്ച വെള്ളവും ഫർളിൽ ഉപയോഗിച്ച (മുസ്തഅമൽ) വെള്ളവും കൂടി ഒരുമിച്ചുകൂട്ടി പകർച്ചയില്ലാതെ രണ്ടു ഖുല്ലത്ത് എത്തിയാലും അതു ത്വഹൂറായ വെള്ളമാണ് (ഇആനത്ത്: 1/57).
*എം.എ.ജലീൽ സഖാഫി പുല്ലാര*
Post a Comment