"ഖുര്‍ആനിനെ ചേര്‍ത്തുപിടിക്കാനുള്ള മാസം"
ഓരോ മൈക്രോ സെക്കന്‍ഡുകള്‍ക്കും വിലനിശ്ചയിക്കാന്‍ സാധിക്കാത്തത്ര മൂല്യമുണ്ട് റമസാനില്‍. അല്ലാഹുവിന്റെ സൃഷ്ടി പരിധിയിലുള്ള സകലതും റമസാനിന്റെ മഹത്വം പറഞ്ഞ് ഊറ്റം കൊള്ളാറുണ്ട്. നൂറ്റാണ്ടുകളോളം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജീവിച്ച മുന്‍ഗാമികളോട് ഞങ്ങള്‍ക്കെങ്ങനെ പ്രതിഫലത്തിന്റെ വിഷയത്തില്‍ സമന്മാരാകാന്‍ സാധിക്കുമെന്ന ചോദ്യത്തിന് നബി(സ) ഉത്തരം നല്‍കിയത് ‘റമസാനി’ലൂടെ എന്നായിരുന്നു.
എങ്ങനെയാണ് റമസാനിനെ ഉപയോഗപ്പെടുത്തേണ്ടത് എന്നത് അധുനിക ജനതക്ക് മുമ്പിലെ വലിയൊരു ചോദ്യചിഹ്നമാണ്. പലര്‍ക്കുമത് ഒരു മാസക്കാലം പകല്‍ സമയത്ത് അന്നപാനീയങ്ങള്‍ ഉപേക്ഷിക്കല്‍ മാത്രമാണ്. സ്ഥിരം ഭക്ഷണം കഴിക്കുന്ന ശരീരത്തിന് ഒരു വിശ്രമം നല്‍കുന്നത് നല്ലതാണ് എന്ന് പഥ്യം പറഞ്ഞ വൈദ്യന്റെ ചികിത്സയാണ് റമസാനിലൂടെ ഇവര്‍ പയറ്റുന്നതെന്ന് തോന്നിപ്പോകും. കാരണം ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിച്ചു എന്നതിലുപരി റമസാനിന്റെ പവിത്രതയെ മാനിച്ചുകൊണ്ട് പതിവിനു വിപരീതമായി ഇവരെന്തെങ്കിലും ചെയ്തു എന്ന് പറയാനാകില്ല.
അങ്ങാടിയിലിരുന്ന് അന്യന്റെ തൊലിയുരിഞ്ഞും ഏഷണി പറഞ്ഞ് ബന്ധങ്ങള്‍ തകര്‍ത്തും അസൂയ മൂത്ത് ജീവിതം തുലച്ചും റമസാനിന്റെ മുമ്പ് ജീവിതത്തില്‍ എന്തെല്ലാം ചെയ്തോ അതെല്ലാം റമസാനിലും ചെയ്യുന്നു. കൂടാതെ ഇത്തവണ ഈ വിശുദ്ധ നാളുകളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്നത്. ജയപരാജയങ്ങള്‍ ഇതിന്റെ ഭാഗമാണ്. അതിനെ ആരോഗ്യപരമായി സ്വീകരിക്കാന്‍ സമൂഹം സന്നദ്ധമാകണം. ഒപ്പമുള്ളവന് കരുതല്‍ നല്‍കാതെ മതവും വ്രതവുമില്ല. അന്യന്റെ അഭിമാനത്തിന് ഭംഗം വരുന്ന ഒന്നും നമ്മില്‍ നിന്ന് ഉണ്ടായിക്കൂടാ. പ്രകടനങ്ങളിലെ ആഭാസങ്ങളും കൊലവിളികളും സംസ്‌കാരമുള്ള മനുഷ്യര്‍ക്ക് യോജിച്ചതല്ല. സോഷ്യല്‍ മീഡിയാ വാളുകളില്‍ തെറിവിളികള്‍ നടത്തരുത്. ഏറ്റവും അപകടം പിടിച്ച പണിയാണത്. കാരണം സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ മുഴുവന്‍ സമയവും കോടാനു കോടി ജനങ്ങളുടെ നടുവിലാണ്. അങ്ങാടിയില്‍ നിന്ന് നമ്മള്‍ ഒരു വ്യക്തിയെ കുറിച്ച് സംസാരിക്കുമ്പോള്‍ അവിടെയുള്ള ഓഡിയന്‍സിന്റെ വ്യാപ്തി വിരലിലെണ്ണാകുന്നതായിരിക്കും. എന്നാല്‍ സോഷ്യല്‍ മീഡിയകളിലെ നമ്മുടെ ഒരു പോസ്റ്റിന്റെ വ്യാപ്തിയുണ്ടാക്കുന്ന ഇംപാക്റ്റ് വിശദീകരിക്കാന്‍ സാധിക്കില്ല.
ഞാനൊരുപാട് ഏഷണി പറഞ്ഞുപോയി നബിയേ എന്നുപറഞ്ഞ് തിരുനബിയെ സമീപിച്ച സ്വഹാബിക്ക് അദ്ദേഹം ചെയ്ത തെറ്റിന്റെ ഗൗരവം നബി തങ്ങള്‍ പ്രാക്ടിക്കലായി കാണിച്ചു കൊടുക്കുന്നുണ്ട്. അഥവാ ശക്തമായ കാറ്റടിച്ചു വീശുന്ന മരുഭൂമിയുടെ നാല് ഭാഗത്തും പരുത്തി കൊണ്ടുവെക്കാനും ശേഷം അത് ശേഖരിക്കാനും പറയുന്നുണ്ട്. ആ മരുക്കാറ്റിന്റെ വേഗതയില്‍ പരുത്തിയുടെ അംശം പോലും കണ്ടെത്താന്‍ സാധിക്കില്ലെന്ന് തീര്‍ച്ചയാണ്. ഇതുപോലെയാണ് ഏഷണിയും പരദൂഷണവും. അതിന്റെ വ്യാപനം അതിവേഗത്തിലായിരിക്കും. ഈ വിശുദ്ധ റമസാനില്‍ നാമെടുക്കേണ്ട ആദ്യ തീരുമാനം മറ്റൊരാളുടെയും അഭിമാനത്തെ ഹനിക്കുന്ന ഒരു ലൈക്ക് ബട്ടണിലും എന്റെ വിരലമരില്ല, സത്യസന്ധമല്ലാത്ത ഒരു വാര്‍ത്തയും ഞാന്‍ പ്രചരിപ്പിക്കില്ല എന്നെല്ലാമാണ്.
*ഖുര്‍ആനും റമസാനും*
വിശുദ്ധ ഖുര്‍ആന്‍ പാരായണം കൊണ്ടും രാത്രി നിസ്‌കാരങ്ങള്‍ കൊണ്ടും ദാന ധര്‍മങ്ങള്‍ കൊണ്ടും പ്രാര്‍ഥനകള്‍ കൊണ്ടും വിശ്വാസികള്‍ റമസാനിലെ ഓരോ നിമിഷങ്ങളെയും സജീവമാക്കണം. സാധാരണ പുണ്യ റമസാനിന്റെ വരവറിയിച്ചുകൊണ്ട്, വാര്‍ത്താ മാധ്യമങ്ങള്‍ നല്‍കുന്ന മുഖച്ചിത്രങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന, പ്രാര്‍ഥനാ നിരതരായിരിക്കുന്നവരുടേതാണ്. അറിയാതെയാണെങ്കിലും, റമസാനിന്റെ ഏറ്റവും യോജിച്ച പ്രതീകം വിശുദ്ധ ഖുര്‍ആനാണെന്ന് തിരിച്ചറിയുന്നുണ്ട് എല്ലാവരും.
ഒരു ദിവസം കൊണ്ട് നിരവധി ഖത്മുകള്‍ പൂര്‍ത്തിയാക്കിയ മഹത്തുക്കളെക്കുറിച്ച് പറയുമ്പോള്‍ പലര്‍ക്കും അത് കെട്ടുകഥകളാണ്. സാധാരണക്കാര്‍ ഒരു മാസം കൊണ്ട് തീര്‍ക്കുന്ന ഖത്മ് ഒരു ദിവസം കൊണ്ടോ എന്ന് നെറ്റിചുളിക്കല്‍! അത് ഇമാമുമാര്‍ക്കും അല്ലാഹു പ്രത്യേകം അനുഗ്രഹിച്ചവര്‍ക്കുമുള്ള കറാമത്തുകളായി മാത്രം മനസ്സിലാക്കുന്നു ചിലര്‍. അല്ലെങ്കില്‍ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരുടെ മഹത്വം വര്‍ണിക്കാനുള്ള ആലങ്കാരിക വിശേഷങ്ങളായി കാണുന്നു.
ഈ ധാരണ പൂര്‍ണമായും ശരിയല്ല. കാരണം ഖുര്‍ആന്‍ ശരീഫുമായി അത്ര ആത്മബന്ധമില്ലാത്തവര്‍ യാസീന്‍ ഓതിത്തീര്‍ക്കാനെടുക്കുന്ന സമയവും സ്ഥിരമായി പാരായണം ചെയ്യുന്നവര്‍ക്കുവേണ്ട സമയവും വ്യത്യാസമുണ്ടല്ലോ. പാരായണ നിയമങ്ങള്‍ പൂര്‍ണമായും അനുസരിച്ചുതന്നെ ഇത്തരക്കാര്‍ക്ക് മിനുട്ടുകളെ ആവശ്യമുള്ളൂവെങ്കില്‍ മറ്റുള്ളവര്‍ക്ക് കൂടുതല്‍ സമയം വേണ്ടിവരും.
വിശുദ്ധ ഖുര്‍ആന്‍ പാരായണം വെറുമൊരു കാട്ടിക്കൂട്ടലല്ലെന്നും സുനിശ്ചിതമായ ലക്ഷ്യങ്ങളോടെയുള്ള കര്‍മമാണെന്നും തിരിച്ചറിയേണ്ടതുണ്ട്. ആരാധനകള്‍ക്ക് ആയിരം ഇരട്ടി പ്രതിഫലം ലഭിക്കാനും സ്വര്‍ഗകവാടങ്ങള്‍ സന്തോഷത്തോടെ തുറക്കപ്പെടാനും നരകാഗ്നിയില്‍ നിന്ന് മോചനം ലഭിക്കാനുമൊക്കെ ഈ പുണ്യമാസം സാക്ഷിയാകുന്നുണ്ടെങ്കില്‍ അതിന്റെ കാരണം വിശുദ്ധ ഖുര്‍ആനിന്റെ അവതരണമാണ്. ലൈലത്തുല്‍ ഖദ്റെന്ന ഒറ്റരാത്രിയുടെ മോഹിപ്പിക്കുന്ന ധന്യതക്കു പിന്നിലും മറ്റൊരു കാരണമില്ല. മഴ ഭൂമിക്ക് വസന്തമായത് പോലെ വിശുദ്ധ ഖുര്‍ആന്‍ വിശ്വാസിക്ക് വസന്തമാണെന്ന മാലിക്ബ്നു ദീനാര്‍ (റ)ന്റെ വാക്കുകള്‍ ഏറെ പ്രസക്തമാണ്. ഈ വസന്തത്തിന്റെ വിലയറിഞ്ഞവര്‍ ഭാഗ്യവാന്മാര്‍. മുന്‍കാല ഇമാമുമാരും സാത്വികരായ വിശ്വാസികളുമൊക്കെ ഈ വഴിയില്‍ ഏറെ മുന്നേറി.
കുട്ടിക്കാലത്തെ മദ്‌റസാനുഭവങ്ങളില്‍ എല്ലാവര്‍ക്കും ഓര്‍ക്കാനുണ്ടാകുന്ന ഒരു കാര്യം മുസ്ഹഫ് കൊണ്ടുപോകാനുള്ള പ്രത്യേക തുണിസഞ്ചിയായിരിക്കും. മറ്റു കിതാബുകളും പുസ്തകങ്ങളും ഉണ്ടെങ്കിലും മുസ്ഹഫിനു മാത്രമായി പ്രത്യേക കവര്‍. മാത്രമല്ല, അരഭാഗത്തു നിന്ന് പൊക്കി നെഞ്ചോട് ചേര്‍ത്ത് പിടിക്കുകയാണ് രീതി. വീട്ടിലെത്തിയാലോ, പ്രത്യേകമായ അറയോ തട്ടോ ഉണ്ടാകും സൂക്ഷിക്കാന്‍. കാല്‍ ഭാഗത്തും നേരേ പിന്‍ഭാഗത്തും വരാത്ത രീതിയിലായിരുന്നു അവയുടെ സ്ഥാനം.
അര്‍ഥമറിയാത്തവരെന്നും നിരക്ഷരരെന്നും കളിയാക്കപ്പെട്ടിരുന്ന അക്കാലത്തെ ആളുകള്‍ പുണ്യഗ്രന്ഥത്തോട് കാണിച്ചിരുന്ന ബഹുമാനം ഇന്ന് ഇല്ലാതെ പോയോ എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്തിക്കൂടാ.
ഖുര്‍ആനിനെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് പുതിയ തലമുറക്ക് പഠിപ്പിച്ചു കൊടുക്കുക തന്നെ വേണം. വിശുദ്ധ ഖുര്‍ആന്‍, അതാണ് ഈമാനിന്റെ അടിത്തറ. അതിനെ വേണ്ട വിധം ആദരിക്കാനും ബഹുമാനിക്കാനുമായില്ലെങ്കില്‍ വിശ്വാസം പൂര്‍ണമാകില്ല.
Post a Comment