സൂറത്തുൽ കഹ്ഫ്

*സൂറത്തുൽ കഹ്ഫ്*



 വിശുദ്ധ ഖുര്‍ആനിലെ പതിനെട്ടാമത്തെ സൂറത്താണ് സൂറത്തുല്‍ കഹ്ഫ്.
      110 ആയത്തുകള്‍ ഉള്‍ക്കൊള്ളുന്ന ഈ സൂറത്തിന്റെ മഹത്വവും പ്രാധാന്യവും വിവരിക്കുന്ന നിരവധി തിരുവചനങ്ങളുണ്ട്. ഓരോ വെള്ളിയാഴ്ചയും ഈ സൂറത്ത് മൂന്നാവര്‍ത്തി ഓതല്‍ സുന്നത്തായതുതന്നെ ഇതിന്റെ മഹാത്മ്യത്തെ വ്യക്തമാക്കുന്നു .
       വെള്ളിയാഴ്ച രാവും പകലും ഇത് പാരായണം ചെയ്യല്‍ സുന്നത്താണ്. അല്‍ കഹ്ഫ് പകല്‍ സമയം പാരായണം ചെയ്യുന്നതാണ് ശ്രേഷ്ടത. പകലിൽ സുബ്ഹി ൻ്റെ സമയത്താണ് കൂടുതൽ പുണ്യം.

 ജുമുഅ:യും പള്ളിയിലെ ജമാഅത്തും സ്ത്രീകള്‍ക്കില്ലെങ്കിലും അല്‍ കഹ്ഫ് ഓതല്‍ അവര്‍ക്കും സുന്നത്താണ്.
       സംഭവ ബഹുലമായ മൂന്ന് ചരിത്ര സത്യങ്ങള്‍ ഈ സൂറത്ത് പരാമര്‍ശിക്കുന്നുണ്ട് 
         അചഞ്ചലമായ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നതിന്റെയും ത്യാഗപൂര്‍ണ്ണമായ വിജ്ഞാന സമ്പാദനത്തിന്റെയും ജനസേവനത്തിന്റെയും ഉദാത്ത പാഠങ്ങളാണ് ഈ ചരിത്ര കഥകള്‍ പ്രതിപാധിക്കുന്നത്.
    
മഹാത്മ്യം
   
റഹ് മത്തിന്റെ മലക്കുകളുടെ സാന്നിധ്യം
 
അല്‍ബറാഅ് (റ) പറയുന്നു. ഒരാള്‍ സൂറത്തുല്‍ കഹ്ഫ് പാരാണം ചെയ്യുന്ന സന്ദര്‍ഭത്തില്‍ മേഘത്തിനോട് സാമ്യമുള്ള ഒരു പ്രത്യേക നിഴല്‍ തന്റെ തലക്കുമുകളില്‍ പ്രത്യക്ഷപ്പെട്ട് അത് അടുത്തടുത്ത് വന്നു കൊണ്ടിരിക്കുകയാണ്. അപ്പോള്‍ തന്റെ സമീപത്ത് രണ്ട് കയറുകളില്‍ കെട്ടിയടപ്പെട്ടിരുന്ന കുതിര ചാടാന്‍ തുടങ്ങി. അടുത്ത പ്രഭാതമായപ്പോള്‍ അദ്ദേഹം നബ(സ്വ)യെ സമീപിച്ച് വിഷയം പറഞ്ഞു. അപ്പോള്‍ തിരുനബി(സ്വ) ഇങ്ങനെ പറഞ്ഞു. ഖുര്‍ആന്‍ പാരായണം കാരണമായി വാനലോകത്തു നിന്ന് ഇറങ്ങിവന്ന കാരുണ്യത്തിന്റെ മലക്കുകളാണിത്. (ബുഖാരി-മിശ്ഖാത്ത് 184)
         നബി (സ) പറഞ്ഞു.”വെള്ളിയാഴ്ച ദിവസം ഒരാള്‍ സൂറത്തുല്‍കഹ്ഫ് ഓതിയാല്‍ രണ്ടു വെള്ളിയാഴ്ചക്കിടയിലെ സമയങ്ങളത്രയും അവന്റെ ഹൃദയവും ഖബറും പ്രകാശിക്കുന്നതാണ്.”(ബൈഹഖി- മിര്‍ഖാത് -2-605)
 
ഇബ്‌നു അബ്ബാസ്(റ), അബൂഹുറൈറ(റ) എന്നിവര്‍ ഉദ്ദരിക്കുന്നു. ”വെള്ളിയാഴ്ച രാത്രിയോ പകലോ സൂറത്തുല്‍ കഹ്ഫ് പാരായണം ചെയ്യുന്നവന് അവന്‍ ഓതുന്ന സ്ഥലത്തു നിന്ന് തുടങ്ങി വിശുദ്ധ മക്കവരെ വ്യാപിക്കുന്ന പ്രകാശം നല്‍കപ്പെടും. ഒരു വെള്ളിയാഴ്ച മുതല്‍ അടുത്ത വെള്ളിയാഴ്ച വരെ പാപമോചനം ലഭിക്കും. എഴുപതിനായിരം മലക്കുകള്‍ പ്രഭാതം വരെ അവനു വേണ്ടി ദുആ ചെയ്തു കൊണ്ടിരിക്കും. രോഗവിപത്തുകളില്‍ നിന്ന് മുക്തി ലഭിക്കും. വെള്ളപ്പാണ്ട്, കുഷ്ഠം ശ്വാസകോശ രോഗം തുടങ്ങിയ രോഗങ്ങളില്‍ നിന്നും ദജ്ജാലിന്റെ ഭീകരതയില്‍ നിന്നും സുരക്ഷ ലഭിക്കും”. (ഇഹ്‌യാ 1-193)


 *എം.എ.ജലീൽ സഖാഫി പുല്ലാര*