❝അഖീഖത്തിന്റെ കർമ്മശാസ്ത്രം❞
*❝അഖീഖത്തിന്റെ കർമ്മശാസ്ത്രം❞*
*ഒരു കുട്ടി* ജനിച്ചാൽ ആ ശിശുവിനെ വേണ്ടി അഖീഖ: അറക്കൽ സർവ്വ സാധാരണമാണല്ലോ. ഇതിന്റെ കർമ്മശാസ്ത്രം വിവരിക്കുകയാണിവിടെ.
നവജാത ശിശുവിന്റെ മുടി എന്നാണ് അഖീഖത്തിന്റെ ഭാഷാർത്ഥം. ആ ‘മുടി’ കളയുന്ന സമയത്ത് ശിശുവിനെ വേണ്ടി സുന്നത്തായി അറുക്കപ്പെടുന്ന നിശ്ചിത മൃഗം എന്നത് ശർഈ അർത്ഥവും (തർശീഹ് 206 നോക്കുക).
കുട്ടിയുടെ ജനനം പൂർണ്ണമായതു മുതൽ അറുപത് ദിവസത്തിന് മുൻപ് രക്ഷിതാവ് ഫിത്വർ സക്കാത്ത് കൊടുക്കാൻ നിർബന്ധമാകുന്ന
വിധം കഴിവുള്ളവനാണെങ്കിൽ അവന് അഖീഖത്തറവ് സുന്നത്താണ്. ഈ പറഞ്ഞ കഴിവില്ലാത്ത സാമ്പത്തിക ബുദ്ധിമുട്ടുള്ളവരാണെങ്കിൽ അവൻ അഖീഖത്തറുക്കേണ്ടതില്ല. അവനത് സുന്നത്തില്ല (തുഹ്ഫ: 9/370).
അഖീഖത്തിന് കഴിവുണ്ടായിട്ടും അറക്കാതിരുന്നാൽ മാതാപിതാക്കൾക്കു വേണ്ടി അല്ലാഹുവിന്റെ മുമ്പിൽ ശുപാർശചെയ്യാൻ കുട്ടിക്കു അനുവാദം ലഭിക്കില്ലെന്ന് പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട് (ഇആനത്ത്: 2/327).
സാധാരണ ഗതിയിൽ നവജാത ശിശുവിന്റെ പേരിൽ നടത്തപ്പെടുന്ന അറവിന് അഖീഖത്ത് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. എന്നാൽ അഖീഖത്തെന്ന അറബി ശബ്ദത്തിന്റെ ധാതുവിൽ ‘ഉഖൂഖ്’ എന്ന പദമുണ്ട്. മാതാപിതാക്കളെ വെറുപ്പിക്കുക എന്നാണിതിന്റെ അർത്ഥം. അപ്പോൾ നവജാത ശിശുവിന്റെ പേരിലുള്ള അഖീഖത്ത് എന്നു കേൾക്കുമ്പോൾ ആ കുട്ടി മാതാപിതാക്കളെ വെറുപ്പിക്കുന്നവനാണെന്നു അവലക്ഷണം പറയാനിടയുണ്ട്. ഈ അറവു നടത്തുന്നയാളെ ‘ആഖ്ഖ്’ എന്നാണു പറയുക. മാതാപിതാക്കളെ അനിഷ്ടപ്പെടുത്തുന്നവൻ എന്നാണ് ‘ആഖ്ഖ്’ എന്ന പദത്തിന്റെ അർത്ഥം. ഇതിനാലാവാം അഖീഖത്തിനെക്കുറിച്ച് ചോദിച്ചയാളോട് അല്ലാഹു ‘ഉഖൂഖ്’ (മാതാപിതാക്കളെ വെറുപ്പിക്കൽ) ഇഷ്ടപ്പെടുകയില്ലെന്നു നബി(സ്വ) തങ്ങൾ പ്രതികരിച്ചത് (അബൂദാവൂദ്).
നബി(സ്വ) തങ്ങൾ, ചീത്ത ലക്ഷണം പറയാനിടയുള്ള സാഹചര്യങ്ങളെയും പദങ്ങളെയും വെറുത്തിരുന്നു. തദടിസ്ഥാനത്തിൽ നവജാതശിശുവിന്റെ പേരിലുള്ള അറവിനെ അഖീഖത്തെന്നു പറയപ്പെടുന്നത് ഇമാം ശാഫിഈ(റ) നിരുത്സാഹപ്പെടുത്തിയിരുന്നുവെന്നും വെറും അറവന്നോ (ദബീഹത്ത്) പുണ്യബലിയെന്നോ (നസീകത്ത്) പറയുകയാണു നല്ലതെന്നും നമ്മുടെ ഇമാമുകൾ പ്രസ്താവിച്ചിട്ടുണ്ട് (തുഫ്ഫ: ശർവാനി: 9/369).
അഖീഖ എന്ന പേരിൽ പ്രസിദ്ധമായതുകൊണ്ടാണ് തലക്കെട്ടിൽ അഖീഖത്തെന്നു പ്രയോഗിച്ചത്.
കുട്ടിയെ പ്രസവിക്കപ്പെട്ട സമയം ദരിദ്രനായ രക്ഷിതാവിന് പ്രസവം മുതൽ അറുപതു ദിവസത്തിനുള്ളിൽ മുമ്പു വിവരിച്ച രീതിയിൽ കഴിവുണ്ടെങ്കിൽ കുട്ടിക്കുവേണ്ടി ദബീഹത്ത് സുന്നത്തുണ്ട്. കുട്ടിയുടെ ജനനത്തോടെ ദബീഹത്തിന്റെ സമയമായി. ഒരു മൃഗത്തിന്റെ വില ദാനം ചെയ്താൽ അതു ദബീഹത്താവില്ല. ഒരു കുഞ്ഞു ജനിച്ചുവെന്ന മഹത്തായ അനുഗ്രഹത്താൽ സന്തോഷം പ്രകടിപ്പിക്കലും കുട്ടിയുടെ രക്തബന്ധം വിളംബരം ചെയ്യലും അറവിന്റെ ലക്ഷ്യത്തിൽപ്പെട്ടതാണ്.
പ്രസവശേഷം കുട്ടി മരണപ്പെട്ടാലും കുട്ടിയുടെ പേരിലുള്ള അറവ് സുന്നത്തുണ്ട്. അതുപോലെ തന്നെ റൂഹ് ഊതപ്പെടുന്ന കാലം (120 ദിവസം) കഴിഞ്ഞു പ്രസവിക്കപ്പെട്ട കുട്ടി ചാപിള്ളയാണെങ്കിലും അറവു സുന്നത്തുണ്ട് (ബിഗ്‌യ). ഏഴാം ദിവസം അറവു നടത്തലാണ് സുന്നത്ത്. അതുതന്നെ അന്നു സൂര്യൻ ഉദിക്കുന്ന സമയത്താവൽ പ്രത്യേകം സുന്നത്തുണ്ട്. പ്രസവം നടന്നത് പകലിലാണെങ്കിൽ ആ ദിവസം കൂട്ടിയാണ് ഏഴു ദിവസം കണക്കാക്കേണ്ടത്. രാത്രിയാണ് പ്രസവിച്ചതെങ്കിൽ ശേഷമുള്ള പകൽ മുതലാണ് ദിവസം കണക്കാക്കേണ്ടത്. പ്രസവം നടന്ന രാത്രി കണക്കിലെടുക്കപ്പെടില്ല (തുഹ്ഫ: 9/372).
ഏഴാം ദിവസം അറക്കുന്നില്ലെങ്കിൽ പിന്നെ പതിനാല്, ഇരുപത്തി ഒന്ന്, ഇരുപത്തി എട്ട് ദിവസങ്ങളിലാണ് അറവു സുന്നത്തുള്ളത് (ശർഹു ബാഫള്ൽ: 2/308). അതായത് ഓരോ എഴുകളിലാണ് സുന്നത്ത്. ഇതു പ്രത്യേക സുന്നത്താണ്. മറ്റു ദിവസങ്ങളിൽ അറവ് നടത്തിയാലും സുന്നത്ത് ലഭിക്കും.
എം.എ.ജലീൽ സഖാഫി പുല്ലാര
Post a Comment