❝അഖീഖത്തിന്റെ കർമ്മശാസ്ത്രം❞
*❝അഖീഖത്തിന്റെ കർമ്മശാസ്ത്രം❞*
(2)
*കുട്ടിയുടെ* രക്ഷിതാവിന് അറവു സുന്നത്തായിരിക്കെ അതു നിർവ്വഹിക്കപ്പെടാതെ നീട്ടിക്കൊണ്ടുപോയാൽ കുട്ടിക്ക് പ്രായപൂർത്തി ആവലോടുകൂടി രക്ഷിതാവിന് പ്രസ്തുത കർമ്മം നഷ്ടപ്പെടും. ഇനി പ്രായം തികഞ്ഞവന് സ്വന്തത്തിനു വേണ്ടി അറവു സുന്നത്തുണ്ട്. കുട്ടി ആണായാലും പെണ്ണായാലും ഉള്ഹിയ്യത്തിന്റെ നിബന്ധനകളൊത്ത ഒരു ആടിനെ അറുത്താൽ മതിയാവും. കുട്ടി ആണാണെങ്കിൽ തുല്യമായ രണ്ടാടും പെണ്ണാണെങ്കിൽ ഒരാടും അറക്കണമെന്ന് ഹദീസിൽ വന്നതുകൊണ്ട് അത് സുന്നത്താണെന്നു കർമ്മശാസ്ത്ര പണ്ഡിതർ പ്രസ്താവിച്ചിട്ടുണ്ട്. ഉള്ഹിയ്യത്തിനെപ്പോലെ അഖീഖയിലും ഏഴ് ആട്, ഒരു ഒട്ടകം, മാട്, നെയ്യാട്, കോലാട്, ഒട്ടകത്തിന്റെ ഏഴിലൊരു ഭാഗം, മാടിന്റെ ഏഴിലൊന്ന് എന്ന ക്രമത്തിലാണ് ശ്രഷ്ഠത, കുട്ടി ആണാണെങ്കിലും പെണ്ണാണെങ്കിലും (തുഹ്ഫ: 9/371).
കുട്ടിയുടെ പേര് പറഞ്ഞ് ഇതു അവന്റെ അറവാണ്; അല്ലാഹുവേ, ഇതു നീ സ്വീകരിക്കണമേ എന്നു പ്രാർത്ഥിച്ചു ബിസ്മി ചൊല്ലി അറക്കലാണ് സുന്നത്ത്.
മൃഗത്തിന്റെ കഴുത്തിലും കുട്ടിയുടെ തലയിലും കത്തിവെക്കുന്നതു ഒരേ സമയത്താവണമെന്ന ധാരണ സമൂഹത്തിലുണ്ട്. അതിന് അടിസ്ഥാനമില്ല.
അഖീഖത്തിന്റെ ഭാഷാർത്ഥവും ശർഈ അർത്ഥവും തമ്മിലുള്ള ബന്ധത്തെ വ്യക്തമാക്കാൻ വേണ്ടി മുടി കളയുന്ന സമയത്ത് അറവു സുന്നത്താണെന്നു കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണാം (ബാജൂരി: 2/312, തർശീഹ്: 206 എന്നിവ നോക്കുക). അതായത് മുടികളയൽ കർമ്മവും അഖീഖത്തിന്റെ അറവും ഒരുദിവസം തന്നെയാവൽ സുന്നത്താണെന്നർത്ഥം. ഈ ഇബാറത്തിൽനിന്നും തെറ്റിദ്ധരിച്ചതാവാം മുകളിൽ പറഞ്ഞ ധാരണ. ഇതു പറഞ്ഞ ഗ്രന്ഥങ്ങളിൽ തന്നെ അറവിന് ശേഷമാണ് മുടി കളയേണ്ടതെന്നു വ്യക്തമാക്കിയിട്ടുണ്ട്.
അഖീഖ മാംസം വേവിച്ചു നൽകലും വലതു കുറക് വേവിക്കാതെ വയറ്റാട്ടിക്ക് (പേറ്റിച്ചി) നൽകലും സുന്നത്തുണ്ട്. ഒരു വയറ്റാട്ടിയും ഒന്നിലധികം മൃഗങ്ങളുമാണെങ്കിൽ അവയുടേതെല്ലാം വലതു കുറക് അവൾക്ക് നൽകൽ സുന്നത്തുണ്ട് (തുഹ്ഫ: 9/372).
മാംസം മധുരം ചേർത്തു വേവിക്കലും അറക്കുന്നവനും തിന്നുന്നവനും എല്ലുകൾ പൊട്ടാതിരിക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കലും സുന്നത്തുണ്ട്. മധുരം ചേർക്കുന്നതിൽ കുട്ടിയുടെ സ്വഭാവമാധുര്യത്തിനുള്ള ശുഭലക്ഷണവും എല്ലു പൊട്ടാതിരിക്കുന്നതിൽ അവയവങ്ങൾ രക്ഷപ്പെടുക എന്ന ശുഭലക്ഷണവുമാണുള്ളത് (തുഹ്ഫ: 9/372).
ഉള്ഹിയ്യത്തറുക്കുമ്പോൾ ഉള്ളതുപോലെ തന്നെ അഖീഖത്തറുക്കുമ്പോഴും പ്രത്യേകമായി തക്ബീർ ചൊല്ലൽ സുന്നത്തുണ്ട് (ബാജൂരി).
ഏഴു കുട്ടികൾക്കു വേണ്ടി ഒരു മാടിനെ അറുത്താൽ അതു ഏഴുപേരുടെയും അഖീഖത്താവും (തുഹ്ഫ: ശർവാനി: 9/371).
മാടിന്റെ ഏഴിലൊരു ഭാഗം കൊണ്ട് ഉള്ഹിയ്യത്തും മറ്റൊരു ഏഴിലൊരു ഭാഗം കൊണ്ട് അഖീഖത്തും കരുതി അറുത്താൽ രണ്ടും ലഭിക്കുന്നതാണ് (ഫതാവൽ കുബ്റ: 4/256).
കുട്ടിയുള്ള നാട്ടിൽ ത്തന്നെ അറവു നടത്തണമെന്നില്ല. ഏത് നാട്ടിൽവെച്ച് അറത്താലും അഖീഖത്തിന്റെ പ്രതിഫലം ലഭിക്കുന്നതാണ് (ഫതാവൽ കുബ്റ: 4/257, ഇആനത്ത്: 2/326 എന്നിവ നോക്കുക).
ഉള്ഹിയ്യത്തിന്റെ മിക്ക നിയമങ്ങളും അഖീഖത്തിനും ബാധകമാണ്. മൃഗത്തിന്റെ പ്രായം, ഇനം, ഗുണമേന്മ, ന്യൂനതകളിൽ നിന്നു മുക്തമാവൽ, നിയ്യത്ത്, അറവ്, സ്വയം ഭക്ഷിക്കൽ, വിതരണം, സൂക്ഷിച്ചുവെക്കൽ, ഭക്ഷിക്കാവുന്ന വിഹിതം വിൽപന നിഷിദ്ധമാവൽ, നിജപ്പെടുത്തിയാൽ നിജമാവൽ എന്നിവയിലെല്ലാം ഉള്ഹിയ്യത്ത്പോലെ തന്നെയാണ് അഖീത്തും (തുഹ്ഫ: 9/371, നിഹായ: 8/138).
അഖീഖത്തിന് മാത്രം ബാധകമാവുന്ന ചില നിയമങ്ങളുണ്ട്. അവ ശ്രദ്ധിക്കുക: *ഒന്ന്;* അറവിന് നിശ്ചിത സമയമില്ല. *രണ്ട്;* വേവിക്കാതെ തന്നെ ദരിദ്രർക്ക് മാംസവിതരണം നടത്തൽ നിർബന്ധമില്ല. *മൂന്ന്;* ധനികർക്ക് മാംസം ഹദ്‌യയായി ലഭിച്ചാൽ ഉടമാവകാശം വരുന്നതാണ് (ഹാശിയത്തുന്നിഹായ: 8/138, ഇആനത്ത്: 2/327 നോക്കുക).
ഉള്ഹിയ്യത്തുപോലെതന്നെ അഖീഖയുടെ ഇറച്ചിയും അമുസ്‌ലിമിന് ദാനം ചെയ്യാനോ ഭക്ഷിപ്പിക്കാനോ ഹദ്‌യ നൽകാനോ പാടില്ല. ഹറാമാണ് . അഖീഖത്ത് നൽകപ്പെടുന്ന നിർധനരും സമ്പന്നരും മുസ്‌ലിമായിരിക്കണം (ബാജൂരി: 2/313).
സദ്യയിലേക്ക് ജനങ്ങളെ ക്ഷണിച്ചുവരുത്താമെങ്കിലും വേവിച്ച മാംസം (ചാറിനോടു കൂടെ) ദരിദ്രർക്കു കൊടുത്തയക്കലാണ് ഉത്തമം (ഇആനത്ത്: 2/327).
കടം വാങ്ങി അഖീഖത്തറക്കുന്ന ഒരു സമ്പ്രദായം ഇന്നു കണ്ടുവരുന്നു. അത് ഭൂഷണമല്ല. അതുപോലെ തന്നെ കടം ഉള്ളവർ അതു വീട്ടാനുള്ള സംഖ്യ കൊണ്ട് അഖീഖത്തറുക്കുന്നതും ശരിയല്ല. മുകളിൽ വിവരിച്ച രീതിയിൽ സാമ്പത്തികശേഷിയുള്ളവർക്കേ അഖീഖത്തറവ് സുന്നത്തുള്ളൂ. ഏതു പ്രവൃത്തിയിലും നിയ്യത്തു നന്നായാൽ മാത്രമേ പ്രതിഫലം ലഭിക്കുകയുള്ളൂ.
കടം വാങ്ങി അറത്താലും അറവ് സ്വഹീഹാകുന്നതും സുന്നത്ത് ലഭിക്കുന്നതുമാണ്.
*എം.എ.ജലീൽ സഖാഫി പുല്ലാര*
Post a Comment