"മരണത്തിലേക്കുള്ള മുന്നറിയിപ്പുകൾ"
*"മരണത്തിലേക്കുള്ള മുന്നറിയിപ്പുകൾ"*
പലരും വിസ്മരിക്കുന്നതാണ് സമയത്തിന്റെ വില. വിലനിർണയിക്കാനാകാത്ത, ഒരിക്കലും തിരിച്ചെടുക്കാനാകാത്ത നിധിയാണ് സമയം. ഇത് ഫലപ്രദമായി ഉപയോഗിക്കുന്നവരാണ് ശ്രേഷ്ഠർ. ലോകത്ത് വിജയിച്ചവരൊക്കെ സമയത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞവരാണ്. എത്ര കാലം ജീവിക്കുന്നു എന്നല്ല; ജീവിച്ച കാലം എന്ത്, എത്ര ചെയ്തു എന്നതാണ് പ്രധാനം. പൊഴിഞ്ഞ ഒരോ നിമിഷവും അന്ത്യദിനത്തിൽ വിചാരണക്ക് വിധേയമാകും.
നബി(ﷺ) പറഞ്ഞു: ആയുസ്സ് എന്തിനുപയോഗിച്ചു, തന്റെ അറിവു വെച്ചെന്ത് ചെയ്തു, സമ്പത്തെങ്ങനെ നേടി, എവിടെ, എങ്ങനെ ചെലവഴിച്ചു, യുവത്വം എന്തിനുപയോഗപ്പെടുത്തി എന്നീ നാല് കാര്യങ്ങളെ കുറിച്ചു ചോദ്യം ചെയ്തിട്ടല്ലാതെ ഇരുപാദങ്ങളനക്കാൻ ഒരടിമക്കുമാകില്ല (തുർമുദി).
സാമൂഹ്യ മാധ്യമങ്ങൾക്കു മുന്നിൽ അനാവശ്യമായി കുത്തിയിരുന്നും വീഡിയോ ഗെയ്മുകളിൽ അഭിരമിച്ചും സമയം നഷ്ടപ്പെടുത്തുന്നതൊരിക്കലും വിശ്വാസിക്ക് യോജിച്ചതല്ല. ആരോഗ്യം തുളുമ്പുന്ന യുവത്വവും കൗമാരവും ഗെയ്മിനോ ഒരു കൊച്ചു മൊബൈലിനോ അവിഹിത പ്രണയങ്ങൾക്കോ പകരം വെക്കാനുള്ളതല്ല. പ്രപഞ്ചനാഥനെയോർത്ത് നന്ദി പ്രകാശനം നടത്താനുള്ള വേദിയാണോരോ സമയവും. ഖുർആൻ പറയുന്നതിങ്ങനെ: നന്ദി കാണിക്കുന്നവർക്കും ആലോചിച്ച് മനസ്സിലാക്കാനുദ്ദേശിക്കുന്നവർക്കും വേണ്ടി രാവിനെയും പകലിനെയും മാറിമാറി വരുന്ന താക്കിയവനാണവൻ (25/62).
പ്രവാചകർ(ﷺ) പറയുന്നു: യുവത്വവും ഒഴിവു സമയവുമാണ് കുടുൽ ആളുകളും വഞ്ചിക്കപ്പെടുന്ന രണ്ട് അനുഗ്രഹങ്ങൾ (ബുഖാരി). പൈശാചികതക്കും ദേഹേച്ഛകൾക്കും വഴങ്ങി സമയം നശിപ്പിക്കാവതല്ല. മനുഷ്യസൃഷ്ടിപ്പിന്റെ അടിസ്ഥാന ലക്ഷ്യമാകുന്ന ആരാധനക്കും അതിനു സഹായകമായ ജീവിതോപാധികൾ കണ്ടെത്തുന്നതിനും ഉപയോഗപ്പെടുത്തി ഇരുലോകവും നേടാനുള്ളതാണ് സമയവും ആരോഗ്യവും.
ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ ഇന്നുതന്നെ ചെയ്യാതെ നാളേക്ക് മാറ്റിവെക്കുന്ന അലസരാകരുത്. ബകർ അൽമുസനി പറഞ്ഞു: ഒരോ പകലും നിന്നോട് വിളിച്ച് പറയുന്നു; ആദം സന്തതിയേ… നീ അവസരം ഉപയോഗിക്കുക. എനിക്കു ശേഷം മറ്റൊരു പകൽ ഇല്ലാതിരിക്കാം. രാത്രി ഇങ്ങനെ വിളിച്ച് പറയും; എന്നെ വിനിയോഗിക്കൂ. മറ്റൊരു രാത്രി നിനക്കൊരുപക്ഷേ ഇല്ലാതിരിക്കാം (ലത്വാഇഫുൽ മആരിഫ്).
മനുഷ്യ സാഹചര്യങ്ങൾക്ക് വ്യതിയാനം സംഭവിക്കുന്നുണ്ട്. സാഹചര്യങ്ങളും അവസരങ്ങളും ഒത്തുവരുന്ന സമയം ക്രിയാത്മകമായി ഉപയോഗപ്പെടുത്താനാവണം. നബി(ﷺ) പറഞ്ഞതിങ്ങനെ വായിക്കാം: അഞ്ച് കാര്യങ്ങൾക്ക് മുമ്പ് അഞ്ച് സംഗതികളെ ഉപയോഗപ്പെടുത്തുക. വാർധക്യത്തിനു മുമ്പ് യുവത്വം. രോഗത്തിനു മുമ്പ് ആരോഗ്യം. ദാരിദ്ര്യത്തിന് മുമ്പ് സമ്പത്ത്. തിരക്കിനു മുമ്പ് ഒഴിവു സമയം. മരണത്തിനു മുമ്പ് ജീവിതം.
മുഴുനേരവും ഐഹിക കാര്യങ്ങളിൽ മുഴുകാതെ ഒഴിവുണ്ടാക്കി ഇലാഹീ സ്മരണകളിലും ആരാധനാ കർമങ്ങൾക്കും കൂടുതൽ സമയം നീക്കി വെക്കാനാകണം. ജോലിത്തിരക്കിനിടയിൽ നിസ്‌കാരം മറന്നുവെന്നൊക്കെ പറയുന്നവരായി ഒരു വിശ്വാസി അധ:പതിക്കാൻ പാടില്ല. കഠിനാധ്വാനങ്ങളിൽ മുഴുകി രാത്രി വീട്ടിലെത്തിയിട്ടും ക്ഷീണമകറ്റാതെ ഖുർആൻ, ദിക്ർ, മാല, മൗലിദുകൾ പാരായണം ചെയ്തിരുന്ന പാരമ്പര്യം നിലനിർത്തുക തന്നെ വേണം. മതം അനുവദിക്കുന്ന തമാശയും കളികളുമെല്ലാം മാറ്റിവെക്കണമെന്നല്ല, എല്ലാത്തിലും മിതത്വം കൈവരിക്കാൻ ശ്രമിക്കണമെന്ന് മാത്രം.
നഷ്ടപ്പെട്ട സമയങ്ങളെയോർത്ത് അവസാനം നിരാശപ്പെടുന്നത് വ്യർത്ഥമാണ്. മരണസമയത്ത് മനുഷ്യൻ, ഒരു നിമിഷം കൂടെ ജീവിതം നൽകൂ. ഞാൻ ദാനം ചെയ്യാം, സൽകർമങ്ങൾ കൊണ്ട് ധന്യമാക്കാം’ എന്ന് വിലപിക്കുമെന്ന് ഖുർആനിൽ (സൂറത് മുനാഫിഖൂൻ) വ്യക്തമാക്കിയിട്ടുണ്ട്.
മഹാന്മാരൊക്കെ സമയത്തിന്റെ വില മനസ്സിലാക്കിയവരായിരുന്നു. ഇബ്‌നു മസ്ഊദ് (റ) പറയുന്നു: ‘കൂടുതൽ സൽകർമങ്ങൾ ചെയ്യാൻ കഴിയാതെ എന്റെ കാലം ചുരുക്കുന്ന സൂര്യാസ്ത മയമല്ലാതൊന്നും എന്നെ ദു:ഖത്തിലാക്കുന്നില്ല.
ഇബ്‌നുൽ ജൗസി കുറിച്ചു: ‘തന്റെ സമയത്തിന്റെ വിലയും തന്റെ കാലഘട്ടത്തിലെ ആത്മീയ ഉയർച്ചയും മനസ്സിലാക്കൽ മനുഷ്യന് അനിവാര്യമാണ്. സൽക്കർമത്തിനല്ലാതെ ഒരു നിമിഷവും അവൻ പാഴാക്കരുത്. വാക്ക്, പ്രവൃത്തികളിൽ നിന്ന് ഏറ്റവും ശ്രേഷ്ഠമായതിന് മുൻഗണന നൽകുകയും വേണം (സൈദുൽ ഖാതിർ).
‘മരണത്തേക്കാൾ കഠിനമാണ് സമയം നശിപ്പിക്കൽ. ഇത് അല്ലാഹുവുമായും പരലോകവുമായും നിന്നെ വേർപ്പെടുത്തുന്നു. എന്നാൽ മരണം ദുനിയാവിൽ നിന്നും അതിന്റെ ആളുകളിൽനിന്നും മാത്രമേ വേർപ്പെടുത്തുന്നുള്ളൂ (അൽഫവാഇദ്: 44).
ഒരുദിവസം തന്നെ നിസ്‌കാരം, നോമ്പ് തുടങ്ങിയ ബാധ്യതകൾക്കപ്പുറം ഒരുപാട് സുകൃതങ്ങൾ ചെയ്യാൻ ശ്രമിക്കേണ്ടതുണ്ട്. ഒരു സദസ്സിൽ നബി(ﷺ) ചോദിച്ചു: ഇന്ന് ആരാണ് നിങ്ങളിൽ നോമ്പുകാരനായിരുന്നത്? അബൂബക്കർ(റ) പറഞ്ഞു: ‘ഞാൻ.’ വീണ്ടും ചോദിച്ചു: ഇന്ന് ആരാണ് ജനാസയെ അനുഗമിച്ചത്? അബൂബക്കർ(റ) പറഞ്ഞു: ‘ഞാൻ.’ നിങ്ങളിൽ ആരാണ് ഇന്നൊരഗതിക്ക് ഭക്ഷണം നൽകിയതെന്ന അടുത്ത ചോദ്യത്തിനും ഞാൻ എന്ന് അദ്ദേഹം മറുപടി പറഞ്ഞു. നിങ്ങളിൽ ആരാണ് ഇന്നൊരു രോഗിയെ സന്ദർശിച്ചത് എന്ന അടുത്ത ചോദ്യത്തിനും അബൂബക്കർ(റ) പറഞ്ഞു: ‘ഞാൻ.’ അപ്പോൾ നബി(ﷺ) അരുളി: ഇക്കാര്യങ്ങളെല്ലാം ഒരു മനുഷ്യനിൽ ഒരുമിച്ചുവന്നാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കാതിരിക്കില്ല (മുസ്‌ലിം). ഒരു ദിനത്തിൽ തന്നെ സ്വർഗം നേടുന്ന ഉത്തമ മാതൃക.
അലി(റ) പറഞ്ഞു: ഇഹലോകം നമ്മിൽ വിട പറഞ്ഞുകൊണ്ടിരിക്കുകയാണ്. പരലോകം നമ്മിലേക്കടുത്തുകൊണ്ടിരിക്കുന്നു. നിങ്ങൾ പരലോകത്തിനു വേണ്ടി ജീവിക്കുക. ഈ ലോകത്തിന് വേണ്ടി ജീവിക്കരുത്. ഇന്നത്തെ ദിവസം പ്രവർത്തിക്കാനുള്ളതാണ്. വിചാരണക്കുള്ളല്ല. എന്നാൽ നാളെ വിചാരണക്കുള്ളതാണ്. പ്രവർത്തനത്തിന് സാധ്യമല്ല തന്നെ!
സമയത്തെ സത്യം ചെയ്ത് ഖർആൻ പറഞ്ഞത്, ‘മനുഷ്യൻ നഷ്ടത്തിലാണ്. വിശ്വസിച്ച,് സൽകർമങ്ങൾ ചെയ്ത് പരസ്പരം സത്യവും ക്ഷമയും പരസ്പരം ഉപദേശിക്കുന്നവരൊഴികെ’ എന്നാണ് (സൂറതുൽ അസ്വ്ർ). ഒരോ നിമിഷവും മരണത്തിലേക്കാണ് കൊഴിഞ്ഞുപോകുന്നത്. അതിനാൽ സമയത്തെ ക്രിയാത്മകമായി ഉപയോഗിക്കുന്നവർ മാത്രമാണ് വിജയിക്കുക. ഈ ബോധമാവണം വിശ്വാസികളെ നിയന്ത്രിക്കുന്നത്.
കടപ്പാട്
Post a Comment