സുല്‍ത്താനുല്‍ ഹിന്ദ് ഖാജാ മുഈനുദ്ധീൻ ചിശ്തി (റ)
*സുല്‍ത്താനുല്‍ ഹിന്ദ്*
*ഖാജാ മുഈനുദ്ധീൻ ചിശ്തി (റ)*
സുൽത്വാനുൽ ഹിന്ദ് ഖാജാ തങ്ങളുടെ സ്മരണകൾ കൊണ്ടനുഗ്രഹീതമായ മാസമാണ് റജബ്. ഇറാനിലെ സിജിസ്ഥാൻ പ്രവിശ്യയിലെ സഞ്ചർ എന്ന ഗ്രാമത്തിൽ ജനിച്ചു. അദ്ദേഹത്തിന്റെ ജനനവും മരണവും റജബ് മാസത്തിലായിരുന്നു...
പ്രവാചക പുത്രി ഫാത്തിമ(റ)യുടെ പതിനൊന്നാമത്തെ തലമുറയിൽ പെട്ട ശൈഖ് ഗിയാസുദ്ദീൻ എന്നവരുടെ മകനായി ഹിജ്‌റ 547 റജബ് 14-നാണ് അദ്ദേഹം പിറന്നത്. പ്രമുഖ പണ്ഡിതനും പ്രമാണിയുമായിരുന്ന ഗിയാസുദ്ദീൻ സഞ്ചർ നിവാസികളുടെ മതകാര്യ ഉപദേഷ്ടാവ് കൂടിയായിരുന്നു. സയ്യിദ് കുടുംബത്തിൽ പെട്ട ബീവി ഉമ്മുൽ വറഅ് മാഹിൻനൂർ എന്നവരാണ് മാതാവ്. തികഞ്ഞ മതഭക്തയും പണ്ഡിതയുമായിരുന്ന അവർ നാട്ടിലെ വനിതകൾക്കും കുട്ടികൾക്കും ഖുർആൻ പാരായണവും മതനിയമങ്ങളും പഠിപ്പിച്ചിരുന്നു.
അറിവും സമ്പത്തും കൈമുതലുള്ള ആ ദമ്പതികൾ ഐശ്വര്യ പൂർണമായ ജീവിതമാണ് നയിച്ചിരുന്നത്. ഖാജയെ ഗർഭം ധരിച്ചതു മുതൽ പല അത്ഭുതങ്ങൾക്കും അവർ ദൃക്‌സാക്ഷികളായി. ഗർഭസ്ഥശിശുവായിരുന്ന ഖാജാ തങ്ങൾ പ്രത്യേക സമയങ്ങളിൽ ദിക്‌റുകളും തസ്ബീഹുകളും ഉരുവിടുന്നത് മാതാവ് കേൾക്കാറുണ്ടായിരുന്നു.
ശൈശവ കാലത്ത് തന്നെ ഖാജായുടെ ആത്മീയ സിദ്ധികൾ നാട്ടുകാർക്ക് ബോധ്യമായിരുന്നു. ഗ്രാമവാസികളായ സ്ത്രീകൾ അവരുടെ കൈക്കുഞ്ഞുങ്ങൾക്ക് അസുഖമായി വേവലാതി പറഞ്ഞു വരുമ്പോൾ കുഞ്ഞായ ഖാജ അവരെ തലോടുകയും ഇളം കൈകളുയർത്തി പ്രാർത്ഥിക്കുകയും തൽക്ഷണം രോഗശമനം ലഭിക്കുകയും ചെയ്തിരുന്നു. കുട്ടിക്കാലം മുതൽ തന്നെ അദ്ദേഹം വേദനയനുഭവിക്കുന്നവരുടെ ആശാകേന്ദ്രമായിരുന്നു എന്നതിന്റെ നേർചിത്രമാണ് പ്രസ്തുത സംഭവങ്ങൾ.
നിരവധി രാജ്യങ്ങളുമായി വ്യാപാര ബന്ധങ്ങളുണ്ടായിരുന്ന ഗിയാസുദ്ദീന് ഖാജയുടെ ജനനം കൂടുതൽ അഭിവൃദ്ധി നൽകി. സമ്പദ്‌സമൃദ്ധിയിൽ വളർന്ന ആ കുട്ടിക്ക് പക്ഷേ, കുടുംബത്തിന്റെ സുഖസമ്പൂർണമായ ജീവിതത്തോട് ഒരു താൽപര്യവും ഉണ്ടായിരുന്നില്ല. ആത്മീയ ഗുരുക്കളുമായി സമ്പർക്കം പുലർത്തിയും സദുപദേശങ്ങൾ തേടി അവ ജീവിതത്തിൽ പകർത്തിയും വളർന്ന ഖാജയിൽ ആത്മീയ പരിവർത്തനത്തിന്റെ അനുരണനങ്ങൾ പ്രതിഫലിച്ചുകൊണ്ടിരുന്നു
സഞ്ചർ ഗ്രാമത്തിൽ മാതാപിതാക്കളോടൊത്ത് സൗഖ്യത്തോടെ ജീവിക്കുമ്പോഴായിരുന്നു ഖാജാ തങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ച സംഭവവികാസങ്ങൾ ഉണ്ടായത്.
ഇറാനിൽ പൊട്ടിപ്പുറപ്പെട്ട യുദ്ധം സഞ്ചർ നിവാസികളെയും പ്രതിസന്ധിയിലാക്കി. യുദ്ധക്കെടുതികളിൽ നിന്ന് രക്ഷ നേടാനും അതിജീവനത്തിന്റെ പുതിയ മാർഗങ്ങൾ അന്വേഷിക്കാനും ഗ്രാമീണർ വിവിധ നാടുകളിലേക്ക് പലായനം ചെയ്തു. ഖാജയുടെ കുടുംബം ഖുറാസാനിലെ നിഷ്പൂർ എന്ന ഗ്രാമത്തിലേക്കായിരുന്നു കുടിയേറിയത്.
ശൈഖ് ഗിയാസുദ്ദീൻ അവിടെ സ്ഥിരതാമസമാക്കുകയും ഒരു മുന്തിരിത്തോട്ടം വിലയ്ക്കുവാങ്ങി ഉപജീവന മാർഗം കണ്ടെത്തുകയും ചെയ്തു. ഏറെ വൈകാതെ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.
അനാഥനായ ഖാജാ തങ്ങളെ മാതാവ് ഉമ്മുൽ വറഅ് വാത്സല്യത്തോടെ വളർത്തി വന്നെങ്കിലും താമസിയാതെ അവരും നാഥന്റെ വിളിക്ക് ഉത്തരം നൽകി.
മാതാപിതാക്കളുടെ വിയോഗം പതിനാല് വയസ്സ് മാത്രം പ്രായമുള്ള ഖാജ തങ്ങളെ വല്ലാതെ തളർത്തിയെങ്കിലും അല്ലാഹുﷻവിലുള്ള അചഞ്ചലമായ വിശ്വാസമാണ് മഹാന് ആത്മബലം നൽകിയത്. ദൈനംദിന ചെലവുകൾ കണ്ടെത്താനായി മുന്തിരി തോട്ടത്തിൽ തനിച്ച് ജോലി ചെയ്ത് വരികയായിരുന്നു. അങ്ങനെയിരിക്കെയാണ് ഖാജ തങ്ങളുടെ ജീവിതത്തിലെ വഴിത്തിരിവായി മാറിയ ശൈഖ് ഇബ്‌റാഹിമിന്റെ വരവും തുടർ സംഭവങ്ങളും ഉണ്ടായത്.
അതോടെ, അല്ലാഹുﷻവിനെക്കുറിച്ചുള്ള ചിന്ത കൂടുകയും ഭൗതിക വിരക്തി തോന്നിത്തുടങ്ങുകയും ചെയ്തു. പ്രപഞ്ചനാഥന്റെ പ്രീതിയും സാമീപ്യവും നേടുന്നതിലാണ് ജീവിത വിജയമെന്നും അതിന് അധ്യാത്മികമായ ഔന്നത്യം ആവശ്യമാണെന്നുമുള്ള തിരിച്ചറിവ് അദ്ദേഹത്തിന്റെ ബോധമണ്ഡലത്തെ കൂടുതൽ സ്വാധീനിച്ചുകൊണ്ടിരുന്നു. അവസാനം എല്ലാമെല്ലാമായിരുന്ന മുന്തിരിത്തോട്ടം വിറ്റ് കിട്ടിയ സംഖ്യ പാവപ്പെട്ടവർക്ക് ദാനം ചെയ്ത ശേഷം മഹാൻ നിഷ്പൂരിൽ നിന്നു യാത്ര തിരിച്ചു.
അറിവിന്റെ ഉറവകൾ തേടിയുള്ള അലച്ചിലായിരുന്നു പിന്നീട്. കാടും കടലും മലയും മരുഭൂമിയും താണ്ടിയുള്ള യാത്രയിൽ ഭൗതികമായ ഒന്നും ഖാജാ തങ്ങൾക്ക് തടസ്സമായിരുന്നില്ല. ഇക്കാലയളവിൽ ലോകത്തെ വൈജ്ഞാനിക കേന്ദ്രങ്ങളായിരുന്ന ബഗ്ദാദ്, ഈജിപ്ത്, കോർദോവ, തുർക്കി, സമർഖന്ദ്, എന്നീ സ്ഥലങ്ങൾ സന്ദർശിക്കുകയും അവസാനം റഷ്യയിലെ ബുഖാറയിൽ താമസിച്ച് അവിടത്തെ പ്രസിദ്ധ പണ്ഡിതനായിത്തീർന്ന മൗലാന ഹിസാമുദ്ദീൻ ബുഖാരി(റ)വിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു.
കുറച്ചു കാലം ആ ഗുരുസന്നിധിയിൽ പഠിച്ചു. അവിടെ വെച്ച് വിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കുകയും കർമ്മശാസ്ത്രത്തിൽ അവഗാഹം നേടുകയുമുണ്ടായി. എന്നാൽ വിജ്ഞാന ദാഹം അടങ്ങാത്ത മഹാൻ വന്ദ്യഗുരുവിന്റെ അനുഗ്രഹങ്ങൾ വാങ്ങി ആത്മജ്ഞാനത്തിന്റെ ഉറവിടങ്ങൾ തേടി വീണ്ടും യാത്ര തിരിച്ചു.
നാഥന്റെ സാമീപ്യം കൊതിച്ച്, പ്രപഞ്ചത്തിന്റെ പരംപൊരുളന്വേഷിച്ച് കൊണ്ടുള്ള ആ പ്രയാണം ചെന്നവസാനിച്ചത് മഹാപണ്ഡിതനും ചിശ്തി ത്വരീഖത്തിന്റെ ശൈഖും ഖലീഫയുമായി ഉസ്മാൻ ഹാറൂനി(റ)വിന്റെ അടുക്കലായിരുന്നു. ഹാറൂനിയുടെ ശിഷ്യത്വം സ്വീകരിച്ച് രണ്ട് പതിറ്റാണ്ടോളം അദ്ദേഹത്തോടൊപ്പം സഹവസിച്ച മഹാൻ അറിവിന്റെ ആഴങ്ങളിലേക്കിറങ്ങുകയും അധ്യാത്മികതയുടെ ഗിരിശൃംഗങ്ങൾ കീഴടക്കുകയും ചെയ്തു. ഖാജയെ ശിഷ്യനായി ലഭിച്ചതിൽ ഹാറൂനി അതിരറ്റ് സന്തോഷിച്ചിരുന്നു. പിന്നീട് തന്റെ അരുമ ശിഷ്യനെ ചിശ്തി ത്വരീഖത്തിന്റെ സമുന്നത നേതാവായി അവരോധിച്ച് സ്ഥാനവസ്ത്രവും തലപ്പാവും നൽകി ആദരിച്ച്, പ്രബോധന പ്രവർത്തനങ്ങൾക്കായി പറഞ്ഞയച്ചു.
വിശുദ്ധ ദീനിന്റെ പ്രബോധനാർത്ഥമാണെങ്കിലും വിട്ടുപിരിയേണ്ടിവന്നതിൽ ഇരുവരും വല്ലാതെ ദു:ഖിച്ചു. എങ്കിലും അല്ലാഹുﷻവിന്റെ പൊരുത്തം കാംക്ഷിച്ച് വിരഹ ദു:ഖവുമായി ഹാറൂനിയുടെ ഗുരുകുലത്തിൽ നിന്നു ഖാജ വിട ചോദിച്ചു.
ഇന്തോ-പാക് അതിർത്തി പ്രദേശമായ ഖൈബർ ചുരത്തിലെ ദുർഘട പാതകൾ താണ്ടിയാണ് ശൈഖ് മുഈനുദ്ദീൻ ചിശ്തി(റ) ഇന്ത്യയിലെത്തിയത്. ഹിജ്‌റ 588-ൽ നാൽപത് ശിഷ്യന്മാരോടൊപ്പം അദ്ദേഹം അജ്മീറിലെത്തി. നിരവധി വൈദേശിക ശക്തികളെ തോൽപ്പിച്ച രജപുത്ര രാജകുടുംബത്തിലെ പ്രധാനിയായ പൃഥിരാജ് ചൗഹാനായിരുന്നു അന്ന് അജ്മീർ പ്രവിശ്യ ഭരിച്ചിരുന്നത്. പ്രകൃതിയിലെ വസ്തുക്കൾക്ക് ദൈവികത കൽപ്പിച്ച് അന്നത്തെ സമൂഹം അവയെ ആരാധിച്ചിരുന്നു. മഹ്മൂദ് ഗസ്‌നിയും മുഹമ്മദ് ഗോറിയും തുഗ്ലക്കുമെല്ലാം സായുധ സൈന്യവുമായാണ് രാജ്യം കീഴടക്കാൻ വന്നതെങ്കിൽ നിരായുധരായി വന്ന ഖാജാ തങ്ങളും അനുചരരും അവരുടെ സ്‌നേഹ സമീപനം കൊണ്ടാണ് ജനമനസ്സുകൾ കീഴടക്കിയത്.
നിറപുഞ്ചിരിയോടെ ജനങ്ങളെ സമീപിച്ച ഖാജാ തങ്ങളെ എല്ലാവരും അംഗീകരിച്ചു. ഒടുവിൽ രാജകുടുംബത്തിലെ ചില അംഗങ്ങൾ വരെ ഇസ്‌ലാം പുൽകി. സ്‌നേഹവും സഹനവും മുഖമുദ്രയാക്കി വർത്തിച്ച ഖാജാ തങ്ങൾക്ക് അവർക്കിടയിൽ ഉന്നതസ്ഥാനം നൽകപ്പെട്ടു. ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിലും ഇടക്കാലത്ത് അദ്ദേഹം വന്ന് ഇസ്‌ലാം പ്രബോധനം ചെയ്തിരുന്നു. പിന്നീട് അവിടത്തെ എല്ലാ ചുമതലകളും ശിഷ്യനും പണ്ഡിതനുമായ ഖുത്ബുദ്ദീൻ ബഖ്തിയാർ കാക്കി(റ)വിനെ ഏൽപ്പിച്ച് അജ്മീറിലേക്ക് മടങ്ങി.
ഹിജ്‌റ 633 റജബിലായിരുന്നു മഹാന്റെ വിയോഗം. ഇബാദത്തുകൾക്കായി പ്രത്യേകം തയ്യാർ ചെയ്തിരുന്ന മുറിയിൽ രാത്രി സമയത്ത് ആരാധനാ കർമ്മങ്ങളിൽ മുഴുകിയിരിക്കെ ആ പുണ്യാത്മാവ് സൃഷ്ടാവിന്റെ സന്നിധിയിലേക്ക് യാത്രയായി. പാവങ്ങളുടെ ആശാകേന്ദ്രമായാണ് എക്കാലത്തും അദ്ദേഹം ജീവിച്ചത്. അതു കൊണ്ടാണ് ‘ഗരീബ് നവാസ്’ എന്ന നാമധേയത്തിൽ മഹാൻ അറിയപ്പെട്ടത്.
തീർത്തും ലളിതമായിരുന്നു ജീവിതം. അതേസമയം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇന്ത്യയുടെ സുൽത്വാനായി മഹാൻ അറിയപ്പെടുന്നു. ജീവിത വിശുദ്ധി കൊണ്ടും വ്യക്തി മാഹാത്മ്യം കൊണ്ടും ജനമനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടിയ ഖാജാ തങ്ങളുടെ ദർബാറിൽ ഇന്നും ദേശീയ-അന്തർ ദേശീയ നേതാക്കളും ഭരണാധികാരികളും വന്ന് അനുഗ്രഹീതരാകുന്നു.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇസ്‌ലാമിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ നിസ്തുലമായ പങ്ക് വഹിച്ച ഖാജാ മുഈനുദ്ദീൻ ചിശ്തി(റ)നെ മുസ്‌ലിം ഇന്ത്യ എന്നും സ്മരിച്ചു കൊണ്ടേയിരിക്കും.
(മുത്വലിബ് ബഷീർ)
നാളെ (റജബ് 6) ഇന്ത്യയുടെ സുൽത്താൻ
*അജ്മീർ ഖാജാ* തങ്ങളുടെ വഫാത്ത് ദിവസമാണ്
കഴിയുന്നവരൊക്കെ വീട്ടിൽ മഹാനവർകളുടെ പേരിൽ മൌലിദ് ചോല്ലുക. അല്ലെങ്കിൽ ഒരു യാസീൻ എങ്കിലും ഓതി ദുആ ചെയ്യുക.
ഇത് വായിക്കുന്ന എല്ലാവരും മഹാൻ അവർകളുടെ പേരിൽ ഒരു ഫാതിഹ ഓതി ഹദിയ ചെയ്യാൻ താൽപര്യപ്പെടുന്നു...
അല്ലാഹു സുബ്ഹാനഹുവതആല മഹാനവർകളുടെ ബറകത് കൊണ്ട് നമ്മുടെ ഇഹപര ജീവിതം വിജയത്തിലാക്കട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ
Post a Comment