റജബിന്റെ മഹത്വം

🌹 *റജബിന്റെ മഹത്വം* 🌹
_________________________
ഇസ്ലാമിക പഠനങ്ങൾ2️⃣3️⃣3️⃣

 *✍🏽മദീനയുടെ👑വാനമ്പാടി* 

ഈ ദുആ റജബില്‍ എല്ലാവരും വര്‍ദ്ദിപ്പിക്കുക.
 *أللهم بارك لنا في رجب وشعبان وبلّغنا رمضان* 
അധികരിച്ച ദുആ താഴെ:

اَللَّهُمَّ بَا رِكْ لَنَا فِى رَجَبٍ وَ شَعَبَان.ْ وَبَلِّغْ لَنَا رَمَضَانْ.وَوَفِّقْنِي فِيه قِيَامِي وَصِيَامِي وَتِلاَوَةِ الْقُرْءَانْ

 “അള്ളാഹുവെ റജബിലും ഷഹ്ബാനിലും നീ ഞങള്‍ക്ക് ബര്‍ക്കത്ത് നല്‍കണേ.., റമളാനില്‍ നീ ഞങളെ എത്തിപ്പിക്കുകയും നോമ്പും പിടിക്കാനും, രാത്രി നിന്നു നിസ്കരിക്കാനും, ഖുര്‍ആന്‍ പാരായണം ചെയ്യാനും നീ ഭാഗ്യം നല്‍കണേ…” (ആമീന്‍)
ഈ ദുആ റജബില്‍ എല്ലാവരും വര്‍ദ്ദിപ്പിക്കുക.

മഹത്വങ്ങളേറിയ റജബ് മാസം റമദാനിലേക്കുള്ള കവാടമായാണ് ചരിത്രം വിശേഷിപ്പിക്കുന്നത്.

നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് റജബ് മാസം സാക്ഷ്യം വഹിച്ചിട്ടുണ്ട്. തിരു ഹദീസകളിലും പണ്ഡിതവാക്യങ്ങളിലും റജബിന്റെ മഹത്വം ഒട്ടേറെ വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ പുരാതനകാലം മുതല്‍ക്കെ മുസ്‌ലിം ലോകം റജബ് മാസത്തിന് അത് അര്‍ഹിക്കും വിധം ആദരവ് നല്‍കിയിട്ടുണ്ട്.
ഹിജ്‌റ കലണ്ടര്‍ പ്രകാരം ഏഴാമതായാണ് റജബ്.

മഹത്വം കൂട്ടിക്കൊടുത്ത നാലു മാസങ്ങളിലൊന്നാണ്. ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, മുഹറം എന്നിവയാണ് മറ്റു മൂന്ന് മാസങ്ങള്‍. ഈ നാലു മാസങ്ങളില്‍ യുദ്ധം നിഷിദ്ധമാണ്. 

റജബിനെ സംബന്ധിച്ച് നബി(സ) തങ്ങള്‍ പറഞ്ഞു: സ്വര്‍ഗത്തില്‍ ഒരു നദിയുണ്ട്. റജബ് എന്നാണതിന്റെ നാമം. പാലിനേക്കാള്‍ വെളുപ്പും തേനിനേക്കാള്‍ മാധുര്യവുമാണതിലെ പാനീയം. ആരെങ്കിലും റജബുമാസത്തില്‍ നോമ്പനുഷ്ഠിച്ചാല്‍ പ്രസ്തുത നദിയില്‍ നിന്ന് അല്ലാഹു അവന് വെള്ളം നല്‍കും. 

ഇനിയും നിരവധി ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് ഉദ്ധരണി. നബി(സ) പറഞ്ഞു: റജബ് അല്ലാഹുവിന്റെ മാസവും ശഅ്ബാന്‍ എന്റെ മാസവും റമദാന്‍ എന്റെ സമുദായത്തിന്റെ മാസവുമാണ്. അതായത് റജബ് വിത്ത് നടുന്നതിന്റെയും ശഅ്ബാന്‍ നനയ്ക്കുന്നതിന്റെയും റമദാന്‍ കൊയ്ത്തിന്റെയും മാസങ്ങളാണ്. അഥവ റജബ് മാസത്തില്‍ പ്രത്യേകം ഇബാദത്തുകള്‍ ചെയ്ത് ശഅ്ബാന്‍ മാസത്തില്‍ അതിനെ പാകപ്പെടുത്തിയെടുത്താല്‍ മാത്രമേ വിശുദ്ധ റമദാനില്‍ കൊയ്ത്ത് നടക്കുകയുള്ളു. 

വീണ്ടും നബി തങ്ങള്‍ പറയുന്നു: റജബ് എന്റെ സമുദായത്തിന്റെ മാസമാണ്. എന്റെ സമുദായത്തിന് മറ്റു സമുദായത്തേക്കാളുള്ള ശ്രേഷ്ഠത പോലെയാണ് മറ്റു മാസങ്ങളെ അപേക്ഷിച്ച് റജബിന്റെ മഹത്വം. 
പുണ്യങ്ങളുടെ പൂക്കാലമാവുന്ന റമദാന്‍ മാസത്തിലേക്കുള്ള ഒരുക്കങ്ങള്‍ റജബ് മാസം പിറന്നാല്‍ ഈ സമുദായത്തിലെ ഓരോ വ്യക്തിയും ചെയ്തിരിക്കണമെന്നാണ് മേല്‍ ഹദീസുകളിലൂടെ വീണ്ടും നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. 

ശൈഖ് ജീലാനി (റ) പറയുന്നു: ഒരു വര്‍ഷം ഒരു മരം പോലെയാണ്. വര്‍ഷമാകുന്ന മരം ഇലയിടുന്ന മാസമാണ് റജബ് മാസം. തുടര്‍ന്ന് ഫലങ്ങള്‍ ഉണ്ടാകുന്ന മാസമാണ് ശഅ്ബാന്‍, റമദാന്‍ വിളയെടുക്കുന്ന മാസവുമാണ്. ശഅ്ബാനില്‍ തുടങ്ങിയ പ്രയത്‌നങ്ങളുടെ വിളവെടുപ്പാണ് റമദാന്‍ മാസം. തൗബ ചെയ്യാനും പാപമോചനം തേടാനും അടിമകള്‍ക്ക് പ്രത്യേകം സജ്ജമാക്കിയ മാസമാണ് റജബ്മാസം. ശഅ്ബാന് സ്‌നേഹാദരവുകള്‍ക്കും റമദാന്‍ ഹൃദയത്തെയും ശരീരത്തെയും അല്ലാഹുവിലേക്ക് ബലിയര്‍പ്പിക്കാനുമാണ്.

അബൂബക്കറുല്‍ വര്‍റാക്ക് (റ) ഈ മാസങ്ങളെ ഉപമിക്കുന്നത് ഇങ്ങനെയാണ്: റജബ് കാറ്റിനെപ്പോലെയും ശഅ്ബന്‍ മേഘത്തെപ്പോലെയും റമദാന്‍ മഴയെപ്പോലെയുമാണ്. അല്ലാഹു തന്റെ അടിമകള്‍ക്ക് അവര്‍ ചെയ്യുന്ന നന്മകള്‍ക്ക് എല്ലാ മാസവും പത്തിരട്ടി പ്രതിഫലം നല്‍കുമെങ്കിലും അത് റജബ് മാസത്തില്‍ 70 ഇരട്ടിയായും ശഅ്ബാനില്‍ 700 ഇരട്ടിയായും റമദാനില്‍ 7000 ഇരട്ടിയുമായി വര്‍ധിപ്പിക്കും.

ഇസ്ലാമിലെ വളരെ മര്‍മ്മ പ്രധാനമായ കര്‍മ്മമാണല്ലോ അഞ്ചു നേരത്തെ നിസ്‌ക്കാരം. ഇത് നിര്‍ബന്ധമാക്കിയതും ഈ മാസത്തിലാണ് എന്ന പവിത്രമായ ശ്രേഷ്ഠതയും ഇതിനുണ്ട്. ഇതിന് നിമിത്തമായ തിരുനബിയുടെ ആകാശാരോഹണ യാത്രയും റബ്ബിനോടുള്ള സംഭാഷണവും അങ്ങനെ പല അത്ഭുത സംഭവങ്ങളും റജബ് മാസത്തിലാണ്. അത് കൊണ്ട് തന്നെ നിസ്‌ക്കാരത്തിന്റെ വാര്‍ഷികമായിട്ടാണ് ഓരോ റജബും നമ്മിലേക്ക് ആഗതമാവുന്നത്.

ബുറാഖ് എന്ന പ്രത്യേക വാഹനത്തിലായിരുന്നു ജിബ്രീരീലു(അ) മൊത്ത് പ്രവാചകന്റെ ആകാശാരോഹണ യാത്ര. പല സ്ഥലങ്ങളും കണ്ടു. നബിമാരുമായി ഒത്തുകൂടി അവര്‍ക്ക് ഇമാമായി നിസ്‌ക്കരിച്ചു. സിദ്‌റത്തുല്‍ മുന്‍ത്വഹയടക്കം പല സംഭവങ്ങളും ദര്‍ശിച്ചു. അല്ലാഹുവിന്റെ സമീപത്ത് എത്തി നിസ്‌ക്കാരം സമ്മാനമായി ലഭിച്ചു. അത് കൊണ്ട് തന്നെ വിശ്വാസിയുടെ മിഅ്‌റാജാണ് നിസ്‌ക്കാരം. റജബുമാസം 27ന് (മിഅ്‌റാജ് ദിനം) നോമ്പനുഷ്ഠിക്കല്‍ സുന്നത്താണെന്ന് കര്‍മ്മശാസ്ത്ര പണ്ഡിതര്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. മിഅ്‌റാജ് ദിനത്തിലെ നോമ്പിന്റെ മഹത്വം വ്യക്തമാക്കുന്ന ഹദീസ് ഇമാം ഗസ്സാലി(റ) തന്റെ വിശ്വവിഖ്യാത ഗ്രന്ഥമായ ഇഹ്‌യാഇല്‍ പറയുന്നു. നബി(സ) പറഞ്ഞു. ആരെങ്കിലും റജബ് 27ന് നോമ്പനുഷ്ഠിച്ചാല്‍ 60 മാസത്തെ നോമ്പിന്റെ പ്രതിഫലം അല്ലാഹു അവനു നല്‍കും. അബൂഹുറൈറ(റ)വില്‍ നിന്ന് അബൂമൂസാ മദീനി(റ) ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

സല്‍മാനുല്‍ ഫാരിസി(റ) ഉദ്ധരിക്കുന്നു: റസൂല്‍(സ) ഇപ്രകാരം അരുള്‍ ചെയ്തിരിക്കുന്നു: 'റജബ് മാസത്തില്‍ ഒരു രാപ്പകലുണ്ട്. വല്ലവരും അന്നത്തെ പകല്‍ നോമ്പുഷ്ഠിക്കുകയും രാത്രിയില്‍ സുന്നത്തുകളുമായി കഴിയുകയും ചെയ്താല്‍ അത് നൂറ് വര്‍ഷത്തെ വ്രതത്തിന് തുല്യമായിരിക്കും. അത് റജബ് ഇരുപത്തേഴാണ്. ഇങ്ങനെ നിരവധി പുണ്യങ്ങള്‍ ഈ ദിനത്തിനുണ്ട്.