നാരിയ്യത്തു സ്വലാത്ത്🤲

*🤲നാരിയ്യത്തു സ്വലാത്ത്🤲*
*=======================*


*=======================*
                            
  ✍️നൂറ്റാണ്ടുകളായി ലോക മുസ്‌ലിംകൾ നിരാക്ഷേപം നടത്തിവരുന്ന സവിശേഷ സ്വലാത്താണ് പ്രസിദ്ധമായ നാരിയത്തു സ്വലാത്ത്. മറ്റു മിക്ക സ്വലാത്തുകളിലുമില്ലാത്ത പ്രത്യേകതകൾ ഈ സ്വലാത്തിനുണ്ട്.

നബി(സ്വ)യുടെ മേൽ സ്വലാത്തും സലാമും നിർവ്വഹിക്കുവാൻ സത്യവിശ്വാസികളോട് ഖുർആനിന്റെ നിർദ്ദേശമുണ്ടല്ലോ. അല്ലാഹു പറയുന്നു: നിശ്ചയം അല്ലാഹുവും അവന്റെ മലക്കുകളും നബി(സ്വ)യുടെ മേൽ സ്വലാത്ത് നിർവ്വഹിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങൾ നബി(സ്വ)യുടെ മേലിൽ സ്വലാത്തും സലാമും ചൊല്ലൽ നിർവ്വഹിക്കുകയും ചെയ്യുക (അഹ്സാബ്: 56).

ഈ സൂക്തം പ്രകാരം നബി(സ്വ)യുടെ മേൽ സ്വലാത്തും സലാമും നിർദ്ദേശിക്കപ്പെട്ട പുണ്യകർമ്മമാണെന്നതിൽ പക്ഷാന്തരമില്ല. വിശുദ്ധ ഖുർആനിന്റെ സുവ്യക്തവും ഖണ്ഡിതവുമായ ഈ നിർദ്ദേശം തന്നെയാണ് നാരിയത്തുസ്വലാത്തിന്റെ അടിസ്ഥാനം. സ്വലാത്തും സലാമും ഇന്ന വാക്യം കൊണ്ടേ നിർവ്വഹിച്ചിടൂ എന്നു നിജപ്പെടുത്തിയിട്ടില്ല. സ്വലാത്തിന്റെ ആശയം (സമ്പൂർണ്ണ റഹ്മത്തു കൊണ്ട് നബി(സ്വ)ക്ക് പ്രാർത്ഥിക്കുക) ഉൾകൊള്ളുന്ന ഏതു വാക്യം കൊണ്ടും സ്വലാത്തിന്റെ പുണ്യം ലഭിക്കും (ഹാശിയത്തുന്നിഹായ: 2/343).

അല്ലാഹുവിന്റെ സ്വലാത്തെന്നാൽ, അവൻ ആദരപൂർവ്വം നബി(സ്വ)ക്ക് റഹ്മത്തു ചെയ്യലാണെന്നും മലക്കുകളുടെ സ്വലാത്തെന്നാൽ റഹ്മത്തിനു വേണ്ടിയുള്ള പ്രാർത്ഥനയാണെന്നും സത്യവിശ്വാസികളുടെ സ്വലാത്തെന്നാൽ അല്ലാഹുവിന്റെ സ്വലാത്തിനായി പ്രാർത്ഥിക്കലാണെന്നും ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട് (ഫത്ഹുൽ ബാരി: 11/27). അല്ലാഹുവിന്റെ മലക്കുകളുടെ സാന്നിധ്യത്തിൽ നബി(സ്വ)യെ പ്രകീർത്തിക്കുക എന്നാണ് അല്ലാഹു സ്വലാത്തു ചെയ്യുക എന്നതിന്റെ വിവക്ഷയെന്ന് ഇമാം ബുഖാരി(റ) ഉദ്ധരിച്ചിട്ടുണ്ട്.

     *📜നാരിയ്യത്തു സ്വലാത്ത്📜*

*اَللَّهُمَّ صَلِّ صَلَاةً كَامِلَةً وَسَلِّمْ سَلاَمًا تَامًّا عَلَى سَيِّدِنَا مُحَمَّدٍ الَّذِي تَنْحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْكُرَبُ وَتُقْضَى بِهِ الْحَوَائِجُ وَ تُنَالُ بِهِ الرَّغَائِبُ وَحُسْنُ الْخَوَاتِمِ وَيُسْتَسْقَى الْغَمَامُ بِوَجْهِهِ الْكَرِيمِ وَعَلَى آلِهِ وَصَحْبِهِ فِي كُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ كُلِّ مَعْلُومٍ لَكَ۝*

അർത്ഥം: ഞങ്ങളുടെ നായകനായ തിരുനബി(സ്വ)ക്കും കുടുംബത്തിനും അനുചരന്മാർക്കും സദാസമയവും അല്ലാഹുവേ, നിന്റെ അറിവിലുള്ള സകല വസ്തുക്കളുടെയും എണ്ണം കൊണ്ട് നീ സമ്പൂർണ്ണ അനുഗ്രഹവും രക്ഷയും വർഷിക്കേണമേ. നബി(സ്വ) തങ്ങൾ മൂലം പ്രയാസത്തിന്റെ കെട്ടുകളഴിയും. വേദനകൾ നിശ്ശേഷം നീങ്ങും. ആവശ്യങ്ങൾ സാധിക്കും. മോഹങ്ങൾ പൂവണിയും. അവസാനം നന്നായി മരിക്കാൻ സാധിക്കും. അവിടുത്തെ തിരുമുഖം കൊണ്ട് മേഘത്തോട് മഴ വർഷിക്കാൻ തേടപ്പെടും.

ആറു പ്രധാന കാര്യങ്ങൾ എടുത്തു പറഞ്ഞു നബി(സ്വ) യെ വർണ്ണിക്കുകയാണീ സ്വലാത്തിൽ. ഇവയത്രയും അക്ഷരംപ്രതി ശരിയാണെന്ന് നിരവധി ഹദീസുകൾ കൊണ്ട് തെളിഞ്ഞതാണ്.

*_അള്ളാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ..._*
*_ആമീൻ_*
♾️♾️♾️♾️♾️♾️♾️