☘️ഇമാം സുയൂത്വി (റ);☘️ തലകുനിക്കാത്ത പണ്ഡിതൻ...
*☘️ഇമാം സുയൂത്വി (റ);☘️*
*തലകുനിക്കാത്ത പണ്ഡിതൻ...*
ഉപഹാരങ്ങളുമായി സുൽത്വാൻ സൈഫുദ്ദീനുൽ ഗൂരിയ്യിന്റെ ദൂതൻ വന്നിരിക്കുന്നു. ആയിരം ദീനാറും ഒരു അടിമയെയുമാണ് രാജാവ് കൊടുത്തയച്ചിരിക്കുന്നത്!.
"എനിക്ക് ആ പണം വേണ്ട. അവയെല്ലാം നിങ്ങൾ രാജാവിന് തന്നെ തിരികെ നൽകണം.
ആ അടിമയെ ഞാൻ മോചിപ്പിച്ചിരിക്കുന്നു!!"
ഇപ്രകാരമായിരുന്നു മറുപടി. ശേഷം ദൂതനോട് ഒരു കർശന നിർദേശവും:
"ഇനിയൊരിക്കലും ഹദ്‌യയുമായി വരരുത്. കാരണം അല്ലാഹു ﷻ അവയിൽ നിന്നെല്ലാം എനിക്ക് ഐശ്വര്യം നൽകിയിട്ടുണ്ട്."
അതെ, ആരുടെ മുന്നിലും തലകുനിക്കാത്ത, അധികാര സ്ഥാനങ്ങളിലിരിക്കുന്നവരുടെ ധിക്കാരത്തിന് വഴങ്ങാത്ത ധീര വ്യക്തിത്വമായിരുന്നു ഇമാം ജലാലുദ്ദീൻ സുയൂത്വി(റ). ജീവിതം മുഴുവൻ സർഗാത്മക രചനകൾക്കായി നീക്കിവെച്ച പണ്ഡിത വിസ്മയം.
അബ്ബാസീ ഭരണകൂടം ക്ഷയിക്കുകയും മംഗോളിയരുടെയും താർത്താരികളുടെയും കുരിശുയുദ്ധക്കാരുടെയും അതിക്രമങ്ങൾക്ക് മുസ്‌ലിം ലോകം ഇരയാവുകയും ചെയ്ത പ്രതിസന്ധികളുടെ കാലഘട്ടത്തിലായിരുന്നു ഇമാം സുയൂത്വി(റ) ജീവിക്കുന്നത്. പക്ഷെ, വെല്ലുവിളികൾ അതിജയിച്ച് വിജയത്തിന്റെ ഗോവണിപ്പടികൾ കയറിയ ആ മഹാമനീഷിയുടെ ജീവിതം നമുക്ക് മാതൃകയാണ്.
ഒരിക്കൽ, സുൽത്വാൻ ഖായിത്ബായിയെ സന്ദർശിക്കാനെത്തിയതാണ്. ശിരസിൽ ഗാംഭീര്യം സ്ഫുരിക്കുന്ന തലപ്പാവുമുണ്ട്. ഇതുകണ്ട പലരും ആക്ഷേപങ്ങളുമായി രംഗത്തെത്തി. പക്ഷെ ഇമാം, ഇമാം പതറിയില്ല. മാത്രമല്ല, അവരുടെ വാദങ്ങൾ ഖണ്ഡിച്ച് "അൽ അഹാദീസുൽ ഹിസാൻ ഫീ ഫള്ലി ത്വൈലസാൻ" എന്ന ഗ്രന്ഥ ലഘുകൃതിയും അവിടുന്ന് രചിച്ചു.
എഴുനൂറോളം രചനകൾക്കുടമയാണ് ഇമാം സുയൂത്വി(റ). തഫ്സീറുൽ ജലാലൈനി അവയിൽ നമുക്കേറെ പരിചിതമാണ്. നൂറ്റാണ്ടുകളായി കേരളീയ പള്ളി ദർസുകളിലും ശരീഅത് ദഅവാ കോളേജുകളിലും ഈ ഖുർആൻ വ്യാഖ്യാനം വളരെ പ്രാധാന്യത്തോടെ പഠിപ്പിക്കപ്പെട്ടു വരുന്നു. കൂടാതെ, ദുററുൽ മൻസൂർ, അൽ ഇത്ഖാൻ ഫീ ഉലൂമിൽ ഖുർആൻ, താരീഖുൽ ഖുലഫാഅ തുടങ്ങിയ രചനകളും പണ്ഡിതന്മാർക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കിയവയാണ്.
നാല്പതാം വയസു മുതൽ വിയോഗം വരെ രചനകളുടെ ലോകത്തായിരുന്നു ഇമാം. കുടുംബത്തെയും നാട്ടുകാരെയും വെടിഞ്ഞ് അവിടുന്ന് വൈജ്ഞാനിക രംഗത്ത് വിപ്ലവങ്ങൾ സൃഷ്ടിച്ചു. ആധുനിക ഗവേഷകർക്കൊരു മാതൃകയാണ് സുയൂത്വി(റ).
അവിടുത്തെ പോലെ സമകാലിക വിഷയങ്ങളിൽ പ്രാവീണ്യം കരഗതമാക്കി കാലോചിതമായി ദീനീവിഷയങ്ങളെ സമർത്ഥിക്കാൻ പ്രാപ്തിയുള്ള പണ്ഡിതന്മാർ സമൂഹത്തിലുണ്ടാവേണ്ടതുണ്ട്. സമ്പത്തും സൗകര്യങ്ങളും നൽകി അത്തരം പ്രതിഭകളെ വാർത്തെടുക്കുമ്പോഴേ സമുദായ പുരോഗതി പൂർണ്ണമാവുകയുള്ളൂ.
ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോക്ക് സമീപം സുയൂത്വ് എന്ന ഗ്രാമത്തിൽ ഹി:849/ ക്രി 1445ലാണ് മഹാനവർകൾ ജനിക്കുന്നത്. ജലാലുദ്ദീനുൽ മഹല്ലി(റ), ഇബ്നു ഹജർ അൽ അസ്ഖലാനി(റ), കമാലുബ്നു ഹുമാം(റ) തുടങ്ങിയവരായിരുന്നു ഗുരുനാഥന്മാർ. കെയ്റോവിൽ വെച്ച് ഹി: 911 ജമാദുൽ ഊലാ 19നായിരുന്നു വഫാത്...
അൽഹംദുലില്ലാഹ്, ബദ്റുദ്ദുജാ ഹോളിലാന്റ് യാത്രക്കിടെ ആ ചാരത്തണയാൻ സാധിച്ചത് മഹാസൗഭാഗ്യമായി ഓർക്കുകയാണ്.
സഹോദരങ്ങളെ, അവിടുത്തെ ആണ്ടിന്റെ മാസമാണിത്. എല്ലാവരും അവിടുത്തെ ഹള്റതിലേക്ക് ഫാതിഹയും യാസീനും ഓതി ഹദ് യ ചെയ്യുമല്ലോ..
അല്ലാഹു ﷻ ഇമാം സുയൂത്വി(റ)വിന്റെ ജീവിത പാത പിൻപറ്റി ഇരുലോകത്തും വിജയം വരിക്കാൻ നമുക്ക് തൗഫീഖ് നൽകട്ടെ..,
Post a Comment