ജുമുഅയും നാല്പതാളുകളും
ഇസ്‌ലാമിന്റെ അടിസ്ഥാനതത്വങ്ങളായ വിശ്വാസാദർശങ്ങളും, ശാഖാപരങ്ങളായ അനുഷ്‍ഠാനാചാരങ്ങളും തമ്മിൽ പല വേർതിരിവുമുണ്ട്. വിശ്വാസങ്ങൾ മനസ്സിൽ ഉറപ്പിക്കേണ്ടതും അനുഷ്ടാനങ്ങൾ ശാരീരിക പ്രവർത്തനങ്ങളുമാണ്. വിശ്വാസങ്ങൾ ഇസ്‌ലാമിന്റെ മൗലികാദർശങ്ങളാണ്. അവ സർവ്വപ്രാധാന്യമുള്ളതും ഇളവുകൾക്ക് വിധേയമല്ലാത്തതുമാണ്. പ്രവാചകന്മാരുടെ ശരീഅത്തുകൾക്കിടയിലോ ഇമാമുമാരുടെ മദ്ഹബുകൾക്കിടയിലോ അഖീദകളിൽ വൈവിദ്ധ്യം ഇല്ല. സ്ഥലകാല, സ്ത്രീ - പുരുഷ, പ്രായ, രോഗാരോഗ്യ, ഇതര സ്ഥിതിവ്യത്യാസങ്ങൾ അവയ്ക്ക് ബാധകമല്ല. എന്നല്ല, ഇഹലോകത്തും പരലോകത്തും, സ്വർഗ്ഗ - നരകത്തിൽ പോലും ആദർശം മാറാൻപോകുന്നില്ല. പുറമെ ആദർശം മാറ്റിപ്പറയേണ്ടി വരുന്ന ഭീഷണമായ സാഹചര്യം സംഭവിച്ചാൽ പോലും ഹൃദയം തികച്ചും അഖീദയിൽ അടിയുറച്ചിരിക്കണം.
അനുഷ്ടാനങ്ങളിൽ ഇസ്‌ലാമിന്റെ നെടുംതൂണുകളായിട്ടുള്ള അഞ്ചു കാര്യങ്ങൾ തന്നെ നോക്കൂ. ഒന്നാം കാര്യമായ ശഹാദത്തുകലിമ രണ്ടുമുച്ചരിക്കൽ ഇസ്‌ലാമാശ്ലേഷണ സമയത്തു മാത്രം നിർബന്ധമുള്ളതാണ്. അഞ്ചുനേര നിസ്കാരം പോലും ഒരു തവണ നിർവഹിച്ചാൽ ചില പ്രത്യേക കാരണങ്ങൾ കൂടാതെ ആവർത്തിക്കാൻ പാടില്ലാത്തതാണ്. സകാത്തുബാധ്യതർക്ക് സകാത്ത് കൊടുത്തുവീട്ടൽ ഫർള് ഐനാണെങ്കിൽ, അവകാശികൾക്ക് അത് വാങ്ങൽ ഫർള് കിഫായയാണുള്ളത്. യാത്രക്കാർ, രോഗികൾ പോലുള്ളവർക്ക് റമസാനിലെ നോമ്പ് തത്സമയം നിർബന്ധമില്ല. പിന്നീട് നോറ്റാലും മതി. ചിലർ മുദ്ദ് നൽകിയാലും മതി. ഹജ്ജ് കർമ്മം, സാധിക്കുന്നവർക്ക് മാത്രമാണല്ലോ നിർബന്ധമാകുന്നത്. അതുതന്നെയും ജീവിതത്തിൽ ഒരു തവണ മാത്രം. 'ഇസ്‌ലാം കാര്യങ്ങൾ' എന്ന പേരിലറിയപ്പെടുന്ന ഇത്തരം വിഷയങ്ങൾ സ്ഥലകാലങ്ങൾക്കനുസരിച്ചും, വൈയക്തികവും സാമൂഹികവുമായ വേറെ കാരണങ്ങൾ മൂലവും വ്യത്യാസപ്പെടാറുണ്ട്. "നിങ്ങളിൽ ഓരോ വിഭാഗത്തിനും ഓരോ നടപടിക്രമവും മാർഗവും നാം നിശ്ചയിച്ചുതന്നിട്ടുണ്ട്" എന്ന ആശയം കുറിക്കുന്ന ഖുർആനിക സൂക്തം (5 - 48) വിശദീകരിച്ചുകൊണ്ട് ഖുർആൻവ്യാഖ്യാതാക്കളും മറ്റും ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നു. കർമ്മസംബന്ധിയായ ഈ സാന്ദർഭികത സാർവ്വത്രികമായതും അത്യപൂർവ്വമായതുമുണ്ട്. അതേസമയം ദീനിന്റെ അടിസ്ഥാനങ്ങളായ വിശ്വാസങ്ങൾ ഇത്തരത്തിൽ സാന്ദർഭികങ്ങളല്ല. അവയ്ക്ക് മാറ്റമോ മാറ്റിവയ്ക്കലോ ഇല്ല. എന്നാൽ ഇതൊന്നും മനസ്സിലാക്കാതെ, സാന്ദർഭികമായി ചില അനുഷ്ടാനങ്ങളെ മാറ്റിവയ്ക്കുന്നതോ മാറ്റിച്ചെയ്യുന്നതോ കണ്ട് ചില യുക്തിവാദികളും നിർമ്മതക്കാരും ഇസ്ലാമിനെ പരിഹസിച്ചവതരിപ്പിച്ചത് എത്രമാത്രം അപഹാസ്യമാണ്!
അഞ്ചുനേരത്തെ നിർബന്ധ നിസ്കാരങ്ങളിൽ ഉച്ച സമയത്തുള്ളതാണ് ളുഹ്ർ നിസ്കാരമെങ്കിലും, വെള്ളിയാഴ്ചയിൽ ജുമുഅ നിസ്കാരമാണ് വാജിബ്. ശാരീരിക ആരാധനകളിൽ ഏറ്റവും ശ്രേഷ്ഠമാണത്. ഓരോ നാട്ടിലെയും ജനങ്ങളുടെ ഒത്തൊരുമയും ഇണക്കവും അത് അടയാളപ്പെടുത്തുകയും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ 'ഒരു നാട്ടിൽ ഒരു സ്ഥലത്ത് ഒരു ജുമുഅ' എന്നാണ് അടിസ്ഥാനം. ചില പ്രത്യേക കാരണങ്ങളുണ്ടെങ്കിൽ മാത്രമേ പലയിടത്തു മാത്രമായി ഒന്നിലധികം ജുമുഅ പറ്റുകയുള്ളൂ.
ജുമുഅ നിർബന്ധമില്ലാത്തവർക്കും ജുമുഅ തരപ്പെടാൻ സാധ്യതയില്ലാത്തവിധം നഷ്ടപ്പെട്ടവർക്കും മാത്രമേ ളുഹ്ർ നിസ്കരിക്കാവൂ. യാത്രക്കാർ, അടിമകൾ, സ്ത്രീകൾ, കുട്ടികൾ, രോഗം പോലുള്ള പ്രതിബന്ധമുള്ളവർ എന്നിവർക്ക് ജുമുഅ നിർബന്ധമില്ല. അവർക്ക് ജുമുഅയുടെ സ്ഥാനത്തു ളുഹ്ർ നിസ്കരിക്കാം. അവരല്ലാത്ത ഓരോ മുകല്ലഫായ മുസ്‌ലിമിനും ജുമുഅ ഫർളുഐനാണ് അഥവാ വ്യക്തിഗത ബാധ്യത.
പക്ഷേ ജുമുഅയ്ക്ക് ഇതര നിസ്കാരങ്ങളെ അപേക്ഷിച്ച് അതു നിർബന്ധമാകാനും സാധുവാകാനും വകവയ്ക്കപ്പെടാനും ചില പ്രത്യേക നിയമങ്ങളുണ്ട്. നാട്ടിലെ താമസക്കാരായ പുരുഷൻമാർക്കെല്ലാം ജുമുഅ നിർബന്ധമാണ്. എങ്കിലും സ്ഥിരതാമസക്കാരായ നാൽപതു പേരുണ്ടെങ്കിലേ ശാഫിഈ മദ്ഹബു പ്രകാരം ജുമുഅ നിർബന്ധമാകുകയും സാധുവാകുകയുമുള്ളൂ. നിബന്ധനകളൊത്തവരുണ്ട്, പക്ഷേ നാൽപ്പതു പേർ തികച്ചില്ലാത്ത നാട്ടുകാർ ജുമുഅ നടക്കുന്ന അടുത്ത നാട്ടിൽ നിന്നുള്ള ബാങ്കുവിളി,
കർമ്മശാസ്ത്ര നിയമപ്രകാരം കേൾക്കുന്നവരാണെങ്കിൽ പ്രസ്തുത ജുമുഅയിൽ സംബന്ധിക്കൽ നിർബന്ധമാണ്.
മറ്റു മദ്ഹബുകളിൽ നിബന്ധനകളിലും ആളെണ്ണത്തിലും പല വീക്ഷണങ്ങളുമുണ്ട്. അവയെല്ലാം തെളിവുകളുടെ വെളിച്ചത്തിലുള്ളതാണ്. അംഗീകൃതമായ ഏതു മദ്ഹബ് അനുസരിച്ചു അമലുചെയ്താലും, ഒരു മദ്ഹബിലെ തന്നെ മറ്റൊരു അംഗീകൃത അഭിപ്രായം അവലംബിച്ചാലും അതതു മദ്ഹബിലെ തത്സംബന്ധമായ നിബന്ധനകളെല്ലാം പാലിക്കേണ്ടതാണ്. ഒരു മദ്ഹബ് കൊണ്ട് പ്രവർത്തിക്കൽ ദുഷ്കരമാകുമ്പോൾ ഉടനെ മറ്റു മദ്ഹബനുസരിച്ച് ആ പ്രവൃത്തി ചെയ്യാനുദ്ദേശിക്കുന്നവർ ഇക്കാര്യം പ്രത്യേകം ഗൗനിക്കേണ്ടതുണ്ട്. പ്രസ്തുത മദ്ഹബനുസരിച്ചാണ് അനുഷ്ഠിക്കുന്നതെന്ന കരുതൽ ഉണ്ടാവേണ്ടതാണ്.
കോവിഡ് -19 എന്ന മഹാമാരി ലോകത്ത് പല രാജ്യങ്ങളിലും അതിഭയാനകമായി ബാധിച്ചിരിക്കുകയാണല്ലോ. നമ്മുടെ രാജ്യത്തും സംസ്ഥാനത്തും ഓരോ ജില്ലയിലും ജില്ലകളിലെ ഓരോ മേഖലയിലും ഈ രോഗബാധയുടെ സാഹചര്യം മാറിമറിഞ്ഞുവരികയാണ്. കേന്ദ്ര - സംസ്ഥാന ഗവൺമെന്റുകൾ സാഹചര്യാനുസരണം കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊണ്ടിരിക്കുന്നു. കൂടുതൽ ആളുകൾ കൂട്ടംകൂടുന്നതും സമ്പർക്കം പുലർത്തുന്നതും നിരോധിച്ചിരിക്കുകയാണ്. ബഹു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ പണ്ഡിതന്മാർ എടുത്തുചാട്ടമില്ലാതെ തികച്ചും സന്ദർഭോജിതമായ നിർദ്ദേശങ്ങളാണ് ജുമുഅയുടെയും പൊതുജമാഅത്തുകളുടെയും വിഷയത്തിൽ അതതു സമയത്ത് സമൂഹത്തിന് നൽകിപ്പോന്നത്. പുതിയ സാഹചര്യത്തിൽ ചുരുങ്ങിയത് നാൽപ്പതാളുകൾ ചേർന്നുള്ള ജുമുഅയ്ക്ക് പ്രയാസമുള്ളതിനാൽ ശാഫിഈ മദ്ഹബനുസരിച്ച് നിബന്ധനയൊത്ത ജുമുഅയ്ക്ക് നിവൃത്തിയില്ലാതായിരിക്കുന്നു. നാട്ടുകാർക്ക് മൊത്തം ജുമുഅ ഒഴിവാകുന്ന ഈ ഘട്ടത്തിൽ, പകരം നിർബന്ധമായും ളുഹ്ർ നിസ്കരിക്കേണ്ടതാണെന്നും, സുന്നത്തായ ഇബാദത്തുകളും പ്രാർത്ഥനകളും വർദ്ധിപ്പിക്കണമെന്നുമുള്ള സമസ്ത ഉലമാക്കളുടെ ആഹ്വാനം അനുസരിക്കേണ്ടതുണ്ട്.
Post a Comment