നിത്യ ജീവിതത്തിലെ ദിക്റുകൾ ☘️ ദിക്‌റിന്റെ മഹത്വങ്ങൾ 02

*☘️ നിത്യ ജീവിതത്തിലെ ദിക്റുകൾ ☘️*


ഭാഗം : 04

☘️☘️☘️☘️☘️☘️☘️☘️☘️

*ദിക്‌റിന്റെ മഹത്വങ്ങൾ 02*

മഹാനായ സ്വഹാബി മുആദ്‌ ബിന്‍ ജബല്‍ (റ) നബി (സ)യോട് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മ്മമേതാണെന്നു ചോദിച്ചപ്പോള്‍ നബി(സ) പറഞ്ഞു.അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയാല്‍ നിന്റെ നാവു നനഞ്ഞിരിക്കെ നീ മരണം വരിക്കുക എന്നതാണത്.'
  (സില്‍സിലത്തു സ്വഹീഹ - 1836)

 കര്‍മ്മങ്ങളില്‍വെച്ച് ഏതാണ് കൂടുതല്‍ ശ്രേഷ്ടമായത് ?’
എന്ന്‍ ഒരാള്‍ നബി (സ)യോടു ചോദിച്ചപ്പോള്‍ അവിടുന്നു ഇങ്ങനെ മറുപടി കൊടുക്കയുണ്ടായി: 'അല്ലാഹുവിന്റെ ദിക്ര്‍' നിമിത്തം നിന്റെ നാവ് നനഞ്ഞതായിക്കൊണ്ട് - നാവിനാല്‍ ദിക്ര്‍ നടത്തിക്കൊണ്ടിരിക്കെ - നീ ഇഹലോകവുമായി പിരിഞ്ഞുപോകലാകുന്നു'. 
 (അഹ്'മദ്, തി൪മുദി റഹ് )

  കഅബ് - റളിയള്ളാഹു അന്‍ഹു - പറഞ്ഞു:''കാര്യങ്ങളില്‍ അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടം നിസ്ക്കാരവും, ദിക്ക്റുമാകുന്നു. യുദ്ധത്തിന്‍റെ സന്ദര്‍ഭത്തില്‍ വരെ അത് രണ്ട്കൊണ്ടും അവന്‍ കല്‍പിച്ചത് നിങ്ങള്‍ കാണുന്നില്ലേ.'' 

(തഫ്സീര്‍ ഇബ്നു അബീ ഹാതിം-5/1711)

  ഹാരിഥുല്‍ അശ്അരിയില്‍ നിന്നും റിപ്പോ൪ട്ട് ചെയ്യപ്പെടുന്ന ഹദീസില്‍ കാണാം.സക്കരിയാ നബിയുടെ പുത്രന്‍ യഹ്'യായോട് അഞ്ച് വാക്കുകള്‍ പ്രാവ൪ത്തികമാക്കാനും അപ്രകാരം ഇസ്റാഈല്‍ സന്തതികളോട് നി൪ദ്ദേശിക്കാനും അല്ലാഹു കല്‍പ്പിച്ചു.അതില്‍ ചിലത് ഇപ്രകാരമായിരുന്നു.
നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കണമെന്നും ഞാന്‍ നിങ്ങളോട് കല്‍പിക്കുന്നു. തീര്‍ച്ചയായും അതിന്റെ ഉപമ ഒരാളെ പോലെയാകുന്നു. ശത്രു അയാളുടെ കാല്‍പാദങ്ങളെ പിന്തുടര്‍ന്ന് വേഗത്തില്‍ പുറപ്പെട്ടു. (അങ്ങനെ) അയാള്‍ ഒരു കോട്ടക്ക് അകത്ത് ഒളിച്ചു. അവരില്‍ (ശത്രുക്കളില്‍) നിന്ന് അയാളുടെ ശരീരത്തെ രക്ഷിച്ചു. അപ്രകാരം ഒരു അടിമ അല്ലാഹുവിനെ കൊണ്ടുള്ള സ്മരണകൊണ്ടല്ലാതെ പിശാചില്‍ നിന്നും അയാളുടെ ശരീരത്തെ രക്ഷിക്കുന്നില്ല. 
 (തിര്‍മിദി റഹ് :44/3102)

  ജാബിറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ തന്റെ വീട്ടില്‍ പ്രവേശിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അല്ലാഹുവിന്റെ നാമം ഉച്ചരിച്ചാല്‍ പിശാച് (അവന്റെ പിശാചുക്കളായ കൂട്ടാളികളോട) പറയും: 'നിങ്ങള്‍ക്ക് ഇവിടെ രാത്രിയില്‍ താമസിക്കാന്‍ സൗകര്യമില്ല, ഭക്ഷണവുമില്ല'. ഇനി ,പ്രവേശന സമയത്ത് അല്ലാഹുവിന്റെ നാമം ഉച്ചരിക്കാതിരുന്നാല്‍ (അനുയായികളോടുള്ള) പിശാചിന്റെ പ്രതികരണം മേല്‍ പറഞ്ഞ താമസ സൗകര്യം ലഭ്യമാണ് എന്നായിരിക്കും. ഭക്ഷണ സമയത്ത് അല്ലാഹുവിന്റെ നാമം അവഗണിച്ചാല്‍ അവന്‍ പറയുന്നത് "നിങ്ങള്‍ക്കുള്ള ഭക്ഷണം നിങ്ങള്‍ നേടി കഴിഞ്ഞു" എന്നായിരിക്കും.
(മുസ്‌ലിം :2018)