രീഫാഈ, മൊഹ് യുദ്ധീൻ മാലകൾ അടിസ്ഥാനമാക്കിയ കിത്താബുകൾ ബഹ്ജ..തക്മീല

🌹 രീഫാഈ, മൊഹ് യുദ്ധീൻ മാലകൾ അടിസ്ഥാനമാക്കിയ കിത്താബുകൾ ബഹ്ജ..തക്മീല🌹

1⃣1⃣0⃣ഇസ്ലാമിക പoനങ്ങൾ

 *✍🏽മദീനയുടെ👑വാനമ്പാടി* 


*സൂഫി മാര്‍ഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രമുഖനായ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (റ)ന്റെ വ്യത്യസ്തമായ കവിതകളില്‍ നിന്നും ബഹ്ജ, തക്മില എന്നീ രണ്ട് കിതാബുകളില്‍ നിന്നുമാണ് ഖാളി മുഹമ്മദ് (റ) ഇവയ്ക്കാവശ്യമായ വസ്തുതകള്‍ ശേഖരിച്ചിരിക്കുന്നത്* .
 

🌹 *മാലയിലെ ബഹ്ജ കിതാബ് ഏത് ബഹ്ജ* 🌹

മാലയുടെ ആശയങ്ങൾക്ക് ഖാസി മുഹമ്മദ് (റ) അടിസ്ഥാനമാക്കിയ ഗ്രന്ഥങ്ങളിൽ ഒന്ന് ബഹ്ജയാണെന്ന്നാം കണ്ടുവല്ലോ.
ബഹ്ജ എന്ന് പേരുള്ള നിരവധി ഗ്രന്ഥങ്ങൾ നിലവിലുണ്ട് .എന്നാൽ ഔലിയാക്കളുടെ ചരിത്രം പറയുന്നത് പ്രധാനമായത് മൂന്ന് ബഹ്ജകളാണ് .ഒന്ന്- ബഹ്ജത്തുൽ അബ്റാർ:- ഇമാം ശിഹാബുദ്ദീൻ സുഹ്റവർദി(റ)വാണ് ഇതിന്റെ രചയിതാവ്.ശൈഖ് ജീലാനി തങ്ങളുടെ കീർത്തനങ്ങളും ചരിത്രങ്ങളുമാണ് ഈ ഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്നത് .രണ്ട് -ബഹ്ജത്തുൽ അസ്റാർ ഫീമഖാമാത്തി വ അവാലിത്വാഇഫ:- ഇബ്നു ജഹ്ളമുൽഹമദാനി എന്നവരാണ് ഈ ഗ്രന്ഥം രചിച്ചത് .പൊതുവേ ഔലിയാക്കളുടെ സ്ഥാനങ്ങളും അവസ്ഥകളും വിവരിക്കുന്നതാണ് ഈ ഗ്രന്ഥം. 3-ബഹ്ജത്തുൽ അസ്റാർ മഅദനുൽ അഗ്ബാർ ഫീ മനാഖി ബിസ്സാദാതിൽ അഖ് യാർ മിനൽ മശാഇഖിൽ അബ്റാർ :-ഇമാം ശത് നൂഫി എന്ന പേരിലറിയപ്പെടുന്ന ശൈഖ് നൂറുദ്ദീൻ അബുൽഹസൻ അലി ഇബ്നു യുസുഫ് ബ്നു ജുറൈറുലിഗമിയ്യുശ്ശത്നൂഫി (ഹി – 644- 713) എന്നവരാണ് ഈ ഗ്രന്ഥത്തിന്റെരചയിതാവ്.
ഈ ബഹ്ജകളിൽൽവെച്ച് ഒന്നും മൂന്നും ജീലാനി തങ്ങളുടെ ചരിത്രവും കീർത്തനവും പറയാൻവേണ്ടി മാത്രം രചിക്കപ്പെട്ടതാണ്.രണ്ടാമത്തേത് ഔലിയാക്കളെ മൊത്തത്തിൽ പരിചയപ്പെടുത്താൻ വേണ്ടി മാത്രം രചിക്കപ്പെട്ടതാണ്. മാത്രമല്ല ,രണ്ടാമത് പരാമർശിച്ച ബഹ്ജയുടെ ഗ്രന്ഥകർത്താവ് ഹി-441 ൽ തന്നെ വഫാത്തായിട്ടുണ്ട്. മുഹിയുദ്ദീൻ ശൈഖ് ജനിച്ചതാകട്ടെ ഹിജ്റ 470ലും. അപ്പോൾ ജീലാനി തങ്ങൾക്കുവേണ്ടി മാത്രം രചിച്ചത് ഒന്നും മൂന്നും ബഹ്ജകളാണ്.അപ്പോൾ മുഹിയുദ്ദീൻ മാലയിൽ പരാമർശിച്ച കിത്താബ് ഒന്നുകിൽ നാം ഒന്നാമത് പരാമർശിച്ച ബഹ്ജത്തുൽ അസ്റാറോ നാം മൂന്നാമതായി പരാമർശിച്ച ബഹ്ജത്തുൽഅസ്റാറോ ആണ്. അപ്പോൾ ഖാളി മുഹമ്മദ് (റ)ബഹ്ജ കിതാബ് എന്നതുകൊണ്ട് ഈ രണ്ട് ബഹ്ജകളും കരുതിയിരിക്കാം എന്ന് നമുക്ക് അനുമാനിക്കാം. ഇനി ഒരു ബഹ്ജ മാത്രമാണ് കരുതിയിട്ടുള്ളത് എങ്കിൽ അത് നാം മൂന്നാമത് പരാമർശിച്ച ബഹ്ജയായിരിക്കും. കാരണം സൂക്ഷ്മശാലിയായ ഒരു ചരിത്രകാരന് ആവശ്യമായ വിധത്തിൽ ഓരോ ചരിത്രസംഭവങ്ങളും രേഖപ്പെടുത്തപ്പെട്ടതും ശൈഖ് ജീലാനി തങ്ങളുടെ ജീവിതം മുഴുവൻ രേഖപ്പെടുത്തപ്പെട്ടതും ഈ ഗ്രന്ഥത്തിലാണ് .എങ്കിലും ഖാളി മുഹമ്മദ് (റ) ബഹ്ജ എന്നത്കൊണ്ട് ബഹ്ജത്തുൽ അസ്റാർ ആണ് കരുതിയിരിക്കുന്നത് എന്ന് ഉറപ്പിക്കാനാവില്ല.

 🌹 *തക്മില* 🌹

മുഹിയുദീൻ മാലയുടെ മറ്റൊരു അവലംബമാണ് ഗ്രന്ഥമാണ് തക്മില. മഹാനായ ശൈഖ് ജീലാനി (റ) നിന്ന് സ്വപുത്രനെ ഉദ്ധരിച്ച ഗ്രന്ഥമാണ് ഫുതൂഹുൽ ഗൈബ് .ഈ ഗ്രന്ഥത്തിന്റെ അവസാന ഭാഗങ്ങളിലായാണ് തക്മില നിലകൊള്ളുന്നത്. രണ്ട് തകിമലകളാണ് നമുക്കവടെ കാണാൻ കഴിയുക. ഒരു ഒരു തക്മിലയുടെ പേര് തക് മിലത്തുൻ ഫീ ദിക് രി വസായാഹുലി ഔലാദിഹി (ശൈഖ് ജീലാനി (റ) സന്താനങ്ങൾക്ക് നൽകിയ ഉപദേശങ്ങൾ പറഞ്ഞുകൊണ്ടുള്ള സമാപനം )എന്നാണ്. ഇതിൽ ശൈഖവർകളുടെ ഉപദേശങ്ങൾക്ക് പുറമേ ജനന-മരണതീയതികൾ കൂടി പരാമർശിക്കുന്നുണ്ട്. മറ്റൊരുതക്മിലയുടെ പേര് തക് മിലത്തുൻ ഫീ ബയാനി നസബി ഹസ്റത്തിൽ ഗൗസ് ( ഹസ്റത്ത് ഗൗസി(റ)ന്റെപരമ്പര വിശദീകരിച്ചുകൊണ്ടുള്ള സമാപനം) എന്നുമാണ്. ഇതിൽ ശൈഖവറുകളുടെ പരമ്പര വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ശൈഖവർകളുടെ ത്വരീഖത്തിന്റെപരമ്പരയും ഈ ഗ്രന്ഥത്തിലുണ്ട് .ഈ രണ്ട് തക്മിലകളിൽ നിന്നും ഖാളി മുഹമ്മദ് രണ്ടും ഉദ്ദേശിച്ചു എന്നാണ് മനസ്സിലാകുന്നത്. കാരണം രണ്ടിലേയും ആശയങ്ങൾ വ്യത്യസ്തമാണ്. അതിനുപുറമെആ ആശയങ്ങൾ മുഴുവനും ഖാളി മുഹമ്മദ് (റ)മാലയുടെ വിവിധ ഭാഗങ്ങളിൽ ഭാഗങ്ങളിൽ സൂചിപ്പിച്ചിട്ടുമുണ്ട്.ഈ രണ്ടു തക്മിലകൾ പരസ്പരം കൂട്ടിച്ചേർത്താൽ പോലും ഒരു ചെറുഗ്രന്ഥത്തിന്റെ വലുപ്പം വരില്ല. അതുമാത്രമല്ല ഈ രണ്ടുതക്മിലകളും ഫുതൂഹുൽ ഗൈബ് എന്ന ഗ്രന്ഥത്തിൽ കൂട്ടിച്ചേർത്താണ് പുറത്തിറങ്ങാറുള്ളത്. അതുകൊണ്ടുതന്നെ മഹാനായ ഖാസി മുഹമ്മദ് തക്മിലയെ ഒരു ഗ്രന്ഥമായി കണ്ടില്ല എന്നാണ് മനസ്സിലാകുന്നത് .കാരണം, ഖാളിയവറുകൾ ബഹ്ജയെ ബഹ്ജ കിതാബ് എന്നും തക്മിലയെ വെറും തക്മില എന്നുമാണ് പരിചയപ്പെടുത്തുന്നത്. ചുരുക്കത്തിൽ മഹാനായ ഖാളി മുഹമ്മദ് (റ) മുഹിയുദീൻ മാല രചിച്ചത് കൃത്യവും വ്യക്തവുമായ അവലംബങ്ങൾ മുഖേനയാണ്. അതുകൊണ്ടുതന്നെ മുഹിയുദീൻ മാലക്കെതിരിൽ ആര് ആരോപണങ്ങൾ അഴിച്ചു വിട്ടാലും അവരുടെ ആരോപണങ്ങൾ മുഴുവനും അസത്യങ്ങളാണ്. മുഹിയുദീൻ മാലയുടെ ശൈലിയും രീതിയുമെല്ലാം മറ്റുള്ള മാലകളെക്കാൾ ആകർഷണീയമാണ് എന്നതുകൊണ്ടുതന്നെയാണ് പാരമ്പര്യ മുസ്ലിങ്ങൾ മറ്റു മാലകളെക്കാൾ മുഹിയുദീൻ മാലയെ നെഞ്ചേറ്റിയത്.

കുറഞ്ഞ കാലങ്ങള്‍ക്ക് മുമ്പ് മുഹ്‌യുദ്ദീന്‍ മാലയുടെ രചയിതാവിലെ കുറിച്ച് ഉയര്‍ന്ന് വന്നിട്ടുള്ള വിവാദങ്ങള്‍ തികച്ചും അര്‍ത്ഥശൂന്യമാണ്. കാരണം അവരുടെ വാദം ഈ കൃതി രചിക്കും മുമ്പ് ഖാളി മുഹമ്മദ് വഫാതായിട്ടുണ്ട് എന്നാണ്. എന്നാല്‍ അദ്ദേഹം വഫാതാവുന്നത് ഹിജ്‌റ 1025ന്നാണ് അതായത് ക്രിസ്തുവര്‍ഷം 1616 ന് .അതിന് പുറമെ കവി തന്നെ സ്വന്തത്തെ കുറിച്ച് മാലയില്‍ ഇപ്രകാര പ്രതിപാദിക്കുന്നത് നമുക്ക് കാണാം.
 കണ്ടല്‍ അറിവാളന്‍ കാട്ടിത്തരും പോലെ
 ഖാളി മുഹമ്മദെന്ന് പേരുള്ളോവര്‍ 
ഇതും ഖാളി മുഹമ്മദ് തന്നെയാണ് ഈ രചന നിര്‍വഹിച്ചത് എന്നതിന്ന് വ്യക്തമായ ഉദാഹരണമാണ്.


ശരീഅത്താണ് ഇസ്‌ലാമിന്റെ സരണിയെന്നും അതിന്റെ നിയമ പരിധിക്കുള്ളില്‍ നിന്ന് ഒരാള്‍ക്കും പുറത്ത് കടക്കാന്‍ കഴിയില്ലെന്നും ആണയിട്ട് പഠിപ്പിക്കുന്നുണ്ട് രിഫാഈ മാലയിലെ വരികള്‍. ”ബയ്യാല്‍ ശരീഅത്തും ബകവെ ത്വരീഖത്തും ബലിമാ ഹഖീഖത്തും എന്‍ കൈയ്യിലെന്നോവര്‍.” ത്വരീഖത്തിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട് ശരീഅത്തിന്റെ അസ്ഥിവാരത്തില്‍ പെട്ട പലതും നിരാകരിക്കുകയും ചില ഉള്‍രഹസ്യങ്ങള്‍ ഞങ്ങള്‍ക്കറിയാമെന്ന് പുലമ്പുകയും ചെയ്യുന്ന ചിലരുണ്ട്. എന്നാല്‍ ആത്മീയതയുടെ ഏറ്റവും ഉന്നതമായ പദവിയിലെത്തിയിട്ട് പോലും ഖുര്‍ആനിന്നും സുന്നത്തിനും വിരുദ്ധമായ ഒന്നും ശൈഖ് രിഫാഈ ചെയ്തില്ല. സംസാരത്തില്‍ പോലും അവിടുന്ന് സുക്ഷ്മത പാലിച്ചു. അല്‍പ്പം മാത്രം സംസാരിച്ചു. ‘എല്ലാ കലാമിലും ദുഷ്‌ക്കം ഉടയോവര്‍ ഏകന്‍ ഇബാദത്തില്‍ എപ്പോളും ഉള്ളോവര്‍.’ നിസ്‌കാര സമയമായാല്‍ പിന്നെ മറ്റൊരു വിഷയവുമായി ബന്ധപ്പെടുമായിരുന്നില്ല. ഒരിക്കല്‍ ഭാര്യയോട് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. അപ്പോള്‍ വാങ്ക് വിളി കേട്ടു. ഉടനെ ശൈഖ് പറഞ്ഞു: അല്ലാഹുവിന്ന് നിര്‍വ്വഹിക്കേണ്ട ബാധ്യതക്ക് സമയമായി. ശരീരത്തിന്റെ ആവശ്യത്തിന് ഇനി പ്രാധാന്യമില്ല. നിസ്‌കാരത്തില്‍ നിന്നാല്‍ നിറമാകെ മാറും. പേടിച്ച് വിറച്ചുള്ള നിറുത്തം (ഖിലാദത്തുല്‍ ജവാഹിര്‍). ”ബല്ലഫ്ഫള്‍ നിസ്‌കാരം തന്നില്‍ അകം ഫക്കാല്‍ ബംബിച്ചെ ബാളുമ്മല്‍ നിന്നെഫോല്‍ യെന്നോവര്‍.”

മാതൃകായോഗ്യനായ പ്രബോധകനായിരുന്നു ശൈഖവര്‍കള്‍. എല്ലാം കണ്ടറിഞ്ഞ് ബുദ്ധി ഉപയോഗപ്പെടുത്തിയായിരുന്നു അവിടുത്തെ പ്രബോധനം. മനസ്സില്‍ തട്ടുന്ന ഉപദേശം. വിധേയപ്പെടുന്ന പെരുമാറ്റം. വശ്യമായ സ്വഭാവം. സംയമനവും വിട്ടുവീഴ്ചയും. എന്നാല്‍ മതത്തിന്റെ ആസ്തിത്വത്തെ ചോദ്യം ചെയ്യുന്ന വികൃതികളെ ശൈഖ് രിഫാഈ വെറുതെ വിട്ടില്ല. അവരാരായിരുന്നാലും നാട്ടിന്റെ ഭരണവും അധികാരവും കയ്യിലുള്ളവരായാല്‍ പോലും അവിടുന്ന് നിയന്ത്രിച്ചു. ഒരു വിട്ടു വീഴ്ചയും ദീനിന്റെ വിഷയത്തില്‍ കാണിച്ചില്ല. ഖുര്‍ആനും സുന്നത്തും മതപ്രമാണങ്ങളുമായിരുന്നു ശൈഖിന്റെ ജീവിതം. ‘എന്റെ മജ്‌ലിസില്‍ ദിക്‌റും ഖുര്‍ആനും- എണ്ണിയ ദോഷം ഒന്നില്ലെന്ന് ചൊന്നോവര്‍.’ ഖുര്‍ആനിനോട് കൂടെ ദിക്‌റ് എന്ന് വേറെ തന്നെ പറഞ്ഞത് ബോധന അടിസ്ഥാനങ്ങളായ സുന്നത്തടക്കമുള്ള പ്രമാണങ്ങള്‍, പ്രഭാഷണങ്ങള്‍ അടക്കമുള്ള പ്രബോധന മാധ്യമങ്ങള്‍ എന്നിവ കൂടി ഉള്‍ക്കൊള്ളുന്ന വിശാലാര്‍ത്ഥങ്ങള്‍ക്ക് വേണ്ടിയാണ്.


 
ചരിത്രപരവും അടിസ്ഥാനപരവും ആശയപരവുമായി തെളിയിക്കാനും സമര്‍ത്ഥിക്കാനും കഴിയുന്നതാണ് *രിഫാഈ മാലയിലെ ഓരോ വരിയും. പ്രമാണിക ഗ്രന്ഥങ്ങള്‍ വസ്തുനിഷ്ഠമായി ഉദ്ധരിച്ചതാണ് അവയെല്ലാം. പ്രമാണങ്ങളോട് തിരിഞ്ഞ് നില്‍ക്കുന്ന ഒരു വരിപോലും രിഫാഈ മാലയില്‍ ഇല്ല.* ശത്രുക്കള്‍ സത്യത്തോട് മത്സരിക്കുകയാണ്. ചിലത് പരിശോധിക്കാം. ‘ഗര്‍ഭം വയറ്റില്‍ ജനിച്ചാറാം മാസത്തില്‍- ഗുണമുള്ള താഴാര്‍ ഇതാരെന്ന് കേട്ടോവര്‍, മകനോ മകളോന്ന് ചോദിച്ച നേരത്ത്- മകനാര്‍ അഹ്മദുല്‍ കബീറെന്ന് ചൊന്നോവര്‍’. രിഫാഈ മാലയുടെ ആമുഖത്തില്‍ ഇങ്ങനെ കാണാം. വയറ്റിലുള്ള കുഞ്ഞ് ഉമ്മയോട് സംസാരിച്ച സംഭവം അതിശയോക്തിപരമാണെന്നാണ് ചിലര്‍ പ്രചരിപ്പിക്കാറുള്ളത്. മഹാനായ ഈസാ നബി(അ) ഗര്‍ഭാവസ്ഥയില്‍ തന്നെ മര്‍യം ബീവിയോട് സംസാരിച്ചത് ചരിത്രത്തിലുണ്ട്. ശൈഖ് ഇമാമുദ്ദീന്‍ സിന്‍കിയില്‍ നിന്ന് ശൈഖ് അലിയ്യുസ്സൂരി ഗര്‍ഭാശയത്തില്‍ വെച്ച് ശൈഖ് രിഫാഈ സംസാരിച്ച സംഭവം ഉദ്ധരിക്കുന്നുണ്ട്(അര്‍ളുന്നളീര്‍ പേ. 17).

എനിക്കും എന്റെ മാര്‍ഗത്തില്‍ സഞ്ചരിക്കുന്നവര്‍ക്കും നാലു സ്വര്‍ഗ്ഗം തരുമെന്ന് ഉറപ്പ് ലഭിച്ച ശേഷമല്ലാതെ ഗര്‍ഭാശയത്തില്‍ പുറത്ത് കടക്കില്ലെന്ന് ശൈഖ് രിഫാഈ വാശി പിടിക്കുകയും അത് നല്‍കാമെന്ന് ഉറപ്പ് ലഭിച്ച ശേഷമാണ് ശൈഖവര്‍കള്‍ ദുന്‍യാവിലേക്ക് പിറന്ന് വീണതെന്നും ആശയമുള്ളതാണ് പതിമൂന്ന് മുതല്‍ പതിനഞ്ച് വരെയുള്ള വരികള്‍. ഭൗതിക വാദികള്‍ ഇതിനെതിരെയും ഓരിയിടാറുണ്ട്. പ്രമാണപരമായി ആത്മീയ ലോകത്ത് ഇതൊന്നും അത്ര അത്ഭുതമുള്ള കാര്യമല്ല. നേരത്തെ അല്ലാഹു തിരഞ്ഞെടുക്കുന്ന മഹത്തുക്കള്‍ക്ക് ഗര്‍ഭാശയ ലോകമെന്നോ ഭൂമിലോകമെന്നോ വ്യത്യാസമില്ലാതെ അവര്‍ക്ക് ചോദിക്കാന്‍ കഴിയും. ചോദിക്കുന്നത് അല്ലാഹു നല്‍കുകയും ചെയ്യും. ഈസാ നബിയുടെ സംഭവം ഖുര്‍ആന്‍ പഠിപ്പിച്ചതല്ലേ. അധ്യാത്മിക ലോകത്തെ രാജാക്കന്മാര്‍ക്ക് ഇതെല്ലാം നിസ്സാരങ്ങളാണ്. എന്റെ സ്ഥാനത്തെ ഭയപ്പെടുന്നവര്‍ക്ക് രണ്ട് സ്വര്‍ഗ്ഗമുണ്ട്. അത് കൂടാതെ രണ്ട് സ്വര്‍ഗ്ഗമുണ്ട് (സൂറതു റഹ്മാന്‍ 46,62) എന്ന് ഖുര്‍ആന്‍ പറഞ്ഞതിന്റെ പൊരുളുകളില്‍ ശൈഖ് രിഫാഈ ചോദിച്ച നാലു സ്വര്‍ഗം ഉള്‍പ്പെടുന്നതിന്ന് കുഴപ്പമില്ലല്ലോ. ‘കുഷ്ടവ്യാധിയും വെള്ളഫ്ഫാണ്ട് ഒക്കെയും- കരുതി എന്‍ നോക്കാല്‍ ശിഫയാകും എന്നോവര്‍’ – മാറാവ്യാധി രോഗങ്ങള്‍ക്ക് ശൈഖവര്‍കളുടെ ഒരു നോട്ടം കൊണ്ട് തന്നെ ശമനം ലഭിക്കുന്നു എന്നാണ് ഇവിടെ അവകാശപ്പെടുന്നത്. ശൈഖവര്‍കളുടെ ശിഷ്യന്മാരിലൊരാളായ അല്‍-ഹാജ് അബുല്‍ കിറാം ഒരിക്കല്‍ ശൈഖിനെ സന്ദര്‍ശിക്കാനായി പുറപ്പെട്ടു. വഴിയില്‍ വെച്ച് ശക്തമായ കാല് വേദന കൊണ്ട് അദ്ദേഹം പ്രയാസപ്പെട്ടു. തുടയെല്ല് വരെ വേദനയെത്തി. വേദനിക്കുന്ന കാലുമായി ശൈഖിന്റെ അരികിലെത്തി. ശിഷ്യനെ കണ്ടപ്പോള്‍ തന്നെ ശൈഖവര്‍കള്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടു. തുടര്‍ന്ന് ശൈഖവര്‍കള്‍ അദ്ദേഹത്തെ ഒന്ന് നോക്കി. ശൈഖ് നോക്കിയതോടെ ശിഷ്യന്റെ വേദന പൂര്‍ണ്ണമായും സുഖപ്പെട്ടു. സമാന സംഭവം സൂചിപ്പിക്കുന്ന വരി മുഹ്‌യിദ്ദീന്‍ മാലയിലും കാണാം. ‘വേണ്ടീട്ട് വല്ലൊരു വസ്തുവിനെ നോക്കുകില്‍, വേണ്ടിയ വണ്ണം അതിനെ ആക്കുന്നോവര്‍.”

നൂറ്റി എണ്‍പത്തി അഞ്ച് വരികളാണ് രിഫാഈ മാലയില്‍ ഉള്ളത്. ഇരുപത്തി എട്ട് വരികള്‍ ഉള്‍ക്കൊള്ളുന്ന ഇരവ് അടക്കം. ഇരവുകളില്‍ പ്രാര്‍ത്ഥനകളായി ഒഴുകി വരുന്ന വരികള്‍ ഉള്ളില്‍ തട്ടുന്നവയാണ്. ദീനും ദുന്‍യാവും ഖബറും അസ്‌റാഈലും മുന്‍കറും നകീറും കത്തി മറിയുന്ന നരകവുമെല്ലാം ഇരവുകളില്‍ കടന്ന് വരുന്നുണ്ട്. രിഫാഈ മാലയില്‍ കാണുന്ന ചരിത്ര സംഭവങ്ങളെല്ലാം ശൈഖ് രിഫാഈയെ കുറിച്ച് രചന നടത്തിയ പ്രമുഖര്‍ തന്നെ ഉദ്ധരിച്ചവയാണ്. ആദര്‍ശവും ആശയവും പ്രമാണവുമെല്ലാം പിന്തുണക്കുന്ന വരികളാണ് മുഴുവനും. രിഫാഈ സരണിയെ കുറിച്ച് രചിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ ഇവയെല്ലാം കണ്ടെത്താന്‍ കഴിയും. ഇമാം ശഅ്‌റാനിയുടെ ത്വബഖാത്തുല്‍ കുബ്‌റ, ഇമാം സുബ്കിയുടെ ത്വബഖാത്തു ശ്ശാഫിഇയ്യത്തുല്‍ കുബ്‌റ, യൂസുഫുന്നബ്ഹാനിയുടെ ജാമിഉ കറാമത്തില്‍ ഔലിയാഅ്, ഇമാം നവവിയുടെ ത്വബഖാത്ത്- തുടങ്ങി നിരവധി പ്രമുഖ രചനകള്‍ ശൈഖ് രിഫാഈയുടെ ജീവിത ചിത്രവും ചരിത്രവും രേഖപ്പെടുത്തിയവയാണ്. അധ്യാത്മിക ലോകത്തെ അമേയ പുരുഷന്മാരുടെ വാക്കും പ്രവര്‍ത്തിയും സാധാരണക്കാര്‍ക്ക് പെട്ടെന്ന് മനസ്സിലായിക്കൊള്ളണമെന്നില്ല. രിഫാഈ മാലയിലടക്കമുള്ള പല വരികളും പലര്‍ക്കും ദഹിക്കാതെ വരുന്നത് അവരുടെ ജ്ഞാനശോഷണം കൊണ്ടാണ്. മഹത്തുക്കളുടെ സാങ്കേതിക പ്രയോഗങ്ങള്‍ മനസ്സിലാകാത്തവര്‍ അവരുടെ ഗ്രന്ഥങ്ങള്‍ തന്നെ പാരായണം ചെയ്യരുതെന്നാണ് പണ്ഡിത അഭിപ്രായം. ഇതിനര്‍ത്ഥം അവര്‍ പറയുന്നത് തെറ്റാണെന്നല്ല. ഇമാം ശഅ്‌റാനി പറയുന്നു. ഞങ്ങളുടെ സരണിയില്‍ പെടാത്തവര്‍ ഞങ്ങളുടെ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്നത് പാടില്ല. മാത്രമല്ല, അത് വിശ്വസിക്കാത്തവരിലേക്ക് ഉദ്ധരിക്കാനും പാടില്ലാത്തതാണ്(അല്‍- യവാഖീത്തു വല്‍-ജവാഹിര്‍).