മുത്ത് റസൂൽ ﷺ യുടെ☘️ രൂപഭാവങ്ങൾ
*☘️മുത്ത് റസൂൽ ﷺ യുടെ☘️*
*രൂപഭാവങ്ങൾ*
തിരുനബി ﷺ ആകാരപരമായ പൂര്‍ണതയുടെ ഉടമയായിരുന്നു. വര്‍ണ്ണനാതീതമാണ് അവിടുത്തെ (ﷺ) ആകാര പ്രകൃത സവിശേഷതകള്‍. മഹാന്മാരായ സ്വഹാബീപ്രമുഖര്‍ സ്വന്തം അനുഭവവും ജ്ഞാനവും അടിസ്ഥാനപ്പെടുത്തി വിവരിച്ചതു മാത്രമാണ് ഇക്കാര്യത്തിലവലംബിക്കാനുള്ളത്.
സൗന്ദര്യത്തിന്റെ തല്‍സ്വരൂപമായ തിരുനബിﷺയുടെ സൗന്ദര്യത്തിന്‍ കേന്ദ്രീയത അവിടുന്ന് (ﷺ) പ്രകാശമായിരുന്നു എന്നതിലാണ്. അവിടുത്തെ (ﷺ) ആകാര പ്രകൃതങ്ങളെക്കുറിച്ചുള്ള വര്‍ണനകളെല്ലാം അനന്തമായ പാരാവാരത്തില്‍ നിന്നെടുത്ത ജലകണങ്ങളെപ്പോലെ മാത്രമാണ്.
പൂര്‍വ്വകാല പ്രവാചകന്മാരെല്ലാവരും നബിﷺതങ്ങളെക്കുറിച്ച് വിവരിച്ചിട്ടുണ്ടായിരുന്നു. അതുപോലും സാഹചര്യത്തിന്റെ അവസ്ഥയനുസരിച്ച് വളരെ പരിമിതവും ക്ളിപ്തവുമായിരുന്നു...
ഇമാം ബൂസ്വീരി (റ) പറയുന്നു: “നിശ്ചയം, അവരൊക്കെ (പ്രവാചകന്മാര്‍) അവരുടെ സമുദായങ്ങള്‍ക്കു വിവരിച്ചു കൊടുത്ത അങ്ങയുടെ വിശേഷണങ്ങള്‍ വെള്ളം ആകാശ താരകങ്ങളെ പ്രതിബിംബിക്കും പ്രകാരം മാത്രമായിരുന്നു...”
(അല്‍ഖസ്വീദതുല്‍ഹംസിയ്യ: വരി: 3)
ഈ വരിയുടെ വ്യാഖ്യാനത്തില്‍ ഇബ്നുഹജര്‍ (റ) എഴുതുന്നു: “നിശ്ചയം, അവര്‍ ഉന്നതവും സമ്പൂര്‍ണ്ണവുമായ വാക്ചാതുര്യത്തോടെ നബിﷺയെ വര്‍ണിച്ചിട്ടുണ്ടെങ്കിലും അതിലെ അല്‍പം ചില സൂചനകള്‍ മാത്രമാണവര്‍ പ്രാപിച്ചിട്ടുള്ളത്. അതിന്റെ യഥാര്‍ത്ഥ ഭാവതലങ്ങളെ ഉള്‍ക്കൊള്ളാന്‍ അവര്‍ അശക്തരായിരുന്നു...”
(അല്‍ മിനഹുല്‍ മക്കിയ്യ: 1/135)
മഹാന്മാരായ പ്രവാചകന്മാരുടെ സ്ഥിതിയിതാണെങ്കില്‍ സാധാരണക്കാരായ നമ്മുടെ കാര്യം പറയാനില്ലല്ലോ.. നബിﷺതങ്ങളെ പൂര്‍ണ്ണമായി വിവരിക്കുക അസാധ്യമാണ്. എന്നാലും അവിടുത്തെ (ﷺ) സംബന്ധിച്ച് നമുക്കറിയാവുന്നത്, അതിന്റെ ആന്തരിക യാഥാര്‍ത്ഥ്യം നമുക്കജ്ഞാതമെങ്കിലും പകരേണ്ടതും നുകരേണ്ടതുമാണ്. കാരണം നബിﷺയെ സാധിക്കും വിധം അറിഞ്ഞ് വിശ്വസിക്കേണ്ടവരാണ് നാം...
ഭാഗം : 02
ഇബ്നു ഹജറില്‍ ഹൈമതമി (റ) പറയുന്നു: “മുമ്പും ശേഷവും നബി ﷺ യെപ്പോലെ ഒരാളും മനുഷ്യരില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത വിധമാണ് ആ ശരീരത്തെ അല്ലാഹു ﷻ സൃഷ്ടിച്ചിരിക്കുന്നതെന്നു വിശ്വസിക്കല്‍ വിശ്വാസപൂര്‍ണ്ണതയുടെ ഭാഗമാണ്. കാരണം, ഒരു സത്തയിലെ പ്രത്യക്ഷ ഗുണങ്ങള്‍ അതില്‍ ആന്തരികമായുള്ള അദൃശ്യസ്വഭാവങ്ങളുടെയും സവിശേഷതകളുടെയും തെളിവാണ്. നമ്മുടെ നബിﷺതങ്ങള്‍ ഈ സ്വഭാവ വിശേഷങ്ങളിലെല്ലാം മറ്റാരും പ്രാപിക്കാത്ത പദവി നേടിയിട്ടുണ്ട്”
(അല്‍ മിനഹുല്‍ മക്കിയ്യ: 2/570)
അമ്പിയാക്കള്‍ സമകാലികരില്‍ നിന്നു താഴ്ന്ന ശരീരാവസ്ഥയിലാവുന്നത് പ്രബോധനത്തിനു തടസ്സമാവാനിടയുണ്ട്. കാരണം ഏതൊരു സമൂഹവും അവരുടെ സാമ്പ്രദായികമായ ശീലങ്ങളുടെ പരിസരത്തു നിന്നാണ് പ്രവാചകരെ കാണുക. ക്രമേണ അതിനു മാറ്റം വന്നേക്കാമെങ്കിലും, പ്രഥമദൃഷ്ട്യാ അവരില്‍ സ്വാധീനം ചെലുത്താനുപകരിക്കുന്ന ആകര്‍ഷകമായ ശാരീരിക ഘടന പ്രവാചകന്മാര്‍ക്കുണ്ടായിരിക്കേണ്ടതുണ്ട്. സ്വഭാവവും സംസ്കാരവും അടുത്തറിയാനും ബാഹ്യമായ ആകര്‍ഷകത്വം ആവശ്യമാണല്ലോ. അതിനാല്‍ തന്നെ പ്രബോധിതരില്‍ നീരസം ഉണ്ടാക്കുന്നവിധമുള്ള ശാരീരിക പ്രകൃതിയോ രോഗമോ അവര്‍ക്കുണ്ടാവില്ല. ശാരീരികമായ വൈകല്യമോ വൈരൂപ്യമോ ഇല്ലാത്തവരായിരിക്കും അവര്‍. ഒരു പ്രവാചകന്റെയും രൂപഭാവങ്ങള്‍ സമൂഹത്തെ അദ്ദേഹത്തില്‍ നിന്ന് അകറ്റിയതായി ചരിത്രമില്ല.
നമ്മുടെ നബിﷺതങ്ങള്‍ എല്ലാ നിലക്കും എല്ലാ പ്രവാചകന്‍മാരെക്കാളും സമകാലത്തെ ജനങ്ങളെക്കാള്‍ ഉന്നതര്‍ തന്നെയായിരുന്നു. ഇമാം ബൂസ്വീരി (റ) പറയുന്നു: “ഇതര പ്രവാചകന്മാരെക്കാള്‍ ആകാരത്തിലും സ്വഭാവത്തിലും നബി ﷺ ഉന്നതരായിരുന്നു. അവരാരും തന്നെ നബി ﷺ തങ്ങളോട് ജ്ഞാനത്തിലും ഉദാരതയിലും അടുത്തെത്തിയിരുന്നില്ല”
(ഖസീദതുല്‍ ബുര്‍ദ)
നബിﷺതങ്ങളുടെ ശരീരത്തിലെ ഓരോ അവയവവും അതുല്യമായ സൗന്ദര്യ വിശേഷണങ്ങളൊത്തതായിരുന്നു. ബറാഉബ്നുആസിബ് (റ) പറയുന്നു: “നബിﷺതങ്ങളെക്കാള്‍ സൗന്ദര്യമുള്ള ആരെയും ഞാന്‍ കണ്ടിട്ടില്ല”
(ബുഖാരി)
ഭാഗം : 03
അബൂബക്കര്‍സ്വിദ്ദീഖ് (റ) പറഞ്ഞു: “നബിﷺതങ്ങള്‍ അതികായനോ ഹ്രസ്വകായനോ ആയിരുന്നില്ല. ചുവപ്പു കലര്‍ന്ന വെളുത്ത നിറമുള്ള ഒത്ത ഒരാളായിരുന്നു. നീട്ടി വളര്‍ത്താത്ത ഒതുങ്ങിയ തലമുടി, നീണ്ട മൂക്ക്, തെളിമയുള്ള നെറ്റിത്തടം, മൃദുലമായ കവിള്‍ത്തടങ്ങള്‍, കറുത്ത കണ്‍മണികള്‍, അകന്ന പല്ലുകള്‍, വെള്ളിക്കിണ്ടിപോലെയുള്ള കഴുത്ത് എന്നിവ നബിﷺയുടെ സവിശേഷതയായിരുന്നു. അവിടുത്തെ (ﷺ) രണ്ടു ചുമലുകള്‍ക്കിടയില്‍ പ്രവാചക മുദ്രയുണ്ടായിരുന്നു.”
(തുര്‍മുദി)
ഹിജ്റ വേളയില്‍ നബി ﷺ ഉമ്മുമഅ്ബദ് (റ) എന്ന സ്ത്രീയുടെ കറവ വറ്റിയ ആടില്‍ നിന്ന് അമാനുഷിക സിദ്ധി മുഖേന പാല്‍ കറന്നെടുത്തു കഴിച്ചു. ആ വീട്ടുകാര്‍ക്കും പാല്‍ നല്‍കി. ഭര്‍ത്താവ് തിരിച്ചുവന്നപ്പോള്‍ അതിനെക്കുറിച്ചന്വേഷിച്ചു. അതിന് അവര്‍ നല്‍കിയ മറുപടിയില്‍ നബി ﷺ തങ്ങളെക്കുറിച്ച് നല്‍കിയ വിവരണം ഇങ്ങനെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്...
“പ്രകാശം പ്രകടമായൊരു മനുഷ്യന്‍, മുഖം പ്രസന്നമായ നല്ല ആകാരമുള്ളവന്‍, ശരീര പുഷ്ടി കാരണം ക്ഷീണിതരോ ശരീരശോഷണം കാരണം വിഷമിക്കുന്നവരോ അല്ല (തടിയനോ ശുഷ്കനോ അല്ല). സുന്ദരന്‍, അതീവ സുന്ദരന്‍. കണ്ണിനു നല്ല കറുപ്പുണ്ട്. നീളമുള്ള കണ്‍പീലികളുള്ളവര്‍, ദൃഢകായന്‍, നീണ്ടു മനോഹരമായ കഴുത്ത്, താടിക്കു നീളക്കൂടുതലില്ല, മാര്‍ദ്ദവമുണ്ട്. പുരികം വളഞ്ഞു നീണ്ട് തമ്മില്‍ ചേര്‍ന്നിരിക്കുന്നു. ആ നിശ്ശബ്ദതക്ക് ഗാംഭീര്യമുണ്ട്, സംസാരത്തിന് ആകര്‍ഷണീയതയും പ്രസന്നതയും പ്രകടമാണ്. അകലത്തുനിന്നു നോക്കിയാലും കോമളന്‍, അടുത്താവുമ്പോള്‍ അതിസൗന്ദര്യവാന്‍. മധുരമായ ഭാഷണം, മിതമായ, വ്യക്തമായ, മുറിച്ചു മുറിച്ചുള്ള സംസാരം. കോര്‍ത്തിണക്കിയ മുത്തുമണികള്‍ ഉതിര്‍ന്നുവീഴുംപോലെയുള്ള വചനങ്ങള്‍. ഒത്ത ശരീരപ്രകൃതന്‍. അതികായനോ നീളക്കുറവിനാല്‍ അവഗണനീയനോ അല്ല. നിവര്‍ന്ന ശരീരഘടന. ഇവിടെ വന്ന മൂന്നുപേരില്‍ വളരെ കൂടൂതല്‍ തേജസ്സുള്ളവന്‍. അവരില്‍ ഏറ്റവും മഹാന്‍.”
(ത്വബ്റാനി)
Post a Comment