തങ്ങൾ എന്ന വിളിപ്പേരും..ശിഹാബു തങ്ങളുടെ പരമ്പരയും
🌹 *തങ്ങൾ എന്ന വിളിപ്പേരും..ശിഹാബു തങ്ങളുടെ പരമ്പരയും* 🌹
*✍🏽മദീനയുടെ👑വാനമ്പാടി*
2️⃣0️⃣2️⃣ഇസ്ലാമിക പഠനങ്ങൾ
_തയ്യാറാക്കിയത് ഒ.പി.എം സയ്യിദ് മുത്തുക്കോയതങ്ങള്‍_
കേരളത്തില്‍ ഇസ്‌ലാം മതത്തിന് അടിത്തറയുണ്ടാക്കുന്നതിലും മതനിയമങ്ങള്‍ക്കനുസൃതമായി ഇവിടത്തെ മുസ്‌ലിങ്ങള്‍ക്ക് വ്യക്തമായ ദിശാബോധം നല്‍കിയതിലും മുഖ്യപങ്ക് വഹിച്ചവരാണ് തങ്ങള്‍ എന്നറിയപ്പെടുന്ന സയ്യിദ് വംശം. പ്രവാചകന്‍ മുഹമ്മദ്‌നബി(സ)യുടെ മകള്‍ ഫാത്തിമയുടെ സന്താനപരമ്പര. ആ പരമ്പരയിലെ നാല്പതാമത്തെ കണ്ണിയാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍.
മതപ്രബോധനം ലക്ഷ്യമാക്കി സയ്യിദ് വംശം അറേബ്യയില്‍നിന്ന് കേരളത്തിലെത്തുന്നത് മൂന്ന് നൂറ്റാണ്ട് മുമ്പാണ്. മദീനയില്‍നിന്ന് ഇറാഖിലേക്കും അവിടെനിന്ന് യമനിലെ ഹളര്‍മൗത്തിലേക്കും കുടിയേറിയ പ്രവാചകകുടുംബം അവിടെനിന്നാണ് കേരളത്തിലെത്തുന്നത്. കേരളവുമായി വ്യാപാരബന്ധം പുലര്‍ത്തിയിരുന്ന അറബ് വ്യാപാരസംഘങ്ങളിലൂടെയാണ് യമനിലെ സയ്യിദ് വംശം കേരളത്തിലെത്തുന്നത്. വിവിധഘട്ടങ്ങളില്‍ ഒറ്റയായും സംഘമായും കേരളത്തിലെത്തിയ സയ്യിദുമാര്‍ക്ക് ഇവിടെനിന്ന് ലഭിച്ച സ്‌നേഹപൂര്‍ണമായ സമീപനമാണ് അവരെ ഇവിടെ പിടിച്ചുനിര്‍ത്തിയത്.
_അറബി പദമല്ലാത്ത 'തങ്ങള്‍' എന്ന പേരും ഇവിടെ വന്ന സയ്യിദുമാര്‍ക്ക് നാട്ടുകാര്‍ ബഹുമാനസൂചകമായി നല്‍കിയതാണ് (കോഴിക്കോട്ടെ മുസ്‌ലിം പ്രമാണിമാരുപയോഗിച്ചിരുന്ന 'കോയ' എന്ന പദവും സയ്യിദുമാരുടെ പേരിനൊപ്പം ചേര്‍ന്നതും ഇങ്ങനെത്തന്നെ)._ പിന്നീട് തങ്ങളുടെ മക്കളുടെ വിളിപ്പേരുകളിലും സയ്യിദ് കുടുംബം ഈ കേരളത്തനിമ നിലനിര്‍ത്തി. പൂക്കോയ, മുല്ലക്കോയ, മുത്തുക്കോയ, ഉണ്ണിക്കോയ എന്നിങ്ങനെ. പാണക്കാട് മുഹമ്മദലി ശിഹാബ്തങ്ങളെ വീട്ടില്‍ വിളിച്ചിരുന്നത് കോയഞ്ഞിക്കോയ എന്നാണ്.
സയ്യിദുമാര്‍ പ്രവാചകപുത്രിയുടെ സന്താനപരമ്പരയാണെങ്കിലും പിന്നീട് പിതാക്കന്മാരുടെ പരമ്പരയിലേക്ക് ചേര്‍ത്ത് ഗോത്രങ്ങള്‍ (ഖബീല) രൂപംകൊണ്ടു. ഈ ഖബീലയുടെ പേരും പിന്നീട് സ്വന്തം പേരിനൊപ്പം ചേര്‍ത്തുതുടങ്ങി. മുഹമ്മദലി ശിഹാബ്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന തങ്ങള്‍കുടുംബം ശിഹാബുദ്ദീന്‍ ഗോത്രത്തില്‍പ്പെട്ടവരാണ്. വളപട്ടണത്ത് മരണപ്പെട്ട സയ്യിദ് അലി ശിഹാബുദ്ദീന്‍ എന്നവരാണ് ഈ ഗോത്രത്തില്‍ കേരളത്തിലെത്തിയ ആദ്യ വ്യക്തി. മുഹമ്മദ്‌നബിയുടെ 34-ാം തലമുറയില്‍പ്പെട്ട ഇദ്ദേഹം ഹിജ്‌റ വര്‍ഷം 1181ലാണ് കേരളത്തിലെത്തിയത്. ഇദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ പിന്നീട് പേരിനൊപ്പം ശിഹാബുദ്ദീന്‍ എന്ന വാക്കും ഉപയോഗിച്ചിരുന്നു. ഇതിന് മാറ്റംവരുത്തി ശിഹാബ് എന്ന പദം ആദ്യമായുപയോഗിച്ചത് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളാണ്. എന്നാല്‍ ശിഹാബ്തങ്ങളുടെ പിതാവ് പൂക്കോയതങ്ങള്‍ പേരിനൊപ്പം ഗോത്രപ്പേര് ചേര്‍ക്കാതെ വീട്ടുപേര് ചേര്‍ത്ത് പി.എം.എസ്.എ പൂക്കോയതങ്ങള്‍ (പുതിയ മാളിയേക്കല്‍ സയ്യിദ് അഹ്മദ് പൂക്കോയതങ്ങള്‍) എന്നാണ് ഉപയോഗിച്ചിരുന്നത്.
കേരളത്തില്‍ ശിഹാബുദ്ദീന്‍ ഗോത്രത്തിന്റെ തുടക്കക്കാരനായ സയ്യിദ് അലി ശിഹാബുദ്ദീന് രണ്ട് മക്കളുണ്ടായിരുന്നു. അതില്‍ സയ്യിദ് ഹുസൈനിലൂടെയാണ് ഗോത്രം വളര്‍ന്നത്. കണ്ണൂര്‍ അറക്കല്‍ രാജകുടുംബത്തില്‍നിന്നാണ് ഇദ്ദേഹം വിവാഹം ചെയ്തത്. ഇവരുടെ മൂത്ത മകനായ സയ്യിദ് മുഹ്‌ളാര്‍ മലപ്പുറത്ത് താമസമാക്കി. ഇദ്ദേഹത്തിന്റെ മകനായ സയ്യിദ് ഹുസൈന്‍ ആറ്റക്കോയതങ്ങളാണ് താമസം പാണക്കാട്ടേക്ക് മാറ്റിയത്.
സാത്വികനും പണ്ഡിതനുമായ ഇദ്ദേഹത്തെ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളെ പ്രോത്സാഹിപ്പിച്ചതിന്റെ പേരില്‍ 1862ല്‍ വെല്ലൂരിലേക്ക് ബ്രിട്ടീഷ് ഭരണകൂടം നാടുകടത്തി.
ഇദ്ദേഹത്തിന് ആദ്യ ഭാര്യയിലുണ്ടായ മക്കളാണ് സയ്യിദ് മുഹമ്മദ് കോയഞ്ഞിക്കോയയും സയ്യിദ് അലി പൂക്കോയയും. ഇവരില്‍ ജ്യേഷ്ഠന്റെ വീട് 'പുത്തന്‍പുരയ്ക്കല്‍' എന്നും അനിയന്റെ വീട് 'കൊടപ്പനയ്ക്കല്‍' എന്നുമാണറിയപ്പെട്ടത്. ജ്യേഷ്ഠനായ പുത്തന്‍പുരയ്ക്കല്‍ സയ്യിദ് മുഹമ്മദ് കോയഞ്ഞിക്കോയതങ്ങളുടെ മകനാണ് ശിഹാബ്തങ്ങളുടെ പിതാവായ പി.എം.എസ്.എ പൂക്കോയതങ്ങള്‍. അനിയനായ സയ്യിദ് അലി പൂക്കോയതങ്ങള്‍ക്ക് മക്കളില്ലാത്തതിനാല്‍ അദ്ദേഹം പി.എം.എസ്.എ പൂക്കോയതങ്ങളെ എടുത്തുവളര്‍ത്തുകയും തന്റെ വീടായ കൊടപ്പനയ്ക്കല്‍ വീട് ഇദ്ദേഹത്തിന് നല്‍കുകയും ചെയ്തു.
പി.എം.എസ്.എ പൂക്കോയതങ്ങള്‍ ചെറുപ്പത്തില്‍ത്തന്നെ പാരമ്പര്യചികിത്സാ മുറകളില്‍ അവഗാഹം നേടിയിരുന്നു. മലപ്പുറത്തിനടുത്ത പഴമള്ളൂരിലെ സയ്യിദ് കുഞ്ഞിസീതിക്കോയതങ്ങളുടെ മകള്‍ ആയിഷ ചെറുകുഞ്ഞിബീവിയെയാണ് ഇദ്ദേഹം വിവാഹംചെയ്തത്.
ഇവരുടെ ആദ്യ മകനായി 1936 മെയ് നാലിനാണ് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍ ജനിക്കുന്നത്.
Post a Comment