അറഫാ ദിനം: പറഞ്ഞു തീരാത്ത പുണ്യങ്ങൾ

🌹 *അറഫാ ദിനം: പറഞ്ഞു തീരാത്ത പുണ്യങ്ങൾ* 🌹

1️⃣9️⃣3️⃣ഇസ്ലാമിക പഠനങ്ങൾ

 *✍🏽മദീനയുടെ👑വാനമ്പാടി* 

തയ്യാറാക്കിയത്: *അബൂത്വാഹിർ ഫൈസി മാനന്തവാടി* 

 അറഫാ ദിനം, ഹജ്ജിന്‍റെ ഏറ്റവും സുപ്രധാന ദിവസം,
നബി (സ) പറഞ്ഞു:الحج عرفة
 "അറഫയാണ് ഹജ്ജ്".

 അല്ലാഹു അവന്‍റെ അതിഥികളായ ഹാജിമാരെ നോക്കി അഭിമാനിക്കുകയും , അവരുടെ തൗബ സ്വീകരിക്കുകയും, അവര്‍ക്ക് പൊറുത്തു കൊടുക്കുകയും, അവന്‍റെ കാരുണ്യം അവരുടെ മേല്‍ വര്‍ഷിക്കുകയും ചെയ്യുന്ന ദിവസമാണത്...

നബി (സ) പറഞ്ഞു:
(خير الدعاء دعاء يوم عرفة
"ഏറ്റവും ഉത്തമമായ പ്രാര്‍ത്ഥന അറഫാ ദിനത്തിലെ പ്രാര്‍ത്ഥനയാണ്‌."

അറഫയിലെ നിര്‍ത്തം ഉച്ച മുതല്‍ മഗ്രിബ് വരെയാണ്. ഹാജിമാര്‍ ളുഹ്റും അസറും ജംഉം ഖസ്റുമായി ളുഹ്റിന്‍റെ സമയത്ത് തന്നെ നമസ്ക്കരിക്കുകയും ബാക്കി സമയം പ്രാര്‍ത്ഥനയില്‍ മുഴുകുകയുമാണ് വേണ്ടത്.

നബി (സ്വ) മണിക്കൂറുകളോളം തിരു കൈകള്‍ മേലോട്ടുയര്‍ത്തി റബ്ബിനോട് പ്രാര്‍ത്ഥിച്ചു അറഫയില്‍...

قال النبي صلى الله عليه وسلم : ( ما من يوم أكثر من أن يعتق الله فيه عبدا من النار من يوم عرفة) رواه مسلم

നബി (صلى الله عليه وسلم) പറഞ്ഞു:
"അറഫാ ദിനത്തെപ്പോലെ അല്ലാഹു ദാസന്‍മാരെ നരകത്തില്‍ നിന്ന് മോചിപ്പിക്കുന്ന മറ്റൊരു ദിവസവുമില്ല."

കാരുണ്യവാനായ റബ്ബിനെ കുറിച്ചുള്ള നല്ല ചിന്തയും, പ്രതീക്ഷയുമാണ് ഹാജിയുടെ മനസ്സില്‍ നിറയേണ്ടത്...

അബ്ദുല്ലാഹിബ്നുല്‍ മുബാറക് (റ)പറഞ്ഞു:
أشقى الناس من ظن أن الله لن يغفر له في هذا اليوم...
"ഏറ്റവും വലിയ ദൗര്‍ഭാഗ്യവാന്‍ , ഈ പുണ്യ ദിനത്തില്‍ പോലും അല്ലാഹു തനിക്ക് പൊറുത്തു തരില്ല എന്ന് ചിന്തിക്കുന്നവനാണ്."

പരസ്പര കക്ഷി മാല്‍സര്യങ്ങളും , വര്‍ഗ്ഗ, വര്‍ണ്ണ, ദേശ വെറികളും മറന്ന് ഐക്യത്തിന്‍റെയും സഹിഷ്ണുതയുടെയും ഉയര്‍ന്ന ചിന്തയുള്ള , ഏകനായ റബ്ബിനെ ആരാധിക്കുന്ന ഒരൊറ്റ സമുധായം എന്ന സന്ദേശമാണ് അറഫ വിശ്വാസികള്‍ക്ക് നല്‍കുന്നത്...

സത്യ മതം പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു, ഇനി അതിലേക്ക് പുത്തന്‍ ആചാരങ്ങള്‍ കൂട്ടിച്ചേര്‍ക്കരുത് എന്നും, ഭിന്നിപ്പുകളില്‍ ഖുര്‍ആനും സുന്നത്തും മുറുകെ പിടിച്ചാല്‍ രക്ഷപ്പെടാമെന്നും , ഈ മാസത്തിന്‍റെയും, ഈ ദിവസത്തിന്‍റെയും , ഈ നാടിന്‍റെയും പവിത്രത പോലെ നിങ്ങളുടെ രക്തവും , സമ്പത്തും, അഭിമാനവും പവിത്രമാണ് എന്നും , നേതാക്കളെ അനുസരിക്കണമെന്നും തുടങ്ങി ഗൗരവമേറിയ പ്രഖ്യാപനങ്ങള്‍ അല്ലാഹുവിന്‍റെ റസൂല്‍ ഈ അറഫയില്‍ വെച്ചാണ് നടത്തിയത്.

അല്ലാഹു തന്റെ ദീന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നുവെന്ന് അറിയിച്ച് സൂറ മാഇദയിലെ മൂന്നാമത്തെ വചനം അവതരിപ്പിച്ചപ്പോള്‍ ഒരു യഹൂദി ഉമര്‍ ബിന്‍ ഖത്താബിനോട് പറഞ്ഞുവത്രെ ‘ഈ ആയത്ത് ഞങ്ങള്‍ക്ക് മേലായിരുന്നു അവതരിച്ചിരുന്നത് എങ്കില്‍ ആ ദിവസം ഞങ്ങള്‍ പെരുന്നാളായി ആഘോഷിക്കുമായിരുന്നു.
 ഉമര്‍(റ) അദ്ദേഹത്തോട് പറഞ്ഞു ‘ഞങ്ങളുടെ ഒന്നല്ല, രണ്ട് പെരുന്നാള്‍ ദിനങ്ങളിലാണ് അത് അവതരിപ്പിക്കപ്പെട്ടത്. അറഫാ ദിനത്തില്‍ വെള്ളിയാഴ്ചയായിരുന്നു അത് ഇറങ്ങിയത്’. അറഫാദിനവും, വെള്ളിയാഴ്ചയും വിശ്വാസികള്‍ക്ക് പെരുന്നാളാണ്. അല്ലാഹുവിന്റെ ഭവനത്തില്‍ ഹജ്ജ് നിര്‍വഹിക്കാനെത്തിയവര്‍ക്ക് പെരുന്നാളാണ് അറഫാദിനം. അല്ലാഹു അന്നേദിവസം പ്രഭാതത്തില്‍ താഴെ ആകാശത്തേക്ക് ഇറങ്ങി വരികയും തന്റെ അടിമകള്‍ ചെയ്യുന്ന കര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ തന്റെ മാലാഖമാരോട് കല്‍പിക്കുകയും ചെയ്യുന്നു.

വിവിധങ്ങളായ ഉത്തരവാദിത്തങ്ങളുള്ള മാലാഖമാര്‍ അവയെല്ലാം മാറ്റിവെച്ച് അല്ലാഹുവോടൊപ്പം വിശ്വാസികളുടെ കര്‍മങ്ങള്‍ക്ക് സാക്ഷികളാകുന്നു. അല്ലാഹുവിന്റെ മുന്നില്‍ തലകുനിച്ച്, കൈ ഉയര്‍ത്തി, കണ്ണീരൊലിപ്പിച്ച് പ്രാര്‍ത്ഥിക്കുന്ന വിശ്വാസികളെ കണ്ട് ആനന്ദിക്കുന്നു. ഇത് കാണുന്ന സന്ദര്‍ഭത്തില്‍ അല്ലാഹു തന്റെ മാലാഖമാരോട് ഇപ്രകാരം പറയുന്നു: എന്റെ അടിമകളിലേക്ക് നോക്കൂ, അവര്‍ പൊടിപുരണ്ട്, മുടി ജഢപിടിച്ച്, മലമ്പാതകള്‍ താണ്ടി എന്റെ അടുത്ത് വന്നിരിക്കുന്നു. ഞാനവരുടെ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കിയിരിക്കുന്നുവെന്നതിന് നിങ്ങളെ സാക്ഷികളാക്കുന്നു. അവര്‍ക്ക് വേണ്ടതെല്ലാം ഞാന്‍ നല്‍കുന്നതാണ്.’

അല്ലാഹു അവര്‍ക്ക് മേല്‍ വെളിപ്പെട്ട് അവരുടെ പാപങ്ങള്‍ പൊറുത്ത് നല്‍കുന്നു. അനുവദനീയമായ സമ്പത്തും, പാഥേയവുമായാണ് അവര്‍ അല്ലാഹുവിനെ സന്ദര്‍ശിച്ചത് എങ്കില്‍. അതിനാലാണ് തിരുദൂതര്‍(സ) ഇപ്രകാരം പറഞ്ഞത്: അറഫയില്‍ വന്ന് നിന്നതിന് ശേഷം അല്ലാഹു പൊറുത്ത് തന്നില്ലെന്ന് കരുതുന്നതാണ് ഏറ്റവും വലിയ തെറ്റ്.’
അല്ലാഹു അവര്‍ക്ക് എല്ലാ പാപങ്ങളും പൊറുത്ത് കൊടുക്കുന്നു.

അബ്ബാസ് ബിന്‍ മിര്‍ദാസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: അറഫാ രാവില്‍ റസൂല്‍(സ) തന്റെ ഉമ്മത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു. ഞാന്‍ അവര്‍ക്ക് പൊറുത്ത് കൊടുത്തിരിക്കുന്നുവെന്ന് ഉത്തരം നല്‍കപ്പെട്ടു. പക്ഷെ, അക്രമിക്ക് ഒഴികെ, അവരില്‍ അക്രമം പ്രവര്‍ത്തിക്കുന്നവരെ ഞാന്‍ ശിക്ഷിക്കുന്നതാണ്. അപ്പോള്‍ തിരുദൂതര്‍(സ) പറഞ്ഞു. നാഥാ, നീ മര്‍ദിതന് സ്വര്‍ഗം നല്‍കുകയും, മര്‍ദകന് പൊറുത്ത് കൊടുക്കുകയും ചെയ്താലും. അന്ന് രാത്രി അതിന് ഉത്തരം ലഭിച്ചില്ല. പിറ്റേന്ന് മുസ്ദലിഫയില്‍ നേരം പുലര്‍ന്നപ്പോള്‍ തിരുമേനി(സ) തന്റെ പ്രാര്‍ത്ഥന ആവര്‍ത്തിച്ചു. അപ്പോള്‍ അദ്ദേഹത്തിന് ഉത്തരം ലഭിച്ചു. അതുകണ്ട തിരുദൂതര്‍(സ) പുഞ്ചിരിച്ചു. അപ്പോള്‍ അബൂബക്‌റും ഉമറും(റ) ചോദിച്ചു. ‘അല്ലാഹുവാണ, ഇത് ചിരിക്കുവാനുള്ള സന്ദര്‍ഭമല്ലല്ലോ, താങ്കളെന്തിനാണ് ചിരിച്ചത്? റസൂല്‍(സ) പറഞ്ഞു ‘എന്റെ പ്രാര്‍ത്ഥനക്ക് അല്ലാഹു ഉത്തരം നല്‍കിയതായും അല്ലാഹു എന്റെ ഉമ്മത്തിന് പൊറുത്ത് കൊടുത്തതായും അറിഞ്ഞ ഇബ്‌ലീസ് സ്വന്തം തലയിലേക്ക് മണ്ണെടുത്തിട്ടു. അവന്‍ നാശത്തിനായി പ്രാര്‍ത്ഥിച്ചു. അവന്റെ പരിഭ്രമം കണ്ടതിനാലാണ് ഞാന്‍ ചിരിച്ചത്).

അല്ലാഹു അറഫാവാസികള്‍ക്ക് പൊറുത്ത് കൊടുക്കുന്നതാണ് എന്ന് പറഞ്ഞപ്പോള്‍ തിരുമേനി(സ)യോട് അനുചരന്മാര്‍ ചോദിച്ചു ‘ഇത് ഞങ്ങള്‍ക്ക് മാത്രമാണോ, അതല്ല ഞങ്ങള്‍ക്ക് ശേഷം ഇവിടെ വരുന്നവര്‍ക്കുമുണ്ടോ? തിരുമേനി(സ) പറഞ്ഞു ‘അന്ത്യനാള്‍ വരെ ഇവിടെ വരുന്നവര്‍ക്ക് ഇത് ബാധകമാണ്. ഇതുകേട്ട ഉമര്‍(റ) ആഹ്ലാദത്താല്‍ നിലത്ത് നിന്ന് തുള്ളാന്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പാപമോചനത്തിന്റെയും ന്യൂനതകള്‍ മറച്ച് വെക്കപ്പെടുന്നതിന്റെയും ദിനമാണ് ഇത്. അല്ലാഹു ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്ക് മാത്രമല്ല, അവര്‍ പാപമോചനത്തിന് വേണ്ടി അര്‍ത്ഥിക്കുന്നവര്‍ക്കും പൊറുത്ത് നല്‍കുമെന്ന് റസൂല്‍(സ) വ്യക്തമാക്കിയിരിക്കുന്നു.
അല്ലാഹുവിന്റെ അടുത്തേക്ക് വന്നവരാണ് ഹജ്ജാജിമാര്‍. തങ്ങളുടെ നാടും വീടും ഉപേക്ഷിച്ച്, കഫന്‍ പുടവ ധരിച്ച്, മഹ്ശറയെ അയവിറക്കി അല്ലാഹുവിന്റെ മുന്നില്‍ വന്ന് നില്‍ക്കുന്നവരാണ് അവര്‍. അല്ലാഹുവിന്റെ മുന്നില്‍ എല്ലാവരും സമന്മാരാണ്. അവിടെ നേതാവെന്നോ അനുയായിയെന്നോ, ശക്തനെന്നോ ദുര്‍ബലനെന്നോ, സമ്പന്നനെന്നോ ദരിദ്രനെനന്നോ ഇല്ല. സര്‍വവിധ പ്രൗഢിയില്‍ നിന്നും, ആഢംബരത്തില്‍ നിന്നും ദുരഭിമാനത്തില്‍ നിന്നും മുക്തരായി വിനയത്തോടെ, വിധേയത്വത്തോടെ വന്ന് നില്‍ക്കുകയാണ് അവര്‍.
ഐഹിക ലോകത്ത് പെരുമ നടിക്കുന്ന എല്ലാറ്റിനെയും അവര്‍ അഴിച്ച് വെച്ചിരിക്കുന്നു. അല്ലാഹുവിന്റെ മുന്നില്‍ തങ്ങളുടെ പാപങ്ങളുടെ ഭാണ്ഡം അഴിച്ച് വെച്ചിരിക്കുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം അല്ലാഹു നല്‍കുന്ന മഹത്തായ അവസരം തേടി വന്നവരാണ് അവര്‍.
ശവകൂടീരങ്ങളില്‍ നിന്നും അല്ലാഹുവിന്റെ മുന്നിലേക്ക് പുറപ്പെടുന്ന അന്ത്യനാളിനെയാണ് അവര്‍ ഓര്‍മിക്കുന്നത്. നാം ശേഖരിച്ച് വെച്ചതൊന്നും അന്ന് നമ്മുടെ കയ്യിലുണ്ടാവുകയില്ല. എന്നല്ല നാണം മറക്കാനുള്ള തുണി പോലും നമുക്കില്ല. അല്ലാഹുവിനെ ഭയപ്പെട്ടത് മാത്രമാണ് നമുക്ക് ആകെയുള്ള തുണ. ‘നിങ്ങളെ നാം ആദ്യഘട്ടത്തില്‍ സൃഷ്ടിച്ചത് പോലെ നിങ്ങളിതാ നമ്മുടെ അടുക്കല്‍ ഒറ്റപ്പെട്ടവരായി വന്നെത്തിയിരിക്കുന്നു. നിങ്ങള്‍ക്ക് നാം അധീനപ്പെടുത്തി തന്നതെല്ലാം നിങ്ങളുടെ പിന്നില്‍ വിട്ടേച്ചു പോന്നിരിക്കുന്നു.’ (അന്‍ആം 94)
സന്താനങ്ങളെയും സഹോദരങ്ങളെയും കൊണ്ട് പെരുമ നടിക്കാന്‍ അന്ന് സാധിക്കുകയില്ല. താന്‍ സമ്പാദിച്ച സുകൃതങ്ങളല്ലാതെ മറ്റൊന്നും അവന് അന്ന് ഉപകരിക്കുകയില്ല..

അറഫാ ദിനത്തില്‍ അല്ലാഹു ഏറ്റവും താഴ്ന്ന ആകാശത്തിലേക്ക് ഇറങ്ങിവരും. ജനങ്ങളെ ചൂണ്ടി മലക്കുകളോട് സാഭിമാനം പറയും: ”വിവിധ ഊടുവഴികളില്‍ നിന്ന് എന്റെ അനുഗ്രഹവും കാരുണ്യവും പ്രതീക്ഷിച്ചു വന്ന എന്റെ അടിമകളാണിവര്‍. മണല്‍തരികളുടെ എണ്ണത്തോളം ദോഷങ്ങളുണ്ടെങ്കില്‍ പോലും എന്റെ അടിമകള്‍ക്ക് ഞാന്‍ പൊറുത്തു കൊടുക്കും.”

അറഫാദിനത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് നബി (ﷺ) സൂചിപ്പിച്ച വാക്കുകള്‍.

അല്ലാഹു വിശ്വാസികളെ നോക്കി അഭിമാനം കൊള്ളുന്ന അനര്‍ഘ നിമിഷങ്ങള്‍. ഓരോ അറഫയും ഓരോ ജീവിതത്തെയും ശുദ്ധീകരിക്കുന്നു എന്നറിയിക്കുന്നു ഇത്.

 ലൈലത്തുല്‍ ഖദ്‌റിനോളം വരുന്ന അറഫാദിനത്തിന്റെ വിശ്വാസമാധുര്യം.
പശ്ചാതപിക്കുന്ന മനസ്സുകള്‍ക്ക് സമാധാനമാണന്ന്. അല്ലാഹുവിനോട് ചോദിക്കുവീന്‍, ഉടനടി നല്‍കപ്പെടും. ദോഷങ്ങള്‍ എത്രതന്നെയുണ്ടായാലും എത്ര ഭീകരമായിരുന്നാലും ദൈവ കാരുണ്യത്താല്‍ അന്ന് പൊറുക്കപ്പെടുന്നു.

അറഫാദിനത്തിലും ജനങ്ങള്‍ക്ക് മുന്നില്‍ കൈനീട്ടി നടക്കുന്ന ഒരു യാചകനെ കണ്ടപ്പോള്‍ അബ്ദുല്ലാഹിബ്‌നു ഉമറുബ്‌നു ഖത്താബ് പറഞ്ഞത്രെ: ”ഏ മനുഷ്യാ…. ഇന്ന് നീ അല്ലാഹുവിനോടല്ലാതെ ജനങ്ങളോടാണോ യാചിക്കുന്നത്?! കഷ്ടം.”

ദൂരങ്ങള്‍ താണ്ടി അങ്ങകലെ അറഫാഭൂമിയിലെത്തുന്ന ഹാജിമാരും വിശ്വാസദാര്‍ഢ്യത്താല്‍ സന്തപ്തമാകുന്ന ഇവിടെയിരിക്കുന്ന സമൂഹവും ആ ദിവസത്തിന്റെ ദൈവിക ദീപ്തിയില്‍ ഒന്നായിത്തീരുന്നു.

കാല്‍ച്ചുവട്ടിലെ മരുഭൂമിയിലെ മണല്‍ തരികളോളം ദോഷങ്ങള്‍ പേറി വന്ന ഹാജി അറഫയില്‍ പുതിയൊരു കുഞ്ഞായി പിറക്കുന്നു. ഖേദം വിതുമ്പുന്ന മനസ്സുമായി ആ ദിനം കഴിക്കുന്നവര്‍ക്കു ജന്‍മത്തില്‍ ചെയ്ത തെറ്റുകളെ മായ്ച്ചുകളയാം.
അന്ന്, ഹൃദയം തുറന്ന്, എല്ലാം ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കണം വിശ്വാസികള്‍. മനസ്സുരുകി, കരളലിഞ്ഞുള്ള ദുആകള്‍ വര്‍ദ്ധിപ്പിക്കണം.

തിര്‍മുദിയുടെ നിവേദനത്തില്‍ നബി (ﷺ) പറയുന്നു: ”പ്രാര്‍ത്ഥനകളില്‍ ഏറ്റവും നല്ലത് അറഫാദിനത്തിലെ പ്രാര്‍ത്ഥനയാണ്. ഞാനും മുന്‍കാല പ്രവാചകരും പറഞ്ഞതില്‍ ഏറ്റവും നല്ലത് ‘അല്ലാഹു ഏകനാണ്, അവനു പങ്കുകാരനില്ല, അവനാണ് സ്തുതി, അവന്‍ സര്‍വ്വശക്തനാണ്’ എന്നതാണ്.”

വിശ്വാസികളുടെ നിരന്തര പ്രാര്‍ത്ഥനകളില്‍ അല്ലാഹുവിന്റെ കാരുണ്യ പ്രവാഹത്തില്‍ പിശാചിന് വീര്‍പ്പുമുട്ടുന്നു അറഫാദിനത്തില്‍. കാരണം തിന്‍മകള്‍ കുറയുകയാണ്. തെറ്റുകുറ്റങ്ങള്‍ പൊറുക്ക പെടുകയാണ്. തന്റെ പക്ഷം ദയനീയമായി പരാജയപ്പെടുന്നു. അതാണ് പ്രവാചക തിരുമേനി (ﷺ) പറയുന്നത്.

 ”അറഫാദിനത്തേക്കാളേറെ നിന്ദിതനും നീചനും കോപാകുലനുമായി പിശാചിനെ മറ്റൊരു ദിവസത്തിലും കാണാനാവുകയില്ല. കാരണം, ആ ദിവസത്തിലാണല്ലോ അല്ലാഹുവിന്റെ കാരുണ്യം വര്‍ഷിക്കുന്നതും അതുവഴി ഒരുപാട് ദോഷങ്ങള്‍ പൊറുക്കപ്പെടുന്നതും.”
ത്വല്‍ഹത്ത്ബ്‌നു ഉബൈദില്ല(റ) നിവേദനം ചെയ്ത ഹദീസാണിത്.

ഇസ്‌ലാമിക അധ്യാപനങ്ങള്‍ വിഭാവനം ചെയ്യുന്ന ആഗോള സാഹോദര്യത്തിന്റെ പ്രയോഗവല്‍ക്കരണം അറഫാ സംഗമത്തില്‍ ലോകം കാണുന്നു. വ്യത്യസ്ത ദേശങ്ങളില്‍നിന്ന്, നാടുകളില്‍നിന്ന്, രാജ്യങ്ങളില്‍നിന്ന്, ഭൂഖണ്ഡങ്ങളില്‍നിന്ന്, വിവിധ ഭാഷകളുമായി, വര്‍ണ്ണ വൈവിദ്ധ്യവുമായി, വ്യത്യസ്ത ജീവിത ശൈലികളുമായി എത്തിയ ലക്ഷോപ ലക്ഷങ്ങള്‍ക്കിടയില്‍ വിവേചനത്തിന്റെ മിന്നലാട്ടംപോലുമില്ല.

അവർ എല്ലാവരും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരുമിച്ചുകൂടിയവര്‍. എല്ലാവരുടെയും ലക്ഷ്യങ്ങള്‍ ഒന്ന്. ആശയലോകം ഒന്ന്. നാവിന്‍തുമ്പിലെ മന്ത്രോച്ചാരണങ്ങള്‍ ഒന്ന്. വേഷവിധാനം ഒന്ന്.. അറഫായുടെ ആകര്‍ഷണീയതയും മനോഹാരിതയുമാണത്...

പരലോകത്തെ മഹ്ശറയെക്കൂടി ഓര്‍മ്മിപ്പിക്കുന്നു അറഫാസംഗമം. പ്രപഞ്ച നാഥന്റെ തിരുസമക്ഷം ഭക്തിയോടെ നമ്രശിരസ്‌കരായി നില്‍ക്കാനേ ഇന്നും അന്നും വിശ്വാസികള്‍ക്കാവൂ.
അറഫ മറ്റൊരു ഓര്‍മ്മകൂടി നമ്മുടെ മനസ്സുകളിലേക്ക് കൊണ്ടുവരുന്നു...

പതിനാല് നൂറ്റാണ്ടുകള്‍ക്കു മുമ്പ് ലക്ഷക്കണക്കിന് സ്വഹാബികളെ മുന്‍നിര്‍ത്തി പ്രവാചക തിരുമേനി (ﷺ) ചെയ്ത മഹത്തായ പ്രഭാഷണത്തിന്റെ, മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ, ഇസ്‌ലാം മതത്തിന്റെ പൂര്‍ത്തീകരണത്തിന്റെ ഓര്‍മ്മകള്‍ അലയടിച്ചെട്ടുത്തുന്നു. ”ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ദീനിനെ പൂര്‍ത്തീകരിച്ച് തന്നിരിക്കുന്നു. എന്റെ അനുഗ്രഹങ്ങള്‍ പൂര്‍ണ്ണമായി വര്‍ഷിപ്പിച്ചിരിക്കുന്നു. ഇസ്‌ലാമിനെ മതമായി തൃപ്തിപ്പെടുത്തി തന്നിരിക്കുന്നു.” ആ വാക്കുകള്‍ക്ക് ചരിത്രത്തില്‍ മരണമില്ല. ആ അറഫാദിനം ഒരു വെള്ളിയാഴ്ച കൂടിയായിരുന്നു. വെള്ളിയാഴ്ചയിലെ പെരുന്നാള്‍ പെരുന്നാളിന്റെ പെരുന്നാളാണ്...

നാം അറഫയെ പലവിധത്തില്‍ ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. അല്ലാഹുവിന്റെ അതിഥികളുടെ സംഗമം ഒരിടത്ത് നടക്കുമ്പോള്‍ അതില്‍ പങ്കുചേരാനാവാത്ത നമ്മള്‍ ആരാധനകള്‍ കൊണ്ട്, പ്രാര്‍ത്ഥനകള്‍കൊണ്ട് വിടവ് നികത്തണം. കണ്ണും കാതും നാക്കും മൂക്കും തുടങ്ങീ എല്ലാ സര്‍വ്വാവയവങ്ങളും അല്ലാഹുവില്‍ കേന്ദ്രീകൃതമായിരിക്കണം അറഫാരാത്രിയില്‍.

അറഫാ ദിനത്തിൽ നോമ്പ് നോൽക്കൽ സുന്നത്താണ്. അതിന്റെ പുണ്യത്തെ കുറിച്ച് നബി (ﷺ) പറഞ്ഞു. 'അറഫാ ദിനത്തിലെ നോമ്പ് നോൽക്കുന്നവന്റെ രണ്ട് വർഷത്തെ പാപം അല്ലാഹു പൊറുത്ത് കൊടുക്കുന്നതാണ്.'

അറഫാ ദിനത്തിൽ നോമ്പനുഷ്ഠിച്ചാൽ കഴിഞ്ഞു പോയ ഒരു വർഷത്തെ പാപങ്ങളും വരാനിരിക്കുന്ന ഒരു വർഷത്തെ പാപവും കാരുണ്യ കടലായ അല്ലാഹു തആല പൊറുത്തു കൊടുക്കുന്നതാണ്".

വരാനിരിക്കുന്ന ഒരു വർഷത്തെ പാപം പൊറുക്കും എന്നതിലെ വിവക്ഷ അടുത്ത വർഷം പാപങ്ങൾ ചെയ്യാമെന്നല്ല, മറിച്ച് അടുത്ത വർഷം പാപങ്ങൾ ചെയ്യുന്നതിൽ നിന്നും അല്ലാഹുവിന്റെ സംരക്ഷണമുണ്ടാകുമെന്നാണ് പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു

ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്യുന്ന തിരുവചനത്തില്‍ നബി (ﷺ) പറയുന്നു: ”അറഫാദിനം വല്ലാത്തൊരു ദിനമാണ്. അന്ന് സ്വന്തം കേള്‍വിയെയും കാഴ്ചയെയും വാക്കുകളെയും നിയന്ത്രിച്ചവന്റെ ദോഷങ്ങളെല്ലാം പൊറുക്കപ്പെടും.”

പ്രാർത്ഥനക്ക് ഉത്തരം കിട്ടുന്ന സന്ദർഭങ്ങൾ
1. റമളാൻ മാസം
2. ലൈലത്തുൽ ഖദ്ർ
3. അറഫാ ദിനം
4. വെള്ളിയാഴ്ച
5. രാത്രിയുടെ അന്ത്യയാമം
6. ധർമ യുദ്ധം നടക്കുന്ന സമയം
7. ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയിൽ
8. മഴ പെയ്യുമ്പോൾ
9. ഫർള് നിസ്കാരങ്ങൾക്കു ശേഷം
10. ഖുർആൻ പാരായണം കഴിഞ്ഞ ഉടനെ
11. സംസം കുടിക്കുന്ന അവസരത്തിൽ
12. കോഴി കൂവുന്ന അവസരം
13. മുസ് ലിംകൾ സംഘടിച്ചു നിൽക്കുന്ന അവസരം
14. ദിക്ർ സദസ്സ്
15. കഅ്ബ ദർശിക്കുന്ന സമയം
 (ഇഹ് യ 1/361, അദ്കാറുന്നവവി 369-397, ഹിസ്നുൽ ഹസീൻ: 14)