മന്ത്രം ഖുര്‍ആന്‍ കൊണ്ട്

🌹 *മന്ത്രം ഖുര്‍ആന്‍ കൊണ്ട്* 🌹

1️⃣8️⃣3️⃣ഇസ്ലാമിക പഠനങ്ങൾ

 *✍🏽മദീനയുടെ👑വാനമ്പാടി* 

നബി(സ) പറയുന്നു: “രണ്ട് രോഗശമനികള്‍ നിങ്ങളുപയോഗിക്കുക, തേനും ഖുര്‍ആനുമാണത്”(ഹാകിം). ഇബ്നു ഖയ്യിം പറയുന്നു: “വിശുദ്ധ ഖുര്‍ആന്‍ ശാരീരികവും മാനസികവും ഐഹികവും പാരത്രികവുമായ എല്ലാ രോഗങ്ങള്‍ക്കും പൂര്‍ണ്ണ ശാന്തിയാണ്.” ഒരു സ്വഹാബിക്ക് തേളിന്‍റെ വിഷമേറ്റപ്പോള്‍ ഫാതിഹഃ സൂറത്ത് ഓതി മന്ത്രിച്ചൂതിയ സംഭവം ബുഖാരി(2/854)യും മുസ്ലി(2/223)മും ഉദ്ധരിക്കുന്നുണ്ട്. ഖുര്‍ആന്‍റെ ഫലസിദ്ധിയെ കുറിച്ച് രണ്ട് സ്പാനിഷ് ഡോക്ടര്‍മാരുടെ അനുഭവം ശ്രദ്ധേയമാണ്.

‘ സങ്കീര്‍ണ്ണമായ മനോരോഗ ചികിത്സക്ക് ഖുര്‍ആന്‍ ഫലപ്രദമായ ഉപാധിയാണെന്ന് സ്പാനിഷ് ഡോക്ടര്‍മാരായ മന്‍സൂര്‍ അബ്ദുസ്സലാം, ഉമര്‍ അബൂതാരിഖ് എന്നിവര്‍ പറയുന്നു. ഖുര്‍ആന്‍ വാക്യങ്ങള്‍ പാരായണം ചെയ്ത് കേള്‍പിക്കുന്നതിലൂടെ പലതരം അസുഖങ്ങള്‍ ഭേദമാകുന്നു. നാലായിരം രോഗികളെ തങ്ങള്‍ ഇവ്വിധം ചികിത്സിച്ചു ഭേദമാക്കിയതായി അവര്‍ വെളിപ്പെടുത്തി.

ഖുര്‍ആനെ കുറിച്ചും നബി വാക്യങ്ങളെ കുറിച്ചും വിശദമായി നടത്തിയ പഠനത്തിന് ശേഷം ഇസ്ലാമാശ്ലേഷിച്ചവരാണ് ഇരുവരും. ഖുര്‍ആനും ശാസ്ത്രവും തമ്മില്‍ പൊരുത്തക്കേടില്ലെന്ന് കണ്ടെത്തിയപ്പോള്‍ ഇസ്ലാമിനോടുള്ള ആകര്‍ഷണം വര്‍ദ്ധിച്ചു. അങ്ങനെയാണ് ഇസ്ലാമാശ്ലേഷണമുണ്ടായത്.ഇപ്പോള്‍ ഡോ.മന്‍സൂറും ഡോ.ഉമറും ഗ്രാനഡക്കടുത്ത് ഒരു സൗജന്യ ചികിത്സാലയം നടത്തുകയാണ്.

ആധുനിക വൈദ്യശാസ്ത്ര ചികിത്സാ രീതികളോടൊപ്പം ഖുര്‍ആനും അവിടെ ചികിത്സാ രീതിയാണ്. വിദഗ്ധ ഡോക്ടര്‍മാര്‍ വര്‍ഷങ്ങളോളം ചികിത്സിച്ചിട്ടും ഭേദമാകാത്ത എത്രയോ രോഗികളെ തങ്ങള്‍ ഖുര്‍ആനിക ചികിത്സയിലൂടെ സുഖപ്പെടുത്തിയെന്ന് അവര്‍ പറയുന്നു. ചികിത്സക്കെത്തുന്നതില്‍ അധികവും മാനസിക കുഴപ്പങ്ങളുള്ളവരാണ്. ഖുര്‍ആനിക ചികിത്സ അവര്‍ക്ക് ഏറെ ഫലപ്രദമാകുന്നു”(ചന്ദ്രിക:1988-മാര്‍ച്ച് 18 വെള്ളി).

നബി(സ) പറഞ്ഞു: “ആരെങ്കിലും ഖുര്‍ആന്‍(നിസാരവും ഫലശൂന്യവുമായി ധരിച്ച്) കൊണ്ട് സൗഖ്യം തേടാതിരുന്നാല്‍ അല്ലാഹു അവന് സുഖം നല്‍കുന്നതല്ല”(ഹദീസ്). റബീഅ്(റ) പറയുന്നു: “ഞാന്‍ ശാഫിഈ(റ)യോട് മന്ത്രത്തെ കുറിച്ച് ചോദിച്ചു. അവര്‍ മറുപടി പറഞ്ഞു: അല്ലാഹുവിന്‍റെ കിതാബ്, അറിയപ്പെട്ട ദിക്റ് എന്നിവ കൊണ്ട് മന്ത്രിക്കുന്നതിന് യാതൊരു വിരോധവുമില്ല”(ഫത്ഹുല്‍ ബാരി:10/242). നബി(സ) പറഞ്ഞു: “രോഗികള്‍ ഫാതിഹയും മുഅവ്വിദതൈനിയും ഓതല്‍ അനിവാര്യമാണ്. ഫാതിഹ എല്ലാ രോഗത്തിനും ശാന്തിയാണ്”(ബൈഹഖി, ഹാകിം). ജാബിര്‍ (റ)ല്‍ നിന്ന്: “ഫാത്തിഹ മരണമല്ലാത്ത എല്ലാ രോഗത്തിനും ശമനമാണ്”(അബ്വാബുല്‍ ഫറജ്).

പരിശുദ്ധ ഖുര്‍ആന്‍ മുഴുവനും രോഗശാന്തിയാണെങ്കിലും ചില സൂറത്തുകള്‍ക്കും സൂക്തങ്ങള്‍ക്കും മറ്റു ചിലതിനേക്കാള്‍ പ്രത്യേകതകളുണ്ടെന്നതാണ് പണ്ഡിത മതം. ‘ ആയാത്തുശ്ശിഫാഅ്, ആയത്തുല്‍ കുര്‍സിയ്യ്, മുഅവ്വിദതൈനി, ഇഖ്ലാസ്, യാസീന്‍, ഫാത്തിഹഃ എന്നിവ സ്വയം ഓതുകയോ മറ്റുള്ളവര്‍ ഓതുന്നത് രോഗികള്‍ കേള്‍ക്കാന്‍ ശ്രദ്ധിക്കുകയോ ചെയ്യേണ്ടതാണ്”(ബിഗ്യ:92).

ഇബ്നു തീമിയ്യയുടെ ശിഷ്യന്‍ ഇബ്നു ഖയ്യിം തന്‍റെ അനുഭവം വിവരിക്കുന്നു: “മക്കയില്‍ താമസിച്ച് കൊണ്ടിരിക്കെ ഒരാള്‍ക്കും ചികിത്സിച്ച് മാറ്റാന്‍ കഴിയാത്ത പല രോഗങ്ങളും എനിക്കുണ്ടായപ്പോള്‍ ഞാന്‍ ഫാത്തിഹഃ ഓതി മന്ത്രിച്ചു. അത്ഭുതാവഹമായ ഫലം എനിക്ക് കാണാന്‍ കഴിഞ്ഞു. മാരകമായ രോഗങ്ങളുമായി എന്നെ സമീപിക്കുന്നവര്‍ക്ക് ഞാനിത് വിവരിച്ച് കൊടുക്കുമായിരുന്നു. ഫാത്തിഹയുടെ ‘ബറകത്ത്’ കൊണ്ട് അവരില്‍ ഭൂരിഭാഗത്തിന്‍റെയും രോഗം പെട്ടെന്ന് ശമിക്കുകയുണ്ടായി”(അബ്വാബുല്‍ ഫറജ്:107).

നബി(സ)യെ ലബീദ് ബ്നു അഅ്സമുല്‍ യഹൂദീ സിഹ്റ് ചെയ്തതിനെ തുടര്‍ന്നാണല്ലോ മുഅവ്വിദതൈനി അവതീര്‍ണ്ണമാകുന്നത്. മുഅവ്വിദതൈനി അവതരിപ്പിക്കപ്പെട്ടതിന് ശേഷം നബി (സ)യുടെ മന്ത്രം അത് കൊണ്ടായിരുന്നു. ഈ സൂറത്ത് ഒതിയാണ് സിഹ്റ് ഒഴിവാക്കിയത് എന്ന് ഇബ്നു അബ്ബാസ്(റ) പറയുന്നു(ഇബ്നു കസീര്‍).

 *ആയത്തുശ്ശിഫാഅ്(രോഗശമന സൂക്തങ്ങള്‍)* 

പരിപൂര്‍ണ്ണ വിശ്വാസത്തോടെയും കൂലി പ്രതീക്ഷിച്ച് കൊണ്ടുമായിരിക്കണം ഏതു സല്‍കര്‍മ്മവും. പൂര്‍ണ്ണ വിശ്വാസമില്ലാതെ ചാഞ്ചാട്ട ഹൃദയവുമായി എന്ത് സല്‍കര്‍മ്മം ചെയ്താലും ഫലം ഉണ്ടാവുകയില്ല എന്നത് ഖുര്‍ആനും ഹദീസും കൊണ്ട് സ്ഥിരപ്പെട്ട സംഗതിയാണ്. രോഗശാന്തിക്ക് ഏറ്റവും ഫലപ്രദമായ ആയത്തുകളാണ് ആയാത്തുശ്ശിഫാഅ്(രോഗശമന സൂക്തങ്ങള്‍).

ഇമാം ഖുശൈരി(റ) തന്‍റെ അനുഭവം വിവരിക്കുന്നു: “ഒരിക്കല്‍ എന്‍റെ മകന് മാരകമായ രോഗം പിടിപെട്ടു. എല്ലാ പ്രതീക്ഷകളും അസ്തമിച്ചപ്പോള്‍ ഞാന്‍ വളരെ വിഷമത്തിലായി. അങ്ങനെയിരിക്കെ ഒരു ദിവസം നബി(സ) തങ്ങളെ സ്വപ്നം കണ്ടു. നബി(സ)യോട് എന്‍റെ കുട്ടിയുടെ രോഗവിവരം പറഞ്ഞു. അപ്പോള്‍ നബി(സ) എന്നോട് ചോദിച്ചു: ആയാത്തുശ്ശിഫാഅ് നിനക്കറിയില്ലേ? ഇത്രയുമായപ്പോഴേക്കും ഞാന്‍ ഉണര്‍ന്നു. തുടര്‍ന്ന് ആയാത്തുശ്ശിഫാഇനെ കുറിച്ച് ഞാനന്വേഷിച്ചു. തൗബ സൂറത്തിലെ 14-ാം സൂക്തം, യൂനുസിലെ 57-ാം സൂക്തം, നഹ്ലിലെ 69-ാം സൂക്തം, ഇസ്റാഇലെ 82-ാം സൂക്തം, ശുഅറാഇലെ 80-ാം സൂക്തം, ഫുസ്സിലത്തിലെ 44-ാം സൂക്തം എന്നിവയാണ് ആയാത്തുശ്ശിഫാഅ് എന്ന് എനിക്ക് മനസ്സിലായി. ഞാന്‍ അവ ഒരു പാത്രത്തിലെഴുതുകയും അത് കഴുകിയ വെള്ളം എന്‍റെ കുട്ടിയെ കുടിപ്പിക്കുകയും ചെയ്തു. ഒരു ബന്ധനത്തില്‍ നിന്നും മുക്തനാകുന്നത് പോലെ അവന്‍റെ രോഗം ഭേദമായി”(റൂഹുല്‍ മആനി:15/145, അല്‍ മവാഹിബുല്ലദുന്നിയ്യഃ:3/420, റൂഹുല്‍ ബയാന്‍:5/194). ആയാത്തുശ്ശിഫാഅ് നിരവധി ശൈഖുമാര്‍ പാത്രത്തിലെഴുതി വെള്ളം കൊണ്ട് മായ്ച്ച് രോഗികള്‍ക്ക് കുടിക്കാന്‍ കൊടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് എന്ന് ഇമാം താജുദ്ദീനുസ്സുബ്കി(റ) തന്‍റെ ത്വബഖാത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് റൂഹുല്‍ ബയാനി(5/194)ല്‍ വ്യക്തമാക്കുന്നു.