ആത്മീയ ചികിത്സയും മന്ത്രവും ഇസ്ലാമിൽ
🌹 *ആത്മീയ ചികിത്സയും മന്ത്രവും ഇസ്ലാമിൽ* 🌹
1️⃣8️⃣1️⃣ഇസ്ലാമിക പഠനങ്ങൾ
*✍🏽മദീനയുടെ👑വാനമ്പാടി*
*ആത്മീയ ചികിത്സ*
ഭൗതിക ചികിത്സയിലെന്ന പോലെ ആത്മീയ ചികിത്സയിലും അനുവദനീയമായതും അല്ലാത്തവയുമുണ്ട്. അമുസ്ലിം മന്ത്രവാദികളെയും ജോത്സ്യന്‍മാരെയും മാരണക്കാരെയും സമീപ്പിക്കുക, അമ്പലങ്ങളിലെ പൂജകളിലും ക്രിസ്ത്യന്‍ ധ്യാനങ്ങളിലും പങ്കെടുക്കുക, അവിടങ്ങളിലേക്ക് നേര്‍ച്ചകളും വഴിപാടുകളും നേരുക തുടങ്ങിയവ ഇസ്ലാം കര്‍ശനമായി നിരോധിച്ചതാണ്. ചൂഷണങ്ങള്‍ കടന്ന് വരാന്‍ പറ്റുന്ന എളുപ്പമാര്‍ഗ്ഗമാണ് ആത്മീയ മേഖല. കപടപ്രവര്‍ത്തനങ്ങളിലൂടെയും ജിന്ന്-കുട്ടിച്ചാത്തന്‍ സേവയിലൂടെയും ആത്മീയത ചമയുന്നവരെ സൂക്ഷിച്ചേ പറ്റൂ. ഖുര്‍ആനും നബി(സ) പഠിപ്പിച്ച ദിക്റുകളും ദുആകളും മന്ത്രിച്ച് ചികിത്സിക്കുന്നതിനാണ് ചുരുങ്ങിയ വാക്കില്‍ ആത്മീയ ചികിത്സ എന്ന് പറയുന്നത്.
“അല്ലാഹു എന്നെ സൃഷ്ടിക്കുകയും നേര്‍വഴിയിലേക്ക് മാര്‍ഗ്ഗ ദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു. അവന്‍ ആഹാരപാനീയങ്ങള്‍ നല്‍കുകയും രോഗം ബാധിച്ചാല്‍ സുഖപ്പെടുത്തുകയും മരണം കൊണ്ടനുഗ്രഹിക്കുകയും പിന്നീട് എന്നെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു”(അശ്ശുഅറാഅ്:78-81).
ഇബ്രാഹീം നബി(അ)ക്ക് രോഗം ബാധിക്കുകയും അല്ലാഹു അത് ഭേദമാക്കുകയും ചെയ്തിട്ടുണ്ട്. മഹാനായ ഇബ്നു കസീര്‍(റ) പറയുന്നു: “അതായത് ഞാന്‍(ഇബ്രാഹീം നബി(അ)) രോഗിയാകുമ്പോഴൊക്കെ അല്ലാഹു ചികിത്സായോഗ്യമായത് കൊണ്ട് എന്നെ ചികിത്സിക്കുന്നു”(ഇബ്നു കസീര്‍:3/447).
മൂസാ നബി(അ)യുടെ ഒരു സംഭവം ഇമാം റാസി(റ) ഉദ്ധരിക്കുന്നുണ്ട്. “മൂസാ നബി(അ)ക്ക് ഒരിക്കല്‍ ശക്തമായ വയറുവേദന അനുഭവപ്പെട്ടു. അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചപ്പോള്‍ മരുഭൂമിയിലെ ഒരു തരം ചെടി മരുന്നായി ഉപയോഗിക്കാന്‍ നിര്‍ദ്ദേശം കിട്ടി. മൂസാ നബി(അ) അത് കഴിക്കുകയും വേദന ശമിക്കുകയും ചെയ്തു. പിന്നീടൊരിക്കല്‍ ഇതേ രോഗം വന്നപ്പോള്‍ പഴയ അനുഭവം വെച്ച് മൂസാ നബി(അ) അതേ മരുന്ന് തന്നെ കഴിച്ചു. പക്ഷേ, രോഗം ശക്തമാവുകയാണ് ചെയ്തത്! മൂസാ നബി(അ) അല്ലാഹുവിനോട് പരാതിപ്പെട്ടു.
“രക്ഷിതാവേ, ആദ്യം ഞാനത് കഴിച്ചപ്പോള്‍ രോഗം ഭേദമായിരുന്നു. രണ്ടാമത് കഴിച്ചപ്പോള്‍ രോഗം ശക്തമാവുകയാണ് ചെയ്തത്.” അല്ലാഹു പറഞ്ഞു: “എന്‍റെ നിര്‍ദ്ദേശമനുസരിച്ചാണ് ആദ്യം കഴിച്ചത്. അതു കാരണം രോഗം ഭേദമായി. എന്നാല്‍ രണ്ടാം പ്രാവശ്യം എന്‍റെ നിര്‍ദ്ദേശം കാത്തുനില്‍ക്കാതെ താങ്കള്‍ സ്വയം അത് കഴിച്ചു. അത് കൊണ്ടാണ് രോഗം വര്‍ദ്ധിച്ചത്. നീ അറിയുക. ഭൂമിയിലുള്ളത് മുഴുവനും വിനാശകാരിയായ വിഷമാണ്. അതിനെ നിര്‍വ്വീര്യമാക്കുന്നത് എന്‍റെ നാമവും”(റാസി:1/152).
മേല്‍ ചരിത്രത്തില്‍ നിന്നും മൂസാ നബി(അ) ഭൗതിക ചികിത്സ നടത്തിയതായി നമുക്ക് മനസ്സിലാക്കാം. ആത്മീയവും ഭൗതികവുമായ രണ്ട് രോഗശമനികളെ റസൂല്‍(സ) പരിചയപ്പെടുത്തുണ്ട്. “രണ്ട് രോഗശമനികള്‍ നിങ്ങള്‍ ഉപയോഗിക്കുക. തേനും ഖുര്‍ആനുമാണത്”(ഹാകിം). മഹാനായ അയ്യൂബ് നബി(അ)ക്ക് ഗുരുതരമായ രോഗം പിടിപെട്ടപ്പോള്‍ ഭൗതിക ചികിത്സയില്‍ അഭയം തേടാതെ വെറും ആത്മീയ ചികിത്സ നടത്തിയതായി ചരിത്രത്തില്‍ കാണാവുന്നതാണ്.
വാദങ്ങള്‍ യുക്തിയാകുമ്പോള്‍
ഇംഗ്ലീഷ് മരുന്ന് കഴിച്ചാല്‍ രോഗം ഭേദമാകും. ഖുര്‍ആന്‍ കലക്കി കുടിച്ചാല്‍ ഭേദമാകില്ല, കുറ്റം വരെ കിട്ടും. പരിഷ്കരണ വാദങ്ങളുടെ പുരോഗമന ആലോചന എങ്ങനെയുണ്ട്? പരിശുദ്ധ ഖുര്‍ആനും തിരുഹദീസും അവര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് വരെ അതിനുവേണ്ടിയാണ്. പ്രമാണങ്ങള്‍ വളച്ചൊടിച്ച് അതിന് വേണ്ടി ഉപയോഗിക്കുന്നു. ഈജിപ്ഷ്യന്‍ യുക്തിവാദം ഇസ്ലാമിക ലോകത്തിന് നല്‍കിയ ദുരന്തമാണിത്. പണ്ട് യൂറോപ്പില്‍ ക്രൈസ്തവ പൗരോഹിത്യം നിലനിന്നിരുന്നത് പോലെ നമുക്കിടയിലിപ്പോള്‍ ശാസ്ത്ര പൗരോഹിത്യമാണ് മികച്ച് നില്‍ക്കുന്നത്.
ശാസ്ത്രം എന്ത് പറഞ്ഞാലും ശരി. ഇന്നലെ പറഞ്ഞത് ഇന്ന് മാറ്റിപ്പറഞ്ഞാലും നമുക്ക് സ്വീകാര്യമാണ്. ഖുര്‍ആനും തിരുനബിയും പറഞ്ഞതും കല്‍പിച്ചതും പലപ്പോഴും യുക്തിയുടെ അളവുകോലില്‍ തള്ളിപ്പോകുന്നു. പരിഷ്കരണ പ്രസ്ഥാനങ്ങളുടെ കരങ്ങളാണ് ഇവിടെ കറുത്ത് നില്‍ക്കുന്നത്. ഖുര്‍ആന്‍റെയും സുന്നത്തിന്‍റെയും ഉള്ളടക്കങ്ങളില്‍ സകല ആശ്വാസവും കണ്ടെത്തിയിരുന്ന ഒരു ജനതയുടെ വിശ്വാസം സംശയങ്ങളുടെ നിഴലില്‍ നിര്‍ത്തി.
പ്രസവ വേദന തുടങ്ങിയാല്‍ മന്ത്രിച്ചൂതിയ വെള്ളവും നഫീസത്ത് മാലയും മരുന്നായി കണ്ടിരുന്ന തലമുറ ഇന്നലെകളിലെ സുഗന്ധമായിരുന്നു. പാമ്പ് കടിയേറ്റാല്‍ ഓടിച്ചെന്നിരുന്നത് തങ്ങളുപ്പാപ്പാന്‍റെ അടുത്തേക്കായിരുന്നു. പുതിയ വള്ളവും വലയും ഇറക്കുന്ന മുക്കുവന്‍റെ ആശ്വാസം ഉസ്താദിന്‍റെ മന്ത്രിച്ചൂത്തിലായിരുന്നു. നൂറ്റാണ്ടുകള്‍ തുടര്‍ന്ന് പോന്ന ഒരു പൈതൃകത്തിന് ‘യുക്തി’ മുറിവേല്‍പിച്ചപ്പോള്‍ സംഭവിച്ചത്, ആധുനികതയുടെയും ഉപഭോഗ സംസ്കാരത്തിന്‍റെയും കടന്ന് കയറ്റമായിരുന്നു. സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍ പ്രസവം നടത്തിയാലേ സുഖപ്രസവമാകൂ എന്നതല്ലേ സമുദായത്തിന്‍റെ ഇപ്പോഴത്തെ ചിന്ത.
ആള്‍ദൈവങ്ങക്കും വ്യാജ കൂടാരങ്ങള്‍ക്കും ആളെ കിട്ടിയത് മതത്തിന്‍റെ യഥാര്‍ത്ഥ ആത്മീയത നശിപ്പിക്കാനുള്ള ശ്രമം നടന്നപ്പോഴായിരുന്നു. ആത്മീയതക്കെതിരെ കലാപം നടത്തുന്നവര്‍ക്ക് ആത്മീയ ചികിത്സയും അന്യമായിരിക്കും.
*ആത്മീയ ചികിത്സയുടെ പ്രത്യയശാസ്ത്രം*
” സത്യവിശ്വാസികള്‍ക്ക് ശമനവും കാരുണ്യവുമായിട്ടുള്ളത് ഖുര്‍ആനിലൂടെ നാം അവതരിപ്പിച്ച് കൊണ്ടിരിക്കുന്നു”. (അല്‍ ഇസ്റാഅ്:82) ഈ ആയത്തിനെ വിശദീകരിച്ച് ഇമാം റാസി(റ) എഴുതുന്നു: “അറിയുക! തീര്‍ച്ചയായും ഖുര്‍ആന്‍ ആത്മീയ രോഗങ്ങള്‍ക്ക് പ്രതിവിധിയാണ്. ഒപ്പം ശാരീരിക രോഗങ്ങള്‍ക്കും.ഖുര്‍ആന്‍ പാരായണം കൊണ്ട് തബര്‍റുക് എടുക്കല്‍ നിരവധി ശാരീരിക രോഗങ്ങള്‍ക്ക് പ്രതിവിധിയാണ്”(തഫ്സീറുല്‍ കബീര്‍:21/34). ഇമാം ഖുര്‍ത്വുബി(റ) തന്‍റെ ജാമിഉലി അഹ്കാമില്‍ ഖുര്‍ആന്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു.
‘ അറിവില്ലായ്മ, സന്ദേഹം തുടങ്ങിയവ ഹൃദയ രോഗങ്ങളെ വിപാടനം ചെയ്യുക വഴി ഖുര്‍ആന്‍ മനസുകള്‍ക്ക് ശമനമാകുന്നു. ഖുര്‍ആന്‍ ആയത്തുകള്‍ കൊണ്ടുള്ള മന്ത്രം, ഉറുക്ക് എന്നിവ മൂലം ഭൗതിക രോഗങ്ങള്‍ക്കും ശമനമാകുന്നു”(ഖുര്‍ത്വുബി:10/315). ‘ ഇസ്റാഅ് സൂറത്തിലെ 82-ാം സൂക്തം വൃത്തിയുള്ള പാത്രത്തിലെഴുതി തെളിഞ്ഞ വെള്ളം കൊണ്ട് മായ്ച്ച് കുടിക്കപ്പെടാറുണ്ട്”(ഖുര്‍ത്വുബി:10/317).
ഒരു വസ്തുവിനും സ്വന്തമായി ഒരു കഴിവും ഇല്ലെന്നാണ് മുസ്ലിമിന്‍റെ വിശ്വാസം.മരുന്ന് കഴിക്കുമ്പോള്‍ രോഗശമനമുണ്ടാകുന്നത് ആ മരുന്ന് മാത്രം കാരണമായല്ല, മറിച്ച് അല്ലാഹു അതിനെ ഒരു കാരണമായി നിശ്ചയിച്ചുവെന്ന് മാത്രം. ഏത് മരുന്ന് കഴിച്ചാലും അല്ലാഹുവിന്‍റെ’ഖളാഅ്’ ഉണ്ടെങ്കില്‍ മാത്രമേ രോഗശമനം ലഭിക്കൂ എന്നതാണ് മുസ്ലിം ലോകത്തിന്‍റെ വിശ്വാസം.
അല്ലാഹുവിന്‍റെ ‘ഖളാഇ’ല്ലാതെ രോഗശമനമുണ്ടാകില്ല എന്നതിന് മൂസാ നബി(അ)യുടെ ചരിത്രത്തില്‍ നിന്ന് നമുക്ക് വ്യക്തമായി. ഈ വിഷയത്തില്‍ ഭൗതികവും ആത്മീയവുമായ ചികിത്സകള്‍ സമമാണ്.രണ്ട് നിലക്കും ഭേദമാകാന്‍ അല്ലാഹുവിന്‍റെ ‘ഖളാഅ്’ വേണം. നബി(സ) പറഞ്ഞു: ‘ എല്ലാ രോഗത്തിനും ശമനമുണ്ട്. രോഗമുണ്ടായാല്‍ മരുന്ന് കഴിക്കുക, അല്ലാഹുവിന്‍റെ അനുമതിയോടെ ശമനമുണ്ടാകും”(മുസ്ലിം). “മരുന്നുകള്‍ ഉപയോഗിക്കുമ്പോഴും അല്ലാഹുവില്‍ ഭരമേല്‍പിക്കുകയും അവനോട് ദുആ ചെയ്യുകയും വേണം. രോഗികള്‍ ശ്രദ്ധിക്കേണ്ട മര്യാദകളുടെ കൂട്ടത്തില്‍ ഇക്കാര്യം പണ്ഡിതന്‍മാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്” (ഇഹ്യ:2/209).
*മന്ത്രം*
നബി(സ)യുടെ കാലത്തും ശേഷമുള്ള നൂറ്റാണ്ടുകളിലും പ്രചുര പ്രചാരം ലഭിച്ച ചികിത്സാ രീതിയാണ് മന്ത്രം. നിബന്ധനകള്‍ പാലിക്കാത്തതിന്‍റെ പേരില്‍ കാലക്രമത്തില്‍ മന്ത്രം ഫലിക്കാതെ വന്നതാണ് ജനങ്ങള്‍ ഭൗതിക ചികിത്സയില്‍ അഭയം തേടാന്‍ കാരണമെന്ന് ഇബ്നു തീന്‍(റ)ഉം (ഫൈളുല്‍ ഖദീര്‍:1/491), ഇബനു ഹജര്‍(റ)ഉം (ഫത്ഹുല്‍ ബാരി:10/60)പറയുന്നുണ്ട്. മന്ത്രം അനുവദനീയമാണെന്നതില്‍ മുസ്ലിം ലോകത്തിന്‍റെ ഇജ്മാഉണ്ടെന്നും ഇബ്നു ഹജര്‍(റ) ഫത്ഹുല്‍ ബാരി(10/140)യില്‍ വ്യക്തമാക്കുന്നു. മന്ത്രം നിബന്ധനകള്‍ക്ക് വിധേയം
ഹാഫിള് ഇബ്നു ഹജറുല്‍ അസ്ഖലാനി രേഖപ്പെടുത്തുന്നു: “മൂന്ന് നിബന്ധനകള്‍ പാലിക്കപ്പെട്ടാല്‍ മന്ത്രം അനുവദനീയമാണെന്നതില്‍ പണ്ഡിതډാരുടെ ഇജ്മാഉണ്ട്. അല്ലാഹുവിന്‍റെ കലാം, നാമം, വിശേഷണം എന്നിവ കൊണ്ടാവുക, മന്ത്രത്തിന് സ്വയം ഉപകാരം ചെയ്യാന്‍ കഴിയില്ലെന്നും അല്ലാഹുവാണ് ഉപകാര-ഉപദ്രവങ്ങള്‍ക്ക് നിദാനമെന്നും വിശ്വസിക്കുക”(ഫത്ഹുല്‍ ബാരി:10/240).
അല്ലാമാ അബൂ അബ്ദില്ലാഹില്‍ ഖുര്‍ത്വുബി(റ) പറയുന്നു: ‘ മന്ത്രം മൂന്ന് വിധമാണ്. ഒന്ന് ജാഹിലിയ്യാ മന്ത്രം. അത് അര്‍ത്ഥമറിയാത്തവയാണ്. അവ ഉപേക്ഷിക്കല്‍ നിര്‍ബന്ധമാണ്. അവ ശിര്‍ക്കോ ശിര്‍ക്കിലേക്കെത്തിക്കുവാന്‍ കാരണമാകുന്നതോ ആണ്. അല്ലാഹുവിന്‍റെ നാമങ്ങള്‍ കൊണ്ടുള്ള മന്ത്രമാണ് രണ്ടാമത്തേത്. ഇത് അനുവദനീയമാണ്. ഇത് റസൂല്‍(സ) ചെയ്തതായി സ്ഥിരപ്പെട്ടിട്ടുണ്ടെങ്കില്‍ സുന്നത്തുമാണ്. മൂന്നാമത്തെ ഇനം മലക്കുകള്‍, സദ്വൃത്തര്‍, ബഹുമാനിക്കപ്പെടേണ്ട മറ്റു സൃഷ്ടികള്‍(ഉദാ:-അര്‍ശ്) തുടങ്ങി അല്ലാഹു അല്ലാത്തവരുടെ നാമം കൊണ്ടുള്ളത്. ഇവ വര്‍ജ്ജിക്കല്‍ നിര്‍ബന്ധമായതാണെങ്കില്‍ അല്ലാഹുവിലേക്ക് അഭയം തേടുക, അവന്‍റെ നാമം കൊണ്ട് തബര്‍റുക് എടുക്കുക എന്നിവയിലുള്‍പെടുന്ന മശ്റൂഇലോ പെട്ടതല്ല. ഉപേക്ഷിക്കലാണ് ഉത്തമം”(ഫത്ഹുല്‍ ബാരി:10/242). ‘ഏത് രോഗത്തിനും റസൂല്‍(സ) മന്ത്രിക്കാറുണ്ടായിരുന്നു”(ഫത്ഹുല്‍ ബാരി:10/170).
Post a Comment