സ്വൂഫി തത്വങ്ങള്‍

🌹 *സ്വൂഫി തത്വങ്ങള്‍* 🌹

1️⃣9️⃣0️⃣ഇസ്ലാമിക പഠനങ്ങൾ 

 *✍🏽മദീനയുടെ👑വാനമ്പാടി* 

സുപ്രധാനവും മൗലികവുമായ രണ്ടടിത്തറകളിലാണ് സ്വൂഫി തത്വങ്ങള്‍ നിലകൊളളുന്നത്. ആത്മസമരം (മുജാഹദഃ), അല്ലാഹുവിനോടുളള പരമമായ പ്രേമം (മുഹബ്ബത്ത്) എന്നിവയാണവ. ഹൃദയശുദ്ധി കൈവരിക്കുന്നതിലൂടെ മനുഷ്യന്‍ നന്നായി തീരും. അത് നേടിയെടുക്കാന്‍ നടത്തുന്ന ത്യാഗവും സമരവുമാണ് മുജാഹദഃ. അതുപദേശിക്കുന്നവരാണ് ഗുരുക്കന്മാര്‍. വലിയ്യുകള്‍, സാഹിദുകള്‍, സ്വൂഫികള്‍, ശൈഖുമാര്‍ എന്നീ അപരനാമത്തിലറിയപ്പെടുന്നവര്‍ ആത്മീയാചാര്യന്മാരായ ഗുരുക്കളിലൂടെ തിരുനബി (സ്വ) യുടെ അധ്യാപനങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയാണ് ആത്മശുദ്ധിയുടെ വഴി. ഒരു ഉദാഹരണത്തിലൂടെ ഈ വസ്തുത നമുക്ക് മനസ്സിലാക്കാം: പ്രഭാതത്തില്‍ സൂര്യനുദിക്കുന്നതോടെ സന്ധ്യയുടെ ഇരുള്‍ നീങ്ങുന്നു. രാത്രിയില്‍ പ്രകാശമില്ലാതെ നാം ഒന്നും കാണുന്നില്ല. ഇരുള്‍ഭയം മാത്രം ബാക്കി. സൂര്യപ്രകാശത്തില്‍ നാം സര്‍വ്വ വസ്തുക്കളെയും കാണുന്നു. എങ്കിലും നമ്മുടെ നഗ്നദൃഷ്ടിയില്‍പ്പെടാത്ത ധാരാളം വസ്തുക്കള്‍ അന്തരീക്ഷത്തിലുണ്ട.് അണുക്കള്‍, കീടങ്ങള്‍, ചെറുപ്രാണികള്‍ തുടങ്ങിയവയെ സൂര്യനുദിച്ച് പ്രകാശം പരന്നിട്ടും കാണുന്നില്ല. എന്നാല്‍ സൂര്യപ്രകാശം ദര്‍പ്പണത്തിലേക്കു പതിപ്പിക്കുകയും ദര്‍പ്പണത്തിലൂടെ പ്രതിഫലിപ്പിക്കുന്ന പ്രകാശത്തില്‍ നോക്കുകയും ചെയ്താല്‍ കീടങ്ങളെ കണ്ടുപിടിക്കാന്‍ കഴിയുന്നു. ഇതുപോലെ പ്രവാചക കുടുംബത്തിലെ സൂര്യഗോളമായ തിരുനബി (സ്വ) യുടെ സന്ദേശങ്ങള്‍ സ്വീകരിച്ച മുസ്‌ലിമിന്റെ ഹൃദയം അന്ധകാരം നീങ്ങി ഈമാനിക പ്രകാശം കൊണ്ട് പ്രഭാപൂരിതമായിട്ടുണ്ട്. എങ്കിലും ആ ഹൃദയത്തില്‍ അടിഞ്ഞു കൂടിയ നിരവധി കീടങ്ങളും ബാക്ടീരിയകളുമുണ്ട്. അഹങ്കാരം, അസൂയ, ലോകമാന്യം, വെറുപ്പ്, ദേഷ്യം, പക തുടങ്ങിയവയാണത്. ഇവയെ പെട്ടെന്ന് കണ്ടുപിടിക്കാന്‍ കഴിയുകയില്ല. സ്വഹാബികളും താബിഉകളും പ്രവാചക സഹവാസമെന്ന മഹാഭാഗ്യം കൊണ്ടത് നേടിയെടുത്തു. പിന്‍ഗാമികള്‍ക്കത് കണ്ടുപിടിച്ചു ചികിത്സിച്ചു സുഖപ്പെടുത്താനുളള എളുപ്പ വഴി നബി (സ്വ) യുടെ സന്ദേശങ്ങള്‍ ആത്മീയ ഗുരുക്കന്മാരാകുന്ന കണ്ണാടിയിലൂടെ പ്രതിഫലിപ്പിക്കുകയാണ്. ആ ദര്‍ശനം വഴി നേടിയെടുക്കുന്നത് ആത്മശുദ്ധീകരണമാണ്.

ആത്മീയ ഗുരുക്കള്‍ക്ക് ആവേശം പകരുന്ന ഒരു ഹദീസ് കാണുക. അനസ് (റ) പറയുന്നു: 'തിരുനബി (സ്വ) എന്നെ വിളിച്ചു ഉപദേശിച്ചു. എന്റെ കുഞ്ഞുമോനേ, പ്രഭാതം മുതല്‍ പ്രദോഷം വരെ ഒരു മനുഷ്യനോടും യാതൊരു വെറുപ്പും നിന്റെ മനസ്സിലില്ലാതെ ജീവിക്കാന്‍ കഴിയുമെങ്കില്‍ നീ അത് ചെയ്യുക. അതെന്റെ ചര്യയാണ്. എന്റെ ചര്യ പുനരുജ്ജീവിപ്പിക്കുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതാണ്.' (തിര്‍മുദി)

ഭൗതിക വിരക്തിയില്‍ പൂര്‍ണ്ണത പ്രാപിച്ചു കൊണ്ടാണ് ഈ സുന്നത്ത് പുനരുജ്ജീവിപ്പിക്കാന്‍ സ്വൂഫീ ലോകത്തിന് കഴിഞ്ഞത്. ജനസ്വാധീനവും അധികാരമോഹവും ഭൗതിക പ്രേമവും കുടികൊളളുന്ന ഹൃദയത്തില്‍ ഈ ചര്യ പ്രവേശിക്കുകയില്ല. (അവാരിഫുല്‍ മആരിഫ് 303)

ആത്മശുദ്ധി നേടുന്നതിന് കഠിനാദ്ധ്വാനം ചെയ്യുന്ന മുജാഹദഃ യെ കുറിച്ചുള്ള ചിത്രം ഇങ്ങനെയാണ്: അല്ലാഹുവില്‍ നിന്ന് മനുഷ്യനെ അകററുന്ന നാലു പ്രതികളുണ്ട്. മനസ്സ്, ദുന്‍യാവ്, പിശാച്. സൃഷ്ടികള്‍. ഇവ നാലും വ്യത്യസ്ത ശൈലിയില്‍ മനുഷ്യന്റെ പ്രയാണത്തിന്ന് മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുന്നു. ഇവയില്‍ ഒന്നാംപ്രതി മനസ്സാണെന്ന് തിരിച്ചറിയലും സ്വന്തം പോരായ്മകള്‍ കണ്‌ടെത്തി തിരുത്താനുള്ള ആര്‍ജവം നേടലുമാണ് ആത്മസമരത്തിന്റെ ഒന്നാംഘട്ടം. ഈ ഘട്ടം വിജയകരമായി നേരിട്ടാല്‍ പിന്നീടുളള പ്രയാണത്തില്‍ പിശാച് നിരന്തരം പിഴപ്പിക്കാനും പീഡിപ്പിക്കാനും ശ്രമിക്കും. ആ സന്ദര്‍ഭത്തിലാണ് ശൈഖിന്റെ പിന്‍ബലം ഉണ്ടായിരിക്കേണ്ടത്. പ്രസിദ്ധ സ്വൂഫി ചിന്തകനായ ഇബ്‌നു അജീബ (റ) പറയുന്നത് കാണുക: 'നേര്‍മാര്‍ഗ്ഗം തേടുന്നവര്‍ക്ക് മുജാഹദഃ ചെയ്‌തേ ശോഭിക്കാന്‍ കഴിയൂ. ആരംഭം ശുഭമായാല്‍ അവസാനവും ശുഭം തന്നെ. അലസതയും വീഴ്ചയും കൈവെടിഞ്ഞ് അത്യദ്ധ്വാനം ചെയ്യുന്നവര്‍ക്കേ വിജയ പ്രതീക്ഷയുളളൂ.' (ഈഖാളുല്‍ ഹിമമം 2:370)

അല്ലാഹുവിനോടുളള പരമമായ പ്രേമമാണല്ലോ സ്വൂഫി തത്വങ്ങളില്‍ രണ്ടാമത്തെത്. ഇത് സാധിച്ചെടുക്കുന്നതിന് നിരവധി ത്യാഗം ചെയ്യുന്നവരാണ് മുര്‍ശിദുകളായ ആത്മീയ ഗുരുക്കന്മാര്‍. നിരവധി അഗ്നി പരീക്ഷകള്‍ അവര്‍ നേരിടുന്നു. സൂക്ഷ്മതയാണ് ആ ജീവിതത്തിലെ പ്രധാന ധര്‍മ്മങ്ങളിലൊന്ന്. തിരുനബി (സ്വ) യുടെ പാഠശാലയില്‍ നിന്ന് പകര്‍ത്തിയ സുന്നത്തുകള്‍ ഒന്ന് പോലും ചോര്‍ന്നു പോകാതെ അതീവ സൂക്ഷ്മതയോടെ അനുഷ്ഠിക്കുകയും ശരീരത്തിന് പ്രയാസരഹിതമാക്കുകയും ചെയ്യുന്നതായി ഔലിയാക്കളുടെയും സ്വൂഫികളുടെയും ജീവിതം പഠനവിധേയമാക്കുന്ന ആര്‍ക്കും ബോധ്യപ്പെടുന്നതാണ്.

ചില ഉദാഹരണങ്ങള്‍:

മിമ്പറുകളില്‍ നിന്ന് പോലും സ്വൂഫി ദര്‍ശനങ്ങള്‍ പ്രബോധനം ചെയ്ത മഹാനായ സാഹിദാണ് ശിബ്‌ലി നുഅ്മാന്‍ (റ) (മരണം ഹിജ്‌റ 334). ഗുരുവായ ശിബ്‌ലിയുടെ മരണസമയത്തെ സ്ഥിതി വിശേഷമെന്തായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പരിചാരകനോട് ചോദിച്ചപ്പോള്‍ ഇങ്ങനെയായിരുന്നു മറുപടി: 'അദ്ദേഹത്തിന്റെ ശബ്ദം നിലച്ചു. അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായപ്പോള്‍ വുളു ചെയ്തു കൊടുക്കണമെന്ന് ആംഗ്യഭാഷയില്‍ എന്നെ അറിയിച്ചു. ഞാന്‍ വുളു ചെയ്തു കൊടുത്തു. പക്ഷേ, അദ്ദേഹത്തിന്റെ ഇടതൂര്‍ന്നു വളര്‍ന്ന താടി തിക്കകററി കൊടുക്കുവാന്‍ ഞാന്‍ മറന്നു പോയി. ഉടനെ എന്റെ കൈ പിടിച്ചു താടിയിലേക്ക് നീക്കി. ഞാന്‍ ആ സുന്നത്ത് ഗുരുവിന് നിര്‍വ്വഹിച്ചു കൊടുക്കുകയും ചെയ്തു'. (അവാരിഫ് 317)

ശൈഖ് ജിലാനീ (റ) ഒരു രാത്രിയില്‍ നാല്‍പതു തവണ കുളിച്ചതും സുന്നത്ത് സൂക്ഷിച്ചതിന്റെ ഉദാഹരണമാണ്. രാത്രിയില്‍ വലിയ അശുദ്ധിയുണ്ടയാല്‍ ഉടനെ കുളിച്ചു ശുദ്ധി വരുത്തല്‍ നിര്‍ബന്ധമില്ല. എങ്കിലും സുന്നത്താണ്. സ്വുബ്ഹി നിസ്‌ക്കാരത്തിനു മുമ്പ് കുളിക്കലേ നിര്‍ബന്ധമുളളൂ. എന്നിട്ടും സ്ഖലനം വഴി അശുദ്ധിയുണ്ടായ ഉടനെ ശൈഖ് ജീലാനി (റ) കുളിച്ചു. വീണ്ടും അശുദ്ധി, വീണ്ടും കുളിച്ചു. ഈ പരീക്ഷണം നാല്പതു തവണ ആവര്‍ത്തിച്ചു. ശൈഖവര്‍കള്‍ വിജയിച്ചു. സുന്നത്തുകള്‍ പാലിച്ചു. ശരീരമൊതുക്കി ആത്മീയത ഉള്‍കൊണ്ട മഹാത്മാക്കളില്‍ ഒരാളാണ് നഫീസത്തുല്‍ മിസ്വ്‌രിയ്യഃ (റ) (മരണം ഹിജ്‌റ 208). മക്കയില്‍ ജനിച്ച് മദീനാശരീഫില്‍ വളര്‍ന്നു ഈജിപ്തില്‍ കുടിയേറി പാര്‍ത്ത മഹതിയുടെ ജീവിതം ജനങ്ങള്‍ക്ക് ഇസ്‌ലാമിക പ്രഭ ചൊരിയുന്നതായിരുന്നു. നോമ്പും നിസ്‌ക്കാരവും ഖുര്‍ആന്‍ പാരായണവുമായി കഴിഞ്ഞു കൂടിയ മഹതി സ്വന്തം കരങ്ങള്‍ കൊണ്ട് ഖബര്‍ കുഴിക്കുകയും അതിലിറങ്ങിയിരുന്നു 190 പ്രാവശ്യം ഖുര്‍ആനോതി തീര്‍ക്കുകയും ചെയ്തിരുന്നു. മരണാസന്നയായി കിടക്കുമ്പോള്‍ നോമ്പുകാരിയായിരുന്നു. നോമ്പു മുറിക്കണമെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ അവര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്. 'കഴിഞ്ഞ മുപ്പത് വര്‍ഷമായി എന്നെ നോമ്പുകാരിയായി മരിപ്പിക്കണമന്ന് ഞാന്‍ അല്ലാഹുവിനോട് ദുആ ചെയ്യുന്നു. അതിനവസരം കിട്ടിയതാണിപ്പോള്‍. എന്നിട്ട് ഞാനീ നോമ്പ് മുറിക്കുകയോ, അതൊരിക്കലുമില്ല.' (നൂറുല്‍ അബ്‌സ്വാര്‍)

ചുരുക്കത്തില്‍, ഔലിയാക്കളും ശൈഖുമാരും സ്വൂഫികളും തിരുനബി (സ്വ) യുടെ ആത്മീയ ഭാവങ്ങളില്‍ നിന്നകന്നവരല്ല; കൂടുതല്‍ അടുത്തവരാണ്. വെട്ടിപ്പും തട്ടിപ്പുമായി നടന്നു ഭൗതിക സുഖങ്ങളില്‍ മുഖം കുത്തിയവരല്ല; ആത്മത്യാഗം ചെയ്തവരാണ്. സുന്നത്തും ഫര്‍ളും ഒഴിവാക്കി സുഖിച്ചു വിലസിയ അലസന്മാരല്ല; പട്ടിണി കിടന്നും ഉറക്കമൊഴിച്ചും കഷ്ടപ്പെട്ട് ആരാധിച്ചവരാണ്.