ദുൽഹിജ്ജ: പുണ്യങ്ങളുടെ വസന്ത മാസം

🌹 *ദുൽഹിജ്ജ: പുണ്യങ്ങളുടെ വസന്ത മാസം* 🌹

1️⃣9️⃣2️⃣ഇസ്ലാമിക പഠനങ്ങൾ

 *✍🏽മദീനയുടെ👑വാനമ്പാടി* 

തയ്യാറാക്കിയത്: *അബൂത്വാഹിർ ഫൈസി മാനന്തവാടി*

പവിത്രമായ നാല് മാസങ്ങളിൽ
ഒന്നാമൻ ദുൽ ഹിജ്ജ
ചില മാസങ്ങൾ ഇതര മാസങ്ങളേക്കാൾ പവിത്രമാണ്.
വിശുദ്ധ ഖുർആൻ അത് വ്യക്തമാക്കിയിട്ടുണ്ട്. അവയിലൊന്നാം സ്ഥാനക്കാരനാണ് ദുല്‍ഹിജ്ജ.
ഇമാം ഗസ്സാലി (റ) യുടെയും മറ്റും അഭിപ്രായമാണിത് (മിര്‍ഖാത്ത് – 9 / 471).

മുഹര്‍റം, ദുൽഖഅദ, റജബ് എന്നിവയാണ് മറ്റു മൂന്ന് മാസങ്ങള്‍.
മാസങ്ങളിലെ ദിവസങ്ങള്‍ക്കിടയിലുമുണ്ട് പ്രകടമായ വൈജാത്യം.
മുഹര്‍റം ഒന്ന് മുതല്‍ പത്ത് വരെ കനകം വിളയുന്ന നാളുകളാണ്.

അതു പോലെ റമസാന്‍ മാസാന്ത്യത്തിലെ പത്ത് ദിവസങ്ങള്‍ മുസ്‌ലിം ലോകത്തിന്റെ ഹൃത്തടങ്ങളില്‍ അമൂല്യമായി സൂക്ഷിക്കപ്പെടുന്നു. അപ്രകാരം തന്നെയാണ് ദുല്‍ഹിജ്ജ മാസത്തിലെ പത്ത് ദിവസങ്ങളും.

ദുൽ ഹിജ്ജയുടെ ദശ ദിനങ്ങൾ

وَالْفَجْرِ ﴿١﴾ وَلَيَالٍ عَشْرٍ ﴿٢﴾
1. പ്രഭാതം തന്നെയാണ് സത്യം.
2. പത്ത് രാത്രികൾ തന്നെയാണ് സത്യം.
വിശുദ്ധ ഖുർആൻ
ഫജ്റ് 89:1,2

10 രാത്രികൾ കൊണ്ടുള്ള വിവക്ഷ ദുൽഹിജ്ജ് മാസത്തിലെ ആദ്യത്തെ പത്തു രാവുകളാണെന്ന് അബ്ദുല്ലാഹിബിനു അബ്ബാസിനെ (റ) പോലെയുള്ള പ്രഗത്ഭരായ ഖുർആൻ വ്യാഖ്യാതക്കൾ അഭിപ്രായപ്പെടുന്നു..

ഈ ലോകത്തെ ദിവസങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായ ദിനരാത്രങ്ങൾ ദുൽഹിജ്ജ് മാസത്തിലെ ആദ്യത്തെ പത്ത് നാളുകളാണെന്നും,
ധർമ്മ സമരങ്ങളേക്കാൾ അല്ലാഹുവിന് ഏറെ പ്രിയം ഈ ദിവസങ്ങളിലെ ആരാധനകളാണെന്നും,
അത് കൊണ്ട് നിങ്ങൾ ധാരാളമായി തഹ്ലീലും, തക്ബീറും വർദ്ധിപ്പിക്കണമെന്നും ആധികാരികമായി ഹദീസ് ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്..
റഈസുൽ മുഫസ്സിരീൻ (ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവ്) എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അബ്ദുല്ലാഹിബിനു അബ്ബാസിനെ(റ) തൊട്ടു നിവേദനം ചെയ്ത ഹദീസ് ഇമാം ബുഖാരി തന്റെ സ്വഹീഹിലും,
മുത്തബിഉ സുന്നഃ (പ്രവാചക ചര്യകളെ അതേപടി അനുധാവനം ചെയ്യുന്ന ആൾ) എന്ന സ്ഥാനപ്പേരിൽ പ്രശസ്തനായ അബ്ദുല്ലാഹിബിനു ഉമറിനെ (റ) തൊട്ടു നിവേദനം ചെയ്ത ഹദീസ് ഇമാം അബൂദാവൂദ് തന്റെ സുനനിലും രേഖപ്പെടുത്തിയതായി കാണാം.


നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു:

عن ابن عباس قال: قال رسول الله صلى الله عليه وسلم: «ما من أيام العمل الصالح فيها أحب إلى الله من هذه الأيام» يعني أيام العشر، فقالوا: يا رسول الله، ولا الجهاد في سبيل الله؟ قال: «ولا الجهاد في سبيل الله، إلا رجل خرج بنفسه وماله فلم يرجع من ذلك بشيء» [رواه أبو داو2438،ي].

ഇബ്നു അബ്ബാസ് (റളിയല്ലാഹു അന്‍ഹു) വില്‍ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു: "(ദുല്‍ഹിജ്ജയിലെ) പത്തു ദിനങ്ങളോളം സല്കര്‍മ്മങ്ങളനുഷ്ടിക്കുന്നത് അല്ലാഹുവിന് ഇഷ്ടപെട്ടതായി മറ്റു ദിനങ്ങള്‍ വേറെയില്ല". അവര്‍ (സഹാബികള്‍) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദുമില്ലേ?! നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു: "ജിഹാദുമില്ല, സ്വന്തം സമ്പത്തും ശരീരവുമായി ജിഹാദിന് പുറപെട്ട് മടങ്ങിവരാത്തയാളൊഴികെ".
(അബൂദാവൂദ്)

 *അറഫാ ദിനം ദിസങ്ങളുടെ നേതാവ്* .

ഈ ദശദിനങ്ങളില്‍ ഏറ്റയം ശ്രേഷ്ഠമായത് അറഫാ ദിനമാണ്. സംശയമില്ല, എന്നല്ല ഒരു വര്‍ഷത്തെ ആകെ ദിവസങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ ദിവസവും അത് തന്നെ. അഥവാ മാസങ്ങളുടെ നേതാവ് റമസാനാണെങ്കിലും ഒരു വര്‍ഷത്തിലെ ദിവസങ്ങളുടെ നേതാവ് അറഫാ ദിനമാണ്. ഒരാഴ്ചയിലെ സപ്ത ദിനങ്ങളുടെ നേതാവ് വെള്ളിയാഴ്ചയായത് പോലെ. (തുഹ്ഫ 4/490, ശര്‍ഹുത്വീബി 4/1263)

മാസങ്ങള്‍ക്കും ദിവസങ്ങള്‍ക്കും സമയങ്ങള്‍ക്കുമെല്ലാം ഇങ്ങനെ മൂല്യം നിര്‍ണയിക്കുന്നതിലെന്തു പ്രസക്തി? ഇമാം ഖാസിന്‍ രേഖപ്പെടുത്തുന്നു. ‘വിശുദ്ധ മാസങ്ങളില്‍ നന്മകളുടെ പ്രതിഫലം ഗുണീഭവിക്കും. തിന്മകള്‍ക്ക് ഇതര മാസങ്ങളിലുള്ളതിനേക്കാള്‍ ഗൗരവം വര്‍ധിക്കുകയും ചെയ്യും. (തഫ്‌സീറുല്‍ ഖാസിന്‍: 3/ 512)

 ഇബ്‌നുല്‍ മുല്‍ക്ക് പറഞ്ഞു: ഒരു സമയം കൂടുതല്‍ ശ്രേഷ്ഠതയുള്ളതായാല്‍ ആ സമയത്തുള്ള കര്‍മങ്ങള്‍ക്കും കൂടുതല്‍ ശ്രേഷ്ഠതയുണ്ട് (മിര്‍ഖാതുല്‍ മഫാതീഹ് : 3/512)
സത്കര്‍മങ്ങള്‍ അനുഷ്ഠിക്കപ്പെടാന്‍ അല്ലാഹുവിന് ഏറ്റവും സംതൃപ്തികരമായത് ദുല്‍ഹിജ്ജയിലെ പത്ത് ദിവസങ്ങളാണ്. അതിലെ ഓരോ ദിവസത്തെ നോമ്പും ഓരോ വര്‍ഷത്തെ നോമ്പിന് സമാനമാണ്. അതിലെ ഓരോ രാവിലുള്ള നിസ്‌കാരവും ലൈലത്തുല്‍ ഖദ്‌റിലെ നിസ്‌കാരത്തിന് തുല്യമാണ്. (തുര്‍മുദി : 758)

പ്രായോഗിക തലത്തില്‍ ഈ വചനങ്ങള്‍ക്ക് തിരുനബി വ്യാഖ്യാനം നല്‍കി. ദുല്‍ഹിജ്ജ ഒന്ന് മുതല്‍ ഒമ്പത് കൂടിയ ദിവസങ്ങളില്‍ നോമ്പെടുത്തു. മാത്രമല്ല ഒരു വര്‍ഷവും പ്രസ്തുത നോമ്പുകള്‍ നഷ്ടപ്പെട്ടു പോകരുതെന്ന നിര്‍ബന്ധബുദ്ധിയുണ്ടായിരുന്നു പ്രവാചകന്. ഈ ആവേശത്തെ ഹഫ്‌സ്വ ബീവി ചിത്രീകരിക്കുന്നതിങ്ങനെ: ഒരിക്കലും ഉപേക്ഷിക്കാതെ പ്രവാചകന്‍ (സ) കാത്തുസൂക്ഷിച്ചിരുന്ന നാല് കാര്യങ്ങളില്‍ ഒന്നാണ് ദുല്‍ഹിജ്ജ പത്ത് വരെയുള്ള നോമ്പ് (നസാഈ : 2724)
 ഈ ഒമ്പത് ദിവസത്തെ നോമ്പുകള്‍ ശക്തമായ സുന്നത്താണെന്ന് കര്‍മശാസ്ത്ര പണ്ഡിതര്‍ വിധിക്കുകയും ചെയ്തിട്ടുണ്ട്.
കേവല വ്രതാനുഷ്ഠാനത്തില്‍ പരിമിതപ്പെടുന്നതല്ല ഈ വിശുദ്ധ ദിനങ്ങളിെല ആരാധനകള്‍. സര്‍വസുകൃതങ്ങള്‍ക്കും നിസ്സീമമായ പ്രതിഫലം വാഗ്ദാനം ചെയ്തു കൊണ്ടാണ് ദുല്‍ഹിജ്ജ സമാഗതമാകുന്നത്.

സഈദുബ്‌നു ജുബൈര്‍ (റ) ല്‍ നിന്ന് നിവേദനം : നബി (സ) പറഞ്ഞു: അല്ലാഹുവിന്റെ അടുക്കല്‍ ഈ ദിവസങ്ങളേക്കാള്‍ (ദുല്‍ഹിജ്ജയിലെ ആദ്യ പത്ത് ദിവസങ്ങള്‍) ശ്രേഷ്ഠമായ മറ്റു ദിവസങ്ങളില്ല.
ഈ ദിവസങ്ങളിലുള്ളതിനേക്കാള്‍ അവന്ന് സന്തുഷ്ടകരമായ മറ്റു കര്‍മങ്ങളുമില്ല. അതിനാല്‍ പ്രസ്തുത ദിവസങ്ങളില്‍ നിങ്ങള്‍ തഹ്‌ലീലിനെയും തക്ബീറിനെയും മറ്റു ദിക്‌റുകളെയും വര്‍ധിപ്പിക്കുക. ഈ ദിവസങ്ങളില്‍ സല്‍ക്കര്‍മങ്ങള്‍ക്ക് എഴുനൂറ് മടങ്ങ് പ്രതിഫലമുണ്ട് ‘ (ബൈഹഖി : 3749)

അറഫാ ദിനം ചില ചരിത്രങ്ങൾ

➡. ഉമര്‍ ബിന്‍ ഖത്താബ്(റ)ല്‍ നിന്ന് ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. യഹൂദികളില്‍പെട്ട ഒരാള്‍ അദ്ദേഹത്തോട് പറഞ്ഞുവത്രെ ‘അമീറുല്‍ മുഅ്മിനീന്‍, നിങ്ങളുടെ വേദത്തിലെ ഒരു വചനം അത് ഞങ്ങള്‍ യഹൂദികള്‍ക്കാണ് അവതരിച്ചിരുന്നത് എങ്കില്‍ ആ ദിവസത്തെ ഞങ്ങള്‍ പെരുന്നാളായി സ്വീകരിക്കുമായിരുന്നു. ഏത് വചനമാണ് അതെന്ന് ഉമര്‍(റ) അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘ഇന്ന് നിങ്ങളുടെ ജീവിതവ്യവസ്ഥ ഞാന്‍ നിങ്ങള്‍ക്കു തികവുറ്റതാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തീകരിച്ചു തന്നിരിക്കുന്നു. ഇസ്ലാമിനെ നിങ്ങള്‍ക്കുള്ള ജീവിതവ്യവസ്ഥയായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു’ (മാഇദ 3). ഉമര്‍(റ) അദ്ദേഹത്തോട് പറഞ്ഞു: (ആ ആയത്ത് ഇറങ്ങിയ ദിവസവും, സ്ഥലവും എനിക്ക് നന്നായറിയാം. അറഫാ ദിനത്തില്‍ പ്രവാചകന്‍(സ)ക്ക് മേലാണ് ഈ വചനം അവതരിച്ചത്’

ഈ ദീനിന്റെ പൂര്‍ണത പ്രഖ്യാപിച്ച മഹത്തായ വചനം അവതരിച്ചത് ഇതു പോലുള്ള ഒരു അറഫാ ദിനത്തിലായിരുന്നു. ഈ ദീനല്ലാത്ത മറ്റൊരു ദര്‍ശനവും അല്ലാഹു സ്വീകരിക്കുകയില്ല. ഇതിലേക്ക് മടങ്ങാത്തവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്ന് മാത്രമല്ല, നരകത്തില്‍ നിന്ന് മോചിപ്പിക്കപ്പെടുകയുമില്ല.
അറഫാ ദിനം മുസ്ലിംകളുടെ അഭിമാനദിനമാണ്. ലോകത്തിന്റെ ഏത് ഭാഗത്തും ഏത് പ്രദേശത്തും ഏത് നിമിഷത്തിലും ഇത്രയധികം മുസ്ലിംകള്‍ ഇത്രയധികം വിധേയത്വത്തോടെ ഒരുമിച്ച് കൂടുകയില്ല. അല്ലാഹുവിന്റെ അപാരമായ കഴിവിനെക്കുറിക്കുന്ന മഹത്തായ ദൃഷ്ടാന്തമാണ് അത്. വിവിധ വര്‍ണത്തിലും, വര്‍ഗത്തിലും, ഗോത്രത്തിലും പെട്ട മുസ്ലിംകള്‍ ഒരേ പ്രാര്‍ത്ഥനയുമായി, ഒരൊറ്റ വസ്ത്രത്തില്‍ അല്ലാഹുവിന്റെ മുന്നില്‍ വന്ന് നില്‍ക്കുന്ന മുഹൂര്‍ത്തമാണ് അത്.
അറഫാദിനം നരകത്തില്‍ നിന്ന് മോചിപ്പിക്കപ്പെടുന്ന ദിനമാണ്. അല്ലാഹു തന്റെ മാലാഖമാര്‍ക്ക് മുന്നില്‍ അഭിമാനം കൊള്ളുന്ന സന്ദര്‍ഭമാണത്.


➡നബിതിരുമേനി(സ) അരുള്‍ ചെയ്യുന്നു: അല്ലാഹു തന്റെ അടിമകളില്‍ ഏറ്റവും കൂടുതല്‍ പേരെ നരകത്തില്‍ നിന്ന് മോചിപ്പിക്കുന്നത് അറഫാദിനത്തിലാണ്. അല്ലാഹു ആകാശത്തിലേക്ക് അടുത്ത് വന്ന് മാലാഖമാരോട് ഇപ്രകാരം പറയും ഇവര്‍ എന്താണ് ഉദ്ദേശിക്കുന്നത്?) അല്ലാഹു അവന്റെ മുന്നില്‍ വന്ന് നില്‍ക്കുന്നവര്‍ക്കും അവനോട് പശ്ചാത്തപിക്കുന്നവര്‍ക്കും അന്ന് പൊറുത്ത് കൊടുക്കുന്നതാണ്.
ഭക്തിയുടെയും ഭയത്തിന്റെയും ദിനമാണ് അറഫ. വിശ്വാസികള്‍ അല്ലാഹുവിന്റെ മുന്നില്‍ വിധേയത്വത്തോടെ വന്ന് നില്‍ക്കുന്ന ദിനം. അല്ലാഹുവിനോടുള്ള കൂറ് പ്രഖ്യാപിച്ച്, അവനില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ച് വന്ന് ചേര്‍ന്നവരാണ് അവര്‍.


 ➡ഒരു മനുഷ്യന്‍ അറഫയില്‍ വന്നപ്പോള്‍ താന്‍ ചെയ്ത തിന്മകളിലുള്ള ലജ്ജ അദ്ദേഹത്തെ പ്രാര്‍ത്ഥനകളില്‍ നിന്ന് തടഞ്ഞു. താങ്കളെന്താണ് പ്രാര്‍ത്ഥിക്കാത്തതെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ നാണം കൊണ്ടാണെന്ന് അദ്ദേഹം മറുപടി പറഞ്ഞു. ‘ഇത് പാപമോചനത്തിന്റെ ദിനമാണ്. താങ്കള്‍ക്ക് ചോദിക്കാവുന്നതാണ്’ എന്ന് അദ്ദേഹത്തോട് പറയപ്പെട്ടു. അദ്ദേഹം പ്രാര്‍ത്ഥിക്കാനായി കയ്യുയര്‍ത്തുകയും അവിടെ വെച്ച് മരണപ്പെടുകയും ചെയ്തു.
മിത്വ്‌റഫ് ബിന്‍ അബ്ദില്ലയും ബക്‌റുല്‍ മുസ്‌നിയും അറഫയില്‍ വന്ന് നിന്നു. അവരിലൊരാള്‍ പ്രാര്‍ത്ഥിച്ചു ‘അല്ലാഹുവെ, എന്റെ കാരണത്താല്‍ (സമ്പാദിച്ച തിന്മകള്‍) ഇവിടെ കൂടിയവരുടെ പ്രാര്‍ത്ഥന നീ തള്ളരുതേ. മറ്റേയാള്‍ പ്രാര്‍ത്ഥിച്ചത് ഇപ്രകാരമായിരുന്നു ‘ഞാന്‍ ഇവിടെ ഇല്ലായിരുന്നുവെങ്കില്‍ എത്ര മഹത്തരമായ സ്ഥാനവും, പ്രതീക്ഷാനിര്‍ഭരമായ നിമിഷവും ആകുമായിരുന്നു ഇത്.’


➡അറഫാദിനത്തില്‍ അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്ന, അവന്റെ മുന്നില്‍ കരഞ്ഞ് പ്രാര്‍ത്ഥിക്കുന്ന വിശ്വാസികളെ കണ്ട ഫുദൈല്‍ ബിന്‍ ഇയാദ് ഇപ്രകാരം പറഞ്ഞു: ഈ ആളുകള്‍ ഒരാളുടെ അടുത്ത് ചെന്ന് പത്ത് പൈസ ചോദിച്ചാല്‍ അയാള്‍ കൊടുക്കാതിരിക്കുമോ? മുന്നിലുള്ളവര്‍ ‘അതെ’ കൊടുക്കുക തന്നെ ചെയ്യും എന്ന് മറുപടി പറഞ്ഞു. അല്ലാഹുവിന് തന്റെ അടിമകള്‍ക്ക് പൊറുത്ത് കൊടുക്കുകയെന്നത് ഇതിനേക്കാള്‍ നിസ്സാരമാണ്.


➡അറഫാ രാവില്‍ സുഫ്‌യാന്‍ ഥൗരിയുടെ അടുത്ത് ചെന്ന ഇബ്‌നു മുബാറക് ഞെട്ടിത്തരിച്ച് പോയി. സുജൂദില്‍ കിടന്ന് പൊട്ടിക്കരയുന്ന സുഫ്‌യാന്‍ ഥൗരിയെയാണ് അദ്ദേഹം കണ്ടത്. അദ്ദേഹം സുഫ്‌യാനോട് ചോദിച്ചു ‘ഇതിനേക്കാള്‍ ദുഖകരമായ അവസ്ഥ ആര്‍ക്കാണുള്ളത്? അദ്ദേഹം പറഞ്ഞു ‘അല്ലാഹു തനിക്ക് പൊറുത്ത് തരികയില്ലെന്ന് കരുതുന്നവന്‍’.

 *ദുൽ ഹിജ്ജ ആദ്യ പത്ത് ദിവസങ്ങളിലെ പ്രധാന കർമങ്ങൾ.* 

1. നോമ്പ്: ഇമാം അഹ്മദ് നിവേദനം ചെയ്യുന്നു: നബി തിരുമേനി (സ) ദുല്‍ഹിജ്ജയുടെ പത്തുകളില്‍ നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു. അറഫാ ദിനമായ ദുല്‍ഹിജ്ജ ഒമ്പത് വളരെ പ്രാധാന്യമുള്ള ദിനമാണ്. അറഫാ ദിനത്തിലെ നോമ്പിനെ സംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോള്‍ നബി(സ) പറഞ്ഞു: കഴിഞ്ഞുപോയ ഒരു വര്‍ഷത്തിലേയും വരാനിരിക്കുന്ന ഒരു വര്‍ഷത്തിലെയും പാപം അല്ലാഹു അത് മുഖേന പൊറുക്കുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. (മുസ്‌ലിം)

2. തക്ബീര്‍: പലതരത്തിലുള്ള വചനങ്ങള്‍ തക്ബീറിന്റേതായി വന്നിട്ടുണ്ട്. പെരുന്നാള്‍ ദിനത്തിലും അയ്യാമുത്തശ്‌രീഖിലും വിശ്വാസി അശ്രദ്ധനാകാതെ തക്ബീറില്‍ ശ്രദ്ധചെലുത്തണം. സ്ത്രീകള്‍ വീട്ടിലും മസ്ജിദിലും ശബ്ദം താഴത്തി തക്ബീര്‍ പറയണം.

3. ഹജ്ജ് ഉംറ: അബൂ ഹുറൈറ(റ) നിവേദനം. നബി(സ) പറയുന്നതായി ഞാന്‍ കേട്ടു. ഹജ്ജ് ചെയ്യുകയും അശ്ലീലവും ധിക്കാരവും കാണിക്കാതിരിക്കുകയും ചെയ്യുന്നവന്‍, മാതാവ് അവനെ പ്രസവിച്ച ദിനത്തിലെന്നത് പോലെ മടങ്ങിവരുന്നതാണ്. (ബുഖാരി)

4. ഉദ്ഹിയ്യത്ത്: ഇബ്‌റാഹീം നബി(അ)മിന്റെ സുന്നത്തിന്റെ പുനരുജ്ജീവനവും ഇസ്‌ലാമിക ശരീഅത്തിന്റെ നടപടികളെ നിലനിര്‍ത്തലും അതിലുണ്ട്. ഹാജിയോടുള്ള ഐക്യദാര്‍ഢ്യം അതിലുണ്ട്. ഹാജി ഹജ്ജ് ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ ബലികര്‍മത്തില്‍ ഏര്‍പ്പെടുന്നു. ഹജ്ജ് കര്‍മത്തിലെ ഒരു അനുഷ്ഠാനം എല്ലാവര്‍ക്കുമായി നല്‍കിയതിലൂടെ അല്ലാഹുവിന്റെ മറ്റൊരു അനുഗ്രമാണ് നാം അതില്‍ ദര്‍ശിക്കുന്നത്. ബലി കര്‍മത്തില്‍ ഏര്‍പ്പെടുന്നവന്‍ മുടിയും നഖവും മുറിക്കാതെ പത്ത് ദിവസം അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുന്നതാണ് ഹാജിയോടുള്ള മറ്റൊരു പൊരുത്തം.

5. പ്രാര്‍ത്ഥന: ഉത്തരം ലഭിക്കുന്ന സമയങ്ങളും സന്ദര്‍ഭങ്ങളും ഉപയോഗിക്കുക.

6. മറ്റ് സല്‍കര്‍മങ്ങളില്‍ നിരതരാകുക. സുന്നത്ത് നമസ്‌കാരങ്ങള്‍, കുടുംബബന്ധം ചേര്‍ക്കല്‍, ദിക്ര്!, ദാനധര്‍മങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുക.