ഖുത്വ്‌ബ ചരിത്രവും വ്യതിയാനവും

🌹 *ഖുത്വ്‌ബ ചരിത്രവും വ്യതിയാനവും* 🌹

1️⃣8️⃣1️⃣ഇസ്ലാമിക പഠനങ്ങൾ

 *✍🏽മദീനയുടെ👑വാനമ്പാടി* 

ഖുത്വ്‌ബ ആദ്യമായി നിര്‍വ്വഹിച്ചത്‌ മദീനയില്‍ വെച്ചായിരുന്നു. അസ്‌അദുബ്‌നു സുറാറ(റ)യാണ്‌ ആദ്യമായി ഖുത്വ്‌ബ നിര്‍വ്വഹിച്ചത്‌. ഹിജ്‌റക്ക്‌ മുമ്പ്‌ മക്കയില്‍വെച്ചു തന്നെ ഖുത്വ്‌ബ നിര്‍വ്വഹിക്കാനുള്ള അല്ലാഹുവിന്റെ കല്‍പ്പന ഉണ്ടായിരുന്നുവെങ്കിലും ഖുത്വ്‌ബനിര്‍വ്വഹിക്കാനുള്ള എല്ലാ നിബന്ധനകളും ഒത്തുവന്നത്‌ മദീനയില്‍ വെച്ചായിരുന്നു.

സാധാരണ പ്രസംഗങ്ങളില്‍ നിന്നും ഭിന്നമായി പ്രത്യേക നിബന്ധനകളുള്ള ബോധനമായിരുന്നു ജുമുഅ ഖുത്വ്‌ബ. ഹംദ്‌, സ്വലാത്ത്‌, പ്രത്യേക ഉപദേശം, മുഅ്‌മിനുകള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥന എന്നിവയുള്‍പ്പെടുന്നതും സൂര്യന്‍ മധ്യാഹ്നത്തില്‍ നിന്നും തെറ്റിയശേഷം പ്രത്യേക ശുദ്ധിയോടെ ജുമുഅ നിസ്‌കാരത്തിന്റെ തൊട്ടുമുമ്പ്‌ നിര്‍വ്വഹിക്കുന്നതുമായ ഖുത്വ്‌ബയായിരുന്നു നബി(സ്വ)നിര്‍വ്വഹിച്ചതും സ്വഹാബികളെ പഠിപ്പിച്ചതും. നബി(സ്വ) സ്വഹാബികളോട്‌ പറഞ്ഞു: നിങ്ങള്‍ ഞാന്‍ നിസ്‌കരിക്കുന്നത്‌ കണ്ട പ്രകാരം നിസ്‌കരിക്കുക. നബി(സ്വ)യുടെ സമ്പൂര്‍ണ്ണആജ്ഞാനുവര്‍ത്തികളായി, രൂപ ഭാവത്തില്‍ ഒരു ഉപേക്ഷയും വരുത്താതെ ജുമുഅ ഖുത്വ്‌ബ അടക്കമുള്ള എല്ലാ ആരാധനകളും അവര്‍ കാത്തുപോന്നു.

പ്രവാചകന്‍ (സ്വ)യുടെ വഫാത്തിന്‌ ശേഷം അറേബ്യന്‍ ഉപദ്വീപും കടന്ന്‌ ഇസ്‌ലാമിന്റെ സ്വാധീനം വ്യാപിക്കുകയും ഖുലഫാഉര്‍റാശിദുകളുടെ വരവോടെ ആഫ്രിക്കന്‍ വന്‍കരയടക്കമുള്ള വിവിധ അനറബിദേശങ്ങളിലേക്ക്‌ അത്‌ പടര്‍ന്ന്‌ പിടിക്കുകയും താബിഉകളുടെ ഭരണകാലത്ത്‌ കൂടുതല്‍ ശക്തമാവുകയും ചെയ്‌തു. നബി(സ്വ) വിശേഷിപ്പിച്ച മൂന്ന്‌ ഉത്തമ നൂറ്റാണ്ടിലോ അതിന്‌ ശേഷമോ ലോകത്ത്‌ എവിടെയെങ്കിലും ഖുത്‌ബ അറബേതര ഭാഷയില്‍ നിര്‍വ്വഹിച്ചതിന്‌ ഒരു ചരിത്ര ശകലം പോലും കാണാനാവില്ല.

മുഴുവന്‍ ചരിത്രരേഖകളും വ്യക്തമാക്കുന്നത്‌ ജുമുഅ ഖുത്‌ബ അറബിയില്‍തന്നെ നിര്‍വ്വഹിച്ചുപോന്നു എന്നു തന്നെയാണ്‌. യുവത പ്രസിദ്ധീകരിച്ച മുഹമ്മദ്‌ മെര്‍ഡ്യൂക്‌ പിക്താള്‍ എഴുതിയ ഇസ്‌ലാമിക സംസ്‌കാരം എന്ന കൃതിയില്‍ പറയുന്നു: മദീനയിലെ ഖലീഫയെപോലെ തന്നെ ഭരണീയരും ഭരണാധിപരും തമ്മിലുള്ള ഗാഢമായ ബന്ധവും അവര്‍ ഡമസ്‌കസിലും സൂക്ഷ്‌മതയോടെ നിലനിര്‍ത്തിയിരുന്നു. അവരുടെ കാലത്ത്‌ ഖലീഫ തന്നെ മിമ്പറില്‍ കയറി നിന്ന്‌ ആഴ്‌ചതോറുമുള്ള ഖുതുബ നിര്‍വ്വഹിച്ചിരുന്നു.

അതിബുദ്ധിമാനായ ഖലീഫ ഈ പ്രക്രിയയിലുള്ള തന്റെ നിസ്സീമമായ വ്യാകുലത പങ്ക്‌വെക്കുന്നത്‌ കിതാബുല്‍ ഫഖ്‌ര്‍ എന്ന്‌ ഗ്രന്ഥത്തില്‍ ഇങ്ങനെ വായിക്കാം: അബ്‌ദുല്‍ മലികിനോട്‌ ഒരാള്‍ പറഞ്ഞു അങ്ങ്‌ വളരെ നേരത്തെ തന്നെ നരച്ചുവല്ലോ. മിമ്പറില്‍ കയറിപ്രസംഗിക്കുമ്പോള്‍ അറബിഭാഷയില്‍ തെറ്റു പറ്റുമോ എന്നുള്ള ഉത്‌കണ്‌ഠ കാരണമാണ്‌ എനിക്ക്‌ നരച്ചത്‌. അറബില്‍ തെറ്റ്‌ പറ്റുകയെന്നത്‌ അവരെ സംബന്ധിച്ചിടത്തോളം അത്രയും ഭയങ്കരപാതകമായിരുന്നു.

അന്യനാടുകളിലേക്കുള്ള ഇസ്‌ലാമിന്റെ വ്യാപനകാലത്ത്‌ അനിവാര്യവും അത്യന്താപേക്ഷിതവുമായ ഘട്ടങ്ങളില്‍ പോലും ദീന്‍ പഠിപ്പിക്കാന്‍ വേണ്ടി ജുമുഅക്കു മുമ്പുള്ള ഖുതുബ സ്വന്തം ദേശഭാഷകളില്‍ നിര്‍വ്വഹിച്ചതായി ചരിത്രകാരന്മാരില്‍ ആരും രേഖപ്പെടുത്തിയിട്ടില്ല. അങ്ങനെയൊരു സംഭവം ഉണ്ടായിരുന്നുവെങ്കില്‍ അത്‌ രേഖപ്പെടുത്താതിരിക്കാന്‍ ഒരു സാധ്യതയും കാണുന്നില്ല. കാരണം മതകാര്യങ്ങള്‍ എഴുതിവെക്കാനും സംരക്ഷിച്ചുപോരാനും എല്ലാ കാലത്തും വലിയശ്രമങ്ങള്‍ നടന്നിട്ടുണ്ട്‌. വസ്‌തുത ഇതായിരിക്കെ വിദേശനാടുകളില്‍ ഖുതുബ അറബിയില്‍ നിര്‍വ്വഹിക്കാന്‍ പ്രമുഖ മുജാഹിദ്‌ നേതാവ്‌ ഉമര്‍ മൗലവി കണ്ടെത്തിയ കാരണം ചരിത്രപരമായി ശുദ്ധകളവാണ്‌.

സ്വഹാബികള്‍ മുതലായവര്‍ക്ക്‌ നാടുകള്‍ അധീനപ്പെട്ടപ്പോള്‍ ജനങ്ങള്‍ ആദ്യം ഭാഷ പഠിക്കുകയായിരുന്നു. പിന്നീട്‌ ഇസ്‌ലാം സ്വീകരിച്ചു. അതിനാല്‍ അറബിയിലുള്ള ഖുതുബ അവര്‍ക്ക്‌ മനസ്സിലായിരുന്നു.

ഇത്‌ സ്വയം പടച്ചുണ്ടാക്കിയ പരികല്‍പ്പനകള്‍ക്കപ്പുറം ചരിത്രയാഥാര്‍ത്ഥ്യങ്ങളോ അനുഭവങ്ങളോ അല്ല. നമുക്ക്‌ കേരളത്തിന്റെ ചരിത്രം തന്നെ പരിശോധധിക്കാം. എല്ലാ അഭിപ്രായ ഭിന്നതകള്‍ പരിഗണിച്ചാലും നബി(സ്വ)യുടേയോ സ്വഹാബ താബിഉകളുടേയോ കാലത്ത്‌ ഇസ്‌ലാം കേരളത്തിലെത്തിയിട്ടുണ്ട്‌. കേരള തീരത്ത്‌ ദീനിന്റെ ദീപശിഖ കൊണ്ടെത്തിച്ചത്‌ അറബികളായിരുന്നുവല്ലോ. മാലികുബ്‌നു ദീനാറും സംഘവും പലയിടങ്ങളിലായി 12ഓളം പള്ളികള്‍ നിര്‍മ്മിക്കുകയുണ്ടായി. അന്നുതൊട്ടേ ഇസ്‌ലാമിക ആരാധനകളുടെ പ്രഭവകേന്ദ്രങ്ങളായി ഇവ പരിഗണിക്കപ്പെട്ടു.

നിസ്‌കാരം ഇഅ്‌തികാഫ്‌ ജുമുഅ തുടങ്ങിയ മതത്തിന്റെ എല്ലാ ആരാധനകളും അവിടെ മുറപോലെ നടന്നുവന്നു. വെള്ളിയയാഴ്‌ചകളില്‍ അവിടെ ജുമുഅക്ക്‌ ഒത്തുകൂടിയവര്‍ അറബികളായിരുന്നില്ല. അറബികളില്‍ നിന്നും ഇസ്‌ലാം സ്വീകരിച്ച ഇവിടത്തെ നായര്‍-പട്ടര്‍മാരായിരുന്നു. കേരളക്കരയില്‍ വന്ന ഇസ്‌ലാമിക പ്രബോധകര്‍വഴി പട്ടര്‍, നായര്‍ തുടങ്ങിയ ജാതിസമുദായങ്ങളില്‍ നിന്ന്‌ തൊള്ളായിരം ആളുകള്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നുവെന്ന്‌ പ്രമുഖ ചരിത്രപണ്ഡിതനായിരുന്ന നെല്ലിക്കുത്ത്‌ മുഹമ്മദലി മുസ്‌ലിയാര്‍ വ്യക്തമാക്കുന്നുണ്ട്‌. ഉമര്‍ മൗലവിയുടെ വാദപ്രകാരം കേരളമുസ്‌ലിംകളുടെ മതഭാഷഎന്നതിലുപരി അവരുടെ സംസാരഭാഷപോലും അറബി ആവേണ്ടിയിരുന്നു.

പക്ഷെ, കേരളത്തില്‍ ഇങ്ങനെയൊരു ചരിത്രം സങ്കല്‍പ്പിക്കാന്‍ പോലും സാധ്യമല്ല. ഖുതുബ ഭാഷാന്തരം ചെയ്യാമെന്ന കേരളത്തിലെ നാല്‍പത്‌ പണ്ഡിതന്‍മാരുടെ ഫത്‌വയും ഒപ്പും ചേര്‍ത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പ്രസിദ്ധീകരിക്കപ്പെട്ട നുബാത്തി ഖുതുബയുടെ ഒരു തര്‍ജ്ജുമ പലരും എടുത്ത്‌ കാണിക്കാറുണ്ട്‌. അത്‌കൊണ്ട്‌ തന്നെ അതിന്റെ നിജസ്ഥിതി അന്വേഷിക്കപ്പെടേണ്ടതുണ്ട്‌.

1915ല്‍ ഡിസംബര്‍ 28ന്‌ വൈലത്തൂര്‍ അംശം പുതിയവീട്ടില്‍ മുഹ്‌യുദ്ദീന്‍ മൗലവി എന്നയാളാണ്‌ നുബാത്തി ഖുതുബക്ക്‌ യാഖൂത്തുല്‍ അത്വിയ്യ അലാ ഖുതുബിന്നബാതിയ്യ ബി ലുഗത്തി മലൈബാരിയ്യ ലി ഹിദായത്തിന്‍ മര്‍ളിയ്യ എന്നൊരു തര്‍ജ്ജുമ എഴുതിയത്‌. നുബാത്തി ഖുതുബക്ക്‌ അദ്ദേഹം നല്‍കിയ പദാനുപദ അര്‍ത്ഥംനോക്കി ഓതാനാണ്‌ അതില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്‌.

എന്നാല്‍ വൈലത്തൂര്‍ കാരനായ ഈ മുഹ്‌യിദ്ദീന്‍ മൗലവി വികല വീക്ഷണമുള്ളവനും അസ്വീകാര്യനുമാണെന്ന്‌ അതിന്റെ ആമുഖത്തില്‍നിന്നുതന്നെ വ്യക്തമാണ്‌. താന്‍ നിലകൊള്ളുന്ന ഒരു സഭയെ പ്രശംസിച്ച്‌ അദ്ദേഹം എഴുതുന്നത്‌ കാണുക: നബി(സ്വ) 13വര്‍ഷത്തോളം ജിഹാദ്‌ ചെയ്‌തിട്ടും നാല്‍പതില്‍പരം ആളുകള്‍ മാത്രമേ ദീനില്‍ വന്നിട്ടുള്ളൂ. നമ്മുടെ യാതൊരുജിഹാദും കൂടാതെ നാലില്‍ പുറം വര്‍ഷത്തിനുള്ളില്‍ 1803 ആളുകള്‍ സഭയില്‍വന്നു വിശ്വസിക്കുകയും ദീനിയ്യായ അറിവ്‌ പഠിക്കുകയും ചെയ്‌തിരിക്കുന്നു.

നബി(സ്വ)യെ ഇകഴ്‌ത്തിയുള്ള വളരെ ഗുരുതരമായ ഈ പരാമര്‍ശം അദ്ദേഹത്തിന്റെ ആദര്‍ശബോധം വരച്ചുകാണിക്കുന്നുണ്ട്‌. 1916ല്‍ ഇത്‌ പുനപ്രസിദ്ധീകരിച്ചപ്പോള്‍ ആമുഖമുപേക്ഷിച്ച്‌ പകരം നാല്‍പത്‌ പണ്ഡിതരുടെ പേരില്‍ അനുകൂലഫത്‌വയും ഒപ്പുംചേര്‍ത്തത്‌ എന്തിനായിരുന്നുവെന്ന ചോദ്യം ഇവിടെ പ്രസക്തമാണ്‌.

നാല്‍പത്‌ പണ്ഡിതരുടെ ഒപ്പ്‌ കൈപ്പടയില്‍ നല്‍കാതെ ഒഫ്‌ഫ്‌ എന്നെഴുതവെക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. മാത്രമല്ല വക്കം അബ്‌ദുല്‍ ഖാദര്‍ മൗലവി അടക്കമുള്ള പരിഷ്‌കരണവാദികളുടെ കൂടെ കേരളത്തിലെ പ്രഗത്ഭരായ പണ്ഡിതരുടെ പേരില്‍ വ്യാജകുറിപ്പുകള്‍തയ്യാറാക്കി കള്ളപ്രസ്‌താവനകളെഴുതിച്ചേര്‍ക്കുകയായിരുന്നു. പതിനൊന്നുപേജുകള്‍ നീണ്ടഅതിന്റെ ആമുഖം തന്നെവായിച്ചാല്‍ മതി ഒപ്പും ഫത്‌വയും കള്ളമാണെന്നറിയാന്‍.

പതിനാലാം നമ്പറുകാരനായി ഒപ്പുവെച്ച ഹുസൈന്‍ തങ്ങളുടെ പേരിലുള്ള കുറിപ്പ്‌ ഇങ്ങനെ വായിക്കാം. ഈ തര്‍ജ്ജുമയെ മഹാന്‍മാരായ ഉലമാക്കള്‍ പരിശോധിക്കുകയും ഇതിനെ ജുമുഅക്ക്‌ നടപ്പാക്കേണ്ടതാണെന്നും കാണിച്ച്‌ അവര്‍ ഒഫ്‌ഫ്‌ വെക്കുകയും ചെയ്‌തതില്‍ ഞാന്‍ അത്യന്തം സന്തോഷിക്കുകയും അതിനെ പിന്താങ്ങി സമ്മതിക്കുകയും അങ്ങനെതന്നെ നല്ലതാണെന്ന്‌ അഭിപ്രായപ്പെടുകയും ചെയ്യുന്നു- എന്ന്‌ കോഴിക്കോട്‌ ഖാളി ഹുസൈന്‍.

 

1911 ഏപ്രില്‍ 19ന്‌ വെള്ളിയാഴ്‌ച സയ്യിദ്‌ ഹുസൈന്‍ തങ്ങള്‍ വഫാത്തായിട്ടുണ്ട്‌. എന്നാല്‍ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ച കുറിപ്പില്‍ മഹാന്‍മാരായ ഉലമാക്കള്‍ പരിശോധിക്കുകയും ഒഫ്‌ഫ്‌ വെക്കുകയും ചെയ്‌തതില്‍ ഞാന്‍ അത്യധികം സന്തോഷിക്കുന്നു എന്ന്‌ കാണാമല്ലോ.

1916 ല്‍ അച്ചടിച്ച തര്‍ജ്ജുമയെ പ്രശംസിക്കാന്‍ 1911ല്‍ വഫാത്തായ തങ്ങളെ ചേര്‍ത്തതുതന്നെ ഫത്‌വകളുടെയും ഒപ്പുകളുടെയും അസ്വീകാര്യത വ്യക്തമാക്കുന്നു. ഈ തര്‍ജ്ജുമ പ്രമുഖരായ പണ്ഡിതരുപേരില്‍ വ്യാജകുറിപ്പുകള്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുകയായിരുന്നുവെന്ന്‌ ചുരുക്കം. അക്കാലത്തെ പണ്ഡിതര്‍തന്നെ ഈ തര്‍ജ്ജുമയെ രൂക്ഷമമായി വിമര്‍ശിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇരുപത്തിയേഴാം നമ്പറുകാരനായി ചേര്‍ത്ത പൊന്നാനി പൊളികൊലത്ത്‌ കുഞ്ഞാവ മുസ്‌ലിയാരുടെ പേരും നാല്‍പത്‌ പണ്ഡിതരുടെ കൂട്ടത്തില്‍ കാണാം.

നാല്‍പതോളം മഹല്ലുകളിലെ ഖാളിയായി അവരോധിതനായ മഹാന്‍ ഇങ്ങനെയൊരു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കില്‍ അവരുടെ മഹല്ലുകളിലും ഇത്‌ നടപ്പാക്കേണ്ടിയിരുന്നു. അങ്ങനെയൊരു സംഭവം നടന്നിട്ടേയില്ല.

നബി(സ്വ)യും സ്വഹാബത്തും നിര്‍വ്വഹിച്ചുകാണിച്ചുതന്നത്‌ അറബിഖുതുബ തന്നെയായിരുന്നുവെന്നത്‌ പണ്ഡിതന്‍മാര്‍വ്യക്തമാക്കിയിട്ടുണ്ട്‌. ശൈഖ്‌ അബ്‌ദുല്ലഖ്‌നവി (റ) പറയുന്നത്‌ കാണുക.

നബി(സ്വ)യില്‍ നിന്നും സ്വഹാബത്തില്‍ നിന്നും അനന്തരമായിക്കിട്ടിയ നടപ്പിനെതിരാണ്‌ അനറബിയിലുള്ള ഖുത്‌ബയെന്നതില്‍ യാതൊരു സംശയവുമില്ല. അതിനാല്‍ ഇത്‌ ഹറാമുള്ള കാര്യമാകുന്നു.(ഉംദത്തുരിആയ 20/1) ഇമാം ശാലിയാത്തി (റ) യും തന്റെ ഫതാവല്‍ അസ്‌ഹരിയ്യയില്‍ ഇത്‌ പറയുന്നുണ്ട്‌.

ഖുത്‌ബ പ്രാദേശികഭാഷയില്‍ നിര്‍വ്വഹിക്കുന്നവര്‍ക്ക്‌ പൈതൃകമോ പാരമ്പര്യമോ പറയാനില്ല. മുഅ്‌മിനുകളുടെ പാന്ഥാവില്‍ നിന്ന്‌ വ്യതിചലിച്ച്‌ പൂര്‍വ്വിക ചര്യക്കെതിരെ അപവാദ സ്വരമുയര്‍ത്തി ഖുത്‌ബഭാഷാന്തരം ചെയ്‌തത്‌ ആഗോളതലത്തില്‍ തുര്‍ക്കിയിലെ കമാല്‍പാഷയും കേരളത്തില്‍ കൊച്ചിയിലെ മട്ടാഞ്ചേരിയില്‍ നിന്നുമായിരുന്നു. ഈ വാദഗതികള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരുടെ പ്രസിദ്ധീകരണങ്ങള്‍തന്നെ അത്‌ സംസാരിക്കുന്നുണ്ട്‌.

ആദരണീയ പണ്ഡിതനെന്ന്‌ വാഴ്‌ത്തപ്പെടുന്ന റശീദ്‌ രിള തന്റെ പ്രസിദ്ധ ഗ്രന്ഥമായ തഫ്‌സീറുല്‍ മനാറില്‍ അറബിഭാഷയുടെ സവിശേഷതപറയുന്നിടത്ത്‌ തുര്‍ക്കിയിലെ ഭരണാധിപനായിരുന്ന കമാല്‍ പാഷയാണ്‌ ആഗോളമുസ്‌ലിംകള്‍ക്ക്‌ പരിചിതമല്ലാത്ത ഖുത്‌ബയെ ഭാഷാന്തരം ചെയ്‌തതെന്നും അത്‌ലോകപണ്ഡിതരുടെ കടുത്തവിമര്‍ശനത്തിന്‌ വിധേയമായെന്നും പറയുന്നുണ്ട്‌. അദ്ദേഹം പറയുന്നു: നിസ്‌കാരത്തിന്റെയും ഹജ്ജിന്റെയും ദിക്‌റുകളും ഖുര്‍ആന്‍ പാരായണവും മറ്റും അറബിയില്‍ തന്നെ യാണ്‌ നിര്‍വ്വഹിച്ചുപോന്നത്‌.

ജുമുഅയുടെയും പെരുന്നാളുകളുടെയും ഖുതുബയും ഇതുപോലെതന്നെ. തുര്‍ക്കി ഭരണകൂടമാണ്‌ ഇതന്നപവാദമായി പ്രവര്‍ത്തിച്ചത്‌. മതകീയഭാവം എടുത്തുമാറ്റാന്‍ വേണ്ടി തുര്‍ക്കിഭാഷയില്‍ ഖുതുബനിര്‍വ്വഹിക്കാന്‍ സര്‍ക്കാര്‍ ആജ്ഞാപിക്കുകയായിരുന്നു. ടര്‍ക്കിഷ്‌ ഭാഷയിലുള്ള ഖുതുബ കേട്ടപ്പോള്‍ നിസ്‌കരിക്കാന്‍ എത്തിയവര്‍ അതിനെതിരെ പ്രതിഷേധിക്കുകയും കടുത്തവെറുപ്പ്‌ പ്രകടിപ്പിക്കുകയും ഖുത്‌ബ നിര്‍വ്വഹിച്ച ഖതീബുമാരെ പരിഹസിക്കുകയും ചെയ്‌തു. (തഫ്‌സീറുല്‍ മനാര്‍ 9/313)

നവോത്ഥാന നായകരായി വാഴ്‌ത്തപ്പെട്ട മൂന്നു പരിഷ്‌കര്‍ത്താക്കളില്‍ ഒരാളും സയ്യിദ്‌ അബ്ദുവിന്റെ പ്രമുഖ ശിഷ്യനും അവര്‍ വിശേഷിപ്പിക്കും പോലെ ഇസ്‌ലാഹി ആശയം പ്രചരിപ്പിച്ച പ്രഗത്ഭനുമാണ്‌ റശീദ്‌ രിള. ജമാലുദ്ദീന്‍ അഫ്‌ഗാനി ശൈഖ്‌ മുഹമ്മദ്‌ അബ്‌ദു, സയ്യിദ്‌ റശീദ്‌ രിള(അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ). തുടങ്ങിയവരുടെ ചിന്തകളാണ്‌ കേരളത്തിലെ പരിഷ്‌കര്‍ത്താക്കളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനംചെലുത്തിയത്‌. (ഗള്‍ഫ്‌ സലഫിസം-14).

മുജാഹിദുകളുടെ പ്രസിദ്ധീകരണമായ അല്‍മനാറിന്റെ പേരുപോലും റശീദ്‌ രിളയുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങുന്ന അല്‍ മനാറില്‍ നിന്ന്‌ കടമെടുത്തതാണെന്നും മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവായ വക്കം അബ്‌ദുല്‍ ഖാദര്‍ മൗലവി ഈ പത്രത്തിന്റെ സ്ഥിരം വായനക്കാരനായിരുന്നുവെന്നും(അല്‍-മനാര്‍ 1995) അവര്‍ സമ്മദിക്കുന്നുണ്ട്‌.

ഇസ്‌ലാമിന്റെ തനതായ ആശയത്തിന്‌ ഏറെ വേരുറപ്പുള്ള കേരളത്തില്‍ ആദ്യ പരിഭാഷ ഖുതുബക്ക്‌ വേദിയായത്‌ കൊച്ചിയിലെ അബ്‌ദുല്ല സേഠ്‌ നിര്‍മ്മിച്ച പുതിയപള്ളിയിലായിരുന്നുവെന്ന്‌ ഉമര്‍ മൗലവി പറയുന്നു. പരേതനായ ഹാജി അബ്‌ദുല്ല സേഠ്‌ കൊച്ചിയുടെ ഹൃദയഭാഗത്ത്‌ മട്ടാഞ്ചേരിയില്‍ ഒരു പള്ളിപണിയുകയും അതിനോടനുബന്ധിച്ച്‌ ഒരു മദ്രസ സ്ഥാപിക്കുകയും ചെയ്‌തു. പുതിയപള്ളിയെന്ന പേരിലറിയപ്പെടുന്ന പ്രസ്‌തുത പള്ളിയിലാണ്‌ യഥാര്‍ത്ഥത്തില്‍ ഇസ്‌ലാഹി പ്രവര്‍ത്തനം കൊച്ചിയിലെ മണ്ണില്‍ വളരാനും വികസിക്കാനുമുള്ള സാഹചര്യം സൃഷ്ടിച്ചത്‌. ജനങ്ങള്‍ ഗ്രഹിക്കും വിധത്തില്‍ ആദ്യമായി കേരളത്തില്‍ നടത്തിയത്‌ ആ പള്ളിയിലാണ്‌.(സല്‍സബീല്‍- ഫെബ്രുവരി 1972)

1992-ല്‍ പാലക്കാട്‌ നടന്ന മുജാഹിദ്‌ സമ്മേളനത്തിന്റെ സുവനീര്‍ ഈ യാഥാര്‍ത്ഥ്യം തുറന്നുപറയുന്നുണ്ട്‌: മര്‍ഹൂം അബ്‌ദുല്ല ഹാജി സേഠ്‌ അന്ന്‌ മട്ടാഞ്ചേരിയിലെ പ്രമുഖ വ്യവസായിയും ഇസ്‌ലാഹി ആദര്‍ശക്കാരനുമായിരുന്നു. തര്‍ക്കവിഷയത്തില്‍ അദ്ദേഹം ഇടപെടുകയും ഇസ്‌ലാഹി ആദര്‍ശപ്രചരണത്തിനുതകുന്ന ഒരു പള്ളി നിര്‍മ്മിക്കുവാന്‍ തീരുമാനിക്കുകയും ചെയ്‌തു. കേരളത്തില്‍ ആദ്യമായി മലയാളത്തില്‍ ഖുതുബ നടന്നത്‌ അബ്‌ദുല്ല ഹാജിസേഠിന്റെ കീഴില്‍ ഫോര്‍ട്ട്‌ കൊച്ചിയിലുള്ള തുരുത്തിപ്പള്ളിയിലായിരുന്നു. (സമ്മേളന സുവനീര്‍. എറണാകുളം ജില്ലാ കെ.എന്‍.എം പ്രസിഡന്റ്‌ താനിര്‍ അഹ്‌മദ്‌ സേഠിന്റെ ലേഖനം, 304).

എന്നാല്‍ ദക്ഷിണകേരളത്തില്‍ നിര്‍വ്വഹിക്കപ്പെട്ട മലയാള ഖുതുബ പ്രസ്‌തുത പള്ളി നിര്‍മ്മിച്ച നാളില്‍ തന്നെ ഖുതുബ ആരംഭിച്ചിട്ടുണ്ടെന്ന്‌ വെക്കുകയാണെങ്കില്‍ അത്‌ മലബാറിലെത്താന്‍ 28 വര്‍ഷങ്ങളെടുത്തുവെന്നത്‌ വളരെ ചിന്തനീയമാണ്‌. മലബാറിലെ ഒരു മിമ്പറില്‍ മലയാളഖുതുബ ഓതാന്‍ ഇത്രയും കാലം കാത്തിരിക്കേണ്ടിവന്നത്‌ അതിനോടുണ്ടായിരുന്ന കേരളമുസ്‌ലിങ്ങളുടെ പൊതുമനസ്സ്‌ മറനീക്കിക്കാണിക്കുന്നുണ്ട്‌.

മുജാഹിദ്‌ സംസ്ഥാന സുവനീര്‍02 ല്‍ കോഴിക്കോട്‌ പള്ളിയുടെ ചരിത്രം പറയുന്ന ലേഖനത്തില്‍ പറയുന്നു. 1943ല്‍ മലബാറില്‍ ആദ്യമായി ഖുതുബ പരിഭാഷപ്പെടുത്തിയത്‌ കോഴിക്കോട്‌ പട്ടാളപ്പള്ളിയിലാണ്‌. (പേജ്‌. 146,147).

ഖുതുബ പരിഭാഷ പുതിയ പരിഷ്‌കരണമായിരുന്നുവെന്ന്‌ കെ.എം മൗലവി 1926 ജൂലൈ 11ന്‌ പുറത്തിറങ്ങിയ അല്‍ ഇര്‍ഷാദ്‌ അറബി മാസികയില്‍ നല്‍കിയ ഫത്‌വയും വ്യക്തമാക്കുന്നുണ്ട്‌: അനിവാര്യമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇവിടെയുണ്ട്‌ അഥവാ സ്വഹാബികളോ താബിഉകളോ അവരുടെ പിന്‍ഗാമികളോ

മതപരമായ ഖുതുബ നിര്‍വ്വഹിക്കുമ്പോള്‍ അനുബന്ധങ്ങള്‍ പ്രാദേശിക ഭാഷയില്‍ നിര്‍വ്വഹിച്ചതായോ അര്‍ക്കാനുകള്‍ അറബിയില്‍ പറഞ്ഞശേഷം പരിഭാഷപ്പെടുത്തിയതായോ ഏതെങ്കിലും ഒരു കിതാബില്‍ ഉള്ളതായി ഞാന്‍ കണ്ടിട്ടില്ല. നബി(സ്വ)യും സലഫുസ്വാലിഹുകളും ദീനിയ്യായ ഖുതുബകള്‍ അതിന്റെ അര്‍ക്കാനും അനുബന്ധങ്ങളും അറബി ഭാഷയിലായിരുന്നു നിര്‍വ്വഹിച്ചിരുന്നത്‌. മാത്രമല്ല, എല്ലാ മുസ്‌ലിംകളും പഠിക്കലും പ്രചരിപ്പിക്കലും നിര്‍ബന്ധമായ ഇസ്‌ലാമിന്റെ ഭാഷയാണ്‌ അറബി. അറബി ഭാഷയുടെ പ്രചാരണത്തിന്‌ വേണ്ടിയുള്ള എല്ലാ മാര്‍ഗങ്ങളിലും ശ്രദ്ധ ചെലുത്തലും മുസ്‌ലിംകള്‍ക്ക്‌ നിര്‍ബന്ധമാണ്‌(അല്‍ ഇര്‍ശാദ്‌ 1926 ജൂലൈ 11).

1936-ര്‍ പുണര്‍പ്പയില്‍ ഫെബ്രുവരി 22,23 തിയ്യതികളില്‍ കേരള ജമാഅത്തുല്‍ മുജാഹിദീന്‍ 12-ാം വാര്‍ഷികത്തില്‍ അവതരിപ്പിച്ച പ്രമേയവും പരിഭാഷയുടെ സമീപകാല പൊട്ടിമുളക്കലിലേക്ക്‌ വിരല്‍ചൂണ്ടുന്നുണ്ട്‌. പ്രമേയം പറയുന്നു: ഇന്ന്‌ നിലവില്‍ നടന്നുവരുന്ന ഖുതുബ അറബിയായതിനാലും സാധാരണക്കാര്‍ക്ക്‌ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളതിനാലും ഈ സമ്മേളനം എല്ലാ മുതവല്ലിമാരോടും ഖത്വീബുമാരോടും വെള്ളിയാഴ്‌ചയിലെ ഖുതുബ ശ്രോദ്ധാക്കള്‍ക്ക്‌ തിരിയുന്ന ഭാഷയില്‍ പരിഭാഷപ്പെടുത്താന്‍ നിര്‍ദ്ദേശിക്കുന്നു- അവതാരകന്‍: കെ.എം മൗലവി, അനുവാചകന്‍: പി.കെ മൂസ മൗലവി.

പ്രധാനമായും രണ്ട്‌കാര്യങ്ങളാണ്‌ പ്രമേയം വ്യക്തമായിപ്പറയുന്നത്‌.

നിലവില്‍ നിര്‍വ്വഹിച്ച്‌ വരുന്നത്‌ അറബിയിലുള്ള ഖുതുബയാണ്‌.
പരിഭാഷപ്പെടുത്തുന്ന ഖുതുബ പുതുതായി ആരംഭിച്ചതാണ്‌. ജനങ്ങള്‍ക്ക്‌ ഗ്രഹിക്കാവുന്ന ഭാഷയില്‍ പരിഭാഷപ്പെടുത്തണം എന്ന നിര്‍ദ്ദേശത്തിന്റെ അര്‍ത്ഥം, ഇതുവരെയുള്ളത്‌ നിലനിര്‍ത്തണം എന്നല്ലല്ലോ? പുതിയരീതി തുടങ്ങണം എന്നല്ലേ?
അറബി ഭാഷയില്‍ ഖുതുബ നിര്‍വ്വഹിക്കല്‍ മുന്‍ഗാമികളുടെ മാര്‍ഗത്തിനെതിരാണെന്ന്‌ ഫത്‌വ നല്‍കിയ മൗലവിതന്നെയാണ്‌ പത്ത്‌ വര്‍ഷത്തിന്‌ ശേഷം തന്റെ ഫത്‌വ തിരുത്തി പ്രമേയം അവതരിപ്പിച്ചത്‌. പ്രാദേശികഭാഷയില്‍ മുന്‍ഗാമികള്‍ ഖുതുബ നിര്‍വ്വഹിച്ച്‌ പോന്നിരുന്നുവെന്ന വാദം തീര്‍ത്തും നിരര്‍ത്ഥകമാണെന്ന്‌ അവരുടെ പ്രസിദ്ധീകരണങ്ങള്‍തന്നെ ഇവിടെ തുറന്നു സമ്മതിക്കുന്നു. ലോക തലത്തിലും പ്രാദേശികതലത്തിലും ആദ്യമായി നിര്‍വ്വഹിക്കപ്പെട്ട മലയാള ഖുതുബയുടെ കാലവും സ്ഥലവും കൃത്യമായി എഴുതുന്നവര്‍ അതുവരെ എങ്ങനെയായിരുന്നുവെന്ന്‌ സൗകര്യപൂര്‍വ്വം മറന്നുകളയുകയാണ്‌