സംശയങ്ങള്‍ ramadan

⁉️ *തഹജ്ജുദ് നിസ്കാരത്തിലെ ദിക്റുകളും സ്വലതുകളും*

⁉️ *പലിശയില്‍ നിന്ന് കര കയറാനുള്ള ദുആ*

⁉️ *മരണപ്പെട്ട ഉപ്പാക്ക് വേണ്ടി എങ്ങനെ ദുആ ചെയ്യണം?*

⁉️ *ഇരുന്ന് നിസ്കരിക്കുന്നതിനെ കുറിച്ച്*

⁉️ *അസൂയയും പരദൂഷണവും ഇല്ലാതാക്കാനുള്ള മാര്‍ഗ്ഗമെന്താണ്?*

 ❤ 💙 🖤 ❤ 💙 🖤 ❤ 💙 🖤 ❤ 💙 🖤 ❤ 💙 🖤 ❤ 💙 🖤 ❤ 💙 🖤 ❤ 💙 🖤 

*❓തഹജ്ജുദ് നിസ്കാരത്തിലെ ദിക്റുകളും സ്വലതുകളും മറ്റും അറിയാന്‍ താത്പര്യമുണ്ട്. ഒന്ന് വിശദമാക്കാമോ?*
_മറുപടി നൽകിയത് അബ്ദുല്‍ മജീദ് ഹുദവി_
🅰️ രാത്രി ഉറക്കമുണര്‍ന്ന ശേഷം സുബ്ഹിക്ക് മുമ്പായി നിര്‍വ്വഹിക്കുന്നതാണ് തഹജ്ജുദ്.

വളരെയേറെ പ്രാധാന്യമുള്ളതാണ് തഹജ്ജുദ് നിസ്കാരം. ഇത് രണ്ട് റക്അത് മുതല്‍ എത്രയും ആവാം. പരമാവധി പന്ത്രണ്ട് റക്അതാണെന്ന് അഭിപ്രായപ്പെട്ട പണ്ഡിതരുമുണ്ട്. ഇശാക്ക് ശേഷം ഒന്നുറങ്ങി എണീറ്റത് മുതല്‍ അതിന്റെ സമയം തുടങ്ങും. അത്താഴ സമയമാണ് ഏറ്റവും ഉത്തമം. ഉറങ്ങുന്നതിന് മുമ്പ് വിത്റ് നിസ്കരിച്ചിട്ടില്ലെങ്കില്‍, ഉണര്‍ന്ന ശേഷം അത് നിസ്കരിക്കുന്നതിലൂടെ തന്നെ തഹജ്ജുദിന്‍റെയും പ്രതിഫലം ലഭിക്കുമെന്നതാണ് പണ്ഡിതാഭിപ്രായം.


തഹജ്ജുദില്‍ പ്രത്യേകമായി ഓതേണ്ട സൂറതുകളെന്ന് പ്രബലമായി ഒന്നും തന്നെ വന്നിട്ടില്ല. മേല്‍പറഞ്ഞവിധം വിത്റും തഹജ്ജുദും ചേര്‍ത്ത് നിസ്കരിക്കുന്നവര്‍ക്ക് അവസാന റക്അത് വിത്റ് പോലെ ഒറ്റയാക്കലും അവസാന മൂന്ന് റക്അതുകളില്‍ വിത്റിലെപോലെ സൂറതുല്‍ അഅലാ (സബ്ബിഹിസ്മ), കാഫിറൂന, ഇഖലാസ് എന്നിവ ഓതലും സുന്നതാണ്.

തഹജജുദില്‍ പാപമോചനത്തിനും മറ്റുമുള്ള ദുആകളാണ് കൂടുതലായി നടത്തേണ്ടത്. റസൂല്‍ (ﷺ) ആ സമയത്ത് ഇങ്ങനെ പ്രാര്‍ത്ഥിച്ചിരുന്നതായി ഇബ്നുഅബ്ബാസ് (റ)വില്‍നിന്ന് ഇമാം ബുഖാരി ഉദ്ദരിച്ചതായി കാണാം,

*اللهُمَّ لَكَ الحمْدُ أنتَ قَيِّمُ السمَاواتِ والأَرْضِ وَمَنْ فيهِنَّ ولكَ الحمدُ لَكَ مُلْكُ السَماواتِ والأرْضِ ومَنْ فيهِن ولك الحمدُ أنتَ نُورُ السماواتِ والأرضِ ومن فيهن ولكَ الحمدُ أنتَ مَلِكُ السماواتِ والأرضِ ومن فيهن ولكَ الحَمْدُ أنتَ الحقُ وَوَعْدُكَ حَقُّ ولِقَاؤُكَ حَقٌّ وَقَوْلُكَ حَقٌّ وَالجَنَّةُ حَقٌّ والنارُ حَقٌّ لكَ أسْلَمْتُ وبِكَ آمَنتُ وعليكَ توكّلْتُ وإليكَ أنَبْتُ وَبِكَ خَاصَمْتُ وَإليكَ حَاكمْتُ فاغْفِرْ لِي مَا قَدَّمْتُ ومَا أخَّرْتُ وَمَا أسْرَرْتُ ومَا أعْلَنْتُ أنتَ المُقَدِّمُ وأنْتَ المُؤخِّرُ لَا إلَهَ إلا أنتَ وَ لَا إِلهَ غَيْرُكَ ولا حولَ ولا قوةَ إلا بالله*


*❓പലിശയില്‍ നിന്ന് കര കയറാനുള്ള ദുആ പറയാമോ?*
_മറുപടി നൽകിയത് കെ.കുഞ്ഞു മുസ്‌ലിയാര്‍ അബൂദാബി_
🅰️ ആദ്യമായി പലിശ വന്‍ പാപമാണെന്നും അത് അല്ലാഹുവിന്‍റെ ശാപത്തിനു ഹേതുവാണെന്നും അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ക്ക് വിഘാതമാണെന്നും മനസ്സില്‍ ഉറപ്പിക്കുക. അതില്‍ നിന്ന് പൂര്‍ണ്ണമായും എല്ലാ നിബന്ധനകളും പാലിച്ച് തൌബ ചെയ്യുക. ഒരു തെറ്റില്‍ നിന്ന് തൌബ ചെയ്തിട്ടില്ലെങ്കില്‍ ആ തെറ്റ് വീണ്ടും ആവര്‍ത്തിക്കാനുള്ള മനസ്സും സാഹചര്യവും നല്‍കി അല്ലാഹു നമ്മെ ശിക്ഷിക്കും. എപ്പോഴും മരണത്തെ കുറിച്ചോര്‍ക്കുക.


നിസ്കാരം ഭയഭക്തിയോടെ നില നിര്‍ത്തുക, ഇസ്തിഗ്ഫാറ് വര്‍ദ്ധിപ്പിക്കുക, സൂറതുല്‍ വാഖിഅ രാത്രിയില്‍ പതിവാക്കുക, താഴെ കൊടുത്ത പ്രാര്‍ത്ഥനകള്‍ പതിവാക്കുക.


*اَللهُمَّ اِنِّي اَعُوذُ بِكَ مِنَ الْهَمِّ وَالحُزْنِ وَاَعُوذُ بِكَ مِنَ الْجُبْنِ وَالْبُخْلِ وَاَعُوذُ بِكَ مِنَ الْعَجْزِ وَالْكَسْلِ وَاَعُوذُ بِكَ مِنْ غَلَبَةِ الدَّيْنِ وَقَهْرِ الرِّجَالِ*


(അല്ലാഹുവേ, വിഷമങ്ങളില്‍ നിന്നും ദുഃഖങ്ങളില്‍ നിന്നും നിന്നോട് ഞാന്‍ കാവല്‍ ചോദിക്കുന്നു. ഭയം, ലുബ്ധ് എന്നിവയില്‍ നിന്നും നിന്നോട് കാവല്‍ ചോദിക്കുന്നു. അശക്തത, ആലസ്യം എന്നിവയില്‍ നിന്നും നിന്നോടു കാവല്‍ ചോദിക്കുന്നു. കടാധിക്യത്തില്‍ നിന്നും ആളുകളുടെ ആക്രമണങ്ങളില്‍ നിന്നും നിന്നോട് ഞാന്‍ കാവല്‍ ചോദിക്കുന്നു.)


 *اللَّهُمَّ اكْفِني بِحَلالِكَ عَنْ حَرَامِكَ، وَأغْنِني بِفَضْلِكَ عَمَّنْ سِواكَ*


(അല്ലാഹുവേ നീ നിഷിദ്ധമാക്കിയതിനു പകരമായി നീ അനുവദിച്ചത് എനിക്ക് പര്യപ്തമാക്കി തരേണമേ, നിന്‍റെ ഔദാര്യം മൂലം നീയല്ലാത്തവരില് നിന്നെനിക്ക് ഐശ്വര്യം പ്രദാനം ചെയ്യേണമേ.)


വീട്ടില്‍ നിന്നു പുറപ്പെടുമ്പോള്‍ താഴെ കൊടുത്തത് ദുആ ചെയ്യുക


*بِسْمِ اللَّهِ على نَفْسِي ومَالي ودِينِي، اللَّهُمَّ رضّنِي بِقَضائِك، وباركْ لي فِيما قُدّرَ لي حتَّى لا أُحِبَّ تَعْجِيلَ ما أخَّرْتَ ولا تأخيرَ ما عَجَّلْتَ*


(എന്നെയും എന്‍റെ സ്വത്ത്, ദീന്‍ എന്നിവയും അല്ലാഹുവിനെ ഏല്‍പിച്ച് അവന്‍റെ നാമത്തില്‍ (ഞാന്‍ പുറപ്പെടുന്നു). അല്ലാഹുവേ നിന്‍റെ വിധിയില്‍ എനിക്ക് സംതൃപ്തി നല്‍കേണമേ. നീ പിന്തിച്ചതില്‍ ധൃതിയും നീ നേരത്തെ തന്നതില്‍ അവതാനതയും ഞാന്‍ ആഗ്രഹിക്കാത്ത വിധം എനിക്കു കണക്കാക്കിയതില്‍ എന്നെ അനുഗ്രഹിക്കേണമേ)


*اللَّهُمَّ انْقُلْنِي مِنْ ذُلِّ المَعْصِيَةِ إلى عِزَّ الطَّاعَةِ، وأغْنِنِي بحَلالِكَ عَنْ حَرَامِكَ، وَبِطاعَتِكَ عَنْ مَعْصِيَتِكَ، وَبِفَضْلِكَ عَمَّن سِوَاكَ*


(അല്ലാഹുവേ, തെറ്റുകളുടെ നിന്ദ്യതയില്‍ നിന്ന് അനുസരണയുടെ പ്രൌഢിയിലേക്കെന്നെ നീ നീക്കേണമേ. നീ നിഷിദ്ധമാക്കിയതിനു പകരം നീ അനുവദിച്ചുതന്നതും നിന്നോടു തെറ്റു ചെയ്യുന്നതിനു പകരം നിന്നോടുള്ള അനുസരണയും നീയല്ലാത്തവര്‍ക്കു പകരം നിന്‍റെ ഔദാര്യവും നല്‍കി എന്നെ ഐശ്വര്യപ്പെടുത്തേണമേ.)


 *اللَّهُمَّ إني أعُوذُ بِكَ مِنَ الهَدْمِ، وأعُوذُ بِكَ مِنَ التَّرَدِّي، وأعُوذُ بِكَ مِنَ الغَرَقِ وَالحَرَقِ وَالهَرَمِ، وَأعُوذُ بِكَ أنْ يَتَخَبَّطَنِي الشَّيْطانُ عِنْدَ المَوْتِ، وأعُوذُ بِكَ أنْ أمُوتَ فِي سَبِيلِكَ مُدْبِراً، وأعُوذُ بِكَ أنْ أمُوتَ لَديغاً* 


(അല്ലാഹുവേ തകര്‍ച്ചയില്‍ നിന്നു നിന്നോടു കാവല്‍ ചോദിക്കുന്നു. അധഃപതനത്തില്‍ നിന്നും നിന്നോടു കാവല്‍ ചോദിക്കുന്നു. വാര്‍ദ്ധ്യക്യത്തിന്‍റെ വൈഷമ്യതകള്‍, അഗ്നിബാധയേല്‍ക്കല്‍, മുങ്ങി മരിക്കല്‍ തുടങ്ങിയവയില്‍ നിന്നും നിന്നോടു കാവല്‍ ചോദിക്കുന്നു. മരണ സമയത്ത് പിശാച് ബാധയേല്‍ക്കുന്നതില്‍ നിന്നും നിന്നോടു കാവല്‍ ചോദിക്കുന്നു. നിന്‍റെ മാര്‍ഗത്തില്‍ നിന്ന് പിന്തിരിഞ്ഞോടുന്ന നിലയില്‍ ഞാന്‍ മരിക്കുന്നതില്‍ നിന്നു നിന്നോടു കാവല്‍ ചോദിക്കുന്നു. വിഷ ചന്തുക്കളുടെ കടിയേറ്റു മരണപ്പെടുന്നതില്‍ നിന്നും നിന്നോടു കാവല്‍ ചോദിക്കുന്നു.)


 *اللَّهُمَّ إني أعوذُ بِكَ منَ الجُوعِ فإنَّهُ بِئْسَ الضَّجِيعُ، وَأعُوذُ بك مِنَ الخِيانَةِ فإنَّها بِئْسَتِ البطانَةُ*


(അല്ലാഹുവേ. പട്ടിണിയില്‍ നിന്ന് ഞാന്‍ നിന്നോട് കാവല്‍ ചോദിക്കുന്നു. അത് വളരെ മോശം കൂടെക്കിടപ്പുകാരന്‍ തന്നെ. വഞ്ചനയില്‍ നിന്നു നിന്നോടു കാവല്‍ ചോദിക്കുന്നു. അത് വളരെ മോശം പരിവാരം തന്നെയാണ്.)


*اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ فِتْنَةِ النَّارِ، وَعَذَابِ النَّارِ، وَمنْ شَرّ الغِنَى وَالفَقْرِ*


(അല്ലാഹുവേ നരകയാതനയില്‍ നിന്നു നിന്നോടു ഞാന്‍ കാവല്‍ ചോദിക്കുന്നു. നരക ശിക്ഷയില്‍ നിന്നും ദാരിദ്ര്യത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും വിപത്തുകളില്‍ നിന്നും കാവല്‍ ചോദിക്കുന്നു.)


*رَبَّنَآ ءَاتِنَا فِى ٱلدُّنْيَا حَسَنَةً وَفِى ٱلْـَٔاخِرَةِ حَسَنَةً وَقِنَا عَذَابَ ٱلنَّارِ* 


(ഞങ്ങളുടെ നാഥാ ഞങ്ങള്‍ക്ക് നീ ദുന്‍യാവില്‍ നന്മ പ്രദാനം ചെയ്യേണമേ. ആഖിറത്തിലും നന്മ പ്രദാനം ചെയ്യേണമേ. നരക ശിക്ഷയില്‍ നിന്ന് സംരക്ഷിക്കേണമേ.)

*❓മരണപ്പെട്ട ഉപ്പാക്ക് വേണ്ടി എങ്ങനെ ദുആ ചെയ്യണം?*
_മറുപടി നൽകിയത് സിറാജുദ്ദീന്‍ ഹുദവി മേല്‍മുറി_
🅰️ പിതാവിന് ദുആ ചെയ്യുന്ന മകനുണ്ടാവുകയെന്നത് ഒരു മനുഷ്യന്‍റെ ഏറ്റവും വലിയ അനുഗ്രമാണ്. മരിച്ചതിന് ശേഷവും മനുഷ്യന് ഉപകാരം ചെയ്യുന്ന മൂന്ന് കാര്യങ്ങളില്‍ ഒന്ന് ദുആ ചെയ്യുന്ന മുഅ്മിനായ മകന്‍ എന്നാണ് നബി (ﷺ) പറഞ്ഞത്. മരിച്ചതിന് ശേഷം മാതാപിതാക്കള്‍ക്ക് ചെയ്ത് കൊടുക്കേണ്ട ഗുണങ്ങളില്‍ നബി സ്വ പറഞ്ഞതിലൊന്ന് അവര്‍ക്ക് വേണ്ടി പൊറുക്കലിനെ തേടുകയെന്നാണ്. മാതാപിതാക്കള്‍ക്ക് വേണ്ടി സ്വദഖ ചെയ്തും ഖുര്‍ആനോതിയും നിസ്കാരത്തിനു ശേഷവും രാത്രിയില്‍ ഉറക്കമുണര്‍ന്നും പരമാവധി ദുആ ചെയ്യുക. പ്രസ്തുത സമയങ്ങളിലെ ദുആ ഉത്തരം ലഭിക്കുന്ന ദുആകളാണ്.


*رب ارحمهما كما ربياني صغيرا* 
രക്ഷിതാവേ എന്‍റെ മാതാപിതാക്കള്‍ ചെറുപ്രായത്തില്‍ എന്നോട് കരുണ കാണിച്ച പോലെ അവരോടും നീ കരുണ ചെയ്യണേ.


*ربنا اغفر لي ولوالدي وللمؤمنين يوم يقوم الحساب* 
റബ്ബേ എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും മറ്റു മുഅ്മിനീങ്ങള്‍ക്കും വിചാരണ ദിവസം നീ പൊറുത്ത് നല്‍കണേ. ഈ രണ്ട് ദുആയും ഖുര്‍ആനില്‍ വന്ന ദുആയാണ്, ആദ്യത്തേത് അള്ളാഹു ദുആ ചെയ്യാന്‍ കല്‍പിച്ചതും രണ്ടാമത്തേത് മഹാനായ ഇബ്റാഹീം നബി (ﷺ) ദുആ ചെയ്തത് ഖുര്‍ആന്‍ ഉദ്ധരിച്ചതുമാണ്.
 *رَبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَنْ دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ* 
എനിക്കും മാതാപിതാക്കള്‍ക്കും വിശ്വാസി വിശ്വാസിനികള്‍ക്കും പൊറുത്ത് നല്‍കണേയെന്ന് നൂഹ് നബി (അ) ശത്രുക്കള്‍ക്കെതിരെയുള്ള ദുആയുടെ കൂട്ടത്തില്‍ ദുആ ചെയ്തതാണ്. 

*❓ഞങ്ങളെ നാട്ടിൽ ഒരു പണ്ഡിതയുടെ പഠന ക്ലാസ് നടന്നിരുന്നു( ഈ റമളാനിൽ ).ആ ക്ലാസ്സിന് പോയ ഉമ്മ എന്നോട് പറഞ്ഞു , സ്റ്റൂളിൽ ഇരുന്ന് നിസ്കരിക്കാൻ പാടില്ല എന്ന് ക്ലാസ്സിൽ പറഞു എന്ന്. ഇരുന്ന് നിസ്കരിക്കുക എന്നത് ഇഫ്തിറാശിന്റെ ഇരുത്തമായിട്ടാണ് നിർവഹിക്കേണ്ടത് എന്നും...സത്യത്തിൽ അങ്ങനെ നിസ്കരിക്കുന്നതിന് പ്രശ്നമുണ്ടോ ?*
_മറുപടി നൽകിയത്‍ നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി_
🅰️ ഇത് അൽപം വിശദീകരണമർഹിക്കുന്നുണ്ട്. സാധാരണ ഗതിയിൽ നിൽക്കാനും നടക്കാനും ഒന്നും പ്രയാസമില്ലാത്തവരും അത്ര പ്രയാസമില്ലാത്തവരും ഇരുന്ന് നിസ്കാരിക്കാൻ പാടില്ല. അവർക്ക് ഇരുന്ന് കൊണ്ടല്ലാതെ നിർവ്വഹിക്കാൻ കഴിയാത്ത വല്ല റുക്നുമുണ്ടെങ്കിൽ അത് മാത്രം ഇരുന്ന് നിസ്കരിക്കാം എന്നല്ലാതെ ചില ഫർളുകൾ നിർവ്വഹിക്കാൻ കഴിയില്ലാ എന്നതിന്റെ പേരിൽ തുടക്കം മുതലേ ഇരുന്ന് നിസ്കരിച്ചാൽ നിസ്കാരം ശരിയാകില്ല. ഒരാൾക്ക് നിൽക്കാൻ സാധിക്കും പക്ഷേ (നിന്നായാലും ഇരുന്നായാലും) റൂകൂഉം സൂജൂദും ചെയ്യാൻ സാധിക്കില്ല. എങ്കിൽ അയാൾ നിന്നു കൊണ്ട് റൂകൂഇനും അതിനേക്കാൾ അൽപം കൂടുതാലായി കുനിയാൻ കഴിയുമെങ്കിൽ കുനിഞ്ഞു കൊണ്ട് സുജൂദും ചെയ്യണം, അല്ലെങ്കിൽ ആംഗ്യത്തിലൂടെ ചെയ്യണം. ഒരാൾക്ക് നിൽക്കാനും റൂകൂഅ് ചെയ്യാനും കഴിയും പക്ഷേ (നിന്നായാലും ഇരുന്നായാലും) സൂജൂദ് മാത്രം ചെയ്യാൻ കഴിയില്ല. എങ്കിൽ റുകൂഇന്റെ അത്രയോ അതിനോക്കാൾ അൽപം കൂടി കുനിയാൻ കഴിയുമെങ്കിൽ അത്രയോ കുനിഞ്ഞ് സൂജുദ് ചെയ്യണം അല്ലെങ്കിൽ ആംഗ്യത്തിലൂടെ ചെയ്യണം. ഇനി ഒരാൾക്ക് ഒരു നിലക്കും (ഊന്നു വടി പിടിച്ചു പോലും) നിൽക്കാൻ കഴിയില്ല. എങ്കിൽ അയാൾ നിന്ന് നിസ്കരിക്കേണ്ടതില്ല. ഇരുന്ന് നിസ്കരിച്ചാൽ മതി. ഇരുന്ന് നിസ്കരിച്ചാൽ സുജൂദ് ശരിയായി ചെയ്യാൻ സാധിക്കും എങ്കിൽ അയാൾ ഇരുന്ന് തന്നെ നിസ്കരിക്കണം. അത്തരം ഒരാൾ സ്റ്റൂളിൽ ഇരുന്ന് നിസ്കരിച്ചാൽ ഭൂമിയിൽ നെറ്റി വെച്ച് സൂജൂദ് ചെയ്യാൻ കഴിയില്ല. അതിന് പകരം മറ്റൊരു സ്റ്റൂൾ മുന്നിൽ വെച്ച് അതിലേക്ക് സുജൂദ് ചെയ്താലും ശരിയായ സുജൂദ് ആകില്ല. പകരം ആ ഭാഗം വരേ കുനിയലേ ആകൂ. ഈ ഒരു കാര്യം വിവരിച്ചു കൊണ്ടാകാം താങ്കൾ കേട്ട പണ്ഡിത ഇരുന്ന് തന്നെ നിസ്കിക്കണം എന്ന് പറഞ്ഞിട്ടുണ്ടാകുക. എന്നാൽ നിൽക്കാൻ ഒരു നിലക്കും കഴിയില്ല, ഇരുന്ന് കൊണ്ട് നിസ്കരിക്കാം പക്ഷേ ശരിയായി സൂജൂദ് ചെയ്യാനോ മറ്റോ സാധിക്കില്ല, പകരം റുകൂഇനും സുജൂദിനും അൽപം കുനിയാനോ ആംഗ്യം കാണിക്കാനോ മാത്രമേ കഴിയൂ. എങ്കിൽ അയാൾക്ക് നിലത്തിരിക്കുന്നതിന് പകരം സ്റ്റൂളിൽ ഇരുന്ന് ഇതു പോലെ നിസ്കരിക്കാം. എന്നാൽ ഇന്നു കാണുന്ന സ്റ്റൂൾ, കസേര നിസ്കാരങ്ങൾ നിർവ്വഹിക്കുന്നവരിൽ പലരും ഈ ഒരു അവസ്ഥയിലെത്തിയവരാണോ എന്ന കാര്യം സംശയകരമാണ്, എത്തിയിട്ടില്ലെങ്കിൽ അവരുടെ നിസ്കാരം ശരിയാകില്ല..(തുഹ്ഫ, ഖൽയൂബി, മുഗനി, ശർവാനി)

*❓അസൂയയും പരദൂഷണവും ഇല്ലാതാക്കാനുള്ള മാര്‍ഗ്ഗമെന്താണ്?*
_മറുപടി നൽകിയത് സിറാജുദ്ദീന്‍ ഹുദവി മേല്‍മുറി_
🅰️ ഹസദ് അഥവാ അസൂയ എന്നാല്‍ ഒരാള്‍ക്ക് അള്ളാഹു ചെയ്ത അനുഗ്രഹം നീങ്ങിപ്പോവാന്‍ ആഗ്രഹിക്കലാണ്. അള്ളാഹുവിന്റെ നിഅ്മത് ഇല്ലാതെയാവണം എന്നാണ് ഇവിടെ അവന്‍ ആഗ്രഹിക്കുന്നത്. അത് ഹൃദയ രോഗങ്ങളില്‍ പെട്ടതാണ്. ഹൃദയരോഗങ്ങളുടെ മരുന്ന് അറിവും പ്രവര്‍ത്തിയുമാണ്. അസൂയ ദീനിലും ദുന്‍യാവിലും അസൂയാലുവിന് നഷ്ടമാണ് എന്ന് മനസ്സിലാക്കണം. മറിച്ച് അസൂയ വെക്കപ്പെടുന്ന ആള്‍ക്ക് അത് ദീനിലും ദുന്‍യാവിലും ഉപകാരവുമാണ്. എങ്ങനെയാണ് അസൂയ അയാളുടെ ദീനിലും ദുന്‍യാവിലും നഷ്ടമുണ്ടാക്കുന്നതെന്ന് നോക്കാം. അസൂയ കൊണ്ട് അസുയാലു ചെയ്യുന്നത് അള്ളാഹുവിന്റെ വിധിയെ ദേഷ്യത്തോടെ സമീപിക്കലാണ്. തന്റെ അടിമകളില്‍ അള്ളാഹു ചെയ്ത അനുഗ്രഹം വെറുക്കലാണ്. അള്ളാഹുവിന്റെ ഹിക്മത് പ്രകാരം അള്ളാഹു ചെയ്ത നീതിയോട് വിദ്വേഷം പ്രകടിപ്പിക്കലാണ്. അസൂയ കൊണ്ട് ഈമാന്‍ തന്നെ കറപിടിച്ചതായിത്തീരുന്നു. മാത്രമല്ല ഒരു വ്യക്തിയെ വഞ്ചിക്കുക മറ്റൊരാള്‍ക്ക് ഗുണം കാംക്ഷിക്കാതിരിക്കുക അമ്പിയാക്കളും ഔലിയാക്കളും മറ്റൊരാള്‍ക്ക് അനുഗ്രഹമുണ്ടാവുമ്പോള്‍ സന്തോഷിക്കുമായിരുന്ന മാര്‍ഗ്ഗം ഉപേക്ഷിച്ച് മനുഷ്യന് ദോഷം മാത്രം ആഗ്രഹിക്കുന്ന ഇബ്‍ലീസിന്റെ മാര്‍ഗ്ഗം അവലംഭിക്കുക തുടങ്ങി അപകടങ്ങളും അസൂയയില്‍ പതിയിരിക്കുന്നു.

ഒരാള്‍ അസൂയ വെച്ചത് കാരണം മറ്റൊരാളുടെ അനുഗ്രഹം നീങ്ങിപ്പോവില്ലല്ലോ. അതു മൂലം ഹൃദയ വേദനയും തീര്‍ത്താല്‍ തീരാത്ത ഖേദവുമായി ജീവിക്കേണ്ടി വരുന്നു അസൂയാലു. താന്‍ അസൂയ വെക്കുന്ന ആരിലും ഏത് അനുഗ്രഹം കണ്ടാലും അതിനു വേണ്ടി ദുഖം കടിച്ചിറക്കി ജീവിക്കേണ്ടി വരുന്നു. ഇത്തരം കാര്യങ്ങളെല്ലാം ആത്മാര്‍ത്ഥതയോടെ ചിന്തിച്ചാല്‍ അസൂയാഗ്നി അണഞ്ഞെന്ന് വരാം.

ഇതെല്ലാം വ്യക്തമായി മനസ്സിലാക്കിയതിന് ശേഷം മറ്റു ചില കര്‍മ്മങ്ങള്‍ കൊണ്ടും അസൂയയെ ഇല്ലാതെയാക്കാം. അസൂയ വെക്കപ്പെടുന്നവനെ കുറിച്ച് മോശമായി പറയാന്‍ ഒരു പക്ഷെ ആഗ്രഹം തോന്നിയേക്കാം. അപ്പോള്‍ അവനെ കുറിച്ച് മോശത്തരം പറയാതെ അവനെ പുകഴ്ത്തുകയും അവനെ കുറിച്ച് നന്മ മാത്രം പറയുകയും ചെയ്യുക. അവന്റെ മുന്നില്‍ അഹങ്കരിക്കാന്‍ തോന്നുമ്പോള്‍ താഴ്മ കാണിക്കുക. അവനു ഒന്നും നല്‍കരുതെന്ന് നഫ്സ് പറയുമ്പോള്‍ അവനു അധികമായി നല്ലത് നല്‍കിക്കൊണ്ടിരിക്കുക. ഇങ്ങനെ തുടര്‍ച്ചയായി സ്വയം ആഗ്രഹമില്ലാതെ ശരീരം ചെയ്താല്‍ അവസാനം അത് ആഗ്രഹത്തോടെ ചെയ്യാന്‍ തുടങ്ങും. അങ്ങനെ രണ്ടാളും തമ്മില്‍ സ്നേഹം ഉടലെടുക്കുകയും അസൂയ ഇല്ലാതാവുകയും ചെയ്യും. ഇമാം ഗസാലി (റ) തന്റെ ഇഹ്‍യാഇല്‍ പറഞ്ഞ ചികിത്സയാണിത്. പരമപ്രധാനമായി അള്ളാഹുവിന്റെ അടിമകളില്‍ മറ്റെല്ലാവരേക്കാളും ചെറിയവന്‍ നിന്ദ്യന്‍ താനാണെന്ന് മനസ്സിലാക്കിയാല്‍ തന്നെ അസൂയ തുടങ്ങിയുള്ള എല്ലാം ദുസ്വഭാവവും ഇല്ലാതെയാവും. അതിനു അവനിലുള്ള നന്മ ഓര്‍ത്താല്‍ തന്നെ മതി. നമ്മിലില്ലാത്ത ധാരാളം നന്മകള്‍ മറ്റുള്ളവരിലുണ്ടാകും. അപ്പോള്‍ നമുക്ക് വ്യക്തമായി ബോധ്യപ്പെടും നാം ആരുമല്ലെന്ന്.

പരദൂഷണം നാവ് കൊണ്ട് ചെയ്യുന്ന കുറ്റങ്ങളില്‍ പെട്ട വലിയ പാപമാണ്. മറ്റുള്ളവന്റെ ശരീരത്തില്‍ കുടുംബത്തില്‍ സ്വഭാവത്തില്‍ പ്രവര്‍ത്തനത്തില്‍ വസ്ത്രത്തില്‍ തുടങ്ങി അവരിഷ്ടപ്പെടാത്തത് അവരെ കുറിച്ച് പറയലാണ്. എഴുത്ത് കൊണ്ടോ ആംഗ്യം കൊണ്ടോ മറ്റേതെങ്കിലും നിലക്ക് മറ്റുള്ളവന്റെ തിന്മകള്‍ കുറവുകള്‍ അപരന് മനസ്സിലാക്കിക്കൊടുക്കുന്നതെല്ലാം ഗീബത് തന്നെ. സ്വന്തം ഉന്നതനാണെന്ന് ഭാവിച്ചത് കൊണ്ടാണ് മനുഷ്യന്‍ പരദൂഷണത്തിന് മുതിരുന്നത്. സ്വന്തം ശരീരത്തിലും അത്തരം അതല്ലെങ്കില്‍ മറ്റു നിലക്കുള്ള ദുഷ്‍പ്രവണതകള്‍ ഉണ്ടെന്ന് മനസ്സിലാക്കിയാല്‍ പിന്നെ മറ്റുള്ളവരെ കുറിച്ച് ദോഷം പറയില്ലല്ലോ. ഗീബതിനെയും ചികിത്സിക്കേണ്ട് നേരത്തെ പറഞ്ഞ പോലെ ഇല്‍മ് കൊണ്ടും പ്രവര്‍ത്തനം കൊണ്ടും തന്നെ. ഗീബത് കാരണമായി ഉണ്ടാവുന്ന അപകടങ്ങള്‍ മനസ്സിലാക്കുക. വളരെ ബുദ്ധിമുട്ടി നാം ദുന്‍യാവില്‍ വെച്ച് ചെയ്ത സല്‍പ്രവര്‍ത്തനങ്ങള്‍ മറ്റൊരാള്‍ക്ക് നല്‍കലാണല്ലോ അത്. നമ്മുടെ സമ്പത്തും സമയവും ചെലവഴിച്ച് ഒരു അമലുമില്ലെങ്കില്‍ നാം നമ്മുടെ മക്കള്‍ക്കും ഭാര്യക്കും മാതാപിതാക്കള്‍ക്കും ചെലവ് നല്‍കിയതിന്റെ പ്രതിഫലം പോലും ദുന്‍യാവില്‍ നമുക്ക് ഒരു നന്മയും ചെയ്ത് തരാത്തവന് നല്‍കേണ്ടി വരുന്നു. ഞാന്‍ ആരെയെങ്കിലും പരദൂഷണം പറയുമായിരുന്നെങ്കില്‍ എന്റെ ഉമ്മയെ കുറിച്ച് പറയുമായിരുന്നെന്ന് മഹാന്മാര്‍ പറഞ്ഞതായി കാണാം. മറ്റുള്ളവരുടെ ന്യൂനതകള്‍ കണ്ടെത്തി അതിലൂടെ വന്‍ നഷ്ടം വിളിച്ച് വരുത്തന്നതിനേക്കാള്‍ നല്ലത് സ്വന്തം വീഴ്ചകള്‍ മനസ്സിലാക്കി ലാഭം കൊയ്യുന്നതല്ലേ. നമ്മെ മറ്റാരെങ്കിലും ഗീബത് പറയുന്നത് നാമിഷ്ടപ്പെടുമോ അത് പോലെയായിരിക്കണം നാമും. ഇത്തരം കാര്യങ്ങളും ഗീബതിന്റെ ശിക്ഷയും വ്യക്തമായി മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതിലൂടെ പരദൂഷണം ഒഴിവാക്കാനാവും.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.
ആമീന്‍ 
============================

*പുണ്ണ്യനബി صلی اللہ علیہ وسلم ക്കൊരായിരം സ്വലാത്ത്🌹*

*🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه*

*(تقبل الله منا ومنكم صالح الاعمال)*

📿📿📿📿💎💎📿📿📿📿