💫തറാവീഹ് എങ്ങനെ ഉന്മേഷകരമാക്കാം💫

*💫തറാവീഹ് എങ്ങനെ ഉന്മേഷകരമാക്കാം💫*
     *☆҉➹⁀ വിജയ കവാടം ‿➹⁀☆҉** 
 *



✍️വിശുദ്ധ റമസാനില്‍ തറാവീഹ് നിസ്‌കാരം സത്യവിശ്വാസികള്‍ക്ക് സന്തോഷകരമാണ്. തുടക്കത്തില്‍ എല്ലാവരും ആവേശത്തോടെ ഈ നിസ്‌കാരത്തില്‍ പങ്കാളികളാകും. പെട്ടെന്ന് തീരുന്ന തറാവീഹാണ് പൊതുവില്‍ അധികപേര്‍ക്കും താത്പര്യം. ആദ്യ നാളുകളില്‍ ആവേശത്തില്‍ തറാവീഹ് നിസ്‌കരിക്കുന്ന പലരും കുറച്ച് നാളുകള്‍ കഴിയുമ്പോള്‍ നിര്‍ത്തുകയോ അല്‍പ്പം നിസ്‌കരിച്ച് മതിയാക്കുകയോ ചെയ്യുന്നത് സാര്‍വത്രികമാണ്. പൂര്‍ത്തിയാക്കി നിസ്‌കരിക്കുന്ന ചിലര്‍ക്ക് തറാവീഹ് പ്രയാസകരമായി അനുഭവപ്പെടുന്നുമുണ്ട്.
തറാവീഹ് എന്തുകൊണ്ടാണ് ഭാരമായി അനുഭവപ്പെടുന്നത്? എങ്ങനെ അത് ഉന്മേഷകരമായി നിര്‍വഹിക്കാം? പലരും പങ്ക് വെക്കുന്ന ചോദ്യമാണിത്.
തറാവീഹ് എന്ന് കേള്‍ക്കുമ്പോള്‍ അതിവേഗ നിസ്‌കാരം എന്നാണ് ചിലരെങ്കിലും ധരിച്ചുവെച്ചത്. വസ്തുത മറിച്ചാണ്. വളരെ സാവധാനം നിര്‍വഹിക്കേണ്ടത് എന്നാണ് തറാവീഹ് എന്ന പദം തന്നെ സൂചിപ്പിക്കുന്നത്. അല്‍പ്പം ദീര്‍ഘമായി ഖുര്‍ആനോതി ശാന്തമായി വര്‍ഷത്തിലൊരിക്കല്‍ മാത്രം നിര്‍വഹിക്കേണ്ടതാണത്. റമസാന്‍ അല്ലാത്ത കാലത്ത് തറാവീഹ് ഇല്ല. അതുകൊണ്ട് അതിന് ഖിയാമു റമസാന്‍ എന്നും പേരുണ്ട്. പൂര്‍വീക കാലം മുതല്‍ പല പള്ളികളിലും ഖുര്‍ആന്‍ ഖത്മ് ചെയ്തുകൊണ്ട് തറാവീഹ് നിസ്‌കരിക്കാറുണ്ട്. ഇന്നും ചില പള്ളികളില്‍ ഇത് നിലനില്‍ക്കുന്നുമുണ്ട്.
മനോഹരമായി ഖുര്‍ആനോതി തറാവീഹ് നിസ്‌കരിക്കുമ്പോള്‍ മധുരമായി ആസ്വദിച്ച് നിസ്‌കരിക്കാന്‍ കഴിയുമെന്നാണ് അനുഭവ യാഥാര്‍ഥ്യം. വശ്യസുന്ദരമായി തറാവീഹ് നടക്കുന്ന ജമാഅത്തിന് ജനം എക്കാലത്തും താത്പര്യപൂര്‍വം ഒഴുകിയെത്താറുമുണ്ട്. ഇന്ന് ചില ഹൈസ്പീഡ് തറാവീഹില്‍ പങ്കെടുത്താല്‍ പെട്ടതു തന്നെ. ഊര ഞെട്ടിയിട്ടുണ്ടാകും. ഏതെങ്കിലും തറാവീഹ് നിസ്‌കാരം അല്‍പ്പം നീണ്ടുപോയാല്‍ ശരിക്കും പെട്ടതാണെന്നും ഇനി ഇങ്ങോട്ടില്ലെന്നും മറ്റും മുറുമുറുക്കുന്നവര്‍ പോലുമുണ്ട്.
നിയമാനുസൃതം നിര്‍വഹിച്ചാല്‍ ഉമ്മ പ്രസവിച്ച കുഞ്ഞിനുതുല്യം പാപ വിമുക്തനാകുമെന്ന് നിരവധി ഹദീസുകളില്‍ സ്ഥിരപ്പെട്ട ഒരു നിസ്‌കാരത്തെ പിടിത്തംവിട്ട സ്പീഡില്‍ നിസ്‌കരിക്കുന്നതിനെ സംബന്ധിച്ച് ഇമാം അബ്ദുല്ലാഹില്‍ ഹദ്ദാദിനെ (റ) പോലുള്ള മഹാ പണ്ഡിതന്മാര്‍ ദീര്‍ഘ ദര്‍ശനം നല്‍കിയിട്ടുണ്ട്. ഇത്തരം അതിവേഗ തറാവീഹുകള്‍ക്കെതിരില്‍ ജാഗ്രത പാലിക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്.

ഒരു കാര്യം അനുഭവത്തില്‍ നിന്ന് ആര്‍ക്കും ബോധ്യപ്പെടും. നോമ്പ് കാലത്തെ അതിരുവിട്ട ഭക്ഷണ രീതിയാണ് ആരാധനകളിലെ ഉന്മേഷക്കുറവിന്റെ വില്ലന്‍ എന്നതാണത്. നോമ്പ് തുറയുടെ സമയത്തും മറ്റും അധികപേരും കഴിക്കുന്ന അമിത ആഹാരം അവസാനിപ്പിച്ചാല്‍ ഏകദേശം അലസതയും ഉറക്കച്ചടവും ഉന്മേഷക്കുറവുമെല്ലാം പരിഹരിക്കാവുന്നതേയുള്ളൂ. ഇതിന് പക്ഷേ സാമ്പ്രദായികനോമ്പുതുറകളില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരും തീര്‍ച്ച. പട്ടിണി കിടക്കുന്ന റമസാനില്‍ പണച്ചെലവും രോഗങ്ങളും അധികരിക്കുന്നത് എന്ത് മാത്രം സങ്കടകരമാണ്. കൊവിഡ് കാലത്തെ ലോക്ക്ഡൗണില്‍ പോലും നോമ്പ് തുറ ആഘോഷമാക്കുന്നതില്‍ നിന്ന് ജനം മാറിച്ചിന്തിച്ചിട്ടുണ്ടോ എന്നറിയില്ല. നോമ്പിന്റെ പ്രയോജനവും പ്രതിഫലവും ശരിയായ ചൈതന്യവും കളഞ്ഞു കുളിക്കുന്ന ഭക്ഷണ ക്രമത്തിന് മാറ്റം വരുത്തിയേ പറ്റൂ.

മൂന്ന് കാര്യം പ്രത്യേകം ശ്രദ്ധിച്ചാല്‍ നോമ്പും തറാവീഹും അനുഭൂതിദായകമാകും.
1. ചെയ്യുന്ന കര്‍മത്തില്‍ ശരിയായ വിശ്വാസ്യത ഉറപ്പുവരുത്തുമെന്ന് ശക്തമായ തീരുമാനമെടുക്കുക. ശരിയായ വിശ്വാസത്തോടെയും പ്രതിഫലേച്ഛയോടെയും തറാവീഹ് നിസ്‌കരിക്കുന്നവര്‍ക്കാണ് പാപമോചനം ഓഫര്‍ ചെയ്യപ്പെട്ടത്. ആനുകൂല്യങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ ലഭിക്കുകയുള്ളൂ. പൂര്‍ത്തിയാക്കി നിസ്‌കരിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തോടെയാകണം ആരംഭിക്കേണ്ടത്. എനിക്കു കഴിയുമോ എന്ന ആശങ്കയോടെയായാല്‍ ഇടക്ക് മടി വരുമ്പോള്‍ മുങ്ങേണ്ടിവരും. അപ്പോള്‍ ഭാരമായാണ് അനുഭവപ്പെടുക.
2. ഹെവിഫുഡിംഗ് ഒഴിവാക്കി മിതമായ ഭക്ഷണം കഴിച്ച് നോമ്പ് തുറക്കുക. എല്ലാ ദിവസവും നോമ്പ് തുറ ആഘോഷമാക്കാതിരിക്കുക. ലളിതമായ ആഹാരം ശീലിക്കാന്‍ ശരീരത്തെ പാകപ്പെടുത്തുക. വിശന്നുവലഞ്ഞ നോമ്പുകാരന്റെ വയറ്റിലേക്ക് ഒറ്റയടിക്ക് അമിതാഹാരം ചെല്ലുമ്പോള്‍ ക്ഷീണിക്കുക സ്വാഭാവികം മാത്രം.

3. കുളിച്ചും സുഗന്ധമുപയോഗിച്ചും നിസ്‌കാരത്തിന് നന്നായി ഒരുങ്ങുക. ഇശാഇന് മുമ്പ് വിസ്തരിച്ച് കുളിക്കുകയും പൂര്‍ണ സുന്നത്തുകളെടുത്ത് അംഗശുദ്ധി വരുത്തുകയും ചെയ്യുക. മനോഹരമായി വസ്ത്രധാരണം നടത്തുക. അതോടെ നോമ്പിന്റെ ക്ഷീണവും പ്രയാസങ്ങളും മാറുകയും ഉന്മേഷവാനാകുകയും ചെയ്യുന്നു. അനവധി പേര്‍ പരീക്ഷിച്ച് ഫലം കണ്ടതാണിത്.
വര്‍ഷങ്ങളായി നിര്‍വഹിച്ച് വരുന്ന വഴിപാട് തറാവീഹുകളില്‍ മനംമടുത്തവര്‍ക്ക് പ്രാക്ടീസ് ചെയ്തുനോക്കാവുന്ന ചെറിയ ചില കാര്യങ്ങളാണ് മുകളില്‍ ഉദ്ധരിച്ചത്. ആരാധനകളില്‍ സമ്പൂര്‍ണമായ ചൈതന്യം ലഭിക്കുന്നതിന് തിളക്കമുള്ള ഈമാന്‍ കൂടിയേ കഴിയൂ. തറാവീഹിനെക്കുറിച്ചുള്ള വിശാലമായ അറിവും അത് നന്നായി നിര്‍വഹിക്കണമെന്ന ഉറച്ച തീരുമാനവും നിസ്‌കാരത്തിന് വേണ്ടിയുള്ള നല്ല ഒരുക്കവും ലളിതമായ നോമ്പുതുറയും കൂടിയായാല്‍ തറാവീഹ് മധുരകരമായി അനുഭവപ്പെടാതിരിക്കില്ല.

============================

*പുണ്ണ്യനബി صلی اللہ علیہ وسلم ക്കൊരായിരം സ്വലാത്ത്🌹*

*🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه*

*(تقبل الله منا ومنكم صالح الاعمال)*
 

📿📿📿📿💎💎📿📿📿📿