😊 🌹 *തൗബയും വിശ്വാസിയും* ✍🏽മദീനയുടെ👑വാനമ്പാടി
🌹 *തൗബയും വിശ്വാസിയും* 🌹
1⃣3⃣8⃣ ഇസ്ലാമിക പഠനങ്ങൾ
*✍🏽മദീനയുടെ👑വാനമ്പാടി*
*തൗബ ചെയ്യാനും തൗബ റബ്ബ് സ്വീകരിക്കപ്പെടാനും മഗ്ഫിറത്തിൻ്റെ ഈ പത്തും റമളാനും നമുക്ക് നല്ലൊരു അവസരമാണ്* തൗബ ചെയ്യാതെ ഈ റമളാൻ വിട നൽകുന്ന ദുരവസ്ഥ ഒരു വിശ്വാസിയിലും ഇല്ലാതിരിക്കട്ടെ
*അധികമാളുകളും വിചാരിച്ചിട്ടുള്ളത് തൌബ എന്നാല്‍ അത് ഇസ്തിഗ്ഫാ൪ പോലെയാണെന്നാണ്. യഥാ൪ത്ഥത്തില്‍ തൌബ എന്നത് ഇസ്തിഗ്ഫാറല്ല.*
ﻭَﺃَﻥِ ٱﺳْﺘَﻐْﻔِﺮُﻭا۟ ﺭَﺑَّﻜُﻢْ ﺛُﻢَّ ﺗُﻮﺑُﻮٓا۟ ﺇِﻟَﻴْﻪِ
നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക ......... (ഖു൪ആന്‍: 11/3)
أَفَلَا يَتُوبُونَ إِلَى ٱللَّهِ وَيَسْتَغْفِرُونَهُۥ ۚ وَٱللَّهُ غَفُورٌ رَّحِيمٌ
ആകയാല്‍ അവര്‍ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുകയും, അവനോട് പാപമോചനം തേടുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.(ഖു൪ആന്‍:5/74)
തൗബയും ഇസ്തിഗ്ഫാറും വെവ്വേറെയുള്ളതാണെന്നും ഈ ആയത്തുകളില്‍ നിന്നും ഗ്രഹിക്കാം. 'ഇസ്തിഗ്ഫാര്‍' എന്നാല്‍ 'പാപമോചനാര്‍ഥന നടത്തുക' എന്നാണ് ഉദ്ദേശിക്കുന്നത്. *എന്നാല്‍ തൌബയെന്നാല്‍ ചെയ്തുപോയ തെറ്റിനെ ഓ൪ത്ത് ചില പ്രത്യേക നിബന്ധനയോടെ അല്ലാഹുവിനോട് പശ്ചാത്തപിച്ച് അല്ലാഹുവിലേക്ക് മടങ്ങലാണ്.*
‘തൗബ’യുടെ ഭാഷാര്‍ത്ഥം ‘മടക്കം’ എന്നാണ്. ശറഇല്‍ ‘തൗബ’ കൊണ്ടുള്ള ഉദ്ദേശ്യം 'അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക' എന്നതാകുന്നു.
മനുഷ്യന്‍ തെറ്റുകള്‍ ചെയ്യുന്ന പ്രകൃതിയിലാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അല്ലാഹുവിന്റെ പ്രത്യേക സംരക്ഷണമുള്ള പ്രവാചകന്മാരല്ലാത്തവ൪ക്ക് പാപസുരക്ഷിതത്വമില്ല. മനുഷ്യനെ തെറ്റിലേക്ക് നയിക്കുന്ന ധാരാളം സാഹചര്യങ്ങള്‍ ചുറ്റുപാടുമുണ്ട്. മനുഷ്യന്റെ മുഖ്യ ശത്രുവായ പിശാചിന്റെ പ്രേരണയാല്‍ മനുഷ്യ മനസ്സ് തെറ്റ് ചെയ്യാന്‍ വെമ്പല്‍ കൊള്ളാറുമുണ്ട്.
ﻭَﻣَﺎٓ ﺃُﺑَﺮِّﺉُ ﻧَﻔْﺴِﻰٓ ۚ ﺇِﻥَّ ٱﻟﻨَّﻔْﺲَ ﻷََﻣَّﺎﺭَﺓٌۢ ﺑِﭑﻟﺴُّﻮٓءِ ﺇِﻻَّ ﻣَﺎ ﺭَﺣِﻢَ ﺭَﺑِّﻰٓ ۚ ﺇِﻥَّ ﺭَﺑِّﻰ ﻏَﻔُﻮﺭٌ ﺭَّﺣِﻴﻢٌ
ഞാന്‍ എന്റെ മനസ്സിനെ കുറ്റത്തില്‍ നിന്ന് ഒഴിവാക്കുന്നില്ല. തീര്‍ച്ചയായും മനസ്സ് ദുഷ് പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. എന്റെ രക്ഷിതാവിന്റെ കരുണ ലഭിച്ച മനസ്സൊഴികെ. തീര്‍ച്ചയായും എന്റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(ഖു൪ആന്‍: 12/53)
പൈശാചിക പ്രേരണകള്‍ക്കും സ്വന്തം ദേഹേച്ഛകള്‍ക്കും അടിമപ്പെടുമ്പോഴാണ് മനുഷ്യന്‍ തെറ്റുകള്‍ ചെയ്യുന്നത്. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരു തെറ്റ് സംഭവിച്ച് പോയാല്‍ ഉടന്‍ അല്ലാഹുവിനെ ഓ൪ക്കുകയും ആ തെറ്റില്‍ നിന്ന് പിന്‍മാറുകയും അല്ലാഹുവിനോട് പൊറുക്കലിനെ ചോദിക്കുകയുമാണ് വേണ്ടത്
عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : كُلُّ بَنِي آدَمَ خَطَّاءٌ وَخَيْرُ الْخَطَّائِينَ التَّوَّابُونَ
നബി(സ്വ) പറഞ്ഞു: 'ആദം സന്തതികളില്‍ മുഴുവനും തെറ്റ് ചെയ്യുന്നവരാണ്. എന്നാല്‍ തെറ്റ് ചെയ്യുന്നവരില്‍ ഉത്തമര്‍ പശ്ചാത്തപിക്കുന്നവരും'.(ഇബ്നു മാജ:37/4392)
*📌 തൗബ സ്വീകാര്യമാവാൻ പ്രധാനമായും നാല് നിബന്ധനകള്‍ പാലിക്കപ്പെടേണ്ടതുണ്ട്. അവ വിവരിക്കുകയാണിവിടെ...*
🔖 *1. പാപങ്ങളെക്കുറിച്ച് ഖേദിക്കല്‍:*
തൗബയുടെ ആദ്യപടിയാണ് മനസ്സില്‍ ഖേദം വരല്‍. അല്ലാഹു ചെയ്ത അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നതിന് പകരം നന്ദികേടാണല്ലോ എന്റെ ഭാഗത്ത് നിന്നുണ്ടായത് എന്ന ചിന്തയിലൂടെത്തന്നെ ഖേദം വരുന്നതാണ്. “തൗബയെന്നാല്‍ ഖേദമാണ് " എന്നൊരു ഹദീസും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ചെയ്ത ദോഷത്തെത്തൊട്ട് ഖേദിക്കലും അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെടലും സത്യവിശ്വാസിയുടെ ലക്ഷണമാണ്...
നബി ﷺ പറയുന്നു: “ഒരു സത്യവിശ്വാസി തെറ്റ് ചെയ്താല്‍ അവന് വലിയ ഖേദവും അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങുന്നതിനെ കുറിച്ച് ഭയവുമുണ്ടാകും. പര്‍വതം എന്റെ മേല്‍ വീണേക്കുമോ എന്നുപോലും അവന്‍ ഭയപ്പെടും. എന്നാൽ കപടവിശ്വാസിയാവട്ടെ, തെറ്റിനെ അവഗണിക്കും. തന്റെ മൂക്കിന്‍തുമ്പത്ത് വന്നിരിക്കുന്ന ഒരീച്ചയെ ആട്ടുന്ന ലാഘവത്തോടെയാണവന്‍ തെറ്റിനെ കാണുക”... (ബുഖാരി)
നൂറുപേരെ കൊന്ന ഒരാളുടെ തൗബ പോലും അല്ലാഹു സ്വീകരിച്ചതായി ഹദീസില്‍ വന്നിട്ടുണ്ട്. പക്ഷെ അദ്ദേഹത്തെ പോലെ കൊടും ഖേദം മനസ്സിലുണ്ടാവണം. എന്നാലേ അല്ലാഹു അത് സ്വീകരിക്കൂ. അല്ലാഹു ഖല്‍ബിലേക്കാണല്ലോ നോക്കുക...!!
🔖 *2. ദോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക:*
ദോഷങ്ങളില്‍ നിന്നെല്ലാം പൂര്‍ണമായി വിട്ടുനിന്നുകൊണ്ടാവണം തൗബ ചെയ്യേണ്ടത്. ദോഷത്തില്‍ നിലനിന്നുകൊണ്ട് തന്നെ അതില്‍ നിന്ന് പശ്ചാതപിക്കുന്നവന്‍ അല്ലാഹുവിനെ പരിഹസിക്കുന്നവനാണ്...
നബി ﷺ പറയുന്നു: “നിശ്ചയം, പാപത്തില്‍ നിന്ന് ഖേദിച്ച് മടങ്ങിയവന്‍ പാപം ചെയ്യാത്തവനെ പോലെയാണ്. ദോഷത്തില്‍ വ്യാപൃതനായിരിക്കെ പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുന്നവന്‍ അല്ലാഹുവിനെ പരിഹസിക്കുന്നവനെപ്പോലെയാണ് ”
(ത്വബ്റാനി).
🔖 *3. ഇനിയൊരിക്കലും ഒരു പാപവും ചെയ്യില്ലെന്ന് ദൃഢനിശ്ചയം ചെയ്യല്‍:*
അലക്കിത്തേച്ച വസ്ത്രങ്ങളില്‍ അഴുക്കാകുന്നത് നാം പ്രത്യേകം ശ്രദ്ധിക്കാറുള്ളത് പോലെ, തൗബ ചെയ്തതിന് ശേഷം ഇനി ദോഷങ്ങള്‍ വരാതിരിക്കാന്‍ പരമാവധി ശ്രമിക്കണം. പണ്ഡിതന്മാര്‍ പറയുന്നു: “ഒരു തെറ്റില്‍ നിന്നൊരാള്‍ പശ്ചാതപിച്ചു. പിന്നീട് ആ തെറ്റ് ചെയ്യാന്‍ പിശാചിന്റെയും സ്വശരീരത്തിന്റെയും പ്രേരണയുണ്ടായപ്പോള്‍ ഏഴ് തവണ അയാള്‍ സ്വശരീരത്തോട് ധര്‍മസമരം നടത്തി. എന്നാല്‍ പിന്നീട് ആ ദോഷത്തിലേക്ക് അല്ലാഹു അവനെ മടക്കുകയില്ല...”
🔖 *4. മനുഷ്യരുടെ ബാധ്യതകളില്‍ നിന്നൊഴിവാകുക:*
മനുഷ്യരുമായി ബന്ധപ്പെട്ട തെറ്റുകള്‍ക്ക് അവരോട് പൊരുത്തപ്പെടീക്കുക തന്നെ വേണം. എന്നാലേ തൗബ സ്വീകാര്യമാവൂ. മനുഷ്യരുടെ ബാധ്യതകള്‍ വീട്ടാതെയും പൊരുത്തപ്പെടീക്കാതെയും അല്ലാഹുവിനോട് പശ്ചാത്തപിച്ചിട്ട് കാര്യമില്ല. പലരും വേണ്ടത്ര ശ്രദ്ധിക്കാറില്ലാത്ത വിഷയമാണിത്...
സാമ്പത്തിക ബാധ്യതയുണ്ടെങ്കില്‍ അത് തിരിച്ചുകൊടുക്കുകയോ അവനെ തൃപ്തിപ്പെടുത്തുകയോ വേണം. അന്യായമായി കൈവശപ്പെടുത്തിയവ തിരിച്ചേല്‍പ്പിക്കണം...
അപവാദങ്ങളോ ഏഷണിയോ പരദൂഷണമോ പറഞ്ഞ് പോയിട്ടുണ്ടെങ്കില്‍ അവരോട് പൊരുത്തപ്പെടീക്കണം. സാമ്പത്തിക ഇടപാട് നല്‍കാനുള്ള വ്യക്തി മരണപ്പെട്ടിട്ടുണ്ടെങ്കില്‍ അത് അവകാശികളെ ഏല്‍പിക്കണം. അതുമില്ലെങ്കില്‍ അവന്റെ പേരില്‍ ധര്‍മം ചെയ്യണം. അതിനും സാധിക്കാതിരുന്നാല്‍ അവനുവേണ്ടി പ്രാര്‍ത്ഥിക്കുകയും നന്മകള്‍ അധികരിപ്പിക്കുകയും വേണം...
ഏതെങ്കിലും ഒരു തെറ്റിന് തൗബ ചെയ്താല്‍ ആ തെറ്റില്‍ നിന്ന് തൗബ ശരിയാകുകുന്നതും മറ്റു തെറ്റുകള്‍ അവന്റെ മേല്‍ ബാക്കി നില്‍ക്കുന്നതുമാണെന്നാണ് പ്രബലാഭിപ്രായം.
*💦തൗബ സ്വീകരിക്കാത്ത💦*
*🍁രണ്ട് സമയങ്ങൾ🍁*
✍🏼 തെറ്റുകളില്‍ നിന്ന് ഖേദിച്ച് മടങ്ങുന്നതിനാണ് തൗബ എന്ന് പറയുന്നത്. പ്രവാചകന്മാരല്ലാത്ത എല്ലാ മനുഷ്യരില്‍ നിന്നും തെറ്റുകള്‍ സംഭവിക്കാം. ജീവിതത്തിൽ തെറ്റ് സംഭവിച്ചാലുടന്‍ തൗബ ചെയ്യല്‍ നിര്‍ബന്ധമാണ്. എല്ലാ ആരാധനകളുടെയും താക്കോലാണ് തൗബ. എന്നാൽ രണ്ട് സമയങ്ങളിൽ തൗബ സ്വീകരിക്കില്ല...
🔖 *1. റൂഹ് തൊണ്ടക്കുഴിയിൽ എത്തിയാല്‍:*
☘ മരണം ഉറപ്പായ ശേഷം പിന്നീട് തൗബക്ക് പ്രസക്തിയില്ല. ആ തൗബകൊണ്ട് യാതൊരു ഫലവും ലഭിക്കുന്നതുമല്ല...
അല്ലാഹു പറയുന്നു: “നിശ്ചയമായും വിവരമില്ലാതെ തെറ്റ് ചെയ്യുകയും പിന്നെ ഉടനെത്തന്നെ ഖേദിച്ച് മടങ്ങുകയും ചെയ്യുന്നവരുടെ പശ്ചാതാപം മാത്രമേ അല്ലാഹു പരിഗണിക്കുകയുള്ളൂ. അവരുടെ തൗബ അല്ലാഹു സ്വീകരിക്കുന്നതാണ്...
ദുര്‍വൃത്തികള്‍ സദാ ചെയ്തു കൊണ്ടിരിക്കുകയും അങ്ങനെ അവരില്‍ ആര്‍ക്കെങ്കിലും മരണം ആസന്നമാവുകയും ചെയ്താല്‍ “ഞാനിതാ ഇപ്പോള്‍ തൗബ ചെയ്യുന്നു’ എന്ന് പറയുന്നവര്‍ക്കും സത്യനിഷേധികളായി മരണമടയുന്നവര്‍ക്കും തൗബയില്ല. അവര്‍ക്കെല്ലാം വേദനാജനകമായ ശിക്ഷയാണ് നാം ഒരുക്കിവെച്ചിരിക്കുന്നത്” (സൂറത്ത് നിസാഅ്: 17/18).
📘നബി (ﷺ) പറയുന്നു: “റൂഹ് തൊണ്ടക്കുഴിയില്‍ എത്താതിരിക്കുമ്പോഴെല്ലാം നിശ്ചയം അടിമയുടെ തൗബ അല്ലാഹു സ്വീകരിക്കുന്നതാണ് ” (തിര്‍മുദി).
മരണത്തെ മുഖാമുഖം കാണുമ്പോള്‍ ഏത് വലിയ ധിക്കാരിയും സ്വാഭാവികമായും തൗബ ചെയ്യാന്‍ സന്നദ്ധനായേക്കും. ഞാനാണ് ഏറ്റവും വലിയ റബ്ബെന്ന് അഹങ്കരിച്ച ഫിര്‍ഔന്‍ പോലും പശ്ചാതപിക്കാനൊരുങ്ങിയ സന്ദര്‍ഭമാണത്. പക്ഷെ, അത്തരം പശ്ചാതാപം അല്ലാഹു സ്വീകരിക്കുകയില്ലെന്നാണ് ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നത്...
🔖 *2.സൂര്യന്‍ പടിഞ്ഞാറ് നിന്ന് ഉദിച്ചാല്‍:*
⛅ അന്ത്യനാളിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് സൂര്യന്‍ പടിഞ്ഞാറ് നിന്ന് ഉദിക്കല്‍. അതോടെ ജനങ്ങളെല്ലാവരുടെയും തൗബയുടെ സമയം അവസാനിച്ചു. പിന്നീട് തൗബ സ്വീകരിക്കപ്പെടില്ല...
📕 നബി (ﷺ) പറയുന്നു: “സൂര്യാസ്തമന സ്ഥലത്ത് തൗബക്കായി തുറക്കപ്പെട്ട ഒരു വാതിലുണ്ട്. സൂര്യന്‍ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നതുവരെ അത് അടക്കപ്പെടുകയില്ല” ...
(തിര്‍മുദി, അഹ്മദ്)
അല്ലാഹു തന്റെ ദാസന്മാരെ തൗബ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതായി വിശുദ്ധ ഖുര്‍ആനില്‍ കാണാം
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ تُوبُوٓا۟ إِلَى ٱللَّهِ تَوْبَةً نَّصُوحًا عَسَىٰ رَبُّكُمْ أَن يُكَفِّرَ عَنكُمْ سَيِّـَٔاتِكُمْ وَيُدْخِلَكُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം. …......(ഖു൪ആന്‍:66/8)
توبة نصوحا ( നിഷ്കളങ്കമായ പശ്ചാത്താപം) എന്നതിന്റെ ഉദ്ദേശം തെറ്റില്‍ നിന്ന് മാറി നിന്നുകൊണ്ട് അതിലേക്ക് ഇനി മടങ്ങില്ലെന്ന ദൃഢനിശ്ചയത്തോടെ ആത്മാ൪ത്ഥമായി ഖേദിച്ചു മടങ്ങുക എന്നാകുന്നു.
ﻓَﻤَﻦ ﺗَﺎﺏَ ﻣِﻦۢ ﺑَﻌْﺪِ ﻇُﻠْﻤِﻪِۦ ﻭَﺃَﺻْﻠَﺢَ ﻓَﺈِﻥَّ ٱﻟﻠَّﻪَ ﻳَﺘُﻮﺏُ ﻋَﻠَﻴْﻪِ ۗ ﺇِﻥَّ ٱﻟﻠَّﻪَ ﻏَﻔُﻮﺭٌ ﺭَّﺣِﻴﻢٌ
എന്നാല്‍, അക്രമം ചെയ്ത് പോയതിനു ശേഷം വല്ലവനും പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്താല്‍ തീര്‍ച്ചയായും അല്ലാഹു അവന്റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമത്രെ.(ഖു൪ആന്‍ :5/39)
وَهُوَ ٱلَّذِى يَقْبَلُ ٱلتَّوْبَةَ عَنْ عِبَادِهِۦ وَيَعْفُوا۟ عَنِ ٱلسَّيِّـَٔاتِ وَيَعْلَمُ مَا تَفْعَلُونَ
അവനാകുന്നു തന്റെ ദാസന്‍മാരില്‍ നിന്ന് പശ്ചാത്താപം സ്വീകരിക്കുന്നവന്‍. അവന്‍ ദുഷ്കൃത്യങ്ങള്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത് അവന്‍ അറിയുകയും ചെയ്യുന്നു.(ഖു൪ആന്‍:42/25)
عَنْ أَبِي مُوسَى، عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِنَّ اللَّهَ عَزَّ وَجَلَّ يَبْسُطُ يَدَهُ بِاللَّيْلِ لِيَتُوبَ مُسِيءُ النَّهَارِ وَيَبْسُطُ يَدَهُ بِالنَّهَارِ لِيَتُوبَ مُسِيءُ اللَّيْلِ حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا
അബൂമൂസയിൽ(റ) നിന്ന് നിവേദനം: പ്രവാചകൻ (സ്വ)പറഞ്ഞു:തീർച്ചയായും ഉന്നതനായ അല്ലാഹു രാത്രിയിൽ തന്റെ കരം നീട്ടുന്നു പകലിൽ പാപം ചെയ്തവർക്ക് പൊറുത്തുകൊടുക്കാനായി , അവൻ പകലിൽ കരം നീട്ടുന്നു , രാത്രിയിൽ പാപം ചെയ്തവർക്ക് പൊറുത്തുകൊടുക്കാനായി, സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നതുവരെ (അല്ലാഹു അപ്രകാരം ചെയ്തു കൊണ്ടിരിക്കും). (മുസ്‌ലിം:2759)
അല്ലാഹുവിന്റെ ഒരു ദാസന്‍ തെറ്റുകളില്‍ നിന്നെല്ലാം പശ്ചാത്തപിച്ച് മടങ്ങുമ്പോഴെല്ലാം അല്ലാഹു സന്തോഷിക്കുന്നതാണെന്ന് നബി(സ്വ) അറിയിച്ച് തന്നിട്ടുണ്ട്.
عَنْ أَنَسُ بْنُ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: لَلَّهُ أَشَدُّ فَرَحًا بِتَوْبَةِ عَبْدِهِ حِينَ يَتُوبُ إِلَيْهِ مِنْ أَحَدِكُمْ كَانَ عَلَى رَاحِلَتِهِ بِأَرْضِ فَلاَةٍ فَانْفَلَتَتْ مِنْهُ وَعَلَيْهَا طَعَامُهُ وَشَرَابُهُ فَأَيِسَ مِنْهَا فَأَتَى شَجَرَةً فَاضْطَجَعَ فِي ظِلِّهَا قَدْ أَيِسَ مِنْ رَاحِلَتِهِ فَبَيْنَا هُوَ كَذَلِكَ إِذَا هُوَ بِهَا قَائِمَةً عِنْدَهُ فَأَخَذَ بِخِطَامِهَا ثُمَّ قَالَ مِنْ شِدَّةِ الْفَرَحِ اللَّهُمَّ أَنْتَ عَبْدِي وَأَنَا رَبُّكَ . أَخْطَأَ مِنْ شِدَّةِ الْفَرَحِ
നബി(സ) പറഞ്ഞു:യാത്രാമദ്ധ്യേ മരുഭൂമിയില്‍ വെച്ച് ഭക്ഷണവും വെള്ളവും ചുമന്നിരുന്ന ഒട്ടകം നിങ്ങളിലൊരാള്‍ക്ക് നഷ്ടപ്പെട്ടു. തെരഞ്ഞു പിടിക്കുന്നതിനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ട് ഒരു വൃക്ഷ ചുവട്ടില്‍ ഇരിക്കുമ്പോഴതാ ഒട്ടകം അവന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. മൂക്കുകയര്‍ പിടിച്ച് അതിരറ്റ സന്തോഷത്താല്‍ അവന്‍ പറഞ്ഞുപോയി. അല്ലാഹുവേ, നീ എന്റെ ദാസനും ഞാന്‍ നിന്റെ നാഥനുമാണ്. സന്തോഷാധിക്യത്താല്‍ അദ്ദേഹം മാറി പറഞ്ഞതാണ്. അയാളേക്കാള്‍ ഉപരിയായി തന്റെ ദാസന്റെ പശ്ചാത്താപത്തില്‍ സന്തോഷിക്കുന്നവനാണ് അല്ലാഹു.(മുസ്ലിം:2747)
അനസിൽ(റ) നിന്ന് നിവേദനം: നബി(സ്വ) അരുളി: നിങ്ങളിൽ ഒരുവന് മരുഭൂമിയിൽ നഷ്ടപ്പെട്ടുപോയ ഒട്ടകത്തെ തിരിച്ചുകിട്ടുമ്പോഴുണ്ടാകുന്ന സന്തോഷത്തേക്കാൾ കൂടുതൽ സന്തോഷം തന്റെ അടിമ പശ്ചാത്തപിച്ച് മടങ്ങുമ്പോൾ അല്ലാഹുവിനുണ്ടാകും.(ബുഖാരി: 80)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ تَابَ قَبْلَ أَنْ تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا تَابَ اللَّهُ عَلَيْهِ
അബൂഹുറൈറയിൽ(റ) നിന്ന്: പ്രവാചകൻ (സ)പറഞ്ഞു: സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നതിന് മുമ്പായി വല്ലവനും പശ്ചാത്തപിച്ചാൽ അല്ലാഹു അത് സ്വീകരിക്കുന്നതാണ്. (മുസ്‌ലിം:2703)(മുസ്‌ലിം: 2702)
തൌബയുടെ ശ്രേഷ്ടതകള്‍
1. പാപം പൊറുക്കപ്പെടും
أَفَلَا يَتُوبُونَ إِلَى ٱللَّهِ وَيَسْتَغْفِرُونَهُۥ ۚ وَٱللَّهُ غَفُورٌ رَّحِيمٌ
ആകയാല്‍ അവര്‍ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുകയും, അവനോട് പാപമോചനം തേടുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍:5/74)
ﺛُﻢَّ ﺇِﻥَّ ﺭَﺑَّﻚَ ﻟِﻠَّﺬِﻳﻦَ ﻋَﻤِﻠُﻮا۟ ٱﻟﺴُّﻮٓءَ ﺑِﺠَﻬَٰﻠَﺔٍ ﺛُﻢَّ ﺗَﺎﺑُﻮا۟ ﻣِﻦۢ ﺑَﻌْﺪِ ﺫَٰﻟِﻚَ ﻭَﺃَﺻْﻠَﺤُﻮٓا۟ ﺇِﻥَّ ﺭَﺑَّﻚَ ﻣِﻦۢ ﺑَﻌْﺪِﻫَﺎ ﻟَﻐَﻔُﻮﺭٌ ﺭَّﺣِﻴﻢٌ
പിന്നെ തീര്‍ച്ചയായും നിന്റെ രക്ഷിതാവ്, അവിവേകം മൂലം തിന്‍മ പ്രവര്‍ത്തിക്കുകയും പിന്നീട് അതിന് ശേഷം ഖേദിച്ചുമടങ്ങുകയും (ജീവിതം) നന്നാക്കിത്തീര്‍ക്കുകയും ചെയ്തവര്‍ക്ക് (വിട്ടുവീഴ്ച ചെയ്യുന്നവനാകുന്നു.) തീര്‍ച്ചയായും നിന്റെ രക്ഷിതാവ് അതിന് ശേഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍: 16/119)
ٱﻟَّﺬِﻳﻦَ ﻳَﺤْﻤِﻠُﻮﻥَ ٱﻟْﻌَﺮْﺵَ ﻭَﻣَﻦْ ﺣَﻮْﻟَﻪُۥ ﻳُﺴَﺒِّﺤُﻮﻥَ ﺑِﺤَﻤْﺪِ ﺭَﺑِّﻬِﻢْ ﻭَﻳُﺆْﻣِﻨُﻮﻥَ ﺑِﻪِۦ ﻭَﻳَﺴْﺘَﻐْﻔِﺮُﻭﻥَ ﻟِﻠَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﺭَﺑَّﻨَﺎ ﻭَﺳِﻌْﺖَ ﻛُﻞَّ ﺷَﻰْءٍ ﺭَّﺣْﻤَﺔً ﻭَﻋِﻠْﻤًﺎ ﻓَﭑﻏْﻔِﺮْ ﻟِﻠَّﺬِﻳﻦَ ﺗَﺎﺑُﻮا۟ ﻭَٱﺗَّﺒَﻌُﻮا۟ ﺳَﺒِﻴﻠَﻚَ ﻭَﻗِﻬِﻢْ ﻋَﺬَاﺏَ ٱﻟْﺠَﺤِﻴﻢِ
സിംഹാസനം വഹിക്കുന്നവരും അതിന്റെ ചുറ്റിലുള്ളവരും (മലക്കുകള്‍) തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീര്‍ത്തനം നടത്തുകയും അവനില്‍ വിശ്വസിക്കുകയും, വിശ്വസിച്ചവര്‍ക്ക് വേണ്ടി (ഇപ്രകാരം) പാപമോചനം തേടുകയും ചെയ്യുന്നു: ഞങ്ങളുടെ രക്ഷിതാവേ, നിന്റെ കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. ആകയാല്‍ പശ്ചാത്തപിക്കുകയും നിന്റെ മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവര്‍ക്ക് നീ പൊറുത്തുകൊടുക്കേണമേ അവരെ നീ നരകശിക്ഷയില്‍ നിന്ന് കാക്കുകയും ചെയ്യേണമേ..........(ഖു൪ആന്‍ :40/7)
2. തിന്മകളെ നന്മകളാക്കി മാറ്റും.
إِلَّا مَن تَابَ وَءَامَنَ وَعَمِلَ عَمَلًا صَٰلِحًا فَأُو۟لَٰٓئِكَ يُبَدِّلُ ٱللَّهُ سَيِّـَٔاتِهِمْ حَسَنَٰتٍ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا
പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാര്‍ക്ക് അല്ലാഹു തങ്ങളുടെ തിന്‍മകള്‍ക്ക് പകരം നന്‍മകള്‍ മാറ്റികൊടുക്കുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായിരിക്കുന്നു.(ഖു൪ആന്‍:25/70)
തിന്‍മകളെ നന്‍മകളായി മാറ്റുമെന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം, ചെയ്ത പാപങ്ങള്‍ക്കു പ്രതിഫലം ലഭിക്കുമെന്നല്ല. അവയ്ക്ക് നിശ്ചയിക്കപ്പെട്ട ശിക്ഷകള്‍ ഒഴിവാക്കപ്പെടുകയും, പശ്ചാത്തപിച്ചതിന് നല്ല പ്രതിഫലം നല്‍കപ്പെടുകയും ചെയ്യുന്നുവെന്നാണ്. കൂടാതെ, പശ്ചാത്തപിക്കുന്നതിനു മുമ്പ് ചെയ്തുവന്നിരുന്ന തിന്‍മയുടെ സ്ഥാനത്ത് നന്‍മകള്‍ പ്രവര്‍ത്തിച്ച് പുണ്യം നേടുവാന്‍ സഹായം ലഭിക്കുകയും ചെയ്യുന്നു. ശിര്‍ക്കിനും അവിശ്വാസത്തിനും അധ൪മ്മത്തിനും വേണ്ടി നിലകൊണ്ടിരുന്നവരും, അക്രമത്തിലും പാപങ്ങളിലും മുഴുകിയിരുന്നവരുമായ ധാരാളം ആളുകള്‍, അതില്‍നിന്ന് പശ്ചാത്തപിച്ച് മടങ്ങിയശേഷം തൌഹീദിനും സുന്നത്തിനും വേണ്ടി ജീവിതകാലം മുഴുവന്‍ സേവനങ്ങളും, ത്യാഗങ്ങളും അനുഷ്ഠിച്ചുവന്ന ചരിത്രങ്ങള്‍ കാണാവുന്നതാണ്.
3. അലലാഹുവിന്റെ ഇഷ്ടം ലഭിക്കുന്നു.
ജീവിതത്തില്‍ തെറ്റുകള്‍ സംഭവിച്ചാല്‍ അതില്‍ നിന്നെല്ലാം മടങ്ങി പശ്ചാത്താപിക്കുന്നവരെ അലലാഹു ഇഷ്ടപ്പെടുന്നു.
ﺇِﻥَّ ٱﻟﻠَّﻪَ ﻳُﺤِﺐُّ ٱﻟﺘَّﻮَّٰﺑِﻴﻦَ ﻭَﻳُﺤِﺐُّ ٱﻟْﻤُﺘَﻄَﻬِّﺮِﻳﻦَ
...തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. അവന്‍ ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു.(ഖു൪ആന്‍:2/222)
4.ഐഹിക ജീവിതത്തില്‍ സൌഖ്യം ലഭിക്കും.
ﻭَﺃَﻥِ ٱﺳْﺘَﻐْﻔِﺮُﻭا۟ ﺭَﺑَّﻜُﻢْ ﺛُﻢَّ ﺗُﻮﺑُﻮٓا۟ ﺇِﻟَﻴْﻪِ ﻳُﻤَﺘِّﻌْﻜُﻢ ﻣَّﺘَٰﻌًﺎ ﺣَﺴَﻨًﺎ ﺇِﻟَﻰٰٓ ﺃَﺟَﻞٍ ﻣُّﺴَﻤًّﻰ ﻭَﻳُﺆْﺕِ ﻛُﻞَّ ﺫِﻯ ﻓَﻀْﻞٍ ﻓَﻀْﻠَﻪُۥ ۖ ﻭَﺇِﻥ ﺗَﻮَﻟَّﻮْا۟ ﻓَﺈِﻧِّﻰٓ ﺃَﺧَﺎﻑُ ﻋَﻠَﻴْﻜُﻢْ ﻋَﺬَاﺏَ ﻳَﻮْﻡٍ ﻛَﺒِﻴﺮٍ
നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ നിര്‍ണിതമായ ഒരു അവധിവരെ അവന്‍ നിങ്ങള്‍ക്ക് (ഐഹിക ജീവിതത്തില്‍) നല്ല സൌഖ്യമനുഭവിപ്പിക്കുകയും, ഉദാരമനസ്ഥിതിയുള്ള എല്ലാവര്‍ക്കും തങ്ങളുടെ ഉദാരതയ്ക്കുള്ള പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്. നിങ്ങള്‍ തിരിഞ്ഞുകളയുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തിലെ ശിക്ഷ നിങ്ങളുടെ മേല്‍ ഞാന്‍ നിശ്ചയമായും ഭയപ്പെടുന്നു.(ഖു൪ആന്‍: 11/3)
അല്ലാഹുവിനോട് ഇസ്തിഗ്ഫാറും (പാപമോചനം) തൌബയും (പശ്ചാത്താപം) നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഐഹിക ജീവിതത്തില്‍ സൌഖ്യം ലഭിക്കും. മാത്രമല്ല, നേര്‍വഴിക്ക് ജീവിച്ചും നന്‍മകള്‍ പ്രവര്‍ത്തിച്ചുംകൊണ്ട് ശ്രേഷ്ടമായ നിലപാട് സമ്പാദിച്ചുവെച്ചിട്ടുള്ള ഓരോ വ്യക്തിക്കും അവരുടെ യഥാര്‍ത്ഥ പദവി ഇരു ജീവിതത്തിലും അംഗീകരിക്കപ്പെടുകയും ചെയ്യും. നേരെമറിച്ച് ഇതൊന്നും സ്വീകരിക്കുവാന്‍ തയ്യാറില്ലാതെ പിന്‍തിരിഞ്ഞു കളയുന്നപക്ഷം, ഖിയാമത്ത് നാളാകുന്ന ആ ഭയങ്കര ദിവസത്തില്‍ അവ൪ വമ്പിച്ച ശിക്ഷക്ക് വിധേയരായിത്തീരുന്നതാണ്.
5.മഴ ലഭിക്കും
6.അല്ലാഹു ശക്തി വ൪ദ്ധിപ്പിച്ച് തരും
ﻭَﻳَٰﻘَﻮْﻡِ ٱﺳْﺘَﻐْﻔِﺮُﻭا۟ ﺭَﺑَّﻜُﻢْ ﺛُﻢَّ ﺗُﻮﺑُﻮٓا۟ ﺇِﻟَﻴْﻪِ ﻳُﺮْﺳِﻞِ ٱﻟﺴَّﻤَﺎٓءَ ﻋَﻠَﻴْﻜُﻢ ﻣِّﺪْﺭَاﺭًا ﻭَﻳَﺰِﺩْﻛُﻢْ ﻗُﻮَّﺓً ﺇِﻟَﻰٰ ﻗُﻮَّﺗِﻜُﻢْ ﻭَﻻَ ﺗَﺘَﻮَﻟَّﻮْا۟ ﻣُﺠْﺮِﻣِﻴﻦَ
എന്റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. എന്നിട്ട് അവങ്കലേക്ക് തൌബ ചെയ്യുകയും (ഖേദിച്ചുമടങ്ങുകയും) ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് സമൃദ്ധമായി മഴ അയച്ചുതരികയും, നിങ്ങളുടെ ശക്തിയിലേക്ക് അവന്‍ കൂടുതല്‍ ശക്തി ചേര്‍ത്തുതരികയും ചെയ്യുന്നതാണ്. നിങ്ങള്‍ കുറ്റവാളികളായിക്കൊണ്ട് പിന്തിരിഞ്ഞ് പോകരുത്.(ഖു൪ആന്‍: 11/52)
7.വിജയം ലഭിക്കും
وَتُوبُوٓا۟ إِلَى ٱللَّهِ جَمِيعًا أَيُّهَ ٱلْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ
സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം (ഖു൪ആന്‍:24/31)
ചെയ്തു പോയ തെറ്റ് എത്ര വലുതാണെങ്കിലും അവന്റെ തൌബ ആത്മാ൪ത്ഥമാമെങ്കില്‍ അല്ലാഹു അത് പൊറുത്തു തരും. തെറ്റിന്റെ വലുപ്പം ഓ൪ത്ത് അല്ലാഹു തനിക്ക് പൊറുത്തു തരില്ലെന്നോ൪ത്ത് ആരും നിരാശപ്പെടരുത്.
قُلْ يَٰعِبَادِىَ ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ ۚ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًا ۚ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ
പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.(ഖു൪ആന്‍:39/53)
ﻗَﺎﻝَ ﻭَﻣَﻦ ﻳَﻘْﻨَﻂُ ﻣِﻦ ﺭَّﺣْﻤَﺔِ ﺭَﺑِّﻪِۦٓ ﺇِﻻَّ ٱﻟﻀَّﺎٓﻟُّﻮﻥَ
അദ്ദേഹം (ഇബ്രാഹീം നബി) പറഞ്ഞു: തന്റെ രക്ഷിതാവിന്റെ കാരുണ്യത്തെപ്പറ്റി ആരാണ് നിരാശപ്പെടുക? വഴിപിഴച്ചവരല്ലാതെ.(ഖു൪ആന്‍: 15/56)
*നൂറ് ആളുകളെ നിര്‍ദാക്ഷിണ്യം വധിച്ച മനുഷ്യന്റെ സംഭവം നബി(സ്വ) നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്*
عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّ نَبِيَّ اللَّهِ صلى الله عليه وسلم قَالَ :كَانَ فِيمَنْ كَانَ قَبْلَكُمْ رَجُلٌ قَتَلَ تِسْعَةً وَتِسْعِينَ نَفْسًا فَسَأَلَ عَنْ أَعْلَمِ أَهْلِ الأَرْضِ فَدُلَّ عَلَى رَاهِبٍ فَأَتَاهُ فَقَالَ إِنَّهُ قَتَلَ تِسْعَةً وَتِسْعِينَ نَفْسًا فَهَلْ لَهُ مِنَ تَوْبَةٍ فَقَالَ لاَ . فَقَتَلَهُ فَكَمَّلَ بِهِ مِائَةً ثُمَّ سَأَلَ عَنْ أَعْلَمِ أَهْلِ الأَرْضِ فَدُلَّ عَلَى رَجُلٍ عَالِمٍ فَقَالَ إِنَّهُ قَتَلَ مِائَةَ نَفْسٍ فَهَلْ لَهُ مِنْ تَوْبَةٍ فَقَالَ نَعَمْ وَمَنْ يَحُولُ بَيْنَهُ وَبَيْنَ التَّوْبَةِ انْطَلِقْ إِلَى أَرْضِ كَذَا وَكَذَا فَإِنَّ بِهَا أُنَاسًا يَعْبُدُونَ اللَّهَ فَاعْبُدِ اللَّهَ مَعَهُمْ وَلاَ تَرْجِعْ إِلَى أَرْضِكَ فَإِنَّهَا أَرْضُ سَوْءٍ . فَانْطَلَقَ حَتَّى إِذَا نَصَفَ الطَّرِيقَ أَتَاهُ الْمَوْتُ فَاخْتَصَمَتْ فِيهِ مَلاَئِكَةُ الرَّحْمَةِ وَمَلاَئِكَةُ الْعَذَابِ فَقَالَتْ مَلاَئِكَةُ الرَّحْمَةِ جَاءَ تَائِبًا مُقْبِلاً بِقَلْبِهِ إِلَى اللَّهِ . وَقَالَتْ مَلاَئِكَةُ الْعَذَابِ إِنَّهُ لَمْ يَعْمَلْ خَيْرًا قَطُّ . فَأَتَاهُمْ مَلَكٌ فِي صُورَةِ آدَمِيٍّ فَجَعَلُوهُ بَيْنَهُمْ فَقَالَ قِيسُوا مَا بَيْنَ الأَرْضَيْنِ فَإِلَى أَيَّتِهِمَا كَانَ أَدْنَى فَهُوَ لَهُ . فَقَاسُوهُ فَوَجَدُوهُ أَدْنَى إِلَى الأَرْضِ الَّتِي أَرَادَ فَقَبَضَتْهُ مَلاَئِكَةُ الرَّحْمَةِ
അബൂസഈദ് അല്‍ ഖുദ്‌രിയില്‍ നിന്നും നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: 'തൊണ്ണൂറ്റി ഒമ്പത് ആളുകളെ കൊലപ്പെടുത്തിയ ഒരു മനുഷ്യന്‍ നിങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്നു. അങ്ങനെ അയാള്‍ ലോകത്തെ ഏറ്റവും വലിയ പണ്ഡിതനെ കുറിച്ച് അന്വേഷിക്കുകയും ഒരു പുരോഹിതന്റെ അടുക്കല്‍ ചെന്നിട്ട് ചോദിക്കുകയും ചെയ്തു: 'തൊണ്ണൂറ്റി ഒമ്പത് ആളുകളെ കൊന്നവന് പശ്ചാത്താപമുണ്ടോ'? പുരോഹിതന്‍ പറഞ്ഞു: 'ഇല്ല'. അങ്ങനെ അയാള്‍ ആ പുരോഹിതനെ കൊല്ലുകയും നൂറ് എണ്ണം പൂര്‍ത്തീകരിക്കുകയും ചെയ്തു. പിന്നീട് അയാള്‍ മറ്റൊരു വലിയ പണ്ഡിതനെ കുറിച്ച് അന്വേഷിക്കുകയും ഒരു പണ്ഡിതന്റെ അടുത്ത് ചെന്നിട്ട് അദ്ദേഹത്തോട് ചോദിച്ചു: 'നൂറാളുകളെ കൊന്നവന് പശ്ചാത്താപമുണ്ടോ'? പണ്ഡിതന്‍ പ്രതിവചിച്ചു: 'തീര്‍ച്ചയായും. ആരാണ് അവന്റെയും തൗബയുടെയും ഇടയില്‍ മറയിടുക'? അദ്ദേഹം തുടര്‍ന്നു: 'നീ ഇന്ന ഇന്ന രാജ്യത്തേക്ക് പോവുക. അവിടെ അല്ലാഹുവിനെ ആരാധിക്കുന്ന ആളുകളുണ്ടാവും. അവരോടൊപ്പം നീ അല്ലാഹുവിനെ ആരാധിക്കുക. നിന്റെ പഴയ നാട്ടിലേക്ക് പോവരുത്. അത് ദുഷിച്ച സ്ഥലമാണ്'. അങ്ങനെ ആ മനുഷ്യന്‍ പണ്ഡിതന്‍ പറഞ്ഞ സ്ഥലത്തേക്ക് പുറപ്പെട്ടു. വഴിമധ്യേ അയാള്‍ മരണമടഞ്ഞു. അയാളുടെ കാര്യത്തില്‍ കാരുണ്യത്തിന്റെ മലക്കുകളും ശിക്ഷയുടെ മലക്കുകളും തമ്മില്‍ തര്‍ക്കിച്ചു. കാരുണ്യത്തിന്റെ മാലാഖമാര്‍ പറഞ്ഞു: 'അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച ഹൃദയവുമായിട്ടാണ് ഇയാള്‍ വന്നിരിക്കുന്നത്'. ശിക്ഷയുടെ മലക്കുകള്‍ പറഞ്ഞു: 'ഇയാള്‍ ഇതുവരെ തീരെ നന്മ ചെയ്തിട്ടില്ല'. അപ്പോള്‍ മനുഷ്യരൂപത്തില്‍ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു. എന്നിട്ട് പറഞ്ഞു: 'നിങ്ങള്‍ ഈ രണ്ട് ഭൂമികള്‍ക്കിടയിലെ (അയാളുടെ പഴയ നാടും അയാള്‍ പോവാനുദ്ദേശിച്ച നാടും) ദൂരം അളക്കുക; ഏതാണോ അടുത്ത് നില്‍ക്കുന്നത് അത് അയാള്‍ക്കുള്ളതാകുന്നു'. അങ്ങനെ അവര്‍ അളക്കുകയും അയാള്‍ പോവാന്‍ ഉദ്ദേശിച്ച സ്ഥലമാണ് കൂടുതല്‍ അടുത്തത് എന്ന് അവര്‍ക്ക് ബോധ്യപ്പെടുകയും ചെയ്തു. അങ്ങനെ ആ മനുഷ്യനെ കാരുണ്യത്തിന്റെ മാലാഖമാര്‍ സ്വീകരിക്കുകയും ചെയ്തു.'(മുസ്‌ലിം: 2766)
ഹാമിദിയ്യ ഗോത്രക്കാരിയായ ഒരു സ്‌ത്രീ പ്രവാചകന്റെ(സ്വ) മുമ്പാകെ വന്നു തന്റെ പാപമേറ്റു പറഞ്ഞ് പ്രവാചകനില്‍ നിന്ന് ശിക്ഷയേറ്റുവാങ്ങി മരണം പൂകിയ സംഭവം ഹദീസുകളില്‍ കാണാം. എറിഞ്ഞു കൊല്ലപ്പെടുന്ന വേളയില്‍ അവരില്‍ നിന്നു തെറിച്ച രക്തം ശരീരത്തിലായപ്പോള്‍ ഛെ, നാശം എന്ന് പ്രതികരിച്ച ഖാലിദ്‌ബ്‌നു വലീദി (റ) നോട് നബി (സ്വ) പറഞ്ഞു: 'ഖാലിദ്, അവധാനത കാണിക്കൂ, അവര്‍ പശ്ചാത്തപിച്ചവരാണ്.' ഇതേ സംഭവത്തില്‍ തന്നെ നബി (സ്വ) ഉമറിനോട് (റ) പറഞ്ഞു: ഉമര്‍, അവരുടെ തൗബയുടെ മഹിമയറിയുമോ താങ്കള്‍ക്ക്, മദീനയിലെ എഴുപതു പേര്‍ക്കിടയില്‍ അത് വീതിച്ചാല്‍ അവര്‍ക്കു മുഴുവനും മാപ്പു ലഭിക്കാവുന്ന തൗബയാണത്.
ഒരു ദിവസത്തിലെ ഏത് സമയത്തും തൌബ നി൪വ്വഹിക്കാവുന്നതാണ്. രാത്രിയുടെ അവസാന സമയങ്ങളില്‍ തൌബ നി൪വ്വഹിക്കുന്നത് ശ്രേഷ്ടകരമാണ്.
عَنْ أَبَا أُمَامَةَ، رَضِيَ اللَّهُ عَنْهُعَنِ النَّبِيِّ صلى الله عليه وسلم قَالَ: أَقْرَبُ مَا يَكُونُ الرَّبُّ مِنَ الْعَبْدِ فِي جَوْفِ اللَّيْلِ الآخِرِ فَإِنِ اسْتَطَعْتَ أَنْ تَكُونَ مِمَّنْ يَذْكُرُ اللَّهَ فِي تِلْكَ السَّاعَةِ فَكُنْ
നബി(സ്വ) അരുളി : റബ്ബ് തന്റെ അടിമയോട് ഏറ്റവും അടുക്കുന്നത് രാത്രിയുടെ അവസാനത്തിലാണ്. ആ സമയം അല്ലാഹുവിന് സ്തുതികീര്‍ത്തനങ്ങളര്‍പ്പിക്കുന്നവരെ പോലെ നിനക്കാകുവാന്‍ സാധിക്കുമെങ്കില്‍ നീ അപ്രകാരമാകുക. (സുനനുത്തി൪മിദി :3579 – സ്വഹീഹ് ജാമിഅ് :1173)
അല്ലാഹുവുമായുള്ള ബന്ധം ഉറപ്പിക്കുകയും വളര്‍ത്തുകയും വിപുലപ്പെടുത്തുകയും ചെയ്യുക എന്നുള്ളത് സത്യവിശ്വാസികളുടെ ബാധ്യതയാണ്. അല്ലാഹു സത്യവിശ്വാസികളുടെ തൌബ സ്വീകരിക്കുവാന്‍ തയ്യാറായി നില്‍ക്കുകയാണ്. എന്നാല്‍ തൌബ ചെയ്യാറുണ്ടോയെന്ന കാര്യം ഗൌരവമായി ആലോചിക്കേണ്ടതാണ്.
عَنْ أَبِي مُوسَى، عَنِ النَّبِيِّ صلى الله عليه وسلم قَالَ:إِنَّ اللَّهَ عَزَّ وَجَلَّ يَبْسُطُ يَدَهُ بِاللَّيْلِ لِيَتُوبَ مُسِيءُ النَّهَارِ وَيَبْسُطُ يَدَهُ بِالنَّهَارِ لِيَتُوبَ مُسِيءُ اللَّيْلِ حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا
നബി(സ്വ) അരുളി :രാത്രി കാലങ്ങളില്‍ തെറ്റു ചെയ്തവരോട് പൊറുക്കുവാന്‍ അല്ലാഹു പകലില്‍ തന്റെ കൈകള്‍ നീട്ടുന്നു. പകലില്‍ തെറ്റു ചെയ്തവരോട് പൊറുക്കുവാന്‍ അല്ലാഹു രാത്രിയില്‍ തന്റെ കൈകള്‍ നീട്ടുന്നു. (മുസ്‌ലിം:2759)
عَنْ أَنَسٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم يَرْوِيهِ عَنْ رَبِّهِ، قَالَ : إِذَا تَقَرَّبَ الْعَبْدُ إِلَىَّ شِبْرًا تَقَرَّبْتُ إِلَيْهِ ذِرَاعًا، وَإِذَا تَقَرَّبَ مِنِّي ذِرَاعًا تَقَرَّبْتُ مِنْهُ بَاعًا، وَإِذَا أَتَانِي مَشْيًا أَتَيْتُهُ هَرْوَلَةً
അനസില്‍(റ) നിന്ന് നിവേദനം: പ്രവാചകൻ (സ്വ) പറഞ്ഞു: അല്ലാഹു പറഞ്ഞിരിക്കുന്നു : എന്റെ അടിമ എന്നിലേക്ക് ഒരു ചാൺ അടുത്താൽ ഞാൻ അവന്നിലേക്ക് ഒരു മുഴം അടുക്കും. അവൻ എന്നിലേക്ക് ഒരു മുഴം അടുത്താൽ ഞാൻ അവന്നിലേക്ക് ഒരു വാര അടുക്കും. അവൻ എന്നിലേക്ക് നടന്ന് വന്നാൽ ഞാനങ്ങോട്ട് ഓടിച്ചെല്ലും (ബുഖാരി: 7536)
നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ചെറുപാപങ്ങള്‍ നമ്മുടെ ചില ക൪മ്മങ്ങളിലൂടെ തന്നെ അല്ലാഹു നമുക്ക് പൊറുത്തുതരുന്നുണ്ട്. എന്നാല്‍ വന്‍പാപങ്ങള്‍ പൊറുത്തുകിട്ടുന്നതിന് തൌബ ചെയ്യുക തന്നെ വേണം. വന്‍പാപമെന്നാല്‍ ശി൪ക്കും കുഫ്റും വ്യഭിചാരവും കൊലപാതകവും പോലെയുള്ള ചില പാപങ്ങള്‍ മാത്രമാണെന്നാണ് അധിമളുകളും ധരിച്ചു വെച്ചിട്ടുള്ളത്. മനുഷ്യന്‍ നിസ്സാരമായി ഗണിച്ചിരിക്കുന്ന പല പാപങ്ങളും വന്‍പാപങ്ങളില്‍ പെട്ടതായിട്ടാണ് സലഫുകള്‍ മനസ്സിലാക്കിയിരുന്നത്.
عَنْ أَنَسٍ ـ رضى الله عنه ـ قَالَ: إِنَّكُمْ لَتَعْمَلُونَ أَعْمَالاً هِيَ أَدَقُّ فِي أَعْيُنِكُمْ مِنَ الشَّعَرِ، إِنْ كُنَّا نَعُدُّهَا عَلَى عَهْدِ النَّبِيِّ صلى الله عليه وسلم الْمُوبِقَاتِ
അനസ്(റ) പറഞ്ഞു:നിശ്ചയം നിങ്ങള്‍ ചില പ്രവ൪ത്തനങ്ങള്‍ ചെയ്യുന്നു. അത് നിങ്ങളുടെ കണ്ണില്‍ ഒരു രോമത്തേക്കാള്‍ വളരെ ലോലമാണ്. നബിയുടെ(സ്വ) കാലഘട്ടത്തില്‍ (സല്‍കര്‍മ്മങ്ങളെ) നശിപ്പിച്ചുകളയുന്ന വന്‍പാപമായിട്ടാണ് ഞങ്ങള്‍ അവയെ കണ്ടിരുന്നത്.(ബുഖാരി:6492)
ഇബ്നുല്‍ഖയ്യിം - റഹിമഹുല്ലാഹ് - പറഞ്ഞു: ''തീര്‍ച്ചയായും ഒരടിമ തെറ്റ് ചെയ്യുന്നവനായിക്കൊണ്ടേയിരിക്കും.(ആ തെറ്റ്)അവന് നിസാരമാകുന്നത് വരെയും, അവന്‍റെ ഹൃദയത്തില്‍ ചെറുതാകുന്നത് വരേയും(ചെയ്തുകൊണ്ടേയിരിക്കും). അത് നാശത്തിന്‍റെ അടയാളമാകുന്നു. എന്നാല്‍ ഒരടിമയുടെ കണ്ണില്‍ പാപം ചെറുതാകുംമ്പോഴെല്ലാം,അല്ലാഹുവിന്‍റെയടുക്കല്‍ വമ്പിച്ചതായിരിക്കും.'' الجواب الكافي ٣٨
ഇബ്നുല്‍ഖയ്യിം - റഹിമഹുല്ലാഹ് - പറഞ്ഞു: ''തെറ്റ് ചെയ്യുന്നവന്‍ തൗബ ചെയ്യുംമ്പോഴുണ്ടാവുന്ന ആനന്ദവും,സന്തോഷവും മനസിലാക്കിയിരുന്നെങ്കില്‍, തെറ്റിന്‍റെ ആനന്ദത്തേക്കാളും, സന്തോഷത്തേക്കാളും തൗബ ചെയ്യുന്നതിനെ ഇരട്ടിയായി അവന്‍ വര്‍ദ്ധിപ്പിക്കും. തൗബ ചെയ്യുന്നതിലേക്ക് ധൃതിപ്പെടല്‍ അവന്‍ തെറ്റിന്‍റെ ആനന്ദത്തിലേക്ക് ധൃതിപ്പെടുന്നതിനേക്കാള്‍ ഏറ്റവും മഹത്തരമാകുന്നു.'' الروح ٢٤٨
قال الحافظ ابن رجب رحمه الله:إحذروا المعاصي فإنها تحرم المغفرة ، في مواسم الرحمة. [ لطائف المعارف (ص295) ]
ഇബ്നു റജബ് പറഞ്ഞു : നിങ്ങൾ തിന്മകളെ സൂക്ഷിക്കുക , കാരണം അത് കാരുണ്യത്തിന്റെ സീസണുകളിൽ പാപമോചനത്തെ തടയും.
Post a Comment