ഫിത്വർ സകാത്ത്

🌹 *ഫിത്വർ സകാത്ത്* 🌹
1⃣5⃣6️⃣ഇസ്ലാമിക പഠനങ്ങൾ

 *✍🏽മദീനയുടെ👑വാനമ്പാടി* 

ഫിത്വർ സകാത്ത്‌ നോമ്പുകാരനെ എല്ലാവിധ അനാവശ്യങ്ങളിൽ നിന്നും അശ്‌ളീലങ്ങളിൽ നിന്നും ശുദ്ധീകരിക്കുന്നതാണ്‌". റമളാനിലെ നോമ്പ്‌ ആകാശ ഭൂമിക്കിടയിൽ തടഞ്ഞ്‌ നിർത്തപ്പെടുന്നു. ഫിത്വർ സകാത്തിലൂടെയല്ലാതെ അത്‌ ഉയർത്തപ്പെടുകയില്ല" എന്നിവയെല്ലാം ഫിത്വർ സകാത്തിന്റെ പ്രാധാന്യമറിയിക്കുന്ന ഹദീസുകളാണ്‌

നിസ്കാരത്തിലെ സഹ്‌വിന്റെ സുജൂട്‌ പോലെയാണ്‌ നോമ്പിന്‌ ഫിത്വർ സകാത്ത്‌. അത്‌ നോമ്പിന്റെ ന്യൂനതകൾ പരിഹരിക്കും

റമളാനിൽ ഏറ്റവും ഒടുവിലത്തെയും ശവ്വാലിൽ ഏറ്റവും ആദ്യത്തെയും നിമിഷങ്ങളിൽ ജീവിച്ചിരിക്കുന്ന വ്യക്തിയിൽ നിർബന്ധമാക്കപ്പെട്ട ദാനധർമ്മത്തിനാണ്‌ ഫിത്വർ സകാത്ത്‌ എന്ന്‌ പറയുന്നത്‌. അപ്പോൾ റമളാൻ അവസാനം ജനിക്കുന്ന കുഞ്ഞ്‌ ശവ്വാലിന്റെ ആദ്യത്തോടെ മരിച്ചാലും കുഞ്ഞിനു വേണ്ടി ഫിത്വർ സകാത്ത്‌ നോൽക്കേണ്ടി വരും

ഒരു വ്യക്തി സ്വന്തം ശരീരത്തിനും ചിലവ്‌ കൊടുക്കാൻ നിർബന്ധമായവർക്കും അനിവാര്യവും അനുയോജ്യവുമായ വസ്ത്രം, പാർപ്പിടം, സേവകൻ, പെരുന്നാൾ രാപകലിന്‌ മതിയായ ഭക്ഷണ പാനീയങ്ങൾ,സ്വന്തം കടം എന്നിവ കഴിച്ച്‌ ഫിത്വർ സകാത്തിലേക്ക്‌ തിരിക്കാവുന്ന എന്തെങ്കിലും നേരത്തെ പറഞ്ഞ നിശ്ചിത നിമിഷങ്ങളിൽ കയ്യിലിരിപ്പുള്ളവർക്കൊക്കെയും ഫിത്വർ സകത്ത്‌ നിർബന്ധമാണ്‌

കടത്തിൽ, അവധിയെത്തിയ കടവും പിന്നിടെപ്പോഴെങ്കിലും വീട്ടേണ്ട കടങ്ങളും ഉൾപ്പെടും. അത്‌ പോലെ ചിലവ്‌ കൊടുക്കൽ നിർബന്ധമായവർ എന്ന്‌ പറഞ്ഞതിൽ , ചിലവ്‌ നൽകേണ്ട ഇതര ജീവികൾക്കുള്ള ഭക്ഷണവും ഉൾപ്പെടും ചെലവിനു നൽകപ്പെടേണ്ടവർ

അനുയോജ്യമായ തൊഴിൽ ചെയ്തെങ്കിലും പണം സമ്പാദിക്കുന്ന ഒരാൾ ഭാര്യയ്ക്ക്‌ (ഒന്നിലധികമുണ്ടെങ്കിലും ) അതാത്‌ ദിവസത്തേക്കാവശ്യമായ ഭക്ഷണത്തിനും അതാത്‌ കാലത്തേക്കാവശ്യമായ വസ്ത്രങ്ങൾക്കും ചെലവു ചെയ്യൽ നിർബന്ധമാണ്‌. അത്‌ കഴിഞ്ഞ്‌ ബാക്കിയുണ്ടാകുമെങ്കിൽ മതാപിതാക്കൾ, പിതാമഹന്മാർ, മാതാമഹികൾ, മക്കൾ, പേരമക്കൾ എന്നിവർക്കെല്ലാം (അവർക്ക്‌ കഴിവില്ലെങ്കിൽ ) ചെലവിനു കൊടുക്കൽ നിർബന്ധമാണ്‌. പ്രായ പൂർത്തിയായ കുട്ടി അനുയോജ്യമായ തൊഴിലുണ്ടായിട്ടും അത്‌ ചെയ്യാതിരിക്കുകയാണെങ്കിൽ അവന്‌ ചെലവ്‌ കൊടുക്കേണ്ടതില്ല. മാതാവിന്റെയോ മകന്റെയോ വിവാഹം നടന്ന്‌ കഴിഞ്ഞാൽ പിന്നെ അവർക്കും ചെലവിനു കൊടുക്കേണ്ടതില്ല.

പ്രായ പൂർത്തിയായ മക്കളുടെ ഫിത്വർ സകാത്ത്‌ പിതാവ്‌ കൊടുക്കേണ്ടതില്ല. അവർക്ക്‌ സമ്മതമുണ്ടെങ്കിൽ കൊടുത്താൽ സ്വീകാര്യമാവും. അത്‌ പോലെ സാമ്പത്തിക ശേഷിയുള്ള ചെറിയ കുട്ടികളുടെ ഫിത്വർ സകാത്തും പിതാവിന്‌ നൽകൽ നിർബന്ധമില്ല. കൊടുത്താൽ പരിഗണിക്കപ്പെടും. ഭാര്യ എത്ര സമ്പന്നയാണെങ്കിലും അവരുടെ ഫിത്വർ സകാത്ത്‌ ഭർത്താവാണ്‌ കൊടുക്കേണ്ടത്‌. എന്നാൽ അത്തരം ഭാര്യമാരുടെ ഭർത്താക്കൾക്ക്‌ കഴിവില്ലെങ്കിൽ അവളുടെ സകാത്ത്‌ കൊടുക്കൽ അവൾക്ക്‌ സുന്നത്താണ്‌. അമുസ്ലിമായ മാതാപിതാക്കളുടെ ഫിത്വർ മക്കൾ കൊടുക്കേണ്ടതില്ല. ജാര സന്തതിക്ക്‌ ഫിത്വർ സകാത്ത്‌ കൊടുക്കണം. ഉമ്മയാണ്‌ കൊടുക്കേണ്ടത്‌.

സമയം
റമളാൻ ഒന്നാം രാത്രി മുതൽക്ക്‌ ഫിത്വർ സകാത്തിന്റെ സമയം തുടങ്ങും എങ്കിലും പിന്തിക്കുന്നതാണ്‌ ഉത്തമം. ശവ്വാൽ പിറവി ദർശിച്ച്‌ പെരുന്നാൽ നിസ്കാരത്തിന്‌ പോവുന്നതുവരെയാണ്‌ കൂടുതൽ പുണ്യമുള്ള സമയം.

ഫിത്വർ സകാത്ത്‌ ഈ ശ്രേഷ്ഠമായ സമയത്തേക്കാൾ പിന്തിക്കൽ കറാഹത്താണ്‌. എന്നാൽ ബന്ധു, അയൽ വാസി, സ്നേഹിതൻ, അത്യാവശ്യക്കാർ, സജ്ജനങ്ങൾ എന്നിവരെ പ്രതീക്ഷിച്ചതിനൂ വേണ്ടി പെരുന്നാൽ ദിനത്തിലെ സൂര്യാസ്തമയം വരെ ആവ"ശ്യാനുസരണം പിന്തിക്കാവുന്നതാണ്‌. പെരുന്നാൽ ദിവസത്തെ സൂര്യാസ്തമയത്തിനു ശേഷത്തേക്കു പിന്തിക്കൽ കുറ്റകരമാണ്‌ . ഇങ്ങിനെ പിന്തിച്ചാൽ പെട്ടെന്ന് ഖളാഅ് വീട്ടൽ നിർബന്ധമാണ്‌.

ഫിത്വർ നൽകേണ്ട വസ്തു.
നിശിചിത നിമിഷത്തിൽ സർവ്വ സാധാരണയായുള്ള മുഖ്യ ഭക്ഷ്യധാന്യം ആർക്കുവേണ്ടിയാണോ വീട്ടുന്നത്‌ അവൻ, ശവ്വാൽ മാസപ്പിറവിയുടെ സമയത്ത്‌ എവിടെയാണോ ആ നാട്ടിൽ നൽകണം. പ്രവാസികൾ അവരുടെയും നാട്ടിലുള്ളവർ അവരുടെയും മുഖ്യാഹാരം നൽകണം.

ഓരോരുത്തരുടെയും പേരിൽ ഒ‍ാരോ സ്വാഅ് (നാലു മുദ്ദുകൾ ) അരിയാണെങ്കിൽ ഏകദേശം 2.800 കി.ഗ്രാം. 3.200 ലിറ്റർ തോതിലാണ്‌ നൽകേണ്ടത്‌

നിയ്യത്ത്‌

'ഈ ധാന്യം എന്റെ ഫിത്വർ സക്കാത്താകുന്നു ' എന്ന നിയ്യത്തോടെ വേണം നൽകാൻ. സകാത്ത്‌ വീട്ടിയ ശേഷം

. رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنْتَ السَّمِيعُ الْعَلِيمْ

ഞങ്ങളുടെ നാഥാ ! ഞങ്ങളുടെ അടുക്കൽ നിന്നും നീ സ്വീകരിക്കേണമേ ! നിശ്ചയം നീ കേൾക്കുന്നവനും അറിയുന്നവനുമാണ്‌" എന്ന് ദുആ ചെയ്യൽ സുന്നത്താണ്‌.

ഫിത്വർ സകാത്തിന്റെ അവകാശികൾ
ഖുർആനിൽ സകാത്തിന്റെ അവകാശികളായി എണ്ണിയ എട്ട്‌ വിഭാഗം തന്നെയാണ്‌ ഫിത്വർ സകാത്തിന്റെയും അവകാശികൾ. അവർ ; ദരിദ്രർ, അഗതികൾ, നവ മുസ്ലിംകൾ, കടം കൊണ്ട്‌ ഗതി മുട്ടിയവർ, യാത്രക്കാർ, മുസ്ലിം ഭരണമുള്ള നാട്ടിൽ സകാത്ത്‌ പിരിക്കുന്ന ഉദ്യോഗസ്ഗസ്ഥന്മാർ ( നമ്മുടെ നാടുകളിൽ ചില ഭാഗങ്ങളിൽ കാണുന്ന സകാത്ത്‌ കമ്മിറ്റികൾക്കിതു ബാധകമല്ല. അവരുടെ പക്കൽ സകാത്ത്‌ ഏൽപിച്ചൽ ബാധ്യത വീടുകയില്ല ) , മോചന പത്രം എഴുതപ്പെട്ട അടിമ, അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവർ എന്നിവരാണത്‌. ഇവർക്ക്‌ എല്ലാവർക്കും നൽകുന്നതാണ്‌ നല്ലത്‌. ഇവരിൽ ചിലർക്ക്‌ നൽകിയാൽ മതിയെന്ന അഭിപ്രായവുമുണ്ട്‌. അവകാശികളിൽ ഏതെങ്കിലും ഒരു പാർട്ടിയിൽ നിന്ന് മൂന്ന് വ്യക്തികൾക്ക്‌ കൊടുത്താൽ മതിയാവുമെന്നാണ്‌ ശാഫിഈ മദ്‌ഹബിലെ ചില പ്രമുഖ പണ്ഡിതരുടെ അഭിപ്രായം

കാഫിറിനോ അർഹരല്ലാത്തവർക്കോ കൊടുത്താൽ ഒരു സകാത്തും വീടുകയില്ല. അർഹരായ ജേഷ്ടാനുജന്മാർക്കും അവരുടെ സന്താനങ്ങൾക്കും എല്ലാവിധ സകാത്തുകളും കൊടുക്കാവുന്നതാണ്‌. സമ്പന്നയായ ഭാര്യ ദരിദ്രനായ ഭർത്താവിനു നൽകിയാലും സകാത്ത്‌ വീടുന്നതാണ്‌. തിരിച്ച്‌ പറ്റുന്നതല്ല.

നൽകേണ്ട സ്ഥലം :
പെരുന്നാൾ രാവിലെ സൂര്യൻ അസ്തമിക്കുന്ന സമയത്ത്‌ ഒരു വ്യക്തി ഏതൊരു പ്രദേശത്താണോ ഉള്ളത്‌ അവിടുത്തെ ഫിത്‌ർ സകാത്ത്‌ കൊടുക്കണമെന്നാണ്‌ പ്രബലാഭിപ്രായം. സകാത്ത്‌ സ്വീകരിക്കാൻ അർ ഹരായവർ ഇല്ലാത്ത നാടാണെങ്കിൽ തൊട്ടടുത്ത നാട്ടിൽ അർഹതപ്പെട്ടവർക്ക്‌ കൊടുക്കുകയാണ്‌ വേണ്ടത്‌. ഗൾഫ്‌ നാടുകളെ സംബന്ധിച്ചിടത്തോളം ജോലിയില്ലാത്തവരും , ഭക്ഷണം താമസം തുടങ്ങിയ ദൈനം ദിനാവശ്യങ്ങൾക്കുള്ള പണം തികയാതെ വരുന്നവരും ( നാട്ടിൽ വലിയ സമ്പത്തിനുടമയായാലും ) സകാത്ത്‌ വാങ്ങാൻ അർഹരാണ്‌. തെരുവുകളിൽ ഫിത്‌ർ സകാത്ത്‌ അന്വേഷിച്ച്‌ നടക്കുന്നവർക്കും ജോലിയില്ലാതെ നിത്യ ജീവിതത്തിനും കഷ്ടപ്പെടുന്ന സുഹൃത്തുക്കൾക്കും ഇത്‌ നൽകാം. സകാത്ത്‌ വാങ്ങിയ ശേഷം അതവർ വിൽപന നടത്തിയലും ശരി.

ഫിത്വർ സകാത്ത്‌ വിതരണത്തിന്‌ പ്രവാചകർ (സ) പഠിപ്പിച്ച മാർഗങ്ങൾ മൂന്നാണ്‌

1) ദായകൻ അവകാശികൾക്ക്‌ നേരിട്ട്‌ കൊടുക്കുക.
2)ഇസ്‌ലാമിക ഭരണാധികാരിയെ (ഇമാമിനെ ) ഏൽപിക്കുക
3) മറ്റൊരു വ്യക്തിയെ വക്കാലത്താക്കുക

ഇസ്ലാമിക ഭരണാധികാരിയെ ഫിത്വർ സകാത്ത്‌ ഏൽപിക്കാം. ഭരണാധികാരികൾ ആർക്ക്‌ നൽകിയാലും ദായകന്റെ ബാധ്യത നിറവേറുന്നതാണ്‌

ഫിത്വർ സകാത്ത്‌ വിതരണത്തിന്‌ ഇസ്‌ലാം അനുവദിച്ച മൂന്നാമത്തെ മാർഗം വകാലത്താണെന്ന് പറഞ്ഞുവല്ലോ. ഒരു വ്യക്തി മറ്റൊരാളെ താൻ ചെയ്യേണ്ട കാര്യം ചെയ്യുന്നതിനായി ഉത്തരവാദപ്പെടുത്തുന്നതാണ്‌ വകാലത്ത്‌. ഒന്നിലധികം വ്യക്തികളെ ഏൽപിക്കുന്നത്‌ വകാലത്തിന്റെ നിയമത്തിന്‌ എതിരാണ്‌. വക്കാലത്ത്‌ ഏറ്റെടുത്തവൻ പ്രസ്തുക കാര്യം നിർവ്വഹിക്കുന്നതിനു മുമ്പ്‌ വക്കാലത്ത്‌ ദുർബലപ്പെടുത്തിയാൽ അതേ വസ്തു തന്നെ തിരിച്ച്‌ നൽകുവാൻ ബാധ്യസ്ഥനായിരിക്കുമെന്നത്‌ വക്കാലത്തിന്റെ മറ്റൊരു നിബന്ധനയാണ്‌

ഈ രണ്ട്‌ നിബന്ധനകൾ പാലിക്കപ്പെടുന്നില്ല എന്നതിനാൽ കമ്മിറ്റിയെ ഏൽപിച്ചാൽ ഫിത്വർ സകാത്തായി പരിഗണിക്കുന്നതല്ലെന്ന് ഗ്രഹിക്കാം. ഫിത്വർ സകാത്ത്‌ കമ്മിറ്റിയെ ഏൽപിക്കുമ്പോൾ ഒരു വ്യക്തിയെ നിർണ്ണയിക്കുക എന്ന നിബന്ധന പാലിക്കപ്പെടുന്നില്ല. കൂട്ടുത്തരവാദിത്വമുള്ള പ്രസിഡണ്ട്‌ ,സെക്രട്ടറി തുടങ്ങിയവരുൾപ്പെടുന്ന കൂട്ടമാണല്ലോ കമ്മിറ്റി. ഫിത്വർ സകാത്ത്‌ ശേഖരിച്ച്‌ എല്ലാം ഒന്നായി ഒരിടത്ത്‌ നിക്ഷേപിക്കുന്ന സമ്പ്രദായമാണ്‌ കമ്മിറ്റിയിൽ കണ്ടു വരുന്നത്‌. വക്കാലത്ത്‌ ഏറ്റെടുത്തവൻ കൃത്യം നിർവ്വഹിക്കുന്നതിനു മുമ്പ്‌ തിരിച്ച്‌ ചോദിച്ചാൽ അവൻ നൽകിയ ധാന്യം തന്നെ തിരിച്ച്‌ നൽകണമെന്ന നിബന്ധന പാലിക്കാൻ ഇത്‌ മൂലം കമ്മിറ്റിക്ക്‌ സാധ്യമാവുകയില്ലെന്നതിനാലും ഇത്‌ വക്കാലത്ത്‌ ആവുന്നില്ല

ഗൾഫ്‌ മലയാളികൾക്കിടയിൽ കണ്ടു വരുന്ന മറ്റൊരു സമ്പ്രദാമാണ്‌ ഫിത്വർ സകാത്ത്‌ പണമായി ശേഖരിക്കൽ. കടകളിലും റൂമുകളിലും കമ്മിറ്റി സ്ഥാപിക്കുന്ന പെട്ടികളിൽ ഒരു നിശ്ചിത സംഖ്യ നിക്ഷേപിച്ച്‌ ഈ സംഖ്യ ഉപയോഗിച്ച്‌ ധാന്യവും മറ്റും വാങ്ങി വിതരണം ചെയ്യാറാണ്‌ പതിവ്‌. നേരിട്ടുള്ള വക്കാലത്ത്‌ ഇല്ലാത്തതിനാലും , ഏൽപ്പിക്കപ്പെടുന്നത്‌ ഒന്നിലധികം വ്യക്തികൾ ഉൾപ്പെടുന്ന കമ്മിറ്റിയായതിനാലും ഇത്‌ ഫിത്വർ സകാത്തായി പരിഗണിക്കുകയില്ലെന്നത്‌ അവിതർക്കിതമാണ്‌.

ധാന്യത്തിനു പകരം തുല്യ വില നൽകിയാൽ ഫിത്വർ സകാത്തിന്റെ ബാധ്യത തീരുകയില്ല .അങ്ങിനെ പണമായി നൽകുന്നതിനു തെളിവുമില്ല. സൗദി യിലെ ചീഫ്‌ മുഫ്തിയായിരുന്ന ശൈഖ്‌ അബ്‌ ദുൽ അസീസ്‌ ബിൻ ബാസ്‌ 1416 റമളാൻ 27 ന്‌ അൽ-മുസ്‌ലിമൂൻ പത്രത്തിൽ പ്രസിദ്ധപ്പെടുത്തിയ ഫത്‌വയിലൂടെ മുഖ്യ ഭക്ഷണ ധാന്യമല്ലാത്ത നാണയമുൾപ്പെടെ യാതൊന്നും ഫിത്വർ സകാത്തിന്‌ മതിയാകുന്നതല്ലെന്ന് സവിസ്തരം വ്യക്തമാക്കുന്നു.

നബി(സ)യുടെ മുശുവൻ ഹദീസുകൾ പരിശോധിച്ചാലും ഫിത്‌ർ സകാത്ത്‌ നാണയമായി നൽകിയാൽ മതിയെന്ന് കാണില്ല. ദീനാറും ദിർഹമും നടപ്പുണ്ടായിട്ടും നബിയോ സഹാബത്തോ നാണയമായി ഫിത്വർ സകാത്ത്‌ നലികിയെന്ന് തെളിയിക്കപ്പെട്ടിട്ടില്ല.

ഒരു വ്യക്തി സകാത്ത്‌ നൽകിക്കഴിഞ്ഞാൽ അവന്റെ ഉടമസ്ഥതയിൽ നിന്ന് നീങ്ങുകയും വാങ്ങിയവന്റെ ഉടമസ്ഥതയിലായിത്തീരുകയും ചെയ്യുന്നു. വാങ്ങിയവന്‌ ഇഷ്ടപ്പെട്ടവർക്ക്‌ അത്‌ ചിലവഴിക്കാം. അത്‌ സകാത്ത്‌ നൽകിയവന്‌ തന്നെയാണെങ്കിലും കുഴപ്പമില്ല. സകാത്ത്‌ വാങ്ങിയശേഷം അതവർ വിൽപന നടത്തിയാലും വിരോധമില്ല.

സകാത്തിന്റെ വകാലത്ത്‌
സകാത്ത്‌ മറ്റൊരാളെ ഏൽപ്പിച്ച്‌ കൊടുക്കുന്നതിനേക്കാൾ ഉത്തമം സ്വയം വിതരണം ചെയ്യലാണെന്നതിൽ ഭിന്നാഭിപ്രായമില്ല. എങ്കിലും സകാത്ത്‌ വിതരണത്തിന്‌ മുസ്ലിമും പ്രായപൂർത്തിയും ബൂദ്ധിയും തന്റേടവുമുള്ളവനെ ഏൽപിക്കൽ അനുവദനീയമാണ്‌. മറ്റൊരാളെ ചുമതലപ്പെടുത്തുമ്പോൾ (വകാലത്ത്‌) "ഈ ധാന്യം എന്റെ ഫിത്വർ സകാത്തായി അർഹിക്കുന്നവർക്ക്‌ കൊടുക്കാൻ നിന്നെ ഞാൻ ചുമതലപ്പെടുത്തുന്നു" എന്നാണ്‌ വകാലത്താക്കേണ്ടത്‌.