സഅ്‌ലബ(റ)വിന്റെ തൗബ

*🌷സഅ്‌ലബ(റ)വിന്റെ തൗബ.🌷*

അൻസ്വാരിയായ ഒരു ചെരുപ്പക്കാരനുണ്ടായിരുന്നു. "സഅ്‌ലബതിബ്നു അബ്ദിർറഹ്‌മാൻ" എന്നാണ് അദ്ദേഹത്തിന്റെ പേര്. മഹാനവർകൾ മുത്ത് നബിﷺക്ക് ഖിദ്മത്തെടുക്കുമായിരുന്നു...

 ഒരിക്കൽ സഅ്‌ലബ(റ)യെ നബി ﷺ ഒരാവശ്യത്തിന് പറഞ്ഞയച്ചു. 
കൽപ്പനയനുസരിച്ച് പോകുന്ന വഴിയിൽ ഒരു അൻസ്വാരിയായ സ്ത്രീ കുളിക്കുന്നത് കാണാനിടയായി.

വീണ്ടും ഒന്ന് നോക്കിപ്പോയി. മഹാനവർകളുടെ മനസ്സിൽ പേടി വന്നു. തന്നെക്കുറിച്ച് മുത്ത് നബിﷺക്ക് വഹ്‌യ് ഇറങ്ങി അവിടുന്ന് ഇതറിയുമോ..! എന്ന് ചിന്തിച്ച് കൊണ്ട് മഹാനവർകൾ കരഞ്ഞ് മക്കയുടെയും മദീനയുടെയും ഇടയിലുള്ള മലമുകളിലേക്ക് ഓടി. 

നാൽപത് ദിവസം മഹാനവർകൾ അവിടെ തൗബയിലായി കഴിഞ്ഞ് കൂടി. തിരുനബിﷺയുടെ സമീപത്തേക്ക് വന്നതേയില്ല.

 നാൽപ്പത് ദിവസമായപ്പോൾ ജിബ്‌രീൽ (അ)വന്ന് നബിﷺയോട് പറഞ്ഞു: നബിയേ..! റബ്ബ് അങ്ങയ്ക്ക് സലാം പറഞ്ഞിരിക്കുന്നു. അല്ലാഹു ﷻ പറയുന്നു:

 "തങ്ങളുടെ അനുയായികളിൽ പെട്ട ഒരാൾ ഇന്നാലിന്ന മലമുകളിൽ എന്നോട് നരകത്തെ തൊട്ട് കാവൽ ചോദിച്ച് കൊണ്ടിരിക്കുന്നുണ്ട്."

 ഉടനെ നബി ﷺ സൽമാൻ(റ)വിനെയും ഉമർ (റ) വിനെയും സഹലബ (റ) വിനെ കൂട്ടിവരാൻ പറഞ്ഞയച്ചു. 

 അവർ മദീനയുടെ അതിർത്തികളിൽ ചെന്ന് സഅലബയെ അന്വേഷിച്ചു. അപ്പോൾ രിഫാഖത്ത് എന്ന് പേരുള്ള ഒരാട്ടിടയനെ കണ്ടുമുട്ടി. ഉമർ (റ) അയാളോട് ചോദിച്ചു: ഈ മലകൾക്കിടയിൽ താമസിക്കുന്ന ഒരു ചെറുപ്പക്കാരനെക്കുറിച്ച് വല്ല വിവരവും താങ്കൾക്കുണ്ടോ..?

 രിഫാഖത്ത് : "നരകത്തെ പേടിച്ച് ഓടിയ ചെറുപ്പക്കാരനെയാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്..?

 ഉമർ(റ): "അദ്ദേഹം നരകത്തെ പേടിച്ച് ഓടിയതാണെന്ന് നിങ്ങൾക്കെങ്ങനെ അറിയാം..?
 
 രിഫാഖത്ത്: പാതിരാവിൽ അദ്ദേഹം ഈ മലമുകളിൽ നിന്ന് ഇറങ്ങിവന്ന് തലയിൽ കൈവെച്ച് കൊണ്ട് ഇപ്രകാരം പറയും: 

 "അല്ലാഹുവെ നീ എന്റെ റൂഹ് പിടിച്ചെങ്കിൽ..! വിചാരണാ നാളിൽ വിചാരണയ്ക്ക് ഹാജറാക്കാതെ എന്നെ രക്ഷപ്പെടുത്തിയെങ്കിൽ..!"

 അങ്ങനെയവർ അദ്ദേഹത്തെ കണ്ടെത്തി...

 അപ്പോൾ അദ്ദേഹം "നരകത്തിൽ നിന്ന് രക്ഷയും, നിർഭയത്വവും വേണം" എന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

 ഉമർ(റ): "ഞാൻ ഉമറിബ്നുൽ ഖത്താബാണ്"

 സഅ്‌ലബ(റ): ഞാൻ ചെയ്ത തെറ്റ് മുത്ത്നബി ﷺ അറിഞ്ഞുവോ..?

 ഉമർ (റ): അതെനിക്കറിയില്ല. എങ്കിലും അവിടുന്ന് താങ്കളെക്കുറിച്ച് പറയുകയും കരയുകയും ചെയ്തിരുന്നു. അവിടുന്ന് ഞങ്ങളെ അന്വേഷണത്തിന് വേണ്ടി പറഞ്ഞയച്ചതാണ്...

 സഅ്‌ലബ(റ):"ഉമറെ..! എന്നെ നിങ്ങൾ കൊണ്ടുപോകേണ്ടത് നബിﷺതങ്ങൾ നിസ്കരിക്കാൻ നിൽക്കുകയും ബിലാൽ(റ) വാങ്ക് കൊടുക്കുകയും ചെയ്യുന്ന സമയത്താകണം... 

 ഉമർ(റ): "എന്നാൽ അങ്ങനെ ചെയ്യാം"
 
 അങ്ങനെ നബി ﷺ മദീനയിൽ നിസ്കരിക്കുന്ന സമയം സഅലബ പള്ളിയിൽ എത്തി. നബിﷺയുടെ ഖിറാഅത്ത് കേട്ട് സഅലബ (റ) ബോധരഹിതനായി വീണു. ബോധം തെളിഞ്ഞപ്പോൾ നബി ﷺ ചോദിച്ചു:  

 "എന്തിനാണ് ഇത്രയും ദിവസം എന്നിൽ നിന്ന് നീ മറഞ്ഞിരുന്നത്..?"

 സഅ്‌ലബ(റ): "എന്റെ പാപം കാരണമാണ് നബിയേ..." 

 ഇത് കേട്ട നബി ﷺ പറഞ്ഞു: "സഅലബാ നിന്റെ പാപങ്ങൾ പൊറുക്കാൻ ഉതകുന്ന ഒരു ആയത്ത് ഞാൻ നിനക്ക് പഠിപ്പിച്ച് തരട്ടെ..?"

 സഅ്‌ലബ (റ): പഠിപ്പിച്ച് തന്നാലും നബിയേ..!

 നബിﷺ: എപ്പോഴും *" ആതിനാ ഫിദ്ദുൻയാ ഹസനതൻ വഫിൽ ആഖിറത്തി ഹസനതൻ"* എന്ന പ്രാർത്ഥന പ്രാർത്ഥിച്ചാൽ മതി... 

 അപ്പോൾ അദ്ദേഹം പറഞ്ഞു : "അതിനേക്കാൾ വലുതാണ് നബിയെ എന്റെ പാപം.."

 "അല്ല.., എത്ര വലുതാണെങ്കിലും അല്ലാഹുﷻവിന്റെ കലാം അതിനെക്കാൾ വലുതാണ്..."

 ഇത് കേട്ട് അദ്ദേഹം വീട്ടിലേക്ക് മടങ്ങി...

 മൂന്ന് നാൾ അദ്ദേഹത്തിന് ശക്തമായ പനി പിടിപെട്ടു. എല്ലാവരും അദ്ദേഹത്തെ സന്ദർശിക്കാൻ പോയി. നബിﷺരോഗം സന്ദർശിക്കാൻ വീട്ടിൽ എത്തി. സഅലബയെ സമാധാനിപ്പിക്കാൻ അദ്ദേഹത്തിന്റെ തല തങ്ങളുടെ മടിയിൽ വെച്ചു. അപ്പോൾ അദ്ദേഹം തല വലിച്ചു... 

 "എന്റെ പാപം ചെയ്ത തല അങ്ങയുടെ മടിയിൽ വെക്കാൻ പാടില്ല..."

 നബി ﷺ ചോദിച്ചു: "നിനക്ക് എന്താണ് വേണ്ടത്..?"

 "എനിക്ക് അല്ലാഹുﷻവിന്റെ മഗ്ഫിറത്താണ് വേണ്ടത്..." സഅലബ പറഞ്ഞു...
 
 അപ്പോൾ നബി ﷺ പറഞ്ഞു: "നിനക്ക് അല്ലാഹു ﷻ മാപ്പ് ചെയ്തിരിക്കുന്നു..."

 ഇത് കേട്ട് സഅലബ സന്തോഷത്താൽ ശബ്ദമുണ്ടാക്കുകയും, ഉടനെ വഫാത്താവുകയും ചെയ്തു...

 നബി ﷺ അദ്ദേഹത്തെ കുളിപ്പിക്കാനും, കഫൻ ചെയ്യാനും കൽപിച്ചു. അദ്ദേഹത്തിന് വേണ്ടി നിസ്കാരത്തിന് നേതൃത്വവും നൽകി...

 മുത്ത് നബി ﷺ തന്റെ കാൽ വിരലുകളിൽ ഊന്നി നടക്കുന്നതായി സ്വഹാബികൾ കാണാനിടയായി.
 അവർ അവിടത്തോട് അതിന്റെ കാരണം അന്വേഷിച്ചു...

 നബി ﷺ: "എന്നെ സത്യസന്ദേശവുമായി അയച്ച നാഥനാണേ സത്യം..! സഅലബയുടെ മരണാനന്തര കർമ്മങ്ങളിൽ പങ്കെടുക്കാൻ വന്ന മലക്കുകളുടെ ആധിക്യത്താൽ കാലുകൾ നിലത്ത് വെക്കാൻ എനിക്ക് സാധിക്കുമായിരുന്നില്ല..."
  (ഹിൽയതുൽ ഔലിയാഅ്‌: 9/329)

അള്ളാഹു എനിക്കും നിങ്ങൾക്കും ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ....                           

(നന്മ തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യുക)                            
                       
🕌🕌മുത്ത് റസൂൽ ﷺ ക്കൊരു സ്വലാത്ത്
🕌🕌اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🕌🕌