🌹പിശാചും റമളാനും🌹. 1⃣2⃣5⃣ഇസ്ലാമിക പഠനങ്ങൾ. മദീനയുടെ👑വാനമ്പാടി
🌹 *പിശാചും റമളാനും* 🌹
1⃣2⃣5⃣ഇസ്ലാമിക പഠനങ്ങൾ
*✍🏽മദീനയുടെ👑വാനമ്പാടി*
വിശ്വാസികള്‍ക്ക് കൂടുതല്‍ പുണ്യങ്ങള്‍ നേടാനും പാരത്രിക വിജയം ഉറപ്പാക്കാനും വളരെയേറെ ഉപകരിക്കുന്ന അവസ്ഥകള്‍ അല്ലാഹു സംവിധാനിച്ചിട്ടുണ്ട്. അതില്‍ പ്രധാനവും ശ്രദ്ധേയവുമാണ് മനുഷ്യവര്‍ഗത്തിന്‍റെ ആത്യന്തിക ശത്രുവായ പിശാചിന് ബന്ധനമേര്‍പ്പെടുത്തുന്നത്. മനുഷ്യരെ അവിഹിതമായ സ്വാധീനംവഴി പിഴപ്പിക്കുന്ന പിശാചിന്‍റെ കൂട്ടാളികളായ ജിന്നുകള്‍ക്കും റമളാനില്‍ നിയന്ത്രണമുണ്ട്. നബി(സ്വ) പറഞ്ഞു: റമളാന്‍ മാസത്തിലെ ഒന്നാമത്തെ രാത്രിയായാല്‍ തന്നെ പിശാചുക്കളെയും ദുഷ്ട ജിന്നുകളെയും ബന്ധിപ്പിക്കുന്നതാണ് (തുര്‍മുദി).
സത്യവിശ്വാസികളും സജ്ജനങ്ങളുമായവര്‍ക്ക് സന്മാര്‍ഗതടസ്സം സൃഷ്ടിക്കുക എന്നതാണ് പിശാചിന്‍റെ ജോലി. അവസരങ്ങള്‍ നശിപ്പിച്ചും അബദ്ധങ്ങള്‍ ധരിപ്പിച്ചും അരുതായ്മകളിലേക്ക് നയിച്ചും അവനത് നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നു. അവനില്‍ നിന്ന് രക്ഷ നേടണം. പിശാചിന് മനുഷ്യനു മേലുള്ള സ്വാധീനം ഖുര്‍ആനും സുന്നത്തും വ്യക്തമാക്കിയിട്ടുണ്ട്. അവന്‍ മനുഷ്യന്‍റെ വ്യക്തമായ ശത്രുവാണെന്നും അവനെ ശത്രുവായിത്തന്നെ കാണണമെന്നും ഖുര്‍ആന്‍ നിര്‍ദേശിച്ചു. വിവരത്തിന്‍റെ കുറവ് കൊണ്ടും വിശ്വാസം ദുര്‍ബലമായതിനാലും സാഹചര്യങ്ങള്‍ക്ക് വഴങ്ങിയും തെറ്റുകള്‍ സംഭവിക്കാം. വിശ്വാസി തെറ്റു ചെയ്യുമ്പോള്‍ സന്തുഷ്ടനാവുന്നത് പിശാചാണ്. കാരണം അവനിഷ്ടം നമ്മുടെ പരാജയമാണ്.
എന്നാല്‍ പിശാചിന്‍റെ പ്രവര്‍ത്തനത്തിന് വലിയ പ്രതിഫലനമുണ്ടാക്കാന്‍ റമളാന്‍ മാസത്തിലാകില്ല. ദുര്‍ബല വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല അവസരമാണ്. റമളാന്‍ മാസത്തെക്കുറിച്ച് കേള്‍ക്കുന്ന ഉപദേശങ്ങളും പരമ്പരാഗതമായി കൈമാറിവരുന്ന സല്‍കര്‍മങ്ങളിലുള്ള ഉത്സാഹവും സത്യവിശ്വാസികളില്‍ സ്വാധീനം ചെലുത്തും. അങ്ങനെ മറ്റു കാലങ്ങളെ അപേക്ഷിച്ച് റമളാനില്‍ പള്ളിയും ഖുര്‍ആന്‍ പാരായണവും പൊതുവെ ആരാധനകളും സജീവമാണ്. കൃത്യമായ നിസ്കാരങ്ങളും ദാനധര്‍മങ്ങളും ഇതര സുകൃതങ്ങളും നിത്യമാകുന്നു. വിശ്വാസികളുടെ ഈ ഉത്സാഹവും പിശാചിന്‍റെ സ്വാധീനക്കുറവ് കൊണ്ടാണെന്നതാണ് യാഥാര്‍ത്ഥ്യം. ഉത്സാഹത്തോടെ ഇബാദത്തുകള്‍ ചെയ്യുകയും അനാവശ്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുമ്പോള്‍ പൈശാചിക സ്വാധീനം കുറഞ്ഞുവരും. ആവേശത്തിന്‍റെ കുറവിനനുസരിച്ച് പിശാചിന്‍റെ സ്വാധീനശക്തി കൂടുകയും ചെയ്യും. ഇമാം ശഅ്റാനി(റ) കുറിക്കുന്നു: റമളാന്‍ മാസത്തില്‍ പിശാചിന് മറ്റു മാസങ്ങളിലെ പോലെ സത്യവിശ്വാസികളില്‍ സ്വാധീനം ചെലുത്താനാകില്ല. കാരണം ഖുര്‍ആന്‍ പാരായണം ചെയ്തും മറ്റു ഇബാദത്തുകളില്‍ മുഴുകിയും ശാരീരിക ഇച്ഛകളെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന നോമ്പ് അനുഷ്ഠിക്കുന്നതിലും വ്യാപൃതരായിരിക്കുമല്ലോ മുസ്ലിംകളധികവും (ലവാഖിഹുല്‍ അന്‍വാറില്‍ ഖുദ്സിയ്യ).
*റമളാനിലും പാപങ്ങള്‍*
പിശാചിനെ ബന്ധിപ്പിക്കുന്ന റമളാന്‍ മാസത്തിലും തെറ്റുകള്‍ ചെയ്യുന്നവരെ കാണുന്നുവെന്നത് ഈ ഹദീസിന്‍റെ ആശയത്തോടെതിരല്ലെന്ന് ഉപരി വിശദീകരണത്തില്‍ നിന്ന് വ്യക്തം. ഇബ്നു ഹജരിനില്‍ അസ്ഖലാനി(റ) ഇമാം ഖുര്‍ത്വുബി(റ)യെ ഉദ്ധരിക്കുന്നു: നോമ്പിന്‍റെ നിബന്ധനകളും ചിട്ടകളുമെല്ലാം കൃത്യമായി പരിഗണിച്ചും ശ്രദ്ധിച്ചും നോമ്പനുഷ്ഠിക്കുന്നവരില്‍ തെറ്റുകള്‍ കുറവായിരിക്കും. റമളാനില്‍ തിന്മകള്‍ കുറയുമെന്നര്‍ത്ഥം. അത് നമുക്ക് ബോധ്യപ്പെടുന്നതുമാണ്. ഇതര കാലങ്ങളെ അപേക്ഷിച്ച് റമളാനില്‍ കുറ്റകൃത്യങ്ങള്‍ വളരെ കുറവത്രെ. പിശാചിനെ ബന്ധിക്കുന്നുവെന്നത് കൊണ്ടു മാത്രം ഒരു തെറ്റും സംഭവിക്കുകയില്ല എന്ന് വരില്ല. കാരണം തെറ്റുകള്‍ക്കിടയാക്കുന്ന വേറെയും കാരണങ്ങളുണ്ടല്ലോ. മോശമായ മനസ്സുകള്‍, ദുഷിച്ച ശീലങ്ങള്‍, മനുഷ്യപിശാചുക്കള്‍ തുടങ്ങിയവ അതില്‍ പെട്ടതത്രെ (ഫത്ഹുല്‍ബാരി).
സ്വയം മാറാനും നന്മ പ്രവര്‍ത്തിക്കാനും തിന്മകളില്‍ നിന്ന് മാറിനില്‍ക്കാനും തയ്യാറാവുകയെന്നത് പ്രധാനമാണ്. റമളാന്‍ മാസത്തിന്‍റെ പവിത്രത നഷ്ടപ്പെടുത്തുന്ന വിചാരമുണ്ടാകുമ്പോള്‍ അതിനനുസൃതമായ പ്രവര്‍ത്തനവും പ്രാര്‍ത്ഥനയുമുണ്ടാകും. അപ്പോള്‍ പിശാചില്‍ നിന്ന് രക്ഷനേടാനാകും.
*നോമ്പെന്ന കവചം*
പിശാചില്‍ നിന്ന് രക്ഷ പ്രാപിക്കുന്നതിനുള്ള പ്രധാനമായൊരു കവചമാണ് നോമ്പ്. കാരണം വിശക്കുന്ന വയറുള്ളവന്‍ പിശാചിന് അപ്രാപ്യനാണ്. യഹ്യാ നബി(അ) പിശാചിനെ കണ്ട രംഗം ഇബ്നു അസാകിര്‍(റ) ഉദ്ധരിക്കുന്നുണ്ട്: ഇബ്ലീസിന്‍റെ ശരീരത്തില്‍ ധാരാളം തൂക്കുസഞ്ചികള്‍ കണ്ട് യഹ്യാ നബി(അ) ചോദിച്ചു: എന്താണ് ഈ തൂങ്ങിക്കിടക്കുന്നത്? ഇത് മനുഷ്യനെ പിടികൂടുന്ന മോഹങ്ങളും വികാരങ്ങളുമാണ് എന്നായിരുന്നു ഇബ്ലീസിന്‍റെ മറുപടി. അപ്പോള്‍ യഹ്യാ നബി(അ) ചോദിച്ചു: അതില്‍ എനിക്കുള്ള വല്ലതുമുണ്ടോ? ഇല്ലെന്ന് ഇബ്ലീസ്. യഹ്യാ നബി(അ): എന്‍റെ അടുത്തുനിന്ന് വല്ലതും ലഭിക്കണമെന്ന് നീ ആഗ്രഹിക്കുന്നുവോ? ഇബ്ലീസിന്‍റെ മറുപടി: വല്ലപ്പോഴും വയര്‍ നിറച്ച് ഭക്ഷണം കഴിച്ചാല്‍ നിസ്കാരത്തില്‍ നിന്നും ദിക്റില്‍ നിന്നും താങ്കളെ ഞാന്‍ അശ്രദ്ധനാക്കും. യഹ്യാ നബി(അ): മറ്റെന്തെങ്കിലും? ഇല്ലെന്നായി ഇബ്ലീസ്. അപ്പോള്‍ യഹ്യാ(അ) പ്രതിവചിച്ചു: എന്നാല്‍ ഞാനിനിയൊരിക്കലും വയര്‍ നിറച്ച് ഭക്ഷണം കഴിക്കില്ല (താരീഖുദിമശ്ഖ്).
വയര്‍ നിറക്കുന്നത് ആരോഗ്യപരമായ പ്രശ്നങ്ങള്‍ മാത്രമല്ല, ആത്മീയമായും പ്രശ്നങ്ങളുണ്ടാക്കും. അത് വഴി ശരീരത്തിനുണ്ടാകുന്ന ക്ഷീണവും ആലസ്യവും മൂലം ഇബാദത്തുകളിലും ഉത്തരവാദിത്തങ്ങളിലും കൃത്യത പുലര്‍ത്താനാകില്ല. ഭക്ഷണം കുറക്കുന്നതിന്‍റെ ഗുണം ആത്മീയവിജ്ഞാന ഗ്രന്ഥങ്ങളില്‍ ധാരാളം വിവരിക്കുന്നത് കാണാം. പിശാചിനെ സംബന്ധിച്ചിടത്തോളം മനുഷ്യനില്‍ കടന്നുകൂടാനുപയുക്തമായ ദുര്‍വിചാരവികാരങ്ങള്‍ക്ക് വിശ്വാസിയുടെ വിശപ്പ് തന്നെ പരിഹാരമാണെങ്കില്‍ നോമ്പ് എന്ന അതിമഹത്തായ ഇബാദത്തിന്‍റെ ഭാഗമായ വിശപ്പ് സഹിക്കല്‍ പിശാചിന് ഭേദിക്കാനാവാത്ത പ്രതിരോധമാണ്.
*ദേഹേച്ചയും മനുഷ്യനും*
ഇബ്ലീസിൻ്റെ ശർറിനെ പോലെ ദേഹേച്ചകളെ പിൻ പറ്റുന്നവരായി നാം മാറരുത്
ദേഹേച്ചകൾ പാപങ്ങളുടെ ഒരു കടലാണ്, ശരീരം മോഹങ്ങളുടെ മറ്റൊരു കടലാണ്
നോട്ടത്തില്‍ നിന്നാണ് വ്യഭിചാരത്തിന് പ്രചോദനം ലഭിക്കുന്നത്. കണ്ണിന്റെ വ്യഭിചാരമാണ് നോട്ടം. കേള്‍ക്കല്‍ കാതിന്റെയും സംസാരിക്കല്‍ നാവിന്റെയും പിടിക്കല്‍ കൈയിന്റെയും നടക്കല്‍ കാലിന്റെയും വ്യഭിചാരമാണ്; ഹൃദയം മോഹിക്കുന്നു, ജനനേന്ദ്രിയം അതിനെ യാഥാര്‍ത്ഥ്യമാക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നു എന്നും റസൂല്‍ അരുളിയിട്ടുണ്ട്. അന്യ സ്ത്രീകളെ നോക്കുക മാത്രമല്ല ഏത് തെറ്റും മനുഷ്യ സഹജമാണ്. ഇത്തരം തെറ്റുകളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാനാണ് മനുഷ്യനോടുള്ള അള്ളാഹുവിന്റെ കല്‍പന. അള്ളാഹു പറയുന്നു: ക്ഷമയും നമസ്‌കാരവും കൊണ്ട് നിങ്ങള്‍ സഹായം തേടുക. ഭക്തന്മാരല്ലാത്തവര്‍ക്ക് അത് (നമസ്‌കാരനിര്‍വഹണം) ഭാരമേറിയതുതന്നെയാകുന്നു. ഇഹലോകത്തെ സുഖലോലുപതകള്‍ പുല്‍കാന്‍ മനുഷ്യന്റെ ദേഹേച്ച അവനെ പ്രേരിപ്പിച്ച് കൊണ്ടിരിക്കുമ്പോഴൊക്കെ അതില്‍ ക്ഷമ കൈകൊള്ളുക. നല്ലത് മാത്രം സ്വീകരിക്കാന്‍ ശരീരത്തെ ശീലിപ്പിക്കുക. അത് പോലെ നിസ്കാരം അള്ളാഹു കല്‍പിച്ചത് പോലെ നിലനിറുത്തുകയും ചെയ്യുക.
Post a Comment