മാതാപിതാക്കള്‍ തമ്മിലടിക്കുന്നു. വിലയൊടുക്കുന്നത് മക്കള്‍...🔶 അറിവിന്റെ ലോകത്തേക്ക് ഒരു👇 ചൂണ്ടുവിരൽ
അറിവിന്റെ ലോകത്തേക്ക് ഒരു👇 ചൂണ്ടുവിരൽ*
*=======================*
*=======================*
*🔶മാതാപിതാക്കള്‍ തമ്മിലടിക്കുന്നു. വിലയൊടുക്കുന്നത് മക്കള്‍...🔶*
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
ആളുകള്‍ക്കിടയിലെ സ്‌നേഹത്തിന്റെയും ആദരവിന്റെയും കാര്യത്തിലുള്ള ഏറ്റവ്യത്യാസങ്ങള്‍ പോലെ വിയോജിപ്പുകളിലുമുണ്ട് ഏറ്റവ്യത്യാസങ്ങള്‍. വിദ്വേഷത്തിലേക്കും ശത്രുതയിലേക്കും വരെ കൊണ്ടെത്തിക്കുന്ന വിയോജിപ്പുകളുണ്ട്. ചിലപ്പോഴെല്ലാം അത് രക്തം ചിന്തലില്‍ വരെ ചെന്നെത്തുന്നു. ജനങ്ങള്‍ ഒറ്റ സമൂഹമായിരുന്നുവെന്നും പിന്നീട് അവര്‍ക്കിടയില്‍ വിയോജിപ്പുകളുണ്ടായപ്പോള്‍ അതില്‍ വിധികല്‍പിക്കാനായിട്ടാണ് ദൈവദൂതന്‍മാര്‍ അയക്കപ്പെട്ടതെന്നും വിശുദ്ധ ഖുര്‍ആനില്‍ (അല്‍ബഖറ: 213) അല്ലാഹു ﷻ പറയുന്നു...
മനുഷ്യര്‍ക്കിടയിലുള്ള എല്ലാവിധ വിയോജിപ്പുകളിലും തീര്‍പ്പുകല്‍പ്പിക്കലാണ് പ്രവാചകന്‍മാരെ നിയോഗിച്ചതിന്റെയും ഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചതിന്റെയും മുഖ്യ ഉദ്ദേശ്യമെന്നാണ് പ്രസ്തുത സൂക്തം പറയുന്നത്. ഏതു വിയോജിപ്പും പരിഹരിക്കുന്നതില്‍ നീതിക്കുള്ള പ്രാധാന്യവും മനുഷ്യന്‍ സത്യം കൈവെടിയുന്നതിന്റെ അപകടത്തെയും കുറിച്ചത് വ്യക്തമാക്കുന്നു. 'നിങ്ങള്‍ കാര്യം പറയുമ്പോള്‍ നീതിപൂര്‍വം പറയുക; പ്രശ്‌നം സ്വന്തം ബന്ധുക്കളുടേതാണെങ്കിലും.'
(അല്‍അന്‍ആം: 152)
ഏറെ വിയോജിപ്പുകള്‍ക്ക് സാധ്യതയുള്ള കുടുംബത്തിന് ഖുര്‍ആന്‍ സവിശേഷമായ ഇടം നല്‍കിയിട്ടുണ്ട്. ദമ്പതികള്‍ക്കിടയില്‍ വിയോജിപ്പുകളുണ്ടാകുമ്പോള്‍ അത് പരിഹരിക്കേണ്ടതെങ്ങനെയെന്ന് വിശദമായി തന്നെ ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ട്. വിയോജിപ്പുകള്‍ മൂര്‍ച്ഛിച്ച് ബന്ധം വേര്‍പിരിയാതിരിക്കുന്നതിനാണത്. തന്റെ ഇണയെ സംരക്ഷിക്കുമെന്ന 'ബലിഷ്ടമായ കരാറാ'ണ് വിവാഹ സമയത്ത് പുരുഷന്‍ ചെയ്യുന്നത്. ഭാര്യാഭര്‍ത്താക്കന്‍മാരുടെ അവകാശങ്ങളെയും പെരുമാറ്റ മര്യാദകളെയും കുറിച്ച് പ്രവാചകചര്യയും പഠിപ്പിക്കുന്നു. ദമ്പതികള്‍ക്കിടയിലുണ്ടാവുന്ന വിയോജിപ്പുകള്‍ പരിഹരിക്കേണ്ടതെങ്ങനെയെന്ന് വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും നമ്മെ പഠിപ്പിക്കുന്നുണ്ട്...
ദമ്പതികള്‍ക്കിടയിലുണ്ടാകുന്ന വിയോജിപ്പുകളുടെ ദോഷം അവരില്‍ പരിമിതപ്പെടുന്നതല്ല, കുട്ടികളെ കൂടി ബാധിക്കുന്ന ഒന്നാണത്. മാതാപിതാക്കള്‍ക്കിടയിലെ സംഘട്ടനങ്ങളെ ഉത്കണ്ഠയോടെ നോക്കികാണുന്ന നിഷ്‌കളങ്കരായ മക്കള്‍ക്ക് എന്താണ് തങ്ങളുടെ മുന്നില്‍ നടക്കുന്നതെന്ന് മനസ്സിലാകുന്നില്ല. അവരുടെ മനസ്സുകളില്‍ പതിയുന്ന വിയോജിപ്പിന്റെ ആ ചിത്രം ഭാവിയില്‍ മായ്ച്ചുകളയല്‍ പ്രയാസകരമാണ്. മക്കളോട് ചെയ്യുന്ന ഈ അതിക്രമം മാതാപിതാക്കള്‍ തിരിച്ചറിയുന്നില്ല എന്നതാണ് വസ്തുത...
മക്കളുടെ ജീവിതത്തിലെ ഓരോ ഘട്ടവും ശരിയായ പരിപാലനം ലഭിക്കേണ്ടത് നല്ല വ്യക്തിത്വത്തിന്റെ രൂപീകരണത്തില്‍ വളരെ പ്രധാനമാണ്. അത്തരത്തില്‍ ശരിയായ രീതിയില്‍ വളര്‍ത്തപ്പെട്ടവരാണ് സ്വന്തത്തിനും കുടുംബത്തിനും സമൂഹത്തിനും നാടിനും ഉപകാരപ്പെടുന്ന പൗരന്‍മാരായി മാറുക.
സന്താനപരിപാലനത്തില്‍ വരുന്ന ഏതൊരു വീഴ്ച്ചയും വ്യക്തിത്വത്തെ ബാധിക്കും. അത് ആദ്യം വ്യക്തിയിലും പിന്നീട് ചുറ്റുപാടിലും പ്രതിഫലിക്കുകയും ചെയ്യും. സമൂഹത്തിലെ ഏറ്റവും ചെറിയ യൂണിറ്റായ കുടുംബം മുതല്‍ അതിന്റെ ഏറ്റവും ഉയര്‍ന്ന തലം വരെ അതിന്റെ പ്രതിഫലനങ്ങളുണ്ടാവും...
ഏതൊരു മനുഷ്യ കൂട്ടായ്മക്കും ഒരു നേതൃത്വം ഉണ്ടാവേണ്ടത് അനിവാര്യമാണ്. നേതൃത്വത്തിന്റെ വിജയത്തില്‍ വളരെ പ്രധാന സ്ഥാനമാണ് അറിവിനും പരിചയത്തിനുമുള്ളത്. കുടുംബത്തിന്റെ നേതൃത്വം ഒന്നാമതായി പിതാവിനും പിന്നെ മാതാവിനുമാണ്. അവര്‍ രണ്ടു പേരുടെ ചുമലിലാണ് കുടുംബത്തിന്റെ ഉത്തരവാദിത്വം. മക്കള്‍ക്ക് നല്ല ആഹാരവും വസ്ത്രവും താമസസൗകര്യവും നല്‍കുക എന്നത് മാത്രമല്ല മാതാപിതാക്കളുടെ കടമ. അതോടൊപ്പം നല്ല വ്യക്തിത്വങ്ങളാക്കി അവരെ മാറ്റുന്നതിനുള്ള പരിപാലനവും നല്‍കേണ്ടതുണ്ട്. ശരിയായ സന്താനപരിപാലനത്തിന് അനിവാര്യമായ കാര്യമാണ് മാതാപിതാക്കള്‍ക്ക് അതിനെ കുറിച്ച് അറിവും ധാരണയും ഉണ്ടായിരിക്കുകയെന്നത്. ഇക്കാര്യത്തില്‍ പലര്‍ക്കുമുള്ളത് ശരിയും തെറ്റും കൂടിക്കലര്‍ന്നുള്ള ധാരണകളാണ്. ശരിയായ ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാക്കിയെടുത്തതല്ല അവ എന്നതാണ് അതിന്റെ കാരണം.
എല്ലാറ്റിലുമുപരിയായി മക്കള്‍ക്ക് മാതൃകയാവേണ്ടവരാണ് മാതാപിതാക്കള്‍. അക്കാരണത്താല്‍ തന്നെ തങ്ങളില്‍ വളര്‍ത്തപ്പെട്ടിട്ടുള്ള തെറ്റായ രീതികളും പെരുമാറ്റങ്ങളും അവര്‍ മാറ്റേണ്ടതുണ്ട്. അവര്‍ പരസ്പരം മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തിലായിരിക്കണം പെരുമാറേണ്ടത്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലുള്ള മാനസികാവസ്ഥയും അവരനുഭവിക്കുന്ന പ്രശ്‌നങ്ങളും എന്താണെന്ന് മനസ്സിലാക്കുകയും വേണം. അതിന്റെയെല്ലാം അടിസ്ഥാനത്തിലായിരിക്കണം മക്കളോടുള്ള സമീപനവും പെരുമാറ്റവും.
മാതാപിതാക്കളുടെ പെരുമാറ്റത്തിലെ വീഴ്ച്ചകളും സംസാരത്തില്‍ ഉപയോഗിക്കുന്ന വാക്കുകളും വരെ മക്കളെ സ്വാധീനിക്കും. അവര്‍ക്കിടയിലുള്ള പരസ്പര ബന്ധത്തിലുണ്ടാകുന്ന വിള്ളലുകളും മക്കളുടെ മാനസികസ്ഥിതിയെ ബാധിക്കുന്നവയാണ്. സന്തോഷകരമായ ഒരു ജീവിതത്തെ കുറിച്ച് അവരുടെ പ്രതീക്ഷകള്‍ക്കത് മങ്ങലേല്‍പ്പിക്കുകയും സ്വസ്ഥതയും സന്തോഷവും ഇല്ലാതാക്കുകയും ചെയ്യുന്നു. എന്നാല്‍ പലപ്പോഴും മാതാപിതാക്കള്‍ ഇത് തിരിച്ചറിയുന്നില്ല...
മാതാപാതാക്കളാണ് ഒരു കുട്ടിയുടെ ഒന്നാമത്തെ സ്‌കൂള്‍ എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അവരുടെ അഭിപ്രായങ്ങളും സമീപനങ്ങളും പരസ്പര വിരുദ്ധമായിരിക്കരുത്. ഒരു ഉദാഹരണത്തിലൂടെ നമുക്കത് എളുപ്പത്തില്‍ മനസ്സിലാക്കാം. ഒരു ക്ലാസ് റൂമില്‍ വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്നു എന്ന് സങ്കല്‍പിക്കുക. അവര്‍ക്ക് ഒരു അധ്യാപകനും ഒരു അധ്യാപികയും ക്ലാസ്സുകള്‍ എടുക്കുന്നു. ഇരു അധ്യാപകരും യോജിക്കുന്ന വിഷയങ്ങളുണ്ട്. അവരത് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് പരസ്പരം ചര്‍ച്ച ചെയ്യുന്നു. പിന്നീട് അവര്‍ പരസ്പരം വിയോജിക്കാന്‍ തുടങ്ങുന്നു. വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ചുള്ള അവരുടെ വിയോജിപ്പ് കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നു. വാക്കുകള്‍ കൊണ്ടുള്ള ഒരു യുദ്ധത്തിലേക്ക് അത് വഴിമാറുന്നു. അപ്പോള്‍ അതില്‍ നിന്നും കുട്ടികള്‍ എന്ത് പാഠമാണ് പഠിക്കുന്നത്. അവരില്‍ നിന്നും എന്ത് ആദരവാണ് ആ അധ്യാപകര്‍ പ്രതീക്ഷിക്കേണ്ടത്? ആ അധ്യാപകരെ ആദരിക്കാനോ അവര്‍ പകര്‍ന്നു നല്‍കിയ അറിവ് സ്വീകരിക്കാനോ ഉള്ള മനസ്സില്ലാതെയായിരിക്കും അവര്‍ ക്ലാസ്മുറി വിട്ടു പോകുന്നത്.
മാതാപിതാക്കള്‍ക്കിടയിലുള്ള തെറ്റായ ഈ പെരുമാറ്റത്തോടുള്ള പ്രതികരണത്തില്‍ കുട്ടികളുടെ പ്രായത്തിനനുസരിച്ച് ഏറ്റവ്യത്യാസമുണ്ടാകും. ഗര്‍ഭകാലം, മുലകുടി പ്രായം, ശൈശവഘട്ടം, ബാല്യം, കൗമാരം എന്നിങ്ങനെ അവയെ അഞ്ചായി തരം തിരിക്കാം.
*🔹ഗര്‍ഭകാലം*
ഗര്‍ഭപാത്രത്തില്‍ കഴിയുന്ന കുഞ്ഞിനെ മാതാവിന്റെ മാനസികാവസ്ഥ സ്വാധീനിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പ്രസവത്തിന് ശേഷം കുഞ്ഞിന്റെ മാനസിക, ശാരീരിക ആരോഗ്യത്തെയത് ബാധിക്കും. ഡോ: സാലിഹ് ഹുവൈജ് പറയുന്നു: ഗര്‍ഭസ്ഥ ശിശുവിനെ നേരിട്ട് സ്വാധീനിക്കുന്നതാണ് മാതാവിന്റെ മാനസികാവസ്ഥ. മാതാവിന്റെ നാഡീവ്യവസ്ഥയുടെ ഭാഗമാണ് കുഞ്ഞിന്റെ നാഡീ സംവിധാനവും എന്നതാണ് കാരണം. അതുകൊണ്ട് തന്നെ ദേഷ്യക്കാരനായ ഭര്‍ത്താവിന്റെ പെരുമാറ്റം മാതാവിനെ സ്വാധീനിക്കുന്നതിനാല്‍ ഗര്‍ഭസ്ഥശിശുവിനെയും അത് ബാധിക്കും. ഗര്‍ഭകാലത്ത് മാതാവനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും അസ്വസ്ഥതകളും ശിശുവിന്റെ ശാരീരിക വൈകല്യങ്ങള്‍ക്ക് വരെ കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. അതുകൊണ്ട് തന്നെ മാതാവിന് കൂടുതല്‍ പരിഗണനയും ശ്രദ്ധയും ലഭിക്കേണ്ട കാലമാണിത്.
*🔹മുലകുടി പ്രായത്തില്‍*
ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തെത്തുന്നതോടെ ശിശുവില്‍ ബാഹ്യാന്തരീക്ഷം ഉണ്ടാക്കുന്ന സ്വാധീനം ഒന്നുകൂടി വര്‍ദ്ധിക്കുന്നു. ഈ ഘട്ടത്തില്‍ സംസാരിക്കാന്‍ സാധിക്കുന്നില്ലെങ്കിലും കുട്ടിക്ക് മറ്റുള്ളവരുടെ പെരുമാറ്റങ്ങളെ അനുഭവിക്കാന്‍ സാധിക്കുന്നു. അതുകൊണ്ടാണ് കുഞ്ഞിന്റെ മുഖത്ത് നോക്കി മുഖം ചുളിക്കുമ്പോള്‍ അതിന്റെ മുഖഭാവത്തിലും മാറ്റം വരുന്നതും കരയാന്‍ തുടങ്ങുന്നതും. അതേസമയം അതിന്റെ മുഖത്ത് നോക്കി കൊഞ്ചിക്കുമ്പോള്‍ അത് പുഞ്ചിരിക്കുകയും ചെയ്യുന്നതും.
*🔹ശൈശവത്തില്‍*
മേല്‍പറയപ്പെട്ട രണ്ട് ഘട്ടങ്ങളേക്കാള്‍ ചുറ്റുപാടില്‍ നടക്കുന്ന കാര്യങ്ങള്‍ സ്വാധീനിക്കുന്ന ഒരു ഘട്ടമാണിത്. അല്‍പാല്‍പമായി സംസാരിച്ചു തുടങ്ങുന്ന സമയമാണിത്. ഈ സമയത്ത് മാതാപിതാക്കള്‍ക്കിടയിലുണ്ടാകുന്ന അകല്‍ച്ചയും ശണ്ഠകളും അവരെ വല്ലാതെ സ്വാധീനിക്കും. ആ അവസ്ഥ നിരന്തരം നിലനില്‍ക്കുമ്പോള്‍ കുട്ടികള്‍ നാണം കുണുങ്ങികളും എല്ലാറ്റിനെയും ആശങ്കയോടെ നോക്കികാണുന്നവരും ഉള്‍വലിയല്‍ പ്രകൃതത്തിനുടമകളുമായി മാറും.
*🔹ബാല്യത്തില്‍*
ശൈശവത്തിന് ശേഷമുള്ള ഓരോ ഘട്ടത്തിലും സന്താനപരിപാലനത്തില്‍ മാതാപിതാക്കളുടെ ഭാഗത്തു നിന്നും സംഭവിക്കുന്ന വീഴ്ച്ചകള്‍ കുട്ടിയില്‍ പ്രതിഫലിക്കും... മാതാപിതാക്കള്‍ക്കിടയിലുണ്ടാവുന്ന തര്‍ക്കങ്ങള്‍ അവരെ മാനസികമായും ശാരീരികമായും സ്വാധീനിക്കും. തലയുടെ ഭാഗങ്ങളിലും ആമാശയത്തിനകത്തും ഉണ്ടാവുന്ന വേദനകളായി അത് പുറത്തു പ്രകടമാവും. അതോടൊപ്പം തന്നെ പഠനത്തില്‍ പിന്നാക്കം പോവുകയും ഏകാന്തത ഇഷ്ടപ്പെടുകയും ചെയ്യുന്നവരുമായി അവര്‍ മാറും. കടുത്ത മാനസിക സമ്മര്‍ദത്തിലേക്കും വീട്ടില്‍ നിന്നുള്ള ഒളിച്ചോട്ടത്തിലേക്കും പലപ്പോഴും ഇതെത്താറുണ്ട്. ഈ ഘട്ടത്തില്‍ ചീത്ത കൂട്ടുകെട്ടുകളില്‍ അകപ്പെട്ട് മോശപ്പെട്ട സ്വഭാവങ്ങള്‍ക്കുടമയാകാനുള്ള സാധ്യതയും കൂടുതലാണ്.
*🔹കൗമാരത്തില്‍*
ഈ ഘട്ടത്തില്‍ മാതാപിതാക്കള്‍ക്കിടയിലുണ്ടാകുന്ന വഴക്ക് അവരുടെ ഉപദേശങ്ങളെ യാതൊരു വിലയും വെക്കാത്തവരാക്കി മക്കളെ മാറ്റും. അവസരം ഒത്തുകിട്ടിയാല്‍ വീടുവിട്ടു പോയി സുഹൃത്തുക്കള്‍ക്കൊപ്പം സമാധാനത്തോടെ സമയം ചെലവഴിക്കാനായിരിക്കും അവര്‍ ഇഷ്ടപ്പെടുക. ആ കൂട്ടുകാരായിരിക്കും അവരുടെ സ്വഭാവത്തെയും ഭാവിയെയും നിര്‍ണയിക്കുക എന്നതില്‍ ഒരു സംശയവുമില്ല. ഉറങ്ങാന്‍ സമയത്ത് മാത്രം കുടുംബത്തിലെത്തുന്ന താല്‍ക്കാലികമായ വീടുവിട്ടു പോക്കും ആവാം അത്. രാത്രി വൈകി വരുന്ന മകനെ അതിന്റെ ഭവിഷ്യത്തുകളെ കുറിച്ച് വിവരിച്ച് ശകാരിക്കുന്ന മാതാപിതാക്കള്‍ മനസ്സിലാക്കുന്നില്ല തങ്ങളാണ് അതിന്റെ യഥാര്‍ത്ഥ കാരണക്കാര്‍ എന്നുള്ളത്...
ചുരുക്കത്തില്‍, മാതാപിതാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വഴക്ക് മക്കളുടെ വര്‍ത്തമാനകാല ജീവിതവും ഭാവിയും തകര്‍ക്കുകയാണ് ചെയ്യുന്നത്.
📗📕📘📙📗📕📘📙📗📕📘
🕌 *മുത്ത് റസൂലിനെ ഒരായിരംസലാത്ത്* 🕌
🍃 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🍃
al_madheena_
Post a Comment