''സത്യസന്ധത എത്ര ക്ലേശകരമാണ്'' അറിവിന്റെ ലോകത്തേക്ക് ഒരു👇 ചൂണ്ടുവിരൽ

അറിവിന്റെ ലോകത്തേക്ക് ഒരു👇 ചൂണ്ടുവിരൽ

സത്യസന്ധത എത്ര ക്ലേശകരമാണ്


*=======================*
      
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹


ജസിൽ തോട്ടത്തിക്കുളം 
അഡ്മിൻ 

നബി തിരുമേനി(സ) പ്രവാചകത്വലബ്ധി മുതല്‍ നീണ്ട പതിമൂന്നു വര്‍ഷം മക്കയില്‍ ഇസ്ലാമിക പ്രബോധനപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. അവിടത്തുകാരില്‍ ചെറിയൊരു വിഭാഗം തിരുനബിയെ അംഗീകരിച്ചു. അവര്‍ അനുസരണമുള്ള അനുയായികളായിത്തീര്‍ന്നു. അധികപേരും ധിക്കരിച്ചു. അവര്‍ നിഷേധികളായി നിലകൊണ്ടതോടൊപ്പം പ്രവാചകനെയും അനുചരന്മാരെയും പരമാവധി പീഡിപ്പിക്കാനും പ്രയാസപ്പെടുത്താനും കിണഞ്ഞ് ശ്രമിച്ചു. അവിടത്തെ പ്രതിയോഗികള്‍ നാട്ടിലെ പ്രധാനികളും പ്രമാണിമാരുമായിരുന്നു. അതുകൊണടുതന്നെ മേധാവിത്വം അവര്‍ക്കായിരുന്നു. അതിനാല്‍, മക്കയെ ഇസ്ലാമിക വ്യവസ്ഥ പുലരുന്ന ഒരു രാഷ്ട്രമാക്കി പരിവര്‍ത്തിപ്പിക്കാന്‍ പരിതഃസ്ഥിതി തീര്‍ത്തും പ്രതികൂലമായിരുന്നു.

ഈ സാഹചര്യത്തിലാണ് ഇസ്ലാമിക പ്രബോധനം ഫലപ്രദമാവുന്ന പുതിയ പ്രദേശം പരതാന്‍ പ്രവാചകന്‍ സാഹസപ്പെട്ടത്. മക്കയില്‍ തന്റെ ദൌത്യം പൂര്‍ത്തീകരിക്കപ്പെട്ടിരുന്നു. സന്മനസ്സുള്ളവരൊക്കെ സത്യമതം സ്വീകരിച്ചു. മാനുഷിക കഴിവുകള്‍ അസ്ഥാനത്ത് പാഴാക്കുന്നത് അര്‍ഥശൂന്യമത്രെ. വിഗ്രഹ സംസ്‌കാരത്തിന്റെ വിനകള്‍ വിശ്വാസികളുടെ വിശിഷ്ട വ്യക്തിത്വത്തെ ദുഷിപ്പിക്കാന്‍ ഇടവരുത്താത്ത ഒരു സാമൂഹ്യഘടന രൂപപ്പെട്ടുവരേണ്ടതുണ്ടായിരുന്നു. അതിന് രാഷ്ട്രവും ഭരണകൂടവും അനിവാര്യം. മുസ്ലിംകളുടെ കര്‍മശേഷി ഖുറൈശിക്കൂട്ടങ്ങളുടെ കുടിലവും കിരാതവുമായ ക്രൂരവൃത്തികളാല്‍ ശിഥിലമാവാതെ, ലക്ഷ്യപ്രാപ്തിക്കായി ഉദ്ദിഷ്ടപാതയില്‍ പ്രയോഗിക്കപ്പെടണമെങ്കില്‍ മക്കയോടു വിടപറയാതെ നിര്‍വാഹമില്ല. പലായനത്തിന് പ്രപഞ്ചനാഥനാല്‍ നിര്‍ണയിക്കപ്പെട്ട പ്രദേശം, പില്‍ക്കാലത്ത് മദീനയായിത്തീര്‍ന്ന യഥ്രിബ് ആയിരുന്നു.

നബി തിരുമേനി അനുചരന്മാര്‍ക്ക് പലായനത്തിനു നിര്‍ദേശം നല്‍കി. യാത്ര പരമാവധി രഹസ്യമായും തനിച്ചുമാകണമെന്ന് നിഷ്‌കര്‍ഷിച്ചു. അതോടെ മക്കയിലെ നടപ്പാതകള്‍ക്ക് പരിചിതമായ പല പാദങ്ങളും അവക്ക് അന്യമായിത്തുടങ്ങി. മക്കയിലെ മുസ്ലിംകളുടെ അംഗസംഖ്യ അനുദിനം കുറഞ്ഞുകൊണടിരുന്നു. മരിച്ചു തീരുകയല്ല; മതം മാറുകയുമല്ല. അതുകൊണ്ടുതന്നെ ഈ അപ്രത്യക്ഷമാകല്‍ ഖുറൈശികളുടെ കണ്ണു തുറപ്പിച്ചു. തലമുറകളിലൂടെ തങ്ങള്‍ക്കു ലഭിച്ചതും പാടുപെട്ട് പണിയെടുത്ത് നേടിയതുമൊക്കെ ത്യജിച്ച് നാടുവിടുന്ന വിശ്വാസ സമൂഹത്തിന്റെ തിരോധാനം ശല്യമൊഴിഞ്ഞെന്ന സുഖചിന്തകളല്ല അവരിലുണര്‍ത്തിയത്. എന്തും നേരിടാനുള്ള നെഞ്ചൂക്കോടെ സ്വത്തും സന്താനങ്ങളും നാടും വീടും വിട്ട് വെറുംകൈയുമായി വിടപറഞ്ഞവരുടെ ചുടുനിശ്വാസങ്ങളില്‍ ശക്തമായ ഒരു തിരിച്ചുവരവിന്റെ ആരവമവര്‍ ശ്രവിച്ചു. 

പരിഹാരം കാണാനായി ഖുറൈശികള്‍ ദാറുന്നദ്വയില്‍ ഒത്തുകൂടി. നബി തിരുമേനിയുടെ കഥ കഴിക്കാനായിരുന്നു അവരുടെ തീരുമാനം.
നബി തിരുമേനി ഹിജ്‌റക്കൊരുങ്ങി. സഹയാത്രികനായ അബൂബക്കറും സജ്ജമായി. പ്രവാചകന്‍(സ ) വീട്ടിലുണ്ടായിരുന്ന അലി(റ)യെ വിളിച്ച് തന്റെ വിരിപ്പില്‍ കിടന്നുറങ്ങാന്‍ കല്‍പിച്ചു. അനന്തരം സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കുറെ കിഴികള്‍ അവിടുന്ന് അലിയുടെ മുമ്പില്‍ കൊണ്ട് വന്നുവെച്ചു. മക്കയിലെ അവിശ്വാസികള്‍ നബി (സ)യെ സൂക്ഷിക്കാന്‍ ഏല്‍പിച്ചവയായിരുന്നു അവ. എല്ലാം ഉടമസ്ഥര്‍ക്ക് തിരിച്ചുകൊടുക്കാന്‍ നബി തിരുമേനി അലിയെ ചുമതലപ്പെടുത്തി.

അവയുടെ ഉടമകള്‍ ആരായിരുന്നു? പത്തുപന്ത്രണ്ട് വര്‍ഷം പ്രവാചകനെയും അനുചരന്മാരെയും അതികഠിനമായി ദ്രോഹിച്ചവര്‍; സാമൂഹിക ബഹിഷ്‌കരണത്തിന് വിധേയമാക്കിയവര്‍; അവസാനം നാടുവിടാന്‍ നിര്‍ബന്ധിതരാക്കിയവര്‍; അതും മതിയാവാതെ തിരുമേനിയെ വധിക്കാന്‍, വീടു വളയാന്‍ ആളെ അയച്ചവര്‍. എല്ലാവരും തങ്ങളുടെ സമ്പാദ്യം സൂക്ഷിക്കാന്‍ ഏല്‍പിച്ചത് തിരുനബിയെയായിരുന്നു. അവര്‍ക്ക് അപ്പോഴും അല്‍അമീന്റെ സത്യസന്ധതയില്‍ പൂര്‍ണ ബോധ്യമായിരുന്നു.

പാതിരാവില്‍ പരമരഹസ്യമായി പലായനത്തിനു പുറപ്പെടുമ്പോഴും ആ പണമൊക്കെയും തിരിച്ചുകൊടുക്കാന്‍ ഏര്‍പ്പാട് ചെയ്യുന്നതില്‍ പ്രവാചകന്‍ നിഷ്‌കര്‍ഷ പുലര്‍ത്തി. എന്തിന്? 

 ‘ശാഖാപരമായ ധാര്‍മിക നിയമങ്ങള്‍ പാലിക്കുന്നതിനെക്കാള്‍ മഹത്തരമായൊരു ലക്ഷ്യമാണ് ഹിജ്‌റയുടെ പിന്നിലുള്ളത്. അതിനാല്‍, വിജയകരമായി ഹിജ്‌റ നടത്തുക; അതാണ് പ്രധാനം. വേണമെങ്കില്‍ ഇത്രകൂടി പറയാം: നബി തിരുമേനിയുടെ വശം നിക്ഷേപിക്കപ്പെട്ട സൂക്ഷിപ്പുസ്വത്തുക്കള്‍ തന്നെ മര്‍ദിച്ചോടിക്കുന്നവരുടെ ധനമാണ്. അവ തിരിച്ചുകൊടുക്കാതെ മദീനയിലേക്ക് കൊണ്ടുപോവുകയായിരുന്നു അവിടുന്ന് ചെയ്യേണ്ടിയിരുന്നത്. അവിടെ താന്‍ സ്ഥാപിക്കുന്ന പുതിയ ഇസ്ലാമിക രാഷ്ട്രത്തിന്റെ അടിത്തറ ഭദ്രമാക്കാന്‍ അതുപയോഗിക്കാമായിരുന്നു.
‘പക്ഷേ, ഇസ്ലാമിന്റെ വീക്ഷണങ്ങളും പ്രവാചകന്റെ നയങ്ങളും തികച്ചും വ്യത്യസ്തമാണ്. സന്ദിഗ്ധവേളകളിലും പ്രതിസന്ധികളിലും ധാര്‍മികമൂല്യങ്ങളില്‍നിന്ന് അവസരോചിതം മോചിതമാകുന്നുവെങ്കില്‍ ഭൌതിക പ്രസ്ഥാനങ്ങളും ഇസ്ലാമും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്? നിക്ഷേപങ്ങള്‍ തിരിച്ചുനല്‍കാതെ നബി തിരുമേനി പലായനം ചെയ്തിരുന്നുവെങ്കില്‍ അത് മക്കയിലെ പ്രതിയോഗികളില്‍ സൃഷ്ടിക്കുമായിരുന്ന പ്രതികരണമെന്തായിരിക്കുമെന്ന് ഒന്നാലോചിച്ചു നോക്കുക. ഇളിഭ്യതയുടെയും രോഷത്തിന്റെയും തീക്കുണ്ഡത്തില്‍ കിടന്ന് എരിയുന്ന അവര്‍ വിളിച്ചുകൂവുമായിരുന്നു: ‘വിശ്വസ്തന്‍ കള്ളനായി മാറിയിരിക്കുന്നു! ഞങ്ങള്‍ മുമ്പേ പറഞ്ഞില്ലേ, അവന് വേണ്ടത് പണമാണെന്ന്.’

നബി സ യുടെ സത്യസന്ധത ആരെയും ഇരുത്തിചിന്തിപ്പിക്കുന്നതുതന്നെ.
📗📕📘📙📗📕📘📙📗📕📘
 🕌 *മുത്ത് റസൂലിനെ ഒരായിരംസലാത്ത്* 🕌
🍃 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🍃
AL MADEENA
    *════❁✿🔸🔹🔸✿❁════*