മുത്ത് നബി ﷺ തങ്ങളുടെ കാരുണ്യം
*മുത്ത് നബി ﷺ തങ്ങളുടെ കാരുണ്യം*
മദീനയിൽ ഒരു കുട്ടി ഉണ്ടായിരുന്നു നല്ല കുട്ടിയാണെങ്കിലും കാണുന്ന മരത്തിനൊക്കെ കല്ലെറിയുന്ന സ്വഭാവം
ഒരു ദിവസം കുട്ടി നല്ല മുഴുത്ത കല്ലുകളുമായി ഒരു മരുപ്പച്ചയിലെത്തി. തണല്‍ വീണുകിടക്കുന്ന ആ മരുപ്പച്ചയിലെങ്ങും ഈത്തപ്പനകള്‍ കുലച്ചുനിന്നിരുന്നു.
അവന്‍ വേഗം പനക്കെറിയാന്‍ തുടങ്ങി. പഴങ്ങള്‍ കൊഴിഞ്ഞു. കുറെ കഴിഞ്ഞു ഏറു നിര്‍ത്തി വീണ പഴങ്ങള്‍ പെറുക്കിത്തിന്നുക. വയറു നിറഞ്ഞപ്പോള്‍ അവനെണീറ്റുപോയി.
കല്ലെറിഞ്ഞാല്‍ പനക്കു കേടുപറ്റുമെന്നോ, തോട്ടത്തിന്റെ ഉടമസ്ഥരറിഞ്ഞാല്‍ തന്നെ പിടികൂടുമെന്നോ ഒന്നും കുട്ടി ആലോചിച്ചിരുന്നില്ല.
ഒരു നാള്‍ അതു സംഭവിച്ചു- തോട്ടത്തിന്റെ ഉടമസ്ഥര്‍ പാര്‍ത്തിരുന്ന് കുട്ടിയെ പിടിച്ചു. അവരവനെ മുഹമ്മദ് നബി ﷺ യുടെ മുമ്പിലാണ് ഹാജരാക്കിയത്.
വല്ലാത്ത പരിഭ്രമത്തോടെയാണ് കുട്ടി നബി ﷺ യെ നേരിട്ടത്. അദ്ദേഹം കോപിക്കുമോ; തന്നെ ശകാരിക്കുമോ? അവന്‍ നിന്നുവിറച്ചു. പ്രവാചകനാകട്ടെ, വളരെ ശാന്തനായി, സൗമ്യനായി;
“എന്തിനാണ് കുഞ്ഞേ നീ മരത്തില്‍ കല്ലെറിയുന്നത്?” എന്ന് വെറുതെ അറിയാന്‍ എന്ന മട്ടില്‍ ചോദിച്ചു.
“ഈത്തപ്പഴം കിട്ടാനാ” എന്നിട്ടവന്റെ നിഷ്‌കളങ്കമായി ചോദ്യം; “കല്ലെറിയാതെ എങ്ങന്യാ ഈത്തപ്പഴം കിട്ടുക?” വിവേകമില്ലാത്തതുകൊണ്ടാണ് കുട്ടി ഈ തെറ്റു ചെയ്യുന്നതെന്ന് പ്രവാചകന്നുറപ്പായി. ആ കുട്ടി ഒരു ക്രൂരനല്ലെന്നും വകതിരിവില്ലാത്തവന്‍ മാത്രമണെന്നും നബി ﷺ യറിഞ്ഞു. നയത്തില്‍ പറഞ്ഞു തിരുത്താവുന്നതേയുള്ളു.
“മേലാല്‍ ഒരു മരത്തിനും കല്ലെറിയരുത് കേട്ടോ.” നബി ﷺ അവനെ സ്‌നേഹപൂര്‍വം തലോടിക്കൊണ്ട് പറഞ്ഞു. “ എറിഞ്ഞാല്‍ മരത്തിനു പരിക്കുപറ്റും, പിന്നെ അതൊരിക്കലും പഴം തരില്ല, മനസ്സിലായോ? തിന്നാനാണെങ്കില്‍ താനേ കൊഴിയുന്നവ തന്നെയുണ്ടല്ലോ”
നബി ﷺ ആ കുട്ടിയെ നെറുകയില്‍ കൈവച്ചനുഗ്രഹിച്ചു. അവനുവേണ്ടി പ്രാര്‍ത്ഥിച്ച ശേഷമാണ് പറഞ്ഞയച്ചത്.
*الصّلاة والسّلام عليك يا رسول اللّه*
Post a Comment