ഇതാണെന്റെ മുത്ത് നബി(സ്വ)

*💦ഇതാണെന്റെ മുത്ത് നബി(സ്വ)💦*
~~~~~~~~~~~~~~~~~
ഒരു ദരിദ്രനായ സ്വഹാബി ഏറെ കാലമായി ആഗ്രഹിക്കുകയായിരുന്നു നബി തിരുമേനിക്ക് ഒരു സമ്മാനം കൊടുക്കണമെന്ന്. പലരും വലിയ സമ്മാനങ്ങള്‍ കൊടുക്കുന്നുണ്ട്. തനിക്ക് പക്ഷെ അതിനൊന്നും കഴിയില്ല. കഠിനമായി ശ്രമിച്ചും മിച്ചംവെച്ചും അവസാനം അദ്ദേഹം ഒരു സമ്മാനം തരപ്പെടുത്തി. ഒരു പൊതി മുന്തിരി. അതുമായി അത്യാഹ്ലാദപൂര്‍വ്വം നബിതിരുമേനിയുടെ മുമ്പിലെത്തി. നബിയുടെ നേരെ തന്റെ ഹദ്‌യ നീട്ടി. സസന്തോഷം നബി(സ) അതു സ്വീകരിച്ചു. ദാതാവിനോട് നന്ദിയോടെ പുഞ്ചിരിച്ചു. തന്റെ ജീവിതത്തില്‍ ഒരു മഹാനേട്ടം കൈവരിച്ച പ്രതീതിയായിരുന്നു അപ്പോള്‍ ആ ദരിദ്ര സ്വഹാബിക്ക്.
നബിതിരുമേനി പൊതി തുറന്ന് ഒരു മുന്തിരിയെടുത്തു കഴിച്ചു. പിന്നെയും മറ്റൊന്നെടുത്തുകഴിച്ചു. പിന്നെയും പിന്നെയും ഓരോന്നെടുക്കുകയും സന്തോഷത്തോടെ നബി കഴിച്ചുകൊണ്ടേയിരുന്നു. ദരിദ്രനായ ആ സ്വഹാബിയുടെ ഉള്ളം നിറഞ്ഞു. സന്തോഷത്തോടെയും സ്തുതിയോടെയും അദ്ദേഹം തിരിച്ചുപോയി. ഈ രംഗം പക്ഷെ, നബിതിരുമേനിയുടെ സദസ്സിലുണ്ടായിരുന്ന സ്വഹാബിമാരെ തെല്ലുഞെട്ടിക്കുക തന്നെ ചെയ്തു. കാരണം ആരെങ്കിലും ഹദ്‌യ കൊടുത്താല്‍ അതില്‍ നിന്ന് അല്‍പ്പം കഴിച്ച് ബാക്കി സദസ്യര്‍ക്ക് വിതരണം ചെയ്യാറാണ് പതിവ്. ഇവിടെ അതുണ്ടായില്ല, അതാണ് അവരുടെ ഞെട്ടല്‍. അവരില്‍ പലരുടെയും ക്ഷുത്തടങ്ങിയിരുന്നതുതന്നെ നബി (സ)കൊടുക്കുന്ന 'വല്ലതും' കൊണ്ടായിരുന്നു. അതല്ലെങ്കില്‍ തന്നെ നബിയുടെ കരങ്ങളില്‍ നിന്ന് ലഭിക്കുന്നത് എന്തും അവര്‍ക്ക് വിലപ്പെട്ടതായിരുന്നു. അതിനാല്‍ നബി (സ) പതിവു തെറ്റിച്ചത് അവര്‍ക്ക് അസ്വസ്ഥതയായി.
അവരില്‍ ചിലര്‍ അത് നബിയോട് ആരായുകയും ചെയ്തു. അപ്പോള്‍ നബിതിരുമേനി പറഞ്ഞു: 'ആ ദരിദ്രന്‍ തന്നത് സത്യത്തില്‍ പുളിയുള്ള മുന്തിരിയായിരുന്നു. ആദ്യം കഴിച്ചപ്പോള്‍ തന്നെ എനിക്കതു മനസ്സിലായിരുന്നു. അതെങ്ങാനും ഞാന്‍ നിങ്ങളില്‍ ഒരാള്‍ക്കു നല്‍കുകയും നിങ്ങളത് വായില്‍ വെക്കുകയും ചെയ്തിരുന്നു എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും പ്രതികരിക്കുമായിരുന്നു. ഒന്നുകില്‍ ആ ദരിദ്രനോട് തട്ടിക്കയറും. അല്ലെങ്കില്‍ അയാളുടെ മുഖത്തുനോക്കി തുപ്പിക്കളഞ്ഞ് അനിഷ്ടം രേഖപ്പെടുത്തും. ഒന്നുമില്ലെങ്കിലും മുഖം ചുളിക്കുകയെങ്കിലും ചെയ്യും. അപ്പോഴുണ്ടാകുന്ന നിരാശയും വേദനയും ആ പാവപ്പെട്ടവന്റെ മനസ്സിലുണ്ടാക്കുന്ന ആഘാതങ്ങള്‍ ചെറുതായിരിക്കില്ല. അയാളാണെങ്കിലോ നിങ്ങള്‍ കണ്ടില്ലേ, വലിയ സന്തോഷത്തിലുമാണ്. അതിനാല്‍ ആ മനസ്സിനെ വേദനിപ്പിക്കേണ്ട എന്നു കരുതിയാണ് നിങ്ങള്‍ക്കു തരാതിരുന്നതും കഴിക്കാന്‍ കൊള്ളാത്തതായിട്ടുപോലും ഞാന്‍ അതു മുഴുവനും കഴിച്ചതും'.
ഇതാണ് എന്റെ മുത്ത് നബി(സ).
ഹബീബിന്റെ ജീവിതം മാതൃകയാക്കി ജീവിക്കാൻ നമുക്കു സാധിക്കട്ടെ..ആമീൻ.🤲