തലമുടിയിലെ ഇസ്‌ലാമിക മസ്'അലകൾ
🌹 *തലമുടിയിലെ ഇസ്‌ലാമിക മസ്'അലകൾ* 🌹
1⃣7️⃣6️⃣ഇസ്ലാമിക പഠനങ്ങൾ
*✍🏽മദീനയുടെ👑വാനമ്പാടി*
ഒരു മുസ്ലിമിന്റെ ജീവിതത്തിന്റെ എല്ലാ ജീവിത ഘട്ടങ്ങളിലും എങ്ങനെ ജീവിക്കണമെന്ന് അല്ലാഹുവിന്റെ ഹബീബ് മുഹമ്മദ് നബി (സ) നമ്മോടു ഉണർത്തിയിട്ടുണ്ട്. അത് ഏതു മേഖല എടുത്തു പരിശോധിച്ചാലും പകൽപ്പോലെ വ്യക്തമാകുന്ന കാഴ്ചയാണ് വിമർശകർക്ക് പോലും കാണാൻ കഴിയുന്നത്. ഇസ്ലാം സൗന്ദര്യത്തിനു പ്രാധാന്യം നൽകുന്നുണ്ട്. നമ്മുടെ വസ്ത്ര ധാരണം എങ്ങനെ ആകണം , ഏതൊക്കെ ധരിക്കൽ അനുവദനീയമാണ് , എങ്ങനെ സൗന്ദര്യം സംരക്ഷിക്കണം എന്നൊക്കെ നമുക്ക് കാണാൻ സാധിക്കും.
ഈ വായനയിലൂടെ നമ്മുടെ മുടി ഇസ്ലാമിക രീതിയിൽ എങ്ങനെ പരിപാലിക്കണം എന്നൊരു വിശകലനം മാത്രമാണ് .
നബി (സ) പറഞ്ഞു :"മുടിയുള്ളവൻ അതിനെ ആദരിക്കട്ടെ". (അബൂദാവൂദ്)
ബർറാ (റ) പറയുന്നു : നബി (സ)ക്ക് ചെവിക്കുന്നിയുടെ മേൽ മുടിയുണ്ടായിരുന്നു. (ബുഖാരി, മുസ്‌ലിം റഹ്).
ആയിശ (റ) പറയുന്നു : നബി (സ)യുടെ തലമുടി 'വഫ്‌റത്തി'ന്റെ മേലെയും 'ജുമ്മത്തി'ന്റെ താഴെയുമായിരുന്നു. (അബൂദാവൂദ്, തുർ മുദി). ചെവിക്കുന്നിയിലേക്ക് എത്തുന്ന മുടിക്ക് 'വഫ്‌റത്ത്' എന്നും ചുമലിന്റെ അടുത്തേക്ക് എത്താവുന്ന മുടിക്ക് 'ജുമ്മത്ത്' എന്നും പറയുന്നു. (ഫത്‌ഹുൽബാരി)
അനസുബ്നു മാലിക്ക് (റ) പറയുന്നു : നബി (സ)യുടെ മുടി ചീകിവെച്ചതായിരുന്നു. അത് പൂർണ്ണമായും നിവർന്നതോ മുഴുവനായി ചുരുണ്ടതോ ആയിരുന്നില്ല. അത് അവിടുത്തെ ഇരു ചെവികളുടേയും ചുമലിന്റേയും ഇടയിലായിരുന്നു. (ബുഖാരി റഹ്).
അബൂഖതാദ (റ) പറയുന്നു : തന്റെ തലമുടി നീണ്ടു തോൾ വരെ എത്തിയിരുന്നു. അതിനേക്കുറിച്ച് നബി (സ)യോട് ചോദിച്ചു. അപ്പോൾ അതിനെ നല്ല നിലയിൽ പരിചരിക്കാനും എല്ലാ ദിനവും ചീകിവെക്കാനും അദ്ദേഹം കൽപ്പിച്ചു. (നസാഇ റഹ്) എന്നാൽ അമിതമായി മുടി ചീകിയൊതുക്കുന്നതിനെ നബി (സ) നിരോധിച്ചു. ഉബൈദ് (റ) പറയുന്നു : അമിതമായി മുടി ചീകുന്നത് നബി (സ) വിലക്കി. (നസാഇ റഹ്).
ആയിശ (റ) പറയുന്നു : നബി (സ) മുടി ചീകുന്നതിലും അംഗ സ്നാനത്തിലും കഴിയുന്നത്ര വലതുഭാഗത്ത് നിന്ന് തുടങ്ങാൻ ഇഷ്ടപ്പെട്ടിരുന്നു. (ബുഖാരി റഹ്)
*മുടി ഭാഗികമായി കളയൽ*
അബ്ദുലില്ലാഹിബിന് ഉമര്‍(റ) പറയുകയാണ്: ''ഒരിക്കല്‍ നബി(സ്വ) ഒരു കുട്ടിയെ കണ്ടു. അവന്റെ തലമുടിയില്‍ നിന്ന് ചില ഭാഗങ്ങള്‍ വടിച്ചു കളയുകയും മറ്റു ഭാഗങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. അപ്പോള്‍ നബി(സ്വ) അത് അവനോട് അത് നിരോധിച്ചു. എന്നിട്ടു പറഞ്ഞു: 'ഒന്നുകില്‍ മുഴുവന്‍ വടിച്ചു കളയുക. അല്ലെങ്കില്‍ മുഴുവന്‍ വിട്ടേക്കുക'' (അബു ദാവൂദ് റഹ്).
ഇബ്‌നു ഉമർ (റ) നിവേദനം : നബി (സ) 'ഖസഅ്' നിരോധിച്ചു. അപ്പോൾ ഞാൻ ചോദിച്ചു : "എന്താണ് ഖസഅ്?" അപ്പോൾ പറയപ്പെട്ടു "തലമുടി കുറെ കളയുകയും കുറെ കളയാതിരിക്കുകയും ചെയ്യലാണ് അത്". (മുസ്‌ലിം റഹ്)
തലയുടെ ചുറ്റുമുള്ള മുടി കളയുകയും നടുക്ക് അവശേഷിപ്പിക്കുകയും ചെയ്യുന്ന സമ്പ്രദായം അവർക്കിടയിലുണ്ടായിരുന്നു. അത് വെറുക്കപ്പെട്ടതാണെന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചിട്ടുണ്ട്. (ശറഹു മുസ് ലിം). ഉബൈദ് (റ) നോട് ഈ വിഷയം സംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു : "ചെന്നിയിലേയും പിരടിയിലേയും മുടി നീക്കുന്നതിനു വിരോധമില്ല". (ബുഖാരി റഹ്).
ഇബ്‌നു ഉമര്‍(റ) പറഞ്ഞു: ''തലമുടിയില്‍ നിന്ന് ചില ഭാഗങ്ങള്‍ പൂര്‍ണമായി വടിച്ചു കളഞ്ഞു കൊണ്ട് മറ്റു ചില ഭാഗങ്ങള്‍ വിട്ടേക്കുന്നതിനെ നബി(സ്വ) വിരോധിച്ചിട്ടുണ്ട്'' (ബുഖാരി, മുസ്‌ലിം റഹ്).
ഈ ഹദീഥിനെ വിവരിച്ചുകൊണ്ട് ഇമാം ഇബ്‌നുല്‍ ഖയ്യിം തന്റെ 'അഹ്കാമല്‍ മൗലൂദ്' എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ''നബി(സ്വ) നിരോധിച്ച 'ഭാഗികമായ മുടി വെട്ടല്‍' എന്നാല്‍ കുട്ടിയുടെ തലയിലെ മുടിയില്‍ നിന്ന് അല്‍പം പൂര്‍ണമായി എടുക്കുകയും അല്‍പം പൂര്‍ണമായി വിട്ടേക്കുകയും ചെയ്യുകയെന്നതാണ്. അതാവട്ടെ. നാലു രൂപത്തിലാണ്:
1. ചില വ്യത്യസ്ത ഭാഗങ്ങളിൽനിന്നും പൂർണ്ണമായി കളയുക.
2. തലയുടെ മധ്യ ഭാഗത്തു നിന്ന് പൂര്‍ണമായി മുടി എടുത്തു കളയുക; ചുറ്റു ഭാഗത്തിലും മുടി വിട്ടേക്കുക.
3. തലയുടെ ചുറ്റിലും പൂര്‍ണമായി വടിച്ചുകളയുകയും മധ്യഭാഗത്ത് മുടി വിട്ടേക്കുകയും ചെയ്യുക. (ഇന്നത്തെ കുട്ടികളില്‍ കാണപ്പെടുന്നത് പോലെ).
4. മുന്‍ഭാഗത്തെ മുടി വെട്ടിക്കളയുകയും പിന്‍ഭാഗത്തേത് പൂര്‍ണമായും നിലനിര്‍ത്തുകയും ചെയ്യുക. (ഈ രീതികളിലെല്ലാം മുടിവെട്ടുന്നതിനെ ഇസ്‌ലാം നിരോധിച്ചിരിക്കുന്നു).''
*സ്ത്രീകളിലെ മുടി കളയൽ*
അലി (റ) പറഞ്ഞു : "സ്ത്രീകൾ തലമുടി കളയുന്നത് നബി (സ) നിരോധിച്ചിരിക്കുന്നു". (നസാഇ റഹ് )
മറ്റൊരു നിവേദനം ഇങ്ങനെയാണ് : "സ്ത്രീകൾക്ക് മുണ്ഡനമില്ല. അവർക്കുള്ളത് മുടിവെട്ടൽ മാത്രമാണ്". (അബൂദാവൂദ് റഹ് )
പരിചരിക്കാൻ സൗകര്യത്തിനു വേണ്ടിയോ സൗന്ദര്യം ഉദ്ദേശിച്ചോ സ്ത്രീകൾക്ക് മുടി വെട്ടിച്ചെറുതാക്കുന്നത് നിരോധിക്കപ്പെട്ടതല്ല. പ്രവാചക പത്നിമാർ അങ്ങനെ ചെയ്യാറുണ്ടായിരുന്നു. പക്ഷേ ഒരിക്കലും പുരുഷരൂപത്തിലാകരുത്. (അൽ അജ്‌വിബത്തുന്നാഫിഅ)
മരണമോ മറ്റു ദുരന്തങ്ങളോ വന്നുപെട്ടത് നിമിത്തം ദുഃഖാര്‍ത്തരായതിനാല്‍ നീണ്ട ദിവസങ്ങള്‍ മുടി വെട്ടി ചിട്ടപ്പെടുത്താതെ തുടരുന്നതും നബി(സ്വ) അനുവദിച്ചിരുന്നില്ല. മരണം മൂലം ഉണ്ടാകുന്ന ദുഃഖാചരണം കൂടിയാല്‍ മൂന്നു ദിവസമാണ്. അത് കഴിഞ്ഞാല്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങണം. മുഅ്തഃ യുദ്ധത്തില്‍ മരിച്ച പിതൃവ്യന്‍ ജഅ്ഫര്‍(റ)വിന്റെ കുടുംബത്തിന്റെ അവസ്ഥയെ കുറിച്ച് അബ്ദുല്ലാഹിബ്‌നു ജഅ്ഫര്‍(റ) പറയുന്നു: ''നബി(സ്വ)ജഅ്ഫ്റിന്റെ കുടുമ്പത്തിനു മൂന്നു ദിവസം (ദുഃഖാചരണത്തിന്ന്) സാവകാശം നല്‍കി. പിന്നീട് അവരുടെ അടുത്ത് ചെന്ന് പറഞ്ഞു: 'എന്റെ സഹോദരന്റെ കാര്യത്തില്‍ ഇനി നിങ്ങള്‍ കരഞ്ഞ് ഇരിക്കരുത്.' എന്നിട്ടു പറഞ്ഞു: 'എന്റെ സഹോദരന്റെ മക്കളെ എനിക്ക് വിളിച്ചു തരൂ.' അപ്പോള്‍ ഞങ്ങളെല്ലാം അദ്ദേഹത്തിന്റെ അടുത്ത് കൊണ്ടുവരപ്പെട്ടു. എന്നിട്ട് നബി(സ്വ) പറഞ്ഞു: 'ഒരു ബാര്‍ബറെ കൊണ്ട് വരൂ.' അങ്ങനെ നബി(സ്വ) അവരോട് കുട്ടികളുടെ മുടിയെല്ലാം കളയാന്‍ കല്‍പിച്ചു'' (അബൂദാവൂദ്). (അവരെ ജീവിതത്തിന്റെ സാധാരണ അവസ്ഥയിലേക്ക് മടക്കി കൊണ്ടുവരുവാനും മുടി വെട്ടാനും നബി(സ്വ) തന്നെ മുന്‍കൈ എടുത്തു എന്നര്‍ഥം).
തലമുടി കളയല്‍ നിരുപാധികം സുന്നത്തില്ല. എന്നാല്‍ കളയാധിരിക്കല്‍ കൊണ്ട് ബുദ്ധിമുട്ടുണ്ടാവുകയോ മുടി പരിപാലിച്ചു നിര്‍ത്താന്‍ പ്രയാസകരമാവുകയോ ചെയ്താല്‍ കളയല്‍ സുന്നത്താണ്.അതുപോലെ ഹജ്ജ്-ഉംറ, ഇസ്‌ലാം മതം സ്വീകരിക്കുക എന്നിവയുമായി ബന്ധപ്പെട്ടു തലമുടി കളയല്‍ സുന്നത്താണ്. പ്രസവിക്കപ്പെട്ട കുഞ്ഞിന്റെ മുടി കളയലും സുന്നത്താണ്. മുടി കളയാതിരിക്കല്‍ മോശമായി കണക്കാക്കപ്പെടുന്ന വേളയിലും കളയല്‍ സുന്നത്തുണ്ട്. (അലിയ്യുശബ്‌റാ മല്ലിസി (2/342 നോക്കുക.)
*വെപ്പുമുടി*
നജസായ മുടിയോ മനുഷ്യരുടെ മുടിയോ തന്റെ മുടിയോട് കൂട്ടിച്ചേര്‍ത്തുവെക്കല്‍ സ്ത്രീ പുരുഷ ഭേദമന്യേ ഹറാമാണ്.
സ്വന്തം തലയില്‍നിന്നു വേര്‍പ്പെട്ട മുടിതന്നെയായാലും അത് മുടിയോട് ചേര്‍ത്തുവെക്കാവുന്നതല്ല. കാരണം മനുഷ്യ മുടിക്ക് പ്രത്യേകം ആദരവുണ്ട്. അത് കുഴിച്ചുമൂടാനാണ് കല്‍പന.
അസ്മാഉ ബിൻത് അബീബക്കർ (റ) പറയുന്നു.ഒരു സ്ത്രീ നബി (സ) അടുക്കൽ വന്ന് പറഞ്ഞു . നബിയേ , എന്റെ മംഗല്യ വതിയായ മകൾക്ക് അഞ്ചാം പിടികൂടുകയും , മുടി കൊഴിഞ്ഞ് വീഴുകയും ചെയ്തു . ഞാൻ അൽപ്പം മുടി അവളുടെ തലയിൽ കൂട്ടി ചേർക്കട്ടയോ ?
അപ്പോൾ നബി(സ) അരുളി . മുടി ചേർത്ത് വെക്കുന്നവളേയും , വെക്കാൻ ആവശ്യമുന്നയി ക്കുന്നവളേയും അല്ലാഹു ശപിച്ചിരിക്കുന്നു .( മുസ്ലിം 3 : 1676 )
ജാബിർ (റ) ൽ നിന്ന് നിവേദനം .അദ്ദേഹം പറഞ്ഞു .നബി(സ) ഒരു പെണ്ണ് തന്റെ തലമുടിയോട് മറ്റൊന്ന് ( മുടി ) ചേർത്ത് വെക്കുന്നതിനെ ശകാര സ്വരത്തിൽ എതിർത്തിരിക്കുന്നു .( മുസ്ലിം 3 : 1679 )
മനുഷ്യ മുടി വില്‍പന നടത്തല്‍ അനുവദനീയമല്ല. മനുഷ്യരുടെതല്ലാത്ത ശുദ്ധമായ മുടി അല്ലെങ്കില്‍ മുടിയോട് തുല്യമായ കൃത്രിമമായ മുടി ഭര്‍ത്താവിന്റെ അനുമതിയോടെ ഭാര്യക്ക് തന്റെ മുടിയോട് കൂട്ടിച്ചേര്‍ത്തുവെക്കാവുന്നതാണ്.(ശര്‍വാനി: 2/128, ഇആനത്ത്: 2/33).
കഷണ്ടിത്തലയുള്ളവന്‍ വെപ്പു മുടി വെച്ച് അലങ്കാരം നടത്തുന്ന സമ്പ്രദായം ഇന്നു വ്യാപകമായിട്ടുണ്ട്. മനുഷ്യരുടെ മുടിയോ നജസായ മുടിയോ ആണ് വെപ്പുമുടി എങ്കില്‍ അതു നിഷിദ്ധമാണ്. മനുഷ്യരുടേതല്ലാത്ത ശുദ്ധമായ മുടിയോ മറ്റു ശുദ്ധമായ കൃത്രിമ മുടിയോ വെക്കുന്നവര്‍ തലയുടെ തൊലിയിലേക്ക് വെള്ളം ചേരുമോ ഇല്ലയോ എന്ന കാര്യം ശ്രദ്ധിക്കണം.
രണ്ടു രൂപത്തില്‍ വെപ്പു മുടി പിടിപ്പിക്കലുണ്ടെന്നാണ് പറയപ്പെടുന്നത്. ഇഷ്ടാനുസരണം തലയില്‍നിന്നെടുത്തുമാറ്റാന്‍ പറ്റുന്ന വിധവും പറ്റാത്ത വിധവും. എടുത്തുമാറ്റാന്‍ സാധിക്കുന്നതാണെങ്കില്‍ കുളിക്കുമ്പോള്‍ എടുത്തുമാറ്റുന്ന പക്ഷം വെള്ളം ചേരാത്ത പ്രശ്‌നം ഉദിക്കുന്നില്ല.
എന്നാല്‍, എടുത്തുമാറ്റാന്‍ കഴിയാത്ത വിധം പിടിപ്പിക്കുന്നത് തലയുടെ രോമക്കുത്തില്‍ ഉറപ്പിച്ചുകൊണ്ടാണത്രെ ചെയ്യുന്നത്. ഇങ്ങനെയുള്ള മുടിവെപ്പില്‍ ഓരോ രോമക്കുത്തിലേക്കും വെള്ളം ചേര്‍ന്നിട്ടില്ലെങ്കില്‍ കുളി സാധുവല്ല.
അതുമൂലം മുകളില്‍ വവരിച്ച അപകടങ്ങളെല്ലാം ഇവിടെയും സംഭവിക്കുന്നു. വെപ്പുമുടി ശരീരത്തിന്റെ ഭാഗമായി ഒരിക്കലും പരിഗണിക്കപ്പെടില്ല.
*മുടി കളര്‍ ചെയ്യാമോ?*
നരച്ച മുടി മഞ്ഞ അല്ലെങ്കില്‍ ചുവപ്പ് നിറം കൊണ്ട് കളര്‍ ചെയ്യല്‍ സുന്നതാണെന്ന് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കറുപ്പ് നിറം നല്‍കല്‍ ഹറാമുമാണ്. കറുത്ത താടി വെളുപ്പിക്കുന്നത് കറാഹതാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയതില്‍ നിന്ന് മുടിയുടെ വിധിയും അത് തന്നെയാണെന്ന് മനസ്സിലാക്കാം. കറുത്ത മുടിക്ക് മറ്റു ചായങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് പ്രത്യേക വിധികളൊന്നും വന്നിട്ടില്ല. പക്ഷെ കറുത്ത മുടിക്ക് മറ്റു നിറം നല്‍കല്‍ വളരെ പ്രയാസകരമാണ്. അത് കൊണ്ട് തന്നെ അതില്‍ വെള്ളം ചേരാന്‍ സാധ്യത വളരെ കുറവാണ്. . വെള്ളം ചേരുന്നതിനെ തടയുന്ന രീതിയില്‍ തലമുടിയിലോ മീശയിലോ താടിയിലോ ചായം കൊടുത്താല്‍ (ഇന്ന് വിപണിയിലുള്ളത് അത്തരത്തിലുള്ളതാണെന്ന് പറയപ്പെടുന്നു) നിഷിദ്ധമായ ഒരു കാര്യം ചെയ്തു എന്നതിലുപരി ഒട്ടേറെ അപകടങ്ങള്‍ അതുമൂലം സംഭവിക്കുന്നു. അങ്ങനെ അനവധി നിഷിദ്ധകാര്യങ്ങള്‍ വന്നുചേരുന്നു:അവന്റെ വുളൂ, കുളി തുടങ്ങിയവയൊന്നും സാധുവാകുകയില്ല. കുളി നിര്‍ബന്ധമായവന്റെ ശുചീകരണം ശരിയാവാതെ വരുമ്പോള്‍ വലിയ അശുദ്ധി നിലനില്‍ക്കുന്നു. അതിനാല്‍, പള്ളിയില്‍ പ്രവേശിക്കല്‍ നിഷിദ്ധമാകുന്നു. പള്ളിയില്‍ ചെലവഴിച്ച അത്രയും സമയം നിഷിദ്ധം ചെയ്ത കുറ്റം ലഭിക്കുന്നു. ജുമുഅയോ ജമാഅത്തോ നിസ്‌കാരംപോലുമോ ലഭിക്കുന്നില്ല.
*ഹെയർ ഫിക്സിങ് അനുവദനീയമാണോ?*
ആവശ്യമായി വരുമ്പോൾ എടുത്തു മാറ്റാൻ കഴിയും വിധം ശുദ്ധിയുള്ള നാരുകൾ കൊണ്ടോ നജസല്ലാത്ത രോമങ്ങൾ കൊണ്ടോ മനുഷ്യമുടി അല്ലാത്തതു കൊണ്ടോ ഹെയർ ഫിക്സിങ് അനുവദീയമാണ് എന്നാൽ എടുത്തു മാറ്റാൻ കഴിയാത്ത വിധം ഹെയർ ഫിക്സിങ് ചെയ്യുകയും അതുമൂലം വുളൂ, കുളി എന്നിവ സ്വഹീഹാവാതിരിക്കുകയും ചെയ്യുകയാണെങ്കിൽ ഇതനുവദനീയമല്ല ഹറാമാണ് (ശർവാനി 1/187, 2/128)
*നരച്ച മുടി പറിക്കരുത്*
ഇമാം നവവി (റ) പറയുന്നു : നരച്ച മുടി (രോമം) പറിക്കല്‍ കറാഹത്താണ് നബി(സ്വ) തങ്ങള്‍ പറഞ്ഞു "നിങ്ങള്‍ നെരച്ചതിനെ പറിക്കരുത് അത് അന്ത്യ നാളില്‍ മുസ്ലിമിന്റെ പ്രകാശമാണ് " ഇമാം അബൂദാവൂദും മറ്റുള്ളവരും ഉദ്ധരിച്ച ഹദീസാണിത് . ഇപ്രകാരം നമുടെ അസ്ഹാബുകളും കറാഹത്താനെന്നാണ് പറഞ്ഞത് , ഇമാം ഗസ്സാലി (റ) യും ബഗവി (റ) യും അങ്ങനെ വ്യക്തമാക്കിയിട്ടുണ്ട് . ഇനി സ്വഹീഹും വ്യക്തവുമായ ഹദീസിന്റെ വിലക്കുണ്ടായതിനാല്‍ അത് ഹറാമാണെന്ന് പറയപ്പെട്ടാല്‍ ആ അഭിപ്രായവും വിദൂരമല്ല. (സ്വീകരിക്കാവുന്നതാണ്) നെരച്ചത് പറിക്കുന്നത് താടിയില്‍ നിന്നായാലും തലയില്‍ നിന്നായാലും വിധി ഒന്നുതന്നെ. (ശറഹുൽ മുഹദ്ദബ്)
തിരുനബി(സ്വ) പറഞ്ഞു: ‘നര പ്രകാശമാണ്. അത് പറിച്ചെടുക്കുന്നവന്‍ ഇസ്‌ലാമിന്റെ പ്രകാശത്തെയാണ് നശിപ്പിക്കുന്നത്’ (ഇബ്നുഅസാകിര്‍).
‘രക്ഷിതാവേ, ഈ കഠിന ശിക്ഷയില്‍ നിന്നും ഞങ്ങളെ നീ രക്ഷപ്പെടുത്തിയാല്‍ മുമ്പ് ചെയ്തിരുന്ന തിന്‍മകളില്‍ നിന്നും മുക്തരായി നന്‍മ ചെയ്ത് സദ്വൃത്തരായിക്കൊള്ളാം’ എന്ന് പറഞ്ഞ് നരകവാസികള്‍ അട്ടഹസിക്കുമ്പോള്‍ ‘കാര്യങ്ങള്‍ ഗ്രഹിച്ച് കല്‍പനകള്‍ അനുസരിക്കാന്‍ മതിയായ ആയുസ്സ് നിങ്ങള്‍ക്ക് തന്നിരുന്നില്ലേ. അതോടൊപ്പം താക്കീതുകാരന്‍ വരികയും ചെയ്തിരുന്നില്ലേ. അതിനാല്‍ നിങ്ങള്‍ ശിക്ഷ അനുഭവിച്ച് കൊള്ളുക. അക്രമികള്‍ക്ക് ഒരു സഹായിയും ഇല്ല’ എന്ന് അല്ലാഹു അവരോട് പറയുന്നതാണ് (ഖുര്‍ആന്‍ 35/37).
ഇതില്‍ പരാമര്‍ശിച്ച താക്കീതുകാരന്‍ മുടിനരക്കലാണെന്ന് വിശദീകരിക്കപ്പെട്ടിരിക്കുന്നു.
മുടി നരക്കുന്നത് മരണം അടുത്തിട്ടുണ്ടെന്ന താക്കീതിന്റെ സന്ദേശമാണെന്ന ഈ ഖുര്‍ആന്‍ പ്രസ്താവനയോട് ഐക്കപ്പെട്ടു നിരവധി കവികള്‍ വാചാലരായിട്ടുണ്ട്. ‘മരണത്തിന്റെ താക്കീതുകളില്‍ ഒന്നാണ് നര. അതിനാല്‍ മുടിനരച്ചവന് മറ്റൊരു താക്കീതുകാരന്റെ ആവശ്യമില്ല’, ‘നരയും ഇസ്‌ലാം വിശ്വാസവും മനുഷ്യനെ തിന്‍മകളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ മതിയായ ഉപാധികളാണ്’ ഇവ ചില കവിതാ ആശയങ്ങളാണ്.
‘രക്ഷിതാവേ, എന്റെ എല്ലുകള്‍ ദുര്‍ബലമാവുകയും തലമുടി നരക്കുകയും ചെയ്തു’ എന്ന വിശുദ്ധ ഖുര്‍ആന്‍ (19/4) ഉദ്ധരിക്കുന്ന സകരിയ്യ നബി(അ)ന്റെ പ്രാര്‍ത്ഥന വിശദീകരിച്ചു കൊണ്ട് ഇമാം റാസി(റ) രേഖപ്പെടുത്തുന്നു: ‘മനുഷ്യ ശരീരത്തിലെ കൂടുതല്‍ ഉറപ്പുള്ള എല്ലുകള്‍ക്ക് ക്ഷീണം സംഭവിച്ചാല്‍ താരതമ്യേന ഉറപ്പ് കുറഞ്ഞ മറ്റ് ശരീര ഭാഗങ്ങള്‍ കൂടുതലായി ക്ഷീണിച്ചിട്ടുണ്ടാകുമെന്നുറപ്പാണ്. ശരീര ഭാഗങ്ങള്‍ക്കുണ്ടാകുന്ന വ്യാപകമായ ക്ഷീണത്തിന്റെയും ദുര്‍ബലതയുടെയും പ്രകടമായ അടയാളമാണ് നര’.
‘കൊച്ചുകുട്ടികളെ നരപ്പിക്കുന്ന കഠിനക്ലേശമുള്ള ദിവസത്തെ ശിക്ഷയില്‍ നിന്നും സത്യനിഷേധികളായ നിങ്ങള്‍ എങ്ങനെ രക്ഷപ്പെടും’ (73/17) എന്ന ഖുര്‍ആന്റെ പ്രസ്താവന മാനസിക ക്ലേശങ്ങളാണ് പൊതുവെ നരക്ക് ഹേതുവാകുന്നതെന്ന ധാരണകൂടി സാധൂകരിക്കുന്നു. ഇതിന്റെ ശാസ്ത്രീയത ഇമാം റാസി (റ) വിശദീകരിക്കുന്നു: ‘ആത്മാവ് ഹൃദയത്തിന്റെ ഉള്ളിലേക്ക് വലിയാന്‍ കഠിനമായ മനഃക്ലേശങ്ങള്‍ കാരണമാകുന്നു. ആത്മാവ് ഹൃദയാന്തരങ്ങളിലേക്ക് പിന്‍വാങ്ങുന്നത് ശരീരഭാഗങ്ങളിലെ സൃഷ്ടിപരമായ ഊഷ്മാവിനെ കെടുത്താന്‍ നിമിത്തമാകുന്നു. അതിനെതുടര്‍ന്ന് ഭക്ഷണപദാര്‍ത്ഥങ്ങളിലെ പോഷക ഘടകങ്ങള്‍ പൂര്‍ണാര്‍ത്ഥത്തില്‍ ദഹിക്കാതെ അവശേഷിക്കും. തന്നിമിത്തം ശരീരത്തിന്റെ കഫക്കൂറ് ഇതര പ്രകൃതങ്ങളെ കീഴ്പെടുത്തും. അപ്പോള്‍ മുടിയുടെ കറുപ്പ് നഷ്ടപ്പെട്ട് നരക്കുന്നു’.
ഒരിക്കല്‍ അബൂബക്ര്‍ സിദ്ദീഖ്(റ) തിരുനബി(സ്വ)യോട് ചോദിച്ചു: അങ്ങേക്ക് നര ഉണ്ടായല്ലോ? ‘ഹൂദ്, വാഖിഅ, മുര്‍സലാത്ത്, നബഅ്, തക്വീര്‍ എന്നീ ഖുര്‍ആന്‍ അധ്യായങ്ങളിലെ പ്രസ്താവനകള്‍ എന്നെ നന്നായി സ്വാധീനിച്ചതിലുള്ള മനക്ലേശമാണ് പ്രായമാകുന്നതിന് മുമ്പ് തന്നെ എന്നെ നരപ്പിച്ചത്’ എന്ന് അവിടുന്ന് മറുപടി നല്‍കി. എങ്കിലും തിരുനബി(സ്വ)യുടെ ശിരസ്സിലും ദീക്ഷയിലും കൂടി ഇരുപതോളം കേശങ്ങള്‍ മാത്രമാണ് നരച്ചത്. അവയില്‍ പതിനഞ്ചെണ്ണം താഴെ ചുണ്ടിനോട് ചേര്‍ന്നുള്ള കേശങ്ങളായിരുന്നു.
തലയുടെ മുന്‍ഭാഗത്തെ നര അനുഗ്രഹത്തിന്റെയും കൃതാവിലേത് ഔദാര്യത്തിന്റെയും ഉച്ചിയിലേത് ധീരതയുടെയും ലക്ഷണങ്ങളാണ്. പിരടിയിലെ നര ദുശ്ശകുനമാണെന്ന് ഇമാം ദൈലമി(റ) രേഖപ്പെടുത്തിയിട്ടുണ്ട്.
ലോകത്ത് ആദ്യമായി മുടിനരച്ചത് ഇബ്റാഹീം നബി(അ)മിന്‍റേതായിരുന്നു. ഇതെന്താണെന്ന് ഇബ്റാഹീം(അ) അല്ലാഹുവിനോട് ആരാഞ്ഞു. ജനസമക്ഷത്തിലുണ്ടാകുന്ന പ്രൗഢിയുടെയും യശസ്സിന്റെയും പ്രേരകമാണതെന്ന് അല്ലാഹു മറുപടി നല്‍കി. ഉടന്‍ ഇബ്റാഹീം (അ) പ്രാര്‍ത്ഥിച്ചു: ‘രക്ഷിതാവേ നീ എനിക്ക് യശസ്സ് വര്‍ധിപ്പിക്കണേ’ (ഇമാം മാലിക്, മുവത്വഅ്).
‘യശസ്സുള്ളവന്റെ സജ്ജീകരണമാണ് നര. അതിനാല്‍ നരച്ചവരില്‍ നിന്നും നിയമലംഘനങ്ങളും തിന്‍മകളും ഉണ്ടാവുകയില്ല’ എന്ന കവിതാ സാരം നര കൊണ്ടുണ്ടാകുന്ന പ്രൗഢിയുടെ ഫലം വെളിപ്പെടുത്തുന്നു. വാര്‍ധക്യം ബഹുമാനം അര്‍ഹിക്കുന്നു എന്ന അര്‍ത്ഥത്തിലുള്ള ‘നരക്ക് നാല്‍പ്പത് മടങ്ങ്’ എന്ന പഴമൊഴി ഓര്‍ക്കുക.
‘എന്റെ ഔന്നത്യം, യശസ്സ്, ഏകത്വം, സൃഷ്ടികളുടെ എന്നിലേക്കുള്ള ആശ്രയം, അര്‍ശിലുള്ള എന്റെ ആധിപത്യം എന്നിവ കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു: ഇസ്‌ലാമിലായി (മതമാചരിക്കുന്നതിന് ക്ലേശമനുഭവിച്ച്) നരച്ച എന്റെ അടിമകളെ അവരുടെ തിന്‍മകളുടെ പേരില്‍ ശിക്ഷിക്കാന്‍ ഞാന്‍ ലജ്ജിക്കുന്നു’ എന്ന അല്ലാഹുവിന്റെ സന്ദേശം പ്രഖ്യാപിച്ച തിരുനബി (സ്വ) പൊട്ടിക്കരഞ്ഞു. സ്വഹാബത്ത് ചോദിച്ചു: ‘എന്താണ് അങ്ങ് കരയാന്‍ കാരണം.’ അടിമയെ ശിക്ഷിക്കുന്നതില്‍ നിന്നും അല്ലാഹു ലജ്ജിക്കുമ്പോഴും അല്ലാഹുവിന്റെ കല്‍പ്പനകള്‍ ലംഘിക്കുന്നതില്‍ ലജ്ജയില്ലാത്ത മനുഷ്യന്റെ അവസ്ഥ ആലോചിച്ചാണ് ഞാന്‍ കരഞ്ഞതെന്ന് തിരുനബി (സ്വ) മറുപടി നല്‍കി.
നബി(സ്വ) പറഞ്ഞു: ‘ഇസ്‌ലാമിലായി ഒരു മുടി നരച്ചാല്‍ അല്ലാഹു അദ്ദേഹത്തിന് ഒരു നന്‍മ രേഖപ്പെടുത്തുകയും ഒരു പദവി ഉയര്‍ത്തുകയും ഒരു തിന്മ മാപ്പാക്കുകയും ചെയ്യും. അതിനാല്‍ നിങ്ങള്‍ നരച്ച രോമങ്ങള്‍ പറിച്ച് കളയുകയോ വെട്ടിമാറ്റുകയോ ചെയ്യരുത്’ (ബൈഹഖി/സുനനുല്‍ കുബ്റാ).
തിരുദൂതര്‍(സ്വ) വീണ്ടും പറഞ്ഞു: ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരാളുടെ മുടി നരച്ചാല്‍ അന്ത്യദിനത്തില്‍ അവന് വഴികാണിച്ച് കൊടുക്കുന്ന പ്രകാശമാവുമത്’. ഇത് കേട്ട് ഒരാള്‍ ചോദിച്ചു: ചിലരൊക്കെ നരച്ച മുടി പറിച്ച് കളയുന്നുണ്ടല്ലോ? ‘നരച്ചമുടികള്‍ പറിച്ചോ വെട്ടിയോ മാറ്റുന്നവന്‍ അവരുടെ പ്രകാശത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്’ തിരുനബി(സ്വ) മറുപടി പറഞ്ഞു (ത്വബ്റാനി).
അമിതമായി കുങ്കുമം കലര്‍ത്തിയ സുഗന്ധദ്രവ്യങ്ങള്‍, നരനശിപ്പിക്കല്‍, പുരുഷന്‍ വസ്ത്രം നിലത്തിഴക്കല്‍, പുരുഷന്‍ സ്വര്‍ണമോതിരം ധരിക്കല്‍, ചതുരംഗം കളിക്കല്‍, സ്ത്രീകള്‍ അണിഞ്ഞൊരുങ്ങി വീട് വിട്ട് പുറത്തിറങ്ങല്‍ എന്നിവ തിരുനബി (സ്വ) വെറുത്തിരിക്കുന്നു (ബൈഹഖി, സുനനുല്‍ കുബ്റാ).
നബി(സ്വ) പറഞ്ഞു: ‘നരയുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഏറ്റവും നല്ലത് മൈലാഞ്ചിയാണ്’ (ബൈഹഖി). (തല, താടി തുടങ്ങിയ) നീക്കല്‍ സുന്നത്തില്ലാത്ത രോമങ്ങളിലെ നര മൈലാഞ്ചിയോ തത്തുല്യവസ്തുക്കളോ ഉപയോഗിച്ച് ചായം കൊടുക്കുന്നത് സുന്നത്താണ് (നിഹായ, മുഗ്നി).
നര മറച്ചു വെക്കുന്നതിനായി കറുപ്പ് ചായം കൊടുക്കുന്നത് ഹറാമാണ്. ആദ്യമായി നര കറുപ്പിച്ചത് ഫിര്‍ഔന്‍(ഫറോവ) ആണത്രെ (ഇബ്നു അബീ ശൈബ).
ഹിംസ്വിലെ ഗവര്‍ണര്‍ അബ്ദുല്‍ റഹ്മാനുബ്നു ഖുര്‍ത്വ്(റ) പറയുന്നു: ‘ഇബ്റാഹിം നബി(അ)ന് നര ബാധിച്ചപ്പോള്‍ അതിനെ പ്രകാശമായി മനസ്സിലാക്കി അദ്ദേഹം അല്ലാഹുവിനെ സ്തുതിച്ചു. ഹിംസ്വില്‍ ആദ്യമായി ഡൈ ചെയ്ത ഇബ്നുല്‍ ഹിറാബിയ്യ നരയുടെ പ്രകാശം കെടുത്തുകയാണ് ചെയ്തത്. അതിനാല്‍ അല്ലാഹു അയാളുടെ പ്രഭ പരലോകത്ത് കെടുത്തിക്കളയുന്നതാണ്’ (മുഖ്തസ്വര്‍ താരീഖു ദിമശ്ഖ്).
പ്രവാചകരില്‍ നിന്ന് ഉദ്ധരണം: ‘ആരെങ്കിലും നര കറുപ്പിച്ചാല്‍ പരലോകത്ത് അല്ലാഹു അവന്റെ മുഖം കറുപ്പിക്കുന്നതാണ്’ (ത്വബ്റാനി).
‘ഡൈ ചെയ്ത് നര കറുപ്പിച്ചവരെ അന്ത്യ ദിനത്തില്‍ അല്ലാഹു പരിഗണിക്കുകയില്ല’ (ബൂസ്വീരി/ഇത്ഹാഫ്).
നര കറുപ്പിക്കുന്നത് വന്‍ ദോഷങ്ങളില്‍പെട്ട കഠിന കുറ്റമാണെന്ന് ഹദീസുകളിലെ ശക്തമായ താക്കീതുകള്‍ പഠിപ്പിക്കുന്നു (ഇബ്നു ഹജര്‍/സവാജിര്‍).
വിപണിയില്‍ ലഭിക്കുന്ന കൃത്രിമ മൈലാഞ്ചികളിലും വെള്ളം ചേരുന്നതിന് തടസ്സമാകുന്നവയുണ്ട്. നര മനോഹരമാക്കാന്‍ മൈലാഞ്ചി ഉപയോഗിക്കുന്നവര്‍ ഇത് ശ്രദ്ധിക്കണം.
ഇനി മുടിക്ക് നിറങ്ങൾ നൽകുന്നതിന്റെ നിയമങ്ങൾ പരിശോധിക്കാം
*കറുപ്പ് നിറം നൽകൽ*
വിപണിയില്‍ ലഭ്യമായ ഡൈ ചെയ്യാന്‍ ഉപയോഗിക്കുന്ന കറുപ്പ് ചായങ്ങളില്‍ പലതും പെയിന്‍റ്, ക്യൂട്ടക്സ് പോലെ വെള്ളം ചേരുന്നതിന് തടസ്സമാകുന്ന വസ്തുക്കളാണ്. അത്തരം ചായങ്ങള്‍ ഉപയോഗിച്ച് ഡൈ ചെയ്താല്‍ വുളൂഅ്, കുളി എന്നിവ സ്വഹീഹാവുകയില്ല. അത്തരക്കാരുടെ നിസ്കാരം വലിയ അശുദ്ധിയോടെയും വുളൂഅ് ഇല്ലാതെയും ആയിരിക്കും. കാലാകാലം നിസ്കരിക്കാത്തവനായിട്ടാണ് അല്ലാഹുവിന്റെയടുത്ത് അവര്‍ ഗണിക്കപ്പെടുന്നത്.
അതിലുപരി വലിയ അശുദ്ധിയും ചെറിയ അശുദ്ധിയും ഉള്ളതോടെ നിസ്കരിച്ചതിന് കഠിന ശിക്ഷ വേറെയുണ്ടാകും. അവരെ തുടര്‍ന്ന് നിസ്കരിച്ചവന്റെയും നിസ്കാരം സ്വഹീഹാവുകയില്ല.
മയ്യിത്ത് നിസ്കാരത്തിന് അവര്‍ ഇമാമായാല്‍ ആരുടേയും നിസ്കാരം സ്വഹീഹാകാത്തതിനാല്‍ നിസ്കരിക്കാതെ മയ്യിത്ത് ഖബറടക്കിയ പോലെയാവും. നാട്ടിലെ മുഴുവന്‍ മുസ്‌ലിംകളും അതിന്റെ പേരില്‍ കുറ്റക്കാരായിത്തീരും. ഇങ്ങനെ ഡൈ ചെയ്തയാള്‍ മരണപ്പെട്ടാല്‍ ആ മുടി പൂര്‍ണമായും മുറിച്ച് മാറ്റാതെ മയ്യിത്ത് കുളിപ്പിക്കല്‍ സ്വഹീഹാവില്ല. കുളി സ്വഹീഹാകാതെയുള്ള മയ്യിത്ത് നിസ്കാരവും സ്വഹീഹാകില്ല.
യുദ്ധാവശ്യത്തിനുവേണ്ടിയല്ലാതെ തലമുടി, താടി രോമം എന്നിവ കറുപ്പിക്കല്‍ നിഷിദ്ധമാണ്.ഇബ്‌നു അബ്ബാസ് (റ) വില്‍നിന്ന് നിവേദനം: പ്രവാചകന്‍ പറഞ്ഞു: തലമുടിക്കും താടി രോമത്തിനും കറുപ്പ് ചായം പിടിപ്പിക്കുന്ന ഒരു വിഭാഗം അവസാന കാലം ഉണ്ടാകും. അവര്‍ക്ക് സ്വര്‍ഗത്തിന്റെ പരിമണം പോലും ലഭിക്കുകയില്ല (അബൂ ദാവൂദ്, ഹാകിം റഹ് ).
വെള്ളം ചേരുന്നതിനെ തടയുന്ന- ചായം എന്നോ അല്ലാത്തതെന്നോ ഇവിടെ വിത്യാസമില്ല- ഏതു വിധത്തിലുള്ള വസ്തുകൊണ്ട് കറുപ്പിക്കലും ഹറാമാണ്.
നബി(സ) പറഞ്ഞു . കാലാവസാനത്തിൽ ഒരു വിഭാഗമാളുകൾ പ്രാവു കളുടെ മേട പോലെ കറുപ്പ് കളർ കൊടുക്കു ന്നവരായിരിക്കും .അവർ സ്വർഗ്ഗത്തിന്റെ പരിമളം പോലും ആസ്വദിക്കില്ല . ( അബൂ ദാവൂദ് റഹ് )
നബി(സ)യുടെ തിരു സന്നിധിയിലേക്ക് അബൂ കുഹാഫാ (റ)വിനെ കൊണ്ടു വന്നപ്പോൾ അദ്ധേഹത്തിന്റെ വെളു വെളുത്ത തലമുടിയും താടിയും കണ്ടപ്പോൾ നബി( സ ) പറഞ്ഞു . ഈ (നര ) എന്ത് കൊണ്ടെങ്കിലും മാറ്റം വരുത്തുക . കറുപ്പ് നിറം ഒഴിവാക്കുക . ( മുസ്ലിം 3/ 1663 )
വിവാഹിതയായ സ്ത്രീക്ക് ഭര്‍ത്താവിന്റെ സമ്മതത്തോടുകൂടി കറുപ്പിക്കാവുന്നതാണ്. അവള്‍ അഴകും സൗന്ദര്യവും ഭര്‍ത്താവിന്റെ മുമ്പില്‍ പ്രകടമാക്കല്‍ അവന്റെ ആവശ്യമാണല്ലോ. ഇമാം ശിഹാബുദ്ധീന്‍ റംലി (റ) വും ഈ കാര്യം പ്രസ്താവിച്ചിട്ടുണ്ട് (ശര്‍വാനി: 9/375, ഇആനത്ത്: 2/331). വെള്ളം ചേരുന്നതിനെ തടയുന്ന രീതിയിലുള്ളതുകൊണ്ടാണവള്‍ മുടി കറുപ്പിച്ചതെങ്കില്‍ ശുചീകരണവേളയില്‍ അത് നീക്കം ചെയ്യല്‍ നിര്‍ബന്ധമാണ്.
കറുപ്പുനിറം കൊടുക്കാമോ എന്ന വിഷയകമായി *നാല് വീക്ഷണങ്ങളുണ്ട്.*
*ഒന്നാമത്തെ വീക്ഷണം:* ഹമ്പലീ-മാലികീ പണ്ഡിതന്മാരും, അബൂഹനീഫഃ, മുഹമ്മദുബ്‌നുല്‍ ഹസന്‍ എന്നിവരും, ഗസ്സാലിയും ബഗവിയും പറയുന്നതനുസരിച്ച് ശാഫിഈ പണ്ഡിതന്മാരും, മുടിയ്ക്ക് കറുപ്പുചായം കൊടുക്കുന്നത് പാപരഹിതമായ അനഭികാമ്യത (കറാഹത്തു തന്‍സീഹ്) യായാണ് കാണുന്നത്. ശത്രുക്കളുടെ മുമ്പാകെ യൗവ്വനം തോന്നിപ്പിക്കാന്‍ വേണ്ടിയാണെങ്കില്‍ ആകാവുന്നതാണ്. അന്യരെ വഞ്ചിക്കാന്‍ ഉദ്ദേശിച്ച് ചായം പൂശുന്നത് നിഷിദ്ധമാണ്.
മുജാഹിദുബ്‌നു ജബ്ര്‍, അത്വാഅ്, ത്വാവൂസ്, മക്ഹൂല്‍, ശഅ്ബീ എന്നിവര്‍ ഇതേ അഭിപ്രായക്കാരാണ്. ഹനഫീപണ്ഡിതനായ ഇബ്‌നു ആബിദീന്‍ പറയുന്നു: ‘യുദ്ധസാഹചര്യത്തിലല്ലാതെ കറുത്ത ചായം പൂശുന്നത് അനഭിലഷണീയമാണ്.'(ഹാശിയത്തു ഇബ്‌നു ആബിദീന്‍ 6/422)
ഇബ്‌നു അബ്ദില്‍ ബര്‍റില്‍ മാലികീ പറയുന്നു: ‘ കറുപ്പൊഴികെയുള്ളതാണ് എനിക്ക് ഏറ്റവും ഇഷ്ടം എന്ന് മാലിക് പറയുന്നത് ശരിയാണ്. പണ്ഡിതന്മാര്‍ കറുപ്പുനിറം അനഭികാമ്യമായാണ് കാണുന്നത്.(ഇബ്‌നു അബ്ദില്‍ ബര്‍റ്, അല്‍ ഇസ്തിദ്കാര്‍ 27/85, അല്‍കശ്‌നാവി, അസ്ഹലുല്‍ മദാരിക് 3/364.)
ശാഫിഈ പണ്ഡിതനായ നവവി റഹ് എഴുതുന്നു: ‘മുടിയും താടിയും കറുപ്പുചായം പൂശുന്നത് അനാശാസ്യമാണെന്നാണ് പണ്ഡിതാഭിപ്രായം. ഗസ്സാലി റഹ് ഇഹ്‌യാഇലും ബഗവി റഹ് തഹ്ദീബിലും മറ്റു ചിലരും അഭിപ്രായപ്പെടുന്നത് അനഭികാമ്യമാണെന്നാണ്. അവരുടെ അഭിപ്രായത്തിന്റെ പൊതു സ്വഭാവം അത് ‘പാപരഹിതമായ അനഭികാമ്യത’യാണെന്നാണ്’.( നവവി, അല്‍ മജ്മൂഅ് 1/323.)
അബൂഖുഹാഫഃ (റ)യോട് നബി(സ്വ) പറഞ്ഞതായി ജാബിര്‍(റ) ഉദ്ധരിച്ച (കഴിഞ്ഞ പഠനത്തില്‍ ചേര്‍ത്ത) ഹദീസ്. ‘ ഇത് (നര) നിങ്ങള്‍ എന്തെങ്കിലും ഉപയോഗിച്ച് മാറ്റുക. കറുപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കുക.’ ഇബ്‌നുമാജഃയുടെ റിപ്പോര്‍ട്ടില്‍ ഇങ്ങനെയാണുള്ളത്. ‘അദ്ദേഹത്തെ ഭാര്യയുടെ അടുത്തേക്കുകൊണ്ടുപോവുക. അവര്‍ നിറം മാറ്റട്ടെ; കറുപ്പ് ഒഴിവാക്കുക’. (മുസ്‌ലിം, അസ്വഹീഹ് 3/1663, ഇബ്‌നുമാജഃ, അസ്സുനന്‍ 2/1197.)
ഈ ഹദീസ് പ്രകാരം, കറുപ്പുപയോഗിച്ച് നരമാറ്റുന്നത് അനഭിലഷണീയമാണ്.
അനസ് (റ)വില്‍ നിന്ന് നിവേദനം: നബിതിരുമേനി(സ്വ) പ്രസ്താവിച്ചു: ‘നിങ്ങള്‍ നരമാറ്റരുത്. മാറ്റിയേപറ്റൂ എന്നാണെങ്കില്‍ മൈലാഞ്ചിയും കതമും ഉപയോഗിച്ചുകൊള്ളുക. (അത്ത്വബ്‌രി, തഹ്ദീബുല്‍ ആസാര്‍ പേ:505)
ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം: നബി(സ്വ) പ്രസ്താവിച്ചു: ‘അവസാനകാലത്ത്, പ്രാവുകളുടെ മേടപോലെ കറുത്തചായം പൂശുന്ന ആളുകളുണ്ടാകും. അവര്‍ സ്വര്‍ഗത്തിന്റെ സുഗന്ധം ആസ്വദിക്കുകയില്ല.’ നസാഈയുടെ റിപ്പോര്‍ട്ടില്‍ ഇങ്ങനെയാണുള്ളത്: കറുപ്പുചായം പൂശുന്ന ഒരു ‘കൂട്ടമാളുകള്‍’. ത്വബ്‌റാനിയുടെ റിപ്പോര്‍ട്ടില്‍ ‘അവസാനകാലത്ത് മുടി കറുപ്പിക്കുന്ന ഒരു കൂട്ടം ആളുകളുണ്ടാവും. അല്ലാഹു അവരെ കടാക്ഷിക്കുകയില്ല’.(അബൂദാവൂദ്, അസ്സുനന്‍ 4/87, അന്നസാഈ, അസ്സുനന്‍ 8/138, അല്‍ഹൈസമീ, മജ്മഉസ്സവാഇദ് 5/161, ഹദീസിന്റെ പരമ്പര നല്ലതാണെന്ന് ഹൈസമീ പറയുന്നു.)
നബി(സ്വ) പ്രസ്താവിച്ചതായി അബുദ്ദര്‍ദാഅ് ഉദ്ധരിക്കുന്നു: ‘കറുപ്പുചായം പൂശുന്നവരുടെ മുഖം അല്ലാഹു അന്ത്യനാളില്‍ കറുപ്പിക്കുന്നതായിരിക്കും.'(അല്‍ഹൈസമീ, മജ്മഉസ്സവാഇദ് 5/163. ഈ ഹദീസിന്റെ നിവേദക പരമ്പരയിലുള്ള വദീനുബ്‌നു അത്വാഅ് വിശ്വസ്തനാണെന്ന് അഹ്മദും ഇബ്‌നുമഈനും ഇബ്‌നുഹിബ്ബാനും അഭിപ്രായപ്പെടുന്നു. എന്നാല്‍, അവരൊഴികെയുള്ളവര്‍ വദീന്‍ ദുര്‍ബലനാണെന്നും ഇബ്‌നു ഹജര്‍ പരമ്പര ദുര്‍ബലമാണെന്നും അഭിപ്രായപ്പെടുന്നു.)
ഇബ്‌നുഉമര്‍(റ) ഉദ്ധരിക്കുന്നു: നബി(സ്വ) പ്രസ്താവിച്ചു.’സത്യവിശ്വാസിയുടെ ചായം മഞ്ഞയും മുസ്‌ലിമിന്റെ ചായം ചുകപ്പും സത്യനിഷേധിയുടെ ചായം കറുപ്പുമാണ്.' (അല്‍ഹൈസമി, മജ്മഉസ്സവാഇദ് 5/163. നിവേദക പരമ്പരയില്‍ തനിക്കറിയാത്തവരാണെന്ന് ത്വബ്‌റാനി രേഖപ്പെടുത്തിയിട്ടുണ്ട്.)
അത്വാഅ് പറയുന്നു: നബി(സ്വ)യുടെ സഖാക്കളില്‍ ആരും കറുപ്പുചായം പൂശിയതായി ഞാന്‍ കണ്ടിട്ടില്ല. അവര്‍ മഞ്ഞയും കതമും മൈലാഞ്ചിയും മാത്രമാണ് ഉപയോഗിച്ചിരുന്നത് (ഇബ്‌നുഅബ്ദില്‍ ബര്‍റ്, അല്‍ ഇസ്തിദ്കാര്‍ 27/89.)
*രണ്ടാമത്തെ വീക്ഷണം:* ശാഫിഇകളുടെ സുബദ്ധമായ അഭിപ്രായമനുസരിച്ചും ഹമ്പലികളുടെ ഒരു വീക്ഷണമനുസരിച്ചും പുരുഷ-സ്ത്രീ ഭേദമന്യെ കറുപ്പുപയോഗിക്കുന്നത് നിഷിദ്ധമാണ്.
എന്നാല്‍, യുദ്ധസാഹചര്യത്തില്‍ താടി കറുപ്പിക്കാവുന്നതാണ്.
ശാഫിഈ പണ്ഡിതനായ മാവര്‍ദി, അല്‍ഹാവി എന്ന കൃതിയില്‍ എഴുതുന്നു: ‘യുദ്ധസാഹചര്യത്തിലല്ലാതെ കറുപ്പുപയാഗിക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നു’. (അല്‍മാവര്‍ദീ, അല്‍ഹാവീ 2/257.)
ഖല്‍യൂബി എഴുതുന്നു: ‘കറുപ്പുപയോഗിക്കുന്നത് ഹറാമാണെന്നാണ് സുബദ്ധവീക്ഷണമെന്ന് നവവി പ്രസ്താവിച്ചിരിക്കുന്നു. യോദ്ധാക്കള്‍ക്കേ കറുപ്പുപൂശാന്‍ അനുവാദമുള്ളൂ’. (അന്നവവീ, അല്‍മജ്മൂഅ് 1/323, അല്‍മാവര്‍ദീ, അല്‍അഹ്കാമുല്‍സ്സുല്‍ത്വാനിയ്യഃ പേ: 285.)
ഹമ്പലീപണ്ഡിതനായ മര്‍ദാവീഎഴുതുന്നു: ‘യുദ്ധസാഹചര്യമില്ലാത്തപ്പോള്‍ കറുപ്പുപയോഗിക്കുന്നത് ഹറാമല്ല, അനഭിലഷണീയമാണ്’.(അല്‍മാവര്‍ദീ, അല്‍ഇന്‍സ്വാഫ് 1/123.)
*മൂന്നാമത്തെ വീക്ഷണം:* ഹനഫീ മദ്ഹബിലെ അബൂയൂസുഫും മുഹമ്മദുബ്‌നു സീരീനും കറുപ്പ് നിരുപാധികം ഉപയോഗിക്കാമെന്ന പക്ഷക്കാരാണ്. സ്ത്രീകളെ വഞ്ചിക്കാനായിരിക്കരുതെന്നു മാത്രം. മുഹമ്മദുബ്‌നു സീരീന്‍ പ്രസ്താവിക്കുന്നു: ‘സ്ത്രീകളെ വഞ്ചിക്കുക എന്ന ഉദ്ദേശ്യമില്ലെങ്കില്‍ കറുപ്പുചായം ഉപയോഗിക്കുന്നതില്‍ തെറ്റുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നില്ല’.(അദ്ദഹ്‌ലവീ, ഹുജ്ജത്തുല്ലാഹില്‍ബാലിഗഃ 2/367.)
അബൂയൂസുഫ് പറയുന്നു: ‘എന്റെ ഭാര്യ എനിക്ക് വേണ്ടി അലങ്കാരമണിയുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നതുപോലെ ഞാന്‍ അലങ്കാരമണിയുന്നത് എന്റെ ഭാര്യയ്ക്കും ഇഷ്ടമാണ്’.(ഇബ്‌നുആബിദീന്‍, അല്‍ഹാശിയഃ 6/422, അല്‍ഫതാവല്‍ഹിന്ദിയ്യഃ 5/359.)
താഴെ കൊടുത്ത തെളിവുകളാണാധാരം
1- സ്വുഹൈബുല്‍ ഖൈറില്‍ നിന്ന് നിവേദനം: നബി(സ്വ) പ്രസ്താവിച്ചു.’ നിങ്ങള്‍ ചായം പൂശാന്‍ ഉപയോഗിക്കുന്നതില്‍ ഏറ്റവും നല്ലത് കറുപ്പാണ്. അത് ശത്രുഹൃദയങ്ങളില്‍ നിങ്ങളെക്കുറിച്ച് ഭീതിജനിപ്പിക്കുന്നു, നിങ്ങളുടെ ഭാര്യമാര്‍ക്ക് നിങ്ങളില്‍ താല്‍പ്പര്യം ജനിപ്പിക്കുന്നു’.(ഇബ്‌നുമാജഃ, അസ്സുനന്‍ 2/1197.)
2- ഉമ്മുശബീബില്‍ നിന്ന് നിവേദനം: മുടി കറുപ്പിക്കുന്നതിനെക്കുറിച്ച് അവര്‍ ആഇശഃയോട് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: ‘എന്റെ മുടി കറുപ്പിക്കാന്‍ വല്ലതും ഉപയോഗിച്ചാലോ എന്ന് ഞാന്‍ ആഗ്രഹിച്ചു’.(അത്ത്വബരീ, തഹ്ദീബുല്‍ ആഥാര്‍ പേ: 473, ഇബ്‌നു സഅ്ദ്, അത്ത്വബഖാത്ത് 8/487.)
3- ധാരാളം സ്വഹാബികളും താബിഈങ്ങളും മുടികറുപ്പിച്ചിരുന്നതായി ചരിത്രത്തില്‍ കാണാം.
(എ) ‘ഹസന്‍(റ) കറുപ്പുചായം ഉപയോഗിക്കുന്നതില്‍ യാതൊരു അനൗചിത്യവും കണ്ടിരുന്നില്ല’.(അത്ത്വബരി, അതേകൃതി, പേ: 475.)
(ബി) ഉമറുബ്‌നു സഅ്ദില്‍ നിന്ന് നിവേദനം: ‘(എന്റെ പിതാവ്) സഅ്ദ് കറുപ്പ് ചായം പൂശിയിരുന്നു’.(അല്‍ഹൈസമീ, മജ്മഉസ്സവാഇദ് 5/162.)
(സി) അംറുബ്‌നുല്‍ ആസ്വിന്റെ നരച്ചമുടി കാക്കയുടെ ചിറകിന്റെ കറുപ്പുപോലെ കറുത്തതുകണ്ട ഉമര്‍(റ) ചോദിച്ചു.’അബൂ അബ്ദില്ല, ഇതെന്താണ്?. അംറുബ്‌നുല്‍ ആസ്വ്(റ): സത്യവിശ്വാസികളുടെ നേതാവേ, എന്നില്‍ വല്ലതും ബാക്കിയായുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു’. ഉമര്‍(റ) അദ്ദേഹത്തെ വിലക്കുകയോ ആക്ഷേപിക്കുകയോ ചെയ്തില്ല.(അല്‍ഹൈസമീ, അതേകൃതി 5/162.)
(ഡി) അബു അശാനഃ ഉദ്ധരിക്കുന്നു: ‘ സ്വഹാബി കവിയായിരുന്ന ഉഖ്ബഃ ഇബ്‌നു ആമിര്‍ താടിയില്‍ കറുപ്പുചായം പൂശിയിരുന്നു. അദ്ദേഹം പാടി: ‘ഞങ്ങള്‍ മുടിയുടെ മുകള്‍ ഭാഗം കറുപ്പിക്കുന്നു. എന്നാല്‍, മുടിയുടെ മുരട് കറുക്കാന്‍ വിസമ്മതിക്കുന്നു. മുരട് കേടായാല്‍ ശിഖരം കൊണ്ട് ഗുണമില്ല’.(അത്ത്വബരി, തഹ്ദീബുന്‍ ആഥാര്‍ പേ: 473.)
(ഇ) ഇബ്‌നു ശിഹാബ് പറയുന്നു: ‘മുഖത്ത് യുവത്വം തോന്നിക്കുന്നുവെങ്കില്‍ ഞങ്ങള്‍ കറുപ്പ് പൂശിയിരുന്നു. മുഖം ചുളിഞ്ഞുതുടങ്ങുകയും പല്ലുകള്‍ ഇളകുകയും ചെയ്താല്‍ ഞങ്ങള്‍ അത് ഉപേക്ഷിച്ചിരുന്നു’.(9ഇബ്‌നു ഹജര്‍, ഫത്ഹുല്‍ബാരി 10/355.)
(കുവൈത്ത് വഖ്ഫ് – ഇസ്‌ലാമിക കാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച ‘അല്‍മൗസൂഅത്തുല്‍ ഫിഖ്ഹിയ്യഃ’ യില്‍ ഈ വിഷയകമായി ഇങ്ങനെ വായിക്കാം: ‘ഉസ്മാനുബ്‌നു അഫ്ഫാന്‍, ഹസന്‍, ഹുസൈന്‍, ഉഖ്ബത്തുബ്‌നു ആമിര്‍, അബ്ദുല്ലാഹിബ്‌നു ജഅ്ഫര്‍, മുഹമ്മദ്ബ്‌നു ഇസ്ഹാഖ്, ഇബ്‌നു അബീ ആസ്വിം, ഇബ്‌നുല്‍ ജൗസി (റ) മുതലായവര്‍ കറുപ്പുചായം പൂശിയിരുന്നു. ‘നിങ്ങള്‍ ചായം പൂശാന്‍ ഉപയോഗിക്കുന്നതില്‍ ഏറ്റവും നല്ലത് കറുപ്പാണ്. അത് ശത്രുഹൃദയങ്ങളില്‍ നിങ്ങളെ കുറിച്ച് ഭീതി ജനിപ്പിക്കുന്നു. നിങ്ങളുടെ ഭാര്യമാര്‍ക്ക് നിങ്ങളില്‍ താല്‍പ്പര്യം ജനിപ്പിക്കുന്നു’.(ഇബ്‌നുമാജഃ ഉദ്ധരിച്ച ഈ ഹദീസിന്റെ പരമ്പ നല്ലതാണെന്ന് ‘മജ്മഉസ്സവാഇദി’ല്‍ കാണാം. സുനനു ഇബ്‌നുമാജഃ 2/1197, ഈസാ അല്‍ഹലബീ ഹി: 1373)
ഉമര്‍(റ) കറുപ്പുചായം ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ‘കറുപ്പ് ഭാര്യമാര്‍ക്ക് ഒരു സമാധാനവും ശത്രുവിന് ഭയവുമാണെ’ന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.(തുഹ്ഫത്തുല്‍ അഹ്‌വദീ 5/437, ഉംദത്തുല്‍ ഖാരീ 22/51 മുനീരിയ്യഃ പതിപ്പ്.)
പല സ്വഹാബികളും കറുപ്പുനിറം ഉപയോഗിച്ചിരുന്നു. ആരും അതിനെ നിരാകരിച്ചിട്ടില്ല.(തുഹ്ഫത്തുല്‍ അഹ്‌വദീ 5/439.)
അതേസമയം, ‘കറുപ്പുചായം പൂശുന്നവര്‍ അന്ത്യനാളില്‍ സ്വര്‍ഗത്തിന്റെ സുഗന്ധം ആസ്വദിക്കുകയില്ലെന്ന, (മുമ്പുദ്ധരിച്ച) ഹദീസ് – അബൂദാവൂദ്, നസാഈ, ഇബ്‌നുഹിബ്ബാന്‍, ഹാകിം – (തുഹ്ഫത്തുല്‍ അഹ്‌വദീ 5/474, ശര്‍ഹു റൗദിത്ത്വാലിബ് 1/173) സംബന്ധിച്ച് റശീദ്‌രിദാ ‘അല്‍ ആദാബുശ്ശര്‍ഇയ്യഃ’ എന്ന കൃതിക്കെഴുതിയ കുറിപ്പില്‍ പറയുന്നത്, പ്രസ്തുത ഹദീസിന്റെ നിവേദക പരമ്പരയിലെ അബ്ദുല്‍കരീം അല്‍മഖാരിഖ് ദുര്‍ബലനാണെന്നാണ്. കറുത്ത ചായം പൂശിയാല്‍ സ്വര്‍ഗപ്രവേശം തടയപ്പെടുമെന്നു പറയുന്നത് അതിനെ സത്യനിഷേധത്തോളം കൊടിയകുറ്റമായി ചിത്രീകരിക്കലാണ്. ഇത് മേല്‍ ഹദീസ് വ്യാജനിര്‍മിതിയാണെന്നതിന് തെളിവാണ്. (ഈ ഹദീസിനെ ഇബ്‌നുല്‍ ജൗസി വ്യാജഹദീസുകളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.(‘അല്‍മൗസൂഅത്തുല്‍ ഫിഖ്ഹിയ്യഃ’ 2/277)
*നാലാമത്തെ വീക്ഷണം* :ചില ശാഫിഈ പണ്ഡിതന്മാരുടെ വീക്ഷണപ്രകാരം അവിവാഹിതകള്‍ മുടിയില്‍ കറുത്തചായം പൂശുന്നത് നിഷിദ്ധമാണ്. ഭര്‍ത്താവിന്റെ അനുവാദമില്ലാതെ ഭാര്യ കറുത്തചായംപൂശുന്നതും തഥൈവ. ഭര്‍ത്താവിന്റെ സമ്മതമുണ്ടെങ്കില്‍, തദ്വിഷയകമായി രണ്ടു നിലപാടാണുള്ളത്. ഒന്ന്: അനുവദനീയം. രണ്ട്: ഹറാം.(നവവീ, അല്‍മജ്മൂഅ് 3/134, അര്‍റൗദഃ 1/276.)
ശാഫിഈ പണ്ഡിതനായ ഇസ്ഹാഖുബ്‌നു റാഹവൈഹിയുടെ വീക്ഷണപ്രകാരം, ഭര്‍ത്താവിന്റെ അനുവാദമുണ്ടെങ്കില്‍ ഭാര്യമാര്‍ക്ക് മുടിയില്‍ കറുപ്പുചായം പൂശാവുന്നതാണ്. ഭര്‍ത്താവിനു വേണ്ടി സൗന്ദര്യവതിയാവുക എന്ന താല്‍പര്യം ഇതുവഴി സാധ്യമാകും. കറുത്ത ചായം പൂശാമെന്നഭിപ്രായപ്പെട്ടവരുടെ തെളിവുകളാണിവര്‍ക്കാധാരം. പക്ഷെ, ഇതവര്‍ ഭര്‍തൃമതിക്ക് മാത്രമെ അനുവദിച്ചുകൊടുക്കുന്നുള്ളു.
Post a Comment