വിട്ടുവീഴ്ചാ മനോഭാവം ഒരാളെ സ്വർഗത്തിലെത്തിച്ച കഥ

💫വിട്ടുവീഴ്ചാ മനോഭാവം ഒരാളെ സ്വർഗത്തിലെത്തിച്ച കഥ💫
*⁀⁀⁀⁀⁀⁀⁀⁀⁀⁀⁀⁀⁀⁀⁀*
 

*⁀⁀⁀⁀⁀⁀⁀⁀⁀⁀⁀⁀⁀⁀⁀*
✍🏻 ഒരിക്കൽ നബി (സ്വ) ഒരു സദസ്സിൽ വെച്ച് സദസ്യരോട് പറഞ്ഞു: ഇപ്പോൾ നിങ്ങളുടെ അടുക്കലേക്ക് സ്വർഗാവകാശിയായ ഒരാൾ വരും. അപ്പോൾ തന്നെ അൻസ്വാരിയായ ഒരാൾ വന്നു. പിറ്റേ ദിവസവും നബി (സ്വ) ഇതു പോലെ പറയുകയും അയാൾ വരുകയും ചെയ്തു. മൂന്നാം ദിവസവും ഇത് ആവർത്തിച്ചു. നബി (സ്വ) സദസ്സിൽ നിന്നേഴുന്നേറ്റു പോയപ്പോൾ അബ്ദുല്ലാ ബ്‌നു അംറു ബ്‌നു ആസ്വ് (റ) ആ പുരുഷനെ സമീപിച്ച് മൂന്നു ദിവസം അയാളുടെ വീട്ടിൽ അഭയം നൽകണമെന്നാവശ്യപ്പെട്ടു. അയാൾ അബ്ദുല്ല (റ)യെ സമനസാ സ്വീകരിച്ചു. അങ്ങനെ മൂന്നു ദിവസം കഴിഞ്ഞപ്പോൾ അബ്ദുല്ല (റ) അയാളോട് പറഞ്ഞു: താങ്കളെപ്പറ്റിയാണ് നബി മൂന്നൂ പ്രാവശ്യം സ്വർഗാവകാശിയായ ഒരാൾ നിങ്ങളുടെ അടുക്കലേക്ക് വരുമെന്ന് ഞങ്ങളോട് പറഞ്ഞത്. മൂന്നു പ്രാവശ്യവും താങ്കളാണ് സദസ്സിലേക്ക് കടന്നുവന്നത്. താങ്കൾ എന്തൊക്കെ നന്മകളൊക്കെ ചെയ്യുന്നുവെന്ന് നോക്കാനാണ് മൂന്നു ദിവസം നിങ്ങളുടെ വീട്ടിൽ താമസിക്കാൻ ഞാൻ തീരുമാനിച്ചത്. പക്ഷേ താങ്കളിൽ ഞാൻ കൂടുതൽ സൽപ്രവർത്തനങ്ങളൊന്നും കണ്ടില്ല. എന്നിട്ടും എങ്ങനെ ഈ സ്വർഗ സുവിശേഷം ലഭിച്ചു? അയാൾ പറഞ്ഞു: താങ്കൾ കണ്ടതേ ഞാൻ ചെയ്യുന്നുളൂ. അധികമായൊന്നുമില്ല. എങ്കിലും ഞാൻ ഒരാളോടും വിദ്വേഷം വെച്ച് നടക്കാറില്ല. ഒരാളോടും അസൂയ കാണിക്കാറുമില്ല (ഹദീസ് അഹ്മദ് 13034). സ്വർഗാവകാശിയായ ഈ മഹാ മനീഷിയുടെ പ്രത്യേകത ആരോടും ശത്രുതയോ ദേഷ്യമോ കോപമോ കാട്ടാറില്ല. മറ്റുള്ളവരുടെ തെറ്റുകൾ മാപ്പാക്കി നൽകുകയും ഏവരോടും സഹിഷ്ണുതയോടെ പെരുമാറുകയും ചെയ്യും. അതുകൊണ്ടുതന്നെ അദ്ദേഹം സ്വസ്ഥവും ശാന്തവുമായാണ് കിടന്നുറങ്ങാറുള്ളത്.

ആരോടും വിദ്വേഷമില്ലാതെ, ഏവർക്കും വിട്ടുവീഴ്ച നൽകുമ്പോൾ മനസ്സിന് ആശ്വാസം പകരുന്നുവെന്നാണ് ഇമാം ശാഫിഈ (റ) തന്റെ കാവ്യ സമാഹാരമായ 'ദീവാനു ശ്ശാഫിഈ'യിൽ പാടിയത്. പരിശുദ്ധ ഇസ്ലാം മതം ഏറെ മൂല്യം കൽപ്പിക്കുന്ന ഒരു സ്വഭാവഗുണമാണ് വിട്ടുവീഴ്ചാ മനോഭാവം. മുൻകാല സംഹിതകളും ഈ മൂല്യത്തെ ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഈ സ്വഭാവ വിശേഷം ഉള്ളതുകൊണ്ട് തന്നെയാണ് ആ അൻസ്വാരിയായ സ്വഹാബി സ്വർഗാവകാശിയെന്ന് നബി (സ്വ) പ്രഖ്യാപിച്ചത്. 'മാപ്പ് മുറുകെ പ്പിടുക്കുകയും നന്മ കൽപ്പിക്കുകയും മൂഢന്മാരെ അവഗണിക്കുകയും ചെയ്യുക' എന്നാണ് അല്ലാഹു നബി (സ്വ)യോട് കൽപ്പിച്ചിരിക്കുന്നത് (സൂറത്തുൽ അഅ്‌റാഫ് 199). വിടുതിയുടെയും വിട്ടുവീഴ്ചയുടെയും എല്ലാ സ്വഭാവ സുഗുണങ്ങളും നബി (സ്വ)ക്കുള്ളതാണ്. പ്രവാചകർ (സ്വ) ഏവരേക്കാളും സ്വഭാവ ശ്രേഷ്ഠനാണെന്നാല്ലൊ പ്രിയ പത്‌നി ആയിശ (റ) സാക്ഷ്യപ്പെടുത്തുന്നത്. തെറ്റിന് പകരം തെറ്റ് ചെയ്ത് പ്രതികാരമെടുക്കുകയല്ല, മറിച്ച് തെറ്റിനെ വിട്ടുവീഴ്ച നൽകി നേരിടും. തെറ്റുകാർക്ക് മാപ്പ് നൽകാൻ അനുചരന്മാരോട് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. കുടുംബ ബന്ധം മുറിച്ചവരോട് അങ്ങോട്ട് പോയി ബന്ധം ചേർക്കാനും നീതി നിഷേധിക്കപ്പെട്ടവർക്ക് അർഹതപ്പെട്ടത് നൽകാനും അക്രമിച്ചവരോട് വിട്ടുവീഴ്ച ചെയ്യാനുമാണ് നബി (സ്വ) ഉഖ്ബതു ബ്‌നു ആമിറി (റ)നോട് കൽപ്പിച്ചത് (ഹദീസ് അഹ്മദ് 17452).
 
അല്ലാഹു പറയുന്നു: മാപ്പുകൊടുക്കുകയും വിട്ടുവീഴ്ച നൽകുകയും ചെയ്യുക. നിശ്ചയം പുണ്യം ചെയ്യുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നതാണ് (സൂറത്തുൽ മാഇദ 13). അല്ലാഹു ഇഷ്ടപ്പെടുന്ന പുണ്യാളന്മാരായ മുഹ്‌സിനീങ്ങളുടെ സ്വഭാവ ഗുണവിശേഷമാണ് വിട്ടുവീഴ്ച ചെയ്യൽ. വിട്ടുവീഴ്ച നൽകുന്നവരുടെ തെറ്റുകുറ്റങ്ങൾ അല്ലാഹുവും വിടുതി നൽകുന്നതായിരിക്കും. 'നിങ്ങൾ നന്മ വെളിപ്പെടുത്തുകയോ ഗോപ്യമാക്കുകയോ ദുഷ്പ്രവൃത്തി മാപ്പു ചെയ്യുകയോ ആണെങ്കിൽ നിശ്ചയം അല്ലാഹു മാപ്പു ചെയ്യുന്നവനും സർവ്വ ശക്തനുമാകുന്നു' (സൂറത്തു ന്നിസാഅ് 149). മാപ്പു നൽകുന്നവന് അല്ലാഹുവിങ്കലിൽ നിന്ന് നല്ല പ്രതിഫലം ലഭിക്കുമെന്ന് സൂറത്തു ശ്ശൂറാ 40ാം സൂക്തം വ്യക്തമാക്കുന്നുണ്ട്.

നമ്മുടെ ജീവിതത്തിന്റെ നിഖില മേഖലകളും സഹിഷ്ണുതയുടെയും വിട്ടുവീഴ്ചയുടെയും വിശേഷങ്ങളാകണം. കുടുംബ സാമൂഹിക പരിസരങ്ങളിലെ ഇടപെടലുകളും നിലപാടുകളും മറ്റുള്ളവരെ ഉൾക്കൊണ്ടായിരിക്കണം. ഭാര്യഭർത്താക്കന്മാർ പരസ്പരം വിടുതിയും വിട്ടുവീഴ്ചയും ചെയ്താൽ മാത്രമേ കുടുംബം സ്‌നേഹാർദ്രമാവുകയുള്ളൂ. വിട്ടുവീഴ്ച നൽകുന്നവരാണ് തഖ്‌വയുള്ള ദമ്പതിമാരെന്നാണ് ഇബ്‌നു അബ്ബാസ് (റ) മൊഴിഞ്ഞിട്ടുള്ളത്. 'ഭർത്താക്കളായ നിങ്ങൾ വിട്ടുവീഴ്ച ചെയ്യുന്നതാണ് ദൈവഭക്തിയുമായി ഏറെ സമീപസ്ഥം. പരസ്പരം ഔദാര്യം കാണിക്കാൻ മറക്കരുത്' (സൂറത്തു ബഖറ 237). സഹോദരങ്ങൾക്കിടയിലും ബന്ധുക്കൾക്കിടയിലും രഞ്ജിപ്പ് ഉണ്ടാവണം. പാകപ്പിഴവുകൾക്ക് അങ്ങോമിങ്ങോട്ടും വിടുതി നൽകണം. ഓരോത്തർക്കും തന്റെ ഭാഗത്താണ് ന്യായമെന്ന് തോന്നാം. എന്നാലും വിട്ടുവീഴ്ച തന്നെയാണ് അഭികാമ്യം. പരസ്പരമുള്ള വൈര്യത്തിനുള്ള ശമനി വിടുതി മാത്രം. 'അത്യുത്തമമായതു കൊണ്ട് തിന്മ തടയുക. തത്സമയം ഏതൊരു വ്യക്തിയും നീയും തമ്മിൽ ശാത്രവമുണ്ടോ അവൻ ആത്മമിത്രമായി തീരുന്നതാണ്' എന്നാണ് അല്ലാഹു പറഞ്ഞിരിക്കുന്നത് (സൂറത്തു ഫ്ഫുസ്സ്വിലത്ത് 34). ജീവിതത്തിൽ നാം ഇടപഴകുന്ന കൂട്ടുകാർ, അയൽവാസികൾ, സഹപ്രവർത്തകർ എന്നല്ല സകലരോടും വിട്ടുവീഴ്ചാ മാനോഭാവം കാട്ടി ജീവിതവിജയം സുനിശ്ചിതമാക്കാം. 'സത്യവിശ്വാസം വരിച്ചവരോട് ഒരുവിധ വിദ്വേഷവും ഞങ്ങളുടെ മനസ്സിലുണ്ടാക്കരുതേ' എന്നാകണം ഓരോ സത്യവിശ്വാസിയുടെയും പ്രാർത്ഥന. അവർ ദേഷ്യത്തെ കടിച്ചമർത്തുന്നവരുമായിരിക്കും. ക്രോധം ഒതുക്കുകയും ജനങ്ങൾക്ക് മാപ്പരുളുകയും ചെയ്യുന്ന സൂക്ഷ്മാലുക്കൾക്ക് ഒരുക്കപ്പെട്ടതാണ് സ്വർഗമെന്ന് സൂറത്തു ആലു ഇംറാൻ 34ാം സൂക്തത്തിൽ കാണാം. നബി (സ്വ) പറഞ്ഞ പ്രകാരം മാപ്പു നൽകുക വഴി സത്യവിശ്വാസിക്ക് അന്തസ്സ് കൂടുകയോ ചെയ്യുകയുള്ളൂ (ഹദീസ് മുസ്ലിം 2588).
===============================

*പുണ്ണ്യനബി صلی اللہ علیہ وسلم ക്കൊരായിരം സ്വലാത്ത്🌹*

*🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه*

*(تقبل الله منا ومنكم صالح الاعمال)*
*🤲🏻