വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ചരിത്രത്തിൽ

🌹 *വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ചരിത്രത്തിൽ* 🌹

1⃣7️⃣3️⃣ഇസ്ലാമിക പഠനങ്ങൾ

 *✍🏽മദീനയുടെ👑വാനമ്പാടി* 

“അവസാനമായി നിങ്ങള്‍ക്ക് വല്ല ആഗ്രഹവുമുണ്ടോ..?’
“”ഞങ്ങള്‍ മാപ്പിളമാര്‍ *ജീവിതം മാത്രമല്ല, മരണവും അന്തസ്സോടെ വേണമെന്നാഗ്രഹിക്കുന്നവരാണ്. നിങ്ങള്‍ ഇംഗ്ലീഷുകാര്‍ ശിക്ഷിക്കുന്നവരുടെ കണ്ണും കാലും കെട്ടി പിന്നില്‍ നിന്നും വെടിവെച്ചു കൊല്ലുകയാണ് പതിവെന്ന് കേട്ടിട്ടുണ്ട്. അങ്ങനെ അപമാനകരമായ മരണം ഏറ്റുവാങ്ങാന്‍ എനിക്കാഗ്രഹമില്ല.* കണ്ണുകെട്ടാതെ *മുന്നില്‍ നിന്ന് നെഞ്ചിലേക്ക് വെടിവെക്കണം. അങ്ങനെ ആണുങ്ങളെപ്പോലെ മരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.”* 
അഭ്യര്‍ത്ഥന കോടതി സ്വീകരിക്കുകയും അഭിലാഷമനുസരിച്ച് നെഞ്ചത്തേക്ക് വെടിവെക്കുകയും ചെയ്തു. അപ്പോഴും ആ കണ്ണുകളില്‍ ബ്രിട്ടീഷ് ഭരണത്തോടുളള അടങ്ങാത്ത അരിശം ചുവന്നു തുടിച്ച് നില്‍ക്കുന്നുണ്ടായിരുന്നു.
ഭീരുവായി മരിക്കുന്നതിനോടു പോലും പടപൊരുതി അന്തസ്സായി രക്തസാക്ഷിത്വം വരിച്ച അവസാന പോരാട്ടം. തിരിച്ചു നിര്‍ത്തി പിറകിലേക്കു വെടിവെക്കുന്നത് ബ്രിട്ടീഷുകാര്‍ക്ക് മാപ്പിളമാരോടുള്ള ഭയം കൊണ്ടായിരുന്നു. ആ ഭയം മരിക്കുന്ന നിമിഷവും കാണാനാണ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നിവര്‍ന്ന് നിന്ന്, കൈവിറക്കാതെ നെഞ്ചത്തേക്ക് നിറയൊഴിക്കാന്‍ കല്‍പ്പിച്ചത്. തീര്‍ച്ച! തോക്കില്‍ വിരലമര്‍ത്തിയപ്പോള്‍ “ബാറ്ററി’ എന്ന വാരിയന്‍കുന്നന്‍ ഓപ്പറേഷന്‍ സെല്ലിലെ ഭടന് കൈവിറച്ചിരിക്കും. വാരിയന്‍കുന്നന്റെ നെഞ്ചിലേക്കല്ലാതെ വിപ്ലവം തുടിക്കുന്ന ആ മുഖത്തേക്ക് ഒരാവര്‍ത്തി നോക്കാന്‍ ഭടന് ധ്യൈമുറച്ചിരിക്കില്ല. കാരണം, തോക്കിനു മുന്നിലുള്ളത് വിപ്ലവ പുരുഷനാണ്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. മരണത്തിന്റെ മുന്നിലും വിറച്ചില്ല, പതറിയില്ല, ധ്യൈത്തോടെ ഒരേ നില്‍പ്പ്. കനമുള്ള വാക്കുകള്‍. മണ്ണും മനസ്സും നിശ്ചലമായ നിമിഷം. ഠോ…! ബാറ്ററി ഭടന്റെ ഗണ്‍ വെടിയുണ്ട തുപ്പി. നെഞ്ചു തുളച്ച് രക്തം മാപ്പിള മണ്ണിനെ ചുംബിച്ചു. വെടിയുണ്ട നെഞ്ചില്‍ തറച്ചപ്പോള്‍ “ *അല്ലാഹു അക്ബര്‍* ’ എന്ന വിശുദ്ധവാക്യം ഉച്ചരിച്ചു കൊണ്ടാണ് ആ ധീര ദേശാഭിമാനി രക്തസാക്ഷിത്വം വരിച്ചത്.
മൃതദേഹവും അതോടൊപ്പം സ്വതന്ത്ര മാപ്പിള സര്‍ക്കാറിന്റെ അമൂല്യ രേഖകളടങ്ങുന്ന മരപ്പെട്ടിയും പെട്രോളൊഴിച്ച് തീ വെച്ചു കത്തിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ഏറനാടന്‍ താലൂക്കുകളില്‍ ആറുമാസം അവധി കൊടുത്ത് സ്വന്തം നിലയില്‍ പാസ്പോര്‍ട്ടും നികുതി സന്പ്രദായവും ഏര്‍പ്പെടുത്തിയ സമാന്തര ഭരണകൂടത്തിന്റെ *നായകനായിരുന്നു വാരിയന്‍കുന്നന്‍.* മൃതദേഹവും പെട്ടിയും മുഴുവന്‍ വെന്തു വെണ്ണീറായി എന്നുറപ്പാകും വരെ നൂറു ബ്രിട്ടീഷ് സൈനികരെ കാവല്‍ നിര്‍ത്തിയിരുന്നു. മൂന്നു മണിക്കൂര്‍ നേരത്തെ എരിച്ചിലിനു ശേഷം ബാറ്ററി വിംഗ് ബാരക്കിലേക്കു മടങ്ങി.
ചരിത്രം മറന്ന ദിനം
1922 ജനുവരി 20. 92 വര്‍ഷം മുമ്പ് ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ മഹാനായ വിപ്ലവകാരി ശഹീദ് വാരിയന്‍കുന്നത്ത് ഹാജിയെ മലപ്പുറം കോട്ടക്കുന്നിന്റെ മുകളില്‍ വെച്ച് ബ്രിട്ടീഷുകാര്‍ വെടിവെച്ചു കൊന്നത് അന്നാണ്. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ തുല്യതയില്ലാത്ത സവിശേഷതകളുള്ള ധീര പോരാളിയായിരുന്നു വാരിയന്‍കുന്നന്‍. എങ്കിലും ഇന്ത്യാ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരചരിത്രം ഇതുവരെ എഴുതിയ ആസ്ഥാന ചരിത്രകാരന്‍മാരോ മറ്റോ 1921ല്‍ മലബാറില്‍ നടന്ന വിപ്ലവത്തെ കുറിച്ചോ ആ വിപ്ലവം നയിച്ച നേതാക്കളെ കുറിച്ചോ അവര്‍ മോചിപ്പിച്ചെടുത്ത് സമാന്തരഭരണം നടത്തിയ 200ഓളം വില്ലേജുകളില്‍ നിലനിന്ന ഭരണകൂടത്തെ കുറിച്ചോ മാന്യമായി ഒരക്ഷരവും രേഖപ്പെടുത്തിയിട്ടില്ല. വല്ലതും പറഞ്ഞിട്ടുണ്ടെങ്കില്‍, രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് ഈ സംഭവങ്ങളെ കുറിച്ച് ഭാവിയില്‍ ജനങ്ങള്‍ എങ്ങനെ മനസ്സിലാക്കണമെന്ന ബ്രിട്ടീഷുകാരുടെ പ്ലാന്‍ പ്രകാരം അവഹേളിക്കുന്ന വിധത്തിലായിരുന്നു.
കടല്‍ കടന്നു വന്നവര്‍ തിരിച്ചുപോകുമ്പോള്‍ ജന്മിനാടുവാഴികള്‍ക്കും അവരോടു ചേര്‍ന്നു നില്‍ക്കുന്ന 20 ശതമാനത്തോളം വരുന്ന സവര്‍ണര്‍ക്കും നാടുഭരിക്കാന്‍ അവസരം വേണമെന്ന, സ്വാതന്ത്ര്യസമരത്തിലെ ഒരു ഭാഗം നേതാക്കളുടെ ദുരാഗ്രഹത്തോടു എതിരു നിന്നതാണ് 1921ലെ സമരത്തിനു പിന്നിലുള്ള കാരണം. ഈ എതിര്‍പ്പാണ് മാപ്പിള സഖാക്കളെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കാനോ നേതൃനിരയില്‍ എണ്ണാനോ കൂട്ടാക്കാതെ വെറും മാപ്പിളലഹളയായി ഒതുക്കാന്‍ ചരിത്രകാരന്മാരെ പ്രേരിപ്പിച്ചതും വാരിയന്‍കുന്നനെപ്പോലോത്ത ധീരദേശാഭിമാനികളെ ചരിത്രത്താളുകളില്‍ നിന്നും തമസ്ക്കരിച്ചതും.
മലബാര്‍ സ്വാതന്ത്ര്യസമരത്തെ ഒരു മാപ്പിളകലാപമാക്കി മാത്രം ചുരുക്കാനും തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ച മാധവന്‍ നായര്‍ക്കു പോലും വാരിയന്‍കുന്നനെപ്പറ്റി നല്ലതെഴുതേണ്ടി വന്നു. “1857ലുണ്ടായ ഇന്ത്യന്‍ ശിപായി ലഹളക്കു ശേഷം ബ്രിട്ടീഷ് ഗവണ്‍മെന്‍റും ഇന്ത്യക്കാരുമായുമുള്ള സംഘട്ടനങ്ങളില്‍ വെച്ച് ഏറ്റവും ഗംഭീരമായ മലബാര്‍ കലാപത്തില്‍ ഗവണ്‍മെന്‍റിന്റെ എതിരാളികളില്‍ അഗ്രഗണ്യനായിരുന്നു കുഞ്ഞഹമ്മദ് ഹാജി’. പക്ഷേ, വാരിയന്‍കുന്നനെ ചരിത്രകാരന്മാരും ബ്രിട്ടീഷുകാരും വര്‍ഗീയവാദിയും മതഭ്രാന്തനുമായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. മലയാളികളായ സ്വാതന്ത്ര്യസമര ചരിത്രകാരന്മാര്‍ പോലും ഈ നില സ്വീകരിച്ചതിലാണ് അത്ഭുതം.
മതസൗഹാര്‍ദം
കുഞ്ഞഹമ്മദ് ഹാജിക്കെതിരെ ബ്രിട്ടീഷ് പട്ടാളക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട 24 പേജുള്ള കുറ്റപത്രത്തില്‍ എവിടെയും അദ്ദേഹം ഹിന്ദുക്കളെയോ ക്ഷേത്രങ്ങളെയോ അക്രമിച്ചതായി പറഞ്ഞിട്ടില്ല. പക്ഷേ, സര്‍ക്കാര്‍ ഓഫീസുകളും റോഡുകളും റെയില്‍പ്പാളങ്ങളുമൊക്കെ തകര്‍ത്തതായി പറഞ്ഞിട്ടുമുണ്ട്. അതെല്ലാം ഹാജി സമ്മതിക്കുകയും ചെയതിട്ടുണ്ട്. വിപ്ലവകാലത്ത് കൊള്ള നടത്തുകയും സ്ത്രീകളെ അപമാനിക്കുകയും ചെയ്ത മാപ്പിളമാരെ ഹാജി വിചാരണ ചെയ്ത് ശിക്ഷിച്ചതായി രേഖയുണ്ട്. വാരിയന്‍കുന്നന്റെ മാപ്പിളസേനയുടെ നായകന്‍ തന്നെ പാണ്ടിക്കാട്ടെ നാരായണന്‍ നന്പീശനായിരുന്നു. ഹാജി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് തികച്ചും എതിരായിരുന്നു. മഞ്ചേരിയിലെ നന്പൂതിരി ബാങ്ക് കൊള്ള ചെയ്യാനുള്ള ശ്രമവും നിലന്പൂര്‍ കോവിലകത്തേക്ക് അതിക്രമിച്ചു കയറാനുള്ള ശ്രമവും മഞ്ചേരി ഖജാന പൊളിക്കാനുള്ള ശ്രമവും ഹാജി കണിശമായി എതിര്‍ത്തിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നുണ്ട്. ബ്രിട്ടീഷ് ഭരണത്തോടുള്ള പ്രതികാരം മാത്രമായിരുന്നു അദ്ദേഹത്തിന്റെയും മറ്റു മലബാര്‍ സമര നേതാക്കളുടെയും മനസ്സില്‍. മറിച്ച് വാരിയന്‍കുന്നന്‍ മതതീവ്രവാദിയോ പൊതു പ്രവര്‍ത്തന വിരോധിയോ ആയിരുന്നില്ല.
അന്നത്തെ ഡ്യെൂട്ടി കലക്ടര്‍ സി. ഗോപാലന്‍ നായര്‍ ഹാജിയെ കുറിച്ച് പറഞ്ഞത്: “” *ഹിന്ദുക്കളുടെ രാജാവും മുഹമ്മദീയരുടെ അമീറും ഖിലാഫത് സേനയുടെ കേണലുമായിട്ടായിരുന്നു വാരിയന്‍കുന്നന്‍ ചമഞ്ഞിരുന്നത്* .” 1921 ആഗസ്റ്റില്‍ തിരൂരങ്ങാടി കലാപാനന്തരം ആലിമുസ്‌ലിയാരെ രക്ഷിക്കാന്‍ വേണ്ടി ആനക്കയത്തു നിന്നും ആറായിരത്തിലധികം ഖിലാഫത് പോരാളികള്‍ക്കൊപ്പം പുറപ്പെട്ട ഹാജിയുടെ *കൂടെ അഞ്ഞൂറിലധികം ഹിന്ദുക്കളുമുണ്ടായിരുന്നു* എന്ന് സര്‍ദാര്‍ ചന്ദ്രോത്ത് ആത്മകഥയില്‍ പറയുന്നുണ്ട്. ആ കാലഘട്ടത്തിലെ എല്ലാ ചിന്താധാരകളെയും അടുത്തു പരിചയപ്പെട്ട ഒരു ബഹുമുഖ പ്രതിഭയായിരുന്നു ഹാജി. ഗാരബാള്‍ട്ടിയുടെയും ഉമര്‍മുഖ്താറിന്റെയും ചെഗുവേരയുടെയും സമശീര്‍ഷനായിരുന്നു മലബാര്‍ മഹാ സമരത്തിന്റെ ഈ നടുനായകന്‍. ഭഗത്സിംഗിനും സുഭാഷ് ചന്ദ്രബോസിനും സ്വാതന്ത്ര്യസമരചരിത്രത്തിലുള്ള സ്ഥാനം തന്നെയാണ് ഈ ഏറനാട്ടിലെ സുല്‍ത്താനുമുള്ളത്.
ജീവിതം, ചരിത്രം
നെല്ലിക്കുത്തിലെ ചക്കിപ്പറമ്പന്‍ മൊയ്തീന്‍ കുട്ടിഹാജിയുടെയും തുവ്വൂര്‍ പറവട്ടില്‍ കുഞ്ഞായിശയുടെയും മകനായി 1873ലാണ് വാരിയന്‍കുന്നത്ത് ജനിക്കുന്നത്. പടത്തലവന്‍മാരുടെയും നാട്ടുമൂപ്പന്മാരുടെയും ധനാഢ്യ പാരമ്പര്യ കുടുംബമായിരുന്നു ചക്കിപ്പറമ്പന്‍. 1894ല്‍ ഇംഗ്ലീഷുകാര്‍ക്കെതിരെ നടന്ന മണ്ണാര്‍ക്കാട് യുദ്ധത്തില്‍ പങ്കെടുത്തതിന് മൊയ്തീന്‍ കുട്ടി ഹാജിയെ ബ്രിട്ടീഷ് കോടതി അന്തമാനിലേക്ക് നാടുകടത്തി. മാതൃവീട്ടിലായിരുന്നു കുഞ്ഞഹമ്മദ് ഹാജി പിന്നീട് വളര്‍ന്നത്. സ്കൂളില്‍ നിന്ന് ഇംഗ്ലീഷും മലയാളവും നന്നായി അഭ്യസിച്ചു. യുവാവായപ്പോള്‍ നെല്ലിക്കുത്ത് പലചരക്ക് കട തുടങ്ങി. അതിനിടെ സാമൂഹ്യ സേവന രംഗത്തും സ്വാതന്ത്ര്യസമരമുഖത്തും സജീവമായി. 1896ലെ ബ്രിട്ടീഷ് വിരുദ്ധകലാപങ്ങളിലെ സാന്നിധ്യംമൂലം സര്‍ക്കാര്‍ അദ്ദേഹത്തെ മക്കയിലേക്ക് നാടുകടത്തി. അതിനിടെ ബോംബെയില്‍ നിന്നും ഹിന്ദി, അറബി, ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളഭ്യസിച്ചു. 1905ല്‍ മൂന്നു ഹജ്ജും കഴിഞ്ഞ് ഹാജി നെല്ലിക്കുത്തില്‍ തിരിച്ചെത്തി. ആലിമുസ്‌ലിയാര്‍ ഹാജിയുടെ ഗുരുവും മാര്‍ഗദര്‍ശിയുമായിരുന്നു. 1914ല്‍ നാലാമത്തെ ഹജ്ജും കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും ഹാജി ഒരു കടുത്ത ബ്രിട്ടീഷ് വിരോധിയായി മാറിയിരുന്നു. 1921 ആഗസ്റ്റ് 20ന് കലക്ടര്‍ തോമസ്, ഹിച്ച് കോക്ക് തുടങ്ങിയവര്‍ തിരൂരങ്ങാടിയില്‍ വെച്ച് ആലിമുസ്‌ലിയാരുടെയും വാരിയന്‍കുന്നന്റെയും സേനയോട് തോറ്റോടിയപ്പോള്‍ “ലണ്ടന്‍ ടൈംസ്’ എഴുതിയത് “മലബാറില്‍ ഇംഗ്ലീഷ് ഭരണം അവസാനിച്ചു’ എന്നായിരുന്നു.
ബ്രിട്ടനെ നാണം കെടുത്തിയ വിപ്ലവകാരിയെ ജീവനോടെ പിടികൂടാന്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റും രാജ്ഞിയും ആജ്ഞാപിച്ചു. തുടര്‍ന്ന് ബ്രിട്ടീഷ് ഇന്ത്യയിലെ ഇന്‍റലിജന്‍സ് മേധാവി മോറിസ് വില്യംസ് മലപ്പുറത്തെത്തി, മലബാറിന്റെ പല കേന്ദ്രങ്ങളില്‍ വിന്യസിച്ച പട്ടാളത്തെ മൊത്തം നിലന്പൂരിലും പാണ്ടിക്കാട്ടും ഒതുക്കിനിര്‍ത്തി. എല്ലാ പട്ടാള യൂണിറ്റില്‍ നിന്നും പത്ത് വീതം ഭടന്മാരെ വെച്ച് വാരിയന്‍കുന്നന്‍ ഓപ്പറേഷന്‍ സെല്‍ രൂപീകരിച്ച് “ബാറ്ററി’ എന്നു പേരിട്ടു. ബാറ്ററി ഭടന്മാര്‍ ക്യാമ്പ് ചെയ്ത് പരിശീലനങ്ങള്‍ നടത്തി. എന്നിട്ടും വാരിയന്‍കുന്നനെന്ന ഒറ്റ മാപ്പിളയെ അന്തസ്സായി പിടിക്കാന്‍ നൂറു കവിഞ്ഞ ആയുധ സജ്ജരായ ഭടന്മാര്‍ക്കും ബ്രിട്ടീഷ് പട്ടാള മേധാവികള്‍ക്കും കഴിഞ്ഞില്ല. പതിനെട്ടടവും പയറ്റി പരാജയപ്പെട്ടപ്പോഴാണ് *അവര്‍ ചതി പ്രയോഗത്തിലൂടെ ഹാജിയെ പിടികൂടിയത്* . ഉറ്റ സുഹൃത്തായ *ഉണ്യാലി മുസ്‌ലിയാരെ തെറ്റിദ്ധരിപ്പിച്ചാണ്* (ഹാജിയെ പിടികൂടി *മക്കയിലേക്ക് നാടുകടത്താനാണ്* , കൊല്ലാനല്ല) ഹാജിയാരെ കമാന്‍റോകള്‍ വളഞ്ഞ് മിന്നലാക്രമണം നടത്തിയത്. വാരിയന്‍ കുന്നന്‍ ഉണ്യാലി മുസ്‌ലിയാരുടെ കൂടെ അസ്വര്‍ നമസ്കരിക്കുകയായിരുന്നു. കേവലം ഇരുപത്തേഴ് അണികളുമായി അവസാന നിമിഷവും പോരാടി രക്തസാക്ഷിത്വം സ്വപ്നം കണ്ടിരുന്ന ഹാജി വിധി വൈപരീതം കൊണ്ട് മാത്രമാണ് പട്ടാളക്കോടതിക്ക് മുന്നിെലത്തിയത്. വിചാരണയിലുടനീളം ധ്യൈ സമേതം ഇംഗ്ലീഷില്‍ തന്നെയായിരുന്നുവത്രെ മറുപടി പറഞ്ഞിരുന്നത്.
മൂര്‍ച്ചയുള്ള വാക്കുകള്‍
“വഞ്ചനയിലും കാപട്യത്തിലും നിങ്ങളുടെ മിടുക്ക് സമ്മതിച്ചിരിക്കുന്നു. ഇന്‍സ്പെക്ടര്‍ രാമനാഥയ്യര്‍ വശം കൊടുത്തയച്ച, മാപ്പ് തന്ന് മക്കയിലേക്കയക്കാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് താങ്കളെഴുതിയ കത്ത് എന്നെ അത്ഭുതപ്പെടുത്തി. വഞ്ചിക്കുക എന്ന ലക്ഷ്യത്തിനുവേണ്ടി ഭൂമിയിലെ ഏറ്റവും പരിശുദ്ധവും പുണ്യാത്മകവുമായ മക്കയുടെ പേര് താങ്കള്‍ ഉദ്ധരിച്ചത് സ്വാര്‍ത്ഥതയാണ്. ഞാന്‍ നാലു തവണ മക്കയില്‍ പോവുകയും പല വര്‍ഷങ്ങള്‍ അവിടെ താമസിക്കുകയും ഒരു പാട് തവണ ഹജ്ജുകര്‍മങ്ങള്‍ നിര്‍വഹിച്ചതുമൊക്കെ നേരിട്ടറിയാവുന്ന, എന്നെയും എന്റെ കുടുംബത്തേയുമൊക്കെ ചരിത്രപരമായി പഠിച്ചറിഞ്ഞ് ബ്രിട്ടീഷുകാരനെന്ന നിലക്ക് താങ്കളെന്നെ പ്രലോഭിപ്പിക്കാന്‍ വേണ്ടി മക്കയുടെ പേരുദ്ധരിച്ചത് വളരെ തരംതാണു പോയി. ഞാന്‍ മക്കയിലല്ല പിറന്നത്. ഇവിടെ വിരേതിഹാസങ്ങള്‍ രചിക്കപ്പെട്ട ഈ ഏറനാടന്‍ മണ്ണിലാണ്. ഇവിടെത്തന്നെ മരിക്കുകയും ഈ മണ്ണില്‍ത്തന്നെ ലയിച്ചു ചേരണമെന്ന് അഭിലഷിക്കുന്നവനുമാണ് ഞാന്‍. നിങ്ങളുടെ അടിമത്വത്തില്‍ നിന്ന് ചില മാസങ്ങളെങ്കിലും മോചിപ്പിക്കപ്പെട്ട ഈ മണ്ണില്‍ മരിച്ചുവീഴാന്‍ എനിക്കിപ്പോള്‍ സന്തോഷമുണ്ട്. നിങ്ങള്‍ തിരിച്ചുപിടിച്ചുകൊണ്ടിരിക്കുക തന്നെയാണ്. പക്ഷേ പൂര്‍ണമായും നിങ്ങളുടെ ആധിപത്യം പുനഃസ്ഥാപിക്കാന്‍ ഇനിയും മാസങ്ങള്‍ പിടിക്കും. ഇപ്പോള്‍ തികച്ചും സ്വതന്ത്രമാണീ മണ്ണ്.”
ഈ വാക്കുകള്‍ക്ക് ബ്രിട്ടീഷ് പട്ടാളത്തിന്റെ ബയണറ്റിനേക്കാള്‍ മൂര്‍ച്ഛയായിരുന്നു. ബ്രിട്ടീഷ് പട്ടാളത്തിന്റെ ആഗമനം മുഖം ചുവപ്പിച്ച വിപ്ലവ പോരാളിയുടെ പ്രഖ്യാപനമായിരുന്നു അത്.
ഇന്ത്യ കണ്ട ഏറ്റവും മഹാന്‍മാരായ സ്വതന്ത്ര്യ സമര പോരാളികളില്‍ ഒരാളായിരുന്നു വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ഗാന്ധിയുടേയും ഷൗക്കത്തലിയുടേയും പ്രസംഗങ്ങളില്‍ നിന്നും ഊര്‍ജ്ജം സംഭരിച്ചായിരുന്നു അദ്ദേഹം ഖിലാഫത്ത് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. അനിവാര്യമായ ഘട്ടത്തില്‍ അദ്ദേഹം സായുധ സമരത്തിനും തയ്യാറായി എന്നതാണ് സത്യം. എന്നാല്‍ ഇതൊന്നും സത്യസന്ധമായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല എന്നത് ഖേദകരമാണ്. ബ്രിട്ടീഷുകാരും അവരുടെ സില്‍ബന്ധികളും എഴുതിവെച്ച വിരോധാഭാസങ്ങള്‍ ചരിത്രമാക്കപ്പെടുകയാണുണ്ടായത്. പക്ഷേ, സത്യസന്ധമായി ചരിത്രം പഠിക്കുന്ന ഏതൊരാള്‍ക്കും കേരളം കണ്ട മികച്ച സ്വാതന്ത്ര്യ സമരസേനാനി തന്നെയായിരുന്നു ഹാജി എന്ന് സമ്മതിക്കേണ്ടിവരും. അദ്ദേഹത്തിന്റെ 92 ചരമ വാര്‍ഷികങ്ങള്‍ പിന്നിട്ടിട്ടും ആ രാജ്യ സ്നേഹിക്ക് ഉചിതമായ ഒരു സ്മാരകം പണിയാനോ പക്ഷപാതരഹിതമായ ചരിത്രം രേഖപ്പെടുത്താനോ ആയിട്ടില്ലെന്ന സത്യം നമ്മെ അലോസരപ്പെടുത്തേണ്ടതുണ്ട്.


റഫറന്‍സ്:
1. മലബാര്‍ കലാപം, എം. ഗംഗാധരന്‍
2. മലബാര്‍ ലഹള
3. ഖിലാഫത്ത് സ്മരണകള്‍
4. ദേശാഭിമാനി 1946 ആഗസ്റ്റ് 25, കേരള മുസ്‌ലിം ഡയറക്ടറി.
5. കോണ്‍ഗ്രസ്സും കേരളവും, എ. കെ പിള്ള
6. കാലം കാല്‍പ്പാടുകള്‍, പി. എം. എ ഗഫൂര്‍