അഹ്ലുബൈത്തിന്റെ ഉമ്മ ഫാത്വിമ (റ) ചരിത്രം
*:*
_ *🌴AL MADEENA🌴*
*ചരിത്ര ത്തിൽ നിന്നും*
*════❁✿☘﷽☘✿❁════*
*അഹ്ലുബൈത്തിന്റെ ഉമ്മ ഫാത്വിമ (റ) ചരിത്രം*
. *
*നിഴൽപോലെ ഒരു പെൺകുട്ടി*
നിഴലില്ലാത്ത തിരുമേനിയുടെ നിഴലായിരുന്നു പ്രിയപുത്രി ഫാത്വിമ (റ)
തന്റെ മക്കളിൽ ഇളയവൾ....
കുട്ടിയാണെങ്കിലും കാര്യങ്ങൾ കണ്ടറിഞ്ഞു കൈകാര്യം ചെയ്യാൻ യോഗ്യയായവൾ തിരുമേനി അവരെ വല്ലാതെ സ്നേഹിച്ചു ആവശ്യമുള്ള സാധനങ്ങളെല്ലാം പറയുന്നതിന് മുമ്പുതന്നെ വാങ്ങി നൽകി
ഫാത്വിമയും ഉപ്പയെ നന്നായി സ്നേഹിച്ചിരുന്നു സദാ അവരുടെ കൈവിരലിൽ തൂങ്ങി നടന്നു.... ഉപ്പ എങ്ങോട്ടു പോവുകയാണെങ്കിലും കൂടെ നടക്കണം
ആറു വയസ്സുള്ള കുട്ടിയല്ലേ, തിരുമേനി കുഞ്ഞിനെ നിരാശയാക്കിയില്ല എപ്പോഴും അവളുടെ കൈപിടിച്ച് മുന്നിൽ നടന്നു കുട്ടി തുള്ളിച്ചാടി പിന്നാലെയും
ഫാത്വിമയിൽ ഈയിടെയായി പല മാറ്റങ്ങളുമുണ്ടായിട്ടുണ്ട്
ഉപ്പ വലിയൊരു ഉത്തരവാദിത്വം ഏറ്റെടുത്തതോടെ അവൾക്കു കളിയിൽ താൽപര്യം കുറഞ്ഞു... ആദ്യം അൽപമൊക്കെ കളിച്ചിരുന്നു സ്നേഹിതകളുടെ തോളിൽ കൈ വെച്ച് നടന്നിരുന്നു പക്ഷേ, ഇപ്പോൾ എല്ലാം ആവശ്യത്തിന് മാത്രം
ഇപ്പോഴും ഉപ്പതന്നെയാണ് അവൾക്ക് പ്രധാനം കൂട്ടാളിയായും എപ്പോഴും കൂടെ കിട്ടണം
തിരുമേനി കഴിയുന്നപോലെയെല്ലാം സഹകരിക്കും മകളുടെ ഇംഗിതത്തിന് വഴങ്ങും പിതൃലാളനയുടെ മാതൃകയായി
കളിയിലും തമാശയിലും ചേരുമെങ്കിലും തിരുമേനിയുടെ മനസ്സ് അകലങ്ങളായിരുന്നു തന്റെ കർത്തവ്യങ്ങൾ തന്നെയാണ് അവിടത്തെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്
തിരുമേനി വീട്ടിൽ വന്നു പറഞ്ഞപ്പോൾ ഖദീജ യാതൊരു വൈമനസ്യവും കാണിച്ചില്ല അവർ സന്തോഷത്തോടെ മുന്നോട്ടുവന്നു ഭർത്താവിന്റെ കൈപിടിച്ച് വിശ്വാസമർപ്പിച്ചു കരുത്തേകി ഒപ്പം മക്കളായ സൈനബും റുഖിയ്യയും ഉമ്മുകുൽസൂമും ആശ്വാസത്തിന്റെ കൈത്തിരിയുമായി വന്നടുക്കുകയായി കൂട്ടത്തിൽ പൊന്നാര മകൾ ഫാത്വിമയും കുണുങ്ങിക്കുണുങ്ങി വന്നു ഉപ്പാക്ക് മുമ്പിൽ ശഹാദ: മൊഴിഞ്ഞ് വിശ്വാസം പ്രകടിപ്പിച്ചു
അവിടെ നടക്കുന്നതിന്റെ പിന്നാമ്പുറങ്ങളെ കുറിച്ച് അവൾക്ക് ഒന്നും അറിയുമായിരുന്നില്ല എങ്കിലും ഈയിടെയായി തന്റെ ഉമ്മയും ഉപ്പയും വീട്ടിൽ വെച്ച് രഹസ്യമായി ചെയ്യുന്നതെല്ലാം അവളും ശ്രദ്ധിക്കാറുണ്ട്
ആദ്യം ഒരു പാത്രത്തിൽ വെള്ളം കൊണ്ടുവന്ന് മുഖവും കൈകാലുകളും കഴുകി ശുദ്ധിവരുത്തും പിന്നെ വസ്ത്രം മാറ്റി വീടിന്റെ രഹസ്യമുഴിയിൽ ചെന്ന് പായ വിരിച്ച് എന്തോ ചെയ്യും.... എന്തോക്കെയാണ് ചെയ്യുന്നതെന്ന് ഫാത്വിമ ആകാംക്ഷയോടെ വീക്ഷിക്കാറുണ്ട് ആദ്യമൊന്നും മനസ്സിലായില്ല പിന്നെ; മനസ്സിൽ പേടിയും ഗൗരവവും ഉയർന്നുവരാൻ തുടങ്ങി നിസ്കാരമാണ് ഏകനായ നാഥനോട് നേരിട്ടുള്ള പ്രാർത്ഥന അവൾ അതങ്ങനെ മനസ്സിലാക്കിവെച്ചു
ദിവസങ്ങൾ കഴിഞ്ഞുപോവുംതോറും ആ കുരുന്നു മനസും അതിൽ അലിഞ്ഞുചേരുകയായി പലവിധത്തിലുള്ള ആരാധനാ മുറകൾ.... വൈവിധ്യമാർന്ന അനുഷ്ഠാനങ്ങൾ അവൾ എല്ലാം നോക്കി നിന്നു പഠിച്ചു
വയസ്സ് ഒന്നു കൂടി കൂടിയതോടെ ഫാത്വിമ ഉപ്പയോടൊപ്പം പുറത്തുപോവാൻ തുടങ്ങി
ചെറുതും വലുതുമായ പലവിധ ചർച്ചകൾ അനുയായികൾ ഒത്തുചേരുമ്പോൾ ഫാത്വിമയും അതിൽ പങ്കെടുത്തു ഇസ്ലാമിന്റെ ഭാവിയെക്കുറിച്ച് അവർ പറയുന്നതെല്ലാം അവൾ സാകൂതം ശ്രവിച്ചു ആ കൊച്ചു ഹൃദയത്തിൽ സ്ഥൈര്യവും മനക്കരുത്തും ഉരുണ്ടുകൂടി
'ഇല്ല.... ഇനി ഏത് പ്രതിസന്ധി വന്നാലും ഞാൻ ഉപ്പയോടു കൂടെയുണ്ടാവും ഇസ്ലാമിനെ അകമഴിഞ്ഞ് സഹായിക്കും അവർ പ്രതിജ്ഞയെടുത്തു '
ദിവസങ്ങൾ കഴിഞ്ഞുപോവുംതോറും പിതാവിനെതിരെ നാട്ടുകാർ സംഘടിക്കുന്നത് ഫാത്വിമ വേദനയോടെ നോക്കിനിന്നു
എന്താണ് എല്ലാവർക്കും ഉപ്പയോടിത്ര ദേഷ്യം.... അവിടന്ന് സത്യം പറഞ്ഞത് കൊണ്ടാണോ? അവൾക്ക് സഹിക്കാനായില്ല...
എല്ലാവരോടും നല്ല നിലയിൽ മാത്രം പെരുമാറുന്ന പിതാവ് ഇതുവരെ ഒരു കളവുപോലും പറഞ്ഞിട്ടില്ല ആരേയും വേദനിപ്പിച്ചിട്ടുമില്ല എന്നിട്ടും എന്താണിത്ര വിരോധം അവൾ ഉപ്പയുടെ കൈത്തണ്ടയിൽ ഊഞ്ഞാലാടി കാരുണ്യം തുളുമ്പുന്ന ആ കണ്ണുകളെ വീക്ഷിച്ചുകൊണ്ടിരുന്നു
ഒരിക്കൽ ഫാത്വിമ വെറുതെ പുറത്തിറങ്ങി നടക്കുകയാണ് കുറ്റിച്ചെടികളും ഈത്തപ്പനകളും തലയാട്ടി എന്തോ പറയുന്നപോലെ പെട്ടെന്നാണ് കഅ്ബാലയത്തിനടുത്ത് ഒരു ആൾക്കൂട്ടം അവളുടെ കണ്ണിൽ പെട്ടത് എല്ലാവരും തന്റെ പിതാവിന്റെ കൊടിയ ശത്രുക്കൾ കയ്യിൽ വാളും കുന്തവുമായി വെറുതെ രസം പറഞ്ഞിരിക്കുന്നവർ
ഫാത്വിമ അടുത്തുചെന്ന് അവരുടെ സംസാരം ശ്രവിക്കാൻ തുടങ്ങി
സുബ്ഹാനല്ലാഹ്
ആ കൊച്ചു ഹൃദയം ഞെട്ടിത്തരിച്ചു
തന്റെ പിതാവിനെതിരെ ഗൂഢാലോചന നടക്കുകയാണ് അവർക്ക് നിരപരാധിയായ ഉപ്പയുടെ ജീവൻ വേണം വീട്ടിൽ നിന്നും പുറത്തുവരുമ്പോൾ കഴുത്ത് വെട്ടി വധിക്കാനാണ് തീരുമാനം
ഫാത്വിമയുടെ കണ്ണുകൾ നിറഞ്ഞുപോയി കാലുകൾ ഇടറി നാഥാ എന്റെ ഉപ്പയുടെ ജീവൻ....!
ഫാത്വിമ ഒലിക്കുന്ന കണ്ണുകളോടെ വീട്ടിലേക്ക് ഓടിച്ചെന്നു തിരുമേനിയോട് നടന്നതെല്ലാം പറഞ്ഞു കൊടുത്തു പക്ഷേ ആ മുഖത്ത് വലിയ ഭാവപ്പകർച്ചയൊന്നും സംഭവിച്ചില്ല
പക്ഷേ; മകളുടെ ദുഃഖം...!
തിരുമേനി കണ്ണുകൾ നിറയുകയാണ് അവർ കുഞ്ഞുമോളുടെ കവിളിൽ തടവി സമാധാനിപ്പിച്ചു
'മകൾ കരയരുത് ഇതെല്ലാം അവരുടെ കുതന്ത്രങ്ങളാണ് അല്ലാഹു നമ്മെ രക്ഷിക്കും...'
ഫാത്വിമയുടെ മുഖത്ത് ഒരു തെളിച്ചം മിന്നിമറഞ്ഞു 'പ്രതീക്ഷയുണ്ട്... രക്ഷിതാവ് നമുക്കൊപ്പമാണ് '
തിരുമേനി വസ്ത്രം മാറ്റി വുളൂ എടുത്ത് പള്ളിയിലേക്ക് നീങ്ങി നോക്കുമ്പോൾ പറഞ്ഞപോലെ ശത്രുക്കൾ നിരന്നിരിക്കുകയാണ് അബൂജഹലും, ഉത്ബത്തും, ശൈബത്തും എല്ലാമുണ്ട് തിരുമേനി അവരുടെ മുഖത്ത് നോക്കി
അഗ്നി സ്ഫുരിക്കുന്ന കണ്ണുകൾ തന്നെ വിഴുങ്ങാനുള്ള ദേഷ്യം അവിടന്ന് ഒരു പിടി മണ്ണ് വാരി പള്ളിയുടെ പടവുകൾ കയറി ബിസ്മി ചൊല്ലി ശത്രുക്കളുടെ മുഖത്തേക്ക് ഒരേറ്
ശാഹത്തിൽ വുജൂഹ്... ശാഹത്തിൽ വുജൂഹ്.... ആ ചുണ്ടുകൾ മെല്ലെ മെല്ലെ മൊഴിഞ്ഞുകൊണ്ടിരുന്നു
തിരിഞ്ഞുനോക്കുമ്പോൾ അവർക്ക് ഒന്നും ചെയ്യാൻ വയ്യ കണ്ണിലാകെ പൊടി പുരണ്ടിരിക്കുന്നു അത് വൃത്തിയാക്കാനുള്ള തിരക്കിലാണ്
ഈ തക്കം നോക്കി തിരുമേനി അവർക്കിടയിലൂടെ ഇറങ്ങിനടന്നു..... ഒരെതിർപ്പോ പ്രതിശബ്ദമോ നേരിടാതെ...
'ഇല്ല... പൊറുത്ത് കൊടുക്കാൻ വയ്യ... ബദ്ർ ഇവർക്കുള്ളതാണ്...'
തിരുമേനിയുടെ ശബ്ദം സ്വഹാബികൾ അദ്ഭുതത്തോടെയാണ് കേട്ടത് ബദ്ർ യുദ്ധം.... അവർക്ക് ഒന്നും മനസ്സിലായില്ല
പക്ഷേ, കാലം അതിന് സാക്ഷിയായി പിന്നീട് വന്ന ബദ്ർ യുദ്ധത്തിൽ ആ അക്രമികൾ ഒന്നടങ്കം വധിക്കപ്പെട്ടു
മറ്റൊരിക്കൽ തിരുമേനി ഒരു വഴിയിലൂടെ നടന്നു പോവുകയാണ് കൂടെ ആരുമില്ല മനസ്സിൽ പെട്ടെന്ന് ലക്ഷ്യത്തിലെത്താനുള്ള ആഗ്രഹമുണ്ട് പക്ഷേ, എന്തു ചെയ്യാൻ ധിക്കാരികളായ ശത്രുക്കൾ വെറുതെ വിട്ടില്ല
കിട്ടിയ അവസരമാണ് മുഹമ്മദിനെ ഒരു പാഠം പഠിപ്പിക്കണം ശത്രുക്കൾ പുതിയ തന്ത്രങ്ങൾ മെനഞ്ഞു വഴിയുടെ ഈ പാർശ്വങ്ങളിലായി മറഞ്ഞിരിപ്പായി
തിരുമേനി ഒന്നുമറിയാതെ നടന്നുവരികയാണ് മന്ദംമന്ദം ആ പാവന പാദങ്ങൾ ചലിച്ചുകൊണ്ടിരിക്കുന്നു അടുത്തെത്തിയതേയുള്ളൂ പെട്ടെന്ന് നാല് ഭാഗത്തുനിന്നും ശത്രുക്കൾ തിരുമുമ്പിലേക്ക് ചാടി വീണു കൂടെ കരുതിവെച്ച പൊടി മണ്ണ് ആ മേനിയിലാകെ വാരി വിതറി
തിരുമേനിക്ക് ഒന്നും ചെയ്യാനായില്ല മനസ്സിൽ വേദനയുണ്ട് അവിടുന്ന് എല്ലാം സഹിച്ചു അല്ലാഹുവിന്റെ മാർഗത്തിൽ പിന്നെ തിരിഞ്ഞു നോക്കി ഒരു പുഞ്ചിരിയും
മണ്ണിൽ കുളിച്ച് കയറിവരുന്ന പിതാവിനെ കണ്ടപ്പോൾ ഫാത്വിമയുടെ കണ്ണുകൾ നിറഞ്ഞു എന്തൊരു ദുര്യോഗം ഇങ്ങനെയെങ്കിൽ ഉപ്പയെങ്ങനെ ജീവിച്ചുപോവും ആ കൊച്ചുകുട്ടി നെഞ്ചത്ത് കൈവെച്ച് വേദനിക്കുകയായി... ഫാത്വിമ.... അടുക്കളയിലേക്കോടി... പാത്രവും വെള്ളവും കൊണ്ടുവന്നു മെല്ലെ മെല്ലെ... ആ അഴുക്കുകൾ കഴുകി വൃത്തിയാക്കി കൊടുത്തു തന്റെ പൊന്നുമോളുടെ പിതൃസ്നേഹം കണ്ട് ഉപ്പക്ക് സന്തോഷം അവർ ഫാത്വിമയുടെ മുതുകിൽ കൈവെച്ച് സന്തോഷം പകർന്നു
മലയാളത്തിന്റെ മഹാനായ കവി വള്ളത്തോൾ ഈ സംഭവം മലയാളികൾക്കായി ആകർഷണീയമായി അവതരിപ്പിച്ചിട്ടുണ്ട് തന്റെ 'പാംസുസ്നാനം' എന്ന കവിതയിൽ അദ്ദേഹം എഴുതി:
പെട്ടെന്നു പാർശ്വങ്ങളിൽ നിന്നു ഹാ.... ഹാ....
മൺകോരിയിട്ടാൻ പല മുഷ്കരന്മാർ
കൃതജ്ഞരെങ്കിൽ കനകാഭിഷേകം
ചെയ്യേണ്ടതാമീ ഗുരുവിൻ ശിരസ്സിൽ
രജസ്തമോ ദോഷമകറ്റി നാട്ടിൽ.....
സത്യം പരത്തുന്ന സത്യവാനെ
രജസ്സ് വർഷിച്ച് നിറം കൊടുത്താ
നൊരുങ്ങിപോൽ മർത്യകുലേ
പിറന്നോർ
വിജ്ഞാന ഗർഭം തിരുമൗലി തൊട്ടു
സന്മാർഗ സഞ്ചാരി പദംവരേയും
പാംസുൽകാരം പറ്റിയ ശുദ്ധിമാനേ.....
പാർത്തങ്ങു തെമ്മാടികൾ കൂക്കിയാർത്തു
അയ്യയ്യ! മൺകൊണ്ടഭിശക്തനായിക്കഴിഞ്ഞുവല്ലോ
മത സാർവ്വ ഭൗമൻ മുഴക്കുവിൻ ഹോ.....
ജയ ശബ്ദമെങ്ങും വാഴട്ടെയിസ്ലാം! തിരുമേനി നീണാൾ
ഒരു തവണ തിരുമേനി കഅ്ബാലയത്തിനരികിൽ ത്വവാഫ് ചെയ്യുകയാണ് കണ്ണിൽ എഴുന്നുനിൽക്കുന്ന ആ കറുത്ത രൂപം
മനസ്സിൽ അല്ലാഹുവിനെക്കുറിച്ച് തിളങ്ങുന്ന ഓർമ്മകൾ മുന്നിൽ പലരും നടന്നു പായുന്നുണ്ട് അദ്ദേഹം അതൊന്നും പ്രശ്നമാക്കിയില്ല അടുത്തെവിടെയോ ആയി മകൾ ഫാത്വിമയും നടന്നു ചുറ്റുകയാണ്
പെട്ടെന്ന് കഅ്ബാലയത്തിനു മുമ്പിൽ ഒരു ശബ്ദ കോലാഹലം...!
ഫാത്വിമ വിരൂന്നി നിന്ന് ശ്രദ്ധിച്ചു നോക്കുമ്പോൾ തന്റെ പിതാവിന് ചുറ്റും ഒരു ജനക്കൂട്ടം.... അവർ ഓടിച്ചെന്ന് നോക്കി മക്കക്കാർ അവരെ വേദനിപ്പിക്കുകയാണ് ഫാത്വിമാക്ക് സഹിക്കാനായില്ല
'ഇനി എന്തു ചെയ്യും...
സഹായിക്കാനിവിടെ ആരുമില്ല ഉച്ചത്തിൽ അട്ടഹസിക്കാൻ തുടങ്ങി ഫാത്വിമയുടെ അപ്രതീക്ഷിത ശബ്ദം കേട്ട് ദൂരെയുണ്ടായിരുന്ന അബൂബക്കർ അമ്പരന്നു എന്തോ പന്തികേടുണ്ട് അദ്ദേഹം സംഭവസ്ഥലത്തെക്ക് ഓടിവന്നു ആക്രമിക്കപ്പെടുകയായിരുന്ന തിരുമേനിയെ ശത്രുവലയത്തിൽനിന്നും രക്ഷപ്പെടുത്തി
കഅ്ബാലയത്തിന്റെ തരിമണൽ വിരിച്ച മുറ്റം വിശ്വാസികൾ പലപ്പോഴും അവിടെയാണ് കാര്യങ്ങൾ ചർച്ച ചെയ്യാൻ സമ്മേളിക്കുക ഒരു ഭാഗത്ത് തങ്ങളുടെ എതിരാളികളുണ്ടെങ്കിൽപോലും അവരത് പ്രശ്നമാക്കാറില്ല
ഒരിക്കൽ തിരുമേനിയും അനുയായികളും അവിടെനിന്നും നിസ്കരിക്കുകയാണ് ശത്രുക്കൾ അങ്ങിങ്ങായി നിരന്നുനിൽക്കുന്നുണ്ട് ഫാത്വിമ അൽപം അകലത്തിൽ തനിച്ചിരിക്കുകയാണ് പൂർണ സ്വാതന്ത്ര്യത്തോടുള്ള മുഹമ്മദിന്റെ ഈ പ്രവർത്തനം അബൂജഹലിന് കണ്ടുസഹിക്കാനായില്ല
'അവൻ ഇത്രയും സ്വൈര്യമായി നമുക്കു മുമ്പിൽ അഴിഞ്ഞാടുകയോ..' അയാൾ കോപം കൊണ്ട് വിറച്ചു ആരാണ് ആ കുടൽമാലകൾ മുഹമ്മദിന്റെ കഴുത്തിൽ ചാർത്തുക...?
ചോദ്യം കേൾക്കേണ്ട താമസം പിന്നിൽനിന്നു ഒരാൾ മുന്നോട്ടു വന്നു കൂടിനിന്നവർ എല്ലാവരും അയാളെ ശ്രദ്ധിച്ചു നോക്കുമ്പോൾ ഉഖ്ബ തിരുമേനിയെ ഒരു നോക്കു പോലും കാണാൻ ആഗ്രഹിക്കാത്ത ക്രൂര മനസ്കൻ അയാൾ ഓടിവന്ന് അബൂജഹലിന്റെ മുമ്പിൽ നിന്നു അബൂജഹൽ അയാളുടെ കൈ പിടിച്ച് വിശ്വാസികൾ ഒട്ടകത്തെ അറുക്കാറുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി ദിവസങ്ങളായി കിടന്ന് ചീഞ്ഞ് നാറാൻ തുടങ്ങിയ ഒരു കുടൽമാലയുണ്ടായിരുന്നു അവിടെ അയാൾ അതവന്ന് കാണിച്ചു കൊടുത്തു
ഉഖ്ബക്ക് യാതൊരു മനോവിഷമവുമുണ്ടായില്ല അയാൾ അത് ഉയർത്തി എടുത്തു പള്ളി ലക്ഷ്യമാക്കി നീങ്ങി അടുത്തെത്തിയപ്പോൾ തിരുമേനി സുജൂദിലാണ് ഇത് തന്നെ പറ്റിയ സമയം അയാൾ മനസ്സിൽ ഊറി ഊറി ചിരിച്ചു പിന്നെ വേഗത്തിൽ മുന്നോട്ടു വന്നു തിരുമേനിയുടെ പിടലിയിൽ ചാർത്തി
അല്ലാഹുവിന്റെ ഓർമ്മയിൽ ലയിച്ചിരിക്കുകയായിരുന്ന തിരുമേനി ഞെട്ടി ഉണർന്നു പക്ഷേ, അനങ്ങാൻ വയ്യ ഭാരം കഴുത്തിൽ അണിഞ്ഞിരിക്കുകയാണ് ദുർഗന്ധം വരുന്നു തിരുമേനി സുജൂദിൽ തന്നെ കിടന്ന് കണ്ണീരൊഴുക്കി
ഇത് കണ്ട് ഫാത്വിമക്ക് വല്ലാതെ വേദനിച്ചു ശത്രുക്കൾ തന്റെ പിതാവിനോട് പെരുമാറുന്നത് മഹതിക്ക് തീരെ പൊറുക്കാനായില്ല അവൾ മണൽപരപ്പിലൂടെ ഇടറുന്ന പാദങ്ങളോടെ നടന്നടുത്തു ഉപ്പയുടെ കഴുത്തിൽ നിന്നും മാലിന്യം എടുത്തു മാറ്റി തിരുമേനി ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു സുജൂദിൽ നിന്ന് എഴുന്നേൽക്കുകയായി ഉപ്പയുടെ വേദന മകളെ അസ്വസ്ഥയാക്കി
ഇല്ല.... സഹിക്കാൻ വയ്യ..... ഇവർ മനുഷ്യനെ ഇഞ്ചിഞ്ചായി നശിപ്പിക്കുകയാണ് ഉള്ളകം പുകഞ്ഞുകൊണ്ടിരുന്നു പിന്നെ അടുത്തുണ്ടായിരുന്ന ചില അവിശ്വാസികൾക്കു നേരെ തിരിഞ്ഞ് കണക്കിന് ചൂടാവാൻ തുടങ്ങി
ഉപ്പയെ വേദനിപ്പിച്ചതിലുള്ള പ്രതിഷേധം ശത്രുക്കൾ പേടിച്ചു പോയി ഒരു പെൺകുട്ടിയുടെ വികാരം അത്രയും ഗൗരവതരമായിരുന്നു....
വള്ളത്തോൾ പാടുന്നു:
'അന്നീ നരസ്നേഹി നമസ്കരിച്ചു
കിടന്ന പാതിത്തിരുവങ്കഴുത്തിൽ
ഒരൊട്ടകത്തിൻ കുടൽ മാല ചാർത്തിപ്പാനെ ലഭിച്ചുള്ളൂ നമുക്കു ഭാഗ്യം
ഇദ്ധൂളികൊണ്ടോ കളിയാക്കൽ കൊണ്ടോ.....
മുഖാഭമങ്ങാതെ യഭംഗ സത്വൻ
മനസ്സിൽ കളിച്ചൊരു ഗജം കണക്കെ
മന്ദം നടന്നാത്മഗൃഹത്തിലെത്തി
ആമൂർദ്ധപാദം പൊടിമൺ പുരണ്ട
പിതാവിനെ കണ്ടതിവെമ്പലോടെ താൻ താൻ കുളിപ്പിപ്പതിനായ് മുതിർന്നു
കണ്ണീർകുടം കൊണ്ടഴലാണ്ട പുത്രീ....
✍🏻 അലി അഷ്ക്കർ
(തുടരും)
🕌 *മുത്ത് റസൂലിന് ഒരായിരംസലാത്ത്* 🕌
🍃 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🍃
*AL MADEENA
*⛔ADMINS POST ONLY⛔*
Post a Comment